Sunday, June 27, 2010

നീതി നാലു പതിറ്റാണ്ടിനിപ്പുറം?ചിത്രം 1: 1966-ലെ ഫൈനലില്‍ പശ്ചിമ ജര്‍മനിക്കെതിരേ ജഫ് ഹേഴ്‌സ്റ്റിന്റെ വിവാദ ഗോള്‍.
ചിത്രം
2: ഫ്രാങ്ക് ലാംപാര്‍ഡിന്റെ ഫ്രീകിക്ക് ജര്‍മന്‍ ഗോള്‍വരയ്ക്കുള്ളില്‍ പതിക്കുന്നു.


നാല്‍പ്പതു വര്‍ഷമായി അത് ജര്‍മനിയെ നീറ്റുന്നു. ആ നീറ്റലിനു മേല്‍ ഇന്നലെ യുറുഗ്വന്‍ റഫറി ഹൊസേ ലാറിയോന്‍ഡയുടെ ഒരു വിസില്‍ മുഴക്കം പുതുമഴയായി.
40 വര്‍ഷങ്ങള്‍ക്കു മുമ്പ് ഇംഗ്ലണ്ടിലെ വെംബ്ലി സ്‌റ്റേഡിയത്തില്‍ റഷ്യന്‍ റഫറി ടോഫിക് ബക്‌റാമോവിന്റെ ഇതുപോലൊരു തീരുമാനം ജര്‍മനിയെ തകര്‍ത്തിരുന്നു. ഇന്ന് ആ തകര്‍ച്ച ഏറ്റുവാങ്ങിയത് ഇംഗ്ലണ്ടാണെന്നു മാത്രം.
ഇന്നലെ ജൊഹാനസ്ബര്‍ഗില്‍ നടന്ന ഇംഗ്ലണ്ട്-ജര്‍മനി പോരാട്ടത്തിന്റെ 38-ാം മിനിറ്റില്‍ ഇംഗ്ലണ്ട് താരം ഫ്രാങ്ക് ലാംപാര്‍ഡിന്റെ ഫ്രീകിക്ക് ജര്‍മന്‍ ഗോള്‍ വര കടന്നത് റഫറി കണ്ടില്ലെന്നു നടിച്ചപ്പോള്‍ ഓര്‍മകളില്‍ തെളിഞ്ഞത് ഇംഗ്ലീഷ് വസന്തം വിരിഞ്ഞ 1966-ലെ ഫൈനല്‍ മത്സരമാണ്.
അന്ന് പശ്ചിമ ജര്‍മനിയെ 4-2ന് തകര്‍ത്ത് ലോകകപ്പ് കിരീടത്തില്‍ മുത്തമിട്ട ഇംഗ്ലണ്ടിന്റെ ആഹ്‌ളാദങ്ങള്‍ക്ക് വിവാദങ്ങളുടെ നിറമുണ്ടായിരുന്നു. തകര്‍പ്പന്‍ ഹാട്രിക്കുമായി ടീമിനെ കിരീടത്തിലേക്ക് നയിച്ച ജഫ് ഹേഴ്‌സ്റ്റ് നേടിയ രണ്ടാം ഗോളാണ് അന്ന് വിവാദങ്ങള്‍ക്ക് തിരികൊളുത്തിയത്.
മത്സരത്തിന്റെ നിശ്ചിത സമയത്ത് രണ്ടു ഗോള്‍ വീതമടിച്ച് അന്ന് ഇംഗ്ലണ്ടും ജര്‍മനിയും തുല്യതയിലായിരുന്നു. തുടര്‍ന്ന് അധികസമയത്തിന്റെ 11-ാം മിനിറ്റിലായിരുന്നു സംഭവങ്ങളുടെ തുടക്കം. ജര്‍മന്‍ പ്രതിരോധനിരയെ കീറിമുറിച്ച് ബോക്‌സിനു തൊട്ടു പുറത്തു നിന്ന് ഹേഴ്‌സ്റ്റ് തൊടുത്ത ഷോട്ട് ക്രോസ്ബാറില്‍ ഇടിച്ച് നിലത്തു വീഴുകയായിരുന്നു.
പന്ത് ഗോള്‍വരയ്ക്കുള്ളിലാണ് വീണതെന്നു വിധിച്ച റഫറി ബക്‌റാമോവ് ഇംഗ്ലണ്ടിന് ഗോള്‍ അനുവദിച്ചു. യഥാര്‍ഥത്തില്‍ പന്ത് ബാറില്‍ ഇടിച്ച് ഗോള്‍വരയ്ക്കു പുറത്തായിരുന്നു വീണത്. ജര്‍മന്‍ താരങ്ങളുടെ പ്രതിഷേധങ്ങള്‍ ചെവിക്കൊള്ളാതെ ബക്‌റാമോവ് ഇംഗ്ലണ്ടിന് അനുകൂലമായി വിധിപറയുകയായിരുന്നു.ഇതില്‍ തളര്‍ന്നുപോയ ജര്‍മനിയുടെ വിവശതയ്ക്കുമേല്‍ ഒമ്പതു മിനിറ്റിനു ശേഷം ഒരിക്കല്‍ക്കൂടി ഹേഴ്‌സ്റ്റ് നിറയൊഴിച്ച് ഇംഗ്ലണ്ടിനെ കിരീടത്തിലേക്കു നയിക്കുകയും ചെയ്തു.
വര്‍ഷങ്ങള്‍ക്കിപ്പുറം ഹേഴ്‌സ്റ്റ് കുറ്റം സമ്മതിക്കും വരെ ഏറെക്കാലം പന്ത് വരയ്ക്കുള്ളിലോ പുറത്തോ വീണതെന്ന് ചര്‍ച്ച നടന്നിരുന്നു. അന്നത്തെ ചതിയും പിന്നത്തെ കുറ്റസമ്മതവുമെല്ലാം ജര്‍മന്‍ ആരാധകരുടെ മനസില്‍ നീറ്റലാണ് സമ്മാനിച്ചത്.
അതിനാണ് ഇന്നലെ അറുതിയായത്. ജര്‍മനി 2-1ന് മുന്നില്‍ നില്‍ക്കെയായിരുന്നു ലാംപാര്‍ഡിന്റെ ഫ്രീകിക്ക്. ബോക്‌സിന്റെ ഇടതു ഭാഗത്തു നിന്ന് ലാംപാര്‍ഡ് എടുത്ത കിക്ക് ജര്‍മന്‍ പ്രതിരോധ മതിലിനെ ചുറ്റി ഗോളി മാനുവല്‍ ന്യൂവറിന്റെ തലയ്ക്കു മുകളില്‍ ബാറിലിടിച്ചു നിലത്തു വീഴുകയായിരുന്നു.
ഗോളെന്നുറപ്പിച്ച് ലാംപാര്‍ഡും സഹതാരങ്ങളും ആഘോഷം തുടങ്ങിയെങ്കിലും റഫറി ലാറിയോന്‍ഡയുടെ തീരുമാനം മറിച്ചായിരുന്നു. റീപ്ലേകളില്‍ പിന്നീട് പന്ത് ഗോള്‍വരകടന്നുവെന്നു വ്യക്തമായി. മത്സരം ജര്‍മനി 4-1ന് ജയിച്ച് ഇംഗ്ലണ്ടിനെ പുറത്താക്കിയതോടെ നാലു പതിറ്റാണ്ട് നീണ്ട ഒരു പ്രതികാരത്തിനും പരിസമാപ്തിയായി.

നീതി നാലു പതിറ്റാണ്ടിനിപ്പുറം?SocialTwist Tell-a-Friend

വെടിയുതിര്‍ക്കാതെ വന്‍തോക്കുകള്‍

ഫ്രിക്കന്‍ വന്‍കരയില്‍ ആദ്യമായി വിരുന്നെത്തിയ ലോകകപ്പ് ഫുട്‌ബോള്‍ മാമാങ്കം പ്രീക്വാര്‍ട്ടറിലേക്ക് കടക്കുമ്പോള്‍ സൂപ്പര്‍ താരങ്ങളെ നോക്കി നെടുവീര്‍പ്പിടുകയാണ് ഫുട്‌ബോള്‍ ലോകം.
താരപരിവേഷവുമായി ബൂട്ടുനിറയെ 'പ്രഹരശേഷിയുമായി' എത്തിയവരില്‍ പലരും മുനയൊടിഞ്ഞു മടങ്ങുന്നതിനു സാക്ഷിയാകുകയാണ് ദക്ഷിണാഫ്രിക്കയിലെ സ്‌റ്റേഡിയങ്ങള്‍ പലതും. അര്‍ജന്റീനയുടെ 'ദൈവ പുത്രന്‍' ലയണല്‍ മെസി മാത്രമാണ് ഇതിനൊരപവാദം. സ്വന്തം പേരില്‍ ഗോളൊന്നും സ്‌കോര്‍ ചെയ്യാനായില്ലെങ്കില്‍ക്കൂടി മെസി അര്‍ജന്റീന ആദ്യ റൗണ്ടില്‍ അടിച്ച ഏഴു ഗോളുകളില്‍ ആറിലും പങ്കുവഹിച്ചു ആരാധകരുടെ പ്രതീക്ഷ കാത്തു.
അതേ സമയം ലോകകപ്പിനു മുമ്പ് ലോകം തോളിലേറ്റിയ ബ്രസീലിന്റെ കക്ക, ഇംഗ്ലണ്ടിന്റെ വെയ്ന്‍ റൂണി, പോര്‍ച്ചുഗലിന്റെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, സ്‌പെയിനിന്റെ ഫെര്‍നാന്‍ഡോ ടോറസ്, ഐവറി കോസ്റ്റിന്റെ ദിദിയര്‍ ദ്രോഗ്ബ, കാമറൂണിന്റെ സാമുവല്‍ എറ്റു എന്നിവര്‍ സ്വന്തം പ്രതിഭയോടു പോലും നീതിപുലര്‍ത്താനാകാതെ നിഴലലിലൊതുങ്ങുന്നതാണ് കാണുന്നത്.
നിര്‍ഭാഗ്യമാണ് മെസിക്കും ഗോളിനുമിടയില്‍ കളിച്ചതെങ്കില്‍ ഇവര്‍ക്ക് അങ്ങനെ ആശ്വസിക്കാന്‍ പോലും അര്‍ഹതയില്ല.
ഗോള്‍മഴപെയ്ത മത്സരത്തില്‍ ഉത്തരകൊറിയയ്‌ക്കെതിരേ ഒരു തവണ ലക്ഷ്യം കണ്ടതാണ് കോടികള്‍ പ്രതിഫലം വാങ്ങുന്ന പോര്‍ച്ചുഗല്‍ നായകന്റെ കേളീമികവ്. ആദ്യ റൗണ്ടിലുടനീളം കളിക്കാനിറങ്ങിയ റൊണാള്‍ഡോ ഭാവനാപൂര്‍ണമായ ഒരു നീക്കം നടത്തുന്നതില്‍ പോലും സമ്പൂര്‍ണ പരാജയമായിരുന്നുവെന്നു വേണം പറയാന്‍. ക്ലബ് മത്സരങ്ങളില്‍ കാണികളെ കൈയിലെടുത്ത തരത്തില്‍ മികച്ച പാസോ ഡ്രിബ്ലിംഗോ പോലും റൊണാള്‍ഡോയുടേതായി കളത്തില്‍ കാണാന്‍ കഴിഞ്ഞില്ല.
ഇതിലും കഷ്ടമാണ് ഇംഗ്ലണ്ടിന്റെ സൂപ്പര്‍ താരം വെയ്ന്‍ റൂണിയുടെ അവസ്ഥ. തന്റെ ഫോമിന്റെ ഏഴയലത്തു പോലും എത്താനാകാതെ ഉഴറി നടക്കുന്ന റൂണിയുടെ ചിത്രമാകും ഒരുപക്ഷേ ഈ ലോകകപ്പിന്റെ ദുരന്ത ചിത്രമായി മാറുക. റൂണിയില്‍ ഏറെ പ്രതീക്ഷയര്‍പ്പിച്ചിരുന്ന ഇംഗ്ലണ്ട് അതോടെ നടവു തകര്‍ന്ന അവസ്ഥയിലായി. പ്രതിരോധ താരങ്ങളെ വേഗം കൊണ്ടും ചടുലതകൊണ്ടും വിസ്മയിപ്പിച്ചിരുന്ന ഇംഗ്ലീഷ് താരത്തിന്റെ കാലില്‍ നിന്ന് പരുന്ത് കോഴിക്കുഞ്ഞിനെയെന്നപോലെ എതിര്‍ താരങ്ങള്‍ പന്ത് റാഞ്ചുന്നത് ദയനീയ കാഴ്ചയായി.
ബ്രസീല്‍ സൂപ്പര്‍ താരം കക്കയാണ് പരാജയപ്പെട്ട മറ്റൊരു വമ്പന്‍. ടൂര്‍ണമെന്റിന്റെ താരമാകുമെന്ന വീമ്പുമായെത്തിയ കക്കയ്ക്ക് ആകെ സ്വന്തമാക്കാനായത് ഒരു ചുവപ്പു കാര്‍ഡാണ്. എലാനോയും ലൂയിസ് ഫാബിയാനോയും മൈക്കോണും തിളങ്ങിയതിനാല്‍ ഈ പരാജയം അത്രമേല്‍ ശ്രദ്ധയാകര്‍ഷിച്ചില്ലെന്നു മാത്രം.
ഫേവറൈറ്റുകളായി ടൂര്‍ണമെന്റിനെത്തിയ സ്പാനിഷ് പടയ്ക്ക് പ്രതിസന്ധിയാകുന്നത് സ്‌ട്രൈക്കര്‍ ഫെര്‍നാന്‍ഡോ ടോറസിന്റെ ഫോമില്ലായ്മയാണ്. ആഫ്രിക്കന്‍ ലോകകപ്പില്‍ ഗോളടിച്ചു കൂട്ടുമെന്നു കരുതിയ ടോറസിന്റെ ബൂട്ടുകള്‍ ശബ്ദിക്കാതായതോടെ താരത്തെ മുഴുവന്‍ സമയം കളിപ്പിക്കാന്‍ പോലും കോച്ച് തയാറാകുന്നില്ല.
ആഫ്രിക്കയില്‍ ലോകകപ്പ് എത്തിയപ്പോള്‍ ഏറെ ഉയര്‍ന്നു കേട്ട പേരുകളാണ് ദിദിയര്‍ ദ്രോഗ്ബയുടെയും സാമുവല്‍ എറ്റുവിന്റെയും. ക്ലബ് ഫുട്‌ബോളിലെ ഗോളടി യന്ത്രങ്ങളായ ഇവര്‍ ലോകകപ്പില്‍ എതിര്‍ നിരയെ വിറപ്പിക്കുന്നതു സ്വപ്നം കണ്ടായിരുന്നത്രേ അടുത്തിടെ ആഫ്രിക്കന്‍ ഫുട്‌ബോള്‍ പ്രേമികള്‍ ഉറക്കമുണര്‍ന്നിരുന്നത്.
എന്നാല്‍ കറുത്ത ശക്തിയെ കൂട്ടിലടച്ച് ഇരുവരും പുല്‍മൈതാനത്ത് ഉഴറി നടന്നപ്പോള്‍ ആദ്യ റൗണ്ടില്‍ തന്നെ കാമറൂണും ഐവറികോസ്റ്റും പെട്ടി മടക്കി.
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ചെല്‍സിക്കു വേണ്ടി 37 ഗോളുകള്‍ അടിച്ചു കൂട്ടിയ ദ്രേഗ്ബയ്ക്ക് മൂന്നു മത്സരങ്ങളില്‍ നിന്ന് നേടാനായത് ആകെ ഒരു ഗോള്‍ മാത്രം. ലോകകപ്പിനു മുമ്പ് നേരിട്ട പരുക്കാണ് കാരണമെന്ന് പറയാമെങ്കിലും ചെല്‍സിക്കായി പുറത്തെടുത്ത മികവിന്റെ പത്തിലൊന്നു പോലും സ്വന്തം കാണികള്‍ക്കു മുമ്പില്‍ പുറത്തെടുക്കാനായില്ല. എറ്റുവിനും ആകെ സ്‌കോര്‍ ചെയ്യാനായത് ഒരു ഗോള്‍ മാത്രം.
ജര്‍മനിയുടെ മിറോസ്ലോവ് ക്ലോസ്, ഫ്രാന്‍സിന്റെ ഫ്രാങ്ക് റിബറി, എന്നിവരും പരാജയപ്പട്ടികയിലെ താരകുമാരന്മാരാണ്. താരനക്ഷത്രങ്ങള്‍ മണ്ണില്‍ വീണുടയുമ്പോള്‍ പക്ഷേ അതു സമ്മതിക്കാന്‍ അതതു ടീം മാനേജ്‌മെന്റുകള്‍ മാത്രം തയാറാകുന്നില്ല. എന്തിനും ഏതിനും കാരണം കണ്ടെത്തുന്ന അവര്‍ക്ക് അതിനും പറയാന്‍ ഒരു കാരണം കിട്ടിയിട്ടുണ്ട്.
കുഴപ്പങ്ങള്‍ക്കെല്ലാം കാരണം ജബുലാനിയാണത്രേ. എന്നാല്‍ ഗോള്‍സാലോ ഹിഗ്വയ്‌ന്റെ ഹാട്രിക്കും ജപ്പാന്‍ താരം ഹോണ്ടയുടെ ഫ്രീകിക്ക് ഗോളും, മൈക്കോണിന്റെ അദ്ഭുത ഗോളും പിറന്നത് ഇതേ ജബുലാനിയിലാണെന്ന് അവര്‍ മറന്നുപോകുന്നു.

വെടിയുതിര്‍ക്കാതെ വന്‍തോക്കുകള്‍SocialTwist Tell-a-Friend

Tuesday, June 22, 2010

നൂറ്റാണ്ടിന്റെ ഗോളിന് കാല്‍നൂറ്റാണ്ട്


മെക്‌സികോയിലെ ആസ്റ്റക് സ്‌റ്റേഡിയത്തിലെ പച്ചപ്പുല്‍ മൈതാനത്ത് എതിരാളികളെ വെട്ടിയൊഴിഞ്ഞ് കയറി ലോകമെങ്ങുമുള്ള ഫുട്‌ബോള്‍ പ്രേമികളുടെ ഹൃദയത്തിലേക്കു ഡീഗോ അര്‍മാന്‍ഡോ മറഡോണ എന്ന ഇതിഹാസം നിറയൊഴിച്ചിട്ട് കാല്‍നൂറ്റാണ്ട്. ഫുട്‌ബോളിന്റെ ദൈവം കപ്പം കൊടുത്ത ബൂട്ടില്‍ നിന്നു പാഞ്ഞ അദ്ഭുത ഗോളിന് ഇന്നലെ(ജൂണ്‍ 22-ന്) 24 വയസു തികഞ്ഞു. ഒപ്പം 'ദൈവത്തിന്റെ കൈ'കള്‍ക്കും.

പട്ടിണിയും പരിവട്ടവുമായി തേങ്ങിയ ജനതയ്ക്കാകെ ഉണര്‍വും ഉയിരും പകര്‍ന്ന അഭിമാന പോരാട്ടത്തില്‍ ഇംഗ്ലണ്ടിന്റെ എക്കാലത്തെയും മികച്ച ടീമിനെതിരേ 1986 ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലിലായിരുന്നു മറഡോണയുടെ പ്രകടനം. പിന്നീട് ലോകം ഇതിനെ 'നൂറ്റാണ്ടിന്റെ ഗോള്‍' എന്നു പ്രകീര്‍ത്തിച്ചു. അതിനു മിനിറ്റുകള്‍ക്കു മുമ്പ് 'ദൈവത്തിന്റെ കരസ്പര്‍ശ'മേറ്റും അതേ ഗോള്‍വല പുളകംകൊണ്ടു. ഒരേ മത്സരത്തില്‍ കൈയും കാലും കൊണ്ട് ഗോളടിക്കുകയും നിമിഷങ്ങളുടെ വ്യത്യാസത്തില്‍ വെറുക്കപ്പെട്ടവനില്‍ നിന്നു വിശുദ്ധനിലേക്കു ഉയര്‍ത്തപ്പെടുകയും ചെയ്ത സുവിശേഷം ഈ കുറിയ മനുഷ്യനു മാത്രം സ്വന്തം.

1982-ലെ ഫോക് ലാന്‍ഡ് യുദ്ധത്തിലെ പരാജയത്തിനു ശേഷം ഓരോതവണയും ഇംഗ്ലണ്ടിനെതിരേ കളിക്കിറങ്ങുമ്പോള്‍ കുരിശുമരണത്തിനു ശേഷമുള്ള ഉയിര്‍പ്പ് ഓരോ അര്‍ജന്റീനക്കാരനും കിനാവു കണ്ടു. അര്‍ജന്റീന താരങ്ങള്‍ക്ക് ആ മത്സരങ്ങള്‍ വെറും കളി മാത്രമായിരുന്നില്ല, മാനം കാക്കുന്നതിനായുള്ള പകവീട്ടല്‍ കൂടിയായിരുന്നു. അപ്പോള്‍ ലോക ഫുട്‌ബോളിന്റെ എണ്ണം പറഞ്ഞ വേദികളിലൊന്നില്‍ എതിരാളിയായി ഇംഗ്ലണ്ടിനെ കിട്ടുമ്പോഴോ? അങ്ങനെയാണ് കാല്‍നൂറ്റാണ്ടു മുമ്പ് ആസ്റ്റക് സ്‌റ്റേഡിയം മറ്റൊരു യുദ്ധമുഖമായത്.

മൂന്‍ അര്‍ജന്റീന താരം റോബര്‍ട്ടോ പെര്‍ഫ്യൂമോ പറയുന്നു: ''1986ല്‍ ഇംഗ്ലണ്ടിനെതിരായ വിജയം കൊണ്ട് ഞങ്ങള്‍ തൃപ്തരാകുമായിരുന്നു. ലോകകപ്പ് ജയിക്കുന്നതു പോലും രണ്ടാമത്തെ കാര്യമായിരുന്നു. ഇംഗ്ലണ്ടിനെ തകര്‍ത്തെറിയുകയായിരുന്നു മുഖ്യം'' 1986 ജൂണ്‍ 22ലെ ക്വാര്‍ട്ടര്‍ പോരാട്ടത്തിന് മുമ്പ് ഇംഗ്ലീഷ് താരങ്ങള്‍ക്ക് ഹസ്തദാനം ചെയ്യുമ്പോള്‍ മറഡോണയുടെ മനസില്‍ കത്തിനിന്നതും ഈ വികാരമായിരിക്കണം.

അതപ്പാടെ കളത്തില്‍ മാന്ത്രികതയായി വിരിഞ്ഞപ്പോള്‍ ലോക ഫുട്‌ബോള്‍ ചരിത്രത്തില്‍ എന്നും തങ്കലിപികളാല്‍ മാത്രം രേഖപ്പെടുത്താനാകുന്ന ചരിത്രമായി മാറുകയായിരുന്നു. വിവാദവും വിസ്മയവും ഒരുപോലെ കനിഞ്ഞനുഗ്രഹിച്ച ആ മത്സരത്തിന്റെ മാസ്മരിക നിമിഷങ്ങളിലേക്ക്.

അര്‍ജന്റീന കളം നിറഞ്ഞു കളിച്ച ആദ്യ പകുതിക്കു ശേഷം ആറാം മിനിറ്റിലാണ് മറഡോണ ഇന്നും പകരം വയ്ക്കാനില്ലാത്ത പ്രകടനങ്ങളുടെ ഇതിഹാസ രചന തുടങ്ങിയത്. സ്വന്തം പകുതിയില്‍ നിന്നുള്ള മുന്നേറ്റത്തിനൊടുവില്‍ ഇംഗ്ലണ്ടിന്റെ രണ്ടു പ്രതിരോധ താരങ്ങളെ വെട്ടിച്ചു പെനാല്‍റ്റി ബോക്‌സിനു പുറത്തു നിന്നു മറഡോണ പന്ത് വാള്‍ഡാനോയ്ക്ക് മറിച്ചുനല്‍കി.

ഓടിക്കയറിയ മറഡോണയെ ലാക്കാക്കി വാള്‍ഡാനോ നല്‍കിയ ക്രോസ് പക്ഷേ പ്രതീക്ഷിച്ചതിലും ഉയരത്തിലാണ് ഇംഗ്ലീഷ് ഗോള്‍മുഖത്തേക്കെത്തിയത്. ആറടിയിലധികം ഉയരമുളള ഗോളി പീറ്റര്‍ ഷില്‍ട്ടനൊപ്പം അഞ്ചടി നാലിഞ്ചുകാരന്‍ മറഡോണയും ഉയര്‍ന്നുചാടി. മുഷ്ടികൊണ്ട് പന്ത് വലയിലേക്കു പായിച്ചു.

അകലെനിന്ന് ഓടിയെത്തിയ ടുണീഷ്യന്‍ റഫറി ബെന്നാബര്‍ കാണുന്നത് പന്ത് മറഡോണയുടെ തലയില്‍ നിന്നു വല തുളയ്ക്കുന്നതാണ്. ഇംഗ്ലീഷ് താരങ്ങളുടെ ''ഹാന്‍ഡ് ബോള്‍'' വിളികള്‍ തള്ളി ബെന്നാബര്‍ വിസില്‍ ഊതുമ്പോള്‍ സാക്ഷാല്‍ ദൈവം മുകളിലിരുന്നു മന്ദഹസിച്ചിട്ടുണ്ടാവണം.

മത്സരശേഷം ഫോക്ക്‌ലാന്‍ഡ് ദ്വീപിനുവേണ്ടി ജീവന്‍കൊടുത്ത അര്‍ജന്റീനക്കാരുടെ രക്തത്തിനു പകരമായി ആ ഗോള്‍ എടുത്തുകൊള്ളാന്‍ പറഞ്ഞ മറഡോണ ഇംഗ്ലണ്ടുകാര്‍ക്കു മുമ്പില്‍ ചതിയുടെ പര്യായമാകേണ്ടവനായിരുന്നു. എന്നാല്‍ അതിനു മുമ്പ് തന്നെ മറഡോണ വെറുക്കപ്പെട്ടവനില്‍ നിന്ന് വിശുദ്ധനായി ഉയിര്‍ത്തെഴുന്നേറ്റു കഴിഞ്ഞിരുന്നു.

''ദൈവത്തിന്റെ കൈ'' ഗോള്‍ നേടി നാലു മിനിറ്റിനു ശേഷമാണ് കാല്‍പ്പന്ത് ലോകം ഒന്നടങ്കം നമിച്ചു പോയ അദ്ഭുത നീക്കത്തിന്റെ തുടക്കം. 55-ാം മിനിറ്റിലാണ് സ്വന്തം ഹാഫില്‍ നിന്ന് പന്ത് മറഡോണയുടെ ബൂട്ടില്‍ കുരുങ്ങുന്നത്. പിന്നീടുള്ള ഏതാനും നിമിഷങ്ങള്‍ ഫുട്‌ബോളിന്റെ അസുലഭ മുഹൂര്‍ത്തങ്ങള്‍ക്കു സാക്ഷിയായി. ബൂട്ടിന്‍ തുമ്പില്‍ ഒട്ടിച്ചുവച്ചതു പോലെ പന്തുമായി കുതിച്ച മറഡോണ ആദ്യം പീറ്റര്‍ റീഡിനെ മറികടന്നു ശരീരം വെട്ടിച്ച് വലതുകാല്‍കൊണ്ട് പന്ത് ഡ്രിബിള്‍ചെയ്ത് പീറ്റര്‍ ബിയേഴ്‌സിലിയെയും വിഡ്ഢിയാക്കി ഇടതുവിംഗിലൂടെ ഇംഗ്ലണ്ട് ബോക്‌സിലേക്ക്.

അപകടം മണത്തു തടയാനെത്തിയ ടെറി ബുച്ചറും ടെറി ഫിന്‍വിക്കും ദൗത്യം മറന്നു തങ്ങളെ വെട്ടിയൊഴിഞ്ഞു മുന്നേറിയ മറഡോണയുടെ മാന്ത്രികതയില്‍ അമ്പരന്നു നിന്നുപോയി. മിന്നുന്ന വേഗതയില്‍ കുതിച്ചു വരുന്ന മറഡോണയെക്കണ്ടു മുന്നോട്ടു കുതിച്ച ഗോള്‍ പീറ്റര്‍ ഷില്‍ട്ടന്റെ സമനില തെറ്റിച്ചു പന്ത് വലകുലുക്കുമ്പോള്‍ ഹാന്‍ഡ്‌ബോളിന്റെ രോഷത്തില്‍ ഇരമ്പുകയായിരുന്ന ഗാലറി അമ്പരന്നുനിന്നു. ഒപ്പം ഫുട്‌ബോള്‍ ലോകവും.

ഇതിഹാസം കവിത വിരിയിച്ച ആ നിമിഷത്തില്‍ നിന്ന് ഇംഗ്ലണ്ട് പിന്നീട് ഉണര്‍ന്നെണീറ്റിട്ടില്ല. ലോക ഫുട്‌ബോളും. 24 വര്‍ഷങ്ങള്‍ക്കിപ്പുറം അര്‍ജന്റീനയുടെ കോച്ചായി ലോകകപ്പിനെത്തുന്ന മറഡോണയ്ക്ക് വീണ്ടും ഇംഗ്ലണ്ടിനെ ക്വാര്‍ട്ടറില്‍ നേരിടേണ്ടി വന്നേക്കാം. അതു ചരിത്ര നിയോഗം. അപ്പോള്‍ ഇംഗ്ലണ്ട് താരങ്ങളുടെ മനസില്‍ തെളിയുന്നത് മെക്‌സിക്കോയിലെ ആസ്റ്റക് സ്‌റ്റേഡിയത്തിലെ ഗോള്‍പോസ്റ്റിനരികില്‍ സ്ഥാപിച്ച ശിലാഫലകത്തില്‍ രേഖപ്പെടുത്തിയിരിക്കുന്ന ഈ വാക്കുകളായിരിക്കും, ''ഈ പോസ്റ്റിലാണ് ഡീഗോ അര്‍മാന്‍ഡോ മാറഡോണ ലോകത്തിലെ ഏറ്റവും മികച്ച ഗോള്‍ നേടിയത്''.

നൂറ്റാണ്ടിന്റെ ഗോളിന് കാല്‍നൂറ്റാണ്ട്SocialTwist Tell-a-Friend

Saturday, June 12, 2010

Waka Waka


You're a good soldier
Choosing your battles
Pick yourself up
And dust yourself off
And back in the saddle

You're on the frontline
Everyone's watching
You know it's serious
We're getting closer
This isnt over

The pressure is on
You feel it
But you've got it all
Believe it

When you fall get up
Oh oh...
And if you fall get up
Oh oh...

Tsamina mina
Zangalewa
Cuz this is Africa

Tsamina mina eh eh
Waka Waka eh eh

Tsamina mina zangalewa
Anawa aa
This time for Africa

Listen to your god

This is our motto
Your time to shine
Dont wait in line
Y vamos por Todo

People are raising
Their Expectations
Go on and feed them
This is your moment
No hesitations

Today's your day
I feel it
You paved the way
Believe it

If you get down
Get up Oh oh...
When you get down
Get up eh eh...


Tsamina mina zangalewa
Anawa aa
This time for Africa

Tsamina mina eh eh
Waka Waka eh eh

Tsamina mina zangalewa
Anawa aa

Tsamina mina eh eh
Waka Waka eh eh
Tsamina mina zangalewa
This time for Africa

Waka WakaSocialTwist Tell-a-Friend

Friday, June 11, 2010

''സോറി ഒബാമ ; ഞാന്‍ ലോകകപ്പ് കാണുകയാണ്''


മെക്‌സിക്കന്‍ കടലിടുക്കിലെ എണ്ണച്ചോര്‍ച്ചയില്‍ കുളിച്ചിരിക്കുമ്പോള്‍ ജോണ്‍ ബൈഡന്‍ ഇങ്ങനെ പണി തരുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമ സ്വപ്നത്തില്‍ പോലും കരുതിക്കാണില്ല. പ്രശ്‌നത്തില്‍ തലപുകഞ്ഞിരിക്കെ സഹായത്തിനാണ് ഉപരാഷ്ട്രപതിയെ വിളിച്ചത്. അപ്പോള്‍ ലഭിച്ച മറുപടി '' സോറി മിസ്റ്റര്‍ പ്രസിഡന്റ്, ഞാന്‍ ലോകകപ്പ് കാണുകയാണ്'' എന്നാണ്.
അമേരിക്കന്‍ വൈസ്പ്രസിഡന്റ് ജോണ്‍ ബൈഡന്‍ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ജൊഹാനസ്ബര്‍ഗിലെ അമേരിക്കന്‍ കോണ്‍സുലേറ്റില്‍ എന്നതിയ ബൈഡന്‍ ഉന്നത ഉദ്യോഗസ്ഥരുമായി സൗഹൃദം പങ്കിടുന്നതിനിടെയാണ് ഇങ്ങനെ പറഞ്ഞത്.
പ്രസിഡന്റ് ദേഷ്യത്തിലാണെന്നു പറഞ്ഞ ബൈഡന്‍ അദ്ദേഹത്തെ തനിച്ചു വിട്ട് ദക്ഷിണാഫ്രിക്കയിലേക്ക് വിമാനം കയറിയതിനു മാപ്പും പറഞ്ഞു.
കിക്കോഫിന് ഒരു ദിനം മുമ്പാണ് ബൈഡനും കുടുംബാംഗങ്ങളും ജൊഹാനസ്ബര്‍ഗില്‍ എത്തിയത്. അമേരിക്കന്‍ ഫുട്‌ബോള്‍ ടീമിനെ പ്രോത്സാഹിപ്പിക്കാനാണ് തന്റെ വരവെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് ഇംഗ്ലണ്ടിനെതിരായ അമേരിക്കയുടെ ആദ്യ മത്സരം കാണാന്‍ ബൈഡനും ഗാലറിയിലുണ്ടാകും.

''സോറി ഒബാമ ; ഞാന്‍ ലോകകപ്പ് കാണുകയാണ്''SocialTwist Tell-a-Friend

Thursday, June 10, 2010

ഭൂഗോളം ഇനി പന്തോളം

കാത്തിരിപ്പ് അവസാനിച്ചു. ഇനി അതിര്‍ത്തികളും ദേശങ്ങളും വര്‍ണവ്യത്യാസവുമില്ലാത്ത 30 ദിനരാത്രങ്ങള്‍. കരുത്തിന്റെയും സാഹസികതയുടെയും മാന്ത്രികതയുടെയും ചുവടുകളുമായി ലോകം കാറ്റുനിറച്ച ജബുലാനിക്കു പിന്നാലെ പായും. അതോടെ കാല്‍പ്പന്തു ജ്വരത്തിനു തീ കൊളുത്തുകയായി.
ആഫ്രിക്കന്‍ വന്‍കരയില്‍ ആദ്യമായി വിരുന്നെത്തുന്ന ലോകകപ്പ് ഫുട്‌ബോളിന് ഇന്നു കിക്കോഫ്. വിജയദാഹവുമായി 32 ലോകരാജ്യങ്ങള്‍ ഇന്നുമുതല്‍ ദീര്‍ഘചതുരത്തിനുള്ളില്‍ പോരടിച്ചു തുടങ്ങും. ഒമ്പതു നഗരങ്ങളിലെ പത്തു വേദികളിലായി 64 മത്സരങ്ങള്‍. ജൂലൈ 11നു ജൊഹാന്നസ്ബര്‍ഗിലെ സോക്കര്‍ സിറ്റി സ്‌റ്റേഡിയത്തില്‍ ഇവരില്‍ ഒരാള്‍ ലോകത്തിന്റെ നെറുകയിലെത്തുവരെ ഇനി ആവേശത്തിന് അതിരില്ല.
ദക്ഷിണാഫ്രിക്കയില്‍ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി. ലോകമെമ്പാടമുളള ആരാധകരും പോരാട്ടങ്ങള്‍ നെഞ്ചിലേറ്റാന്‍ സജ്ജരായിക്കഴിഞ്ഞു. ആതിഥേയരായ ദക്ഷിണാഫ്രിക്ക ഇന്നു മെക്‌സിക്കോയെ നേരിടുന്നതോടെയാണ് ഫുട്‌ബോള്‍ലോകം ഉണരുക. എട്ടു ഗ്രൂപ്പുകളില്‍ നിന്ന് രണ്ടു ടീമുകള്‍ വീതം പ്രീക്വാര്‍ട്ടറില്‍ കടക്കും. ഗ്രൂപ്പ് തല മത്സരങ്ങള്‍ ഈ മാസം 22ന് അവസാനിക്കും.
ഉദ്ഘാടനപരിപാടികള്‍ക്ക് ഇന്നലെ രാത്രി തന്നെ ജൊഹാനസ്ബര്‍ഗില്‍ തുടക്കമായി. ലോകോത്തര കലാകാരന്‍മാര്‍ അണിനിരക്കുന്ന സംഗീത വിരുന്നോടെയായിരുന്നു തുടക്കം. പോപ് ഗായിക ഷക്കീറ രചിച്ച് ആലപിച്ച വാക്ക, വാക്ക എന്ന ഗാനമാണ് ഇത്തവണ ലോകകപ്പിന്റെ ഔദ്യോഗിക ഗാനം. ഷക്കീറയ്‌ക്കൊപ്പം ദക്ഷിണാഫ്രിക്കന്‍ ഗായകസംഘവും അണിനിരന്നു. പോപ് ഗായകരായ ജോണ്‍ ലെജന്‍ഡ്, അലിസിയ കെയ്‌സ്, ജുവാന്‍സ്, ആഫ്രിക്കന്‍ സംഗീതജ്ഞരായ അമദോ, മരിയം തുടങ്ങിയവരും ഉദ്ഘാടനച്ചടങ്ങിന് കൊഴുപ്പേകും.
ഉദ്ഘാടനച്ചടങ്ങ് ലോകത്തിനു മറക്കാനാവാത്ത അനുഭവമാക്കാനുള്ള ഒരുക്കങ്ങളും പൂര്‍ത്തിയായി. ആദ്യ മത്സരത്തിന്റെ തൊട്ടു മുന്‍പു നടക്കുന്ന 30 മിനിറ്റ് ചടങ്ങില്‍ 1581 കലാകാരന്മാര്‍ പങ്കെടുക്കും. ഒരുപാട് ഗ്രാമി അവാര്‍ഡുകള്‍ സ്വന്തമാക്കിയിട്ടുള്ള ആര്‍. കെല്ലി 'സൈന്‍ ഓഫ് എ വിക്ടറി' എന്ന ഗാനം ആലപിക്കും.
വെല്‍കമിങ്ങിംഗ് ദ വേള്‍ഡ് ഹോം എന്ന തീമില്‍ അണിയിചൊരുക്കുന്ന ചടങ്ങ് ആഫ്രിക്കന്‍ കലാരൂപങ്ങളുടെയും സംസ്‌കാരത്തിന്റെയും എല്ലാ സൗന്ദര്യവും അടങ്ങുന്നതായിരിക്കുമെന്നു സംഘാടകര്‍ അറിയിച്ചു. പ്രാദേശിക സമയം ഉച്ചയ്ക്ക് രണ്ടിനു ചടങ്ങ് തുടങ്ങും.
അര്‍ജന്റീന, ബ്രസീല്‍, ഇംഗ്ലണ്ട്, സ്‌പെയിന്‍ എന്നിവര്‍ക്കാണ് ഇത്തവണ ഏറ്റവുമധികം കിരീടസാധ്യത കല്‍പ്പിക്കപ്പെടുന്നത്. എല്ലാ ലോകകപ്പുകളിലും പങ്കെടുത്ത ഏക ടീമെന്ന ബഹുമതിയുമായാണ് ബ്രസീല്‍ ആറാം കിരീടം തേടിയെത്തിയിരിക്കുന്നത്. 16 ലോകകപ്പുകളില്‍ പങ്കെടുത്ത ജര്‍മനിയും ഇറ്റലിയുമാണ് രണ്ടാം സ്ഥാനത്ത്. സ്ലൊവാക്യയാണ് ഈ ലോകകപ്പിലെ പുതുമുഖങ്ങള്‍. 1950നു ശേഷം ഏറ്റവും കുറച്ച് പുതുമുഖങ്ങളുള്ള ടൂര്‍ണമെന്റാണിത്.

ഭൂഗോളം ഇനി പന്തോളംSocialTwist Tell-a-Friend

Tuesday, June 8, 2010

പന്താണു താരം


വംശ-ജാതീയ-രാഷ്ട്രീയ വൈരം മറന്ന് ലോകം ഒന്നിക്കുന്ന മാമാങ്കവേദിയാണ് ഫുട്‌ബോള്‍ ലോകകപ്പ്. ഒരോ ലോകകപ്പ് എത്തുമ്പോഴും ലോകം ഒരു പന്തിന് പിറകേ പായും. ഊണും ഉറക്കവുമെല്ലാം പിന്നീട് അതിന്റെ ഗതിവേഗങ്ങള്‍ക്കനുസരിച്ചാകും. ഇതിനിടയില്‍ പലേ ചര്‍ച്ചകളും വിവാദങ്ങളും നൊമ്പരങ്ങളും ഉണ്ടാകും. സര്‍വരേയും ഒന്നിപ്പിച്ച ആ പന്തിനേക്കുറിച്ചും അത് ഉണ്ടായേക്കാം.
1930 മുതല്‍ക്കാണ് ഇങ്ങനെ ഒരു പന്ത് ലോകത്തെ മോഹിപ്പിക്കാന്‍ തുടങ്ങിയത്. എന്നാല്‍ അന്ന് പ്രത്യേകിച്ച ഒരു പന്തില്ലായിരുന്നു. അവരവര്‍ കളിക്കുന്ന പന്തുകളുമായാണ് ടീമുകളെല്ലാം ലോകകപ്പിന് എത്തിയത്. ഓരോ മത്സരങ്ങള്‍ക്കും ഓരോ പന്ത് എന്ന രീതിയിലായിരുന്നു ഫൈനല്‍ വരെ.
പക്ഷേ ഫൈനലില്‍ കളിച്ച ഉറുഗ്വായ്ക്കും അര്‍ജന്റീനയും തമ്മില്‍ ഇതേച്ചൊല്ലി തര്‍ക്കമായി. ഒടുവില്‍ ആദ്യ പകുതിയില്‍ അര്‍ജന്റീന അവരുടെ സ്വന്തം പന്തും രണ്ടാം പകുതിയില്‍ ഉറുഗ്വെ, അവരുടെ പന്തുമായി കളിക്കാന്‍ തീരുമാനമായി. ഒന്നാം പകുതിയില്‍ സ്വന്തം പന്തുമായി കളിച്ച അര്‍ജന്റിന 2-1ന് ലീഡെടുത്തു. എന്നാല്‍ രണ്ടാം പകുതിയില്‍ സ്വന്തം പന്തുമായി കളിച്ച ഉറുഗ്വെ 4-2ന് മല്‍സരവും ആദ്യ ലോകകപ്പും സ്വന്തമാക്കുകയായിരുന്നു.
ഇത്തവണ അഡിഡാസിന്റെ ജാബുലാനിയാണ് താരം. പോരിനു മുമ്പേ ജാബുലാനി വില്ലനാണെന്നു കാട്ടി പലരും രംഗത്തു വന്നു. ഈ സാഹചര്യത്തില്‍ മുന്‍ ലോകകപ്പുകളില്‍ ഉപയോഗിച്ച അഞ്ചു മികച്ച പന്തുകളെ ഒരിക്കല്‍ കൂടി ഓര്‍ക്കാം.

1. ഓറഞ്ച്(ഇംഗ്ലണ്ട് 1966)

ലോകകപ്പിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച പന്താണിത്. പന്തിന്റെ ഓറഞ്ച് നിറം തന്നെയാണ് അതിന്റെ സവിശേഷത. ആദ്യമായി ടി വി സംപ്രേക്ഷണം നടത്തിയത് 1966 ലോകകപ്പിലാണ്. ബ്ലാക്ക് ആന്‍ഡ് വൈറ്റ് സംപ്രേക്ഷണത്തില്‍ പ്രേക്ഷകര്‍ക്ക് പെട്ടെന്ന് തിരിച്ചറിയുന്നതിനായാണ് പന്തിന് ഓറഞ്ച് നിറം തിരഞ്ഞെടുത്തതെന്നാണ് കരുതപ്പെടുന്നത്.

2, ടെല്‍സ്റ്റര്‍ ഡര്‍ലാസ്റ്റ്(പശ്ചിമ ജര്‍മ്മനി 1974)

അഡിഡാസിന്റെ ഐക്കണായി മാറിയ പന്താണ് ടെല്‍സ്റ്റര്‍ സീരീസിലുള്ളത്. 1970 മുതലാണ് ഇത് വന്നതെങ്കിലും 74-ല്‍ ഉപയോഗിച്ച ഡെര്‍ലാസ്റ്റാണ് ഇതില്‍ കേമന്‍. ബ്ലാക്ക് ആന്‍ഡ് വൈറ്റ് നിറത്തിലാണ് പൊതുവെ ഇത് ലഭ്യം. റിനെസ് മൈക്കിള്‍സ് ജന്മം നല്‍കി പിന്നീട് യൂറോപ്പിലെങ്ങും തരംഗമായ ഹോളണ്ടിന്റെ ടോട്ടല്‍ ഫുട്‌ബോളിന് കരുത്തേകിയതും ഈ ടെല്‍സ്റ്ററായിരുന്നു.

3, ഫീവര്‍നോവ(കൊറിയ/ജപ്പാന്‍ 2002)

1978 മുതല്‍ ആറു ലോകകപ്പുകളില്‍ ഉപയോഗിച്ചുവന്ന ക്‌ളാസിക് ടാന്‍ഗൊ പന്തുകള്‍ക്ക് പകരമായാണ് ഏഷ്യയിലെ ആദ്യ ലോകകപ്പില്‍ ഫീവര്‍നോവ പന്തുകള്‍ അവതരിപ്പിക്കുന്നത്. വെള്ളയും സ്വര്‍ണ നിറവും കലര്‍ന്ന ഡിസൈനായിരുന്നു അതിന്റെ സവിശേഷത. എന്നാല്‍ ഫീവര്‍നോവയ്ക്ക് ബൗണ്‍സ് ഏറെയാണെന്ന് ചൂണ്ടിക്കാട്ടി, ഇറ്റാലിയന്‍ ഗോളി ബഫണ്‍ ഉള്‍പ്പടെയുള്ള കളിക്കാര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു.

4, അസ്‌റ്റെക(മെക്‌സിക്കോ 1986)

ടാന്‍ഗോ സ്‌റ്റൈലില്‍ രൂപകല്‍പന ചെയ്ത അസ്‌റ്റെകയുടെ സവിശേഷത, ലതര്‍ ഉപയോഗിച്ച് നിര്‍മ്മിക്കാത്ത ആദ്യ ലോകകപ്പ് പന്താണെന്നതാണ്. ലോകകപ്പ് ചരിത്രത്തില്‍ തന്നെ ഇടംപിടിച്ച് ഗോളുകള്‍ പിറന്നത് ഈ പന്തിലാണ്. മറഡോണയുടെ വിവാദമായ ദൈവത്തിന്റെ കൈ സ്പര്‍ശമേറ്റ പന്തും നൂറ്റാണ്ടിന്റെ ഗോള്‍ പിറന്ന പന്തും ഇതു തന്നെ.

5. ടീംജീസ്റ്റ്(ജര്‍മനി 2006)

ജര്‍മന്‍ ഫുട്‌ബോളിന്റെ അവിസ്മരണീയ നേട്ടങ്ങളുടെ ഓര്‍മപുതുക്കലായാണ് ടീംജീസ്റ്റ് പന്ത് രൂപകല്‍പന ചെയ്തിരിക്കുന്നത്. ബ്ലാക്ക് ആന്‍ഡ് വൈറ്റ് രൂപകല്‍പന അവരുടെ ദേശീയതയെയും സുവര്‍ണ വരകള്‍ പ്രമുഖ ടൂര്‍ണമെന്റ് വിജയങ്ങളെയും സൂചിപ്പിക്കുന്നു.

പന്താണു താരംSocialTwist Tell-a-Friend

Sunday, June 6, 2010

ഉറക്കം കെടുത്താന്‍ അവര്‍ വരുന്നു

ഇംഗ്ലീഷ് ഫുട്‌ബോള്‍ അധികൃതരുടെ നെഞ്ചിടിപ്പേറ്റി ഇക്കുറിയും അവര്‍ എത്തും. ആഫ്രിക്കയുടെ പകലിരവുകള്‍ക്ക് ഫുട്‌ബോള്‍ സംഗീതം പകരുമ്പോള്‍ അവര്‍ അതിന് കൊഴുപ്പേകും. അതില്‍ ഇംഗ്ലണ്ടിന്റെ ലോകകപ്പ് സ്വപ്നങ്ങള്‍ അലിഞ്ഞില്ലാതാകുമോ?
ഇംഗ്ലീഷ് അധികൃതരുടെയും ആരാധകരുടെയും ഉറക്കം കെടുത്തുന്നത് ഈ ചോദ്യമാണ്. തങ്ങളുടെ ആരാധനാ പാത്രങ്ങളായ സൂപ്പര്‍ താരങ്ങളുടെയും മുന്‍ താരങ്ങളുടെയും ഭാര്യമാരും കാമുകിമാരുമാണ് അവരുടെ പ്രശ്‌നം.
വാഗ്‌സ്(വൈവ്‌സ് ആന്‍ഡ് ഗേള്‍ഫ്രണ്ട്‌സ്) എന്ന പേരിലറിയപ്പെടുന്ന സംഘം ഇക്കുറിയും ലോകകപ്പ് മാമാങ്കത്തിന് പോകാന്‍ തീരുമാനിച്ചു കഴിഞ്ഞു. ഇംഗ്ലണ്ട് സ്‌ട്രൈക്കര്‍മാരായ വെയ്ന്‍ റൂണിയുടെ ഭാര്യ കൊളീന്‍ റൂണി, പീറ്റര്‍ ക്രൗച്ചിന്റെ കാമുകി അബ്ബി ക്ലാന്‍സി, പരുക്കിനെത്തുടര്‍ന്ന് പിന്മാറിയ മുന്‍ നായകന്‍ ഡേവിഡ് ബെക്കാമിന്റെ ഭാര്യ വിക്‌ടോറിയ ബെക്കാം 1996-ലെ ലോകകപ്പ് നേടിയ ടീം നായകന്‍ ബോബി മൂറിന്റെ ഭാര്യ ടിനാ മൂര്‍ എന്നിവരാണ് സംഘത്തിലെ പ്രമുഖര്‍. ഇംഗ്ലണ്ട്കാരിയും ജര്‍മന്‍ ഫുട്‌ബോളര്‍ ബാസ്റ്റിന്‍ ഷ്വെയ്‌സ്‌റ്റൈഗറുടെ കാമുകിയുമായ സാറാ ബ്രാന്‍ഡ്‌നറും സംഘത്തിലുണ്ട്.
പൊന്നുരുക്കുന്നിടത്തു പൂച്ചയ്‌ക്കെന്തു കാര്യമെന്നു ചോദിക്കരുത്. പ്രിയതമന്മാര്‍ പന്തു തട്ടുമ്പോള്‍ തങ്ങള്‍ക്കും ചിലതൊക്കെ ചെയ്യാനുണ്ട് എന്ന് അവര്‍ പറയും. സ്‌പോര്‍ട്‌സ് ഉപകരണങ്ങളുടെ കമ്പനികള്‍ക്കു വേണ്ടി ചെറിയ ചെറിയ ഫോട്ടോ ഷൂട്ടുകള്‍, പരസ്യ ചിത്രീകരണങ്ങള്‍, മാഗസിന്‍ കവര്‍ പേജിനു വേണ്ടി ചില മോഡലിംഗ് പൊടിക്കൈള്‍ എന്നിവയൊക്കെയായി അവരും തിരക്കില്‍ തന്നെ. ഇതിന്റെ വരുമാനം പൊടിപൊടിക്കാന്‍ ചില്ലറ പാര്‍ട്ടികളും ഷോപ്പിംഗുകളും.
സൂപ്പര്‍ താരങ്ങളുടെ പങ്കാളികളല്ലെ, വന്നിട്ടു പോകട്ടെ ഇതില്‍ ഭയക്കാനെന്തുണ്ട് എന്നു ചോദിച്ചാല്‍ ഭയമേയുള്ളൂവെന്ന് ഇംഗ്ലണ്ടിന്റെ അസിസ്റ്റന്റ് കോച്ച് ഫ്രാങ്കോ ബാള്‍ഡീനി പറയും.
കാരണം ഇവര്‍ എത്തിയാല്‍ ലോകകപ്പിലെ ഇംഗ്ലീഷ് സ്വപ്നങ്ങള്‍ പൊലിയുമെന്നാണ് വിശ്വാസം. 2006-ലെ ജര്‍മന്‍ ലോകകപ്പ് തന്നെ ഉദാഹരണവും. കഴിഞ്ഞ ലോകകപ്പില്‍ ഇംഗ്ലണ്ട് കപ്പ് നേടാത്തതിന് കാരണം വാഗ്‌സിന്റെ സാന്നിദ്ധ്യമാണത്രേ. പന്തു കളിക്കാന്‍ വന്ന തങ്ങളുടെ പ്രിയതമന്മാരെ വളച്ചെടുത്തു വാഗ്‌സ് ബീച്ചില്‍ കുളിക്കാനും കറങ്ങാനും പോയിരുന്നുവെന്ന് കണ്ടുപിടിച്ചത് ഇംഗ്ലീഷ് മാധ്യമങ്ങളാണ്. പരിശീലനം മുടക്കി കറങ്ങിനടന്നിട്ടു തിരിച്ചു വന്നു മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ താരങ്ങള്‍ക്ക് എങ്ങനെ സാധിക്കും. അങ്ങനെയാണത്രേ ജര്‍മനി ലോകകപ്പില്‍ ഇംഗ്ലണ്ട് തോറ്റു പുറത്തായത്.
ആകെ ഒരു തവണ മാത്രമേ ഇംഗ്ലണ്ട് കപ്പില്‍ മുത്തമിട്ടിട്ടുള്ളു. അതു പരിശോധിച്ചാല്‍ ഈ ആരോപണം ആരും ശരിവച്ചുപോകും. അന്ന് 1966-ല്‍ ഇംഗ്ലണ്ടില്‍ നടന്ന ലോകകപ്പില്‍ ഈ സംഘത്തെ ടീമിന്റെ ഏഴയലത്ത് അടുപ്പിച്ചിരുന്നില്ല. ഫലമോ കിരീടം കൈയിലിരുന്നു.
എന്നാല്‍ ഇതൊന്നും തങ്ങളെ ബാധിക്കുന്ന ഭാവമേയില്ല വാഗ്‌സിന്. തങ്ങള്‍ സ്വന്തം കാര്യം നോക്കിക്കോളാമെന്നും താരങ്ങള്‍ അവരുടെ കാര്യം നോക്കണമെന്നുമാണ് അവരുടെ അഭിപ്രായം. ഞങ്ങള്‍ ഫുട്‌ബോള്‍ ആരാധകരാണ്. ഒപ്പം പങ്കാളികളും. ഞങ്ങള്‍ വരരുതെന്ന് പറയാന്‍ എന്തവകാശം. ഞങ്ങള്‍ വരുന്നത് ഫുട്‌ബോള്‍ കാണാനും മറ്റുമാണ്. താരങ്ങള്‍ കളിക്കാനും. ഒരോരുത്തരും അവരവരുടെ ജോലിയില്‍ ശ്രദ്ധിക്കൂ-സംഘത്തലൈവി ടീനാ മൂര്‍ പറയുന്നു.
എന്തായാലും വാഗ്‌സ് എത്തുമെന്ന് ഉറപ്പായി. ഇനി പെടാപ്പാട് ഇംഗ്ലീഷ് ഫുട്‌ബോള്‍ മാനേജ്‌മെന്റിനാണ്. എതിര്‍ താരങ്ങളുടെ കടുത്ത ടാക്ലിംഗില്‍ പോലും പതറാത്ത സൂപ്പര്‍ താരങ്ങളുടെ ''കണ്‍ട്രോള്‍'' പോകാതെ നോക്കണമല്ലോ.

ഉറക്കം കെടുത്താന്‍ അവര്‍ വരുന്നുSocialTwist Tell-a-Friend

Saturday, June 5, 2010

നായകനായാല്‍ പണി ഉറപ്പ്‌

ഇംഗ്ലണ്ടില്‍ ലോകകപ്പ് ഫുട്‌ബോള്‍ ടീമിന്റെ നായകനാകാന്‍ ആളില്ലാത്ത അവസ്ഥയുണ്ടാകുമോ? ചരിത്രത്തിന്റെ വിളയാട്ടങ്ങള്‍ പരിശോധിച്ചാല്‍ ഏറെ താമസിയാതെ ഇംഗ്ലീഷ് ഫുട്‌ബോള്‍ ടീം ഈ ദുര്‍ഗതി നേരിട്ടേക്കാം.
ലോകമെങ്ങുമുള്ള ഫുട്‌ബോള്‍ താരങ്ങളുടെ സുവര്‍ണ സ്വപ്നമാണ് ലോകകപ്പില്‍ രാജ്യത്തെ പ്രതിനിധീകരിച്ചിറങ്ങുകയെന്നത്. കാല്‍പന്ത് മാമാങ്കത്തില്‍ ടീമിനെ നയിക്കാന്‍ കൂടി അവസരം ലഭിക്കുന്നത് മുജ്ജന്മപുണ്യമായാണ് അവര്‍ കാണുന്നത്. എ ന്നാല്‍ ഇംഗ്ലണ്ടില്‍ ആ അവസരം ലഭിക്കുന്ന താരം തലതല്ലിക്കരയുമെന്ന് അണിയറയില്‍ സംസാരമുണ്ട്.
നായകനായാല്‍ ലോകകപ്പ് കളിക്കാനാകുമോ എന്ന ആശങ്കയാണ് ഇതിനു പിന്നില്‍. ഇംഗ്ലീഷ് നായകര്‍ക്ക് മാത്രമാണ് ഈ ദുര്‍ഗതി എന്നുള്ളതും രസാവഹം തന്നെ. ഇംഗ്ലണ്ടില്‍ ഇപ്പോള്‍ ഒരു വിശ്വാസമുണ്ട്- ലോകകപ്പില്‍ നായകനായാല്‍ ആ താരത്തിന് പരുക്കോ മറ്റെന്തെങ്കിലും കാരണം മൂലമോ ടൂര്‍ണമെന്റ് നഷ്ടമാകും. നിലവിലെ നായകന്‍ റയോ ഫെര്‍ഡിനാന്‍ഡാണ് ഇതിന്റെ ഒടുവിലത്തെ ഇര.
ടീം നായകനായി ഫെര്‍ഡിനാന്‍ഡിനെ കോച്ച് ഫാബിയോ കാപ്പല്ലോ തെരഞ്ഞെടുത്തിട്ട് ഒരാഴ്ചയാകുന്നതേയുള്ളു. ആഫ്രിക്കന്‍ മണ്ണില്‍ കാല്‍തൊട്ട് ആദ്യ ദിനം തന്നെ ഫെര്‍ഡിനാന്‍ഡ് പരുക്കേറ്റ് വീണു. കാലിനു ഗുരുതരമായി പരുക്കേറ്റ ഫെര്‍ഡിനാന്‍ഡിന് ലോകകപ്പില്‍ കളിക്കാനാകില്ല. ഇതോടെ ഒരൊറ്റ മത്സരം പോലും കളിക്കാതെ ഇംഗ്ലീഷ് നായകന്‍ നാട്ടിലേക്ക് വിമാനം കയറുകയാണ്. പരിശീലനത്തിനിടെ സഹതാരം എമില്‍ ഹെസ്‌കിയുമായി കൂട്ടിയിടിച്ചതാണ് പരുക്കിനു കാരണമെങ്കിലും നായകസ്ഥാനം ലഭിച്ചതു മൂലമാണ് ഈ ദുര്‍ഗതി നേരിട്ടതെന്നാണ് ഇംഗ്ലണ്ടിലെ അന്ധവിശ്വാസികള്‍ പറയുന്നത്. എതിര്‍ ടീമിന്റെ കടുത്ത ഫൗളോ റഫറിയുടെ മോശം ഇടപെടലോ കൂടാതെ ഇത്തരത്തില്‍ മടങ്ങേണ്ടി വന്നത് മറ്റെന്തു കാരണത്താലാണെന്നും അവര്‍ ചോദിക്കുന്നു.
ചരിത്രത്തിന്റെ സഹായത്തോടെയാണ് ഇവര്‍ തങ്ങളുടെ വാദഗതി ഉറപ്പിക്കുന്നത്. ഇംഗ്ലണ്ടിന്റെ ലോകകപ്പ് ചരിത്രത്തില്‍ നിന്ന് ഫെര്‍ഡിനാന്‍ഡിന്റെ മൂന്നു മുന്‍ഗാമികളെയാണ് ഇവര്‍ ഇയര്‍ത്തിക്കാട്ടുന്നത്. ലോകകപ്പിനിടെ ഇത്തരത്തില്‍ മടങ്ങുന്ന നാലാമത്തെ ഇംഗ്ലീഷ് നായകനാണ് ഫെര്‍ഡിനാന്‍ഡ്. കെവിന്‍ കീഗന്‍, ബ്രയാന്‍ റോബ്‌സന്‍, ഡേവിഡ് ബെക്കാം എന്നിവരാണ് നിലവിലെ നായകനു മുമ്പ് ഈ കയ്പുരസം കുടിച്ചവര്‍.
കെവിന്‍ കീഗന്റെ കാലഘട്ടം മുതലാണ് ഈ ദുര്‍ഗതി ഇംഗ്ലണ്ടിനെ പിന്തുടരാന്‍ തുടങ്ങിയത്. 1982 ലോകകപ്പിനു ടീമിനെ നയിക്കാന്‍ നറുക്കു വീണത് കീഗനായിരുന്നു. ഇപ്പോള്‍ ഫെര്‍ഡിനാന്‍ഡ് നേരിട്ട അതേ ദുര്‍ഗതിയായിരുന്നു അന്നു കീഗനെ കാത്തിരുന്നത്. ടൂര്‍ണമെന്റ് ആരംഭിക്കും മുമ്പ് പരുക്കേറ്റ കീഗന് ഒറ്റമത്സരം പോലും കളിക്കാനാവാതെ നാട്ടിലേക്ക് മടങ്ങേണ്ടിവന്നു. പിന്നീട് മിക്ക് മില്‍സാണ് ടീമിനെ നയിച്ചത്.
തുടര്‍ന്നുള്ള രണ്ടു ലോകകപ്പുകളിലും ഇംഗ്ലണ്ടിന് ഇതേ അനുഭവമുണ്ടായി. രണ്ടു തവണയും ബ്രയാന്‍ റോബ്‌സണായിരുന്നു നിര്‍ഭാഗ്യവാനായ ആ നായകന്‍. 1986-ലും 1990-ലും ഇംഗ്ലണ്ടിന്റെ നായകനാകാന്‍ നറുക്ക് ലഭിച്ച റോബ്‌സണ് പക്ഷേ ഒരിക്കല്‍ പോലും മുഴുവന്‍ മത്സരങ്ങളിലും ടീമിനെ നയിക്കാനായില്ല. ദൈവത്തിന്റെ കരസ്പര്‍ശത്തിലൂടെ വിഖ്യാതമായ 86-ലെ സെമി പോരാട്ടത്തിനു മുമ്പാണ് റോബ്‌സണെ പരുക്ക് പിടികൂടിയത്. റോബസ്ണില്ലാതെയിറങ്ങിയ മത്സരം ഇംഗ്ലണ്ട് തോല്‍ക്കുകയും ചെയ്തു. തൊട്ടടുത്ത തവണ നോക്കൗട്ട് റൗണ്ടിന് മുമ്പ് പരുക്കേറ്റ് റോബ്‌സണു തുടര്‍ന്ന് കളിക്കാനായില്ല. ഇംഗ്ലണ്ട് അടുത്ത റൗണ്ടില്‍ എത്താതെ പുറത്തായപ്പോള്‍ കീഗനായിരുന്നു കോച്ച്.
2006-ല്‍ സൂപ്പര്‍ താരം ഡേവിഡ് ബെക്കാമിനായിരുന്നു ഈ ദുര്‍ഗതി നേരിട്ടത്. അന്ന് ബെക്കാമിന്റെ മികച്ച ഫോമില്‍ കുതിക്കുകയായിരുന്ന ഇംഗ്ലണ്ടിന് പോര്‍ച്ചുഗലിനെതിരായ മത്സരത്തിനിടെയാണ് പരുക്കു മൂലം ബെക്കാമിനെ നഷ്ടമായത്. പൊല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരം ഇംഗ്ലണ്ട് അന്ന് 3-1ന് തോല്‍ക്കുകയും ചെയ്തു.
ഒടുവില്‍ ഇപ്പോള്‍ റയോ ഫെര്‍ഡിനാന്‍ഡിനെയാണ് ഈ ദുര്‍ഗതി പിടികൂടിയിരിക്കുന്നത്. ദക്ഷിണാഫ്രിക്കയില്‍ വിമാനമിറങ്ങിയ ആദ്യ ദിനം തന്നെ വിരുന്നെത്തിയ ദുരന്തം ഇംഗ്ലണ്ടിനെ ഈ ലോകകപ്പില്‍ എങ്ങനെ വേട്ടയാടുമെന്ന് കാത്തിരുന്നു കാണാം.

നായകനായാല്‍ പണി ഉറപ്പ്‌SocialTwist Tell-a-Friend

Friday, June 4, 2010

വളഞ്ഞു പുളഞ്ഞ് വഞ്ചിക്കല്ലേ...


ളയും പുളയും. വളഞ്ഞു പുളഞ്ഞ് വളച്ചൊടിക്കും. ലോക കാല്‍പ്പന്തു മാമാങ്കത്തിന് ദിനങ്ങള്‍ മാത്രം ശേഷിക്കെ എതിരാളികളുടെ കരുത്തും ദൗര്‍ബല്യവും ഹരിച്ചു ഗുണിക്കുന്ന ടീം മാനേജുമെന്റുകള്‍ക്ക് ഈ പ്രസ്താവന തലവേദന സൃഷ്ടിക്കുകയാണ്.
ദക്ഷിണാഫ്രിക്കയിലെ ലോകകപ്പ് ഫുട്‌ബോള്‍ മത്സരത്തില്‍ ഉപയോഗിക്കുന്ന പന്ത് ജാബുലാനിയെക്കുറിച്ചാണ് ഈ വിശേഷണങ്ങള്‍. പന്തിന്റെ പ്രവചനാതീത സ്വഭവമാണ് വില്ലന്‍. ഇതിനോടകം തന്നെ നിരവധിപ്പേര്‍ അഭിപ്രായവ്യത്യാസവുമായി രംഗത്തെത്തിക്കഴിഞ്ഞു.
ഒരു പന്തിലെന്തിരിക്കുന്നു എന്നു ചിന്തിക്കാന്‍ വരട്ടെ. എന്താണ് ജാബുലാനി. ജാബുലാനി എന്നാല്‍ ആഫ്രിക്കന്‍ ഭാഷയില്‍ ആനന്ദം നല്‍കുന്നവന്‍ എന്നാണ് അര്‍ഥം. ഭാരം 440 ഗ്രാം. വ്യാസം 69 സെ.മീറ്റര്‍. പാനലുകള്‍ എട്ട്. മത്സരം കഴിയുമ്പോള്‍ കുറയാവുന്ന മര്‍ദംഏറ്റവും കൂടിയത് പത്തുശതമാനം.
പന്തില്‍ പതിനൊന്ന് നിറങ്ങളുണ്ട്. അത് പതിനൊന്ന് കളിക്കാരെ സൂചിപ്പിക്കുന്നു. മാത്രമല്ല, ദക്ഷിണാഫ്രിക്കയിലെ പതിനൊന്ന് ഭാഷകളെയും അത് പ്രതിനിധാനം ചെയ്യുന്നു.ഇവയൊക്കെയാണ് ജാബുലാനിയുടെ സവിശേഷതകള്‍.
എന്നാല്‍ പന്തിന്റെ സ്വഭാവഗുണമാണ് ടൂര്‍ണമെന്റിനു മുന്നേ പലരുടേയും ആനന്ദം നശിപ്പിച്ചിരിക്കുന്നത്. ഭാരക്കുറവ് കാരണം പന്തിന്റെ ഗതിവേഗം നിര്‍ണയിക്കുക എളുപ്പമല്ലെന്നതാണ് ആശങ്കകള്‍ക്ക് പിന്നില്‍.
2006ലെ പന്ത് ടീം ജിസ്റ്റിന് 14 പാനലുകളുണ്ടായിരുന്നു. പാനല്‍ കുറയുമ്പോള്‍ പന്തിന് ഫ്രിക്ഷന്‍ കുറയും വേഗം കൂടും. പാനല്‍ കുറയുമ്പോള്‍ പന്ത് കൂടുതല്‍ വളയുകയും ചെയ്യും. ഗോളികളെ ഭയപ്പെടുത്തുന്ന കാര്യം ഇതാണ്. കളി പുരോഗമിക്കുന്തോറും മര്‍ദം കുറയുമെന്നതിനാല്‍ പന്തിന്റെ വേഗതയിലും ഏറ്റക്കുറച്ചിലുകള്‍ കാണും.
നിര്‍ണായക മത്സരത്തിന്റെ നിര്‍ണായക മുഹൂര്‍ത്തത്തില്‍ ലയണല്‍ മെസിയുടെയും മറ്റും ഷോട്ടുകള്‍ തടുക്കുകതന്നെ ആയാസകരമാണ്. അപ്പോള്‍ ഷോട്ടില്‍ െമസിയുടെ പ്രഭാവത്തിനും മേലെ പന്തിന്റെ ലീലാവിലാസവും കൂടിയായാല്‍ എതിര്‍ ടീമിന്റെ ഗോളി വെള്ളം കുടിച്ചത് തന്നെ. ഇതാണ് ഇപ്പോഴത്തെ ആശങ്ക-പറയുന്നത് മറ്റാരുമല്ല, ലോകകിരീടം ലക്ഷ്യമിട്ട് ആഫ്രിക്കയിലെത്തിയ ഇംഗ്ലണ്ട് ഫുട്‌ബോള്‍ ടീം കോച്ച് ഫാബിയോ കപ്പെല്ലോ തന്നെ.
ഡേവിഡ് ബെക്കാമിനെയും റൊണാള്‍ഡീഞ്ഞോയെയും പോലെ വളഞ്ഞുപുളഞ്ഞു കിക്കെടുക്കുന്നവര്‍ കൂടിയാണെങ്കില്‍ സ്വന്തം വലയില്‍ ഗോള്‍ വീണതു തന്നെ. ഇതിനു പുറമേ ദക്ഷിണാഫ്രിക്കയിലെ സമുദ്രനിരപ്പില്‍ നിന്നുയര്‍ന്ന സ്ഥലത്തുള്ള സ്‌റ്റേഡിയങ്ങളില്‍ കളി നടക്കുമ്പോള്‍ ജാബുലാനിയെ നിയന്ത്രിക്കുക ആയാസകരം തന്നെയാകും.
എന്നാല്‍ എത്ര വേഗത്തില്‍ വന്നാലും ഈ പന്ത് പിടിക്കാന്‍ കുറേക്കൂടി എളുപ്പമാണെന്ന് നിര്‍മാതാക്കള്‍ പറയുന്നു. പന്തില്‍, മുഖക്കുരുപോലെ പരുപരുത്ത പ്രതലമുണ്ട്. ഇതുമൂലം പന്ത് ഗോളികള്‍ക്ക് കൈപ്പിടിയിലൊതുക്കാന്‍ എളുപ്പമാവും. പന്ത് അധികമധികം വഴുതിപ്പോവില്ലെന്ന് ചുരുക്കം.
എത്തിലിന്‍ വിനയില്‍ അസിറ്റേറ്റ് (ഇ.വി.എ.)തെര്‍മോപ്ലാസ്റ്റിക് പോളിയൂറത്തേന്‍ എന്നിവ ഉപയോഗിച്ചാണ് പന്ത് നിര്‍മിച്ചത്. രൂപകല്പന, ഇംഗ്ലണ്ടിലെ ലഗ്ബറോ സര്‍വകലാശാലയുടെ ഗവേഷണ വിഭാഗമായി സഹകരിച്ചായിരുന്നു.
എല്ലാവര്‍ക്കും സന്തോഷം നല്‍കുകയെന്നാണ് ജാബുലാനിക്ക് അര്‍ഥം. എന്നാല്‍ ജൂണ്‍ 11-ന് വിസില്‍ മുഴങ്ങുന്നതു മുതല്‍ക്ക് ആരുടെ സന്തോഷമാകും ജാബുലാനി കെടുത്തുകയെന്നാണ് ഫുട്‌ബോള്‍ ലോകം ഉറ്റു നോക്കുന്നത്. അതോടൊപ്പം പരുക്ക് എന്ന വില്ലനെ മനസാ സ്തുതിക്കുന്നവരുമുണ്ട്. പരുക്കില്ലായിരുന്നെങ്കില്‍ ബെക്കാം കളിക്കാനുണ്ടാകുമായിരുന്നു. എങ്കില്‍ പണ്ടേ ഗര്‍ഭിണി പിന്നെ ദുര്‍ബല എന്ന അവസ്ഥയായേനെ എന്നാണ് അവരുടെ അണിയറ സംസാരം. അല്ലെങ്കില്‍ തന്നെ ബെക്കാം കിക്കുകള്‍ തോന്നിയ വഴിക്കാണ് വരിക. അതു ജാബുലാനി കൂടിയാണെങ്കില്‍ പറയുകയും വേണ്ടല്ലോ.

വളഞ്ഞു പുളഞ്ഞ് വഞ്ചിക്കല്ലേ...SocialTwist Tell-a-Friend

Wednesday, June 2, 2010

അവതാരമായി അര്‍ജന്റീന


തനിക്കേറ്റ വിമര്‍ശനങ്ങള്‍ക്ക് ഇതുവരെ മറഡോണ മറുപടി പറഞ്ഞിട്ടില്ല.
ആഫ്രിക്കന്‍ മണ്ണില്‍ ഇക്കുറി രണ്ടും കല്‍പിച്ചാണ് അദ്‌ദേഹം എത്തുന്നത്.
ലോകത്തിനു മറുപടി നല്‍കാന്‍ ഇവിടെ തന്റെ കുട്ടികള്‍ക്കൊപ്പം ദൈവത്തിന്റെ കൈകള്‍ ഒരുമ്പെട്ടാല്‍ ആര്‍ക്കാകും തടയാനാകുക? ഇംഗ്ലീഷ് വസന്തവും
സ്പാനിഷ് പോര്‍വീര്യവും ഈറ്റപ്പുലികളും എന്തിനു സാക്ഷാല്‍
മഞ്ഞക്കിളികളുടെവരെ ചിറകു കുഴഞ്ഞ് തളര്‍ന്നു വീണേക്കാം...

ഫുട്‌ബോളിനു ശ്രുതി ചേര്‍ന്ന സംഗീതമില്ലായിരിക്കും; നൃത്തത്തിന്റെ ലാസ്യതാളവും കണ്ടേക്കില്ല. എന്നാല്‍ നീലയും വെള്ളയും ഇടകലര്‍ന്ന സ്ട്രിപ്പുകളണിഞ്ഞ് അവര്‍ പന്തു തട്ടാനിറങ്ങുമ്പോള്‍ റിഹേഴ്‌സല്‍ ചെയ്‌തൊരുക്കിയ ഗാനം കേള്‍ക്കുന്ന നിര്‍വൃതിയിലായിരിക്കും ലോകം; മനംമയക്കുന്ന നൃത്ത ശില്‍പം ആസ്വദിക്കുന്ന ആലസ്യത്തിലായിരിക്കും കാണികള്‍.
അതേ, അതാണ് അര്‍ജന്റീന. മൈതാനഹൃദയത്തെ സിംഫണിയുടെ അരങ്ങായി കാണുന്നവര്‍; കാല്‍പ്പന്തു കൊണ്ടു കവിത വിരിയിക്കുന്നവര്‍. ഇക്കുറിയും ആരാധക ഹൃദയത്തില്‍ കൂടുകൂട്ടാന്‍ അവര്‍ എത്തുന്നു. ആഫ്രിക്കയില്‍ ആദ്യമായി എത്തുന്ന കാല്‍പന്തു മാമാങ്കത്തില്‍ വേഷമാടാന്‍.
ഓരോ ലോകകപ്പ് കഴിയുമ്പോഴും വിധിയും വിളയാടലുകളും എതിരാകുന്ന ട്രാജഡിയാണ് അര്‍ജന്റീന. ഗോളടിക്കാനറിയാത്ത കാല്‍പന്തു കളിക്കാര്‍ എന്ന ആരാധകരുടെ ശാപവചസുകള്‍ സസന്തോഷം ഏറ്റുവാങ്ങി അവര്‍ നടന്നു മറയും. എങ്കിലും എന്നും അവരുടെ സ്ഥാനം ആരാധകഹൃദയങ്ങളിലുണ്ടായിരുന്നു. 2010ലെ മാമാങ്ക വേദിയിലെങ്കിലും ഈ പതിവുതിരക്കഥകള്‍ മാറ്റിയെഴുതപ്പെടുമെന്ന പ്രതീക്ഷയിലാണ് ഫുട്‌ബോള്‍ ലോകം. കാരണം അര്‍ജന്റീന അവര്‍ക്ക് അത്രമേല്‍ പ്രിയ ടീമാണ്. ഇതിന് അവര്‍ കണ്ടെത്തുന്ന കാരണങ്ങള്‍ എന്തൊക്കെയാണ്.
അര്‍ജന്റീനയുടേത്. മാര്‍ഗമേതായാലും ലക്ഷ്യം ഗോളായല്‍ മതിയെന്ന യൂറോപ്പിന്റെ വന്യമായ ആക്രമണ ശൈലിയെ പുണരാതെ നില്‍ക്കുന്ന അപൂര്‍വം ചില ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലൊന്നാണ് അവര്‍. മധ്യവരയ്ക്കു ചുറ്റും പന്തുമായി മേഞ്ഞു നടക്കുന്നവര്‍. മിഡ്ഫീല്‍ഡില്‍ സ്വപ്നാടകം നടത്തുന്നവര്‍. ഇവര്‍ക്ക് എങ്ങനെ എതിര്‍പാളയം തുളച്ച് ആഫ്രിക്കന്‍ മണ്ണില്‍ വെന്നിക്കൊടി പാറിക്കാന്‍ കഴിയും? പക്ഷേ ലാറ്റിനമേരിക്കന്‍ ഫുട്‌ബോളിനെ സ്‌നേഹിക്കുന്നവര്‍ക്ക് ഉത്തരം നല്‍കാന്‍ നല്‍കാന്‍ ഏറെയൊന്നും ആലോചിക്കേണ്ടി വരില്ല. ഡീഗോ മറഡോണയുടെ ശിക്ഷണത്തില്‍ ലയണല്‍ മെസിയുടെ ആക്രമണവീര്യവുമായി ഇറങ്ങുന്നവരെ എഴുതിത്തള്ളാനാകില്ലല്ലോ?
പക്ഷേ സമവാക്യങ്ങളിലും കണക്കുകൂട്ടലുകളില്‍ ഇക്കുറി അവര്‍ക്ക് അല്പം മങ്ങലേറ്റിട്ടുണ്ടോ എന്നാണ് സംശയം. പ്രതിഭയ്‌ക്കൊത്ത മികവ് കാഴ്ചവയ്ക്കാന്‍ ചിലഅവസരങ്ങളില്‍ അവര്‍ക്കു കഴിയാതെ പോയതാണ് പിന്നിലാകാന്‍ കാരണം.
സമീപകാലത്ത് ലാറ്റിനമേരിക്കന്‍ ശൈലിയിലൂടെ ഏറ്റവും മികച്ച പ്രകടനങ്ങള്‍ പുറത്തെടുത്ത ടീമുകളിലൊന്നാണ് അര്‍ജന്റീന. എന്നാല്‍ ലോകകപ്പ് യോഗ്യതാ റൗണ്ടുകളില്‍ പതിവുപോലെ അനായാസമായിരുന്നില്ല അവരുടെ പ്രയാണം. സ്പാനിഷ് ക്ലബ് ബാഴ്‌സലോണയ്ക്കു വേണ്ടി ഗോളുകള്‍ അടിച്ചു കൂട്ടി മെസി മിന്നുന്ന ഫോമില്‍ നില്‍ക്കെയാണ് ഏറെ അലഞ്ഞ് അര്‍ജന്റീന ലോകകപ്പിന് യോഗ്യത നേടുന്നത്.
ഫൈനല്‍സിനുള്ള അവസാന കടമ്പയ്ക്കിറങ്ങുമ്പോള്‍ ഡീഗോയ്ക്കും കുട്ടികള്‍ക്കും മുന്നില്‍ ജയം അല്ലെങ്കില്‍ മരണം എന്നതായിരുന്നു അവസ്ഥ. ഒരു സമനില പോലും ആഫ്രിക്കയെ അക്കരപ്പച്ചയാക്കും എന്ന നിലയില്‍നിന്ന് ദൈവഹിതമെന്നോണമായിരുന്നു അവരുടെ കടന്നു വരവ്. ഇത്തരത്തില്‍ തപ്പിയും തടഞ്ഞുമുള്ള മുന്നേറ്റമായിരുന്നതു കൊണ്ടാകും വാതുവയ്പു പന്തികളില്ലൊം അവര്‍ പിന്നണിയിലായി പോയത്.
എന്നാല്‍ ഇപ്പോള്‍ അര്‍ജന്റീനയ്ക്ക് ഇത് ഉര്‍വശീ ശാപമാണ്. പ്രതീക്ഷകള്‍ ഏറെയുണ്ട്. എന്നാല്‍ തങ്ങളെ ചുറ്റിപ്പറ്റി പ്രവചനങ്ങളില്ല, സമ്മര്‍ദമില്ല. അതിനാല്‍ത്തന്നെ സ്വാഭാവിക കളി കെട്ടഴിക്കാന്‍ പ്രയാസവുമില്ല. ചരിത്രവും ഇത്തരക്കാര്‍ക്കൊപ്പമെന്നതും ആത്മവിശ്വാസം പകരുന്നു. സാധ്യതകള്‍ കല്‍പിക്കപ്പെടാതെയെത്തിയവര്‍ പിന്നീട് കിരീടം കൊത്തിപ്പറക്കുന്ന എത്രയെത്ര കഥകളാണ് മറഡോണയുടെയും ടീമിന്റെയും ആത്മവിശ്വാസം ഉയര്‍ത്തുന്നത്.
1986-ലും ഇങ്ങനെയായിരുന്നു ഡീഗോ എത്തിയത്. തിരിച്ചടികള്‍ക്കും വിമര്‍ശന ശരങ്ങള്‍ക്കുമൊടുവില്‍ യഥാര്‍ഥ പോരാട്ടവേദിയില്‍ ദൈവത്തിന്റെ കൈ പതിഞ്ഞപ്പോള്‍ പിന്നീടെല്ലാം ചരിത്രം. 2002-ല്‍ കര്‍ക്കശക്കാരനായ ലൂയി ഫിലിപ് സ്‌കൊളാരിയുടെ ശിക്ഷണത്തില്‍ ബ്രസീലും കാഴ്ചവച്ചത് ഇതേ തിരിച്ചുവരവു തന്നെ.
അന്നത്തെ ബ്രസീലും ഇന്നത്തെ അര്‍ജന്റീനയും തമ്മില്‍ സാമ്യങ്ങളേറെ. സ്‌കൊളാരിയുടെ ബ്രസീല്‍ യോഗ്യതാ റൗണ്ടില്‍ തപ്പിത്തടഞ്ഞു പോരിനു മരണത്തെ കണ്ടപ്പോള്‍ ഇക്കുറി അത് മറഡോണയും കുട്ടികള്‍ക്കുമാണ് ദര്‍ശനം നല്‍കിയത്. സ്‌കൊളാരിയുടെ കളരിയില്‍ സൂപ്പര്‍ താരവും പ്ലേമേക്കറുമായ റൊമാരിയോയ്ക്ക് സ്ഥാനം പോയപ്പോള്‍ മറഡോണയുടെ സ്‌കൂളില്‍ പ്ലേമേക്കര്‍ യുവാന്‍ റോമന്‍ റിക്വല്‍മിക്ക് ടി.സി. ലഭിച്ചു. അന്ന് ഉന്നതങ്ങളില്‍ ബൊളീവിയയോടു ബ്രസീല്‍ തകര്‍ന്നപ്പോള്‍ ഇക്കുറി രക്തം വീണത് അര്‍ജന്റീനയുടേത്. ഇതിനെല്ലാം ശേഷം ബ്രസീലിനു കപ്പ് നേടാമെങ്കില്‍ എന്തുകൊണ്ട് ലയണല്‍ മെസി കളിക്കുന്ന അര്‍ജന്റീനയ്ക്കായിക്കൂടാ അന്തിമ വിജയം.
ഫുട്‌ബോള്‍ ലോകം മുഴുവന്‍ ദൈവത്തെ പോലെ ആരാധിക്കുന്ന മറഡോണയുടെ സാന്നിദ്ധ്യവും അര്‍ജന്റീനയ്ക്ക് കരുത്തു പകരുന്നു. രണ്ടു ലോകകപ്പ് ഫൈനലുകള്‍ കളിച്ച ഇതിഹാസത്തിന്റെ തീരുമാനങ്ങള്‍ ഒരിക്കലും പിഴയ്ക്കില്ലെന്നവര്‍ വിശ്വസിക്കുന്നു. ഇതിനു തെളിവാണ് ആഫ്രിക്കയിലെ അര്‍ജന്റീന്‍ സാന്നിദ്ധ്യം.
മുന്‍ കോച്ച് ബിയേല്‍സയുടെ കീഴില്‍ തോറ്റുതൊപ്പിയിട്ട ടീമിനെ കൈയില്‍ കിട്ടുമ്പോള്‍ ആഫ്രിക്കന്‍ ടിക്കറ്റിനും മരണത്തിനുമിടയില്‍ വെറും ആറു മത്സരങ്ങള്‍ മാത്രമായിരുന്നു മറഡോണയ്ക്കു മുന്നില്‍. ഇതിനിടയില്‍ ടീമിന്റെ അച്ചുതണ്ടായ റിക്വല്‍മിയെ പിണക്കി അയയ്ക്കുകയും ചെയ്തു. നാലുപാടു നിന്നും വിമര്‍ശനങ്ങള്‍. എന്നാല്‍ താന്‍ എന്തുകൊണ്ട് ആരാധ്യനാകുന്നു എന്നു തെളിയിക്കുകയായിരുന്നു പിന്നീട് മറഡോണ. അപ്രശസ്തരെ കണ്ടെത്തിയും പഴയ പടക്കുതിരകളെ തിരിച്ചുവിളിച്ചും ചൂതാട്ടം നടത്തുകയായിരുന്നു ഡീഗോ. അതു വിജയം കണ്ടപ്പോള്‍ കല്ലേറുകള്‍ പൂച്ചെണ്ടുകളായി.
ഇനി അന്തിമ പോരിനിറങ്ങുന്ന മറഡോണയുടെ പടയെ നോക്കൂ. കടലാസിലെ മാത്രം പുലികളല്ല അവര്‍. അതും ഈ ലോകകപ്പ് അര്‍ജന്റീനയ്ക്കാണെന്ന് ഉറച്ചു വിശ്വസിക്കാന്‍ പ്രേരിപ്പിക്കുന്നു. മിക്ക പരിശീലകരും മുന്നേറ്റ നിരയിലെ മികച്ച കളിക്കാരെ തേടുന്നു. എന്നാല്‍ പ്രതിഭകളുടെ ധാരാളിത്തം കൊണ്ട് മറ്റേതൊരു പരിശീലകരേക്കാള്‍ കഷ്ടപ്പെടുകയാണ് മറഡോണ. മുന്നേറ്റനിരയില്‍ ഒന്നിനൊന്നു മികച്ച രീതിയില്‍ കളിക്കുന്ന അഞ്ചുപേരില്‍ നിന്ന് ആരെ തെരഞ്ഞെടുക്കുമെന്നാണ് ലോകം ഉറ്റു നോക്കുന്നത്.
ലയണല്‍ മെസി, ഡീഗോ മെലിറ്റോ, സെര്‍ജിയോ അഗ്യൂറോ, കാര്‍ലോസ് ടെവസ്, ഗോണ്‍സാലോ ഹിഗ്വെയ്ന്‍ എന്നീ അഞ്ചു മിസൈലുകളാണു മറഡോണയുടെ വജ്രായുധങ്ങള്‍. മെസി-മറഡോണ അച്ചു തണ്ടില്‍ വിരിയുന്ന പ്രതീക്ഷകള്‍ പൊലിപ്പിക്കുക മാത്രമാണ് മറ്റുള്ളവരുടെ ദൗത്യമെങ്കില്‍ അതു പോലും എതിരാളികളുടെ സര്‍വനാശത്തിനായിരിക്കുമെന്ന് തീര്‍ച്ച.
മധ്യനിരയില്‍ കളി വിരിയിക്കുന്ന അവര്‍ക്ക് റിക്വല്‍മിയുടെ അഭാവം തിരിച്ചടിയാകുമെന്ന കരുതുന്നവര്‍ക്കു മറുപടിയുമായി നായകന്‍ ഹവിയര്‍ മസ്‌കരാനോ നാലു പ്രതിരോധ ഭടന്‍മാര്‍ക്ക് പിന്തുണയേകി മധ്യനിരയിലുണ്ടാകും. പ്രകടനം പരിശോധിക്കുകയാണെങ്കില്‍ എയ്ഞ്ചല്‍ ഡി മരിയയും മാക്‌സിം റോഡ്രിഗസുംനായകനു കൂട്ടുണ്ടാകും. എന്നാല്‍ യുവാന്‍ സെബാസ്റ്റിയന്‍ വെറോണിനെ മറികടന്നുവേണം മാക്‌സിമിന് ടീമിലെത്താന്‍. മ്യൂസിക്കല്‍ കണ്ടക്ട്രറെ പോലെ ചിട്ടയായാി പ്രവര്‍ത്തിക്കുന്ന റിക്വല്‍മിയുടെ കരക്കാരാണിവരെന്നു കൂടി ചേര്‍ത്തുവായിച്ചാല്‍ മറഡോണയ്ക്ക് എടുത്തു പെരുമാറാനാകുന്ന എത്രയെത്ര ആയുധങ്ങള്‍ പുരയില്‍ ശേഷിക്കുന്നുവെന്ന് ഊഹിക്കാം. രണ്ടു ഫോര്‍വേര്‍ഡുകളെയാണ് മാറഡോണ കളിപ്പിക്കുന്നതെങ്കില്‍ മസ്‌കരാനോയ്‌ക്കൊപ്പം വെറോണും മധ്യനിരയിലുണ്ടാകും.
അറ്റാക്കിംഗ് മിഡ്ഫീല്‍ഡര്‍ എന്ന നിലയിലായിരിക്കും സൂപ്പര്‍ താരം ലയണല്‍ മെസിയെ അവതരിപ്പിക്കുക. കാനഡയ്‌ക്കെതിരായ സന്നാഹമല്‍സരത്തില്‍ മെസിയെ കളിപ്പിക്കാതിരുന്നത് മാറഡോണയുടെ തന്ത്രമായാണ് കണക്കാക്കുന്നത്. മെസിക്കുവേണ്ടി ലോകകപ്പില്‍ പുറത്തിരിക്കേണ്ടിവരുന്ന പ്രതിഭാധനനായിരിക്കും പാസ്‌റ്റോര്‍ എന്ന കാര്യത്തില്‍ സംശയമില്ല. മെസിക്ക് മുന്നിലായി കാര്‍ലോസ് ടെവസ്, ഗോണ്‍സാലോ ഹിഗ്വെയ്ന്‍, ഡീഗോ മിലിറ്റോ എന്നിവരില്‍ രണ്ടുപേരെയായിരിക്കും മാറഡോണയുടെ ചോയിസുകള്‍.
മിലിറ്റോയെയും ഹിഗ്വെയ്‌നെയും അപേക്ഷിച്ച് വ്യത്യസ്തനാണ് ടെവസ്. പിന്‍നിരയിലേക്കും ഇറങ്ങികളിക്കാന്‍ സന്നദ്ധത കാട്ടുന്ന ടെവസ് നീണ്ട പാസുകള്‍ സ്വീകരിക്കുന്നതിലും മിടുക്കനാണ്. ബോക്‌സിനു പുറത്തുനിന്ന് ഷോട്ട് ഉതിര്‍ക്കുന്നതിലും അവിസ്മരണീയമായ ഡ്രിബിളിംഗിലൂടെയും ആരാധകരുടെ മനംകവരുന്ന കേളീശൈലിയാണ് ഈ മാഞ്ചസ്റ്റര്‍ സിറ്റി താരത്തിന്റേത്.
കരിയറിന്റെ തുടക്കത്തില്‍ പ്ലേമേക്കറായാണ് കളി തുടങ്ങിയതെങ്കിലും ഗോണ്‍സാലൊ ഹിഗ്വെയ്ന്‍ ഇന്നൊരു കളകറഞ്ഞ മുന്നേറ്റക്കാരനാണ്. പെനാല്‍റ്റി ഏരിയയില്‍ ടെവസിനേക്കാള്‍ നാശം വിതയ്ക്കാന്‍ കഴിയുന്ന താരമായാണ് ഹിഗ്വെയ്‌നെ കളിവിദഗ്ദ്ധര്‍ കണക്കാക്കുന്നത്. എല്‍ പിപ്പിറ്റ, മാറഡോണയുടെ മരുമകന്‍ കൂടിയായ സെര്‍ജിയോ അഗ്യൂറോ എന്നിവരും മുന്നേറ്റനിരയിലെ വിശ്വസ്തരാണ്.
അര്‍ജന്റീനയുടെ മുന്നേറ്റത്തിലെ പ്രതിഭകളെക്കുറിച്ച് പറയുമ്പോള്‍ മറന്നുപോകരുതാത്ത ഒരു പേരുണ്ട് മാര്‍ട്ടിന്‍ പാലെര്‍മോ. കാരണം യോഗ്യതാ മല്‍സരത്തില്‍ പാലെര്‍മോയുടെ ഗോളിനാണ് അര്‍ജന്റീന തപ്പിയും തടഞ്ഞും ലോകകപ്പിന് ടിക്കറ്റ് ഉറപ്പിച്ചത്.
പതിവില്‍ നിന്നു വ്യത്യസ്തമായി ഇക്കുറി പ്രതിരോധം നോക്കൂ. അവിടെ യാതൊരു ബുദ്ധിമുട്ടും കൂടാതെ മാറഡോണയ്ക്ക് കാര്യങ്ങള്‍ നടപ്പിലാക്കാം. ഗബ്രിയേല്‍ ഹെയ്ന്‍സി, വാള്‍ട്ടര്‍ സാമുവല്‍, മാര്‍ട്ടിന്‍ ഡെമിഷെലിസ് എന്നിവരെ വിശ്വസ്തതയോടെ കാവല്‍ ഏല്‍പ്പിക്കാം. പകരക്കാരനായി ജൊനാസ് ഗുട്ടെറെസിനെയും ഇറക്കാം. ഗോളടിക്കുന്നവര്‍ക്ക് പഞ്ഞമില്ലാതിരുന്ന നാട്ടില്‍ നിന്ന് അപൂര്‍വമായി ലഭിക്കുന്ന മിന്നുന്ന ഗോളികളേയും ഇക്കുറി മറഡോണ കൂടെ കൂട്ടിയിട്ടുണ്ട്. സെര്‍ജിയോ റെമേറോയ്ക്കും ഡീഗോ പോസോയ്ക്കും പിന്നില്‍ മൂന്നാം നമ്പര്‍ ഗോളിയായി എത്തുന്നത് ഏറ്റവും മികച്ച യുവ ഗോള്‍കീപ്പര്‍ എന്ന പേരുകേട്ട മരിയോ അന്‍ഡുജാര്‍ ആണെന്നു കൂടിയറിയുമ്പോള്‍ കൂട്ടലുകള്‍ക്കും കിഴിക്കലുകള്‍ക്കുമൊടുവില്‍ അര്‍ജന്റീനയുടെ ശക്തി എത്രകണ്ടു വര്‍ധിച്ചുവെന്നറിയാം.
തനിക്കേറ്റ വിമര്‍ശനങ്ങള്‍ക്ക് ഇതുവരെ മറഡോണ മറുപടി പറഞ്ഞിട്ടില്ല. ആഫ്രിക്കന്‍ മണ്ണില്‍ ഇക്കുറി രണ്ടും കല്‍പിച്ചാണ് മറഡോണ എത്തുന്നത്. ഇവിടെ തന്റെ കുട്ടികള്‍ക്കൊപ്പം ലോകത്തിനു മറുപടി നല്‍കാന്‍ ദൈവത്തിന്റെ കൈകള്‍ ഒരുമ്പെട്ടാല്‍ ആര്‍ക്കാകും തടയാനാകുക. ഇംഗ്ലീഷ് വസന്തവുംസ്പാനിഷ് പോര്‍വീര്യവും ഈറ്റപ്പുലികളും എന്തിനു സാക്ഷാല്‍ മഞ്ഞക്കിളികളുടെവരെ ചിറകു കുഴഞ്ഞ് തളര്‍ന്നു വീണേക്കാം.
മറഡോണ പടയ്‌ക്കൊരുങ്ങിക്കഴിഞ്ഞു. വിധിയുടെ വിളയാട്ടലുകളില്‍ തകര്‍ന്നില്ലെങ്കില്‍ ചൂതാട്ടത്തില്‍ പതറിയില്ലെങ്കില്‍ ജൂലൈ 11-ന് കപ്പില്‍ ചുണ്ടുചേര്‍ത്ത് മറഡോണ മറുപടി നല്‍കിയിരിക്കും. അങ്ങകലെ ദാരിദ്രം തുടികൊട്ടുന്ന ലാറ്റിനമേരിക്കയിലെ അര്‍ജന്റീനയും ഇങ്ങ് പാവയ്ക്കാ പോലുള്ള കേരളത്തിലെ മലപ്പുറവുമെല്ലാം അതിനായി കാത്തിരിക്കുകയാണ്. അവര്‍ക്കിപ്പോള്‍ ഒരു പ്രാര്‍ഥന മാത്രം എന്റെ മെസിഹായേ കാത്തോളണേ...

അവതാരമായി അര്‍ജന്റീനSocialTwist Tell-a-Friend