Wednesday, February 2, 2011

ഈഡന്‍ ഗാര്‍ഡന്‍സ്: വിവാദങ്ങളുടെ ഏദന്‍ തോട്ടം


ബൈബിളിലെ ഏദന്‍ തോട്ടവും എന്നും വിവാദങ്ങളുടെ ഭൂമികയായിരുന്നു. ആദത്തെയും അദ്ദേഹത്തിന്റെ വാരിയെല്ലെടുത്ത് ഹവ്വായെയും ദൈവം പടച്ചുവിട്ട പുണ്യഭൂമിയിലാണ് സാത്താന്റെ പ്രലോഭനത്തില്‍ മനുഷ്യന്‍ ആദ്യം വഴങ്ങിയത്. കാലമേറെ കഴിഞ്ഞെങ്കിലും ലോകമേറെ മാറിയിട്ടും അഭിനവ ഏദനും വിവാദങ്ങളില്‍നിന്ന് മാറിനില്‍ക്കാന്‍ കഴിയുന്നില്ല. ക്രിക്കറ്റിന്റെ ഏദന്‍ തോട്ടമായ കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സാണ് വിവാദങ്ങളുടെ ഒഴിയാത്ത ചരിത്രവുമായി വീണ്ടും വാര്‍ത്തകളില്‍ നിറയുന്നത്.
ഇന്ത്യക്കും പണക്കിലുക്കത്തിന്റെ കാര്യത്തില്‍ ഫിഫയെപ്പോലും വെല്ലുവിളിക്കുന്ന ബി.സി.സി.ഐയ്ക്കും നാണക്കേട് സമ്മാനിച്ച് ലോകകപ്പ് ക്രിക്കറ്റിലെ ഇന്ത്യ-ഇംഗ്ലണ്ട് മത്സരത്തിന് വേദിയാകുന്നതില്‍ നിന്ന് ഈഡന്‍ ഗാര്‍ഡന്‍സിനെ കഴിഞ്ഞ ദിവസം ഐ.സി.സി. വിലക്കിയതാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകത്തെ ചൂടന്‍ സംസാരവിഷയം. ഇന്ത്യയുടെ പല ഐതിഹാസിക വിജയങ്ങള്‍ക്കും അവിസ്മരണീയങ്ങളായ ഒട്ടേറെ മുഹൂര്‍ത്തങ്ങള്‍ക്കും സാക്ഷ്യം വഹിച്ചിട്ടുള്ള ഈഡന് ഈ ഗതിവന്നതില്‍ പരിതപിക്കാനും പരസ്പരം ചെളിവാരിയെറിയാനും സംഘാടകര്‍ ശ്രമിക്കുമ്പോള്‍ കൊല്‍ക്കത്തയിലെ ക്രിക്കറ്റ് പ്രേമികള്‍ക്കാണ് ഏറെ സങ്കടം. ഈഡനിലെ നിര്‍മാണങ്ങള്‍ സമയബന്ധിതമായി തീര്‍ക്കാന്‍ കഴിയാത്തതിന്റെ നാണക്കേട് ആരുടെ തലയില്‍ കെട്ടിവയ്ക്കുമെന്നാണ് സംഘാടകര്‍ ആലോചിക്കുന്നത്. ഇതാദ്യമായല്ല ഈഡന്‍ ഗാര്‍ഡന്‍സ് ഇത്തരത്തില്‍ നാണക്കേട് നേരിടുന്നത്.

1966-67: ഇന്ത്യ-വിന്‍ഡീസ് രണ്ടാം ടെസ്റ്റ്


ലോകകപ്പ് വേദിയാകുന്നതില്‍ നിന്നൊഴിവാക്കപ്പെട്ട ഈഡന്‍ ഗാര്‍ഡന്‍സ് ആദ്യ ലോകകപ്പിന് മുമ്പ് തന്നെ വിവാദങ്ങളില്‍ ഇടംപിടിച്ചിരുന്നു. 1966-67 സീസണില്‍ നടന്ന ഇന്ത്യ-വിന്‍ഡീസ് രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലാണ് സ്‌റ്റേഡിയത്തില്‍ ആദ്യമായി കലാപക്കൊടി ഉയര്‍ന്നത്. സീറ്റിംഗ് കപ്പാസിറ്റിയെക്കാള്‍ കൂടുതല്‍ ടിക്കറ്റുകള്‍ സംഘാടകര്‍ വിറ്റതാണ് പ്രശ്‌നങ്ങള്‍ക്കു കാരണം. ടിക്കറ്റ് വാങ്ങിയിട്ടും സീറ്റ് ലഭിക്കാതെ വന്ന കാണികള്‍ അക്രമാസക്തരാകുകയായിരുന്നു. ഇവരെ നേരിടാന്‍ പോലീസും തീരുമാനിച്ചതോടെ പ്രശ്‌നം ഗുരുതരമായി.
പോലീസിനെ ആക്രമിച്ച കാണികള്‍ ഗ്രൗണ്ടില്‍ കടന്ന അക്രമമഴിച്ചു വിട്ടു. ഗാലറിയിലെ കസേരകളും മറ്റും ഗ്രൗണ്ടില്‍ എത്തിച്ചു തീയിട്ട കാണികള്‍ പിച്ചിനു നടടുവില്‍ കുഴികുത്തുകയും ചെയ്തു. കാണികളുടെ അക്രമത്തില്‍ നിന്ന് സ്വന്തം രാജ്യത്തിന്റെ പതാക സംരക്ഷിക്കാന്‍ അന്നത്തെ വിന്‍ഡീസ് ടീമംഗം കോണ്‍റാഡ് ഹണ്ട് കൊടിമരത്തില്‍ വലിഞ്ഞു കയറി പതാക അഴിച്ചെടുത്ത് ഓടിരക്ഷപെട്ടത് തലക്കെട്ടുകളില്‍ ഇടം പിടിച്ചിരുന്നു.

1969-70: ഇന്ത്യ-ഓസ്‌ട്രേലിയ നാലാം ടെസ്റ്റ്


66-ലെ കലാപത്തിനു ശേഷം മൂന്നു വര്‍ഷം കഴിഞ്ഞാണ് ഈഡന് മറ്റൊരു മത്സരം ലഭിച്ചത്. ഓസ്‌ട്രേലിയയുടെ ഇന്ത്യന്‍ പര്യടനത്തിലെ നാലാം ടെസ്റ്റാണ് അന്ന് കൊല്‍ക്കത്തയില്‍ നടന്നത്. ഇതിലും ടിക്കറ്റ് പ്രശ്‌നമാണ് വിനയായത്. രാത്രിമുഴുവന്‍ ടിക്കറ്റിനായി ക്യൂ നിന്ന കാണികള്‍ ടിക്കറ്റ് വില്‍പ്പന ആരംഭിച്ചതോടെ അക്രമാസക്തരാകുകയായിരുന്നു. പോലീസ് ഇടപെട്ടാണ് കലാപം അടിച്ചൊതുക്കിയത്. കലാപത്തില്‍ ആറുപേര്‍ കൊല്ലപ്പെട്ടു. പിന്നീട് മത്സരം യഥാസമയം ആരംഭിച്ചു. അതിനിടയിലും കലാപം ഉണ്ടായി. ഗാലറിയില്‍ ഇരുന്നവര്‍ താഴെത്തട്ടിലിരുന്നവര്‍ക്കു നേരെ കല്ലെറിഞ്ഞതാണ് പ്രശ്‌നമുണ്ടാക്കിയത്.

1984-85: ഇന്ത്യ-ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റ്


ലോകചാമ്പ്യന്മാരായ ശേഷം ക്രിക്കറ്റിന്റെ തറവാട്ടുകാര്‍ക്ക് ആതിഥ്യമരുളുകയായിരുന്നു ഇന്ത്യ. ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തില്‍ മൂന്നാം ടെസ്റ്റായിരുന്നു ഈഡനില്‍ നടന്നത്. മത്സരത്തിനുള്ള ടീമില്‍ നിന്ന് കപില്‍ ദേവിനെ ഒഴിവാക്കിയതാണ് അന്ന് കാണികളെ ചൊടിപ്പിച്ചത്. ഇതോടെ ഈഡന്‍ ഒന്നടങ്കം ിന്ത്യന്‍ നായകന്‍ സുനില്‍ ഗാവസ്‌കറിന് എതിരാകുകയായിരുന്നു. എരിതീയില്‍ എണ്ണയെന്നോണം ഏഴു വിക്കറ്റ് നഷ്ടപ്പെടുത്തി 437 റണ്‍സ് എടുക്കാന്‍ ഇന്ത്യക്ക് വേണ്ടിവന്നത് 200 ഓവര്‍. അഞ്ചാം വിക്കറ്റില്‍ ഓവറില്‍ രണ്ടു റണ്‍സില്‍ താഴെയെന്ന നിലയില്‍ രവി ശാസ്ത്രി-മുഹമ്മദ് അസ്ഹറുദ്ദീന്‍ കൂട്ടുകെട്ട് നേടിയ 214 റണ്‍സാണ് കാണികളെ ദേഷ്യം പിടിപ്പിച്ചത്. ഇതോടെ ഗാവസ്‌കറിന് എതിരായ മുദ്രാവാക്യങ്ങളുമായി ഈഡന്‍ ഒന്നടങ്കം ഉണര്‍ന്നു.
ഇതിനിടെ ഡ്രസിംഗ് റൂമിന് പുറത്ത് ഗാവസ്‌കര്‍ എത്തിയപ്പോള്‍ അദ്ദേഹത്തിനു നേര്‍ക്ക് ചീഞ്ഞ ആപ്പിള്‍ എറിയാനും ചിലര്‍ മുതിര്‍ന്നു. നാലാം ദിനം ലഞ്ച് കഴിഞ്ഞിട്ടും ഗാവസ്‌കര്‍ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്തിരുന്നില്ല. ഡിക്ലയര്‍ ചെയ്ത് ഫീല്‍ഡിലിറങ്ങിയാല്‍ കാണികള്‍ തന്നെ കൈകാര്യം ചെയ്യുമെന്ന ഭീതിയാലായിരുന്നു ഇതെന്ന് അന്ന് ആരോപണമുയര്‍ന്നിരുന്നു. ഇത് പിന്നീട് ഗാവസ്‌കര്‍ നിഷേധിച്ചു.

1995-96: ഇന്ത്യ -ശ്രീലങ്ക ലോകകപ്പ് സെമി


ലോകകപ്പിലെ സെമി പോരാട്ടത്തില്‍ ശ്രീലങ്ക ഉയര്‍ത്തിയ 252 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യ എട്ടിന് 120 എന്ന നിലയില്‍ തകര്‍ന്നതോടെയാണ് ഈഡന്റെ ക്ഷമ നശിച്ചത്. വെറും 22 റണ്‍സിന് ഏഴു വിക്കറ്റ് പൊഴിയുന്നത് കണ്ട കാണികള്‍ക്ക് ഇരുപ്പുറച്ചില്ല. അവര്‍ കുപ്പിയും കല്ലുമൊക്കെ ഗ്രൗണ്ടിലേക്ക് വലിച്ചെറിഞ്ഞതോടെ മത്സരം നിര്‍ത്തിവച്ചു. പിന്നീട് ഇരു ടീമുകളും ഗ്രൗണ്ടിലിറങ്ങി കാണികളെ സമാധാനിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഫലവത്തായില്ല. ഇതിനേത്തുടര്‍ന്ന് മത്സരം ശ്രീലങ്ക ജയിച്ചതായി പ്രഖ്യാപിക്കുകയായിരുന്നു. മത്സരം നിര്‍ത്തിയപ്പോള്‍ കണ്ണീരോടെ മടങ്ങുന്ന വിനോദ് കാംബ്ലിയുടെ ചിത്രം പിന്നീട് 1996 ലോകകപ്പിന്റെ ദുരന്ത ചിത്രമായി മാറി.

1999: ഇന്ത്യ പാകിസ്താന്‍ ഏഷ്യന്‍ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്


ഏഷ്യന്‍ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ പാകിസ്താന്‍ ഉയര്‍ത്തിയ 279 റണ്‍സ് ലക്ഷ്യത്തിലേക്ക് കുതിക്കുകയായിരുന്ന ഇന്ത്യന്‍ ഇന്നിംഗ്‌സിലെ ഒരു വിക്കറ്റ് വീഴ്ചയാണ് അന്ന് കലാപത്തിനു തിരികൊളുത്തിയത്. ഏഴു റണ്‍സുമായി നിന്ന സച്ചിന്‍ തെണ്ടുല്‍ക്കര്‍ റണ്ണൗട്ടായതാണ് കാരണം. സച്ചിന്‍ റണ്‍സ് പുര്‍ത്തിയാക്കിയിരുന്നു. എന്നാല്‍ ഇതിനിടയില്‍ പാക് ബൗളര്‍ ഷുഐബ് അക്തറുമായി കൂട്ടിയിടച്ച സച്ചിന്‍ ക്രീസിനു വെളിയിലായി. ഈ സമയത്താണ് പന്ത് സ്റ്റംപ് തകര്‍ത്തത്.
പാക് താരങ്ങളുടെ അപ്പീലിനിടയില്‍ അമ്പയര്‍ സ്റ്റീവ് ബക്‌നര്‍ തീരുമാനം മൂന്നാം അമ്പയറിനു വിട്ടു. ടി.വി. അമ്പയര്‍ സച്ചിനെ പുറത്താക്കിയതോടെ ചതി, ചതി എന്നുറക്കെ വിളിച്ചു കാണികള്‍ പ്രകോപിതരാകുകയായിരുന്നു.
ഷുഐബിനു നേര്‍ക്ക് കപ്പിയും കല്ലും വലിച്ചറിഞ്ഞ കാണികളെ ശാന്തരാക്കാന്‍ ഒടുവില്‍ സച്ചിന്‍ ഗ്രൗണ്ടിലിറങ്ങി അഭ്യര്‍ഥിക്കേണ്ടി വന്നു. മത്സരം പുനരാരംഭിച്ചെങ്കിലും പിന്നീട് ഇന്ത്യ ബാറ്റിംഗ് നിര തകര്‍ന്നതോടെ കാണികള്‍ വീണ്ടും പ്രശ്‌നമുണ്ടാക്കി. ഒടുവില്‍ കാണികളെ പുറത്താക്കിയതിനു ശേഷമാണ് മത്സരം പൂര്‍ത്തിയാക്കിയത്.

2008 ഐ.പി.എല്‍.: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഡെക്കാന്‍ ചാര്‍ജേഴ്‌സ്


ലോ സ്‌കോറിംഗ് മത്സരത്തില്‍ കൊല്‍ക്കത്ത ഡെക്കാനെ മറികടന്നെങ്കിലും മത്സരത്തിനായി തയാറാക്കിയ പിച്ചാണ് അന്ന് വില്ലനായത്. അപ്രതീക്ഷിത ബൗണ്‍സുമായി അപകടകരമായ രീതിയില്‍ സ്വഭാവം മാറിയ പിച്ചില്‍ ഏറെ പണിപ്പെട്ടാണ് ബാറ്റ്‌സ്മാന്മാര്‍ മത്സരം പൂര്‍ത്തിയാക്കിയത്.
മത്സരത്തിനിടെ ഇഷാന്ത് ശര്‍മയുടെ പന്ത് കൊണ്ട് പരുക്കേറ്റ വി.വി.എസ്. ലക്ഷ്മണ്‍ ''ഞെട്ടിപ്പിക്കുന്ന ബൗണ്‍സ്'' എന്നാണ് പ്രതികരിച്ചത്. ഒടുവില്‍ 20 പന്തില്‍ നിന്ന് 22 റണ്‍സ് കൊല്‍ക്കത്തയ്ക്ക് വേണമെന്നിരിക്കെ ഫ്‌ളിഡ് ലൈറ്റ് ഓഫായതും മത്സരത്തിന്റെ ശോഭ കെടുത്തി.

2009: ഇന്ത്യ-ശ്രീലങ്ക നാലാം ഏകദിനം


ഒരിക്കല്‍ കൂടി ഫ്‌ളിഡ് ലൈറ്റാണ് ഈഡനെ പഴികേള്‍പ്പിച്ചത്. 49.2 ഓവറില്‍ ആറിന് 307 റണ്‍സ് എന്ന നിലയില്‍ ശ്രീലങ്ക ബാറ്റ് ചെയ്യുമ്പോഴാണ് ലൈറ്റ് മിഴിയടച്ചത്. തുടര്‍ന്ന് 26 മിനിറ്റിനു ശേഷമാണ് മത്സരം ആരംഭിക്കാനായത്. സ്‌റ്റേഡിയം സംരക്ഷിക്കുന്നതില്‍ ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ വരുത്തിയ പിഴവുകളാണ് പ്രശ്‌നത്തിനു കാരണമായതെന്ന് പിന്നീട് വ്യക്തമായിരുന്നു.

ഈഡന്‍ ഗാര്‍ഡന്‍സ്: വിവാദങ്ങളുടെ ഏദന്‍ തോട്ടംSocialTwist Tell-a-Friend