Friday, January 21, 2011

'കൊച്ചി'(ടീമി)ന് പേരുവേണ്ടേ?ഇവിടെ ചിലര്‍ തിരക്കിലാണ്!

കൊച്ചിക്കെന്താ കുറവ്? കൊച്ചിയുടെ കുറവ് പറയാന്‍ വരട്ടെ! കൊച്ചി ഐ.പി.എല്‍. ടീമിന്റെ കുറവാണ് ഒരു സംഘം നെറ്റ് സാവിയോകള്‍ തേടുന്നത്. കൊച്ചിക്ക് അവര്‍ കണ്ടെത്തുന്ന ഏറ്റവും വലിയ കുറവ് പേരിന്റെയാണ്. തറവാടും അംഗങ്ങളുമെല്ലാം ആയെങ്കിലും പറ്റിയ ഒരു പേര് ഇതുവരെ കണ്ടെത്തിയിട്ടില്ല.
ടൈഗേഴ്‌സ് എന്നാണ് തന്റെ മനസിലെന്ന് കോച്ച് പറയുന്നു. പലര്‍ക്കും അതത്ര ദഹിച്ചിട്ടില്ല. കൊച്ചിയില്‍ ടൈഗറെവിടെ, കൊതുകു മാത്രമല്ലേ ഉള്ളൂ എന്ന് ചിലരുടെ പരിഹാസം. എന്തായാലും ടീമിനു പേര് തപ്പി അണിയറക്കാര്‍ നടക്കുമ്പോള്‍ പേരിടീല്‍ കര്‍മ്മവുമായി ഇന്റര്‍നെറ്റ് സംഘം മുന്നോട്ടുപോവുകയാണ്. കൊച്ചിയിപ്പോഴും പേരിടാത്ത കൊച്ചായി തുടരുന്നത് അവസാനിപ്പിക്കാന്‍ കച്ച കെട്ടിയിറങ്ങിയിരിക്കുന്നവരുടെ മനസില്‍ എന്താണെന്നു നോക്കാം.
മലയാളികളായ ഇന്റര്‍നെറ്റ് പ്രേമികളാണ് ഈ ദൗത്യവുമായി മുന്നോട്ടു പോകുന്നത്.
ഫേസ്ബുക്കിലെയും മറ്റു സോഷ്യന്‍ സൈറ്റുകളിലും ബ്ലോഗുകളിലും ഇപ്പോള്‍ കൊച്ചിയാണ് താരം. ഭാവനാസമ്പന്നരായ ചിലര്‍ കേരളത്തിന്റെ പൈതൃകവും സംസ്‌കാരവും മുന്‍നിര്‍ത്തി പലേ പേരുകളും ലോഗോയും നിര്‍ദേശിച്ചുകഴിഞ്ഞു.
അതില്‍ ഏറ്റവും പ്രചാരം നേടിയിരിക്കുന്ന ഏതാനും പേരുകളും ലോഗോയും പരിചയപ്പെടുത്തുന്നു. കൊച്ചി ടൈറ്റന്‍സ്, കൊച്ചി ചേകവേഴ്‌സ്, കൊച്ചി ടെറിഫിക് ടസ്‌കേഴ്‌സ്, കൊച്ചി ഫൈറ്റേഴ്‌സ്, കൊച്ചി റോറിംഗ് രാജാസ്, കൊച്ചി ഫിയറി ഡ്രാഗന്‍സ്, കൊച്ചിന്‍ ഫീനിക്‌സ്..


കൊച്ചി ടൈറ്റന്‍സ്: കേരളത്തിന്റെ സ്വന്തം ആന ചിഹ്‌നവുമായാണ് കൊച്ചി ടൈറ്റന്‍സ് എന്ന പേരിനെ പിന്തുണയ്ക്കുന്നവര്‍ എത്തുന്നത്. നെറ്റില്‍ ഏറ്റവും കൂടുതല്‍ പിന്തുണ ഈ ലോഗോയ്ക്കും പേരിനുമാണ്.
പ്രതിസന്ധികളില്‍ പതറാതെ ഇവിടെ വരെയെത്തിയ കൊച്ചി ടീം പ്രഥമ ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് കാഴ്ചവച്ച പ്രകടനവുമായി തിളങ്ങുമെന്നാണ് പേരിന്റെ ഉപജ്ഞാതാക്കള്‍ അവകാശപ്പെടുന്നത്. ജയവര്‍ധനെയും ശ്രീശാന്തും ഉള്‍പ്പെടുന്ന ടീം മിന്നുന്ന പ്രകടനവുമായി ഐ.പി.എല്ലിലെ ടൈറ്റന്മാര്‍ (അതികായര്‍) ആകുമെന്നും അവര്‍ പറയുന്നു.


കൊച്ചി ചേകവേഴ്‌സ്: കേരളത്തിന്റെ സ്വന്തം ആയോധനകലയായ കളരിപ്പയറ്റില്‍ നിന്നാണ് ഈ പേരിന്റെ പിറവി. വാളും പരിചയും ചിഹ്‌നമായി വരുന്ന ഈ പേര് കളത്തില്‍ ഏറെ ആക്രമണോത്സുകത പ്രകടിപ്പിക്കുന്ന ശ്രീശാന്തിനും സംഘത്തിനും അനുയോജ്യമായിരിക്കുമെന്നാണ് ചേകവേഴ്‌സിനെ പിന്തുണയ്ക്കുന്നവര്‍ പറയുന്നത്.


കൊച്ചി ഫൈറ്റേഴ്‌സ്: ചേകവേഴ്‌സിന്റെ അതേ അഭിപ്രായവും പൈതൃകവുമാണ് ഫൈറ്റേഴ്‌സിനുള്ളത്. എന്നാല്‍ പേരില്‍ കാണുന്ന ആംഗലേയ സംസ്‌കാരമാണ് ഇവരെ പേരിലും രൂപത്തിലും വ്യത്യസ്തരാക്കുന്നത്.
കളരിപ്പയറ്റില്‍ നിന്നു പിറവികൊണ്ട ആശയം ഹോളിവുഡ് സിനിമകളിലെ പടയാളികളുടെ രൂപവുമായി സാമ്യപ്പെടുത്തിയാണ് ലോഗോയും മറ്റും ചിത്രീകരിച്ചിരിക്കുന്നത്. കേരളത്തിലെ കളരിപ്പയറ്റുകാര്‍ ഉപയോഗിക്കുന്നതില്‍ നിന്നു വ്യത്യസ്തമായുള്ള വാളും പരിചയുമാണ് ടീമിന്റെ ലോഗോയില്‍ ചിത്രീകരിച്ചിരിക്കുന്നത്.

കൊച്ചി ടെറിഫിക് ടസ്‌കേഴ്‌സ്: കൊച്ചിന്‍ ടൈറ്റന്‍സിന്റെ ആന ചിഹ്‌നത്തിനു മദമിളകിയാല്‍ കൊച്ചിന്‍ ടെറിഫിക് ടസ്‌കേഴ്‌സായി. കൊലവിളിക്കുന്ന കൊമ്പന്റെ ചിത്രവുമായാണ് ടെറിഫിക് ടസ്‌കേഴ്‌സിന്റെ പിന്തുണക്കാര്‍ എത്തുന്നത്. എതിരാളികളെ തച്ചുതകര്‍ത്തു മുന്നേറുന്ന കൊച്ചി ടീമാണ് ഇവരുടെ സ്വപ്നങ്ങളില്‍. സ്വപ്നം യാഥാര്‍ഥ്യമാകുമ്പോള്‍ ടീമിന്റെ പേര് ടെറിഫിക് ടസ്‌കേഴ്‌സ് എന്നതാകും ഉചിതമാകുകയെന്നും അവര്‍ പറയുന്നു.


കൊച്ചി റോറിംഗ് രാജാസ്: തിരുവിതാംകൂറിലെയും കൊച്ചിയിലെയും മലബാറിലെയും പഴയ രാജഭരണത്തിന്റെ ഓര്‍മകളുമായാണ് റോറിംഗ് രാജാസിന്റെ വരവ്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിനെ പണ്ട് നാട്ടു രാജാക്കന്മാര്‍ നടത്തിയിരുന്ന യുദ്ധമായും കൊച്ചി ഐ.പി.എല്‍. ടീമിനെ കേരളത്തിന്റെ പടനായകരായും ഇവര്‍ കാണുന്നു. കിരീടം വച്ചു രൗദ്രഭാവത്തില്‍ നില്‍ക്കുന്ന സിംഹമാണ് ചിഹ്‌നം. ടീമും ഗര്‍ജിക്കുമെന്ന് ഇവരുടെ പക്ഷം.


കൊച്ചി ഫിയറി ഡ്രാഗണ്‍സ്: കേരളവുമായോ ഇന്ത്യയുമായോ പുലബന്ധം പോലുമില്ലാത്ത ഡ്രാഗണാണ് ഇവരുടെ ചിഹ്‌നം. ഈ പേരും ലോഗോയും ഉയര്‍ത്തിക്കാട്ടുന്നതിന് ഇവര്‍ക്ക് ന്യായവാദങ്ങളുമുണ്ട്. ഇന്ത്യയിലെ മാത്രമല്ല വിദേശ താരങ്ങളും കളിക്കുന്ന ലീഗാണ്. ഐ.പി.എല്‍. അപ്പോള്‍ ലോകനിലവാരമുള്ള ലോഗോയും പേരും വേണം. ഇവരുടെ അഭിപ്രായത്തില്‍ നിലവില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനു മാത്രമാണ് ഇത്തരത്തിലുള്ള ലോഗോയും പേരും. അതിനെ വെല്ലുന്നതാവണം കൊച്ചിയുടേതെന്നാണ് ഡ്രാഗണ്‍ ആരാധകരുടെ ആവശ്യം.


കൊച്ചി ഫീനിക്‌സ്: കൊച്ചി ടീമിന്റെ ജനനവുമായി ബന്ധപ്പെട്ട വിഷയങ്ങളും വിവാദങ്ങളും ഈ പേരിലും ലോഗോയിലും നിഴലിക്കുന്നു. അഗ്നിച്ചിറകുകളുമായി പറന്നുയരുന്ന ഫീനിക്‌സ് പക്ഷിയാണ് ചിഹ്നം. വിവാദത്തെത്തുടര്‍ന്ന് ജനിക്കും മുമ്പ് മരിക്കുമെന്ന അവസ്ഥയില്‍ നിന്ന് അപ്രതീക്ഷിതരായി ഉയര്‍ന്നുവന്നവരാണ് തങ്ങളെന്ന് ഇവര്‍ പറയുന്നു. ചാരത്തില്‍ നിന്ന് ഉയിര്‍ത്തവര്‍, എന്തിനേയും ചാരമാക്കുന്നവര്‍ എന്ന് അര്‍ഥം വരുന്ന എമര്‍ജ്ഡ് ഫ്രം ആഷസ്, വില്‍ ആഷ് എനിതിംഗ് വരികളും ലോഗോയില്‍ ഇടം പിടിച്ചിരിക്കുന്നു.

'കൊച്ചി'(ടീമി)ന് പേരുവേണ്ടേ?ഇവിടെ ചിലര്‍ തിരക്കിലാണ്!SocialTwist Tell-a-Friend