Tuesday, July 7, 2009

ടെന്നീസ് സാമ്രാജ്യത്തിലെ ആറാം തമ്പുരാന്‍


തിഹാസിക പോരാട്ടത്തിനൊടുവില്‍ റോജര്‍ ഫെഡറര്‍ ടെന്നീസ് ചരിത്രത്തിലെ ഉന്നതങ്ങളിലെത്തി. അമേരിക്കയുടെ ആന്‍ഡി റോഡിക്കിനെ തോല്‍പിച്ച് ആറാം വിമ്പിള്‍ഡണില്‍ മുത്തമിട്ട ഫെഡറര്‍ ചരിത്രത്തിലാണ് ചുംബിച്ചത്. ടെന്നിസിലെ ഗ്രാന്‍സ്‌ലാം കിരീട വിജയങ്ങളില്‍ പീറ്റ് സാംപ്രസ് എന്ന ഇതിഹാസം പോലും ഈ സൗമ്യനായ സ്വിസ് താരത്തിന് ഒരു പടി താഴയേ നില്‍ക്കൂ.
2008 വിമ്പിള്‍ഡണ്‍ ഫൈനലില്‍ തോറ്റ്, തന്നെ തോല്‍പ്പിച്ച സ്‌പെയിനില്‍നിന്നുള്ള റഫേല്‍ നദാല്‍ എന്ന ചെറുപ്പക്കാരന്റെ അടുത്ത് കണ്ണീരോടെനിന്ന റോജര്‍ ഫെഡററെ മറക്കാറായിട്ടില്ല. ആ കണ്ണീരിന്റെ കഥ ഓര്‍മയില്‍ നിന്നു മായാതെ നില്‍ക്കുമ്പോള്‍ ഇതാ റോയല്‍ റോജറിന്റെ അനുപമമായ തിരിച്ചു വരവ്. ഓള്‍ ഇംഗ്ലണ്ട് ടെന്നീസ് ക്ലബില്‍ ആന്‍ഡി റോഡിക്ക് പൊരുതി വീഴുമ്പോള്‍ ടെന്നീസിന്റെ കളിമുറ്റങ്ങളിലെല്ലാം വെന്നിക്കൊടി പാറിച്ച് അത്യുന്നതിയിലേക്ക് കുതിക്കുകയായിരുന്നു ഫെഡറര്‍... സമാനതകളില്ലാതെ...
സ്‌പെഷലൈസ് താരങ്ങള്‍ നിറഞ്ഞു നില്‍ക്കുന്ന ഇക്കാലത്ത് ടെന്നീസില്‍ എന്തെങ്കിലും ആയിത്തീരണമെങ്കില്‍ നിങ്ങളൊരു കളിമണ്‍ കോര്‍ട്ട് വിദഗ്ധനോ, പുല്‍ക്കോര്‍ട്ട് വിദഗ്ധനോ, ഹാര്‍ഡ് കോര്‍ട്ട് വിദഗ്ധനോ അല്ലെങ്കില്‍ ഒരു റോജര്‍ ഫെഡററോ ആവണം... ആധുനിക ടെന്നീസ് സമ്മാനിച്ച മഹാന്മാരിലെ പ്രമുഖനായ ജിമ്മി കോണേഴ്‌സിന്റെ ഈ വാക്കുകള്‍ ബാല്യത്തില്‍ ഫുട്‌ബോള്‍ താരമാകാന്‍ കൊതിച്ച ഒരു കുട്ടിയേക്കുറിച്ചായിരുന്നുവെന്നത് ഇപ്പോഴും അവിശ്വസനീയം.
പ്രൊഫഷണല്‍ ഫുട്‌ബോള്‍ താരമാവുക എന്നതായിരുന്നു ബാല്യകാലത്ത് ഫെഡററുടെ ലക്ഷ്യം. സ്വന്തം നഗരത്തിലെ ഒന്നാംകിട ഫുട്‌ബോള്‍ ക്‌ളബായ എഫ് സി ബാസലിന് വേണ്ടി ബൂട്ടണിയുക എന്നതായിരുന്നു ഫെഡററിന്റെ അക്കാലത്തെ സ്വപ്നം. എന്നാല്‍ 78 അടിയുള്ള ടെന്നീസ് കോര്‍ട്ടിനും, റാക്കറ്റിനും, മഞ്ഞ സോഫ്റ്റ് ബോളിനും അവനെ വേണമായിരുന്നു. അങ്ങനെ 12-ാം വയസില്‍ കാല്‍പന്തിന്റെ മാസ്മരികത ഉപേക്ഷിച്ചു ഫെഡറര്‍ റാക്കറ്റ് കൈകളിലെടുത്തു. പിന്നീടിങ്ങോട്ടുള്ള കാലം പടയോട്ടത്തിന്റേതായിരുന്നു. ഇതിനിടയില്‍ പല സിംഹാസനങ്ങളും ഈ സൗമ്യപ്രകൃതന്റെ സിംഹഗര്‍ജനത്തില്‍ ഇളകി.
1996ലാണ് ഫെഡറര്‍ രാജ്യാന്തര മത്‌സര രംഗത്തെത്തിയത്. എന്നാല്‍ 2002 വിംബിള്‍ഡണിന്റെ നാലാം റൗണ്ടില്‍ പീറ്റ് സാംപ്രസിനെ വീഴ്ത്തിയതാണ് ഫെഡററിനെ രാജ്യാന്തര തലത്തില്‍ ശ്രദ്ധേയനാക്കിയത്. നിലവിലെ ചാമ്പ്യനും ലോക ഒന്നാം നമ്പര്‍ താരവുമായ സാംപ്രസിനെതിരേ പുറത്തെടുത്ത പ്രകടനം ഫെഡററിന്റെ മാറ്റ് അളക്കുന്നതായിരുന്നു. അവസാന എട്ടു വിമ്പിള്‍ഡണില്‍ തുടര്‍ച്ചയായി ഏഴിലും ജയിച്ചെത്തിയ സാംപ്രസ് ഓള്‍ ഇംഗ്ലണ്ടിലെ തന്റെ നൂറാം ജയത്തിനാണ് അന്ന് കോര്‍ട്ടിലിറങ്ങിയത്. എന്നാല്‍ വിമ്പിള്‍ഡണ്‍ ചരിത്രത്തില്‍ അന്നേവരെ അഞ്ചു സെറ്റ് മത്സരം തോല്‍ക്കാത്ത സാംപ്രസ് അന്നു തോറ്റു. ടെന്നീസില്‍ താന്‍ കൈവശംവയ്ക്കുന്ന കിരീടവും ചെങ്കോലും ഏറ്റുവാങ്ങന്‍ പിറന്ന ഫെഡററിനു മുന്നില്‍.
അന്ന് സാംപ്രസിന്റെ 31 മത്സരങ്ങളുടെ വിജയക്കുതിപ്പിനു കൂടിയായിരുന്നു തിരശീലവീണത്. മത്സര ശേഷം സാംപ്രസ് പറഞ്ഞതിങ്ങനെ... ഇവന്‍ വിശ്വവിജയിയാകും റെക്കോഡുകള്‍ തിരുത്തും ടെന്നീസ് എന്നാല്‍ ഫെഡറര്‍ എന്ന് ലോകം ഉരുവിടും... 18 വര്‍ഷം മുമ്പ് താന്‍ മാറ്റ്‌സ് വിലാന്‍ഡര്‍ എന്ന അതികായനെ തോല്‍പിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞ വാക്കുകള്‍ സാംപ്രസ് കരുതിവച്ചിരിക്കുകയായിരുന്നു തന്റെ പിന്‍ഗാമിയെ വാഴ്ത്താന്‍.
ഒടുവില്‍ ഫെഡറര്‍ ചരിത്രമെഴുതിയപ്പോള്‍ അതിനു സാക്ഷിയാകാനും ""പിസ്റ്റള്‍ പീറ്റ്'' എത്തിയിരുന്നു. ടെന്നിസ് ചരിത്രത്തിലെ മഹാരഥന്‍മാരായ ബ്യോണ്‍ ബോര്‍ഗ്, റോഡ് ലവര്‍, മാനുവല്‍ സാന്റാന, സാക്ഷാല്‍ പീറ്റ് സാംപ്രസ് എന്നിവരെ സാക്ഷിനിറുത്തിയായിരുന്നു ഫെഡററുടെ ചരിത്ര വിജയം.
ഈ വിജക്കുതിപ്പിനിടയില്‍ ഫെഡററുടെ പേരിനൊപ്പം ചേര്‍ക്കപ്പെട്ട റെക്കോഡുകള്‍ നിരവധി. തുടര്‍ച്ചയായി 237 ആഴ്ചകള്‍ ലോക റാങ്കിംഗില്‍ ഒന്നാം സ്ഥാനം, തുടര്‍ച്ചയായി പത്ത് ഗ്രാന്‍സ്ലാം ഫൈനലുകള്‍, വിംബിള്‍ഡണിലെ ആറ് വിജയങ്ങള്‍ക്കൊപ്പം 2005 മുതലുളള അഞ്ച് യു.എസ്. ഓപ്പണ്‍ കിരീടങ്ങളും മൂന്ന് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടങ്ങളും ഒരു ഫ്രഞ്ച് ഓപ്പണ്‍ കിരീടവും ഫെഡററുടെ നേട്ടത്തിന് തിളക്കം നല്‍കുന്നു.
15 ഗ്രാന്‍സ്ലാം കിരീടം ചൂടിയെങ്കിലും 2009ലെ ഫ്രഞ്ച് ഓപ്പണ്‍ നേടിയതാണ് ഫെഡററെ ഉയരങ്ങളിലെത്തിക്കുന്നത്. കാരണം കരിയര്‍ ഗ്രാന്‍സ്ലാം( നാല് ഗ്രാന്‍സ്ലാം കിരീടങ്ങള്‍) നേടുന്ന ചരിത്രത്തിലെ ആറാമത്തെ താരമാണ് ഫെഡറര്‍. ഫ്രെഡ് പെറി, ഡോണ്‍ ബഡ്ജ്, റോഡ് ലവര്‍, റോയ് എമേഴ്‌സന്‍, ആന്ദ്രേ അഗാസി എന്നിവരാണ് ഫെഡറര്‍ക്ക് മുന്‍പ് ഈ നേട്ടം കൈവരിച്ചവര്‍.
എന്നാല്‍ കളിമണ്‍ കോര്‍ട്ടിലെ രാജാവായ റാഫേല്‍ നദാലിനോടേറ്റ തോല്‍വികള്‍ ഫെഡററുടെ കരിയറിലെ കറുത്ത പാടുകളായി വിമര്‍ശകര്‍ ഉയര്‍ത്തിക്കാട്ടുന്നു.
ഏഴു ഗ്രാന്‍സ്ലാം ഫൈനലില്‍ മുഖാമുഖം നിന്നപ്പോള്‍ അഞ്ചിലും നദാലിനായിരുന്നു ജയം. ടെന്നീസ് ചരിത്രത്തിലെ ഏറ്റവും മികച്ച പോരാട്ടമെന്ന് വിശേഷിപ്പിക്കപ്പെടുന്ന 2008ലെ വിമ്പിള്‍ഡണ്‍ ഫൈനലില്‍ നദാല്‍ വിജയിച്ചപ്പോള്‍ ഫെഡററുടെ കാലം കഴിഞ്ഞുവെന്നായിരുന്നു അവരുടെ ആക്രോശം. ഒന്നാം നമ്പര്‍ റാങ്ക് നഷ്ടപ്പെട്ടുക കൂടി ചെയ്തതോടെ ഫെഡററെ എഴുതിത്തള്ളിയവര്‍ നിരവധി. എന്നാല്‍ പരാജയങ്ങള്‍ക്കിടയില്‍ നിന്ന് പതുക്കെ ഫെഡറര്‍ കളിയുടെ താളം കണ്ടെത്തി. ഓസ്‌ട്രേലിയന്‍ ഓപ്പണിലെ പരാജയത്തിനു ശേഷം ആറാഴ്ച്ച ഫെഡറര്‍ വിശ്രമമെടുത്തു. മനസിലും ശരീരത്തിലുമേറ്റ ചില പരുക്കുകള്‍ ഭേദമാകാനുള്ള സമയം എന്ന് ഫെഡറര്‍ തന്നെ വിശേഷിപ്പിക്കുന്ന ഈ കാലഘട്ടം. ഇവിടെ നിന്നു വീണ്ടും ഫെഡറര്‍ ഉയരുകയായിരുന്നു.
കൃത്യതയാര്‍ന്ന ഫോര്‍ഹാന്‍ഡ് ഷോട്ടുകളുമാണ് ഫെഡററെ മറ്റുകളിക്കാരില്‍ നിന്ന് വ്യത്യസ്തനാക്കുന്നത്. ടെന്നിസിലെ ഏറ്റവും മഹത്തായ ഷോട്ട് എന്നാണ് ഫെഡററുടെ ഫോര്‍ഹാന്‍ഡ് കളികളെ ജോണ്‍ മക്കന്‍റോ വിശേഷിപ്പിക്കുന്നത്.
സര്‍വ് ആന്‍ഡ് വോളിയിലൂടെ കോര്‍ട്ടിനെ തീപിടിപ്പിക്കുന്ന പീറ്റ് സാംപ്രസിന്റെ ശൈലിയാണ് ഫെഡററും പിന്തുടരുന്നത്. ഇപ്പോള്‍ സാംപ്രസിനെയും പിന്തള്ളി സ്വിസ് താരം കുതിക്കുമ്പോള്‍ ടെന്നീസ് സിംഹാസനത്തില്‍ പിസ്റ്റള്‍ പീറ്റിനും മുകളില്‍ ഫെഡററിനെ പ്രതിഷ്ഠിക്കാന്‍ വെമ്പുകയാണ് ആരാധകര്‍. എന്നാല്‍ സമാനതകള്‍ ഇഴപിരിഞ്ഞ ഇരുവരില്‍ ആരാണ് കേമന്‍ എന്ന് വ്യക്തമായി പറയാന്‍ ആരും തയാറാകുന്നുമില്ല. പക്ഷേ ഈ വര്‍ഷം നേടിയ ഫ്രഞ്ച് ഓപ്പണ്‍ ഫെഡററെ പീറ്റിനു മുകളില്‍ പ്രതിഷ്ഠിക്കുന്നു.
സമാനതകള്‍ ഏറെയാണ് ഇരുവരും തമ്മില്‍. പിറന്നു വീണതില്‍ തുടങ്ങുന്നു ഇത്. സാംപ്രസ് 1971 ഓഗസ്റ്റ് 12-നു ജനിച്ചപ്പോള്‍ ഫെഡററിന്റെ ജനനം 1981 ഓഗസ്റ്റ് എട്ടിന്. പ്രൊഫഷണല്‍ ടെന്നീസ് താരമായി ഇരുവരും മാറിയത് 10 വര്‍ഷത്തെ ഇടവേളയില്‍. സാംപ്രസ് 1988-ല്‍, ഫെഡറര്‍ 1998-ല്‍. ഉയരം ഇരുവര്‍ക്കും ആറടി ഒരിഞ്ച്. ഗ്രാന്‍സ്ലാം സ്വന്തമാക്കിയതിലും സമാനതകള്‍ ഏറെ. 1995-ല്‍ 23-ാം വയസില്‍ സാംപ്രസ് ആദ്യ വിമ്പിള്‍ഡണ്‍ നേടിയപ്പോള്‍ ഫെഡറര്‍ 2005-ല്‍ തന്റെ ആദ്യ വിമ്പിള്‍ഡണില്‍ മുത്തമിടുമ്പോള്‍ പ്രായം 23. ഇങ്ങനെ തന്റെ ആരാധനാപാത്രത്തിനൊപ്പം കുതിച്ച ഫെഡറര്‍ ഇപ്പോള്‍ അദ്ദേഹത്തെയും കടത്തി വെട്ടി കീഴടക്കാനാകാത്ത(ഒരു പക്ഷേ ഉടന്‍) ഉയരത്തിലേക്ക് കുതിക്കുന്നു. ആറാം വിമ്പിള്‍ഡണ്‍ നേടി ടെന്നീസിന്റെ ആറാം തമ്പുരാനായി മാറിയ ഫെഡറര്‍ക്ക് ഇനിയും കാലവും പ്രായവും ബാക്കി... തൊടുന്നതെല്ലാം ചരിത്രവും...

ടെന്നീസ് സാമ്രാജ്യത്തിലെ ആറാം തമ്പുരാന്‍SocialTwist Tell-a-Friend