Sunday, December 21, 2008

മിസ്‌റ്റര്‍ കൂളിന്റെ കൂള്‍ മറുപടി

നിക്കെന്തു പറ്റി. ഇന്ത്യന്‍ ക്രിക്കറ്റിന്റെ പ്രതിരോധം എന്നു പോലും പറയാനാകുന്ന രാഹുല്‍ ദ്രാവിഡ്‌ തന്നോടു തന്നെ ചോദിച്ചിരിക്കാനിടയുള്ള ചോദ്യമാണിത്‌്‌. ഉത്തരം കണ്ടെത്താന്‍ ഏറെ വൈഷമ്യമുള്ള ചോദ്യം. എന്നാല്‍ അതിനു ഉത്തരം ലഭിച്ചിരിക്കുന്നു. ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ്‌ ടെസ്‌റ്റിന്റെ രണ്ടാം ദിനം ഇംഗ്ലീഷ്‌ ബൗളര്‍ ജയിംസ്‌ ആന്‍ഡേഴ്‌സണിനെ ഫ്‌ളിക്‌ ചെയ്‌ത്‌ നേടിയ 26-ാം ടെസ്റ്റ്‌ സെഞ്ചുറി ആ ചോദ്യത്തിനുള്ള ഉത്തരവുമായാണ്‌ പിറന്നത്‌. കഴിഞ്ഞ മാര്‍ച്ചിനു ശേഷം വന്മതില്‍ നേടുന്ന ആദ്യ സെഞ്ചുറി.ചെളിക്കുണ്ടില്‍ ആഴ്‌ന്നു പോയാലും മാണിക്യത്തിന്‌ അതിന്റെ തിളക്കം ഒളിച്ചു വയ്‌ക്കാന്‍ കഴിയില്ല. പ്രതിഭകളുടെ കാര്യവും ഇതുപോലെയാണ്‌. പ്രത്യേകിച്ച്‌ ക്രിക്കറ്റില്‍. സമയദോഷത്താല്‍ ചിലപ്പോള്‍ ബാറ്റില്‍ നിന്ന്‌ റണ്ണൊഴുക്ക്‌ നിലച്ചു പോയേക്കാം, ബൗളിംഗിന്റെ മൂര്‍ച്ച കുറഞ്ഞേക്കാം, ചോരാത്ത കൈകളും ചോര്‍ന്നേക്കാം. എന്നാല്‍ അത്‌ എക്കാലവും അവരെ വലയ്‌ക്കില്ല. ഇതിന്‌ ഏറ്റവും മികച്ച ഉദാഹരണമാണ്‌ രണ്ടാം ടെസ്റ്റില്‍ മൊഹാലി കണ്ടത്‌. തലേദിനം വരെ തന്റെ കാലം കഴിഞ്ഞുവെന്ന്‌ ആക്രോശിച്ചവര്‍ തനിക്ക്‌ അനുകൂലമായി മുദ്രാവാക്യം വിളിക്കുന്നതു കേട്ട്‌ ടീം ഇന്ത്യയുടെ വന്മതില്‍ രാഹുല്‍ ദ്രാവിഡ്‌ ഊറിച്ചിരിച്ചു കാണണം.മോശം ഫോമിനേ തുടര്‍ന്ന്‌ വിഷമിക്കുകയായിരുന്ന ദ്രാവിഡിന്റെ ഉജ്വല തിരിച്ചുവരവിനായിരുന്നു മൊഹാലി സാക്ഷ്യം വഹിച്ചത്‌. നായക സ്ഥാനം ഒഴിഞ്ഞ ശേഷം ഒരു മികച്ച ഇന്നിംഗ്‌സിനു വേണ്ടി ഏറെ മത്സരങ്ങള്‍ ദ്രാവിഡിനു കാത്തിരിക്കേണ്ടി വന്നു.ഇതിനിടയില്‍ കോല്‍ക്കത്ത രാജകുമാരന്‍ സൗരവ്‌ ഗാംഗുലിയും സ്‌പിന്‍ എന്‍ജിനീയര്‍ അനില്‍ കുംബ്ലയും അന്താരാഷ്ട്ര ക്രിക്കറ്റിനോടു സലാം പറഞ്ഞപ്പോള്‍ ദ്രാവിഡിന്റെ കാലവും അസ്‌തമിച്ചു എന്നു കരുതിയവര്‍ ഏറെ. പിഴയ്‌ക്കാത്ത പ്രതിരോധത്തിനു പേരു കേട്ട കന്നഡ താരം മോശം പന്തുകളില്‍ പോലും അവിശ്വസനീയമായ രീതികളില്‍ പുറത്തായത്‌ ഈ വിശ്വാസത്തിന്‌ ബലവുമേകി.ദ്രാവിഡ്‌ ക്രീസില്‍ എത്തിയാല്‍ ഒരറ്റം ഭദ്രമായി എന്നു കരുതിയിരുന്ന തിങ്ക്‌ ടാങ്കുകള്‍ക്ക്‌ മിസ്റ്റര്‍ കൂളിന്റെ ഈ പതനം അവിശ്വസനീയമായിരുന്നു. ഈ വര്‍ഷം ഇതിനു മുമ്പ്‌ കളിച്ച 26 ടെസ്റ്റുകളില്‍ ആ ബാറ്റില്‍ നിന്നു പിറന്നത്‌ വെറും 613 റണ്‍സ്‌. ഇതിനിടെ പത്തില്‍ താഴെ സ്‌കോറില്‍ പുറത്തായത്‌ പത്തു തവണ. കണക്കുകള്‍ നിരത്തി വിമര്‍ശകര്‍ രംഗത്തെത്തിയതോടെ ഓരോ ഇന്നിംഗ്‌സും ദ്രാവിഡിന്‌ സമ്മര്‍ദ്ദത്തിന്റെ കാണാക്കയം സമ്മാനിക്കുകയായിരുന്നു.ഏകാഗ്രത നഷ്ടപ്പെട്ടവനേ പോലെ ക്രീസില്‍ നിന്ന്‌ തലകുനിച്ച്‌ മടങ്ങുന്ന ദ്രാവിഡിന്റെ ചിത്രം സമീപകാലത്ത്‌ പത്ര-ദൃശ്യ മാധ്യങ്ങള്‍ വളരെയധികം ആഘോഷിച്ചു. ദ്രാവിഡിന്റഎ പതനത്തിലും ടീം ഇന്ത്യ മികച്ച ജയം നേടിയപ്പോള്‍ പ്രതിരോധിക്കാന്‍ വന്മതില്‍ വേണമെന്നില്ലെന്നു വരെ അവര്‍ എഴുതി. ലോകചാമ്പ്യന്മാരായ കംഗാരുക്കള്‍ക്കെതിരേയും ഇംഗ്ലണ്ടിനെതിരേയും നേടിയ ജയങ്ങള്‍ അവരെ അതിനു പ്രേരിപ്പിച്ചുവെന്നു വേണം കരുതാന്‍.ഒടുവില്‍ രണ്ടാം ടെസ്റ്റ്‌ തുടങ്ങും മുമ്പ്‌ ദ്രാവിഡിനു വിശ്രമം അത്യാവശ്യമാണെന്നും അഭ്യന്തര ക്രിക്കറ്റില്‍ കളിച്ച്‌ ഫോം തെളിയിക്കണമെന്നും മുഖ്യ സെലക്ടര്‍ കൃഷ്‌ണമാചാരി ശ്രീകാന്തിനെ കൊമ്‌ടു പറയിക്കുന്നിടം വരെയെത്തി കാര്യങ്ങള്‍. സ്ഥാനനഷ്ടത്തിന്റെ വക്കില്‍ നിന്നാണ്‌ ദ്രാവിഡ്‌ രണ്ടാം ടെസ്റ്റിനായി മൊഹാലിയില്‍ പാഡണിഞ്ഞത്‌. പതിവില്‍ നിന്നു വിപരീതമായി പൊട്ടിത്തെറിക്കാതെ വിരേന്ദര്‍ സേവാഗ്‌ പുറത്തായ സമ്മര്‍ദത്തില്‍ ക്രീസില്‍ എത്തിയ ദ്രാവിഡിന്റെ മുഖത്ത്‌ കണ്ട ദൃഢനിശ്ചയം എന്തെന്ന്‌ ഏറെ താമസിയാതെ വ്യക്തമായി.കഴിഞ്ഞ കുറച്ച്‌ മത്സരങ്ങളായി താന്‍ വരുത്തിയ പിഴവുകള്‍ എന്തെന്നു പഠിച്ചായിരുന്നു വന്മതില്‍ പ്രതിരോധക്കോട്ടയുയര്‍ത്തിയത്‌. പിഴവുകള്‍ ആവര്‍ത്തിക്കാതെ മികച്ച ഇന്നിംഗ്‌സ്‌ കെട്ടിപ്പടുക്കുക കടുത്ത സമ്മര്‍ദത്തില്‍ അത്രയെളുപ്പമായിരുന്നില്ല. എന്നാല്‍ സമയം ഏറെയെടുത്ത്‌ മോശം പന്തുകളെ ശിക്ഷിച്ചും മികച്ചവയെ ബഹുമാനിച്ചും ഇന്നിംഗ്‌സ്‌ മുന്നോട്ടു കൊണ്ടുപോയ ദ്രാവിഡ്‌ രണ്ടാം ദിനം തന്റെ സ്വതസിദ്ധമായ ശൈലിയിലേക്ക്‌ തിരിച്ചെത്തുകയായിരുന്നു.മധ്യനിരയില്‍ തന്റെ സ്ഥാനം എന്തെന്നും തന്റെ ദൗത്യം എന്തെന്നും വിമര്‍ശകര്‍ക്ക്‌ കാട്ടിക്കൊടുത്ത ആ ഇന്നിംഗ്‌സ്‌ ഇന്ത്യയെ മികച്ച സ്‌കോറിലേക്ക്‌ നയിച്ചു. മറുവശത്ത്‌ യുവത്വത്തിന്റെ ചോരത്തിളപ്പുമായി ഗൗതം ഗംഭീറും ബാറ്റുവീശിയപ്പോള്‍ കുറച്ചു കാലം തന്നെ വിട്ടുപിരിഞ്ഞ ആത്മവിശ്വാസം വീണ്ടെടുക്കാന്‍ വന്മതിലിനായി.തനിക്കു നേരെ വാക്‌ശരങ്ങള്‍ തൊടുത്തവര്‍ക്കെതിരായ മറുപടിയായിരുന്നു ആ സെഞ്ചുറി. കളത്തിലും പുറത്തും മാന്യത കാത്തു സൂക്ഷിക്കാന്‍ എക്കാലവും ശ്രദ്ധിച്ചിട്ടുള്ള ദ്രാവിഡ്‌ വിമര്‍ശനങ്ങള്‍ക്കുള്ള മറുപടിയിലും ആ മാന്യത സൂക്ഷിച്ചു. വീണ്‍ വാക്കു പറയുകയും മുന്‍ കാല പ്രകടനങ്ങള്‍ ഉയര്‍ത്തിക്കാട്ടുകയും ചെയ്‌തതു കൊണ്ട്‌ എതിര്‍പ്പുകളെ ഒഴിവാക്കാന്‍ കഴിയില്ലെന്നു മനസിലാക്കിയുള്ള പ്രതികരണം. ഇന്ത്യന്‍ ക്രിക്കറ്റിലെ മിസ്റ്റര്‍ കൂള്‍ നല്‍കുന്ന കൂള്‍ മറുപടി....ഈ ഫോം ഇനിയും (വിരമിക്കാന്‍ അധികം താമസമില്ലെന്ന്‌ വിദഗ്‌ധര്‍. അതുവരെയെങ്കിലും) തുടരാന്‍ ദ്രാവിഡിനു കഴിയുമെന്ന ഉറച്ച വിശ്വാസത്തോടെ...

മിസ്‌റ്റര്‍ കൂളിന്റെ കൂള്‍ മറുപടിSocialTwist Tell-a-Friend

0 comments: