Sunday, November 15, 2009

ക്രിക്ക് @ 20


"ഞാന്‍ ദൈവത്തെ കണ്ടിട്ടുണ്ട്. ദൈവം ഇന്ത്യക്കു വേണ്ടി നാലാമനായി ബാറ്റ് ചെയ്യാന്‍ ഇറങ്ങുന്നു''-മുന്‍ ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ മാത്യു ഹെയ്ഡന്‍ ഒരിക്കല്‍ ഇങ്ങനെ പറഞ്ഞു. 1986-ല്‍ ഷാര്‍ജയില്‍ മിയാന്‍ ദാദ് തൊടുത്തുവിട്ട സിക്‌സറില്‍ തകര്‍ന്നു പോയ ഇന്ത്യന്‍ ക്രിക്കറ്റിനെ രക്ഷിക്കാനാണ് ആ ആദ്യമായി ദൈവം ബാറ്റെടുത്തത്, 1989 നവംബര്‍ 15-ന് പാകിസ്താനെതിരേ സുനില്‍ ഗാവസ്കറുടെ പ്രതിരോധവും വിവ് റിച്ചാഡ്‌സിന്റെ ആക്രമണോത്സുകതയും ഒത്തുചേര്‍ന്നൊരു ബാറ്റ്‌സ്മാന്റെ രൂപത്തില്‍. അതാണ് സാക്ഷാല്‍ സച്ചിന്‍ രമേഷ് തെണ്ടുല്‍ക്കര്‍.
തന്റെ തലയെക്കാള്‍ വില വിക്കറ്റിനുണ്ടെന്ന് പ്രഖ്യാപിച്ച് സ്വന്തം സിംഹാസനം സ്ഥാപിച്ച ഗാവസ്കര്‍ക്ക് അപ്പുറം പോകാന്‍ കെല്‍പുള്ള താരം ഇനിയാര് എന്നാണ് ക്രിക്കറ്റ് പ്രേമികള്‍ അന്ന് ചോദിച്ചത്. എന്നാല്‍ ഗാവസ്കറുടെ കളരിയില്‍ നിന്ന് തന്നെ അതിന് ഉത്തരവും ലഭിച്ചു. സച്ചിന്‍... സച്ചിന്‍ മാത്രം.
ശേഷം ചരിത്രം. കാലത്തിനൊപ്പം ബാറ്റ്‌ചെയ്ത് റെക്കോഡുകള്‍ ഒന്നൊന്നായി സ്വന്തം പേരിനൊപ്പമാക്കി മുന്നേറുന്ന സച്ചിന്‍ മറ്റൊരു നാഴികക്കല്ലുകൂടി പിന്നിടുകയാണ്; രാജ്യാന്തരക്രിക്കറ്റില്‍ 20 വര്‍ഷം പൂര്‍ത്തിയാക്കുകയെന്ന അത്യപൂര്‍വ റെക്കോഡ്. സച്ചിന്‍ രാജ്യാന്തരക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചിട്ട് നവംബര്‍ 15നു രണ്ടു പതിറ്റാണ്ടു പൂര്‍ത്തിയാവും.
1985-ലെ ചൂടേറിയ പകലില്‍ എം.ആര്‍.എഫ്. പേസ് ഫൗണ്ടേഷനില്‍ പന്തെറിഞ്ഞു തളര്‍ന്ന പയ്യന്റെ കൈയില്‍ ബാറ്റ് ഏല്‍പിച്ച ഡെന്നിസ് ലില്ലി ക്രിക്കറ്റിന്റെ ചരിത്രത്താളുകളില്‍ അങ്ങനെ ഇടം നേടി. ഇന്ത്യക്കും ലോകത്തിനും അന്ന് ലില്ലി സമ്മാനിച്ചത് സമാനതകളില്ലാത്ത പ്രതിഭയെയായിരുന്നു.
അരങ്ങേറ്റ ടെസ്റ്റില്‍ ആറാമനായി ക്രീസിലെത്തിയ സച്ചിന്‍ നേടിയത് 15 റണ്‍സ്!. ഇന്ത്യകണ്ട എക്കാലത്തെയും മികച്ച ഓള്‍റൗണ്ടറായ കപില്‍ദേവിന്റെ നൂറാം ടെസ്റ്റും പാകിസ്താന്‍ പേസര്‍ വഖാര്‍ യൂനിസിന്റെ അരങ്ങേറ്റ ടെസ്റ്റുമായിരുന്നു അത്. കപില്‍ നൂറ് ടെസ്റ്റുകള്‍ കളിക്കുന്ന ആദ്യ ബൗളറെന്ന നേട്ടം കൈവരിച്ചിട്ടും ഈ മത്സരത്തെ കാലം അടയാളപ്പെടുത്തിയത് സച്ചിന്റെ അരങ്ങേറ്റ ടെസ്റ്റ് എന്നായിരുന്നു. ഇപ്പോള്‍ ഇരുപതാണ്ടു പൂര്‍ത്തിയാവുമ്പോള്‍ ക്രിക്കറ്റ് ചരിത്രത്തിലെ റെക്കോഡുകളെല്ലാം ലിറ്റില്‍ മാസ്റ്റര്‍ക്ക് സ്വന്തം.
ഇന്ന് ഇന്ത്യയുടെ അഭിമാനമായി ലോക ക്രിക്കറ്റിന്റെ നെറുകയില്‍ തലയുയര്‍ത്തി നില്‍ക്കുകയാണ് സച്ചിന്‍. വിശേഷണങ്ങള്‍ക്കതീതനായ പ്രതിയയെന്നാണ് ഗാവസ്കര്‍ അടുത്തിടെ സച്ചിനെ വാഴ്ത്തിയത്. കഴിഞ്ഞ് രണ്ടുപതിറ്റാണ്ടായി ഇന്ത്യന്‍ യുവത്വത്തിന് മാതൃകയായി സച്ചിന്‍ മാറി. സച്ചിന്‍ ക്രീസില്‍ ഉള്ളപ്പോള്‍ ഇന്ത്യയില്‍ സമയസൂചിക്ക് വേഗത കുറവാണെന്ന് ഒരു ചൊല്ലുണ്ട്. കാരണം സച്ചിന്റെ ബാറ്റിംഗ് കാണാന്‍, സെഞ്ചുറി കാണാന്‍ സമയവും കാത്തുനില്‍ക്കുമത്രേ.
പ്രശസ്ത ഓസ്‌ട്രേലിയന്‍ മാധ്യമപ്രവര്‍ത്തകന്‍ പീറ്റര്‍ റീബക്ക് തന്റെ ഇന്ത്യന്‍ യാത്രാവേളയില്‍ ഒരിക്കല്‍ ഡയറിയില്‍ ഇങ്ങനെ കുറിച്ചു. ""സിംലയില്‍ നിന്നും ഡല്‍ഹിയിലേക്കുള്ള ഒരു ട്രെയിന്‍ യാത്ര. ഇടക്കെവിടെയോ അല്‍പസമയത്തേക്ക് വണ്ടി ഒരു സ്‌റ്റേഷനില്‍ നിറുത്തിയിട്ടു. സച്ചിന്‍ സെഞ്ചുറിയോടടുക്കുകയായിരുന്നു. യാത്രക്കാര്‍, റെയില്‍വേ ജീവനക്കാര്‍..., സച്ചിന്‍ സെഞ്ചുറി പൂര്‍ത്തിയാക്കാന്‍ എല്ലാവരും കാത്തിരിക്കുകയായിരുന്നു. അതേ... ഈ പ്രതിഭക്ക്് ഇന്ത്യയിലെ സമയം പോലും പിടിച്ചുനിര്‍ത്താനാകും.''.
റീബക്കിന്റെ വാക്കുകള്‍ എത്രതവണ സത്യമായി ഭവിക്കുന്നതിന് നാം സാക്ഷികളായി.
ഏതു പിച്ചിലും ഏതു ബൗളര്‍ക്കെതിരേയും അനായാസം ഷോട്ടുകള്‍ പായിക്കാനുള്ള കഴിവാണ് ഇന്നും സച്ചിനെ വ്യത്യസ്തനാക്കുന്നത്. ഡ്രൈവുകള്‍,ഹുക്ക്,പുള്‍,കട്ട്, ഫ്‌ളിക്ക് ...സച്ചിന് അന്യമായ ഷോട്ടുകള്‍ ഒന്നും തന്നെ ഇനി ക്രിക്കറ്റിലില്ല. സച്ചിന്റെ പേരിലുളള സെഞ്ച്വറികളും റണ്‍കൂമ്പാരവും ഇതുവ്യക്തമാക്കുന്നു. ഗാവസ്കറിന് ശേഷം ഏറ്റവും മനോഹരമായി സ്‌ട്രെയ്റ്റ് ഡ്രൈവ് കളിക്കുന്നതാരവും മറ്റാരുമല്ല.
സച്ചിന്റെ റിഫ്‌ളക്‌സും ബാലന്‍സും കാഴ്ചശക്തിയും റണ്‍പ്രവാഹത്തില്‍ നിര്‍ണായക ഘടകമാണ്. രണ്ടു പതിറ്റാണ്ട് പൂര്‍ത്തിയാവുമ്പോഴും ഈ മികവ് നിലനിര്‍ത്താനാവുന്നതും സച്ചിനെ മറ്റുളളവരില്‍ നിന്ന് വ്യത്യസ്തമാക്കുന്നു.
സച്ചിനെക്കുറിച്ച് പറയുമ്പോള്‍, എഴുതുമ്പോള്‍ വിശേഷണങ്ങള്‍ക്കായി താന്‍ പരതാറുണ്ടെന്നും ഒരിക്കല്‍ റീബക്ക് പറഞ്ഞിരുന്നു. 16-ാം വയസില്‍ അരങ്ങേറിയതു മുതല്‍ ഇന്നുവരെ ഈ വാഴ്ത്തലുകള്‍ സച്ചിനെ തേടിയെത്താന്‍ കാരണം ആ അനുപമ പ്രതിഭ തന്നെയല്ലേ.
കാലത്തിനൊപ്പം, രാഷ്ട്രത്തിനൊപ്പം വളരുന്ന പ്രതിഭയെന്ന നിലയിലേക്ക് സച്ചിന്‍ മാറിയപ്പോഴും കളിയോടും തന്നോടു തന്നെയുമുള്ള ആ അര്‍പ്പണ മനോഭാവത്തിന് പകരംവയ്ക്കാന്‍ എന്തുണ്ട്. ആദ്യ ടെസ്റ്റില്‍ വസീം അക്രത്തെ നേരിടുന്ന അതേ മനോഭാവത്തോടെ ഇന്ന് മലിംഗയെയും ലീയേയും മൊര്‍ത്താസയേയും നേരിടാന്‍ സച്ചിന് കഴിയുന്നു.
ക്രിക്കറ്റിന്റെ ബ്രാന്‍ഡ് അമ്പാസിഡറായി മാറിക്കഴിഞ്ഞിട്ടും സച്ചിന്റെ പ്രതിഭ ഇന്ന് തിളക്കമാര്‍ന്ന് നില്‍ക്കാന്‍ കാരണവും ആ അര്‍പ്പണമനോഭാവം ഒന്നുകൊണ്ടു തന്നെ. കളിക്കാരനെന്ന നിലയില്‍ ഇന്ന് സച്ചിന്റെ പ്രതിഭയുടെ ആഴമളക്കാന്‍ ആരും മെനക്കെടാറില്ല. അനുപമമായ അനേകം ഇന്നിംഗ്‌സുകളിലൂടെ അദ്ദേഹം തന്നെ അതിന്റെ ആഴവും പരപ്പും കാട്ടി തന്നിട്ടുണ്ട്. മാഞ്ചസ്റ്ററില്‍ ഇംഗ്ലണ്ടിനെതിരായ സെഞ്ചുറിയില്‍ തുടങ്ങി കേപ് ടൗണിലും പെര്‍ത്തിലും ഷാര്‍ജയിലും സിഡ്‌നിയിലും അവസാനിക്കാതെ ഒടുവില്‍ ഹൈദരാബാദില്‍ കംഗാരുക്കള്‍ക്കെതിരേ നേടിയ 175-ല്‍ എത്തി നില്‍ക്കുന്നു നിലയ്ക്കാത്ത പ്രവാഹം പോലെ.
സച്ചിനെക്കുറിച്ചു പറയുമ്പോള്‍ കേളീമികവ് മാത്രവുമായിരിക്കില്ല പരാമര്‍ശവിധേയമാവുക. മറിച്ച് കളിക്കളത്തിനകത്തും പുറത്തുമുള്ള അദ്ദേഹത്തിന്റെ പെരുമാറ്റത്തിലുള്ള മാന്യത കൂടിയാണ്. പ്രശസ്തിക്ക് ഗോസിപ്പുകള്‍ അലങ്കാരമായി ചാര്‍ത്തപ്പെടുന്ന ക്രിക്കറ്റ് താരങ്ങളില്‍ നിന്നു സച്ചിന്‍ അന്നും ഇന്നും എന്നും വ്യത്യസ്തനാണ്. അതു കൊണ്ടു കൂടിയാകാം വിന്‍ഡീസ് താരം ബ്രയാന്‍ ലാറ പറഞ്ഞത് ""സച്ചിനൊരു പ്രതിഭയാണ് ഞാന്‍ ഒരു മനുഷ്യനും''.
കാലത്തിനും സമയത്തിനും പിടികൊടുക്കാതെ ഈ കുറിയ മനുഷ്യന്‍ യാത്ര തുടങ്ങിയിട്ട് 20 വര്‍ഷം പൂര്‍ത്തിയായി. യാത്ര ഇനിയും തുടരട്ടെ... നമുക്കും അഭിമാനിക്കാം കാരണം നാം ജീവിച്ചത് അദ്ദേഹത്തിന്റെ കാലഘട്ടത്തിലാണ്... നാം കണ്ടത് അദ്ദേഹത്തിന്റെ മാസ്മരിക ഇന്നിംഗ്‌സാണ്... നാം ആരാധിച്ചത് ദൈവത്തെയാണ്.

ക്രിക്ക് @ 20SocialTwist Tell-a-Friend