Sunday, October 16, 2011

'നമ്മളി'ലൊരാളായി വീണ്ടും...


ഫോട്ടോ: പി.ആര്‍. രാജേഷ്

മലയാള സി
നിമയില്‍ ശ്രദ്ധേയമായ തിരിച്ചു
വരവുകള്‍ നടത്തിയ താരങ്ങളുടെ നിരയിലേക്ക് ഒരാള്‍കൂടി. കമലിന്റെ 'നമ്മളി'ലൂടെ
വന്ന് ഒരുപിടി ചിത്രങ്ങളില്‍ വേഷമിട്ടു വെള്ളിത്തിരയില്‍നിന്നു മാറിനിന്ന ജിഷ്ണു രാഘവന്‍.
തിരിച്ചുവരവുകള്‍ സിനിമാ ലോകത്തിനു പുത്തരിയല്ല.
ചാരത്തില്‍നിന്ന് അഗ്നിയായി ജ്വലിച്ചുയര്‍ന്നവര്‍ ഇവിടെ ഒട്ടേറെയാണ്. മഹാനടന്‍ മമ്മൂട്ടിയും സൂപ്പര്‍സ്റ്റാര്‍ സുരേഷ് ഗോപിയും മുതല്‍ യുവതാരം കുഞ്ചാക്കോ ബോബന്‍ വരെ ഇത്തരത്തില്‍ വന്‍ തിരിച്ചുവരവുകള്‍ നടത്തിയവരാണ്.
പകയുടെ കനലെരിഞ്ഞ 'ന്യൂഡല്‍ഹി'യില്‍ ജി.കെയായി തിരിച്ചെത്തിയ മമ്മൂട്ടി നടന്നുകയറിയത് മലയാള സിനിമയിലെ താരചക്രവര്‍ത്തിയുടെ സിംഹാസനത്തി

ലേക്കാണ്. ഒരിക്കല്‍ ഊരിവച്ച കാക്കിയെടുത്തണിഞ്ഞ് ''ഓര്‍മയുണ്ടോ ഈ മുഖം'' എന്നു ചോ
ഇവരാരും താരസമ്പന്നമായ കുടുംബപശ്ചാത്തലത്തിന്റെ പിന്മുറക്കാരായി വന്നു മറഞ്ഞ് തിരിച്ചെത്തിയവരല്ല. ഇവിടെയാണ് പഴയകാല നായകന്‍ രാഘവന്റെ മകന്‍ ജിഷ്ണു വേറിട്ടുനില്‍ക്കുന്നത്. കാരണം, ഭരതന്റെ മകന്‍ സിദ്ധാര്‍ഥിനൊപ്പം തുല്യപ്രാധാന്യമുള്ള വേഷവുമായി കമലിന്റെ 'നമ്മള്‍' എന്ന ചിത്രത്തിലൂടെ അരങ്ങേറിയ ജിഷ്ണു അപ്രത്യക്ഷനായതു പെട്ടെന്നാണ്. അതും ലോഹിതദാസ് എന്ന അദ്ഭുത
പ്രതിഭയുടെ ചിത്രത്തില്‍ ശ്രദ്ധേയമായ ഒരു വേഷം ചെയ്തശേഷം. ലോഹിതദാസ് സംവിധാനം ചെയ്ത 'ചക്കരമുത്തി'നു ശേഷം ജിഷ്ണുവിനെ കാണാതായപ്പോള്‍ പ്രേക്ഷകരാരും ഈ ഇടവേള അറിഞ്ഞിരുന്നില്ല എന്നതാണ് സത്യം. അതുകൊണ്ടുതന്നെ ജിഷ്ണു തിരിച്ചുവരുന്നു എന്നു കേള്‍ക്കുമ്പോള്‍ പ്രേക്ഷകരിലാര്‍ക്കും അദ്ഭുതമില്ല. കാരണം നമ്മളിലൊരാളായി ജിഷ്ണു ഇവിടെയുണ്ടായിരുന്നു.ദിച്ച് 'ഭരത്ചന്ദ്രന്‍ ഐ.പി.എസാ'യി തിരിച്ചെത്തിയത് സുരേഷ് ഗോപിയായിരുന്നു. ഇതിനുശേഷം 'ഗുലുമാലു'മായി യുവതാരം കുഞ്ചാക്കോ ബോബനും തിരിച്ചെത്തി. ഇന്ത്യന്‍ സിനിമയുടെ ബിഗ് ബി ആയ സാക്ഷാല്‍ അമിതാഭ് ബച്ചനുപോലും തന്റെ കരിയറില്‍ ഇങ്ങനെയൊരു ഏട് കൂട്ടിച്ചേര്‍ക്കാനുണ്ട്.
ചുരുക്കം ചിലര്‍ക്കും ജിഷ്ണുവിനും മാത്രം അറിയാമായിരുന്ന ഈ ഇടവേളയെക്കുറിച്ചും തിരിച്ചുവരവിനെക്കുറിച്ചും ജിഷ്ണുവിന് പറയാനേറെയുണ്ട്. കേള്‍ക്കാന്‍ നമുക്കും...

? 2006-ല്‍ 'ചക്കരമുത്തി'ലാണല്ലോ ജിഷ്ണുവിനെ അവസാനമായി കണ്ടത്. പിന്നീട് 'യുഗപുരുഷ'നില്‍ ഒരു ചെറുവേഷത്തിലും. അതിനുശേഷം
നീണ്ട ഇടവേള. എവിടേയ്ക്കായിരുന്നു മുങ്ങിയത്.

ഠ മുങ്ങിയതൊന്നുമല്ല. ഒരു ദൗത്യവുമായി അല്‍പകാലം മാറിനിന്നതാണ്. ദൗത്യം എന്നൊക്കെ പറയാമോ എന്നറിയില്ല. ഒരു സുഹൃത്തുമായുള്ള സംസാരമാണ് എന്റെ ജീവിതം മാറ്റിയത്. അദ്ദേഹം ഒരു മിഷന്റെ ഭാഗമായി പ്രവര്‍ത്തിക്കുകയായിരുന്നു. ഐടി വിദ്യാഭ്യാസം സാധാരണക്കാരിലേക്ക് എത്തിക്കുകയെന്ന മിഷന്‍. കേട്ടപ്പോള്‍ വളരെ രസകരമായിത്തോന്നി. അതില്‍ പങ്കാളിയാകണമെന്നും ആ
ഗ്രഹിച്ചു. അങ്ങനെ അവരുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുകയായിരുന്നു ആ കാലയളവില്‍.

? എന്തായിരുന്നു ആ മിഷന്‍? എങ്ങനെയായിരുന്നു പ്രവര്‍ത്തനം?

ഒരു സൊസൈറ്റി രൂപീകരിച്ചുള്ള പ്രവര്‍ത്തനമായിരുന്നു. ഇന്ത്യയിലെ എല്ലാ ജില്ലകളിലെയും ഗ്രാമങ്ങളില്‍ ചെന്നെത്തിയുള്ള പ്രവര്‍ത്തനം. ഐടി വിദ്യാഭ്യാസം സാധരണക്കാരിലേക്ക് എത്തിക്കാനുള്ള ശ്രമം. ഗ്രാമീണര്‍ക്കു വിദ്യാഭ്യാസംതേടി പോകേണ്ട സാഹചര്യമൊരുക്കാതെ അവരുടെ അടുത്തേക്കു സാങ്കേതിക വിദ്യാഭ്യാസം എത്തിക്കുകയെന്നതായിരുന്നു ലക്ഷ്യം. രാജ്യമൊട്ടാകെ സഞ്ചരിച്ചു. കമ്പനിയെന്നു പറയാനാകില്ലെങ്കിലും ഒരു ട്രസ്റ്റ്; അതിന്റെ സി.ഇ.ഒ. വരെയായി ഞാന്‍. അതിന്റേതായ ഉത്തരവാദിത്തങ്ങള്‍. അതുമായി
മുന്നോട്ടുപോകുമ്പോള്‍ സിനിമയില്‍നിന്ന് ഒഴിഞ്ഞുനിന്നു അത്രമാത്രം.

? സിനിമ പൂര്‍ണമായും മനസില്‍നിന്ന് അകറ്റിയായിരുന്നോ അഞ്ചു വര്‍ഷത്തോളം കഴിഞ്ഞത്. നടന്‍ രാഘവന്റെ മകന്‍ എന്ന നിലയില്‍ ചെറുപ്രായത്തിലെ സിനിമയുമായി ബന്ധമുള്ള ജിഷ്ണുവിന് അത് എളുപ്പത്തില്‍ സാധിക്കാനായോ.

സിനിമയെ അകറ്റിനിര്‍ത്തി എന്നു പറയില്ല. ഞാന്‍ പറഞ്ഞില്ലേ സി.ഇ.ഒ. ഒക്കെയായി പ്രവര്‍ത്തിക്കുമ്പോള്‍ അതി
ന്റേതായ ഉത്തരവാദിത്തങ്ങള്‍ ഉണ്ടായിരുന്നു. സിനിമയുമായി മുന്നോട്ടുപോയാല്‍ പലപ്പോഴും അതിനു സാധിച്ചെന്നുവരില്ല. അതിനാല്‍ വിട്ടുനിന്നു എന്നു മാത്രം. കൂട്ടുകാര്‍ക്ക് അതൊരു വിഷമമായിരുന്നു. അവര്‍ പലപ്പോഴും സിനിമ ചെയ്യണമെന്നു പ്രേരിപ്പിച്ചിരുന്നു. പിന്നെ, ഈ സമയത്ത് ശ്രദ്ധേയമായ ഓഫറുകള്‍ എന്നെ തേടി വന്നിരുന്നില്ല എന്നതും വിട്ടുനില്‍ക്കലിനു കാരണമായിരുന്നിരിക്കാം. വന്നതെല്ലാം ഒരേ ടൈപ്പ് കഥാപാത്രങ്ങള്‍. അതിനു താല്‍പര്യമില്ലായിരുന്നു.

? ഇപ്പോള്‍ ഒരു തിരിച്ചുവരവ്. അതെങ്ങനെ? ദൗത്യങ്ങള്‍ തീര്‍ന്നപ്പോഴുള്ള മടങ്ങിവരവ് മാത്രമാണോ.

തിരിച്ചുവരവ് എന്നും മനസിലുണ്ടായിരുന്നു. സിനിമകള്‍ ചെയ്യാതിരുന്നപ്പോള്‍ പലരും എന്നെ ശാസിച്ചിട്ടുണ്ട്. പ്രത്യേകിച്ചു
മമ്മൂക്ക(മമ്മൂട്ടി). കാണുമ്പോഴൊക്കെ ശാസിക്കുമായിരുന്നു ജിഷ്ണു, എന്താ നിന്റെ ഭാവം. സിനിമ നീ ഗൗരവമായി കാണണം എന്നൊക്കെ മമ്മൂക്ക ഉപദേശിക്കും. അതു കേള്‍ക്കുമ്പോള്‍ മടങ്ങിവരണമെന്നു മോഹം ഉദിച്ചിരുന്നു. അങ്ങനെ കഴിയുമ്പോഴാണ് സുഗീതിന്റെയും(സംവിധായകന്‍, ചിത്രം: ഓര്‍ഡിനറി) സിദ്ദുവിന്റെയും(സിദ്ധാര്‍ഥ്) സിനിമകളിലേക്ക് എന്നെ ക്ഷണിക്കുന്നത്. ഇരുവരുമായുള്ള അടുത്ത സൗഹൃദവും മടങ്ങിവരണമെന്നുള്ള മോഹവും കൂടിയായതോടെ ഇതാണു സമയം എന്നു തീരുമാനിച്ചു.

? തിരിച്ചുവരവ് എപ്പോഴും ചലഞ്ചിംഗ് ആണല്ലോ? ജിഷ്ണു തിരിച്ചുവരവിനു തെരഞ്ഞെടുത്തത് പുതുമുഖങ്ങള്‍ ഒരുക്കുന്ന സിനിമയും. എന്തുകൊണ്ടാണിങ്ങനെ? പുതുമുഖങ്ങള്‍ പുതുമ സമ്മാനിക്കും എന്നതാണോ കാരണം.

ശരിയാണ്. തിരിച്ചുവരവുകള്‍ എപ്പോഴും ചലഞ്ചിംഗ് തന്നെ. മികച്ച രണ്ടാം വരവുകള്‍ നട
ത്തിയത് അപൂര്‍വം പേര്‍ മാത്രമാണല്ലോ. 'ന്യൂഡല്‍ഹി'യില്‍ മമ്മൂക്കയും 'ഭരത്ചന്ദ്ര'നില്‍ സുരേഷ് ഗോപിയും 'ഗുലുമാലി'ലൂടെ ചാക്കോച്ചനും എല്ലാം മികച്ച തിരിച്ചുവരവുകള്‍ നടത്തിയവരാണ്. എ
ന്നെ സംബന്ധിച്ച് തിരിച്ചുവര
വിനെക്കുറിച്ച് അധികമൊന്നും സ്വപ്നം കണ്ടിട്ടില്ല. മികച്ച വേഷങ്ങള്‍ ചെയ്യണമെന്നു മാത്രം ആഗ്രഹിക്കുന്നു. പുതുമുഖങ്ങളുടെ സിനിമ തെരഞ്ഞെടുത്തത് അങ്ങനെയൊന്നും മുന്നില്‍ക
ണ്ടല്ല. സുഗീത് എന്റെ സുഹൃത്താണ്. 'നമ്മള്‍'ന്റെ സെറ്റില്‍ മുതലുള്ള പരിചയമാണ്. സുഗീത് വിളിച്ച് സിനിമയില്‍ ഒരു വേഷം ചെയ്യണമെന്നു പറഞ്ഞു; ഞാന്‍ സമ്മതിച്ചു. അത്രമാത്രം. പിന്നെ പുതുമ. തീര്‍ച്ചയായും പു
തമയുള്ള ചിത്രമാണ് ഓര്‍ഡിനറി. പുതിയ പ്രമേയം, പുതിയ താരങ്ങള്‍, പുതിയ അണിയറക്കാര്‍.

? കമല്‍ സംവിധാനം ചെയ്ത 'നമ്മള്‍' ജിഷ്ണുവിന്റെ ആദ്യത്തെ ചിത്രമാണ്. സുഗീതിന്റെ രണ്ടാമത്തേതും(അസോസിയേറ്റ് ഡയറക്ടര്‍ എന്ന നിലയില്‍). ഇപ്പോള്‍ സുഗീത് സ്വതന്ത്രമായി ചെയ്യുന്ന ആദ്യ ചിത്രം ജിഷ്ണുവിന്റെ തിരിച്ചുവരവിലെ ആദ്യ ചിത്രവുമായി. ഇതു യാദൃശ്ചികമാണോ? അതോ നിങ്ങള്‍ തമ്മില്‍ അത്രനല്ല കെമിസ്ട്രിയാണോ.

യാദൃശ്ചികമാണോ അല്ലയോ എന്ന് എനിക്കറിയില്ല. ഈ ചോദ്യം എന്നോടു പലരും ചോദിച്ചിരുന്നു. സുഗീത് എന്റെ അടുത്ത സുഹൃത്തുക്കളില്‍ ഒരാളാണ്. 'നമ്മള്‍'ന്റെ സെറ്റില്‍വച്ചാണ് പരിചയപ്പെടുന്നത്. കമല്‍ സാര്‍ തന്റെ സിനിമ
കളുടെ സീനുകള്‍ക്കെല്ലാം എല്ലാം ഒറിജിനാലിറ്റി വേണമെന്നു ശഠിക്കുന്ന ഒരാളാണ്. 'നമ്മള്‍'ന്റെ സെറ്റിലും ഇതേ പോലെയായിരുന്നു. കോളജിലെ അടിപൊളി സീനുകളും അമ്മയെ തിരിച്ചറിയുന്ന സെന്റിമെന്റല്‍ സീനുകളും എല്ലാം ഇങ്ങനെ ഒറിജിനാലിറ്റിയോടെ ചിത്രീകരിച്ചതാണ്. ഇതിനായി സെറ്റ് തന്നെ ആ മൂഡില്‍ എത്തിക്കും. കമല്‍ സാറിന്റെ ഓരോ നിര്‍ദേശങ്ങളും ശരിയായി മനസിലാക്കി സുഗീത് കാര്യങ്ങള്‍ നീക്കുന്നത് ഞാന്‍ അന്നു കണ്ടിട്ടുണ്ട്. പിന്നീട് ഞങ്ങള്‍ അടുത്ത സുഹൃത്തുക്കളായി. ഓര്‍ഡിനറിയുടെ പണിപ്പുരയിലായിരുന്നപ്പോള്‍ അണിയറയിലെ ഓരോ കാര്യങ്ങളും സുഗീത് പറയുമായിരുന്നു. ചിത്രത്തിന്റെ ഓരോ ഘട്ടങ്ങളും അങ്ങനെ എനിക്കു മനസിലായിട്ടുണ്ട്. പിന്നെ സുഗീതും ടീമും ഇതിനായി എടുത്ത പരിശ്രമങ്ങളും നന്നായി അറിയാം. സിനിമയിലേക്ക് സുഗീത് എന്നെ ക്ഷണിച്ചപ്പോള്‍ അതുകൊണ്ടുതന്നെ വളരെ സന്തോഷത്തോടെയാണ് ഞാന്‍ സ്വീകരിച്ചത്.

? സിദ്ധാര്‍ഥുമായും ഇതേ കെമിസ്ട്രിയാണെന്നു തോന്നുന്നു. ആദ്യം നിങ്ങള്‍ ഒരുമിച്ച് സിനിമയിലേക്ക്. ഇപ്പോള്‍ സിദ്ധാര്‍ഥിന്റെ ആദ്യ സംവിധാനസംരംഭത്തില്‍ ജിഷ്ണു അഭിനയിക്കാനൊരുങ്ങുന്നു.

ശരിയാണ്. സിദ്ദുവുമായി വളരെ നല്ല അടുപ്പമാണ്. എന്റെ ബെസ്റ്റ് ഫ്രണ്ട്‌സില്‍ ഒരാള്‍. സുഗീതിന്റെ സിനിമയിലൂടെ തിരിച്ചുവര
വിനൊരുങ്ങുമ്പോഴാണ് സിദ്ദു സംവിധാനം ചെയ്യുന്ന 'നിദ്ര'യിലേക്ക് ക്ഷണിച്ചത്. വളരെ നല്ല കഥയാണ് 'നിദ്ര'യുടേത്. ഞാന്‍ നെഗറ്റീവ് റോളാണ് ഇതില്‍ ചെയ്യുന്നത്. ഇതിനു മുമ്പ് ലോഹിസാറിന്റെ 'ചക്കരമുത്തി'ലാണ് നെഗറ്റീവ് റോള്‍ ചെയ്തിട്ടുള്ളത്. പിന്നെ സിദ്ദുവുമായുള്ള അടുപ്പം. അത് ഒരിക്കലും സിനിമയുടെ ലേബലിലായിരുന്നില്ല. ഞാന്‍ സിനിമയില്‍നിന്നു വിട്ടുനിന്ന സമയത്തും സിദ്ദുവുമായി നല്ല ബന്ധത്തിലായിരുന്നു.

? മുമ്പ് കണ്ട ഗെറ്റപ്പ് അല്ലല്ലോ ജിഷ്ണുവിന് ഇപ്പോള്‍. സിക്‌സ്പായ്ക്ക് ഒക്കെയായി, സൂപ്പര്‍ സ്റ്റാര്‍ പദവിയാണോ ലക്ഷ്യം.

സിക്‌സ് പായ്ക്ക് ഒന്നുമല്ല. ഗെറ്റപ്പ് മാറി. അത് അങ്ങനെ സംഭവിച്ചുപോയതാണ്. സൂപ്പര്‍ സ്റ്റാര്‍ പദവി ഒരിക്കലും ഞാന്‍ ലക്ഷ്യമിട്ടിട്ടില്ല. അതു നമ്മള്‍ നേടിയെടുക്കുന്നതല്ലല്ലോ. പ്രേക്ഷകരും മാധ്യമങ്ങളും നല്‍കുന്നതല്ലേ. അതിനു നല്ല സിനിമകള്‍ ചെയ്താല്‍ മാത്രമേ സാധിക്കു. ഗെറ്റപ്പിലും ലാംഗ്വേജിലും ലഭിക്കുന്നതല്ല സൂപ്പര്‍ സ്റ്റാര്‍ പദവി. 'ന്യൂഡല്‍ഹി'യും 'വാത്സല്യ'വും 'കിലുക്ക'വും 'ചിത്ര'വുമെല്ലാം ഇപ്പോഴും നമ്മള്‍ പുതുമയോടെ കാണുന്നില്ലേ. അങ്ങനെ എല്ലാക്കാലവും പ്രേക്ഷകരെ ആകര്‍ഷിക്കാന്‍ കഴിയുന്ന സിനിമകള്‍ ചെയ്യുമ്പോഴാണ് ഒരാള്‍ സൂപ്പര്‍ സ്റ്റാര്‍ ആകുന്നത്. അങ്ങനെയെങ്കില്‍ മലയാള സിനിമയില്‍ മമ്മുക്കയും ലാലേട്ടനും മാത്രമല്ലേ സൂപ്പര്‍ സ്റ്റാറുകള്‍. മറ്റുള്ളവര്‍ക്കും സൂപ്പറാകാം. പക്ഷേ മമ്മുക്കയും ലാലേട്ടനും ചെയ്യുന്നതു പോലെ ഒരിക്കലെങ്കിലും ചെയ്തുകാട്ടണം. എന്നിട്ടു പറയാം സൂപ്പര്‍ സ്റ്റാറെന്ന്.

? സൂപ്പര്‍ താരങ്ങള്‍ യുവാ
ക്കള്‍ക്കു വഴിമാറണമെന്നു പലയിടത്തുനിന്നും കേള്‍ക്കുന്നുണ്ടല്ലോ? പ്രായം ഏറുന്ന സൂപ്പര്‍ താരങ്ങള്‍ പ്രായം മനസിലാക്കി റോളുകള്‍ ചെയ്യണമെന്നും കേള്‍ക്കുന്നു. ജിഷ്ണുവും ഇതേ അഭിപ്രായക്കാരനാണോ.

ഒരിക്കലുമല്ല. കലാജീവിതത്തില്‍ പ്രായത്തിന് എന്ത് അടിസ്ഥാനമാണുള്ളത്. വേഷം പകര്‍ന്നാടാന്‍ പ്രായം തടസമല്ലാതാകുന്നതല്ലേ കലാകാരനെ സംബന്ധിച്ച് ഏറ്റവും വലിയ കാര്യം. അക്കാര്യത്തില്‍ അനുഗ്രഹീതരല്ലേ മമ്മുക്കയും ലാലേട്ടനും. മറ്റു പല ഭാഷകളിലും സൂപ്പര്‍താരങ്ങള്‍ ഇതൊക്കെ ചെയ്യുന്നില്ലേ. അത് ഒരു നടന്റെ കഴിവാണ്. പ്രായം തളര്‍ത്താതെ ഏതു വേഷവും ചെയ്യാന്‍ കഴിയുക; പ്രതിഭയുള്ളവര്‍ക്കു മാത്രമേ അതിനു കഴിയൂ.

? സിനിമാരംഗത്തേക്കു വളരെ എളുപ്പമുള്ള വഴിയായിരുന്നല്ലോ ജിഷ്ണുവിന്. ആരും കൊതിക്കുന്ന തുടക്കവും കിട്ടി. പിന്നീട് എന്താണു സംഭവിച്ചത്. ഇടവേളയില്‍ എപ്പോഴെങ്കിലും ഒരു സ്വയം വിലയിരുത്തല്‍ നടത്തിയിട്ടുണ്ടോ.

തീര്‍ച്ചയായും. ഞാന്‍ എന്നെത്തന്നെ പലപ്പോഴും വിലയിരുത്തിയിട്ടുണ്ട്. എന്റെ കഴിവ് പരമാവധി പുറത്തെടുക്കാന്‍ ശ്രമിച്ചുവെന്നാണ് എന്റെ വിശ്വാസം. കരിയറില്‍ എന്തെങ്കിലും താഴ്ചകളും പോരായ്മകളും ഉണ്ടായിട്ടുണ്ടെങ്കില്‍ അത് എന്റെ കുറ്റംകൊണ്ടാണ്. വളരെ എളുപ്പമുള്ള വഴിയായിരുന്നു രാഘവന്റെ മകന്‍ എന്ന ലേബല്‍. ആദ്യ സിനിമ കമലിനെ പോലൊരാളുടെ സംവിധാനത്തില്‍. അത് സൂപ്പര്‍ ഹിറ്റാകുന്നു. അങ്ങനെ വളരെ സ്മൂത്തായ കയറ്റം. പിന്നീട് എന്താണ് സംഭവിച്ചതെന്ന് അറിയില്ല. ആദ്യം സ്മൂത്തായ വഴിയായതിനാലാകണം ഇടയ്ക്ക് ബ്രേക്ക് ഇടേണ്ടി വന്നത്. ആരോട് എപ്പോള്‍ എന്ത് എങ്ങനെ സംസാരിക്കണമെന്നു പോലും ചിലസമയത്ത് തിരിച്ചറിയാന്‍ പറ്റിയില്ല. അങ്ങനെ വരുമ്പോള്‍ ഞാന്‍ ഉള്‍വ
ലിയുമായിരുന്നു. ചിലര്‍ അതിനെ ജാടയായി കണ്ടു. പക്ഷേ, അതെന്റെ പരിഭ്രമം മൂലം സംഭവിച്ചതാണ്. അങ്ങനെ പലതും. മമ്മുക്ക ഒരിക്കല്‍ പറഞ്ഞിട്ടുണ്ട് അച്ഛന്റെ ഷൂട്ടിംഗ് കാണാന്‍ പോയതിനെക്കുറിച്ച്. അച്ഛന്റെ വലിയ ഫാനായിരുന്നെന്നും നാലു കിലോമീറ്ററോളം നടന്ന് അന്നു സ്റ്റാറായിരുന്ന അച്ഛനെ കാണാന്‍ പോയതിനെക്കുറിച്ചും. ഇന്ന് മമ്മുക്ക എവിടെ നില്‍ക്കുന്നു. കഷ്ടപ്പെട്ട് ഫീല്‍ഡില്‍ വന്ന് പ്രതിഭ തെളിയിച്ചതിന്റെ ഫലമാണ് ഇന്ന് അദ്ദേഹം ലോകമറിയുന്ന താരമായത്. കഷ്ടപ്പാടില്ലാതെ ആര്‍ക്കും വലിയവനാകാന്‍ പറ്റില്ല. എന്റെ കാര്യത്തിലും അതായിരിക്കാം സംഭവിച്ചത്. 'നമ്മളി'നു ശേഷം വന്ന വേഷങ്ങളില്‍ ഭൂരിഭാഗവും ഒരേ ടൈപ്പായിരുന്നു. കുറച്ച് ആയപ്പോള്‍ എനിക്കുതന്നെ മടുത്തു.

? രാഘവന്റെ മകന്‍ എന്ന പേരിനു ദോഷംവരുത്തി എന്നു തോന്നിയിട്ടുണ്ടോ.

ഇല്ല. ഒരിക്കലുമില്ല. ഞാന്‍ കഴിവിനനുസരിച്ചു പ്രകടിപ്പിച്ചു. പോരായ്മയുണ്ടായെങ്കില്‍ അത് എന്റെ മാത്രം കുറ്റമാണ്. ഞാന്‍ പറഞ്ഞില്ലേ. എന്റെ സംഭ്രമങ്ങളും മറ്റും. അത് പലപ്പോഴും എനിക്കു തിരിച്ചടിയായിട്ടുണ്ട്. അല്ലാതെ മറ്റൊന്നും എന്റെ നേര്‍ക്കു ചൂണ്ടിക്കാട്ടാനില്ലെന്നാണു വിശ്വാസം.

? അപ്പോള്‍ സ്വന്തം ഭാഗത്തുനിന്നു തെറ്റുകള്‍ ഉണ്ടായിട്ടുണ്ട്. അതിനു രണ്ടാംവരവില്‍ പ്രായശ്ചിത്തം ചെയ്യാനാണോ തീരുമാനം.

തെറ്റുകള്‍ ഉണ്ടായിട്ടുണ്ട് എന്നു ഞാന്‍ പറഞ്ഞില്ലല്ലോ. പിന്നെ രണ്ടാം വരവില്‍ നല്ല നല്ല വേഷങ്ങള്‍ ചെയ്യണമെന്ന് ആഗ്രഹമുണ്ട്. 'ഓര്‍ഡിനറി'യിലും 'നിദ്ര'യിലും അതു ലഭിച്ചു. തുടര്‍ന്നും അങ്ങനെയായിരിക്കുമെന്നാണു പ്രതീക്ഷ.

? 'ഓര്‍ഡിനറി' ഒരു യൂത്ത് ഫിലിം അല്ലേ. യൂത്തിന്റെ സിനിമ എന്നു പറയുമ്പോള്‍ ക്യാംപസുമൊക്കെയായി ഒരു അടിപൊളി ചിത്രമായിരിക്കണമല്ലോ. സ്റ്റില്‍സ് കണ്ടിട്ട് ഒരു ഗ്രാമീണ ചിത്രമായി തോന്നി.

നല്ല നിരീക്ഷണം. ശരിയാണു പറഞ്ഞത്. ഞാന്‍ നേരത്തെ പറഞ്ഞില്ലേ. പലതുകൊണ്ടും പുതുമ നിറഞ്ഞതാണ് ഓര്‍ഡിനറി. മികച്ച തിരക്കഥയാണ് ചിത്രത്തിന്റേത്. വേറിട്ടൊരു കഥ. പശ്ചാത്തലവും വേറിട്ടതാണ്. തികച്ചും ഗ്രാമീണ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന യൂത്ത് മൂവി. ബാക്കിയെല്ലാം സ്‌ക്രീനില്‍. ഒരു കാര്യം ഗ്യാരണ്ടി. നല്ലൊരു സിനിമയായിരിക്കും ഇത്. പുതുമ നിറഞ്ഞത്. എല്ലാ വിഭാഗക്കാരേയും തൃപ്തിപ്പെടുത്തുന്നത്. 'നിദ്ര'യും നല്ലൊരു കഥയാണ്.

? പുതിയ പ്രോജക്ടുകള്‍.

ഓര്‍ഡിനറി, പിന്നാലെ നിദ്ര. അതിനു ശേഷം മൂന്നു പ്രോജക്ടുകള്‍ ഉണ്ട്. ഒന്ന് ഒരു പുതുമുഖ സംവിധായകന്റേതാണ്. മറ്റുള്ളവ സുഹൃത്തുക്കളുടേതാണ്. അതിന്റെ തിരക്കഥ പുരോഗമിക്കുന്നു. നമ്മളുടെ ഇടയില്‍ കാണുന്നവരാണ് അതിലെ കഥാപാത്രങ്ങള്‍. അതിലെ സംഭവങ്ങള്‍ നമ്മള്‍ ദിനവും കാണുന്നതും. അത്രയ്ക്കും സാധാരണക്കാരന്റെ ജനജീവിതവുമായി ഇണങ്ങിച്ചേര്‍ന്നതാണ് അത്.

ഇന്റര്‍വെല്‍ കഴിഞ്ഞു. രണ്ടാം പകുതിയിലെ സീനുകള്‍ക്കായി ജിഷ്ണു ഒരുങ്ങിക്കഴിഞ്ഞു. പുത്തന്‍ പ്രോജക്ടുകളും പുതിയ പ്രതീക്ഷകളുമായി ജിഷ്ണു മടങ്ങിവരികയാണ്. നമ്മള്‍ക്കിടയിലെ കഥകളുമായി നമ്മള്‍ക്കിടയിലെ കഥാപാത്രങ്ങളാകാന്‍ നമ്മളിലൊരാളായി... ശേഷം സ്‌ക്രീനില്‍...


'നമ്മളി'ലൊരാളായി വീണ്ടും...SocialTwist Tell-a-Friend

Wednesday, March 9, 2011

തലോടേണ്ട; പക്ഷേ തല്ലാതിരുന്നു കൂടെ?


ഇംഗ്ലണ്ടിനോട് ഒരൊറ്റ സമനില വഴങ്ങിയെന്ന കാരണത്താല്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ ലോകകപ്പില്‍നിന്ന് എഴുതി തള്ളാനുള്ള ക്രിക്കറ്റ് പണ്ഡിതരുടെ ശ്രമങ്ങള്‍ വസ്തുതയ്ക്കു നിരക്കുന്നതോ? 338 റണ്‍സടിച്ചിട്ടും ഇംഗ്ലണ്ട് അതിനൊപ്പം പിടിച്ചതാണ് ഇന്ത്യയുടെ സാധ്യതകള്‍ക്കു വിമര്‍ശകര്‍ വിഘാതമായി കാണുന്നത്. ടെസ്റ്റ് പദവിയില്ലാത്ത നെതര്‍ലന്‍ഡ്‌സിനോടു വിറയ്ക്കുകയും അയര്‍ലന്‍ഡിനോടു തോല്‍ക്കുകയും ചെയ്ത ഇംഗ്ലണ്ടിന് വരെ കിരീട സാധ്യത കല്‍പ്പിക്കുമ്പോഴാണ് ഗ്രൂപ്പ് ബിയില്‍ ഒരൊറ്റ മത്സരം പോലും തോല്‍വി വഴങ്ങാത്ത ഏക ടീമായ ഇന്ത്യക്ക് സാധ്യതാ പട്ടികയില്‍ അവസാന ഇടം നല്‍കുന്നത്.
സമീപകാല പ്രകടനങ്ങളും മറ്റും തട്ടിക്കിഴിച്ചു നോക്കിയപ്പോള്‍ കപ്പ് ഇന്ത്യക്കു തന്നെയെന്ന് ഉറപ്പിച്ചവര്‍ ധാരാളം. എന്നാല്‍ ഇന്ത്യയോ? കളിച്ചാല്‍ ജയിക്കാം... എന്ന മട്ടിലാണ് ഇപ്പോള്‍ വിദഗ്ധരുടെ ട്രെന്‍ഡ്. ഇങ്ങനെ വാക്കുമാറാന്‍ ഇവരെ പ്രേരിപ്പിക്കുന്നത് ''തല്ലു വാങ്ങി മടുക്കുന്ന'' ഇന്ത്യന്‍ ബൗളര്‍മാരാണത്രേ. ബംഗ്ലാദേശിനും ഇംഗ്ലണ്ടിനുമെതിരായ മത്സരങ്ങള്‍ കഴിഞ്ഞതോടെ മാധ്യമങ്ങള്‍ക്കെല്ലാം ഒരു പോലെ ധൂര്‍ത്തുപുത്രന്മാരായിക്കഴിഞ്ഞു ഇന്ത്യന്‍ ബൗളര്‍മാര്‍. ഈ നിരയെവച്ചു ധോണിപ്പട അധിക ദൂരം മുന്നോട്ടു പോകില്ലെന്നു തന്നെ അവര്‍ വിധിയെഴുതുന്നു. ബൗളര്‍മാരുടെ ശരീര ഭാഷയും എന്തിന് വിക്കറ്റ് നേടിക്കഴിഞ്ഞുള്ള ആഹ്‌ളാദപ്രകടനം പോലും ''ലോകനിലവാരത്തില്‍'' അല്ലെന്നുവരെ വിമര്‍ശനം ഉയര്‍ന്നു കഴിഞ്ഞു.
എന്നാല്‍ ഇത്ര കണ്ടു വിമര്‍ശിക്കപ്പെടാന്‍ ഇന്ത്യന്‍ ബൗളിംഗ് തീരെ നിലവാരം കെട്ടുപോയോ? ബാറ്റിംഗിനെ തുണയ്ക്കുന്ന പിച്ചൊരുക്കി കളി നടത്തുമ്പോള്‍ ഫ്‌ളാറ്റ് വിക്കറ്റില്‍ ഏതു ബൗളിംഗ് നിരയാണ് തല്ലു കൊള്ളാതെ പോകുക? ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ രണ്ടു മത്സരങ്ങളും നടന്നത് ബാറ്റിംഗിനെ അകമഴിഞ്ഞു പിന്തുണയ്ക്കുന്ന ഫ്‌ളാറ്റ് വിക്കറ്റുകളിലാണ്. റണ്ണൊഴുക്കിന്റെ ആവേശം കാണാന്‍ തിങ്ങിനിറയുന്ന ഗാലറിയും അതില്‍നിന്നു ലഭിക്കുന്ന വരുമാനവും മാത്രം ലക്ഷ്യമിട്ടു പിച്ചൊരുക്കിയപ്പോള്‍ തല്ലും കല്ലേറും കൊള്ളേണ്ടി വന്നത് ബൗളര്‍മാര്‍ക്കാണ്.
സഹീര്‍ ഖാന്‍, മുനാഫ് പട്ടേല്‍, ആശിഷ് നെഹ്‌റ, ശ്രീശാന്ത്, ഹര്‍ഭജന്‍ സിംഗ്, യുവ്‌രാജ് സിംഗ്, യൂസഫ് പഠാന്‍ എന്നിവരാണ് ഇന്ത്യന്‍ ബൗളിംഗിന്റെ ചുക്കാന്‍ പിടിക്കുന്നവര്‍. ലോകകപ്പിനു മുമ്പ് നടന്ന മത്സരങ്ങളിലും ഇവര്‍ തന്നെയായിരുന്നു ഇന്ത്യയെ വിജയത്തിലേക്ക് നടത്തിയിരുന്നത്.
കഴിഞ്ഞ എതാനും നാളുകളായി സഹീര്‍-പ്രവീണ്‍കുമാര്‍ പേസ് സഖ്യവും മൂന്നാം സീമറായി പട്ടേല്‍/നെഹ്‌റ/ശ്രീശാന്ത് ത്രയങ്ങളിലൊരാളും സ്പിന്നര്‍മാരുടെ റോളില്‍ ഹര്‍ഭജന്‍, പഠാന്‍ യുവ്‌രാജ് എന്നിവരുമായിരുന്നു ഇന്ത്യക്കായി ഇറങ്ങിയിരുന്നത്.
ഇതില്‍ പ്രവീണ്‍ കുമാറിനു പകരം ഒരിടവേളയ്ക്കു ശേഷം പീയുഷ് ചൗള എത്തിയതാണ് ലോകകപ്പിനുള്ള ഇന്ത്യന്‍ ബൗളിംഗ് നിരയില്‍ വന്ന ഏക മാറ്റം. മറ്റുള്ളവര്‍ അതേപടി ടീമിലുണ്ട്. അന്ന് മികച്ചവര്‍ ആയിരന്നവര്‍ ഒരു രാത്രി ഇരുണ്ടുവെളുത്തപ്പോഴേക്കും എങ്ങനെ വെറുക്കപ്പെടുന്നവര്‍ ആയി.
ടൂര്‍ണമെന്റില്‍ ഇതുവരെ ഇന്ത്യന്‍ ബൗളര്‍മാര്‍ പരീക്ഷിക്കപ്പെട്ടിട്ടില്ലെന്നതാണ് സത്യം. ഉദ്ഘാടന മത്സരം നടന്ന മിര്‍പ്പൂരിലെ ഷേര ബംഗ്ലാ സ്‌റ്റേഡിയത്തിലെ പിച്ചും രണ്ടാം മത്സരം നടന്ന ബംഗളുരു ചിന്നസ്വാമി സ്‌റ്റേഡിയത്തിലെ പിച്ചും ഏകപക്ഷീയ സ്വഭാവത്തിലുള്ളവയായിരുന്നു. ഇതില്‍ ആദ്യ മത്സരത്തില്‍ ടോസ് ജയിച്ച ബംഗ്ലാദേശ് രണ്ടാമത് ബാറ്റ് ചെയ്യാന്‍ തീരുമാനിച്ചതു പോലും ഇതു മുന്നില്‍ക്കണ്ടാണ്. പകലും രാത്രിയുമായി നടക്കുന്ന മത്സരത്തില്‍ മഞ്ഞിന്റെ സാന്നിദ്ധ്യം രണ്ടാമതു ഫീല്‍ഡ് ചെയ്യുന്ന ടീമിന് വിനയാകുമെന്ന കാരണവും ഈ തീരുമാനത്തിനു പിന്നിലുണ്ട്. ഫ്‌ളാറ്റ് വിക്കറ്റും മഞ്ഞിന്റെ കളികളും പ്രതികൂലമായി ബാധിച്ച മത്സരത്തില്‍ 283 റണ്‍സ് വഴങ്ങിയതാണോ ഇന്ത്യന്‍ ബൗളിംഗ് നിരയ്ക്കു നിലവാരമില്ലെന്നു പറയാന്‍ കാരണം? കഴിഞ്ഞ ലോകകപ്പില്‍ ഇന്ത്യയെ തോല്‍പ്പിച്ച ടീം കൂടിയാണ് ബംഗ്ലാ കടുവകള്‍ എന്നോര്‍ക്കണം.
മത്സരത്തില്‍ അഞ്ചോവര്‍ എറിഞ്ഞു 53 റണ്‍സ് വഴങ്ങിയ ശ്രീശാന്ത് ഒഴികെ ഇന്ത്യയുടെ മറ്റ് സ്‌ട്രൈക്ക് ബൗളര്‍മാരാരും അഞ്ചു റണ്‍സിനു മേലെ ഇക്കണോമി വഴങ്ങിയില്ല. ദക്ഷിണാഫ്രിക്കയുടെ ജാക്ക് കാലിസിനെതിരേ ഒരു മാസം മുമ്പ് അദ്ഭുത പന്തെറിഞ്ഞെന്നു വാഴ്ത്തിയവര്‍ തന്നെയാണ് പ്രതികൂല സാഹചര്യത്തില്‍ നടന്ന ഒരൊറ്റ മത്സരത്തിലെ പ്രകടനം കൊണ്ട് ശ്രീശാന്തിനെ വെറുക്കപ്പെട്ടവനാക്കിയത്. പരിശീലന മത്സരത്തില്‍ കുറഞ്ഞ സ്‌കോര്‍ അടിച്ചിട്ടും പോണ്ടിംഗിന്റെ ഓസ്‌ട്രേലിയയെ കീഴടക്കിയതും ഇതേ ടീം ഇന്ത്യയുടെ ബൗളര്‍മാര്‍ തന്നെയാണ് എന്നോര്‍ക്കണം.

വണ്ടര്‍ ഇംഗ്ലണ്ട്


ലോകകപ്പില്‍ ഇന്ത്യയുടെ രണ്ടാം മത്സരം ഇംഗ്ലണ്ടിനെതിരേ ബംഗളുരുവിലാണ് നടന്നത്. ഇംഗ്ലീഷ് നിരയില്‍ പന്തെറിയുന്നത് ജയിംസ് ആന്‍ഡേഴ്‌സണ്‍, ടിം ബ്രെസ്‌നാന്‍, അഹമ്മദ് ഷഹ്‌സാദ്, ഗ്രയിം സ്വാന്‍ എന്നിവരാണ്. ആഷസ് പരമ്പരയിലെ മിന്നുന്ന പ്രകടനത്തിനു ശേഷമാണ് ഇവര്‍ ലോകകപ്പിനെത്തിയത്. ആന്‍ഡേഴ്‌സണും ബ്രെസ്‌നാനും അടങ്ങുന്ന ഇംഗ്ലീഷ് പേസ് ബാറ്ററി ലോകനിലവാരമുള്ളവരാണെന്നതില്‍ ആര്‍ക്കും സംശയമില്ല. സ്വാനാകട്ടെ കഴിഞ്ഞ വര്‍ഷത്തെ ലീഡിംഗ് വിക്കറ്റ് വേട്ടക്കാരനും. ഈ ബൗളിംഗ് നിരയ്‌ക്കെതിരേ 338 റണ്‍സ് ഇന്ത്യ അടിച്ചു കൂട്ടിയപ്പോള്‍ തന്നെ പിച്ചിന്റെ സ്വഭാവം മനസിലാക്കാം.
300 റണ്‍സിനു മേലുള്ള ടോട്ടല്‍ പോലും അനായാസം ചേസ് ചെയ്യനാകുമെന്ന് ക്യുറേറ്റര്‍ പറഞ്ഞ പിച്ചില്‍, നിലവാരത്തില്‍ മുന്നിലുള്ള ബൗളിംഗ് നിരപോലും തല്ലുവാങ്ങിക്കൂട്ടിയ പിച്ചില്‍ ഇന്ത്യക്ക് ഏറു പിഴച്ചത് നിലവാരമില്ലായ്മ കൊണ്ടാണോ? ബൗളര്‍മാര്‍ ഇതിനെന്തു പിഴച്ചു. അവസാന ഓവറുകളില്‍ വിക്കറ്റ് തുലച്ച ബാറ്റിംഗ് നിരയും ഫീല്‍ഡില്‍ ചോര്‍ച്ചയുള്ള കൈകളും പരിമിതിയില്‍ നിന്നു പോരടിക്കുന്ന ബൗളര്‍മാരുടെ പ്രകടനത്തെ പിന്താങ്ങുകയായിരുന്നില്ലല്ലോ? മറിച്ച് അനായാസം ജയിക്കന്‍ കഴിയുന്ന അവസ്ഥയില്‍നിന്ന് ഇംഗ്ലണ്ടിനെ പിടിച്ചുകെട്ടി ഇന്ത്യയെ വിജയത്തിന്റെ പടിവാതില്‍ക്കലെത്തിച്ച ബൗളര്‍മാരുടെ പോരാട്ട വീര്യത്തെ നമിക്കുകയല്ലേ വേണ്ടത്. ദക്ഷിണാഫ്രിക്കയിലും ഇതേ പോരാട്ടവീര്യം ഇന്ത്യന്‍ ബൗളര്‍മാര്‍ പുറത്തെടുക്കുന്നത് ലോകം കണ്ടത്. 'ആവേശം തീരെയില്ലാത്ത' മുനാഫ് പട്ടേലായിരുന്നു അന്ന് മാജിക് ബൗളര്‍.
തൊട്ടടുത്ത ദിവസം ഇതേ ഗ്രൗണ്ടില്‍ 328 റണ്‍സടിച്ചിട്ടും ഇംഗ്ലീഷ് ബൗളര്‍മാരെ കുഞ്ഞന്മാരായ അയര്‍ലന്‍ഡ് പോലും കൂട്ടക്കശാപ്പ് നടത്തി പിച്ചിന്റെ സ്വഭാവം തുറന്നുകാട്ടി. ഇത്തരത്തിലുള്ള പിച്ചില്‍ എതിരാളികളെ 250-ല്‍ ഒതുക്കി മികവ് കാട്ടണമെന്നു പറയുന്നതില്‍ എന്തു ന്യായമാണുള്ളത്. ബംഗളുരുവിലെ ചത്ത വിക്കറ്റില്‍ രണ്ടു തവണ അടിവാങ്ങിക്കൂട്ടിയ ഇംഗ്ലണ്ട് ചെന്നൈയിലെ ജീവനുള്ള പിച്ചില്‍ ദക്ഷിണാഫ്രിക്കയെ പിച്ചിച്ചീന്തിയത് മുസ്ലി പവര്‍ എക്‌സ്ട്രാ കഴിച്ചിട്ട് ആയിരിക്കില്ലല്ലോ?
ഓസ്‌ട്രേലിയയുടെയും പാകിസ്താന്റെയും ശ്രീലങ്കയുടെയും ബൗളിംഗ് പ്രകടനം ഉയര്‍ത്തിക്കാട്ടിയാണ് വിമര്‍ശകള്‍ ഇന്ത്യക്കെതിരേ തിരിയുന്നത്. എന്നാല്‍ ഇവരുടെ മത്സരങ്ങള്‍ നടന്ന പിച്ചിന്റെ സ്വഭാവം ബംഗളുരുവിലെയും മിര്‍പൂരിലേതിലും വ്യത്യസ്തമാണ്. പന്തിനു സ്വിംഗും ബൗണ്‍സും ലഭിക്കുന്ന പിച്ചില്‍ അവര്‍ വിക്കെറ്റടുക്കുന്നത് കണ്ട് അസൂയ തോന്നുന്നുവെങ്കില്‍ ഇന്ത്യന്‍ നിരയെ കുറ്റപ്പെടുത്തുകയല്ല പ്രതിവിധി. മറിച്ച് മികച്ച പിച്ചൊരുക്കി മത്സരം നടത്തുകയാണ് വേണ്ടത്. ഇത്തരം പിച്ചുകളില്‍ ഇന്ത്യന്‍ താരങ്ങള്‍ മികച്ച പ്രകടനം നടത്തി തങ്ങള്‍ക്കും അതിനാകുമെന്ന് തെളിയിച്ചിട്ടുള്ളതാണ്. ഇന്ത്യ-ഇംഗ്ലണ്ട് മത്സരം നടന്ന ബംഗളുരുവിലെ പിച്ചില്‍ ഒരു മാസ്മരിക പ്രകടനം ആ ടീമുകള്‍ പുറത്തെടുക്കട്ടെ. എന്നിട്ടാകാം താരതമ്യം.

സ്ലെഡ്ജിങ് സ്റ്റാര്‍സ്


പരിശീലന മത്സരത്തില്‍ പോണ്ടിംഗിനെയും അതിനു മുന്‍പ് ദക്ഷിണാഫ്രിക്കയില്‍ ഗ്രെയിം സ്മിത്തിനെയും സ്ലെഡ്ജ് ചെയ്തതിന് ക്യാപ്റ്റന്‍ ധോണിയില്‍നിന്ന് പരസ്യശാസന ഏറ്റുവാങ്ങിയ ശ്രീശാന്തിനെപ്പോലെ മറ്റുള്ളവരും വികാരപ്രകടനം നടത്താത്തതും ഇപ്പോള്‍ വിമര്‍ശന വിധേയമാവുകയാണ്. ഇംഗ്ലണ്ടിനെതിരേ നിര്‍ണായക വിക്കറ്റ് നേടിയ സഹീര്‍ ഖാന്റെയും മറ്റും ആഹ്‌ളാദപ്രകടനം തികഞ്ഞ പക്വതയോടെയുള്ളതാണെന്ന് വിമര്‍ശകര്‍ പോലും അംഗീകരിച്ചതാണ്. എതിര്‍ ബാറ്റ്‌സ്മാനെ സ്ലെഡ്ജ് ചെയ്തതുകൊണ്ടു മാത്രം വിക്കറ്റ് ലഭിക്കില്ലെന്ന പാഠം മികച്ച കളിക്കാര്‍ നേരത്തേതന്നെ മനസിലാക്കിയിട്ടുള്ളതാണ്. ചില ബാറ്റ്‌സ്മാന്‍മാര്‍ക്കെതിരേ പരിമിതമായ രീതിയില്‍ മാത്രം പ്രകടിപ്പിക്കേണ്ട മത്സര തന്ത്രമാണ് സ്ലെഡ്ജിങ്. ഓസ്‌ട്രേലിയയുടെ സ്റ്റീവ് വോയും ഗ്ലെന്‍ മക്ഗ്രാത്തും ഇത് ഫലപ്രദമായി ഉപയോഗിച്ച് വിജയിപ്പിച്ചു കാട്ടിയിട്ടുള്ളവരാണ്.

ദിസ് ടൈം ഫോര്‍ ബെസ്റ്റ് ടീം

കളിക്കുന്ന 14 ടീമുകളില്‍ ആറെണ്ണത്തിനും കിരീടം നേടാന്‍ തുല്യസാധ്യതയുള്ള ലോകകപ്പാണിത്. ഓസ്‌ട്രേലിയന്‍ അപ്രമാദിത്വമില്ല, ദക്ഷിണാഫ്രിക്കന്‍ മേല്‍ക്കോയ്മയില്ല, ഇന്ത്യന്‍ വീര്യവുമില്ല... മറിച്ച് അതാതു ദിവസങ്ങളില്‍ മികച്ച കളി പുറത്തെടുക്കുന്ന ടീം വിജയിക്കുമെന്നുറപ്പ്. ഇവിടെ 300 റണ്‍സടിച്ചാലും വിജയം ഉറപ്പല്ല, 200ന് ഓള്‍ഔട്ടായാല്‍ തോല്‍ക്കുമെന്നും വിശ്വസിക്കേണ്ട. ഇവിടെ കിരീടം ഏറ്റവും മികച്ചവര്‍ക്കുള്ളതായിരിക്കും. അത് ആരാണെന്ന് തെളിയിക്കേണ്ടത് കളിക്കളത്തിലുമാണ്. അല്ലാതെ കണക്കു കൂട്ടലുകളിലും വികാരപ്രകടനങ്ങളിലുമല്ല.

തലോടേണ്ട; പക്ഷേ തല്ലാതിരുന്നു കൂടെ?SocialTwist Tell-a-Friend

Wednesday, February 2, 2011

ഈഡന്‍ ഗാര്‍ഡന്‍സ്: വിവാദങ്ങളുടെ ഏദന്‍ തോട്ടം


ബൈബിളിലെ ഏദന്‍ തോട്ടവും എന്നും വിവാദങ്ങളുടെ ഭൂമികയായിരുന്നു. ആദത്തെയും അദ്ദേഹത്തിന്റെ വാരിയെല്ലെടുത്ത് ഹവ്വായെയും ദൈവം പടച്ചുവിട്ട പുണ്യഭൂമിയിലാണ് സാത്താന്റെ പ്രലോഭനത്തില്‍ മനുഷ്യന്‍ ആദ്യം വഴങ്ങിയത്. കാലമേറെ കഴിഞ്ഞെങ്കിലും ലോകമേറെ മാറിയിട്ടും അഭിനവ ഏദനും വിവാദങ്ങളില്‍നിന്ന് മാറിനില്‍ക്കാന്‍ കഴിയുന്നില്ല. ക്രിക്കറ്റിന്റെ ഏദന്‍ തോട്ടമായ കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സാണ് വിവാദങ്ങളുടെ ഒഴിയാത്ത ചരിത്രവുമായി വീണ്ടും വാര്‍ത്തകളില്‍ നിറയുന്നത്.
ഇന്ത്യക്കും പണക്കിലുക്കത്തിന്റെ കാര്യത്തില്‍ ഫിഫയെപ്പോലും വെല്ലുവിളിക്കുന്ന ബി.സി.സി.ഐയ്ക്കും നാണക്കേട് സമ്മാനിച്ച് ലോകകപ്പ് ക്രിക്കറ്റിലെ ഇന്ത്യ-ഇംഗ്ലണ്ട് മത്സരത്തിന് വേദിയാകുന്നതില്‍ നിന്ന് ഈഡന്‍ ഗാര്‍ഡന്‍സിനെ കഴിഞ്ഞ ദിവസം ഐ.സി.സി. വിലക്കിയതാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകത്തെ ചൂടന്‍ സംസാരവിഷയം. ഇന്ത്യയുടെ പല ഐതിഹാസിക വിജയങ്ങള്‍ക്കും അവിസ്മരണീയങ്ങളായ ഒട്ടേറെ മുഹൂര്‍ത്തങ്ങള്‍ക്കും സാക്ഷ്യം വഹിച്ചിട്ടുള്ള ഈഡന് ഈ ഗതിവന്നതില്‍ പരിതപിക്കാനും പരസ്പരം ചെളിവാരിയെറിയാനും സംഘാടകര്‍ ശ്രമിക്കുമ്പോള്‍ കൊല്‍ക്കത്തയിലെ ക്രിക്കറ്റ് പ്രേമികള്‍ക്കാണ് ഏറെ സങ്കടം. ഈഡനിലെ നിര്‍മാണങ്ങള്‍ സമയബന്ധിതമായി തീര്‍ക്കാന്‍ കഴിയാത്തതിന്റെ നാണക്കേട് ആരുടെ തലയില്‍ കെട്ടിവയ്ക്കുമെന്നാണ് സംഘാടകര്‍ ആലോചിക്കുന്നത്. ഇതാദ്യമായല്ല ഈഡന്‍ ഗാര്‍ഡന്‍സ് ഇത്തരത്തില്‍ നാണക്കേട് നേരിടുന്നത്.

1966-67: ഇന്ത്യ-വിന്‍ഡീസ് രണ്ടാം ടെസ്റ്റ്


ലോകകപ്പ് വേദിയാകുന്നതില്‍ നിന്നൊഴിവാക്കപ്പെട്ട ഈഡന്‍ ഗാര്‍ഡന്‍സ് ആദ്യ ലോകകപ്പിന് മുമ്പ് തന്നെ വിവാദങ്ങളില്‍ ഇടംപിടിച്ചിരുന്നു. 1966-67 സീസണില്‍ നടന്ന ഇന്ത്യ-വിന്‍ഡീസ് രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലാണ് സ്‌റ്റേഡിയത്തില്‍ ആദ്യമായി കലാപക്കൊടി ഉയര്‍ന്നത്. സീറ്റിംഗ് കപ്പാസിറ്റിയെക്കാള്‍ കൂടുതല്‍ ടിക്കറ്റുകള്‍ സംഘാടകര്‍ വിറ്റതാണ് പ്രശ്‌നങ്ങള്‍ക്കു കാരണം. ടിക്കറ്റ് വാങ്ങിയിട്ടും സീറ്റ് ലഭിക്കാതെ വന്ന കാണികള്‍ അക്രമാസക്തരാകുകയായിരുന്നു. ഇവരെ നേരിടാന്‍ പോലീസും തീരുമാനിച്ചതോടെ പ്രശ്‌നം ഗുരുതരമായി.
പോലീസിനെ ആക്രമിച്ച കാണികള്‍ ഗ്രൗണ്ടില്‍ കടന്ന അക്രമമഴിച്ചു വിട്ടു. ഗാലറിയിലെ കസേരകളും മറ്റും ഗ്രൗണ്ടില്‍ എത്തിച്ചു തീയിട്ട കാണികള്‍ പിച്ചിനു നടടുവില്‍ കുഴികുത്തുകയും ചെയ്തു. കാണികളുടെ അക്രമത്തില്‍ നിന്ന് സ്വന്തം രാജ്യത്തിന്റെ പതാക സംരക്ഷിക്കാന്‍ അന്നത്തെ വിന്‍ഡീസ് ടീമംഗം കോണ്‍റാഡ് ഹണ്ട് കൊടിമരത്തില്‍ വലിഞ്ഞു കയറി പതാക അഴിച്ചെടുത്ത് ഓടിരക്ഷപെട്ടത് തലക്കെട്ടുകളില്‍ ഇടം പിടിച്ചിരുന്നു.

1969-70: ഇന്ത്യ-ഓസ്‌ട്രേലിയ നാലാം ടെസ്റ്റ്


66-ലെ കലാപത്തിനു ശേഷം മൂന്നു വര്‍ഷം കഴിഞ്ഞാണ് ഈഡന് മറ്റൊരു മത്സരം ലഭിച്ചത്. ഓസ്‌ട്രേലിയയുടെ ഇന്ത്യന്‍ പര്യടനത്തിലെ നാലാം ടെസ്റ്റാണ് അന്ന് കൊല്‍ക്കത്തയില്‍ നടന്നത്. ഇതിലും ടിക്കറ്റ് പ്രശ്‌നമാണ് വിനയായത്. രാത്രിമുഴുവന്‍ ടിക്കറ്റിനായി ക്യൂ നിന്ന കാണികള്‍ ടിക്കറ്റ് വില്‍പ്പന ആരംഭിച്ചതോടെ അക്രമാസക്തരാകുകയായിരുന്നു. പോലീസ് ഇടപെട്ടാണ് കലാപം അടിച്ചൊതുക്കിയത്. കലാപത്തില്‍ ആറുപേര്‍ കൊല്ലപ്പെട്ടു. പിന്നീട് മത്സരം യഥാസമയം ആരംഭിച്ചു. അതിനിടയിലും കലാപം ഉണ്ടായി. ഗാലറിയില്‍ ഇരുന്നവര്‍ താഴെത്തട്ടിലിരുന്നവര്‍ക്കു നേരെ കല്ലെറിഞ്ഞതാണ് പ്രശ്‌നമുണ്ടാക്കിയത്.

1984-85: ഇന്ത്യ-ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റ്


ലോകചാമ്പ്യന്മാരായ ശേഷം ക്രിക്കറ്റിന്റെ തറവാട്ടുകാര്‍ക്ക് ആതിഥ്യമരുളുകയായിരുന്നു ഇന്ത്യ. ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തില്‍ മൂന്നാം ടെസ്റ്റായിരുന്നു ഈഡനില്‍ നടന്നത്. മത്സരത്തിനുള്ള ടീമില്‍ നിന്ന് കപില്‍ ദേവിനെ ഒഴിവാക്കിയതാണ് അന്ന് കാണികളെ ചൊടിപ്പിച്ചത്. ഇതോടെ ഈഡന്‍ ഒന്നടങ്കം ിന്ത്യന്‍ നായകന്‍ സുനില്‍ ഗാവസ്‌കറിന് എതിരാകുകയായിരുന്നു. എരിതീയില്‍ എണ്ണയെന്നോണം ഏഴു വിക്കറ്റ് നഷ്ടപ്പെടുത്തി 437 റണ്‍സ് എടുക്കാന്‍ ഇന്ത്യക്ക് വേണ്ടിവന്നത് 200 ഓവര്‍. അഞ്ചാം വിക്കറ്റില്‍ ഓവറില്‍ രണ്ടു റണ്‍സില്‍ താഴെയെന്ന നിലയില്‍ രവി ശാസ്ത്രി-മുഹമ്മദ് അസ്ഹറുദ്ദീന്‍ കൂട്ടുകെട്ട് നേടിയ 214 റണ്‍സാണ് കാണികളെ ദേഷ്യം പിടിപ്പിച്ചത്. ഇതോടെ ഗാവസ്‌കറിന് എതിരായ മുദ്രാവാക്യങ്ങളുമായി ഈഡന്‍ ഒന്നടങ്കം ഉണര്‍ന്നു.
ഇതിനിടെ ഡ്രസിംഗ് റൂമിന് പുറത്ത് ഗാവസ്‌കര്‍ എത്തിയപ്പോള്‍ അദ്ദേഹത്തിനു നേര്‍ക്ക് ചീഞ്ഞ ആപ്പിള്‍ എറിയാനും ചിലര്‍ മുതിര്‍ന്നു. നാലാം ദിനം ലഞ്ച് കഴിഞ്ഞിട്ടും ഗാവസ്‌കര്‍ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്തിരുന്നില്ല. ഡിക്ലയര്‍ ചെയ്ത് ഫീല്‍ഡിലിറങ്ങിയാല്‍ കാണികള്‍ തന്നെ കൈകാര്യം ചെയ്യുമെന്ന ഭീതിയാലായിരുന്നു ഇതെന്ന് അന്ന് ആരോപണമുയര്‍ന്നിരുന്നു. ഇത് പിന്നീട് ഗാവസ്‌കര്‍ നിഷേധിച്ചു.

1995-96: ഇന്ത്യ -ശ്രീലങ്ക ലോകകപ്പ് സെമി


ലോകകപ്പിലെ സെമി പോരാട്ടത്തില്‍ ശ്രീലങ്ക ഉയര്‍ത്തിയ 252 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യ എട്ടിന് 120 എന്ന നിലയില്‍ തകര്‍ന്നതോടെയാണ് ഈഡന്റെ ക്ഷമ നശിച്ചത്. വെറും 22 റണ്‍സിന് ഏഴു വിക്കറ്റ് പൊഴിയുന്നത് കണ്ട കാണികള്‍ക്ക് ഇരുപ്പുറച്ചില്ല. അവര്‍ കുപ്പിയും കല്ലുമൊക്കെ ഗ്രൗണ്ടിലേക്ക് വലിച്ചെറിഞ്ഞതോടെ മത്സരം നിര്‍ത്തിവച്ചു. പിന്നീട് ഇരു ടീമുകളും ഗ്രൗണ്ടിലിറങ്ങി കാണികളെ സമാധാനിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഫലവത്തായില്ല. ഇതിനേത്തുടര്‍ന്ന് മത്സരം ശ്രീലങ്ക ജയിച്ചതായി പ്രഖ്യാപിക്കുകയായിരുന്നു. മത്സരം നിര്‍ത്തിയപ്പോള്‍ കണ്ണീരോടെ മടങ്ങുന്ന വിനോദ് കാംബ്ലിയുടെ ചിത്രം പിന്നീട് 1996 ലോകകപ്പിന്റെ ദുരന്ത ചിത്രമായി മാറി.

1999: ഇന്ത്യ പാകിസ്താന്‍ ഏഷ്യന്‍ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്


ഏഷ്യന്‍ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ പാകിസ്താന്‍ ഉയര്‍ത്തിയ 279 റണ്‍സ് ലക്ഷ്യത്തിലേക്ക് കുതിക്കുകയായിരുന്ന ഇന്ത്യന്‍ ഇന്നിംഗ്‌സിലെ ഒരു വിക്കറ്റ് വീഴ്ചയാണ് അന്ന് കലാപത്തിനു തിരികൊളുത്തിയത്. ഏഴു റണ്‍സുമായി നിന്ന സച്ചിന്‍ തെണ്ടുല്‍ക്കര്‍ റണ്ണൗട്ടായതാണ് കാരണം. സച്ചിന്‍ റണ്‍സ് പുര്‍ത്തിയാക്കിയിരുന്നു. എന്നാല്‍ ഇതിനിടയില്‍ പാക് ബൗളര്‍ ഷുഐബ് അക്തറുമായി കൂട്ടിയിടച്ച സച്ചിന്‍ ക്രീസിനു വെളിയിലായി. ഈ സമയത്താണ് പന്ത് സ്റ്റംപ് തകര്‍ത്തത്.
പാക് താരങ്ങളുടെ അപ്പീലിനിടയില്‍ അമ്പയര്‍ സ്റ്റീവ് ബക്‌നര്‍ തീരുമാനം മൂന്നാം അമ്പയറിനു വിട്ടു. ടി.വി. അമ്പയര്‍ സച്ചിനെ പുറത്താക്കിയതോടെ ചതി, ചതി എന്നുറക്കെ വിളിച്ചു കാണികള്‍ പ്രകോപിതരാകുകയായിരുന്നു.
ഷുഐബിനു നേര്‍ക്ക് കപ്പിയും കല്ലും വലിച്ചറിഞ്ഞ കാണികളെ ശാന്തരാക്കാന്‍ ഒടുവില്‍ സച്ചിന്‍ ഗ്രൗണ്ടിലിറങ്ങി അഭ്യര്‍ഥിക്കേണ്ടി വന്നു. മത്സരം പുനരാരംഭിച്ചെങ്കിലും പിന്നീട് ഇന്ത്യ ബാറ്റിംഗ് നിര തകര്‍ന്നതോടെ കാണികള്‍ വീണ്ടും പ്രശ്‌നമുണ്ടാക്കി. ഒടുവില്‍ കാണികളെ പുറത്താക്കിയതിനു ശേഷമാണ് മത്സരം പൂര്‍ത്തിയാക്കിയത്.

2008 ഐ.പി.എല്‍.: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഡെക്കാന്‍ ചാര്‍ജേഴ്‌സ്


ലോ സ്‌കോറിംഗ് മത്സരത്തില്‍ കൊല്‍ക്കത്ത ഡെക്കാനെ മറികടന്നെങ്കിലും മത്സരത്തിനായി തയാറാക്കിയ പിച്ചാണ് അന്ന് വില്ലനായത്. അപ്രതീക്ഷിത ബൗണ്‍സുമായി അപകടകരമായ രീതിയില്‍ സ്വഭാവം മാറിയ പിച്ചില്‍ ഏറെ പണിപ്പെട്ടാണ് ബാറ്റ്‌സ്മാന്മാര്‍ മത്സരം പൂര്‍ത്തിയാക്കിയത്.
മത്സരത്തിനിടെ ഇഷാന്ത് ശര്‍മയുടെ പന്ത് കൊണ്ട് പരുക്കേറ്റ വി.വി.എസ്. ലക്ഷ്മണ്‍ ''ഞെട്ടിപ്പിക്കുന്ന ബൗണ്‍സ്'' എന്നാണ് പ്രതികരിച്ചത്. ഒടുവില്‍ 20 പന്തില്‍ നിന്ന് 22 റണ്‍സ് കൊല്‍ക്കത്തയ്ക്ക് വേണമെന്നിരിക്കെ ഫ്‌ളിഡ് ലൈറ്റ് ഓഫായതും മത്സരത്തിന്റെ ശോഭ കെടുത്തി.

2009: ഇന്ത്യ-ശ്രീലങ്ക നാലാം ഏകദിനം


ഒരിക്കല്‍ കൂടി ഫ്‌ളിഡ് ലൈറ്റാണ് ഈഡനെ പഴികേള്‍പ്പിച്ചത്. 49.2 ഓവറില്‍ ആറിന് 307 റണ്‍സ് എന്ന നിലയില്‍ ശ്രീലങ്ക ബാറ്റ് ചെയ്യുമ്പോഴാണ് ലൈറ്റ് മിഴിയടച്ചത്. തുടര്‍ന്ന് 26 മിനിറ്റിനു ശേഷമാണ് മത്സരം ആരംഭിക്കാനായത്. സ്‌റ്റേഡിയം സംരക്ഷിക്കുന്നതില്‍ ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ വരുത്തിയ പിഴവുകളാണ് പ്രശ്‌നത്തിനു കാരണമായതെന്ന് പിന്നീട് വ്യക്തമായിരുന്നു.

ഈഡന്‍ ഗാര്‍ഡന്‍സ്: വിവാദങ്ങളുടെ ഏദന്‍ തോട്ടംSocialTwist Tell-a-Friend

Friday, January 21, 2011

'കൊച്ചി'(ടീമി)ന് പേരുവേണ്ടേ?ഇവിടെ ചിലര്‍ തിരക്കിലാണ്!

കൊച്ചിക്കെന്താ കുറവ്? കൊച്ചിയുടെ കുറവ് പറയാന്‍ വരട്ടെ! കൊച്ചി ഐ.പി.എല്‍. ടീമിന്റെ കുറവാണ് ഒരു സംഘം നെറ്റ് സാവിയോകള്‍ തേടുന്നത്. കൊച്ചിക്ക് അവര്‍ കണ്ടെത്തുന്ന ഏറ്റവും വലിയ കുറവ് പേരിന്റെയാണ്. തറവാടും അംഗങ്ങളുമെല്ലാം ആയെങ്കിലും പറ്റിയ ഒരു പേര് ഇതുവരെ കണ്ടെത്തിയിട്ടില്ല.
ടൈഗേഴ്‌സ് എന്നാണ് തന്റെ മനസിലെന്ന് കോച്ച് പറയുന്നു. പലര്‍ക്കും അതത്ര ദഹിച്ചിട്ടില്ല. കൊച്ചിയില്‍ ടൈഗറെവിടെ, കൊതുകു മാത്രമല്ലേ ഉള്ളൂ എന്ന് ചിലരുടെ പരിഹാസം. എന്തായാലും ടീമിനു പേര് തപ്പി അണിയറക്കാര്‍ നടക്കുമ്പോള്‍ പേരിടീല്‍ കര്‍മ്മവുമായി ഇന്റര്‍നെറ്റ് സംഘം മുന്നോട്ടുപോവുകയാണ്. കൊച്ചിയിപ്പോഴും പേരിടാത്ത കൊച്ചായി തുടരുന്നത് അവസാനിപ്പിക്കാന്‍ കച്ച കെട്ടിയിറങ്ങിയിരിക്കുന്നവരുടെ മനസില്‍ എന്താണെന്നു നോക്കാം.
മലയാളികളായ ഇന്റര്‍നെറ്റ് പ്രേമികളാണ് ഈ ദൗത്യവുമായി മുന്നോട്ടു പോകുന്നത്.
ഫേസ്ബുക്കിലെയും മറ്റു സോഷ്യന്‍ സൈറ്റുകളിലും ബ്ലോഗുകളിലും ഇപ്പോള്‍ കൊച്ചിയാണ് താരം. ഭാവനാസമ്പന്നരായ ചിലര്‍ കേരളത്തിന്റെ പൈതൃകവും സംസ്‌കാരവും മുന്‍നിര്‍ത്തി പലേ പേരുകളും ലോഗോയും നിര്‍ദേശിച്ചുകഴിഞ്ഞു.
അതില്‍ ഏറ്റവും പ്രചാരം നേടിയിരിക്കുന്ന ഏതാനും പേരുകളും ലോഗോയും പരിചയപ്പെടുത്തുന്നു. കൊച്ചി ടൈറ്റന്‍സ്, കൊച്ചി ചേകവേഴ്‌സ്, കൊച്ചി ടെറിഫിക് ടസ്‌കേഴ്‌സ്, കൊച്ചി ഫൈറ്റേഴ്‌സ്, കൊച്ചി റോറിംഗ് രാജാസ്, കൊച്ചി ഫിയറി ഡ്രാഗന്‍സ്, കൊച്ചിന്‍ ഫീനിക്‌സ്..


കൊച്ചി ടൈറ്റന്‍സ്: കേരളത്തിന്റെ സ്വന്തം ആന ചിഹ്‌നവുമായാണ് കൊച്ചി ടൈറ്റന്‍സ് എന്ന പേരിനെ പിന്തുണയ്ക്കുന്നവര്‍ എത്തുന്നത്. നെറ്റില്‍ ഏറ്റവും കൂടുതല്‍ പിന്തുണ ഈ ലോഗോയ്ക്കും പേരിനുമാണ്.
പ്രതിസന്ധികളില്‍ പതറാതെ ഇവിടെ വരെയെത്തിയ കൊച്ചി ടീം പ്രഥമ ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് കാഴ്ചവച്ച പ്രകടനവുമായി തിളങ്ങുമെന്നാണ് പേരിന്റെ ഉപജ്ഞാതാക്കള്‍ അവകാശപ്പെടുന്നത്. ജയവര്‍ധനെയും ശ്രീശാന്തും ഉള്‍പ്പെടുന്ന ടീം മിന്നുന്ന പ്രകടനവുമായി ഐ.പി.എല്ലിലെ ടൈറ്റന്മാര്‍ (അതികായര്‍) ആകുമെന്നും അവര്‍ പറയുന്നു.


കൊച്ചി ചേകവേഴ്‌സ്: കേരളത്തിന്റെ സ്വന്തം ആയോധനകലയായ കളരിപ്പയറ്റില്‍ നിന്നാണ് ഈ പേരിന്റെ പിറവി. വാളും പരിചയും ചിഹ്‌നമായി വരുന്ന ഈ പേര് കളത്തില്‍ ഏറെ ആക്രമണോത്സുകത പ്രകടിപ്പിക്കുന്ന ശ്രീശാന്തിനും സംഘത്തിനും അനുയോജ്യമായിരിക്കുമെന്നാണ് ചേകവേഴ്‌സിനെ പിന്തുണയ്ക്കുന്നവര്‍ പറയുന്നത്.


കൊച്ചി ഫൈറ്റേഴ്‌സ്: ചേകവേഴ്‌സിന്റെ അതേ അഭിപ്രായവും പൈതൃകവുമാണ് ഫൈറ്റേഴ്‌സിനുള്ളത്. എന്നാല്‍ പേരില്‍ കാണുന്ന ആംഗലേയ സംസ്‌കാരമാണ് ഇവരെ പേരിലും രൂപത്തിലും വ്യത്യസ്തരാക്കുന്നത്.
കളരിപ്പയറ്റില്‍ നിന്നു പിറവികൊണ്ട ആശയം ഹോളിവുഡ് സിനിമകളിലെ പടയാളികളുടെ രൂപവുമായി സാമ്യപ്പെടുത്തിയാണ് ലോഗോയും മറ്റും ചിത്രീകരിച്ചിരിക്കുന്നത്. കേരളത്തിലെ കളരിപ്പയറ്റുകാര്‍ ഉപയോഗിക്കുന്നതില്‍ നിന്നു വ്യത്യസ്തമായുള്ള വാളും പരിചയുമാണ് ടീമിന്റെ ലോഗോയില്‍ ചിത്രീകരിച്ചിരിക്കുന്നത്.

കൊച്ചി ടെറിഫിക് ടസ്‌കേഴ്‌സ്: കൊച്ചിന്‍ ടൈറ്റന്‍സിന്റെ ആന ചിഹ്‌നത്തിനു മദമിളകിയാല്‍ കൊച്ചിന്‍ ടെറിഫിക് ടസ്‌കേഴ്‌സായി. കൊലവിളിക്കുന്ന കൊമ്പന്റെ ചിത്രവുമായാണ് ടെറിഫിക് ടസ്‌കേഴ്‌സിന്റെ പിന്തുണക്കാര്‍ എത്തുന്നത്. എതിരാളികളെ തച്ചുതകര്‍ത്തു മുന്നേറുന്ന കൊച്ചി ടീമാണ് ഇവരുടെ സ്വപ്നങ്ങളില്‍. സ്വപ്നം യാഥാര്‍ഥ്യമാകുമ്പോള്‍ ടീമിന്റെ പേര് ടെറിഫിക് ടസ്‌കേഴ്‌സ് എന്നതാകും ഉചിതമാകുകയെന്നും അവര്‍ പറയുന്നു.


കൊച്ചി റോറിംഗ് രാജാസ്: തിരുവിതാംകൂറിലെയും കൊച്ചിയിലെയും മലബാറിലെയും പഴയ രാജഭരണത്തിന്റെ ഓര്‍മകളുമായാണ് റോറിംഗ് രാജാസിന്റെ വരവ്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിനെ പണ്ട് നാട്ടു രാജാക്കന്മാര്‍ നടത്തിയിരുന്ന യുദ്ധമായും കൊച്ചി ഐ.പി.എല്‍. ടീമിനെ കേരളത്തിന്റെ പടനായകരായും ഇവര്‍ കാണുന്നു. കിരീടം വച്ചു രൗദ്രഭാവത്തില്‍ നില്‍ക്കുന്ന സിംഹമാണ് ചിഹ്‌നം. ടീമും ഗര്‍ജിക്കുമെന്ന് ഇവരുടെ പക്ഷം.


കൊച്ചി ഫിയറി ഡ്രാഗണ്‍സ്: കേരളവുമായോ ഇന്ത്യയുമായോ പുലബന്ധം പോലുമില്ലാത്ത ഡ്രാഗണാണ് ഇവരുടെ ചിഹ്‌നം. ഈ പേരും ലോഗോയും ഉയര്‍ത്തിക്കാട്ടുന്നതിന് ഇവര്‍ക്ക് ന്യായവാദങ്ങളുമുണ്ട്. ഇന്ത്യയിലെ മാത്രമല്ല വിദേശ താരങ്ങളും കളിക്കുന്ന ലീഗാണ്. ഐ.പി.എല്‍. അപ്പോള്‍ ലോകനിലവാരമുള്ള ലോഗോയും പേരും വേണം. ഇവരുടെ അഭിപ്രായത്തില്‍ നിലവില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനു മാത്രമാണ് ഇത്തരത്തിലുള്ള ലോഗോയും പേരും. അതിനെ വെല്ലുന്നതാവണം കൊച്ചിയുടേതെന്നാണ് ഡ്രാഗണ്‍ ആരാധകരുടെ ആവശ്യം.


കൊച്ചി ഫീനിക്‌സ്: കൊച്ചി ടീമിന്റെ ജനനവുമായി ബന്ധപ്പെട്ട വിഷയങ്ങളും വിവാദങ്ങളും ഈ പേരിലും ലോഗോയിലും നിഴലിക്കുന്നു. അഗ്നിച്ചിറകുകളുമായി പറന്നുയരുന്ന ഫീനിക്‌സ് പക്ഷിയാണ് ചിഹ്നം. വിവാദത്തെത്തുടര്‍ന്ന് ജനിക്കും മുമ്പ് മരിക്കുമെന്ന അവസ്ഥയില്‍ നിന്ന് അപ്രതീക്ഷിതരായി ഉയര്‍ന്നുവന്നവരാണ് തങ്ങളെന്ന് ഇവര്‍ പറയുന്നു. ചാരത്തില്‍ നിന്ന് ഉയിര്‍ത്തവര്‍, എന്തിനേയും ചാരമാക്കുന്നവര്‍ എന്ന് അര്‍ഥം വരുന്ന എമര്‍ജ്ഡ് ഫ്രം ആഷസ്, വില്‍ ആഷ് എനിതിംഗ് വരികളും ലോഗോയില്‍ ഇടം പിടിച്ചിരിക്കുന്നു.

'കൊച്ചി'(ടീമി)ന് പേരുവേണ്ടേ?ഇവിടെ ചിലര്‍ തിരക്കിലാണ്!SocialTwist Tell-a-Friend