Wednesday, December 31, 2008

വീണിതല്ലോ കിടക്കുന്നു...

ങ്ങനെ അവസാനം കടിച്ചാല്‍ പൊട്ടാത്ത പോണ്ടിംഗും പൊട്ടി.. വെറുതേ പൊട്ടുകയല്ലായിരുന്നു, എട്ടുനിലയില്‍ പൊട്ടി എന്നു പറഞ്ഞില്ലെങ്കില്‍ ക്രിക്കറ്റ്‌ പ്രേമികള്‍ നമുക്കിട്ടു പൊട്ടിക്കും. അന്താരാഷ്ട്ര ക്രിക്കറ്റിലെ മുടിചൂടാ മന്നന്മാരായി വാണ നാളുകളൊക്കെ പോയി മറഞ്ഞു. ഒരു കയറ്റമുണ്ടെങ്കില്‍ ഒരു ഇറക്കം തീര്‍ച്ചയായും കാണും. പക്ഷേ, പോണ്ടിംഗും സംഘം ഇറക്കത്തിലേക്കല്ല, വമ്പന്‍ കുഴിയിലേക്കാണ്‌ വീണത്‌. നേരത്തെ മറ്റ്‌ എവിടെ തോറ്റാലും അവര്‍ പറയുമായിരുന്നു യഥാര്‍ത്ഥ പേസ്‌ പിച്ച്‌ തങ്ങളുടേതാണെന്നും അവിടെ, പ്രഫഷണലിസത്തിന്റെ സ്വന്തം നാട്ടില്‍ ആര്‍ക്കും തങ്ങളെ നുള്ളി നോവിക്കാന്‍ പോലും കഴിയുകയില്ലെന്നും. കഴിഞ്ഞ ഒരു ദശാബ്ദത്തോളം ലോക ക്രിക്കറ്റ്‌ ഈ വീമ്പിളക്കല്‍ കേട്ട്‌ ക്ഷമയോടെ കാത്തിരിക്കുകയായിരുന്നു. ഗോലിയാത്തിനെ വീഴ്‌ത്തിയ ദാവീദിനെ പോലൊരാള്‍ ഒരിക്കല്‍ വരുമെന്ന പ്രതീക്ഷയോടെ....പക്ഷേ ഒന്നല്ല ഒന്നിലധികം ദാവീദുമാര്‍ക്ക്‌ വിരുന്നൊരുക്കാനായിരുന്നു പാവം പോണ്ടിംഗിനും സംഘത്തിനും വിധി വേദിയൊരുക്കിയത്‌. ആദ്യം ധോണിയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ പട്ടാളം കയറി നിരങ്ങിയ ടീം അല്‍പം അശ്വാസം കൊണ്ടത്‌്‌ പടയാളികളില്ലാത്ത കിവീസിനു മേല്‍ ആധിപത്യം കാട്ടിക്കൊണ്ടായിരുന്നു.എന്നാല്‍, പിന്നീട്‌ സിഡ്‌നിയില്‍ വിമാനം ഇറങ്ങിയത്‌ ആഫ്രിക്കന്‍ കരുത്തായിരുന്നു. ഗ്രെയിം സ്‌മിത്തെന്ന പോരാളിയുടെ നേതൃത്വത്തിലുള്ള ഒരു സംഘം യുവാക്കള്‍, ഒപ്പം ചില പരിചയ സമ്പന്നരും. യുദ്ധത്തിനു മുമ്പുള്ള ചില വാക്‌പോരാട്ടങ്ങളില്‍ സ്‌മിത്തിനെ അടിച്ചിടാന്‍ പോണ്ടിംഗിനു കഴിഞ്ഞിരുന്നു താനും. പക്ഷേ, അന്നും സ്‌മിത്ത്‌ പറഞ്ഞു, വാക്കുകളല്ല പ്രവൃത്തിയാണ്‌ പ്രധാനമെന്ന്‌. അത്‌ അവര്‍ കാട്ടിക്കൊടുത്തു.അതെ, ലോക ക്രിക്കറ്റിലെ കിരീടം വയ്‌ക്കാത്ത രാജാക്കന്മാരെന്ന പദവി ഓസ്‌ട്രേലിയയ്‌ക്ക്‌ നഷ്ടപ്പെടാന്‍ പോകുകയാണ്‌. സ്വന്തം നാട്ടില്‍ നടന്ന പരമ്പരയിലെ ആദ്യ രണ്ടു മത്സരവും അടിയറ വച്ച്‌ പോണ്ടിംഗും സംഘവും അതിനുള്ള കോപ്പു കൂട്ടിക്കഴിഞ്ഞു. പരമ്പരയില്‍ ശേഷിക്കുന്ന ഒരു മത്സരം കൂടി.. കൊട്ടിക്കലാശമെന്ന രീതിയില്‍ സ്‌മിത്തും കുട്ടികളും അതും ഉത്സവമാക്കി മാറ്റിയാല്‍ പോണ്ടിംഗിനു പിന്നെ തെരുവില്‍ കറങ്ങാം. കാരണം ടീമിനെ മികച്ച വിജയങ്ങളിലേക്കു നയിച്ച സമയത്താണ്‌ സാക്ഷാല്‍ സ്റ്റീവ്‌ വോയോട്‌ രാജിവയ്‌ക്കാന്‍ ക്രിക്കറ്റ്‌ ഓസ്‌ട്രേലിയ ആവശ്യപ്പെട്ടത്‌. അപ്പോള്‍ പോണ്ടിംഗിന്റെ കാര്യം ഗോവിന്ദാ... ഗോവിന്ദാ...സ്വന്തം മണ്ണില്‍ ഓസീസ്‌ ഇത്ര കനത്ത തോല്‍വി നേരിടുന്നത്‌ ഇതാദ്യം. പണ്ട്‌ ഇന്ത്യ ഓസ്‌ട്രേലിയയില്‍ എത്തിയപ്പോള്‍ അംപയര്‍മാരെ കൂട്ടുപിടിച്ചു പരമ്പര തോല്‍വിയില്‍ നിന്നു കംഗാരുക്കള്‍ രക്ഷ നേടിയിരുന്നു. പിന്നീട്‌ ഇന്ത്യയില്‍ വന്നപ്പോള്‍ യുവത്വത്തിന്റെ ചോരത്തിളപ്പില്‍ അവര്‍ക്ക്‌ പിടിച്ചു നില്‍ക്കാനുമായില്ല. അങ്ങാടിയില്‍ തോറ്റാല്‍ അമ്മയോട്‌ എന്ന രീതിയില്‍ ഇന്ത്യയോടു തോറ്റപ്പോള്‍ കുറ്റം മൂന്നാം ലോക രാജ്യത്തില്‍ ചാര്‍ത്തി അവര്‍ നാട്ടിലേക്ക്‌ വിമാനം കയറി.എന്നാല്‍ സ്വന്തം രാജ്യത്ത്‌ സംഘാടക മികവിനേയും മറ്റും ചോദ്യം ചെയ്യാനാവാത്ത അവസ്ഥയിലാണ്‌ ദക്ഷിണാഫ്രിക്ക ഇപ്പോള്‍ അവരെ കുരിശില്‍ തറച്ചത്‌. ഒന്നാം ക്രിക്കറ്റ്‌ ടെസ്‌റ്റില്‍ 414 എന്ന റിക്കാര്‍ഡ്‌ സ്‌കോര്‍ പിന്തുടര്‍ന്നുള്ള ജയം. ഇതിനു മുമ്പ്‌ അതിനും മുകളില്‍ ഒരു ടീം നാലാം ഇന്നിംഗ്‌സ്‌ പിന്തുടര്‍ന്നിട്ടുണ്ടെങ്കില്‍ ഒരിക്കല്‍ മാത്രം. തങ്ങളുടെ പ്രതാപകാലത്തെ സ്‌മരണകള്‍ ഉയര്‍ത്തി സാക്ഷാല്‍ ബ്രയാന്‍ ചാള്‍സ്‌്‌ ലാറയുടെ വെസ്റ്റിന്‍ഡീസ്‌. അതും ഓസീസിനെതിരേ എന്നത്‌ വിധിവൈപരിത്യം.രണ്ടാം ടെസ്റ്റില്‍ വര്‍ഷാന്ത്യത്തില്‍ നായകന്‍ കരഞ്ഞു വിളിച്ചു നേടിയ സെഞ്ചുറിയുടെ മികവില്‍ അവര്‍ ഒന്നാം ഇന്നിംഗ്‌സില്‍ മികച്ച സ്‌കോര്‍ കണ്ടെത്തിയതാണ്‌. അതും പോരാഞ്ഞിട്ട്‌ 200 റണ്‍സ്‌ എത്തും മുമ്പേ സന്ദര്‍ശകരുടെ ഏഴു വിക്കറ്റും അവര്‍ പിഴുതിരുന്നു. പക്ഷേ, സ്വതസിദ്ധമായ അഹങ്കാരം അവരെ വിട്ടൊഴിഞ്ഞില്ല. അതാവും ടെസ്റ്റ്‌ പാതി വഴിക്കെത്തും മുമ്പേ തങ്ങള്‍ ആരെന്നു കണ്ടോയെന്ന ചോദ്യം പോണ്ടിംഗിന്റെ നാവില്‍ നിന്നു വീണത്‌. എന്നാല്‍ കണ്ടെന്നും കണ്ടെത്‌ എന്തെന്നും പിറ്റേ ദിവസം ജീന്‍ പോള്‍ ഡ്യൂമിനിയും ഡെയ്‌ല്‍ സ്‌റ്റീനും തെളിയിച്ചു. ശേഷിച്ച മൂന്നു വിക്കറ്റില്‍ അവര്‍ കൂട്ടിച്ചേര്‍ത്തത്‌ 269 റണ്‍സ്‌. അതില്‍ 181-ും ഒമ്പതാം വിക്കറ്റില്‍.പിറ്റേന്ന്‌ പേസ്‌ ബൗളിംഗില്‍ സ്റ്റെയ്‌ന്‍ലെസ്‌ സ്റ്റീലിന്റെ മൂര്‍ച്ച സ്റ്റീന്‍ കാട്ടിയപ്പോള്‍ ഓസീസിനു നല്‍കാനായത്‌ വെറും 183 റണ്‍സിന്റെ വിജയലക്ഷ്യം ഒമ്പതു വിക്കറ്റ്‌ ശേഷിക്കെ ദക്ഷിണാഫ്രിക്ക അത്‌ മറികടന്ന്‌ ചരിത്രം രചിച്ചു. അതെ, പതിനാറു വര്‍ഷത്തിനു ശേഷം കംഗാരുക്കള്‍ സ്വന്തം നാട്ടില്‍ തലകുനിച്ചു. ഒരു പരമ്പര നഷ്ടം.1992-93 കാലഘട്ടത്തില്‍ അന്നത്തെ വിന്‍ഡീസിനോടു തോറ്റ ശേഷം നാട്ടില്‍ ഒരു തോല്‍വി. പോണ്ടിംഗിനും സംഘത്തിനും സ്വന്തം കാലിനടിയിലെ മണ്ണ്‌ ഇളകി തുടങ്ങിയെന്ന മുന്നറിയിപ്പ്‌.പരമ്പരയിലെ മൂന്നാം ടെസ്റ്റ്‌ സിഡ്‌നിയില്‍ അരങ്ങേറും. അതിലുമൊരു തോല്‍വിയെന്നാല്‍ ക്രിക്കറ്റിലെ രാജാവിന്റെ കിരീടവും ചെങ്കോലും സ്‌മിത്തിനു കൈമാറുകയെന്നതാവും പോണ്ടിംഗിന്‌. മദിച്ചു പുളച്ചു നടന്ന മദയാനയ്‌ക്ക്‌ ഇനി ഉറക്കമില്ലാത്ത രാവുകള്‍. അത്‌ ആഘോഷിക്കാന്‍ ലോകക്രിക്കറ്റിലെ മറ്റു ശക്തികളും.1992-ല്‍ രാജ്യാന്തര ക്രിക്കറ്റില്‍ മടങ്ങിയെത്തിയ ശേഷം എന്നു മാത്രമല്ല ചരിത്രത്തിലാദ്യമായിത്തന്നെ ദക്ഷിണാഫ്രിക്ക ഓസീസ്‌ മണ്ണില്‍ നേടുന്ന ആദ്യ പരമ്പരയാണിത്‌. ഓസീസ്‌ നായകന്‍ പഴിയ്‌ക്കുന്നത്‌ ബാറ്റിംഗിനെ. ഓപ്പണര്‍ മാത്യു ഹെയ്‌ഡനും മധ്യനിരയ്‌ക്കും റണ്‍സ്‌ കണ്ടെത്താന്‍ കഴിയാത്തതാണ്‌ ഓസീസിനെ വലച്ചത്‌ എന്ന്‌ അവര്‍ പറയുന്നു. പക്ഷേ സത്യം അതായിരുന്നോ ?കൃത്യതയുടെ പര്യായമായ ഗ്ലെന്‍ മക്‌്‌ഗ്രാത്തും സ്‌പിന്‍ ഇതിഹാസം ഷെയ്‌ന്‍ വോണും വിക്കറ്റിനു പിന്നിലെ പ്രചോദനം ആദം ഗില്‍ക്രിസ്‌റ്റും വിട പറഞ്ഞശേഷം ഓസീസ്‌ നനഞ്ഞ പടക്കമായി മാറിയെന്നതാണ്‌ യാഥാര്‍ത്ഥ്യം. പ്രബലര്‍ ഉള്ളപ്പോള്‍ അവര്‍ തിളങ്ങിയിരുന്നു. ഇപ്പോള്‍ അവര്‍ക്കു മലയിറക്കത്തിന്റെ നാളുകളാണ്‌. ഇറങ്ങട്ടെ... കടന്നു വരാന്‍ ഒട്ടേറെ രാജാക്കന്മാര്‍ കാത്തു നില്‍ക്കുന്നു. ഒരില വീഴുമ്പോള്‍ മറ്റൊരു ഇലയ്‌ക്ക്‌ വളമാകുമെന്നല്ലേ ചൊല്ല്‌...


ഗൂഗ്ലി

അടുത്ത അഞ്ചു വര്‍ഷത്തിനിടയില്‍ ഞങ്ങള്‍ വീണ്ടും രാജാക്കന്മാരാകും: പോണ്ടിംഗ്‌

എത്ര മനോഹരമായ നടക്കാത്ത സ്വപ്‌നം.!!!

വീണിതല്ലോ കിടക്കുന്നു...SocialTwist Tell-a-Friend

Sunday, December 21, 2008

യുവരാജാവ്‌ ഇനി മഹാരാജാവ്‌

ന്ത്യന്‍ ക്രിക്കറ്റിലെ രാജാക്കന്മാര്‍ക്കിടയില്‍ യുവരാജാ പട്ടം അലങ്കരിച്ചു പോന്നിരുന്ന യുവ്‌രാജ്‌ സിംഗിന്‌ ഇനി പ്രമോഷന്‍ നല്‍കാം. ബംഗാള്‍ കടുവ ഒഴിച്ചിട്ടു പോയ മഹാരാജാവിന്റെ സിംഹാസനത്തില്‍ ഇരിക്കാന്‍ പക്വതയാര്‍ജിച്ചു കഴിഞ്ഞുവെന്ന്‌ യുവി തെളിയിക്കുന്നു.ബാറ്റിംഗ്‌ ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറും പ്രതിരോധത്തിന്റെ അവസാന വാക്കായ രാഹുല്‍ ദ്രാവിഡും ഓഫ്‌ സൈഡിന്റെ ദൈവം സൗരവ്‌ ഗാംഗുലിയും വെരി വെരി സ്‌പെഷ്യല്‍ വി.വി.എസ്‌ ലക്ഷ്‌മണും അരങ്ങു തകര്‍ക്കുമ്പോള്‍ ടീമിലേക്ക്‌ എത്തിയ ഒരു കൂട്ടം യുവതാരങ്ങളില്‍ ഏറെ ശ്രദ്ധ നേടിയ താരമായിരുന്നു യുവ്‌രാജ്‌.എന്നാല്‍ ഒപ്പം വന്ന വിരേന്ദര്‍ സേവാഗും മഹേന്ദ്ര സിംഗ്‌ ധോണിയും മറ്റും ഇന്ത്യന്‍ ടീമില്‍ സ്ഥിര പ്രതിഷ്‌ഠ നേടിയപ്പോഴും ഈ പഞ്ചാബി താരത്തിന്‌ ടീമില്‍ (ടെസ്റ്റ്‌) വന്നും പോയുമിരിക്കാനായിരുന്നു യോഗം.ഏകദിന ക്രിക്കറ്റിന്റെ ചടുലവേഗം ബാറ്റില്‍ ആവാഹിച്ച യുവി ടെസ്‌റ്റ്‌ കളിക്കാന്‍ പക്വത നേടിയിട്ടില്ലെന്നായിരുന്നു വിമര്‍ശനം. ഷോട്ട്‌ കൊള്ളാം.. ഒരു ചന്തമൊക്കെയുണ്ട്‌. സിക്‌സര്‍ ഗംഭീരം പക്ഷേ... പയ്യന്‍ പോരാ...ടെസ്റ്റ്‌ കളിക്കാന്‍ മാത്രം അവന്‍ വളര്‍ന്നിട്ടില്ല.ഏകദിനത്തില്‍ മിന്നുന്ന പ്രകടനവുമായി ടീം ഇന്ത്യയുടെ വിജയങ്ങളില്‍ നിര്‍ണായക വഹിക്കുമ്പോഴും യുവിയേ ഇലവനില്‍ നിന്നു മാറ്റിനിര്‍ത്താനുള്ള വ്യഗ്രതയിലായിരുന്നു സെലക്‌്‌ഷന്‍ കമ്മിറ്റിയിലെ മേലാളന്മാര്‍. എന്നാല്‍ അവഗണനകള്‍ക്കെതിരേ പോരാടാന്‍ തന്നെയായിരുന്നു യുവ്‌രാജിന്റെ തീരുമാനം.പഞ്ചാബ്‌ രഞ്‌ജി ടീമിന്റെ തട്ടുപൊളിപ്പന്‍ ബാറ്റ്‌സ്‌മാന്‍ എന്ന നിലയില്‍ നിന്ന്‌ ടീം ഇന്ത്യയുടെ അഭിഭാജ്യ ഘടകമെന്ന നിലയിലേക്കുള്ള യുവിയുടെ വളര്‍ച്ച അതി ഗംഭീരമായിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീമിനെ ജയിക്കാനറിയാവുന്ന ടീം ഇന്ത്യയാക്കി മാറ്റിയ ദാദയുടെ കളരിയിലായിരുന്നു യുവ്‌രാജിന്റെ പ്രതിഭ തേച്ചുമിനുക്കിയത്‌.ഇംഗ്ലണ്ടില്‍ നടന്ന നാറ്റ്‌ വെസ്റ്റ്‌ പരമ്പര ഫൈനലില്‍ യുവി നടത്തിയ പ്രകടനമാണ്‌ "പയ്യനെ" ലോക ശ്രദ്ധയിലേക്കെത്തിച്ചത്‌. ആതിഥേയരായ ഇംഗ്ലണ്ട്‌ ഉയര്‍ത്തിയ കൂറ്റന്‍ വിജയലക്ഷ്യത്തിനു മുന്നില്‍ ദൈവവും മതിലും രാജകുമാരനുമെല്ലാം അടങ്ങുന്ന ബാറ്റിംഗ്‌ നിര ചീട്ടുകൊട്ടാരം പോലെ തകരുന്നത്‌ കണ്ട്‌ ടിവി ഓഫ്‌ ചെയ്‌ത കിടപ്പുമുറിയിലേക്ക പോയ ആരാധകര്‍ ആശങ്ക ശമിക്കാതെ പിന്നീടെപ്പോഴോ വിഡ്‌ഢിപ്പെട്ടി ഓണ്‍ ചെയ്യുമ്പോള്‍ വിജയത്തിലേക്ക്‌ കുതിക്കുന്ന ഇന്ത്യയേയും ജേഴ്‌സിയൂരി ആവേശം കാട്ടുന്ന ഗാംഗുലിയേയും കണ്ട്‌ അന്തം വിട്ടു കാണണം.ടീമിലെ തന്റെ സമകാലീനനായ മുഹമ്മദ്‌ കൈഫിനെ കൂട്ടുപിടിച്ച്‌ റിക്കാര്‍ഡ്‌ വിജയത്തിലേക്ക്‌ ഇന്ത്യയെ നയിച്ച യുവ്‌രാജിനെ നെഞ്ചേറ്റാന്‍ പിന്നീട്‌ ആയിരം കാരണങ്ങള്‍ ഉണ്ടായി. തകര്‍പ്പന്‍ സെഞ്ചുറികളും സിക്‌സറുകളും കൊണ്ട്‌ ഗാലറിയേ ആനന്ദ നൃത്തം ചവിട്ടിച്ച യുവ്‌രാജിന്‌ ക്യാപ്‌സ്യൂള്‍ ക്രിക്കറ്റായ ട്വന്റി-20യുടെ വരവ്‌ ഒട്ടൊന്നുമായിരുന്നില്ല ഗുണം ചെയ്‌തത്‌.തന്റെ ചടുല താളത്തിലുള്ള ബാറ്റിംഗ്‌ ട്വന്റി-20യ്‌ക്ക്‌ ഏറെ ഗുണകരമാണെന്നു മനസിലാക്കിയ യുവി ടീം ഇന്ത്യയുടെ സ്‌പെഷ്യലിസ്റ്റ്‌ ബാറ്റ്‌സ്‌മാനായി മാറുകയായിരുന്നു. ദക്ഷിണാഫ്രിക്കയില്‍ നടന്ന കുട്ടി ലോകകപ്പില്‍ ടീം ഇന്ത്യയുടെ വിജയത്തിന്‌ യുവി നല്‍കിയ സംഭാവനകള്‍ എന്നും ഓര്‍മിക്കത്തക്കത്‌ തന്നെ.ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ സ്‌റ്റിയുവര്‍ട്ട്‌ ബ്രോഡിനെ ഒരോവറില്‍ ആറു സിക്‌സറിനു ശിക്ഷിച്ച യുവ്‌രാജ്‌ യുവത്വത്തിന്റെ പ്രതീകമായി മാറാന്‍ ഏറെ കാത്തിരിക്കേണ്ടി വന്നില്ല. ടീം ഇന്ത്യയുടെ നായകനായി മഹേന്ദ്ര സിംഗ്‌ ധോണിയെത്തിയതോടെ യുവത്വം വീണ്ടെടുത്ത ഇന്ത്യന്‍ ടീമിന്റെ മധ്യനിരയെന്നാല്‍ യുവ്‌്‌രാജ്‌ സിംഗ്‌ എന്നായി മാറി.എന്നാല്‍ ഇതിനിടയിലും ടെസ്‌റ്റ്‌ ടീമിലേക്ക്‌ വിളിക്കാത്തതില്‍ യുവിയുടെ മനസ്‌ നോവുന്നുണ്ടായിരുന്നു. എന്നാല്‍, ഇന്ത്യയുടെ എക്കാലത്തേയും വിശ്വസ്‌തരായ ഫേവറൈറ്റ്‌ ഫോര്‍സില്‍ നിന്ന്‌ കോല്‍ക്കത്ത രാജകുമാരന്‍ വിടപറഞ്ഞതോടെ ടെസ്‌റ്റ്‌ ടീമിന്റെ മധ്യനിര പൊള്ളയായി.ആ സ്ഥാനത്തേക്ക്‌ യുവ്‌രാജിന്റെ പേരും ഉയര്‍ന്നു കേട്ടു. പക്ഷേ അതിന്‌ അത്ര ബലമുണ്ടായിരുന്നില്ല. എന്നാല്‍ യുവി അത്‌ കാര്യമായിത്തന്നെയെടുത്തു. മികച്ച ഒരു പ്രകടനത്തിലൂടെയല്ലാതെ ടീമില്‍ ഇടം പിടിക്കാനാവില്ലെന്നു മറ്റാരേക്കാളും നന്നായി അറിയുന്ന യുവ്‌രാജ്‌ അതിന്‌ തെരഞ്ഞെടുത്തത്‌ ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനമായിരുന്നു. ടെസ്റ്റ്‌ ടീമിന്റെ സെലക്‌്‌ഷനു മുന്നോടിയായി നടന്ന ഏകദിന പരമ്പരയില്‍ യുവി തന്റെ നയം വ്യക്തമാക്കി.പരമ്പരയിലെ ആദ്യ രണ്ടു മത്സരത്തിലും തകര്‍പ്പന്‍ സെഞ്ചുറി. ഹാര്‍മിസണും, ആന്‍ഡേഴ്‌സണും, ഫ്‌ളിന്റോഫും അടങ്ങുന്ന ഇംഗ്ലീഷ്‌ ബൗളിംഗ്‌ നിരയെ പിച്ചിച്ചീന്തിയ ബാറ്റിംഗ്‌. സ്വന്തം നാട്ടിലാണെന്നും തിണ്ണമിടുക്കാണെന്നും വിമര്‍ശകര്‍ അടക്കം പറഞ്ഞെങ്കിലും യുവ്‌്‌രാജിന്റെ പോരാട്ടമികവിനെ അംഗീകരിക്കാതിരിക്കാനായില്ല.ലോകത്തെ ഏറ്റവും മികച്ച പേസ്‌ ബാറ്ററികളിലൊന്നായ ഇംഗ്ലണ്ടിനെതിരേ നടത്തിയ പ്രകടനം ഒടുവില്‍ സെലക്‌്‌ഷന്‍ കമ്മിറ്റിയുടെ ശ്രദ്ധയിലും പെട്ടു. സൗരവ്‌ ഗാംഗുലിയുടെ പകരക്കാരന്‍ ആരെന്നു വ്യക്തമായെന്നു പറഞ്ഞ നാലാം ഏകദിനത്തിനു ശേഷം മുഖ്യ സെലക്ടര്‍ കൃഷ്‌ണമാചാരി ശ്രീകാന്ത്‌ അത്‌ സൂചിപ്പിക്കുകയും ചെയ്‌തു.ഒരാഴ്‌ചയ്‌ക്കു ശേഷം നടന്ന ടെസ്റ്റ്‌ ടീം തെരഞ്ഞെടുപ്പിനു ശേഷം ഏറെക്കാലമായി കേള്‍ക്കാന്‍ കൊതിച്ചിരുന്ന വാര്‍ത്ത യുവിയെ തേടിയെത്തി. ടെസ്റ്റ്‌ ടീമില്‍ താന്‍ ഇടം പിടിച്ചു. അതോടെ ലക്ഷ്യം മറ്റൊന്നായി. സ്ഥാനം നേടി ഒരുപാടു പേര്‍ കാത്തു നില്‍ക്കുമ്പോള്‍ ലഭിച്ച സ്ഥാനം ഉറപ്പിക്കുകയെന്നത്‌ ശ്രമകരമായ ലക്ഷ്യങ്ങളിലൊന്നായിരുന്നു. അതിനുമുണ്ടായിരുന്നു ഉഗ്രന്‍ മറുപടി.ഭീകരാക്രമണങ്ങളില്‍ നടുങ്ങി നിന്ന രാജ്യത്ത്‌ നടന്ന ഒന്നാം ക്രിക്കറ്റ്‌ ടെസ്റ്റ്‌. ആദ്യ മൂന്നു ദിനങ്ങളിലും സന്ദര്‍ശകര്‍ മികച്ചു നിന്നപ്പോള്‍ ഏറെ പ്രതീക്ഷകളുമായിറങ്ങിയ യുവിക്ക്‌ ഒന്നാം ഇന്നിംഗ്‌സില്‍ തിളങ്ങാനായില്ല. 41 പന്തു നേരിട്ട്‌ രണ്ടു ബൗണ്ടറികളുള്‍പ്പടെ 14 റണ്‍സുമായി മടങ്ങേണ്ടി വന്നു. എന്നാല്‍ കാര്യങ്ങള്‍ യുവരാജാവിന്റെ വഴിക്ക്‌ വരികയായിരുന്നു പിന്നീട്‌.ഒന്നാം ഇന്നിംഗ്‌സില്‍ ഇന്ത്യന്‍ ബാറ്റിംഗ്‌ നിര പതറയിതു കണ്ട്‌ അല്‌പം അതിമോഹത്തോടെ 387 റണ്‍സ്‌ എന്ന വിജയലക്ഷ്യം നല്‍കി ഇംഗ്ലീഷ്‌ നായകന്‍ ഡിക്ലയര്‍ ചെയ്‌തപ്പോള്‍ ഇന്ത്യ അത്ര കണ്ട്‌ വിജയം പ്രതീക്ഷിച്ചിരുന്നില്ല. എന്നാല്‍ നാലാം ദിനം വൈകുന്നേരം സേവാഗ്‌ ആളിക്കത്തിയപ്പോള്‍ ഇന്ത്യ ഉണര്‍ന്നു. അവസാന ദിനത്തില്‍ ഇന്ത്യക്കു വേണ്ടത്‌ ഒമ്പതു വിക്കറ്റ്‌ ശേഷിക്കെ 256 റണ്‍സ്‌. ചെറിയ ലക്ഷ്യമെങ്കിലും പിച്ചിന്റെ പ്രവചനാതീത സ്വഭാവം ഇന്ത്യക്ക്‌ കെണിയൊരുക്കുമെന്ന പ്രവചനവും.എന്നാല്‍ 100 കോടി ജനങ്ങളുടെ പ്രതീക്ഷ ചുമലിലേറ്റി ക്രിക്കറ്റ്‌ ദൈവം സച്ചിന്‍ ബാറ്റു വീശിയപ്പോള്‍ വിജയം ഇന്ത്യയെ തേടിയെത്തി. സച്ചിനു പിന്തുണയുമായി ക്രീസില്‍ എത്തിയ യുവ്‌്‌രാജ്‌ നടത്തിയ പ്രകടനമായിരുന്നു ഏവരുടേയും ഹൃദയം കവര്‍ന്നത്‌. വിക്കറ്റ്‌ കാത്ത്‌ ഒരറ്റം സച്ചിന്‍ ഭദ്രമാക്കിയപ്പോള്‍ മറുവശത്ത്‌ ആക്രമണവും പ്രതിരോധവും സമന്വയിപ്പിച്ച്‌ യുവി നിലകൊണ്ടു. തനിക്ക്‌ ടെസ്റ്റ്‌ ക്രിക്കറ്റ്‌ കളിക്കാനുള്ള പക്വതയില്ലെന്നു പുച്ഛിച്ചവര്‍ക്കുള്ള ചുട്ട മറുപടി. റിക്കാര്‍ഡ്‌ സ്‌കോര്‍ പിന്തുടര്‍ന്ന്‌ ജയിക്കാന്‍ ഇന്ത്യ ഇറങ്ങിപ്പുറപ്പെട്ടപ്പോള്‍ ചങ്കുറപ്പോടെ സമ്മര്‍ദ്ദത്തേയും പിച്ചിനേയും ഇംഗ്ലീഷ്‌ ആക്രമണങ്ങളേയും നേരിട്ട്‌ താന്‍ ടെസ്റ്റിലേയും യുവരാജാവാണെന്ന്‌ യുവി തെളിയിച്ചു.ഓഫ്‌ സൈഡിനെ പുളകം കൊള്ളിച്ച്‌ ദാദ വിടവാങ്ങിയപ്പോള്‍ ശൂന്യമായ മധ്യനിരയില്‍ ഇനി യുവ്‌രാജിന്റെ കൈയൊപ്പ്‌ പതിയട്ടെ. യുവരാജാവില്‍ നിന്ന മഹാരാജാവിലേക്കുള്ള പരിണാമം അതിന്റെ പൂര്‍ണതയിലെത്തട്ടെ...

യുവരാജാവ്‌ ഇനി മഹാരാജാവ്‌SocialTwist Tell-a-Friend

മിസ്‌റ്റര്‍ കൂളിന്റെ കൂള്‍ മറുപടി

നിക്കെന്തു പറ്റി. ഇന്ത്യന്‍ ക്രിക്കറ്റിന്റെ പ്രതിരോധം എന്നു പോലും പറയാനാകുന്ന രാഹുല്‍ ദ്രാവിഡ്‌ തന്നോടു തന്നെ ചോദിച്ചിരിക്കാനിടയുള്ള ചോദ്യമാണിത്‌്‌. ഉത്തരം കണ്ടെത്താന്‍ ഏറെ വൈഷമ്യമുള്ള ചോദ്യം. എന്നാല്‍ അതിനു ഉത്തരം ലഭിച്ചിരിക്കുന്നു. ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ്‌ ടെസ്‌റ്റിന്റെ രണ്ടാം ദിനം ഇംഗ്ലീഷ്‌ ബൗളര്‍ ജയിംസ്‌ ആന്‍ഡേഴ്‌സണിനെ ഫ്‌ളിക്‌ ചെയ്‌ത്‌ നേടിയ 26-ാം ടെസ്റ്റ്‌ സെഞ്ചുറി ആ ചോദ്യത്തിനുള്ള ഉത്തരവുമായാണ്‌ പിറന്നത്‌. കഴിഞ്ഞ മാര്‍ച്ചിനു ശേഷം വന്മതില്‍ നേടുന്ന ആദ്യ സെഞ്ചുറി.ചെളിക്കുണ്ടില്‍ ആഴ്‌ന്നു പോയാലും മാണിക്യത്തിന്‌ അതിന്റെ തിളക്കം ഒളിച്ചു വയ്‌ക്കാന്‍ കഴിയില്ല. പ്രതിഭകളുടെ കാര്യവും ഇതുപോലെയാണ്‌. പ്രത്യേകിച്ച്‌ ക്രിക്കറ്റില്‍. സമയദോഷത്താല്‍ ചിലപ്പോള്‍ ബാറ്റില്‍ നിന്ന്‌ റണ്ണൊഴുക്ക്‌ നിലച്ചു പോയേക്കാം, ബൗളിംഗിന്റെ മൂര്‍ച്ച കുറഞ്ഞേക്കാം, ചോരാത്ത കൈകളും ചോര്‍ന്നേക്കാം. എന്നാല്‍ അത്‌ എക്കാലവും അവരെ വലയ്‌ക്കില്ല. ഇതിന്‌ ഏറ്റവും മികച്ച ഉദാഹരണമാണ്‌ രണ്ടാം ടെസ്റ്റില്‍ മൊഹാലി കണ്ടത്‌. തലേദിനം വരെ തന്റെ കാലം കഴിഞ്ഞുവെന്ന്‌ ആക്രോശിച്ചവര്‍ തനിക്ക്‌ അനുകൂലമായി മുദ്രാവാക്യം വിളിക്കുന്നതു കേട്ട്‌ ടീം ഇന്ത്യയുടെ വന്മതില്‍ രാഹുല്‍ ദ്രാവിഡ്‌ ഊറിച്ചിരിച്ചു കാണണം.മോശം ഫോമിനേ തുടര്‍ന്ന്‌ വിഷമിക്കുകയായിരുന്ന ദ്രാവിഡിന്റെ ഉജ്വല തിരിച്ചുവരവിനായിരുന്നു മൊഹാലി സാക്ഷ്യം വഹിച്ചത്‌. നായക സ്ഥാനം ഒഴിഞ്ഞ ശേഷം ഒരു മികച്ച ഇന്നിംഗ്‌സിനു വേണ്ടി ഏറെ മത്സരങ്ങള്‍ ദ്രാവിഡിനു കാത്തിരിക്കേണ്ടി വന്നു.ഇതിനിടയില്‍ കോല്‍ക്കത്ത രാജകുമാരന്‍ സൗരവ്‌ ഗാംഗുലിയും സ്‌പിന്‍ എന്‍ജിനീയര്‍ അനില്‍ കുംബ്ലയും അന്താരാഷ്ട്ര ക്രിക്കറ്റിനോടു സലാം പറഞ്ഞപ്പോള്‍ ദ്രാവിഡിന്റെ കാലവും അസ്‌തമിച്ചു എന്നു കരുതിയവര്‍ ഏറെ. പിഴയ്‌ക്കാത്ത പ്രതിരോധത്തിനു പേരു കേട്ട കന്നഡ താരം മോശം പന്തുകളില്‍ പോലും അവിശ്വസനീയമായ രീതികളില്‍ പുറത്തായത്‌ ഈ വിശ്വാസത്തിന്‌ ബലവുമേകി.ദ്രാവിഡ്‌ ക്രീസില്‍ എത്തിയാല്‍ ഒരറ്റം ഭദ്രമായി എന്നു കരുതിയിരുന്ന തിങ്ക്‌ ടാങ്കുകള്‍ക്ക്‌ മിസ്റ്റര്‍ കൂളിന്റെ ഈ പതനം അവിശ്വസനീയമായിരുന്നു. ഈ വര്‍ഷം ഇതിനു മുമ്പ്‌ കളിച്ച 26 ടെസ്റ്റുകളില്‍ ആ ബാറ്റില്‍ നിന്നു പിറന്നത്‌ വെറും 613 റണ്‍സ്‌. ഇതിനിടെ പത്തില്‍ താഴെ സ്‌കോറില്‍ പുറത്തായത്‌ പത്തു തവണ. കണക്കുകള്‍ നിരത്തി വിമര്‍ശകര്‍ രംഗത്തെത്തിയതോടെ ഓരോ ഇന്നിംഗ്‌സും ദ്രാവിഡിന്‌ സമ്മര്‍ദ്ദത്തിന്റെ കാണാക്കയം സമ്മാനിക്കുകയായിരുന്നു.ഏകാഗ്രത നഷ്ടപ്പെട്ടവനേ പോലെ ക്രീസില്‍ നിന്ന്‌ തലകുനിച്ച്‌ മടങ്ങുന്ന ദ്രാവിഡിന്റെ ചിത്രം സമീപകാലത്ത്‌ പത്ര-ദൃശ്യ മാധ്യങ്ങള്‍ വളരെയധികം ആഘോഷിച്ചു. ദ്രാവിഡിന്റഎ പതനത്തിലും ടീം ഇന്ത്യ മികച്ച ജയം നേടിയപ്പോള്‍ പ്രതിരോധിക്കാന്‍ വന്മതില്‍ വേണമെന്നില്ലെന്നു വരെ അവര്‍ എഴുതി. ലോകചാമ്പ്യന്മാരായ കംഗാരുക്കള്‍ക്കെതിരേയും ഇംഗ്ലണ്ടിനെതിരേയും നേടിയ ജയങ്ങള്‍ അവരെ അതിനു പ്രേരിപ്പിച്ചുവെന്നു വേണം കരുതാന്‍.ഒടുവില്‍ രണ്ടാം ടെസ്റ്റ്‌ തുടങ്ങും മുമ്പ്‌ ദ്രാവിഡിനു വിശ്രമം അത്യാവശ്യമാണെന്നും അഭ്യന്തര ക്രിക്കറ്റില്‍ കളിച്ച്‌ ഫോം തെളിയിക്കണമെന്നും മുഖ്യ സെലക്ടര്‍ കൃഷ്‌ണമാചാരി ശ്രീകാന്തിനെ കൊമ്‌ടു പറയിക്കുന്നിടം വരെയെത്തി കാര്യങ്ങള്‍. സ്ഥാനനഷ്ടത്തിന്റെ വക്കില്‍ നിന്നാണ്‌ ദ്രാവിഡ്‌ രണ്ടാം ടെസ്റ്റിനായി മൊഹാലിയില്‍ പാഡണിഞ്ഞത്‌. പതിവില്‍ നിന്നു വിപരീതമായി പൊട്ടിത്തെറിക്കാതെ വിരേന്ദര്‍ സേവാഗ്‌ പുറത്തായ സമ്മര്‍ദത്തില്‍ ക്രീസില്‍ എത്തിയ ദ്രാവിഡിന്റെ മുഖത്ത്‌ കണ്ട ദൃഢനിശ്ചയം എന്തെന്ന്‌ ഏറെ താമസിയാതെ വ്യക്തമായി.കഴിഞ്ഞ കുറച്ച്‌ മത്സരങ്ങളായി താന്‍ വരുത്തിയ പിഴവുകള്‍ എന്തെന്നു പഠിച്ചായിരുന്നു വന്മതില്‍ പ്രതിരോധക്കോട്ടയുയര്‍ത്തിയത്‌. പിഴവുകള്‍ ആവര്‍ത്തിക്കാതെ മികച്ച ഇന്നിംഗ്‌സ്‌ കെട്ടിപ്പടുക്കുക കടുത്ത സമ്മര്‍ദത്തില്‍ അത്രയെളുപ്പമായിരുന്നില്ല. എന്നാല്‍ സമയം ഏറെയെടുത്ത്‌ മോശം പന്തുകളെ ശിക്ഷിച്ചും മികച്ചവയെ ബഹുമാനിച്ചും ഇന്നിംഗ്‌സ്‌ മുന്നോട്ടു കൊണ്ടുപോയ ദ്രാവിഡ്‌ രണ്ടാം ദിനം തന്റെ സ്വതസിദ്ധമായ ശൈലിയിലേക്ക്‌ തിരിച്ചെത്തുകയായിരുന്നു.മധ്യനിരയില്‍ തന്റെ സ്ഥാനം എന്തെന്നും തന്റെ ദൗത്യം എന്തെന്നും വിമര്‍ശകര്‍ക്ക്‌ കാട്ടിക്കൊടുത്ത ആ ഇന്നിംഗ്‌സ്‌ ഇന്ത്യയെ മികച്ച സ്‌കോറിലേക്ക്‌ നയിച്ചു. മറുവശത്ത്‌ യുവത്വത്തിന്റെ ചോരത്തിളപ്പുമായി ഗൗതം ഗംഭീറും ബാറ്റുവീശിയപ്പോള്‍ കുറച്ചു കാലം തന്നെ വിട്ടുപിരിഞ്ഞ ആത്മവിശ്വാസം വീണ്ടെടുക്കാന്‍ വന്മതിലിനായി.തനിക്കു നേരെ വാക്‌ശരങ്ങള്‍ തൊടുത്തവര്‍ക്കെതിരായ മറുപടിയായിരുന്നു ആ സെഞ്ചുറി. കളത്തിലും പുറത്തും മാന്യത കാത്തു സൂക്ഷിക്കാന്‍ എക്കാലവും ശ്രദ്ധിച്ചിട്ടുള്ള ദ്രാവിഡ്‌ വിമര്‍ശനങ്ങള്‍ക്കുള്ള മറുപടിയിലും ആ മാന്യത സൂക്ഷിച്ചു. വീണ്‍ വാക്കു പറയുകയും മുന്‍ കാല പ്രകടനങ്ങള്‍ ഉയര്‍ത്തിക്കാട്ടുകയും ചെയ്‌തതു കൊണ്ട്‌ എതിര്‍പ്പുകളെ ഒഴിവാക്കാന്‍ കഴിയില്ലെന്നു മനസിലാക്കിയുള്ള പ്രതികരണം. ഇന്ത്യന്‍ ക്രിക്കറ്റിലെ മിസ്റ്റര്‍ കൂള്‍ നല്‍കുന്ന കൂള്‍ മറുപടി....ഈ ഫോം ഇനിയും (വിരമിക്കാന്‍ അധികം താമസമില്ലെന്ന്‌ വിദഗ്‌ധര്‍. അതുവരെയെങ്കിലും) തുടരാന്‍ ദ്രാവിഡിനു കഴിയുമെന്ന ഉറച്ച വിശ്വാസത്തോടെ...

മിസ്‌റ്റര്‍ കൂളിന്റെ കൂള്‍ മറുപടിSocialTwist Tell-a-Friend

Tuesday, December 16, 2008

ദൈവത്തിന്റെ വിമര്‍ശകര്‍ ഇനി എന്തു പറയും?

നൂറ്റാണ്ടിന്റെ ക്രിക്കറ്റ്‌ താരമെന്നു പറഞ്ഞാലും അതിശയോക്തിയാവില്ല സച്ചിന്‍ രമേഷ്‌ തെണ്ടുല്‍ക്കറിനെ സംബന്ധിച്ച്‌. ഇതിഹാസ താരങ്ങളായ സര്‍ ഡോണ്‍ ബ്രാഡ്‌മാനും വിവിയന്‍ റിച്ചാര്‍ഡ്‌സും കല്‍പിച്ചു നല്‍കിയ സ്ഥാനമാണിത്‌. തന്റെ തന്നെ ബാല്യമെന്ന്‌ ബ്രാഡ്‌മാന്‍ നിരൂപിച്ചപ്പോള്‍ ക്രിക്കറ്റിന്റെ സ്വന്തം മാസ്‌റ്റര്‍ ബ്ലാസ്‌റ്റര്‍ എന്നായിരുന്നു റിച്ചാര്‍ഡ്‌സ്‌ നല്‍കിയ വിശേഷണം.ലോക ക്രിക്കറ്റിലെ കിരീടവും ചെങ്കോലും ഏന്തി എതിരില്ലാതെ അഭിരമിക്കുമ്പോഴും സച്ചിനെ വിമര്‍ശിക്കാന്‍ ഒരു സംഘം ഉണ്ടായിരുന്നു എപ്പോഴും. അനുപമമായ ശൈലിയിലും ഭാവത്തിലും ബാറ്റു വീശുമ്പോഴും, റിക്കാര്‍ഡുകള്‍ പൊന്‍തൂവലുകളായി ശിരസില്‍ വിളങ്ങുമ്പോഴും സെഞ്ചുറികളും അര്‍ധ സെഞ്ചുറികളും മഴവെള്ളപ്പാച്ചില്‍ പോലെ ഒഴുകുമ്പോഴും ക്ഷീരമുള്ള അകിടിന്‍ ചുവട്ടില്‍ ചോര കുടിക്കുവാനായിരുന്നു അവര്‍ക്ക്‌ താത്‌പര്യം.ടെസ്റ്റിലും ഏകദിനത്തിലും സച്ചിന്‍ ഇന്ത്യക്ക്‌ സമ്മാനിച്ച വിജയങ്ങളില്‍ അവര്‍ക്ക്‌ സംശയമേതുമില്ല. ടെസ്റ്റില്‍ ഏറ്റവും അധികം റണ്‍സും സെഞ്ചുറിയും സച്ചിന്റെ പേരില്‍ തന്നെ. അതിലും തര്‍ക്കമില്ല. പിന്നെ എന്തായിരുന്നു അവരുടെ പ്രശ്‌നം. സച്ചിന്‍ വെസ്റ്റിന്‍ഡീസിന്റെ കിംഗ്‌ ലാറയെപ്പോലെ മാച്ച്‌ വിന്നറാവുന്നില്ലത്രെ. സച്ചിന്റെ നാലാം ഇന്നിംഗ്‌സ്‌ സെഞ്ചുറികള്‍ ഇന്ത്യക്ക്‌ വിജയം സമ്മാനിക്കുന്നില്ലത്രേ.ഒരു പക്ഷേ കണക്കുകളുടെ കളിയില്‍ ഇതു ശരിയായിരിക്കാം. അല്ല ശരിയായിരുന്നു. പിന്തുടര്‍ന്നു ജയിക്കേണ്ടിയിരുന്ന ടെസ്റ്റുകളില്‍ സച്ചിന്റെ പ്രകടനം ശരാശരയിലും അല്‍പം താഴെ പോയിരുന്നു. വാസ്‌തവം തന്നെ. ആരാധകര്‍ക്ക്‌ പക്ഷേ അതില്‍ അല്‍പം പോലും പരിഭവമില്ലായിരുന്നു. കാരണം ഒന്നാം ഇന്നിംഗ്‌സില്‍ സച്ചിന്‍ നല്‍കിയ സംഭാവനകളാണ്‌ ഇന്ത്യയെ ശക്തമായ നിലയില്‍ എത്തിച്ചിരുന്നത്‌. അതേ സച്ചിന്‌ രണ്ടാം ഇന്നിംഗ്‌സിലും മികച്ച പ്രകടനം കാഴ്‌ചവച്ച്‌ ഇന്ത്യയെ വിജയത്തിലെത്തിക്കാന്‍ ചിലപ്പോള്‍ കഴിഞ്ഞെന്നു വരില്ല. കാരണം ദൈവത്തിന്റെ കൈയൊപ്പുണ്ടെങ്കിലും സച്ചിനും മനുഷ്യന്‍ തന്നെയാണല്ലോ?എന്തു കൊണ്ട്‌ രണ്ടാം ഇന്നിംഗ്‌സിലെങ്കിലും മറ്റുള്ളവര്‍ ഉത്തരവാദിത്വം കാട്ടിയില്ല. അതായിരുന്നു ഹാര്‍ഡ്‌ റോക്ക്‌ സച്ചിന്‍ ആരാധകരുടെ മറു ചോദ്യം. എന്നാല്‍, ഇനി അവര്‍ക്ക്‌ ഉത്തരം കീറാമുട്ടി ചോദ്യങ്ങള്‍ ചോദിക്കേണ്ടി വരില്ല. അതെ മാസ്‌റ്റര്‍ ബ്ലാസ്‌റ്റര്‍ ആ വിമര്‍ശനത്തിനും മറുപടി നല്‍കി കഴിഞ്ഞു. രാജകീയമായി...ഭീകരാക്രമണത്തിന്റെ നിഴലില്‍ നടന്ന ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ്‌ ടെസ്റ്റില്‍ ഇന്ത്യന്‍ മണ്ണില്‍ പിന്തുടര്‍ന്നു നേടുന്ന ഏറ്റവും വലിയ വിജയവുമായി ചെന്നൈ ചെപ്പോക്കില്‍ ടീം ഇന്ത്യ വിജയതീരമണഞ്ഞപ്പോള്‍ മുന്നില്‍ നിന്നു നയിക്കാന്‍ ഇന്ത്യയുടെ സ്വന്തം സച്ചിനുണ്ടായിരുന്നു.ഇംഗ്ലണ്ട്‌ ഉയര്‍ത്തിയ 387 റണ്‍സെന്ന കൂറ്റന്‍ വിജയ ലക്ഷ്യത്തിലേക്ക്‌ ഇന്ത്യയെ കൈപിടിച്ചുയര്‍ത്തിയത്‌ സച്ചിന്‍ നേടിയ തകര്‍പ്പന്‍ സെഞ്ചുറിയായിരുന്നു. നാലാം ദിനം വൈകുന്നേരം ഓപ്പണര്‍ വിരേന്ദര്‍ സേവാഗ്‌ സമ്മാനിച്ച ഊര്‍ജം അപ്പാടെ അഞ്ചാം ദിനം സച്ചിന്‍ ആവാഹിക്കുകയായിരുന്നു. ഒരിക്കല്‍ കൂടി പരാജയം സമ്മതിച്ച്‌ വന്മതിലും യുവ്‌തവത്തിന്റെ ചോരത്തിളപ്പവസാനിപ്പിച്ച്‌ ഗൗതം ഗംഭീറും വിശ്വസ്‌തതയോടെ എന്നും കൂട്ടുണ്ടാവാറുള്ള വെരി വെരി സ്‌പെഷ്യല്‍ ലക്ഷ്‌മണും മടങ്ങുമ്പോള്‍ ടീം ഇന്ത്യയുടെ മുഴുവന്‍ പ്രതീക്ഷയും തന്റെ ചുമലിലാണെന്ന്‌ സച്ചിന്‍ തിരിച്ചറിയുകയായിരുന്നു.ഏതാനും ആഴ്‌ചയ്‌ക്കു മുമ്പ്‌ തന്റെ നഗരമായ മുംബൈയില്‍ ഭീകരാക്രമണങ്ങളില്‍ പൊലിഞ്ഞ ജീവനുകളും ആക്രമണത്തില്‍ പകച്ച ഇന്ത്യാ മഹാരാജ്യവും ആ മനസില്‍ മിന്നായം പോലെ തെളിഞ്ഞു.പതിവ്‌ ദൗര്‍ബല്യങ്ങളും ആവേശവും ലക്ഷ്യത്തെ മറയ്‌ക്കാതെ ശ്രദ്ധിച്ച സച്ചിന്‍ മികച്ചൊരു ഇന്നിംഗ്‌സ്‌ കെട്ടിപ്പടുക്കുകയായിരുന്നു. വിജയത്തിലേക്ക്‌ ടീമിനെ നയിക്കാന്‍ കൂട്ടു നിന്ന ഇന്ത്യന്‍ ക്രിക്കറ്റിലെ യുവരാജാവിന്‌ തന്ത്രങ്ങള്‍ ഓതിക്കൊടുത്തും ആവേശം ജ്വലിപ്പിച്ചും ടീമിന്റെ വല്യേട്ടനായി സച്ചിന്‍ സ്വയം അവരോധിക്കപ്പെടുകയായിരുന്നു.ഒടുവില്‍ ഒരു നിമിത്തം പോലെ ആ ബാറ്റില്‍ നിന്ന്‌ ബൗണ്ടറിയോടെ ടീം ഇന്ത്യ വിജയ റണ്‍ കുറിച്ചപ്പോള്‍ അടഞ്ഞു പോയത്‌ വിമര്‍ശകരുടെ വായ്‌ ആയിരുന്നു.ക്രിക്കറ്റ്‌ തന്റെ രക്തത്തിലലിഞ്ഞതാണെന്ന്‌ ലിറ്റില്‍ മാസ്‌റ്റര്‍ ഒരിക്കല്‍ കൂടി വ്യക്തമാക്കുന്നു. നീണ്ട പതിനേഴു വര്‍ഷമായി തുടരുന്ന അശ്വമേധത്തില്‍ തകരാത്ത കോട്ടകൊത്തളങ്ങളില്ല. നേടാത്ത കിരീടങ്ങളും ചുരുക്കം. എന്നിട്ടും വിമര്‍ശന ബുദ്ധിയോടെ തന്നെ നിരീക്ഷിക്കുന്നവര്‍ക്ക്‌ സച്ചിന്റെ മറുപടിയായിരുന്നു ചെപ്പോക്കിലെ ഇന്നിംഗ്‌സ്‌. ടീം ആവശ്യപ്പെടുന്ന സമയം മികച്ച പ്രകടനം കാഴ്‌ചവയ്‌ക്കാനാകുന്നില്ലെന്നായിരുന്നു സച്ചിനെതിരായ ആരോപണം. എന്നാല്‍ ഇപ്പോള്‍ ടീമും രാജ്യവും ആവശ്യപ്പെട്ടപ്പോള്‍ തന്നെ സച്ചിന്‍ ഉണര്‍ന്നു.ഭീകരവാഴ്‌ചയുടെ നടുക്കത്തില്‍ വിട്ടുമാറാതെ നിന്ന ഒരു രാജ്യമാണ്‌ ഇപ്പോള്‍ ഈ കുറിയ മനുഷ്യന്റെ ഒറ്റ പ്രകടനത്തില്‍ ആഹ്ലാദചിത്തരായി ഉണര്‍ന്നെണീക്കുന്നത്‌. മത്സര ശേഷം സച്ചിന്‍ പറഞ്ഞ വാക്കുകളും ശ്രദ്ധേയം തന്നെ. ഞാന്‍ ഇന്ത്യക്കു വേണ്ടിക്കളിച്ചു. മുമ്പത്തേക്കാളും ആത്മാര്‍ത്ഥതയോടെ. ഈ വിജയം മുംബൈ ആക്രമണത്തില്‍ ജീവന്‍ നഷ്ടമായവര്‍ക്കു വേണ്ടി...അതേ സച്ചിന്‍ ഇങ്ങനെയാണ്‌ വാക്കുകള്‍ ചുരുക്കം പ്രവര്‍ത്ത്‌ി അനുപമം. ക്രിക്കറ്റിന്റെ എല്ലാത്തലത്തിലും ഇനി സച്ചിന്‍ തന്നെ കേമന്‍, മികച്ച ബാറ്റ്‌സ്‌മാന്‍, മികച്ച മാച്ച്‌ വിന്നര്‍, മികച്ച ഓള്‍റൗണ്ടര്‍, മികച്ച ടീം സ്‌പിരിറ്റ്‌. ഇല്ലാത്ത ഗുണങ്ങള്‍ ചുരുക്കം. കഴിഞ്ഞ പതിനേഴു വര്‍ഷത്തെ കരിയര്‍ തന്നെ ഉദാഹരണം. 155 ടെസ്റ്റ്‌ മത്സരങ്ങള്‍. അവയില്‍ നിന്ന്‌ 12413 റണ്‍സ്‌, 248 എന്ന ഉയര്‍ന്ന സ്‌കോര്‍, 41 ശതകം, 51 അര്‍ധശതകം, നാല്‌ ഇരട്ട ശതകം, 42 വിക്കറ്റ്‌ 100 ക്യാച്ച്‌. 419 ഏകദിനങ്ങളില്‍ നിന്ന്‌ 16422 റണ്‍സ്‌ 186 എന്ന ഉയര്‍ന്ന സ്‌കോര്‍, 42 ശതകം 90 അര്‍ധശതകം, 124 ക്യാച്ച്‌, 154 വിക്കറ്റ്‌. അനുപമം തന്നെ ഈ കരിയര്‍. എതിരാളികള്‍ ബഹുദൂരം പിന്നില്‍. അതെ ക്രിക്കറ്റ്‌ എന്ന മതത്തില്‍ ഒരേയൊരു ദൈവം മാത്രമേ ഉള്ളൂ. അത്‌ സച്ചിന്‍ രമേഷ്‌ തെണ്ടുല്‍ക്കര്‍ തന്നെ. മാന്യതയുടെ ചെറുപുഞ്ചിരിയുമായി ക്രിക്കറ്റ്‌ ദൈവം കുതിക്കുകയാണ്‌ റിക്കാര്‍ഡുകള്‍ പഴങ്കഥയാക്കാന്‍. ഗോ ഓണ്‍ സച്ചിന്‍ ഗോ ഓണ്‍....

ദൈവത്തിന്റെ വിമര്‍ശകര്‍ ഇനി എന്തു പറയും?SocialTwist Tell-a-Friend

വന്മതിലില്‍ വിള്ളല്‍?

ന്ത്യ-പാക്കിസ്ഥാന്‍ ടെസ്റ്റ്‌ പരമ്പരയുടെ പോരാട്ടച്ചൂട്‌. ലോകത്തിലെ ഏറ്റവും വേഗതയേറിയ ബൗളര്‍ ഷോയ്‌ബ്‌ അക്തറും സംഘവും ചേര്‍ന്ന്‌ ഇന്ത്യന്‍ ഓപ്പണര്‍മാരെ വട്ടം കറക്കുന്നു. ഒരു വിക്കറ്റ്‌ വീഴ്‌ചയില്‍ ഇന്ത്യന്‍ ആരാധകരുടെ തലതാഴ്‌ന്നു. അതാ മൂന്നാം നമ്പര്‍ സ്ഥാനത്തേക്ക്‌ ബാറ്റുമായി മിസ്റ്റര്‍ കൂള്‍...വിക്കറ്റിനു പിന്നില്‍ സ്ലെഡ്‌ജിംഗിന്റെ നാട്ടുഭാഷയുമായി വിക്കറ്റ്‌ കീപ്പര്‍... ഇരുപതു വാര അകലെ നിന്നു കുതിപ്പിനുള്ള ചൂളം വിളിക്കുന്ന റാവല്‍പിണ്ടി എക്‌സ്‌പ്രസ്‌. നീണ്ട റണ്ണപ്പുകള്‍ക്കും കൂട്ടുകാരുടെ ആവേശ-പ്രചോദനങ്ങള്‍ക്കുമിടയില്‍ അക്തര്‍ ആയുധം തൊടുത്തു... 162 കിലോമീറ്റര്‍ വേഗതയിലെത്തിയ ആ യോര്‍ക്കര്‍ തികഞ്ഞ മെയ്യാഭ്യാസിയെപ്പോലെ ക്രീസില്‍ തന്നെ കൊട്ടി വയ്‌ക്കുന്ന രാഹുല്‍ ദ്രാവിഡ്‌. അവിശ്വസനീയതയും തന്നോടു തന്നെ പുച്ഛവും തുളുമ്പുന്ന നോട്ടവുമായി അക്തര്‍ ഇനിയെന്ത്‌ എന്ന ഭാവത്തില്‍ തിരിച്ചു നടക്കുന്നു.ഒരു സമയത്ത്‌ ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീമിനെ ടെസ്‌റ്റ്‌ പരാജയങ്ങളില്‍ നിന്നു രക്ഷിച്ച ഒരു ചിത്രമാണ്‌ ഈ കൊട്ട്‌. സച്ചിന്റെ വിക്കറ്റ്‌ വീണ മാത്രയില്‍ നെടുവീര്‍പ്പിടുന്ന ഇന്ത്യന്‍ കാണികള്‍ പിറുപിറുക്കും.. ഇനി വരുന്നത്‌ ദ്രാവിഡ്‌. കളി കണ്ടിട്ട്‌ കാര്യമില്ല. ഇപ്പോള്‍ തുടങ്ങും കൊട്ടാന്‍.നൂറു മൈല്‍ വേഗത്തിലെത്തുന്ന അക്തറായാലും കറങ്ങിത്തിരിഞ്ഞെത്തുന്ന ഷെയ്‌ന്‍ വോണായാലും നിഷ്‌കരുണം ബാറ്റുകൊണ്ട്‌ കൊട്ടി ക്രീസില്‍ വച്ചുകളയും മഹാന്‍. അങ്ങനെ ഒരു ചെല്ലപ്പേരും വീണു കിട്ടി. വന്മതില്‍. എത്രയൊക്കെ ആയാലും ആ വന്മതില്‍ ഇന്ത്യയെ ഒട്ടൊന്നുമല്ല സഹായിച്ചത്‌. ലോകം വെല്ലാന്‍ ഇറങ്ങിത്തിരിച്ച സ്‌റ്റീവ്‌ വോയും സംഘവും, ദക്ഷിണാഫ്രിക്കന്‍ കരുത്തും കിവീ കുതിപ്പുമെല്ലാം പേസിനെ തുണയ്‌ക്കുന്ന പിച്ചില്‍ വന്മതിലില്‍ തലയടിച്ചു വീണു. ഒപ്പം ഇന്ത്യന്‍ ആത്മാഭിമാനം തലയുയര്‍ത്തുകയും ചെയ്‌തു.പക്ഷേ ഇതെല്ലാം കഴിഞ്ഞ കഥ.... ഇന്ത്യന്‍ ക്രിക്കറ്റിലെ വന്‍മതിലിന്റെ കാലം കഴിഞ്ഞോ? കുറച്ചു നാള്‍ മുമ്പു വരെ ആരും ചോദിക്കാന്‍ ധൈര്യപ്പെടാതിരുന്ന ചോദ്യം. എന്നാലിന്ന്‌ ഈ ചോദ്യം സജീവമാണ്‌. സച്ചിന്‍ തെണ്ടുല്‍ക്കര്‍ കഴിഞ്ഞാല്‍ ഇന്ത്യയുടെ ഏക്കാലത്തെയും മികച്ച റണ്‍വേട്ടക്കാരനായ രാഹുല്‍ ദ്രാവിഡ്‌ ഇന്ന്‌ റണ്‍ കണ്ടെത്താന്‍ വിഷമിക്കുകയാണ്‌. ഇനി വന്‍മതിലിന്‌ ദാദയുടെ പാത പിന്തുടരാമെന്ന്‌ പറയുന്നവരുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിച്ചു വരികയാണ്‌.ഈ വര്‍ഷം ആകെ 26 ടെസ്റ്റ്‌ മത്സരങ്ങള്‍ കളിച്ച ദ്രാവിഡ്‌ നേടിയത്‌ 613 റണ്‍സ്‌. ഒരു സെഞ്ചുറി (111-മാര്‍ച്ചില്‍ ദക്ഷിണാഫ്രിക്കക്കെതിരേ ചെന്നൈയില്‍). നാല്‌ അര്‍ധ സെഞ്ചുറികള്‍ (ജനുവരിയില്‍ ഓസ്‌ട്രേലിയക്കെതിരേ സിഡ്‌നി (53), പെര്‍ത്ത്‌ (93), ഓഗസ്റ്റില്‍ ശ്രീലങ്കക്കെതിരേ കൊളംബോയില്‍ (68), ഒക്‌ടോബറില്‍ ഓസ്‌ട്രേലിയക്കെതിരെ ബാംഗളൂരില്‍ (51). 10 റണ്‍സില്‍ താഴെ 10 തവണ പുറത്ത്‌.അവസാനം കളിച്ച ആറ്‌ ടെസ്റ്റുകളില്‍ ആകെ നേടിയത്‌ 176 റണ്‍സ്‌. ഒടുവില്‍ കളിച്ച രണ്ട്‌ ടെസ്റ്റുകളിലെ നാല്‌ ഇന്നിംഗ്‌സുകളില്‍ നേടിയത്‌ 13 റണ്‍സ്‌. ഇന്ത്യന്‍ മധ്യനിരയുടെ അവിഭാജ്യ ഘടകമായിരുന്ന മിസ്റ്റര്‍ കൂളിന്‌ എന്തുപറ്റിയെന്നോര്‍ത്ത്‌ വിഷമിക്കുകയാണ്‌ ആരാധകര്‍.2007 ഓക്‌ടോബര്‍ 14 ന്‌ നാഗ്‌പൂറില്‍ ഓസ്‌ട്രേലിയക്കെതിരേ നടന്ന ഏകദിന മത്സരത്തിനു ശേഷം ദ്രാവിഡിനെ 50 ഓവര്‍ മത്സരങ്ങള്‍ക്കായി പരിഗണിച്ചിട്ടില്ല. യുവതാരങ്ങള്‍ അക്രമണോത്സുകരായി ബാറ്റു വീശുമ്പോള്‍ സ്വതവേ വിസ്‌േഫാടനം നടത്താന്‍ മടിക്കുന്ന ഈ കോപ്പി ബുക്ക്‌ ശൈലിക്കാരന്‍ പിന്‍ബഞ്ചിലേക്കു തള്ളപ്പെട്ടതു സ്വാഭാവികം. എന്നാല്‍ ടെസ്റ്റ്‌ ടീമില്‍ നിന്ന്‌ വന്‍മതില്‍ ഒഴിവാക്കപ്പെടുന്ന സാഹചര്യമുണ്ടാകുമെന്ന്‌ ആരും കരുതിയിരുന്നില്ല. ഇപ്പോള്‍ ഇതിന്റെ കേളികെട്ട്‌ ഉയര്‍ന്നിരിക്കുന്നു. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ്‌ പരമ്പരയിലെ ശേഷിക്കുന്ന മൊഹാലി ടെസ്റ്റില്‍ തിളങ്ങിയില്ലെങ്കില്‍ ദ്രാവിഡിന്‌ ടീമിലെ സ്ഥാനം നിലനിര്‍ത്തുക വിഷമകരമാകും. സച്ചിന്‍ കഴിഞ്ഞാന്‍ ടെസ്റ്റിലും ഏകദിനത്തിലും 10000 റണ്‍സ്‌ നേടിയ ഏക ഇന്ത്യന്‍ താരമാണ്‌ ദ്രാവിഡ്‌. 1997 ല്‍ ക്രിക്കറ്റിന്റെ മെക്കയായ ഇംഗ്ലണ്ടിലെ ലോഡ്‌സില്‍ 95 റണ്‍സ്‌ നേടിത്തുടങ്ങിയ അശ്വമേധം ഇപ്പോള്‍ 130 ടെസ്റ്റില്‍ 10373 റണ്‍സില്‍ എത്തിനില്‍ക്കുകയാണ്‌. 25 സെഞ്ചുറി, 53 അര്‍ധ ശതകം. ഉയര്‍ന്ന സ്‌കോര്‍ 270. 333 ഏകദിനത്തില്‍ നിന്ന്‌ 10585 റണ്‍സ്‌. 12 സെഞ്ചുറി. 81 അര്‍ധ സെഞ്ചുറി. ഉയര്‍ന്ന സ്‌കോര്‍ 153. ഗാംഗുലിയുടെ പിന്‍ഗാമിയായി ഇന്ത്യന്‍ നായകസ്ഥാനം ഏറ്റെടുത്ത ശേഷം മികച്ച വിജയങ്ങള്‍ പലതും നല്‍കാന്‍ കഴിഞ്ഞെങ്കിലും 2007 ലെ വെസ്റ്റ്‌ഇന്‍ഡീസ്‌ ലോകകപ്പിലെ ടീമിന്റെ മോശം പ്രകടനവും ധോണിയുടെ നേതൃത്വത്തില്‍ നേടിയ ട്വന്റി 20 ലോകകപ്പ്‌ വിജയവും തുടര്‍ന്ന്‌ നായക സ്ഥാനത്തു നിന്നുള്ള രാജിയും ഉണ്ടാക്കിയ കോലാഹലങ്ങള്‍ ദ്രാവിഡിന്റെ കരിയറിനെ പ്രതികൂലമായി ബാധിച്ചിരിക്കാം. എങ്കിലും ഗുണ്ടപ്പ വിശ്വനാഥിന്റെ പിന്‍ഗാമിയായ ഈ കര്‍ണാടകകാരന്‍ ഫോം വീണ്ടെടുത്ത്‌ ടീമിന്‌ കൂടുതല്‍ കരുത്തു പകരുമെന്നാണ്‌ ആരാധകര്‍ കരുതുന്നത്‌.

വന്മതിലില്‍ വിള്ളല്‍?SocialTwist Tell-a-Friend

Sunday, December 7, 2008

പത്തര മാറ്റോടെ സെയ്‌നാ നെഹ്‌വാള്‍

അന്താരാഷ്ട്ര ബാഡ്‌മിന്റണ്‍ റാങ്കിംഗില്‍ ആദ്യ പത്തിലെത്തിയ ആദ്യ ഇന്ത്യന്‍ താരം സെയ്‌ന നെഹ്‌വാള്‍ കൊച്ചിയിലെത്തിയപ്പോള്‍. (ഫോട്ടോ - ബ്രില്യന്‍ ചാള്‍സ്‌ ന്യൂസ്‌ ഫോട്ടോഗ്രാഫര്‍ ദീപിക കൊച്ചി.)


ത്തരമാറ്റ്‌ തിളക്കത്തില്‍ ഇന്ത്യക്കൊപ്പം തിളങ്ങുകയാണ്‌ ഹൈദരാബാദില്‍ നിന്നൊരു പതിനെട്ടുകാരി. ബാഡ്‌മിന്റണ്‍ രംഗത്ത്‌ ഏറെയൊന്നും അവകാശപ്പെടാനില്ലായിരുന്ന ഇന്ത്യ അടുത്ത കാലത്ത്‌ കണ്ട താരോദയമാണ്‌ സെയ്‌നാ നെഹ്‌വാള്‍ എന്ന കൗമാരക്കാരി.ലോക ബാഡ്‌മിന്റണ്‍ റാങ്കിംഗില്‍ ആദ്യ പത്തില്‍ എത്തുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന ബഹുമതിയും സ്വന്തമാക്കിയതോടെ വരും നാളുകളില്‍ സെയ്‌ന ഇന്ത്യന്‍ കായിക രംഗത്തെ ശുക്ര നക്ഷത്രമാകുമെന്ന ശുഭസന്ദേശമാണ്‌ ലഭിക്കുന്നത്‌. ഇനിയാര്‍ക്കും തകര്‍ക്കാനാകാത്ത റിക്കാര്‍ഡ്‌ സൃഷ്ടിച്ചു സെയ്‌നയും അത്‌ തന്നെ ഉറപ്പിച്ചു പറയുന്നു.ക്രിക്കറ്റിലെ പണക്കൊഴുപ്പും താരാപഥവും സൃഷ്ടിച്ച ഭ്രമണപഥത്തില്‍ വട്ടം കറങ്ങുകയായിരുന്ന ഇന്ത്യന്‍ കായിക ലോകത്ത്‌ ചില ഒറ്റയാന്മാര്‍ വാര്‍ത്തകള്‍ സൃഷ്ടിച്ചു പോന്നിരുന്ന കാലമായിരുന്നു ഇതുവരെ. ലോകത്തിന്റെ നിറുകയില്‍ നിന്ന്‌ വിശ്വനാഥന്‍ ആനന്ദിന്റെ ഒരു ചെക്ക്‌, അല്ലെങ്കില്‍ ഇന്ത്യന്‍ എക്‌സ്‌പ്രസ്‌ ലിയാന്‍ഡര്‍ പേസ്‌-മഹേഷ്‌ ഭൂപതി സഖ്യത്തിന്റെ സിംഹഗര്‍ജനം അതുമല്ലെങ്കില്‍ ടെന്നീസ്‌ സെന്‍സേഷന്‍ സാനിയ മിര്‍സയുടെ ഒരു വശ്യമനോഹര പുഞ്ചിരി... ക്രിക്കറ്റ്‌ കഴിഞ്ഞാല്‍ ഇത്രമാത്രമേ ഇന്ത്യന്‍ കായിക ലോകത്തിന്‌ ഉയര്‍ത്തിക്കാട്ടാനുണ്ടായിരുന്നുള്ളു.ധ്യാന്‍ ചന്ദിന്റെ പിന്മുറക്കാര്‍ നാണക്കേടിന്റെ പടുകുഴയില്‍ വീണും, കാല്‍പന്തുകളിയില്‍ ഒന്നാം ക്ലാസില്‍ നിരന്തരം തോറ്റ്‌ ബഞ്ചുറപ്പാക്കിയ ഫുട്‌ബോള്‍ താരങ്ങളും സമ്മാനിക്കുന്ന ചില നൊമ്പരങ്ങള്‍ പിന്നെയും ബാക്കി. ഇതിനെല്ലാം ഇടയിലായിരുന്നു സെയ്‌നയുടെ വരവ്‌.ഒമ്പതാം വയസില്‍ ബാഡ്‌മിന്റണ്‍ രംഗത്തേക്ക്‌ ചുവടുവച്ച കുട്ടിയേ സ്വാധീനിക്കാന്‍ ടെന്നീസിന്റെ ഗ്ലാമര്‍ ലോകം ഒപ്പമുണ്ടായിരുന്നു. എന്നാല്‍ തന്റെ ലോകം ബാഡ്‌മിന്റണാണെന്ന്‌ ഉറച്ചു വിശ്വസിച്ച്‌ പ്രലോഭനങ്ങളില്‍ വീഴാതെ പിടിച്ചു നിന്ന സെയ്‌നയെ തേടി ഭാഗ്യവും വിജയദേവതയും ഇന്ത്യയിലെത്തുകയായിരുന്നു.1990 മാര്‍ച്ച്‌ 17-ന്‌ ഹരിയാനയിലെ ഹിസാര്‍ ഗ്രാമത്തില്‍ ഡോ. ഹര്‍വീര്‍ സിംഗിന്റേയും ഉഷാ നെഹ്‌വാളിന്റെയും മകളായി പിറന്ന സെയ്‌നയുടെ കുതിപ്പ്‌ അപ്രതീക്ഷിത വേഗത്തിലായിരുന്നു. എട്ടു വയസുവരെ സാധാരണ കുട്ടികളേപ്പോലെ രാവിലെ ഏഴുമണി വരെ കിടന്നുറങ്ങി ശീലിച്ച സെയ്‌നയുടെ തലയിലെഴുത്ത്‌ മാറ്റിയത്‌ ആദ്യ കാല കോച്ച്‌ നാനി പ്രസാദാണ്‌. ബാഡ്‌മിന്റണില്‍ ഒരു ലോകോത്തര താരത്തെ സെയ്‌നയില്‍ കണ്ട നാനിപ്രസാദ്‌ കൂടുതല്‍ പരിശീലനങ്ങളിലേക്ക്‌ സെയ്‌നയെ നയിച്ചു.ഇതിനായി വേണ്ടി വന്ന ചിലവുകള്‍ക്ക്‌ ഹര്‍വീര്‍ സിംഗ്‌ മകള്‍ക്കു വേണ്ടി സ്വരൂക്കൂട്ടി വച്ചിരുന്ന സേവിംഗ്‌സും പ്രോവിഡന്റ്‌ ഫണ്ടും എടുത്തുപയോഗിക്കുമ്പോഴും ഇത്രയുയരത്തിലേക്ക്‌ മകള്‍ ഉയരുമെന്ന്‌ സ്വപ്‌നം പോലും കണ്ടിരുന്നില്ല.സാമ്പത്തിക ഞെരുക്കത്തിലുള്ള ഞാണിന്മേല്‍ക്കളി 2002 വരെ നീണ്ടു നിന്നു. അപ്പോഴേക്കും വളര്‍ന്നു വരുന്ന താരമായി സെയ്‌ന അറിയപ്പെട്ടു തുടങ്ങിയിരുന്നു.എന്നാല്‍ ലോക കായികകണ്ണില്‍ സെയ്‌ന നെഹ്‌വാള്‍ എന്ന പേര്‌ പതിയുന്നത്‌ പിന്നെയും നാലു വര്‍ഷങ്ങള്‍ കഴിഞ്ഞാണ്‌. 2006-ല്‍ ഫിലിപ്പൈന്‍സ്‌ ഓപ്പണില്‍ വിജയിച്ച്‌ ഒരു 4-സ്റ്റാര്‍ ടൂര്‍ണമെന്റില്‍ വിജയം വരിക്കുന്ന ആദ്യ ഇന്ത്യക്കാരിയായി സെയ്‌ന മാറി. 86-ാം സീഡായി ടൂര്‍ണമെന്റിന്‌ എന്‍ട്രി നേടിയ താരം മുന്‍നിര താരങ്ങളെ തകര്‍ത്ത്‌ മുന്നേറുന്നത്‌ കണ്ട്‌ ഇന്ത്യ ഏറെ സന്തോഷിച്ചു. അതേ വര്‍ഷം ലോക ജൂണിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ റണ്ണറപ്പായി സെയ്‌ന തന്റെ വരവ്‌ അറിയിച്ചു.ഇതോടെയാണ്‌ സെയ്‌നയുടെ ഭാഗ്യജാതകം തെളിയുന്നത്‌. ഈ മുന്നേറ്റങ്ങള്‍ കണ്ട മുന്‍ ഇന്ത്യന്‍ താരവും ഓള്‍ ഇംഗ്ലണ്ട്‌ വിജയിച്ച ഇന്ത്യക്കാരനുമായ പുല്ലേല ഗോപീചന്ദ്‌ സെയ്‌നയെ തന്റെ ശിഷ്യയായി സ്വീകരിച്ചു.പിന്നീടുള്ള മുന്നേറ്റങ്ങള്‍ നാം ദര്‍ശിച്ചതാണ്‌. അനുപമമായിരുന്നു ആ കുതിപ്പ്‌. ലോക ജൂണിയര്‍ ചാമ്പ്യന്‍ഷിപ്പിലെ കിരീടനേട്ടവും ബെയ്‌ജിംഗ്‌ ഒളിമ്പിക്‌സിലെ ക്വര്‍ട്ടര്‍ പ്രവേശവും യൂത്ത്‌ കോമണ്‍വെല്‍ത്ത്‌ ഗെയിംസിലെ സുവര്‍ണകുതിപ്പും ആകെക്കൂടിയൊരു പടയോട്ടം.കഴിഞ്ഞ രണ്ടു വര്‍ഷമായി സെയ്‌നയ്‌ക്ക്‌ നല്ലകാലമാണ്‌. ലോക ജൂണിയര്‍ കിരീടം, ഒളിമ്പിക്‌സ്‌ ക്വാര്‍ട്ടര്‍ ഫൈനല്‍, ചൈനീസ്‌ തായ്‌പേയ്‌ ഓപ്പണ്‍ ഗ്രാന്‍പ്രീ, ഫിലിപ്പീന്‍സ്‌ ഗ്രാന്‍പ്രീ, കോമണ്‍വെല്‍ത്ത്‌ ജൂണിയര്‍ ചാമ്പ്യന്‍ തുടങ്ങി ഒട്ടനവധി നേട്ടങ്ങള്‍. ഒടുവില്‍ ഇതാ നിനച്ചിരിക്കാതെ റാങ്കിംഗ്‌ നേട്ടവും. അതേ സെയ്‌ന കുതിക്കുകയാണ്‌. കുതിപ്പ്‌ തുടങ്ങുമ്പോള്‍ സാനിയ മിര്‍സയുടെ വശ്യസൗന്ദര്യത്തിനു ചുറ്റും ഭ്രമണം ചെയ്‌തിരുന്ന ഇന്ത്യന്‍ കായിക ലോകം ഇപ്പോള്‍ ഈ ഹൈദരാബാദുകാരിക്കു നേര്‍ക്ക്‌ തിരിയുന്നു.ക്രിക്കറ്റിനു പുറമെയുള്ള ഏതെങ്കിലും ഒരു കായിക ഇനത്തില്‍ ആദ്യ പത്ത്‌ റാങ്കിംഗില്‍ ഒരിന്ത്യന്‍ താരം. കായിക ഇന്ത്യ ഒരു പക്ഷേ ഈ നേട്ടം പ്രതീക്ഷിച്ചിരുന്നത്‌ ഹൈദരാബാദില്‍ നിന്നുള്ള ടെന്നീസ്‌ സുന്ദരി സാനിയയില്‍ നിന്നാകാം. എന്നാല്‍ പത്ത്‌ സ്വപ്‌നം കണ്ട്‌ കണ്ട്‌ ആദ്യ നൂറില്‍ നിന്നു പോലും സാനിയ പുറത്താകുന്നത്‌ വേദനയോടെ നോക്കി നിന്ന ഇന്ത്യക്ക്‌ ആശ്വാസമായാണ്‌ സെയ്‌ന ഉയരുന്നത്‌.ഇനി പ്രതീക്ഷയുടെ നാളുകളാണ്‌. സെയ്‌ന പറയും പോലെ ആദ്യം അഞ്ച്‌ പിന്നെ ഒന്ന്‌. അതേ സ്ഥാനങ്ങള്‍ ഇപ്പോഴെ നാം മനസില്‍ കുറിയ്‌ക്കുന്നു. കുതിക്കാന്‍ സെയ്‌നയും... പ്രിയ സെയ്‌നാ നിനക്കത്‌ സാധിക്കട്ടെ...

പത്തര മാറ്റോടെ സെയ്‌നാ നെഹ്‌വാള്‍SocialTwist Tell-a-Friend

ഓളം തല്ലും ആവേശം: വോള്‍വോ ഓഷ്യന്‍ റേസ്‌

വോള്‍വോ ഓഷ്യന്‍ റേസിന്റെ രണ്ടാം പാദത്തില്‍ മൂന്നാമതായി കൊച്ചി തീരത്ത്‌ ഫിനിഷ്‌ ചെയ്‌ത എറിക്‌സണ്‍ മൂന്ന്‌ ടീം. കൊച്ചി പുറംങ്കടലില്‍ നിന്നൊരു ദൃശ്യം. (ഫോട്ടോ - ബ്രില്യന്‍ ചാള്‍സ്‌ ന്യൂസ്‌ ഫോട്ടോഗ്രാഫര്‍ ദീപിക കൊച്ചി.).


റബിക്കടലിന്റെ റാണിയായ കൊച്ചി ഏതാനും ദിവസങ്ങളായി ആവേശഭരിതയാണ്‌. അദ്‌ഭുതങ്ങള്‍ ഒളിപ്പിച്ചു വച്ചിട്ടുള്ള കടലമ്മയുടെ മാറിലൂടെ കാറ്റിന്റെ സഹായത്തില്‍ സാഹസിക യാത്ര നടത്തി ഉലകം ചുറ്റുന്ന നാവികരെ സ്വീകരിക്കാനാണ്‌ റാണി അണിഞ്ഞൊരുങ്ങിയത്‌. ചക്രവാളത്തിന്റെ ചുവപ്പില്‍ പൊട്ടുപോലെ കാണപ്പെട്ട പായ്‌ക്കപ്പലുകളില്‍ ഒഴുകി അവര്‍ എത്തിയപ്പോള്‍ കൊച്ചി മാത്രമല്ല കേരളം തന്നെ അദ്‌ഭുതത്തോടെ അവരെ വരവേല്‍ക്കാന്‍ എത്തി. എന്നാല്‍, പായ്‌ക്കപ്പലോട്ടം മലയാളികള്‍ക്കു പുതുമയാണ്‌. എന്താണ്‌ പായ്‌ക്കപ്പലോട്ടം എന്ന്‌ അറിവുള്ളവര്‍ ചുരുക്കം. ചെമ്മീനിലെ പളനിയും അമരത്തിലെ അച്ചൂട്ടിയും നടത്തിയ ഏതാനും അഭ്യാസ പ്രകടനങ്ങള്‍ മാത്രമാണ്‌ അവരുടെ ഓര്‍മയിലുള്ളത്‌. കടലില്‍ വെറുതെയുള്ള നൗകയോടിക്കലല്ല വോള്‍വോ ഓഷ്യന്‍ റേസ്‌ എന്ന ഈ മത്സരമെന്ന്‌ അറിവുള്ളവര്‍ ചുരുക്കം.ക്രിക്കറ്റിനും ഫുട്‌ബോളിനുമുള്ളതുപോലെ നിശിതമായ നിയമങ്ങള്‍ ഇതിനുമുണ്ട്‌. പായ്‌ക്കപ്പലോട്ടത്തെക്കുറിച്ചുള്ള സംശയങ്ങളും അവയ്‌ക്കുള്ള മറുപടിയും.


ഓഷ്യന്‍ റേസ്‌ എന്നാണു തുടങ്ങിയത്‌?

ബ്രിട്ടീഷ്‌ റോയല്‍ നേവല്‍ സെയ്‌ലിംഗ്‌ അസോസിയേഷനും ഇംഗ്ലണ്ടിലെ വിറ്റ്‌ബ്രഡ്‌ കമ്പനിയും ചേര്‍ന്ന്‌ 1972-ലാണ്‌ ലോക പായ്‌ക്കപ്പലോട്ട മത്സരം ആരംഭിച്ചത്‌. അന്നു വിറ്റ്‌ബ്രഡ്‌ റേസ്‌ എന്നായിരുന്നു പേര്‌. 27,500 നോട്ടിക്കല്‍ മൈല്‍ സഞ്ചരിച്ച ആ മല്‍സരത്തില്‍ 17 യോട്ടുകളും 167 നാവികരും പങ്കെടുത്തു. 2001- ല്‍ റേസ്‌ നടത്തിപ്പിന്റെ ഉത്തരവാദിത്വം വോള്‍വോ കമ്പനി ഏറ്റെടുത്തു. അതോടെയാണ്‌ ഇത്‌ വോള്‍വോ ഓഷ്യന്‍ റേസ്‌ ആയത്‌.


എന്താണ്‌ വോള്‍വോ നൗകകളുടെ സവിശേഷത?

70 അടി നീളമുള്ള യോട്ടുകളാണ്‌ ഓഷന്‍ റേസില്‍ പങ്കെടുക്കുന്നത്‌. കാറ്റിന്റെ ശക്തിയിലാണ്‌ ഇവയുടെ കുതിപ്പ്‌. കാറ്റാണു നൗകകളെ കൊണ്ടു നടക്കുന്നത്‌ എന്നുതന്നെ പറയാം. നൗകകള്‍ക്കു പോകേണ്ട ദിശയിലേക്കാണു കാറ്റെങ്കില്‍ അതിവേഗത്തില്‍ ഇവയ്‌ക്കു ലക്ഷ്യത്തിലെത്താന്‍ കഴിയും. കാറ്റിന്റെ ഗതി എതിര്‍വശത്തേക്കാണെങ്കില്‍ പായയുടെ ദിശമാറ്റിയും ബോട്ടിന്റെ ദിശമാറ്റിയും നൗകകള്‍ മുന്നേറും. മല്‍സര നൗകകള്‍ക്കു കാറ്റിന്‌ എതിരേ നേരിട്ടു മുന്നേറാന്‍ കഴിയില്ല. 45 ഡിഗ്രിവരെ ബോട്ട്‌ ചരിച്ചാണ്‌ യാത്ര സാധ്യമാക്കുന്നത്‌. ബോട്ടിന്റെ നീളം 21.5 മീറ്റര്‍ (70.5 അടി) ആയിരിക്കും. പായമരത്തിന്റെ ഉയരം ജലനിരപ്പില്‍ നിന്ന്‌ 31.5 മീറ്റര്‍ ആയിരിക്കും. 13,860 കിലോ ഗ്രാം മുതല്‍ 14,000 കിലോ ഗ്രാം വരെയാണ്‌ ഓരോ നൗകയുടേയും ഭാരം. 175 ചതുരശ്ര മീറ്ററാണ്‌ പ്രധാന പായയുടെ വലിപ്പം. പ്രധാന പായയുടെ എതിരായി ത്രികോണാകൃതിയില്‍ ഘടിപ്പിക്കുന്ന സ്‌പിന്നക്കറിന്‌ 300 ചതുരശ്ര മീറ്റര്‍ മുതല്‍ 500 ചതുരശ്ര മീറ്റര്‍ വരെ വലിപ്പമുണ്ടാകും.


എങ്ങനെയാണു പോയിന്റ്‌ നിര്‍ണയിക്കുന്നത്‌?

നൗകകളുടെ മല്‍സരത്തില്‍ പോയിന്റ്‌ നിര്‍ണയിക്കുന്നത്‌ ഓരോ പാദത്തിലേയും മുന്നേറ്റം നോക്കിയാണ്‌. എട്ടു നൗകകള്‍ പങ്കെടുക്കുന്ന മല്‍സരത്തില്‍ ഒരു പാദത്തില്‍ ആദ്യമെത്തുന്ന നൗകയ്‌ക്ക്‌ എട്ടുപോയിന്റു ലഭിക്കും. ഇത്തവണ എട്ടുനൗകകളാണ്‌ ഉള്ളത്‌. രണ്ടാമതെത്തുന്ന നൗകയ്‌ക്ക്‌ ഏഴുപോയിന്റും മൂന്നാമതെത്തുന്ന നൗകയ്‌ക്ക്‌ ആറുപോയിന്റും എന്ന ക്രമത്തില്‍ അവസാനമെത്തുന്ന നൗകയ്‌ക്ക്‌ ഒരു പോയിന്റും ലഭിക്കും. ഇന്‍പോര്‍ട്ട്‌ റേസ്‌ അഥവാ നൗകകളുടെ ഹ്രസ്വദൂര മല്‍സരത്തിന്‌ ഒരു പാദത്തിന്റെ പകുതി പോയിന്റാണ്‌ ഉള്ളത്‌. ഇത്തവണ ഇന്‍പോര്‍ട്ട്‌ റേസില്‍ മുന്നിലെത്തുന്ന നൗകയ്‌ക്ക്‌ നാലു പോയിന്റും രണ്ടാം സ്ഥാനത്തിന്‌ മൂന്നര പോയിന്റും മൂന്നാം സ്ഥാനത്തിന്‌ മൂന്നു പോയിന്റും ക്രമത്തില്‍ അവസാന നൗകയ്‌ക്ക്‌ അരപോയിന്റും ലഭിക്കും.


എന്താണു സ്‌കോറിംഗ്‌ ഗേറ്റ്‌?

നീണ്ട പാദങ്ങള്‍ക്കു മധ്യത്തില്‍ ഏര്‍പ്പെടുത്തുന്നതാണു സ്‌കോറിംഗ്‌ ഗേറ്റുകള്‍. കേപ്‌ടൗണില്‍ നിന്നു കൊച്ചിയിലേക്കുള്ള പാദത്തിനിടെ പുതിയതായി സ്‌കോറിംഗ്‌ ഗേറ്റ്‌ ഏര്‍പ്പെടുത്തിയിട്ടുണ്ട്‌. മൗറീഷ്യസ്‌ തീരത്തിന്‌ അടുത്താണിത്‌. സ്‌കോറിംഗ്‌ ഗേറ്റില്‍ ആദ്യ മെത്തുന്ന നൗകയ്‌ക്ക്‌ ഇന്‍പോര്‍ട്ട്‌ റേസിലേതുപോലെ നാലു പോയിന്റു ലഭിക്കും. രണ്ടാം സ്ഥാനക്കാരനു മൂന്നര പോയിന്റ്‌, മൂന്നിന്‌ മൂന്ന്‌ പോയിന്റ്‌ എന്നക്രമത്തിലാണ്‌ ലഭിക്കുക. ഈ പോയിന്റിനു പുറമെയാണ്‌ പാദം പൂര്‍ത്തിയാകുമ്പോള്‍ ലഭിക്കുന്ന പോയിന്റുകള്‍.


എന്താണു ഡിടിഎഫ്‌? ഡിടിഎല്‍?

നൗകകളുടെ മുന്നേറ്റം സൂചിപ്പിക്കുന്ന പദങ്ങളാണു ഡിടിഎഫും ഡിടിഎല്ലും. ഡിടിഎഫ്‌ എന്നാല്‍ ഡിസ്റ്റന്‍സ്‌ ടു ഫിനിഷ്‌ അഥവാ അടുത്ത തുറമുഖത്തേക്കുള്ള ദൂരം. ഒരു നൗകയുടെ ഡിടിഎഫ്‌ 2500 നോട്ടിക്കല്‍ മൈല്‍ എന്നു പറഞ്ഞാല്‍ അടുത്ത തുറമുഖത്തേക്ക്‌ അത്രെയും ദൂരം ശേഷിക്കുന്നുണ്ട്‌ എന്ന്‌ അര്‍ഥം. ഏറ്റവും മുന്നില്‍ പോകുന്ന നൗകയ്‌ക്കു മാത്രമെ ഡിടിഎഫ്‌ ഉള്ളു. ബാക്കിയുള്ളവയ്‌ക്ക്‌ ഡിടിഎല്‍ (ഡിസ്റ്റന്‍സ്‌ ടു ലീഡര്‍) ആണു ബാധകമായുള്ളത്‌. ഏറ്റവും മുന്നില്‍ പോകുന്ന നൗകയിലേക്കുള്ള ദൂരമാണ്‌ ഇങ്ങനെ കണക്കാക്കുന്നത്‌. 50 ഡിടിഎല്‍ എന്നാല്‍ മുന്നില്‍ പോകുന്ന നൗകയില്‍ നിന്ന്‌ 50 മൈല്‍ പിന്നില്‍ എന്നാണ്‌ അര്‍ഥം.


എന്താണു സ്റ്റീല്‍ത്ത്‌ പ്‌ളേ?

സ്റ്റീല്‍ത്ത്‌ പ്‌ളേ ഒരു തരത്തില്‍ പറഞ്ഞാല്‍ ഒളിച്ചുകഴിയാണ്‌. മല്‍സര നിയമം അനുസരിച്ച്‌ എല്ലാ നൗകകളും എല്ലാ മൂന്നു മണിക്കൂറിലും തങ്ങളുടെ കടലിലെ സ്ഥാനം റേസ്‌ ഹെഡ്‌ക്വാര്‍ട്ടേഴ്‌സില്‍ അറിയിക്കണം. ഹെഡ്‌ക്വാര്‍ട്ടേഴ്‌സില്‍ നിന്ന്‌ ഇത്‌ എല്ലാ നൗകകള്‍ക്കും അപ്പോള്‍തന്നെ കൈമാറും. മറ്റു നൗകകളുടെ സ്ഥാനം നോക്കി വേഗം ക്രമപ്പെടുത്താനുള്ള സൗകര്യമാണിത്‌. എന്നാല്‍ സ്റ്റീല്‍ത്ത്‌ പ്‌ളേ തന്ത്രപരമായ ഒരു ആയുധമാണ്‌. റേസിലെ ഒരു പാദത്തിനിടെ (ഒരു തുറമുഖത്തു നിന്ന്‌ അടുത്ത തുറമുഖം വരെയുള്ള യാത്ര. കേപ്‌ടൗണില്‍ നിന്നു കൊച്ചിയിലേക്കാണെങ്കില്‍ 18 ദിവസത്തെ യാത്രയാണ്‌) ഒരു തവണ മാത്രം 12 മണിക്കൂര്‍ തുടര്‍ച്ചയായി വിവരം കൈമാറാതിരിക്കാന്‍ എല്ലാ നൗകകള്‍ക്കും കഴിയും. അത്‌ എപ്പോള്‍ വേണമെന്നു നൗകകള്‍ക്കു തീരുമാനിക്കാം. ഒരു നൗക സ്റ്റീല്‍ത്ത്‌ പ്‌ളേ തുടങ്ങുമ്പോള്‍ ഹെഡ്‌ക്വാര്‍ട്ടേഴ്‌സില്‍ വിവരം നല്‍കും. ഇത്‌ എല്ലാ നൗകകള്‍ക്കും കൈമാറും. പിന്നെ മൂന്നു തവണ മൂന്നുമണിക്കൂര്‍ കൂടുമ്പോഴുള്ള റിപ്പോര്‍ട്ടിങ്ങില്‍ നിന്ന്‌ ഈ നൗകകള്‍ക്ക്‌ ഒഴിവാകാം. 12-ാം മണിക്കൂറില്‍ മാത്രമെ മറ്റു നൗകകള്‍ക്ക്‌ സ്ഥാനം സംബന്ധിച്ച വിവരം ലഭിക്കുകയുള്ളു. അതിനിടയില്‍ ഏറെ മുന്നേറുകയും ചെയ്യാം.

ഓളം തല്ലും ആവേശം: വോള്‍വോ ഓഷ്യന്‍ റേസ്‌SocialTwist Tell-a-Friend

Tuesday, December 2, 2008

ദുരന്ത മുഖം കാണാന്‍...ജ്യോതിശാസ്ത്ര കുതുകികള്‍ക്ക് ദൃശ്യ വിരുന്നൊരുക്കി വ്യാഴവും ശുക്രനും ചന്ദ്രനോപ്പം ആകാശത്ത് മിന്നിയപ്പോള്‍. ഭീകരാക്രമണം നടമാടിയ മുംബൈയിലെ താജ് ഹോട്ടലിനു മുകളില്‍ നിന്ന് ഡിസംബര്‍ ഒന്ന് രാത്രിയിലെ ദൃശ്യം. പി.ടി.ഐ

ദുരന്ത മുഖം കാണാന്‍...SocialTwist Tell-a-Friend

പണപ്പെട്ടി കവര്‍ന്ന ഭീകരാക്രമണംസ്വതന്ത്ര ഇന്ത്യയുടെ പരമാധികാരത്തെ വെല്ലുവിളിച്ചു ഭീകരര്‍ രാജ്യത്തിന്‍റെ സാമ്പത്തിക തലസ്ഥാനത്ത് കിരാത വാഴ്ച നടത്തിയപ്പോള്‍ തകര്‍ന്നു വീണത്‌ ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട ഏതാനും സ്വപ്നങ്ങളായിരുന്നു.സമ്പത്തിന്റെ ധാരാളിത്ത്ത്തില്‍ പുളച്ചിരുന്ന ബി.സി.സി.ഐ എന്ന ഇന്ത്യന്‍ ക്രിക്കറ്റ് കാരണവരുടെ മടിശീലയ്ക്കാണു തുള വീണത്‌. ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ ഭാഗമായി ലോകമെമ്പാടുമുള്ള ഓഹരി സൂചികകള്‍ പടവലങ്ങ പോലെ താഴേക്കു വളര്‍ച്ച തുടങ്ങിയപ്പോഴും ലോക പോലീസ് കളിച്ച അങ്കിള്‍ സാം പിച്ച ചട്ടി എടുക്കാന്‍ തുനിഞ്ഞപ്പോഴും സമ്പത്തു കാട്ടി ലോക ക്രിക്കറ്റിനെ അടക്കി ഭരിച്ചവരാണ് അവര്‍. എന്നാല്‍ ഗ്രനേഡുകള്‍ പൊട്ടിച്ചും അത്യാധുനിക തോക്കുകള്‍ ഉപയോഗിച്ച് തീ വര്ഷിച്ചും നടമാടിയ തീവ്രവാദികള്‍ ഇന്ത്യന്‍ ക്രിക്കറ്റിന്റെ സ്വപ്നങള്‍ക്ക് മേല്‍ കരിമ്പടം പുതപ്പിച്ചു. ലോക ക്രിക്കറ്റിനെ സമ്പത്തിന്റെ പെരുപ്പംകാട്ടി കടിഞ്ഞാണിട്ടു പിടിച്ചുകെട്ടിയ അവര്‍ക്ക് ഇതിനോടകം കോടികണക്കിന് രൂപയുടെ ലാഭം നഷ്ടമായി കഴിഞ്ഞു, ഒപ്പം ഇന്ത്യയിലെ ക്രിക്കറ്റ് പ്രേമികള്‍ കാണാന്‍ കൊതിച്ചിരുന്ന ഒരുപിടി മത്സരങ്ങളും.ഏറെക്കാലത്തെ വിരാജിക്കലിനു ശേഷം ലോക ക്രിക്കറ്റിലെ സുവര്‍ണ സിംഹാസനത്തില്‍ നിന്ന് കങ്കാരുപ്പടയേ ഇറക്കിവിട്ടു കിരീടാഭിഷേകത്തിനു തയാറെടുത്തു വന്ന ടീം ഇന്ത്യയുടെ പോരാട്ടവീര്യത്തിന് മുന്നില്‍ നാണം മറയ്ക്കാനുള്ള നൂല്‍ വസ്ത്രം പോലും നഷ്‌ടമായ ഇംഗ്ലണ്ട് രണ്ടു ഏകദിനങ്ങളും രണ്ടു ടെസ്റ്റും ബാക്കി നില്‍ക്കെ ജീവനും കൊണ്ട് നാട്ടിലേക്കു വിമാനം കയറിക്കഴിഞ്ഞു. സുരക്ഷ ഉറപ്പാക്കിയാല്‍ ടെസ്റ്റ് കളിയ്ക്കാന്‍ തിരിച്ച് എത്താമെന്ന് അവര പറയുന്നുണ്ടെങ്കിലും അത് എത്രത്തോളും ആത്മാര്‍ത്ഥയോടെയാണെന്നു കണ്ടറിയണം. ജീവനില്‍ കൊതിയില്ലാത്തവര്‍ ഉണ്ടോ എന്നാണ് ഇംഗ്ലീഷ് നായകന്‍ കെവിന്‍ പീറ്റേഴ്സണ്‍ ചോദിക്കുന്നത്. പരന്പരകള്‍ക്കിടെ ഒരു മത്സരം മുടങ്ങിയാല്‍ തന്നെ കോടികള്‍ വെള്ളത്തിലാകുന്ന അവസ്ഥയില്‍ ഇപ്പോള്‍ ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡിനു അങ്ങോട്ട്‌ കാശ് കൊടുക്കേണ്ട സ്ഥിതിയിലായി പാവം ബി.സി.സി.ഐ. ടീം ഇന്ത്യ തിളങ്ങാന്‍ തുടങ്ങിയതോടെ രാവും പകലും ക്യു നിന്ന് ടിക്കെറ്റ് വാങ്ങാന്‍ ക്രിക്കറ്റ് പ്രേമികള്‍ തുടങ്ങിയ സമയത്താണ് ഇടിമിന്നല്‍ പോലെ ഭീകരാക്രമണം ചതിച്ചത്. ഇതോടെ ഇന്ത്യയില്‍ കളിയ്ക്കാന്‍ മറ്റു ടീമുകള്‍ വിമുഖത കട്ടി തുടങ്ങിയിരിക്കുന്നു. ഐ.പി.എല്ലിനു ശേഷം കാപ്സ്യൂള്‍ ക്രിക്കറ്റിന്റെ ആവേശം കുത്തിവെച്ചു അല്പം കാശുണ്ടാക്കമെന്നു ആലോചിച്ചാണ് ചാമ്പ്യന്‍സ് ട്രോഫി ട്വന്റി ട്വന്റി നടത്താന്‍ തീരുമാനിച്ചത്. അതില്‍ പങ്കെടുക്കാന്‍ താരങ്ങള്‍ എത്തി തുടങ്ങിയതുമാണ്. എന്നാല്‍ ഓസ്ട്രേലിയ, ഇംഗ്ലണ്ട് എന്നീ രാജ്യങ്ങള്‍ വിട്ടു നില്ക്കാന്‍ തീരുമാനിച്ചതോടെ അടുത്ത വര്‍ഷത്തേക്ക് അത് മാറ്റേണ്ടി വന്നു. അത് ഇന്ത്യയില്‍ നിന്ന് മാറ്റി മറ്റെവിടെ നടത്തിയാലും പങ്കെടുക്കാന്‍ തയാറാണെന്നാണ് അവര്‍ പറയുന്നത്. ടൂര്‍ണമെന്റ് നടക്കാതിരിക്കുകയോ വേദി മാറ്റുകയോ ചെയ്താല്‍ അങ്ങനെയും പോകും കുറെ കോടികള്‍. ചാമ്പ്യന്‍സ് ലീഗ് കഴിഞ്ഞു ടീം ഇന്ത്യ പാകിസ്ഥാനിലേക്ക് പോകാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. ഭീകരാക്രമണത്തില്‍ പാകിസ്ഥാനുള്ള പങ്കു പുറത്തു വന്നതോടെ അഞ്ചു ഏകദിനങ്ങളും മൂന്ന് ടെസ്റ്റും ഉള്‍പ്പെടുന്ന പരമ്പര കളിയ്ക്കാന്‍ അവിടേക്ക് പോകേണ്ടാന്നും ഇന്ത്യ തീരുമാനിച്ചു.അടുത്ത ജനുവരിയില്‍ നടക്കേണ്ടിയിരുന്ന ഈ പരമ്പര നടക്കില്ലെന്കില്‍ പിന്നെ ടീം ഇന്ത്യക്ക് അടുത്ത അന്താരാഷ്ട്ര മത്സരം അടുത്ത വര്ഷം മാര്‍ച്ചിലായിരിക്കും. എന്ന് വെച്ചാല്‍ ഈ സാഹചര്യത്തില്‍ ഇനി ഒരു രാജ്യാന്തര മത്സരം കളിയ്ക്കാന്‍ ടീം ഇന്ത്യ മാസങ്ങള്‍ കാത്തിരിക്കേണ്ടി വരുമെന്നര്‍ത്ഥം. ഇതും കൂടാതെ അടുത്ത ലോകകപ്പിന്റെ വേദി ആകമെണ്ണ്‍ സ്വപ്നവും ഇപ്പോള്‍ കൈയാലപ്പുറത്താണ്. ഇന്ത്യന്‍ ഉപഭൂഖണ്ഡം തീവ്രവാദികളുടെ കേന്ദ്രമാണെന്നും അവിടം ലോകകപ്പ് പോലൊരു മഹാമേളയ്ക്കക്കു വേദിയാക്കുന്നത് ആത്മത്യാപരമാണെന്നാണു സായിപ്പിന്റെ വാദം. അടുത്താഴ്ച നടക്കുന്ന രാജ്യാന്തര ക്രിക്കറ്റ് കൌണ്‍സില്‍ ഇത് ചര്‍ച്ച ചെയ്യും. ഇന്ത്യ, പാക്കിസ്ഥാന്‍, ശ്രിലങ്ക, ബംഗ്ലാദേശ് എന്നിവരായിരുന്നു ലോകകപ്പിന്റെ സംഘാടകര്‍.തൊട്ടതെല്ലാം പൊന്നാക്കി ടീം ഇന്ത്യ തിളങ്ങി നില്‍ക്കുമ്പോഴാണ് ഈ തിരിച്ചടികളെല്ലാം. ചുരുക്കത്തില്‍ പറഞ്ഞാല്‍ കയ്യില്‍ ഇരുന്ന പണപ്പെട്ടിയുടെ താക്കോല്‍ കള്ളന്‍ അടിച്ചോണ്ട് പോയ അവസ്ഥയിലാണ് ബി.സി.സി.ഐ. ഇതെല്ലാം കണ്ടു ഭീകരരെ കിട്ടിയാല്‍ ബൌണ്ടറിക്കു പുറത്തേക്കു ഒരു ഗന്ഗൂലിയന്‍ സിക്സര്‍ പറത്തിയേനെ എന്ന് ഒരു മുതിര്‍ന്ന ബി.സി.സി.ഐ ഭാരവാഹി പരിതപിച്ചതായി ഒരു പിന്നാമ്പുറ കഥയുമുണ്ട്. കാശു പോയപ്പോഴുള്ള ഒരു ദേശ ഭക്തിയെ....

പണപ്പെട്ടി കവര്‍ന്ന ഭീകരാക്രമണംSocialTwist Tell-a-Friend