Sunday, December 7, 2008

ഓളം തല്ലും ആവേശം: വോള്‍വോ ഓഷ്യന്‍ റേസ്‌

വോള്‍വോ ഓഷ്യന്‍ റേസിന്റെ രണ്ടാം പാദത്തില്‍ മൂന്നാമതായി കൊച്ചി തീരത്ത്‌ ഫിനിഷ്‌ ചെയ്‌ത എറിക്‌സണ്‍ മൂന്ന്‌ ടീം. കൊച്ചി പുറംങ്കടലില്‍ നിന്നൊരു ദൃശ്യം. (ഫോട്ടോ - ബ്രില്യന്‍ ചാള്‍സ്‌ ന്യൂസ്‌ ഫോട്ടോഗ്രാഫര്‍ ദീപിക കൊച്ചി.).


റബിക്കടലിന്റെ റാണിയായ കൊച്ചി ഏതാനും ദിവസങ്ങളായി ആവേശഭരിതയാണ്‌. അദ്‌ഭുതങ്ങള്‍ ഒളിപ്പിച്ചു വച്ചിട്ടുള്ള കടലമ്മയുടെ മാറിലൂടെ കാറ്റിന്റെ സഹായത്തില്‍ സാഹസിക യാത്ര നടത്തി ഉലകം ചുറ്റുന്ന നാവികരെ സ്വീകരിക്കാനാണ്‌ റാണി അണിഞ്ഞൊരുങ്ങിയത്‌. ചക്രവാളത്തിന്റെ ചുവപ്പില്‍ പൊട്ടുപോലെ കാണപ്പെട്ട പായ്‌ക്കപ്പലുകളില്‍ ഒഴുകി അവര്‍ എത്തിയപ്പോള്‍ കൊച്ചി മാത്രമല്ല കേരളം തന്നെ അദ്‌ഭുതത്തോടെ അവരെ വരവേല്‍ക്കാന്‍ എത്തി. എന്നാല്‍, പായ്‌ക്കപ്പലോട്ടം മലയാളികള്‍ക്കു പുതുമയാണ്‌. എന്താണ്‌ പായ്‌ക്കപ്പലോട്ടം എന്ന്‌ അറിവുള്ളവര്‍ ചുരുക്കം. ചെമ്മീനിലെ പളനിയും അമരത്തിലെ അച്ചൂട്ടിയും നടത്തിയ ഏതാനും അഭ്യാസ പ്രകടനങ്ങള്‍ മാത്രമാണ്‌ അവരുടെ ഓര്‍മയിലുള്ളത്‌. കടലില്‍ വെറുതെയുള്ള നൗകയോടിക്കലല്ല വോള്‍വോ ഓഷ്യന്‍ റേസ്‌ എന്ന ഈ മത്സരമെന്ന്‌ അറിവുള്ളവര്‍ ചുരുക്കം.ക്രിക്കറ്റിനും ഫുട്‌ബോളിനുമുള്ളതുപോലെ നിശിതമായ നിയമങ്ങള്‍ ഇതിനുമുണ്ട്‌. പായ്‌ക്കപ്പലോട്ടത്തെക്കുറിച്ചുള്ള സംശയങ്ങളും അവയ്‌ക്കുള്ള മറുപടിയും.


ഓഷ്യന്‍ റേസ്‌ എന്നാണു തുടങ്ങിയത്‌?

ബ്രിട്ടീഷ്‌ റോയല്‍ നേവല്‍ സെയ്‌ലിംഗ്‌ അസോസിയേഷനും ഇംഗ്ലണ്ടിലെ വിറ്റ്‌ബ്രഡ്‌ കമ്പനിയും ചേര്‍ന്ന്‌ 1972-ലാണ്‌ ലോക പായ്‌ക്കപ്പലോട്ട മത്സരം ആരംഭിച്ചത്‌. അന്നു വിറ്റ്‌ബ്രഡ്‌ റേസ്‌ എന്നായിരുന്നു പേര്‌. 27,500 നോട്ടിക്കല്‍ മൈല്‍ സഞ്ചരിച്ച ആ മല്‍സരത്തില്‍ 17 യോട്ടുകളും 167 നാവികരും പങ്കെടുത്തു. 2001- ല്‍ റേസ്‌ നടത്തിപ്പിന്റെ ഉത്തരവാദിത്വം വോള്‍വോ കമ്പനി ഏറ്റെടുത്തു. അതോടെയാണ്‌ ഇത്‌ വോള്‍വോ ഓഷ്യന്‍ റേസ്‌ ആയത്‌.


എന്താണ്‌ വോള്‍വോ നൗകകളുടെ സവിശേഷത?

70 അടി നീളമുള്ള യോട്ടുകളാണ്‌ ഓഷന്‍ റേസില്‍ പങ്കെടുക്കുന്നത്‌. കാറ്റിന്റെ ശക്തിയിലാണ്‌ ഇവയുടെ കുതിപ്പ്‌. കാറ്റാണു നൗകകളെ കൊണ്ടു നടക്കുന്നത്‌ എന്നുതന്നെ പറയാം. നൗകകള്‍ക്കു പോകേണ്ട ദിശയിലേക്കാണു കാറ്റെങ്കില്‍ അതിവേഗത്തില്‍ ഇവയ്‌ക്കു ലക്ഷ്യത്തിലെത്താന്‍ കഴിയും. കാറ്റിന്റെ ഗതി എതിര്‍വശത്തേക്കാണെങ്കില്‍ പായയുടെ ദിശമാറ്റിയും ബോട്ടിന്റെ ദിശമാറ്റിയും നൗകകള്‍ മുന്നേറും. മല്‍സര നൗകകള്‍ക്കു കാറ്റിന്‌ എതിരേ നേരിട്ടു മുന്നേറാന്‍ കഴിയില്ല. 45 ഡിഗ്രിവരെ ബോട്ട്‌ ചരിച്ചാണ്‌ യാത്ര സാധ്യമാക്കുന്നത്‌. ബോട്ടിന്റെ നീളം 21.5 മീറ്റര്‍ (70.5 അടി) ആയിരിക്കും. പായമരത്തിന്റെ ഉയരം ജലനിരപ്പില്‍ നിന്ന്‌ 31.5 മീറ്റര്‍ ആയിരിക്കും. 13,860 കിലോ ഗ്രാം മുതല്‍ 14,000 കിലോ ഗ്രാം വരെയാണ്‌ ഓരോ നൗകയുടേയും ഭാരം. 175 ചതുരശ്ര മീറ്ററാണ്‌ പ്രധാന പായയുടെ വലിപ്പം. പ്രധാന പായയുടെ എതിരായി ത്രികോണാകൃതിയില്‍ ഘടിപ്പിക്കുന്ന സ്‌പിന്നക്കറിന്‌ 300 ചതുരശ്ര മീറ്റര്‍ മുതല്‍ 500 ചതുരശ്ര മീറ്റര്‍ വരെ വലിപ്പമുണ്ടാകും.


എങ്ങനെയാണു പോയിന്റ്‌ നിര്‍ണയിക്കുന്നത്‌?

നൗകകളുടെ മല്‍സരത്തില്‍ പോയിന്റ്‌ നിര്‍ണയിക്കുന്നത്‌ ഓരോ പാദത്തിലേയും മുന്നേറ്റം നോക്കിയാണ്‌. എട്ടു നൗകകള്‍ പങ്കെടുക്കുന്ന മല്‍സരത്തില്‍ ഒരു പാദത്തില്‍ ആദ്യമെത്തുന്ന നൗകയ്‌ക്ക്‌ എട്ടുപോയിന്റു ലഭിക്കും. ഇത്തവണ എട്ടുനൗകകളാണ്‌ ഉള്ളത്‌. രണ്ടാമതെത്തുന്ന നൗകയ്‌ക്ക്‌ ഏഴുപോയിന്റും മൂന്നാമതെത്തുന്ന നൗകയ്‌ക്ക്‌ ആറുപോയിന്റും എന്ന ക്രമത്തില്‍ അവസാനമെത്തുന്ന നൗകയ്‌ക്ക്‌ ഒരു പോയിന്റും ലഭിക്കും. ഇന്‍പോര്‍ട്ട്‌ റേസ്‌ അഥവാ നൗകകളുടെ ഹ്രസ്വദൂര മല്‍സരത്തിന്‌ ഒരു പാദത്തിന്റെ പകുതി പോയിന്റാണ്‌ ഉള്ളത്‌. ഇത്തവണ ഇന്‍പോര്‍ട്ട്‌ റേസില്‍ മുന്നിലെത്തുന്ന നൗകയ്‌ക്ക്‌ നാലു പോയിന്റും രണ്ടാം സ്ഥാനത്തിന്‌ മൂന്നര പോയിന്റും മൂന്നാം സ്ഥാനത്തിന്‌ മൂന്നു പോയിന്റും ക്രമത്തില്‍ അവസാന നൗകയ്‌ക്ക്‌ അരപോയിന്റും ലഭിക്കും.


എന്താണു സ്‌കോറിംഗ്‌ ഗേറ്റ്‌?

നീണ്ട പാദങ്ങള്‍ക്കു മധ്യത്തില്‍ ഏര്‍പ്പെടുത്തുന്നതാണു സ്‌കോറിംഗ്‌ ഗേറ്റുകള്‍. കേപ്‌ടൗണില്‍ നിന്നു കൊച്ചിയിലേക്കുള്ള പാദത്തിനിടെ പുതിയതായി സ്‌കോറിംഗ്‌ ഗേറ്റ്‌ ഏര്‍പ്പെടുത്തിയിട്ടുണ്ട്‌. മൗറീഷ്യസ്‌ തീരത്തിന്‌ അടുത്താണിത്‌. സ്‌കോറിംഗ്‌ ഗേറ്റില്‍ ആദ്യ മെത്തുന്ന നൗകയ്‌ക്ക്‌ ഇന്‍പോര്‍ട്ട്‌ റേസിലേതുപോലെ നാലു പോയിന്റു ലഭിക്കും. രണ്ടാം സ്ഥാനക്കാരനു മൂന്നര പോയിന്റ്‌, മൂന്നിന്‌ മൂന്ന്‌ പോയിന്റ്‌ എന്നക്രമത്തിലാണ്‌ ലഭിക്കുക. ഈ പോയിന്റിനു പുറമെയാണ്‌ പാദം പൂര്‍ത്തിയാകുമ്പോള്‍ ലഭിക്കുന്ന പോയിന്റുകള്‍.


എന്താണു ഡിടിഎഫ്‌? ഡിടിഎല്‍?

നൗകകളുടെ മുന്നേറ്റം സൂചിപ്പിക്കുന്ന പദങ്ങളാണു ഡിടിഎഫും ഡിടിഎല്ലും. ഡിടിഎഫ്‌ എന്നാല്‍ ഡിസ്റ്റന്‍സ്‌ ടു ഫിനിഷ്‌ അഥവാ അടുത്ത തുറമുഖത്തേക്കുള്ള ദൂരം. ഒരു നൗകയുടെ ഡിടിഎഫ്‌ 2500 നോട്ടിക്കല്‍ മൈല്‍ എന്നു പറഞ്ഞാല്‍ അടുത്ത തുറമുഖത്തേക്ക്‌ അത്രെയും ദൂരം ശേഷിക്കുന്നുണ്ട്‌ എന്ന്‌ അര്‍ഥം. ഏറ്റവും മുന്നില്‍ പോകുന്ന നൗകയ്‌ക്കു മാത്രമെ ഡിടിഎഫ്‌ ഉള്ളു. ബാക്കിയുള്ളവയ്‌ക്ക്‌ ഡിടിഎല്‍ (ഡിസ്റ്റന്‍സ്‌ ടു ലീഡര്‍) ആണു ബാധകമായുള്ളത്‌. ഏറ്റവും മുന്നില്‍ പോകുന്ന നൗകയിലേക്കുള്ള ദൂരമാണ്‌ ഇങ്ങനെ കണക്കാക്കുന്നത്‌. 50 ഡിടിഎല്‍ എന്നാല്‍ മുന്നില്‍ പോകുന്ന നൗകയില്‍ നിന്ന്‌ 50 മൈല്‍ പിന്നില്‍ എന്നാണ്‌ അര്‍ഥം.


എന്താണു സ്റ്റീല്‍ത്ത്‌ പ്‌ളേ?

സ്റ്റീല്‍ത്ത്‌ പ്‌ളേ ഒരു തരത്തില്‍ പറഞ്ഞാല്‍ ഒളിച്ചുകഴിയാണ്‌. മല്‍സര നിയമം അനുസരിച്ച്‌ എല്ലാ നൗകകളും എല്ലാ മൂന്നു മണിക്കൂറിലും തങ്ങളുടെ കടലിലെ സ്ഥാനം റേസ്‌ ഹെഡ്‌ക്വാര്‍ട്ടേഴ്‌സില്‍ അറിയിക്കണം. ഹെഡ്‌ക്വാര്‍ട്ടേഴ്‌സില്‍ നിന്ന്‌ ഇത്‌ എല്ലാ നൗകകള്‍ക്കും അപ്പോള്‍തന്നെ കൈമാറും. മറ്റു നൗകകളുടെ സ്ഥാനം നോക്കി വേഗം ക്രമപ്പെടുത്താനുള്ള സൗകര്യമാണിത്‌. എന്നാല്‍ സ്റ്റീല്‍ത്ത്‌ പ്‌ളേ തന്ത്രപരമായ ഒരു ആയുധമാണ്‌. റേസിലെ ഒരു പാദത്തിനിടെ (ഒരു തുറമുഖത്തു നിന്ന്‌ അടുത്ത തുറമുഖം വരെയുള്ള യാത്ര. കേപ്‌ടൗണില്‍ നിന്നു കൊച്ചിയിലേക്കാണെങ്കില്‍ 18 ദിവസത്തെ യാത്രയാണ്‌) ഒരു തവണ മാത്രം 12 മണിക്കൂര്‍ തുടര്‍ച്ചയായി വിവരം കൈമാറാതിരിക്കാന്‍ എല്ലാ നൗകകള്‍ക്കും കഴിയും. അത്‌ എപ്പോള്‍ വേണമെന്നു നൗകകള്‍ക്കു തീരുമാനിക്കാം. ഒരു നൗക സ്റ്റീല്‍ത്ത്‌ പ്‌ളേ തുടങ്ങുമ്പോള്‍ ഹെഡ്‌ക്വാര്‍ട്ടേഴ്‌സില്‍ വിവരം നല്‍കും. ഇത്‌ എല്ലാ നൗകകള്‍ക്കും കൈമാറും. പിന്നെ മൂന്നു തവണ മൂന്നുമണിക്കൂര്‍ കൂടുമ്പോഴുള്ള റിപ്പോര്‍ട്ടിങ്ങില്‍ നിന്ന്‌ ഈ നൗകകള്‍ക്ക്‌ ഒഴിവാകാം. 12-ാം മണിക്കൂറില്‍ മാത്രമെ മറ്റു നൗകകള്‍ക്ക്‌ സ്ഥാനം സംബന്ധിച്ച വിവരം ലഭിക്കുകയുള്ളു. അതിനിടയില്‍ ഏറെ മുന്നേറുകയും ചെയ്യാം.

ഓളം തല്ലും ആവേശം: വോള്‍വോ ഓഷ്യന്‍ റേസ്‌SocialTwist Tell-a-Friend

0 comments: