Wednesday, June 2, 2010

അവതാരമായി അര്‍ജന്റീന


തനിക്കേറ്റ വിമര്‍ശനങ്ങള്‍ക്ക് ഇതുവരെ മറഡോണ മറുപടി പറഞ്ഞിട്ടില്ല.
ആഫ്രിക്കന്‍ മണ്ണില്‍ ഇക്കുറി രണ്ടും കല്‍പിച്ചാണ് അദ്‌ദേഹം എത്തുന്നത്.
ലോകത്തിനു മറുപടി നല്‍കാന്‍ ഇവിടെ തന്റെ കുട്ടികള്‍ക്കൊപ്പം ദൈവത്തിന്റെ കൈകള്‍ ഒരുമ്പെട്ടാല്‍ ആര്‍ക്കാകും തടയാനാകുക? ഇംഗ്ലീഷ് വസന്തവും
സ്പാനിഷ് പോര്‍വീര്യവും ഈറ്റപ്പുലികളും എന്തിനു സാക്ഷാല്‍
മഞ്ഞക്കിളികളുടെവരെ ചിറകു കുഴഞ്ഞ് തളര്‍ന്നു വീണേക്കാം...

ഫുട്‌ബോളിനു ശ്രുതി ചേര്‍ന്ന സംഗീതമില്ലായിരിക്കും; നൃത്തത്തിന്റെ ലാസ്യതാളവും കണ്ടേക്കില്ല. എന്നാല്‍ നീലയും വെള്ളയും ഇടകലര്‍ന്ന സ്ട്രിപ്പുകളണിഞ്ഞ് അവര്‍ പന്തു തട്ടാനിറങ്ങുമ്പോള്‍ റിഹേഴ്‌സല്‍ ചെയ്‌തൊരുക്കിയ ഗാനം കേള്‍ക്കുന്ന നിര്‍വൃതിയിലായിരിക്കും ലോകം; മനംമയക്കുന്ന നൃത്ത ശില്‍പം ആസ്വദിക്കുന്ന ആലസ്യത്തിലായിരിക്കും കാണികള്‍.
അതേ, അതാണ് അര്‍ജന്റീന. മൈതാനഹൃദയത്തെ സിംഫണിയുടെ അരങ്ങായി കാണുന്നവര്‍; കാല്‍പ്പന്തു കൊണ്ടു കവിത വിരിയിക്കുന്നവര്‍. ഇക്കുറിയും ആരാധക ഹൃദയത്തില്‍ കൂടുകൂട്ടാന്‍ അവര്‍ എത്തുന്നു. ആഫ്രിക്കയില്‍ ആദ്യമായി എത്തുന്ന കാല്‍പന്തു മാമാങ്കത്തില്‍ വേഷമാടാന്‍.
ഓരോ ലോകകപ്പ് കഴിയുമ്പോഴും വിധിയും വിളയാടലുകളും എതിരാകുന്ന ട്രാജഡിയാണ് അര്‍ജന്റീന. ഗോളടിക്കാനറിയാത്ത കാല്‍പന്തു കളിക്കാര്‍ എന്ന ആരാധകരുടെ ശാപവചസുകള്‍ സസന്തോഷം ഏറ്റുവാങ്ങി അവര്‍ നടന്നു മറയും. എങ്കിലും എന്നും അവരുടെ സ്ഥാനം ആരാധകഹൃദയങ്ങളിലുണ്ടായിരുന്നു. 2010ലെ മാമാങ്ക വേദിയിലെങ്കിലും ഈ പതിവുതിരക്കഥകള്‍ മാറ്റിയെഴുതപ്പെടുമെന്ന പ്രതീക്ഷയിലാണ് ഫുട്‌ബോള്‍ ലോകം. കാരണം അര്‍ജന്റീന അവര്‍ക്ക് അത്രമേല്‍ പ്രിയ ടീമാണ്. ഇതിന് അവര്‍ കണ്ടെത്തുന്ന കാരണങ്ങള്‍ എന്തൊക്കെയാണ്.
അര്‍ജന്റീനയുടേത്. മാര്‍ഗമേതായാലും ലക്ഷ്യം ഗോളായല്‍ മതിയെന്ന യൂറോപ്പിന്റെ വന്യമായ ആക്രമണ ശൈലിയെ പുണരാതെ നില്‍ക്കുന്ന അപൂര്‍വം ചില ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലൊന്നാണ് അവര്‍. മധ്യവരയ്ക്കു ചുറ്റും പന്തുമായി മേഞ്ഞു നടക്കുന്നവര്‍. മിഡ്ഫീല്‍ഡില്‍ സ്വപ്നാടകം നടത്തുന്നവര്‍. ഇവര്‍ക്ക് എങ്ങനെ എതിര്‍പാളയം തുളച്ച് ആഫ്രിക്കന്‍ മണ്ണില്‍ വെന്നിക്കൊടി പാറിക്കാന്‍ കഴിയും? പക്ഷേ ലാറ്റിനമേരിക്കന്‍ ഫുട്‌ബോളിനെ സ്‌നേഹിക്കുന്നവര്‍ക്ക് ഉത്തരം നല്‍കാന്‍ നല്‍കാന്‍ ഏറെയൊന്നും ആലോചിക്കേണ്ടി വരില്ല. ഡീഗോ മറഡോണയുടെ ശിക്ഷണത്തില്‍ ലയണല്‍ മെസിയുടെ ആക്രമണവീര്യവുമായി ഇറങ്ങുന്നവരെ എഴുതിത്തള്ളാനാകില്ലല്ലോ?
പക്ഷേ സമവാക്യങ്ങളിലും കണക്കുകൂട്ടലുകളില്‍ ഇക്കുറി അവര്‍ക്ക് അല്പം മങ്ങലേറ്റിട്ടുണ്ടോ എന്നാണ് സംശയം. പ്രതിഭയ്‌ക്കൊത്ത മികവ് കാഴ്ചവയ്ക്കാന്‍ ചിലഅവസരങ്ങളില്‍ അവര്‍ക്കു കഴിയാതെ പോയതാണ് പിന്നിലാകാന്‍ കാരണം.
സമീപകാലത്ത് ലാറ്റിനമേരിക്കന്‍ ശൈലിയിലൂടെ ഏറ്റവും മികച്ച പ്രകടനങ്ങള്‍ പുറത്തെടുത്ത ടീമുകളിലൊന്നാണ് അര്‍ജന്റീന. എന്നാല്‍ ലോകകപ്പ് യോഗ്യതാ റൗണ്ടുകളില്‍ പതിവുപോലെ അനായാസമായിരുന്നില്ല അവരുടെ പ്രയാണം. സ്പാനിഷ് ക്ലബ് ബാഴ്‌സലോണയ്ക്കു വേണ്ടി ഗോളുകള്‍ അടിച്ചു കൂട്ടി മെസി മിന്നുന്ന ഫോമില്‍ നില്‍ക്കെയാണ് ഏറെ അലഞ്ഞ് അര്‍ജന്റീന ലോകകപ്പിന് യോഗ്യത നേടുന്നത്.
ഫൈനല്‍സിനുള്ള അവസാന കടമ്പയ്ക്കിറങ്ങുമ്പോള്‍ ഡീഗോയ്ക്കും കുട്ടികള്‍ക്കും മുന്നില്‍ ജയം അല്ലെങ്കില്‍ മരണം എന്നതായിരുന്നു അവസ്ഥ. ഒരു സമനില പോലും ആഫ്രിക്കയെ അക്കരപ്പച്ചയാക്കും എന്ന നിലയില്‍നിന്ന് ദൈവഹിതമെന്നോണമായിരുന്നു അവരുടെ കടന്നു വരവ്. ഇത്തരത്തില്‍ തപ്പിയും തടഞ്ഞുമുള്ള മുന്നേറ്റമായിരുന്നതു കൊണ്ടാകും വാതുവയ്പു പന്തികളില്ലൊം അവര്‍ പിന്നണിയിലായി പോയത്.
എന്നാല്‍ ഇപ്പോള്‍ അര്‍ജന്റീനയ്ക്ക് ഇത് ഉര്‍വശീ ശാപമാണ്. പ്രതീക്ഷകള്‍ ഏറെയുണ്ട്. എന്നാല്‍ തങ്ങളെ ചുറ്റിപ്പറ്റി പ്രവചനങ്ങളില്ല, സമ്മര്‍ദമില്ല. അതിനാല്‍ത്തന്നെ സ്വാഭാവിക കളി കെട്ടഴിക്കാന്‍ പ്രയാസവുമില്ല. ചരിത്രവും ഇത്തരക്കാര്‍ക്കൊപ്പമെന്നതും ആത്മവിശ്വാസം പകരുന്നു. സാധ്യതകള്‍ കല്‍പിക്കപ്പെടാതെയെത്തിയവര്‍ പിന്നീട് കിരീടം കൊത്തിപ്പറക്കുന്ന എത്രയെത്ര കഥകളാണ് മറഡോണയുടെയും ടീമിന്റെയും ആത്മവിശ്വാസം ഉയര്‍ത്തുന്നത്.
1986-ലും ഇങ്ങനെയായിരുന്നു ഡീഗോ എത്തിയത്. തിരിച്ചടികള്‍ക്കും വിമര്‍ശന ശരങ്ങള്‍ക്കുമൊടുവില്‍ യഥാര്‍ഥ പോരാട്ടവേദിയില്‍ ദൈവത്തിന്റെ കൈ പതിഞ്ഞപ്പോള്‍ പിന്നീടെല്ലാം ചരിത്രം. 2002-ല്‍ കര്‍ക്കശക്കാരനായ ലൂയി ഫിലിപ് സ്‌കൊളാരിയുടെ ശിക്ഷണത്തില്‍ ബ്രസീലും കാഴ്ചവച്ചത് ഇതേ തിരിച്ചുവരവു തന്നെ.
അന്നത്തെ ബ്രസീലും ഇന്നത്തെ അര്‍ജന്റീനയും തമ്മില്‍ സാമ്യങ്ങളേറെ. സ്‌കൊളാരിയുടെ ബ്രസീല്‍ യോഗ്യതാ റൗണ്ടില്‍ തപ്പിത്തടഞ്ഞു പോരിനു മരണത്തെ കണ്ടപ്പോള്‍ ഇക്കുറി അത് മറഡോണയും കുട്ടികള്‍ക്കുമാണ് ദര്‍ശനം നല്‍കിയത്. സ്‌കൊളാരിയുടെ കളരിയില്‍ സൂപ്പര്‍ താരവും പ്ലേമേക്കറുമായ റൊമാരിയോയ്ക്ക് സ്ഥാനം പോയപ്പോള്‍ മറഡോണയുടെ സ്‌കൂളില്‍ പ്ലേമേക്കര്‍ യുവാന്‍ റോമന്‍ റിക്വല്‍മിക്ക് ടി.സി. ലഭിച്ചു. അന്ന് ഉന്നതങ്ങളില്‍ ബൊളീവിയയോടു ബ്രസീല്‍ തകര്‍ന്നപ്പോള്‍ ഇക്കുറി രക്തം വീണത് അര്‍ജന്റീനയുടേത്. ഇതിനെല്ലാം ശേഷം ബ്രസീലിനു കപ്പ് നേടാമെങ്കില്‍ എന്തുകൊണ്ട് ലയണല്‍ മെസി കളിക്കുന്ന അര്‍ജന്റീനയ്ക്കായിക്കൂടാ അന്തിമ വിജയം.
ഫുട്‌ബോള്‍ ലോകം മുഴുവന്‍ ദൈവത്തെ പോലെ ആരാധിക്കുന്ന മറഡോണയുടെ സാന്നിദ്ധ്യവും അര്‍ജന്റീനയ്ക്ക് കരുത്തു പകരുന്നു. രണ്ടു ലോകകപ്പ് ഫൈനലുകള്‍ കളിച്ച ഇതിഹാസത്തിന്റെ തീരുമാനങ്ങള്‍ ഒരിക്കലും പിഴയ്ക്കില്ലെന്നവര്‍ വിശ്വസിക്കുന്നു. ഇതിനു തെളിവാണ് ആഫ്രിക്കയിലെ അര്‍ജന്റീന്‍ സാന്നിദ്ധ്യം.
മുന്‍ കോച്ച് ബിയേല്‍സയുടെ കീഴില്‍ തോറ്റുതൊപ്പിയിട്ട ടീമിനെ കൈയില്‍ കിട്ടുമ്പോള്‍ ആഫ്രിക്കന്‍ ടിക്കറ്റിനും മരണത്തിനുമിടയില്‍ വെറും ആറു മത്സരങ്ങള്‍ മാത്രമായിരുന്നു മറഡോണയ്ക്കു മുന്നില്‍. ഇതിനിടയില്‍ ടീമിന്റെ അച്ചുതണ്ടായ റിക്വല്‍മിയെ പിണക്കി അയയ്ക്കുകയും ചെയ്തു. നാലുപാടു നിന്നും വിമര്‍ശനങ്ങള്‍. എന്നാല്‍ താന്‍ എന്തുകൊണ്ട് ആരാധ്യനാകുന്നു എന്നു തെളിയിക്കുകയായിരുന്നു പിന്നീട് മറഡോണ. അപ്രശസ്തരെ കണ്ടെത്തിയും പഴയ പടക്കുതിരകളെ തിരിച്ചുവിളിച്ചും ചൂതാട്ടം നടത്തുകയായിരുന്നു ഡീഗോ. അതു വിജയം കണ്ടപ്പോള്‍ കല്ലേറുകള്‍ പൂച്ചെണ്ടുകളായി.
ഇനി അന്തിമ പോരിനിറങ്ങുന്ന മറഡോണയുടെ പടയെ നോക്കൂ. കടലാസിലെ മാത്രം പുലികളല്ല അവര്‍. അതും ഈ ലോകകപ്പ് അര്‍ജന്റീനയ്ക്കാണെന്ന് ഉറച്ചു വിശ്വസിക്കാന്‍ പ്രേരിപ്പിക്കുന്നു. മിക്ക പരിശീലകരും മുന്നേറ്റ നിരയിലെ മികച്ച കളിക്കാരെ തേടുന്നു. എന്നാല്‍ പ്രതിഭകളുടെ ധാരാളിത്തം കൊണ്ട് മറ്റേതൊരു പരിശീലകരേക്കാള്‍ കഷ്ടപ്പെടുകയാണ് മറഡോണ. മുന്നേറ്റനിരയില്‍ ഒന്നിനൊന്നു മികച്ച രീതിയില്‍ കളിക്കുന്ന അഞ്ചുപേരില്‍ നിന്ന് ആരെ തെരഞ്ഞെടുക്കുമെന്നാണ് ലോകം ഉറ്റു നോക്കുന്നത്.
ലയണല്‍ മെസി, ഡീഗോ മെലിറ്റോ, സെര്‍ജിയോ അഗ്യൂറോ, കാര്‍ലോസ് ടെവസ്, ഗോണ്‍സാലോ ഹിഗ്വെയ്ന്‍ എന്നീ അഞ്ചു മിസൈലുകളാണു മറഡോണയുടെ വജ്രായുധങ്ങള്‍. മെസി-മറഡോണ അച്ചു തണ്ടില്‍ വിരിയുന്ന പ്രതീക്ഷകള്‍ പൊലിപ്പിക്കുക മാത്രമാണ് മറ്റുള്ളവരുടെ ദൗത്യമെങ്കില്‍ അതു പോലും എതിരാളികളുടെ സര്‍വനാശത്തിനായിരിക്കുമെന്ന് തീര്‍ച്ച.
മധ്യനിരയില്‍ കളി വിരിയിക്കുന്ന അവര്‍ക്ക് റിക്വല്‍മിയുടെ അഭാവം തിരിച്ചടിയാകുമെന്ന കരുതുന്നവര്‍ക്കു മറുപടിയുമായി നായകന്‍ ഹവിയര്‍ മസ്‌കരാനോ നാലു പ്രതിരോധ ഭടന്‍മാര്‍ക്ക് പിന്തുണയേകി മധ്യനിരയിലുണ്ടാകും. പ്രകടനം പരിശോധിക്കുകയാണെങ്കില്‍ എയ്ഞ്ചല്‍ ഡി മരിയയും മാക്‌സിം റോഡ്രിഗസുംനായകനു കൂട്ടുണ്ടാകും. എന്നാല്‍ യുവാന്‍ സെബാസ്റ്റിയന്‍ വെറോണിനെ മറികടന്നുവേണം മാക്‌സിമിന് ടീമിലെത്താന്‍. മ്യൂസിക്കല്‍ കണ്ടക്ട്രറെ പോലെ ചിട്ടയായാി പ്രവര്‍ത്തിക്കുന്ന റിക്വല്‍മിയുടെ കരക്കാരാണിവരെന്നു കൂടി ചേര്‍ത്തുവായിച്ചാല്‍ മറഡോണയ്ക്ക് എടുത്തു പെരുമാറാനാകുന്ന എത്രയെത്ര ആയുധങ്ങള്‍ പുരയില്‍ ശേഷിക്കുന്നുവെന്ന് ഊഹിക്കാം. രണ്ടു ഫോര്‍വേര്‍ഡുകളെയാണ് മാറഡോണ കളിപ്പിക്കുന്നതെങ്കില്‍ മസ്‌കരാനോയ്‌ക്കൊപ്പം വെറോണും മധ്യനിരയിലുണ്ടാകും.
അറ്റാക്കിംഗ് മിഡ്ഫീല്‍ഡര്‍ എന്ന നിലയിലായിരിക്കും സൂപ്പര്‍ താരം ലയണല്‍ മെസിയെ അവതരിപ്പിക്കുക. കാനഡയ്‌ക്കെതിരായ സന്നാഹമല്‍സരത്തില്‍ മെസിയെ കളിപ്പിക്കാതിരുന്നത് മാറഡോണയുടെ തന്ത്രമായാണ് കണക്കാക്കുന്നത്. മെസിക്കുവേണ്ടി ലോകകപ്പില്‍ പുറത്തിരിക്കേണ്ടിവരുന്ന പ്രതിഭാധനനായിരിക്കും പാസ്‌റ്റോര്‍ എന്ന കാര്യത്തില്‍ സംശയമില്ല. മെസിക്ക് മുന്നിലായി കാര്‍ലോസ് ടെവസ്, ഗോണ്‍സാലോ ഹിഗ്വെയ്ന്‍, ഡീഗോ മിലിറ്റോ എന്നിവരില്‍ രണ്ടുപേരെയായിരിക്കും മാറഡോണയുടെ ചോയിസുകള്‍.
മിലിറ്റോയെയും ഹിഗ്വെയ്‌നെയും അപേക്ഷിച്ച് വ്യത്യസ്തനാണ് ടെവസ്. പിന്‍നിരയിലേക്കും ഇറങ്ങികളിക്കാന്‍ സന്നദ്ധത കാട്ടുന്ന ടെവസ് നീണ്ട പാസുകള്‍ സ്വീകരിക്കുന്നതിലും മിടുക്കനാണ്. ബോക്‌സിനു പുറത്തുനിന്ന് ഷോട്ട് ഉതിര്‍ക്കുന്നതിലും അവിസ്മരണീയമായ ഡ്രിബിളിംഗിലൂടെയും ആരാധകരുടെ മനംകവരുന്ന കേളീശൈലിയാണ് ഈ മാഞ്ചസ്റ്റര്‍ സിറ്റി താരത്തിന്റേത്.
കരിയറിന്റെ തുടക്കത്തില്‍ പ്ലേമേക്കറായാണ് കളി തുടങ്ങിയതെങ്കിലും ഗോണ്‍സാലൊ ഹിഗ്വെയ്ന്‍ ഇന്നൊരു കളകറഞ്ഞ മുന്നേറ്റക്കാരനാണ്. പെനാല്‍റ്റി ഏരിയയില്‍ ടെവസിനേക്കാള്‍ നാശം വിതയ്ക്കാന്‍ കഴിയുന്ന താരമായാണ് ഹിഗ്വെയ്‌നെ കളിവിദഗ്ദ്ധര്‍ കണക്കാക്കുന്നത്. എല്‍ പിപ്പിറ്റ, മാറഡോണയുടെ മരുമകന്‍ കൂടിയായ സെര്‍ജിയോ അഗ്യൂറോ എന്നിവരും മുന്നേറ്റനിരയിലെ വിശ്വസ്തരാണ്.
അര്‍ജന്റീനയുടെ മുന്നേറ്റത്തിലെ പ്രതിഭകളെക്കുറിച്ച് പറയുമ്പോള്‍ മറന്നുപോകരുതാത്ത ഒരു പേരുണ്ട് മാര്‍ട്ടിന്‍ പാലെര്‍മോ. കാരണം യോഗ്യതാ മല്‍സരത്തില്‍ പാലെര്‍മോയുടെ ഗോളിനാണ് അര്‍ജന്റീന തപ്പിയും തടഞ്ഞും ലോകകപ്പിന് ടിക്കറ്റ് ഉറപ്പിച്ചത്.
പതിവില്‍ നിന്നു വ്യത്യസ്തമായി ഇക്കുറി പ്രതിരോധം നോക്കൂ. അവിടെ യാതൊരു ബുദ്ധിമുട്ടും കൂടാതെ മാറഡോണയ്ക്ക് കാര്യങ്ങള്‍ നടപ്പിലാക്കാം. ഗബ്രിയേല്‍ ഹെയ്ന്‍സി, വാള്‍ട്ടര്‍ സാമുവല്‍, മാര്‍ട്ടിന്‍ ഡെമിഷെലിസ് എന്നിവരെ വിശ്വസ്തതയോടെ കാവല്‍ ഏല്‍പ്പിക്കാം. പകരക്കാരനായി ജൊനാസ് ഗുട്ടെറെസിനെയും ഇറക്കാം. ഗോളടിക്കുന്നവര്‍ക്ക് പഞ്ഞമില്ലാതിരുന്ന നാട്ടില്‍ നിന്ന് അപൂര്‍വമായി ലഭിക്കുന്ന മിന്നുന്ന ഗോളികളേയും ഇക്കുറി മറഡോണ കൂടെ കൂട്ടിയിട്ടുണ്ട്. സെര്‍ജിയോ റെമേറോയ്ക്കും ഡീഗോ പോസോയ്ക്കും പിന്നില്‍ മൂന്നാം നമ്പര്‍ ഗോളിയായി എത്തുന്നത് ഏറ്റവും മികച്ച യുവ ഗോള്‍കീപ്പര്‍ എന്ന പേരുകേട്ട മരിയോ അന്‍ഡുജാര്‍ ആണെന്നു കൂടിയറിയുമ്പോള്‍ കൂട്ടലുകള്‍ക്കും കിഴിക്കലുകള്‍ക്കുമൊടുവില്‍ അര്‍ജന്റീനയുടെ ശക്തി എത്രകണ്ടു വര്‍ധിച്ചുവെന്നറിയാം.
തനിക്കേറ്റ വിമര്‍ശനങ്ങള്‍ക്ക് ഇതുവരെ മറഡോണ മറുപടി പറഞ്ഞിട്ടില്ല. ആഫ്രിക്കന്‍ മണ്ണില്‍ ഇക്കുറി രണ്ടും കല്‍പിച്ചാണ് മറഡോണ എത്തുന്നത്. ഇവിടെ തന്റെ കുട്ടികള്‍ക്കൊപ്പം ലോകത്തിനു മറുപടി നല്‍കാന്‍ ദൈവത്തിന്റെ കൈകള്‍ ഒരുമ്പെട്ടാല്‍ ആര്‍ക്കാകും തടയാനാകുക. ഇംഗ്ലീഷ് വസന്തവുംസ്പാനിഷ് പോര്‍വീര്യവും ഈറ്റപ്പുലികളും എന്തിനു സാക്ഷാല്‍ മഞ്ഞക്കിളികളുടെവരെ ചിറകു കുഴഞ്ഞ് തളര്‍ന്നു വീണേക്കാം.
മറഡോണ പടയ്‌ക്കൊരുങ്ങിക്കഴിഞ്ഞു. വിധിയുടെ വിളയാട്ടലുകളില്‍ തകര്‍ന്നില്ലെങ്കില്‍ ചൂതാട്ടത്തില്‍ പതറിയില്ലെങ്കില്‍ ജൂലൈ 11-ന് കപ്പില്‍ ചുണ്ടുചേര്‍ത്ത് മറഡോണ മറുപടി നല്‍കിയിരിക്കും. അങ്ങകലെ ദാരിദ്രം തുടികൊട്ടുന്ന ലാറ്റിനമേരിക്കയിലെ അര്‍ജന്റീനയും ഇങ്ങ് പാവയ്ക്കാ പോലുള്ള കേരളത്തിലെ മലപ്പുറവുമെല്ലാം അതിനായി കാത്തിരിക്കുകയാണ്. അവര്‍ക്കിപ്പോള്‍ ഒരു പ്രാര്‍ഥന മാത്രം എന്റെ മെസിഹായേ കാത്തോളണേ...

അവതാരമായി അര്‍ജന്റീനSocialTwist Tell-a-Friend

0 comments: