Sunday, June 6, 2010

ഉറക്കം കെടുത്താന്‍ അവര്‍ വരുന്നു

ഇംഗ്ലീഷ് ഫുട്‌ബോള്‍ അധികൃതരുടെ നെഞ്ചിടിപ്പേറ്റി ഇക്കുറിയും അവര്‍ എത്തും. ആഫ്രിക്കയുടെ പകലിരവുകള്‍ക്ക് ഫുട്‌ബോള്‍ സംഗീതം പകരുമ്പോള്‍ അവര്‍ അതിന് കൊഴുപ്പേകും. അതില്‍ ഇംഗ്ലണ്ടിന്റെ ലോകകപ്പ് സ്വപ്നങ്ങള്‍ അലിഞ്ഞില്ലാതാകുമോ?
ഇംഗ്ലീഷ് അധികൃതരുടെയും ആരാധകരുടെയും ഉറക്കം കെടുത്തുന്നത് ഈ ചോദ്യമാണ്. തങ്ങളുടെ ആരാധനാ പാത്രങ്ങളായ സൂപ്പര്‍ താരങ്ങളുടെയും മുന്‍ താരങ്ങളുടെയും ഭാര്യമാരും കാമുകിമാരുമാണ് അവരുടെ പ്രശ്‌നം.
വാഗ്‌സ്(വൈവ്‌സ് ആന്‍ഡ് ഗേള്‍ഫ്രണ്ട്‌സ്) എന്ന പേരിലറിയപ്പെടുന്ന സംഘം ഇക്കുറിയും ലോകകപ്പ് മാമാങ്കത്തിന് പോകാന്‍ തീരുമാനിച്ചു കഴിഞ്ഞു. ഇംഗ്ലണ്ട് സ്‌ട്രൈക്കര്‍മാരായ വെയ്ന്‍ റൂണിയുടെ ഭാര്യ കൊളീന്‍ റൂണി, പീറ്റര്‍ ക്രൗച്ചിന്റെ കാമുകി അബ്ബി ക്ലാന്‍സി, പരുക്കിനെത്തുടര്‍ന്ന് പിന്മാറിയ മുന്‍ നായകന്‍ ഡേവിഡ് ബെക്കാമിന്റെ ഭാര്യ വിക്‌ടോറിയ ബെക്കാം 1996-ലെ ലോകകപ്പ് നേടിയ ടീം നായകന്‍ ബോബി മൂറിന്റെ ഭാര്യ ടിനാ മൂര്‍ എന്നിവരാണ് സംഘത്തിലെ പ്രമുഖര്‍. ഇംഗ്ലണ്ട്കാരിയും ജര്‍മന്‍ ഫുട്‌ബോളര്‍ ബാസ്റ്റിന്‍ ഷ്വെയ്‌സ്‌റ്റൈഗറുടെ കാമുകിയുമായ സാറാ ബ്രാന്‍ഡ്‌നറും സംഘത്തിലുണ്ട്.
പൊന്നുരുക്കുന്നിടത്തു പൂച്ചയ്‌ക്കെന്തു കാര്യമെന്നു ചോദിക്കരുത്. പ്രിയതമന്മാര്‍ പന്തു തട്ടുമ്പോള്‍ തങ്ങള്‍ക്കും ചിലതൊക്കെ ചെയ്യാനുണ്ട് എന്ന് അവര്‍ പറയും. സ്‌പോര്‍ട്‌സ് ഉപകരണങ്ങളുടെ കമ്പനികള്‍ക്കു വേണ്ടി ചെറിയ ചെറിയ ഫോട്ടോ ഷൂട്ടുകള്‍, പരസ്യ ചിത്രീകരണങ്ങള്‍, മാഗസിന്‍ കവര്‍ പേജിനു വേണ്ടി ചില മോഡലിംഗ് പൊടിക്കൈള്‍ എന്നിവയൊക്കെയായി അവരും തിരക്കില്‍ തന്നെ. ഇതിന്റെ വരുമാനം പൊടിപൊടിക്കാന്‍ ചില്ലറ പാര്‍ട്ടികളും ഷോപ്പിംഗുകളും.
സൂപ്പര്‍ താരങ്ങളുടെ പങ്കാളികളല്ലെ, വന്നിട്ടു പോകട്ടെ ഇതില്‍ ഭയക്കാനെന്തുണ്ട് എന്നു ചോദിച്ചാല്‍ ഭയമേയുള്ളൂവെന്ന് ഇംഗ്ലണ്ടിന്റെ അസിസ്റ്റന്റ് കോച്ച് ഫ്രാങ്കോ ബാള്‍ഡീനി പറയും.
കാരണം ഇവര്‍ എത്തിയാല്‍ ലോകകപ്പിലെ ഇംഗ്ലീഷ് സ്വപ്നങ്ങള്‍ പൊലിയുമെന്നാണ് വിശ്വാസം. 2006-ലെ ജര്‍മന്‍ ലോകകപ്പ് തന്നെ ഉദാഹരണവും. കഴിഞ്ഞ ലോകകപ്പില്‍ ഇംഗ്ലണ്ട് കപ്പ് നേടാത്തതിന് കാരണം വാഗ്‌സിന്റെ സാന്നിദ്ധ്യമാണത്രേ. പന്തു കളിക്കാന്‍ വന്ന തങ്ങളുടെ പ്രിയതമന്മാരെ വളച്ചെടുത്തു വാഗ്‌സ് ബീച്ചില്‍ കുളിക്കാനും കറങ്ങാനും പോയിരുന്നുവെന്ന് കണ്ടുപിടിച്ചത് ഇംഗ്ലീഷ് മാധ്യമങ്ങളാണ്. പരിശീലനം മുടക്കി കറങ്ങിനടന്നിട്ടു തിരിച്ചു വന്നു മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ താരങ്ങള്‍ക്ക് എങ്ങനെ സാധിക്കും. അങ്ങനെയാണത്രേ ജര്‍മനി ലോകകപ്പില്‍ ഇംഗ്ലണ്ട് തോറ്റു പുറത്തായത്.
ആകെ ഒരു തവണ മാത്രമേ ഇംഗ്ലണ്ട് കപ്പില്‍ മുത്തമിട്ടിട്ടുള്ളു. അതു പരിശോധിച്ചാല്‍ ഈ ആരോപണം ആരും ശരിവച്ചുപോകും. അന്ന് 1966-ല്‍ ഇംഗ്ലണ്ടില്‍ നടന്ന ലോകകപ്പില്‍ ഈ സംഘത്തെ ടീമിന്റെ ഏഴയലത്ത് അടുപ്പിച്ചിരുന്നില്ല. ഫലമോ കിരീടം കൈയിലിരുന്നു.
എന്നാല്‍ ഇതൊന്നും തങ്ങളെ ബാധിക്കുന്ന ഭാവമേയില്ല വാഗ്‌സിന്. തങ്ങള്‍ സ്വന്തം കാര്യം നോക്കിക്കോളാമെന്നും താരങ്ങള്‍ അവരുടെ കാര്യം നോക്കണമെന്നുമാണ് അവരുടെ അഭിപ്രായം. ഞങ്ങള്‍ ഫുട്‌ബോള്‍ ആരാധകരാണ്. ഒപ്പം പങ്കാളികളും. ഞങ്ങള്‍ വരരുതെന്ന് പറയാന്‍ എന്തവകാശം. ഞങ്ങള്‍ വരുന്നത് ഫുട്‌ബോള്‍ കാണാനും മറ്റുമാണ്. താരങ്ങള്‍ കളിക്കാനും. ഒരോരുത്തരും അവരവരുടെ ജോലിയില്‍ ശ്രദ്ധിക്കൂ-സംഘത്തലൈവി ടീനാ മൂര്‍ പറയുന്നു.
എന്തായാലും വാഗ്‌സ് എത്തുമെന്ന് ഉറപ്പായി. ഇനി പെടാപ്പാട് ഇംഗ്ലീഷ് ഫുട്‌ബോള്‍ മാനേജ്‌മെന്റിനാണ്. എതിര്‍ താരങ്ങളുടെ കടുത്ത ടാക്ലിംഗില്‍ പോലും പതറാത്ത സൂപ്പര്‍ താരങ്ങളുടെ ''കണ്‍ട്രോള്‍'' പോകാതെ നോക്കണമല്ലോ.

ഉറക്കം കെടുത്താന്‍ അവര്‍ വരുന്നുSocialTwist Tell-a-Friend

0 comments: