ഇന്ത്യന്‍ ക്രിക്കറ്റിലെ രാജാക്കന്മാര്‍ക്കിടയില്‍ യുവരാജാ പട്ടം അലങ്കരിച്ചു പോന്നിരുന്ന യുവ്‌രാജ് സിംഗിന് ഇനി പ്രമോഷന്‍ നല്‍കാം. ബംഗാള്‍ കടുവ ഒഴിച്ചിട്ടു പോയ മഹാരാജാവിന്റെ സിംഹാസനത്തില്‍ ഇരിക്കാന്‍ പക്വതയാര്‍ജിച്ചു കഴിഞ്ഞുവെന്ന് യുവി തെളിയിക്കുന്നു.ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറും പ്രതിരോധത്തിന്റെ അവസാന വാക്കായ രാഹുല്‍ ദ്രാവിഡും ഓഫ് സൈഡിന്റെ ദൈവം സൗരവ് ഗാംഗുലിയും വെരി വെരി സ്‌പെഷ്യല്‍ വി.വി.എസ് ലക്ഷ്‌മണും അരങ്ങു തകര്‍ക്കുമ്പോള്‍ ടീമിലേക്ക് എത്തിയ ഒരു കൂട്ടം യുവതാരങ്ങളില്‍ ഏറെ ശ്രദ്ധ നേടിയ താരമായിരുന്നു യുവ്‌രാജ്.എന്നാല്‍ ഒപ്പം വന്ന വിരേന്ദര്‍ സേവാഗും മഹേന്ദ്ര സിംഗ് ധോണിയും മറ്റും ഇന്ത്യന്‍ ടീമില്‍ സ്ഥിര പ്രതിഷ്‌ഠ നേടിയപ്പോഴും ഈ പഞ്ചാബി താരത്തിന് ടീമില്‍ (ടെസ്റ്റ്) വന്നും പോയുമിരിക്കാനായിരുന്നു യോഗം.ഏകദിന ക്രിക്കറ്റിന്റെ ചടുലവേഗം ബാറ്റില്‍ ആവാഹിച്ച യുവി ടെസ്‌റ്റ് കളിക്കാന്‍ പക്വത നേടിയിട്ടില്ലെന്നായിരുന്നു വിമര്‍ശനം. ഷോട്ട് കൊള്ളാം.. ഒരു ചന്തമൊക്കെയുണ്ട്. സിക്‌സര്‍ ഗംഭീരം പക്ഷേ... പയ്യന്‍ പോരാ...ടെസ്റ്റ് കളിക്കാന്‍ മാത്രം അവന്‍ വളര്‍ന്നിട്ടില്ല.ഏകദിനത്തില്‍ മിന്നുന്ന പ്രകടനവുമായി ടീം ഇന്ത്യയുടെ വിജയങ്ങളില്‍ നിര്‍ണായക വഹിക്കുമ്പോഴും യുവിയേ ഇലവനില്‍ നിന്നു മാറ്റിനിര്‍ത്താനുള്ള വ്യഗ്രതയിലായിരുന്നു സെലക്‌്‌ഷന്‍ കമ്മിറ്റിയിലെ മേലാളന്മാര്‍. എന്നാല്‍ അവഗണനകള്‍ക്കെതിരേ പോരാടാന്‍ തന്നെയായിരുന്നു യുവ്‌രാജിന്റെ തീരുമാനം.പഞ്ചാബ് രഞ്‌ജി ടീമിന്റെ തട്ടുപൊളിപ്പന്‍ ബാറ്റ്‌സ്‌മാന്‍ എന്ന നിലയില്‍ നിന്ന് ടീം ഇന്ത്യയുടെ അഭിഭാജ്യ ഘടകമെന്ന നിലയിലേക്കുള്ള യുവിയുടെ വളര്‍ച്ച അതി ഗംഭീരമായിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ ജയിക്കാനറിയാവുന്ന ടീം ഇന്ത്യയാക്കി മാറ്റിയ ദാദയുടെ കളരിയിലായിരുന്നു യുവ്‌രാജിന്റെ പ്രതിഭ തേച്ചുമിനുക്കിയത്.ഇംഗ്ലണ്ടില്‍ നടന്ന നാറ്റ് വെസ്റ്റ് പരമ്പര ഫൈനലില്‍ യുവി നടത്തിയ പ്രകടനമാണ് "പയ്യനെ" ലോക ശ്രദ്ധയിലേക്കെത്തിച്ചത്. ആതിഥേയരായ ഇംഗ്ലണ്ട് ഉയര്‍ത്തിയ കൂറ്റന്‍ വിജയലക്ഷ്യത്തിനു മുന്നില്‍ ദൈവവും മതിലും രാജകുമാരനുമെല്ലാം അടങ്ങുന്ന ബാറ്റിംഗ് നിര ചീട്ടുകൊട്ടാരം പോലെ തകരുന്നത് കണ്ട് ടിവി ഓഫ് ചെയ്‌ത കിടപ്പുമുറിയിലേക്ക പോയ ആരാധകര്‍ ആശങ്ക ശമിക്കാതെ പിന്നീടെപ്പോഴോ വിഡ്‌ഢിപ്പെട്ടി ഓണ്‍ ചെയ്യുമ്പോള്‍ വിജയത്തിലേക്ക് കുതിക്കുന്ന ഇന്ത്യയേയും ജേഴ്‌സിയൂരി ആവേശം കാട്ടുന്ന ഗാംഗുലിയേയും കണ്ട് അന്തം വിട്ടു കാണണം.ടീമിലെ തന്റെ സമകാലീനനായ മുഹമ്മദ് കൈഫിനെ കൂട്ടുപിടിച്ച് റിക്കാര്‍ഡ് വിജയത്തിലേക്ക് ഇന്ത്യയെ നയിച്ച യുവ്‌രാജിനെ നെഞ്ചേറ്റാന്‍ പിന്നീട് ആയിരം കാരണങ്ങള്‍ ഉണ്ടായി. തകര്‍പ്പന്‍ സെഞ്ചുറികളും സിക്‌സറുകളും കൊണ്ട് ഗാലറിയേ ആനന്ദ നൃത്തം ചവിട്ടിച്ച യുവ്‌രാജിന് ക്യാപ്‌സ്യൂള്‍ ക്രിക്കറ്റായ ട്വന്റി-20യുടെ വരവ് ഒട്ടൊന്നുമായിരുന്നില്ല ഗുണം ചെയ്‌തത്.തന്റെ ചടുല താളത്തിലുള്ള ബാറ്റിംഗ് ട്വന്റി-20യ്‌ക്ക് ഏറെ ഗുണകരമാണെന്നു മനസിലാക്കിയ യുവി ടീം ഇന്ത്യയുടെ സ്‌പെഷ്യലിസ്റ്റ് ബാറ്റ്‌സ്‌മാനായി മാറുകയായിരുന്നു. ദക്ഷിണാഫ്രിക്കയില്‍ നടന്ന കുട്ടി ലോകകപ്പില്‍ ടീം ഇന്ത്യയുടെ വിജയത്തിന് യുവി നല്‍കിയ സംഭാവനകള്‍ എന്നും ഓര്‍മിക്കത്തക്കത് തന്നെ.ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ സ്‌റ്റിയുവര്‍ട്ട് ബ്രോഡിനെ ഒരോവറില്‍ ആറു സിക്‌സറിനു ശിക്ഷിച്ച യുവ്‌രാജ് യുവത്വത്തിന്റെ പ്രതീകമായി മാറാന്‍ ഏറെ കാത്തിരിക്കേണ്ടി വന്നില്ല. ടീം ഇന്ത്യയുടെ നായകനായി മഹേന്ദ്ര സിംഗ് ധോണിയെത്തിയതോടെ യുവത്വം വീണ്ടെടുത്ത ഇന്ത്യന്‍ ടീമിന്റെ മധ്യനിരയെന്നാല്‍ യുവ്‌്‌രാജ് സിംഗ് എന്നായി മാറി.എന്നാല്‍ ഇതിനിടയിലും ടെസ്‌റ്റ് ടീമിലേക്ക് വിളിക്കാത്തതില്‍ യുവിയുടെ മനസ് നോവുന്നുണ്ടായിരുന്നു. എന്നാല്‍, ഇന്ത്യയുടെ എക്കാലത്തേയും വിശ്വസ്‌തരായ ഫേവറൈറ്റ് ഫോര്‍സില്‍ നിന്ന് കോല്‍ക്കത്ത രാജകുമാരന്‍ വിടപറഞ്ഞതോടെ ടെസ്‌റ്റ് ടീമിന്റെ മധ്യനിര പൊള്ളയായി.ആ സ്ഥാനത്തേക്ക് യുവ്‌രാജിന്റെ പേരും ഉയര്‍ന്നു കേട്ടു. പക്ഷേ അതിന് അത്ര ബലമുണ്ടായിരുന്നില്ല. എന്നാല്‍ യുവി അത് കാര്യമായിത്തന്നെയെടുത്തു. മികച്ച ഒരു പ്രകടനത്തിലൂടെയല്ലാതെ ടീമില്‍ ഇടം പിടിക്കാനാവില്ലെന്നു മറ്റാരേക്കാളും നന്നായി അറിയുന്ന യുവ്‌രാജ് അതിന് തെരഞ്ഞെടുത്തത് ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനമായിരുന്നു. ടെസ്റ്റ് ടീമിന്റെ സെലക്‌്‌ഷനു മുന്നോടിയായി നടന്ന ഏകദിന പരമ്പരയില്‍ യുവി തന്റെ നയം വ്യക്തമാക്കി.പരമ്പരയിലെ ആദ്യ രണ്ടു മത്സരത്തിലും തകര്‍പ്പന്‍ സെഞ്ചുറി. ഹാര്‍മിസണും, ആന്‍ഡേഴ്‌സണും, ഫ്‌ളിന്റോഫും അടങ്ങുന്ന ഇംഗ്ലീഷ് ബൗളിംഗ് നിരയെ പിച്ചിച്ചീന്തിയ ബാറ്റിംഗ്. സ്വന്തം നാട്ടിലാണെന്നും തിണ്ണമിടുക്കാണെന്നും വിമര്‍ശകര്‍ അടക്കം പറഞ്ഞെങ്കിലും യുവ്‌്‌രാജിന്റെ പോരാട്ടമികവിനെ അംഗീകരിക്കാതിരിക്കാനായില്ല.ലോകത്തെ ഏറ്റവും മികച്ച പേസ് ബാറ്ററികളിലൊന്നായ ഇംഗ്ലണ്ടിനെതിരേ നടത്തിയ പ്രകടനം ഒടുവില്‍ സെലക്‌്‌ഷന്‍ കമ്മിറ്റിയുടെ ശ്രദ്ധയിലും പെട്ടു. സൗരവ് ഗാംഗുലിയുടെ പകരക്കാരന്‍ ആരെന്നു വ്യക്തമായെന്നു പറഞ്ഞ നാലാം ഏകദിനത്തിനു ശേഷം മുഖ്യ സെലക്ടര്‍ കൃഷ്‌ണമാചാരി ശ്രീകാന്ത് അത് സൂചിപ്പിക്കുകയും ചെയ്‌തു.ഒരാഴ്‌ചയ്‌ക്കു ശേഷം നടന്ന ടെസ്റ്റ് ടീം തെരഞ്ഞെടുപ്പിനു ശേഷം ഏറെക്കാലമായി കേള്‍ക്കാന്‍ കൊതിച്ചിരുന്ന വാര്‍ത്ത യുവിയെ തേടിയെത്തി. ടെസ്റ്റ് ടീമില്‍ താന്‍ ഇടം പിടിച്ചു. അതോടെ ലക്ഷ്യം മറ്റൊന്നായി. സ്ഥാനം നേടി ഒരുപാടു പേര്‍ കാത്തു നില്‍ക്കുമ്പോള്‍ ലഭിച്ച സ്ഥാനം ഉറപ്പിക്കുകയെന്നത് ശ്രമകരമായ ലക്ഷ്യങ്ങളിലൊന്നായിരുന്നു. അതിനുമുണ്ടായിരുന്നു ഉഗ്രന്‍ മറുപടി.ഭീകരാക്രമണങ്ങളില്‍ നടുങ്ങി നിന്ന രാജ്യത്ത് നടന്ന ഒന്നാം ക്രിക്കറ്റ് ടെസ്റ്റ്. ആദ്യ മൂന്നു ദിനങ്ങളിലും സന്ദര്‍ശകര്‍ മികച്ചു നിന്നപ്പോള്‍ ഏറെ പ്രതീക്ഷകളുമായിറങ്ങിയ യുവിക്ക് ഒന്നാം ഇന്നിംഗ്‌സില്‍ തിളങ്ങാനായില്ല. 41 പന്തു നേരിട്ട് രണ്ടു ബൗണ്ടറികളുള്‍പ്പടെ 14 റണ്‍സുമായി മടങ്ങേണ്ടി വന്നു. എന്നാല്‍ കാര്യങ്ങള്‍ യുവരാജാവിന്റെ വഴിക്ക് വരികയായിരുന്നു പിന്നീട്.ഒന്നാം ഇന്നിംഗ്‌സില്‍ ഇന്ത്യന്‍ ബാറ്റിംഗ് നിര പതറയിതു കണ്ട് അല്‌പം അതിമോഹത്തോടെ 387 റണ്‍സ് എന്ന വിജയലക്ഷ്യം നല്‍കി ഇംഗ്ലീഷ് നായകന്‍ ഡിക്ലയര്‍ ചെയ്‌തപ്പോള്‍ ഇന്ത്യ അത്ര കണ്ട് വിജയം പ്രതീക്ഷിച്ചിരുന്നില്ല. എന്നാല്‍ നാലാം ദിനം വൈകുന്നേരം സേവാഗ് ആളിക്കത്തിയപ്പോള്‍ ഇന്ത്യ ഉണര്‍ന്നു. അവസാന ദിനത്തില്‍ ഇന്ത്യക്കു വേണ്ടത് ഒമ്പതു വിക്കറ്റ് ശേഷിക്കെ 256 റണ്‍സ്. ചെറിയ ലക്ഷ്യമെങ്കിലും പിച്ചിന്റെ പ്രവചനാതീത സ്വഭാവം ഇന്ത്യക്ക് കെണിയൊരുക്കുമെന്ന പ്രവചനവും.എന്നാല്‍ 100 കോടി ജനങ്ങളുടെ പ്രതീക്ഷ ചുമലിലേറ്റി ക്രിക്കറ്റ് ദൈവം സച്ചിന്‍ ബാറ്റു വീശിയപ്പോള്‍ വിജയം ഇന്ത്യയെ തേടിയെത്തി. സച്ചിനു പിന്തുണയുമായി ക്രീസില്‍ എത്തിയ യുവ്‌്‌രാജ് നടത്തിയ പ്രകടനമായിരുന്നു ഏവരുടേയും ഹൃദയം കവര്‍ന്നത്. വിക്കറ്റ് കാത്ത് ഒരറ്റം സച്ചിന്‍ ഭദ്രമാക്കിയപ്പോള്‍ മറുവശത്ത് ആക്രമണവും പ്രതിരോധവും സമന്വയിപ്പിച്ച് യുവി നിലകൊണ്ടു. തനിക്ക് ടെസ്റ്റ് ക്രിക്കറ്റ് കളിക്കാനുള്ള പക്വതയില്ലെന്നു പുച്ഛിച്ചവര്‍ക്കുള്ള ചുട്ട മറുപടി. റിക്കാര്‍ഡ് സ്‌കോര്‍ പിന്തുടര്‍ന്ന് ജയിക്കാന്‍ ഇന്ത്യ ഇറങ്ങിപ്പുറപ്പെട്ടപ്പോള്‍ ചങ്കുറപ്പോടെ സമ്മര്‍ദ്ദത്തേയും പിച്ചിനേയും ഇംഗ്ലീഷ് ആക്രമണങ്ങളേയും നേരിട്ട് താന്‍ ടെസ്റ്റിലേയും യുവരാജാവാണെന്ന് യുവി തെളിയിച്ചു.ഓഫ് സൈഡിനെ പുളകം കൊള്ളിച്ച് ദാദ വിടവാങ്ങിയപ്പോള്‍ ശൂന്യമായ മധ്യനിരയില്‍ ഇനി യുവ്‌രാജിന്റെ കൈയൊപ്പ് പതിയട്ടെ. യുവരാജാവില്‍ നിന്ന മഹാരാജാവിലേക്കുള്ള പരിണാമം അതിന്റെ പൂര്‍ണതയിലെത്തട്ടെ...
Sunday, December 21, 2008
Subscribe to:
Post Comments (Atom)
8 comments:
നല്ല അവലോകനം.
-സുല്‍
നന്ദി സുല്‍. അഭിപ്രായങ്ങളും നിര്‍ദേശങ്ങളും തിരുത്തലുകളും ഇനിയും താങ്കളില്‍ നിന്നു പ്രതീക്ഷിക്കുന്നു.
നല്ല വ്യൂപോയിന്‍റ്...യുവരാജിനെ കളിച്ചു വീഴ്ത്താന്‍ ആവില്ലെന്നു മനസിലാക്കി ഫ്ലിന്‍റോഫ് കളിയാക്കി അരിശം കൊള്ളിച്ചു വിക്കറ്റെടുക്കാന്‍ നോക്കുന്നുണ്ട്. നില്‍ക്കവിടെ എന്നു പറയാന്‍ ധോണി പാപ്പാനായി എത്തുന്നുമുണ്ട്...അല്ലെങ്കില്‍ പുള്ളി ഫ്ലീന്‍റോഫിനെ സിക്സ്ഡിക്കാന്‍ നോക്കി ക്യാച്ച് പോകും...ഡേബ്യൂ കാലത്ത് ഓസ്റ്റ്റേലിയ്ക്കിട്ട് അടിച്ചു കളിച്ച രണ്ടു പേരാണൂ സ്റ്റീഫന്‍ ഫ്ലെമിങും യുവരാജും. യുവരാജിനെ ഗ്രൂം ചെയ്യാന്‍ ഗാംഗുലിയല്ലാതെ ആരുമുണ്ടായില്ല...
നന്ദി ആചാര്യ താങ്കളുടെ വിലയേറിയ അഭിപ്രായങ്ങള്‍ക്ക്. താങ്ങളുടെ വിലയിരുത്തലുകള്‍ മാനിക്കുന്നു. എന്നാല്‍ ചെറിയ ചില വിയോജിപ്പുകള്‍ അറിയിക്കട്ടെ. യുവ്‌രാജിനെ കണ്ടെത്തിയതും തേച്ചു മിനുക്കിയതും ഗാംഗുലി തന്നെ. എന്നാല്‍, ഗാംഗുലിക്കു ശേഷം വന്ന രാഹുല്‍ ദ്രാവിഡും ധോണിയും ആ പ്രതിഭയ്‌ക്ക് എല്ലാ പിന്തുണയും നല്‍കിയിട്ടുണ്ട്. യുവി ഇപ്പോള്‍ ടെസ്‌റ്റ് ടീമില്‍ ഒരു സ്ഥാനം ഉറപ്പാക്കിയിട്ടുണ്ട്. അതിന് ധോണിയുടെ പിന്തുണ ഏറെ ഗുണം ചെയ്‌തുവെന്നാണ് എന്റെ എളിയ കണ്ടെത്തല്‍. അപ്പോള്‍ ഗാംഗുലി മാത്രമെന്ന താങ്കളുടെ അഭിപ്രായത്തോട് യോജിക്കാന്‍ കഴിയുന്നില്ല. താങ്കളുടെ മറ്റൊരു ഇടപെടലിനു കാതോര്‍ക്കുന്നു.
ഷോട്ട് കൊള്ളാം ഒരു ചന്തമൊക്കെയുണ്ട്, പക്ഷേ, ടെസ്റ്റ് കളീക്കാന്‍ ആയിട്ടില്ല എന്നു തന്നെയാ ഇപ്പോഴും പറയുന്നത്. അല്ലെങ്കില്‍ ന്യൂസിലന്റില്‍ കാണാം
തോമസ് ആന്‍റണിയുടെ കാരിക്കേച്ചര്‍ കോപ്പി റൈറ്റ് ഉള്ളതാണേ.....
രാജാേേവ
കോപ്പിറൈറ്റ് കാര്യം അറിഞ്ഞിരുന്നില്ല
അത് മാറ്റിയേക്കാം
അതാവും ആരോഗ്യത്തിനു നല്ലത്
അല്ലേ?
രാജാവേ
സംഭവം മാറ്റി
ഇപ്പോള്‍ സംഗതി ശുഭമായില്ലേ?
Post a Comment