Tuesday, December 2, 2008

പണപ്പെട്ടി കവര്‍ന്ന ഭീകരാക്രമണം



സ്വതന്ത്ര ഇന്ത്യയുടെ പരമാധികാരത്തെ വെല്ലുവിളിച്ചു ഭീകരര്‍ രാജ്യത്തിന്‍റെ സാമ്പത്തിക തലസ്ഥാനത്ത് കിരാത വാഴ്ച നടത്തിയപ്പോള്‍ തകര്‍ന്നു വീണത്‌ ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട ഏതാനും സ്വപ്നങ്ങളായിരുന്നു.സമ്പത്തിന്റെ ധാരാളിത്ത്ത്തില്‍ പുളച്ചിരുന്ന ബി.സി.സി.ഐ എന്ന ഇന്ത്യന്‍ ക്രിക്കറ്റ് കാരണവരുടെ മടിശീലയ്ക്കാണു തുള വീണത്‌. ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ ഭാഗമായി ലോകമെമ്പാടുമുള്ള ഓഹരി സൂചികകള്‍ പടവലങ്ങ പോലെ താഴേക്കു വളര്‍ച്ച തുടങ്ങിയപ്പോഴും ലോക പോലീസ് കളിച്ച അങ്കിള്‍ സാം പിച്ച ചട്ടി എടുക്കാന്‍ തുനിഞ്ഞപ്പോഴും സമ്പത്തു കാട്ടി ലോക ക്രിക്കറ്റിനെ അടക്കി ഭരിച്ചവരാണ് അവര്‍. എന്നാല്‍ ഗ്രനേഡുകള്‍ പൊട്ടിച്ചും അത്യാധുനിക തോക്കുകള്‍ ഉപയോഗിച്ച് തീ വര്ഷിച്ചും നടമാടിയ തീവ്രവാദികള്‍ ഇന്ത്യന്‍ ക്രിക്കറ്റിന്റെ സ്വപ്നങള്‍ക്ക് മേല്‍ കരിമ്പടം പുതപ്പിച്ചു. ലോക ക്രിക്കറ്റിനെ സമ്പത്തിന്റെ പെരുപ്പംകാട്ടി കടിഞ്ഞാണിട്ടു പിടിച്ചുകെട്ടിയ അവര്‍ക്ക് ഇതിനോടകം കോടികണക്കിന് രൂപയുടെ ലാഭം നഷ്ടമായി കഴിഞ്ഞു, ഒപ്പം ഇന്ത്യയിലെ ക്രിക്കറ്റ് പ്രേമികള്‍ കാണാന്‍ കൊതിച്ചിരുന്ന ഒരുപിടി മത്സരങ്ങളും.ഏറെക്കാലത്തെ വിരാജിക്കലിനു ശേഷം ലോക ക്രിക്കറ്റിലെ സുവര്‍ണ സിംഹാസനത്തില്‍ നിന്ന് കങ്കാരുപ്പടയേ ഇറക്കിവിട്ടു കിരീടാഭിഷേകത്തിനു തയാറെടുത്തു വന്ന ടീം ഇന്ത്യയുടെ പോരാട്ടവീര്യത്തിന് മുന്നില്‍ നാണം മറയ്ക്കാനുള്ള നൂല്‍ വസ്ത്രം പോലും നഷ്‌ടമായ ഇംഗ്ലണ്ട് രണ്ടു ഏകദിനങ്ങളും രണ്ടു ടെസ്റ്റും ബാക്കി നില്‍ക്കെ ജീവനും കൊണ്ട് നാട്ടിലേക്കു വിമാനം കയറിക്കഴിഞ്ഞു. സുരക്ഷ ഉറപ്പാക്കിയാല്‍ ടെസ്റ്റ് കളിയ്ക്കാന്‍ തിരിച്ച് എത്താമെന്ന് അവര പറയുന്നുണ്ടെങ്കിലും അത് എത്രത്തോളും ആത്മാര്‍ത്ഥയോടെയാണെന്നു കണ്ടറിയണം. ജീവനില്‍ കൊതിയില്ലാത്തവര്‍ ഉണ്ടോ എന്നാണ് ഇംഗ്ലീഷ് നായകന്‍ കെവിന്‍ പീറ്റേഴ്സണ്‍ ചോദിക്കുന്നത്. പരന്പരകള്‍ക്കിടെ ഒരു മത്സരം മുടങ്ങിയാല്‍ തന്നെ കോടികള്‍ വെള്ളത്തിലാകുന്ന അവസ്ഥയില്‍ ഇപ്പോള്‍ ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡിനു അങ്ങോട്ട്‌ കാശ് കൊടുക്കേണ്ട സ്ഥിതിയിലായി പാവം ബി.സി.സി.ഐ. ടീം ഇന്ത്യ തിളങ്ങാന്‍ തുടങ്ങിയതോടെ രാവും പകലും ക്യു നിന്ന് ടിക്കെറ്റ് വാങ്ങാന്‍ ക്രിക്കറ്റ് പ്രേമികള്‍ തുടങ്ങിയ സമയത്താണ് ഇടിമിന്നല്‍ പോലെ ഭീകരാക്രമണം ചതിച്ചത്. ഇതോടെ ഇന്ത്യയില്‍ കളിയ്ക്കാന്‍ മറ്റു ടീമുകള്‍ വിമുഖത കട്ടി തുടങ്ങിയിരിക്കുന്നു. ഐ.പി.എല്ലിനു ശേഷം കാപ്സ്യൂള്‍ ക്രിക്കറ്റിന്റെ ആവേശം കുത്തിവെച്ചു അല്പം കാശുണ്ടാക്കമെന്നു ആലോചിച്ചാണ് ചാമ്പ്യന്‍സ് ട്രോഫി ട്വന്റി ട്വന്റി നടത്താന്‍ തീരുമാനിച്ചത്. അതില്‍ പങ്കെടുക്കാന്‍ താരങ്ങള്‍ എത്തി തുടങ്ങിയതുമാണ്. എന്നാല്‍ ഓസ്ട്രേലിയ, ഇംഗ്ലണ്ട് എന്നീ രാജ്യങ്ങള്‍ വിട്ടു നില്ക്കാന്‍ തീരുമാനിച്ചതോടെ അടുത്ത വര്‍ഷത്തേക്ക് അത് മാറ്റേണ്ടി വന്നു. അത് ഇന്ത്യയില്‍ നിന്ന് മാറ്റി മറ്റെവിടെ നടത്തിയാലും പങ്കെടുക്കാന്‍ തയാറാണെന്നാണ് അവര്‍ പറയുന്നത്. ടൂര്‍ണമെന്റ് നടക്കാതിരിക്കുകയോ വേദി മാറ്റുകയോ ചെയ്താല്‍ അങ്ങനെയും പോകും കുറെ കോടികള്‍. ചാമ്പ്യന്‍സ് ലീഗ് കഴിഞ്ഞു ടീം ഇന്ത്യ പാകിസ്ഥാനിലേക്ക് പോകാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. ഭീകരാക്രമണത്തില്‍ പാകിസ്ഥാനുള്ള പങ്കു പുറത്തു വന്നതോടെ അഞ്ചു ഏകദിനങ്ങളും മൂന്ന് ടെസ്റ്റും ഉള്‍പ്പെടുന്ന പരമ്പര കളിയ്ക്കാന്‍ അവിടേക്ക് പോകേണ്ടാന്നും ഇന്ത്യ തീരുമാനിച്ചു.അടുത്ത ജനുവരിയില്‍ നടക്കേണ്ടിയിരുന്ന ഈ പരമ്പര നടക്കില്ലെന്കില്‍ പിന്നെ ടീം ഇന്ത്യക്ക് അടുത്ത അന്താരാഷ്ട്ര മത്സരം അടുത്ത വര്ഷം മാര്‍ച്ചിലായിരിക്കും. എന്ന് വെച്ചാല്‍ ഈ സാഹചര്യത്തില്‍ ഇനി ഒരു രാജ്യാന്തര മത്സരം കളിയ്ക്കാന്‍ ടീം ഇന്ത്യ മാസങ്ങള്‍ കാത്തിരിക്കേണ്ടി വരുമെന്നര്‍ത്ഥം. ഇതും കൂടാതെ അടുത്ത ലോകകപ്പിന്റെ വേദി ആകമെണ്ണ്‍ സ്വപ്നവും ഇപ്പോള്‍ കൈയാലപ്പുറത്താണ്. ഇന്ത്യന്‍ ഉപഭൂഖണ്ഡം തീവ്രവാദികളുടെ കേന്ദ്രമാണെന്നും അവിടം ലോകകപ്പ് പോലൊരു മഹാമേളയ്ക്കക്കു വേദിയാക്കുന്നത് ആത്മത്യാപരമാണെന്നാണു സായിപ്പിന്റെ വാദം. അടുത്താഴ്ച നടക്കുന്ന രാജ്യാന്തര ക്രിക്കറ്റ് കൌണ്‍സില്‍ ഇത് ചര്‍ച്ച ചെയ്യും. ഇന്ത്യ, പാക്കിസ്ഥാന്‍, ശ്രിലങ്ക, ബംഗ്ലാദേശ് എന്നിവരായിരുന്നു ലോകകപ്പിന്റെ സംഘാടകര്‍.തൊട്ടതെല്ലാം പൊന്നാക്കി ടീം ഇന്ത്യ തിളങ്ങി നില്‍ക്കുമ്പോഴാണ് ഈ തിരിച്ചടികളെല്ലാം. ചുരുക്കത്തില്‍ പറഞ്ഞാല്‍ കയ്യില്‍ ഇരുന്ന പണപ്പെട്ടിയുടെ താക്കോല്‍ കള്ളന്‍ അടിച്ചോണ്ട് പോയ അവസ്ഥയിലാണ് ബി.സി.സി.ഐ. ഇതെല്ലാം കണ്ടു ഭീകരരെ കിട്ടിയാല്‍ ബൌണ്ടറിക്കു പുറത്തേക്കു ഒരു ഗന്ഗൂലിയന്‍ സിക്സര്‍ പറത്തിയേനെ എന്ന് ഒരു മുതിര്‍ന്ന ബി.സി.സി.ഐ ഭാരവാഹി പരിതപിച്ചതായി ഒരു പിന്നാമ്പുറ കഥയുമുണ്ട്. കാശു പോയപ്പോഴുള്ള ഒരു ദേശ ഭക്തിയെ....

പണപ്പെട്ടി കവര്‍ന്ന ഭീകരാക്രമണംSocialTwist Tell-a-Friend

1 comments:

sandeep salim (Sub Editor(Deepika Daily)) said...

fine.... good effort.... keep it up....