Sunday, April 18, 2010

ഇന്ത്യന്‍ പരിവാര്‍ ലീഗ്


ബുദ്ധികൊണ്ടുള്ള ലളിതമായ കളിയാണ് ലളിത് മോഡിയെ എന്നും വിജയങ്ങളില്‍ എത്തിച്ചിരുന്നത്. പഞ്ചദിന പോരാട്ടങ്ങളുടെ വിരസത അകറ്റാനായി ഏകദിനയുദ്ധങ്ങള്‍ കാണാന്‍ ദിവസം മുഴുവനും വിഡ്ഢിപ്പെട്ടിക്കു മുമ്പില്‍ ആവേശത്തോടെ ഇരുന്നവര്‍ക്ക് ആഘോഷിക്കാന്‍ ടി 20 പിറന്നപ്പോള്‍ അതിലും മോഡി കണ്ടതു കച്ചവടം.
കംപ്യൂട്ടറിനെ വെല്ലുന്ന വേഗത്തില്‍ മോഡി കോടികളുടെ കണക്കുകൂട്ടിയപ്പോള്‍ പിറന്ന കുട്ടിയാണ് ഐ.പി.എല്ലെന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ടി 20 ക്രിക്കറ്റ് ടൂര്‍ണമെന്റ്.
പിറന്നുവീണ രണ്ടാം വര്‍ഷത്തില്‍ ടൂര്‍ണമെന്റിനു സമാന്തരമായി പൊതുതെരഞ്ഞെടുപ്പു നിശ്ചയിച്ച് സര്‍ക്കാര്‍ വെല്ലുവിളിച്ചെങ്കിലും മാനസപുത്രിയെ ദക്ഷിണാഫ്രിക്കയിലേക്കു പറിച്ചുനട്ട മോഡി ഇന്ത്യന്‍ പ്രീമിയര്‍ ലീഗിനെ ഇന്ത്യന്‍ പ്രവാസി ലീഗാക്കി.
തുടര്‍ച്ചയായ മൂന്നാം വര്‍ഷവും വിജയക്കുതിപ്പു നടത്തുന്ന ഐ.പി.എല്‍. ശതകോടികള്‍ വാരുന്നതിനിടയില്‍ മോഡിക്ക് അല്പം പിഴച്ചു. പിറവിയുടെ നാലാംവര്‍ഷം ആഘോഷിക്കാന്‍ ടീമുകളുടെ എണ്ണം എട്ടില്‍നിന്നു പത്താക്കി ഉയര്‍ത്തിയ മോഡിയുടെ ലക്ഷ്യം ഒരു ഗുജറാത്തി നഗരത്തിന് അവസരം നല്‍കുകയെന്നതായിരുന്നെന്നു പറയപ്പെടുന്നു. അഡാനി, വീഡിയോകോണ്‍ ഗ്രൂപ്പുകളോടായിരുന്നു മോഡിക്കു താല്‍പര്യമെന്നും പ്രചാരണമുണ്ട്.
ഈ ഫ്രാഞ്ചെസികളില്‍ ലളിത് മോഡിക്കു പങ്കാളിത്തം (ഷെയര്‍) ഉണ്ടായിരുന്നുവെന്നും ആരോപണമുണ്ട്. കണക്കുകള്‍ പിഴയ്ക്കാതെ ടൂര്‍ണമെന്റ് കോടികള്‍ എണ്ണിക്കൂട്ടുമ്പോഴും മോഡി എക്കാലത്തും സ്വന്തം കാര്യവും നോക്കിയിരുന്നെന്നാണ് ഇപ്പോള്‍ കേള്‍ക്കുന്ന വാര്‍ത്തകള്‍.
മൂന്നു വര്‍ഷം മുമ്പ് ഐ.പി.എല്‍. പൊട്ടിമുളച്ചപ്പോള്‍ ഉണ്ടായിരുന്നു എട്ടു ടീമുകളില്‍ മൂന്നെണ്ണത്തിന്റെയും മാനേജ്‌മെന്റില്‍ തന്റെ സ്വന്തക്കാരെ ഉള്‍പ്പെടുത്താന്‍ മോഡിക്കു കഴിഞ്ഞു. രാജസ്ഥാന്‍ ക്രിക്കറ്റ് അസോസിയേഷന്‍ മുന്‍ ഭാരവാഹിയായ മോഡിക്ക് അതിന് ഏറ്റവും എളുപ്പം കഴിഞ്ഞതു രാജസ്ഥാന്‍ റോയല്‍സിലാണ്. ബോളിവുഡ് റാണി ശില്‍പ ഷെട്ടിക്കും മറ്റുമൊപ്പം രാജസ്ഥാന്റെ ഉടമസ്ഥാവകാശം കൈവശം വയ്ക്കുന്ന സുരേഷ് ചെല്ലാരം മോഡിയുടെ ഭാര്യാ സഹോദരിയുടെ ഭര്‍ത്താവാണ്.
പഞ്ചാബ് കിംഗ്‌സ് ഇലവനാണു മോഡിക്കു പരോക്ഷമായി പങ്കാളിത്തമുള്ള മറ്റൊരു ടീം. പ്രീതി സിന്റയ്ക്കും നെസ് വാഡിയയ്ക്കുമൊപ്പം കരണ്‍ പോളും മോഹിത് ബര്‍മനുമാണ് ടീമിന്റെ ഷെയര്‍ ഉടമകള്‍. മോഡിയുടെ ദത്തുപുത്രിയുടെ ജീവിതപങ്കാളിയാണ് മോഹിത്.
മോഡിയുടെ അടുത്ത സുഹൃത്തുക്കളായ മൊറാനി സഹോദരന്മാരാണ് ഐ.പി.എല്‍. ആരംഭിച്ച വര്‍ഷം ഷാരൂഖ് ഖാനൊപ്പം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനു വേണ്ടി കാശിറക്കിയത്.
ഇത്തരത്തില്‍ 'സ്വന്തം' ടീമുള്ളതു മോഡിക്കു മാത്രമല്ല. ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണി നയിക്കുന്ന ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ഉടമ ബി.സി.സി.ഐ. സെക്രട്ടറി എന്‍. ശ്രീനിവാസനാണ്. ടീം ഇന്ത്യയുടെ ചീഫ് സെലക്ടര്‍ കൃഷ്ണമാചാരി ശ്രീകാന്താണ് ചെന്നൈയുടെ ബ്രാന്‍ഡ് അംബാസഡര്‍.
കളിയേക്കാള്‍ ക്രിക്കറ്റിന്റെ സാമ്പത്തികവും വിനോദപരവുമായ സാധ്യതകളാണ് ഐ.പി.എല്‍. ഉന്നംവയ്ക്കുന്നതെന്നാണ് ഉത്തരേന്ത്യന്‍ ലോബിയും ബി.സി.സി.ഐയിലെ ഉന്നതരും നടത്തുന്ന ബിനാമി ഇടപാടുകള്‍ സൂചിപ്പിക്കുന്നത്.
പ്രഥമ ലീഗില്‍ 'മലയാളത്തിന്റെ ശ്രീ' അശ്രീകരം കാട്ടി തല്ലുകൊള്ളിയായപ്പോള്‍ ലീഗ് ഇന്ത്യന്‍ പൊല്ലാപ്പ് ലീഗായിരുന്നു. പിന്നീട് തെരഞ്ഞെടുപ്പു ചൂടേല്‍ക്കാതിരിക്കാന്‍ ദക്ഷിണാഫ്രിക്കയിലേക്ക് പറന്നപ്പോള്‍ അത് ഇന്ത്യന്‍ പ്രവാസി ലീഗായി.
മിക്ക ടീം മാനേജ്‌മെന്റുകളിലും തന്റെ അടുപ്പക്കാരുണ്ടെന്നു മോഡി സമ്മതിച്ചപ്പോള്‍ ലീഗിന്റെ പേര് ഇനി ഇന്ത്യന്‍ പരിവാര്‍ ലീഗ് എന്നായിരിക്കുമെന്നാണ് ഐ.പി.എല്ലിലെ ഒരുന്നതന്‍ കമന്റടിച്ചത്. ക്രിക്കറ്റില്‍ ഇപ്പോള്‍ രാഷ്ട്രീയ നേതാക്കള്‍ കാട്ടുന്ന താല്‍പര്യം കാണുമ്പോള്‍ അതിനി എന്നാണ് ഇന്ത്യന്‍ കറപ്ഷന്‍ ലീഗ് ആകുന്നതെന്ന ചോദ്യമാണ് സാധാരണ ക്രിക്കറ്റ് പ്രേമികളുടേത്.

ഇന്ത്യന്‍ പരിവാര്‍ ലീഗ്SocialTwist Tell-a-Friend