Tuesday, December 16, 2008

ദൈവത്തിന്റെ വിമര്‍ശകര്‍ ഇനി എന്തു പറയും?

നൂറ്റാണ്ടിന്റെ ക്രിക്കറ്റ്‌ താരമെന്നു പറഞ്ഞാലും അതിശയോക്തിയാവില്ല സച്ചിന്‍ രമേഷ്‌ തെണ്ടുല്‍ക്കറിനെ സംബന്ധിച്ച്‌. ഇതിഹാസ താരങ്ങളായ സര്‍ ഡോണ്‍ ബ്രാഡ്‌മാനും വിവിയന്‍ റിച്ചാര്‍ഡ്‌സും കല്‍പിച്ചു നല്‍കിയ സ്ഥാനമാണിത്‌. തന്റെ തന്നെ ബാല്യമെന്ന്‌ ബ്രാഡ്‌മാന്‍ നിരൂപിച്ചപ്പോള്‍ ക്രിക്കറ്റിന്റെ സ്വന്തം മാസ്‌റ്റര്‍ ബ്ലാസ്‌റ്റര്‍ എന്നായിരുന്നു റിച്ചാര്‍ഡ്‌സ്‌ നല്‍കിയ വിശേഷണം.ലോക ക്രിക്കറ്റിലെ കിരീടവും ചെങ്കോലും ഏന്തി എതിരില്ലാതെ അഭിരമിക്കുമ്പോഴും സച്ചിനെ വിമര്‍ശിക്കാന്‍ ഒരു സംഘം ഉണ്ടായിരുന്നു എപ്പോഴും. അനുപമമായ ശൈലിയിലും ഭാവത്തിലും ബാറ്റു വീശുമ്പോഴും, റിക്കാര്‍ഡുകള്‍ പൊന്‍തൂവലുകളായി ശിരസില്‍ വിളങ്ങുമ്പോഴും സെഞ്ചുറികളും അര്‍ധ സെഞ്ചുറികളും മഴവെള്ളപ്പാച്ചില്‍ പോലെ ഒഴുകുമ്പോഴും ക്ഷീരമുള്ള അകിടിന്‍ ചുവട്ടില്‍ ചോര കുടിക്കുവാനായിരുന്നു അവര്‍ക്ക്‌ താത്‌പര്യം.ടെസ്റ്റിലും ഏകദിനത്തിലും സച്ചിന്‍ ഇന്ത്യക്ക്‌ സമ്മാനിച്ച വിജയങ്ങളില്‍ അവര്‍ക്ക്‌ സംശയമേതുമില്ല. ടെസ്റ്റില്‍ ഏറ്റവും അധികം റണ്‍സും സെഞ്ചുറിയും സച്ചിന്റെ പേരില്‍ തന്നെ. അതിലും തര്‍ക്കമില്ല. പിന്നെ എന്തായിരുന്നു അവരുടെ പ്രശ്‌നം. സച്ചിന്‍ വെസ്റ്റിന്‍ഡീസിന്റെ കിംഗ്‌ ലാറയെപ്പോലെ മാച്ച്‌ വിന്നറാവുന്നില്ലത്രെ. സച്ചിന്റെ നാലാം ഇന്നിംഗ്‌സ്‌ സെഞ്ചുറികള്‍ ഇന്ത്യക്ക്‌ വിജയം സമ്മാനിക്കുന്നില്ലത്രേ.ഒരു പക്ഷേ കണക്കുകളുടെ കളിയില്‍ ഇതു ശരിയായിരിക്കാം. അല്ല ശരിയായിരുന്നു. പിന്തുടര്‍ന്നു ജയിക്കേണ്ടിയിരുന്ന ടെസ്റ്റുകളില്‍ സച്ചിന്റെ പ്രകടനം ശരാശരയിലും അല്‍പം താഴെ പോയിരുന്നു. വാസ്‌തവം തന്നെ. ആരാധകര്‍ക്ക്‌ പക്ഷേ അതില്‍ അല്‍പം പോലും പരിഭവമില്ലായിരുന്നു. കാരണം ഒന്നാം ഇന്നിംഗ്‌സില്‍ സച്ചിന്‍ നല്‍കിയ സംഭാവനകളാണ്‌ ഇന്ത്യയെ ശക്തമായ നിലയില്‍ എത്തിച്ചിരുന്നത്‌. അതേ സച്ചിന്‌ രണ്ടാം ഇന്നിംഗ്‌സിലും മികച്ച പ്രകടനം കാഴ്‌ചവച്ച്‌ ഇന്ത്യയെ വിജയത്തിലെത്തിക്കാന്‍ ചിലപ്പോള്‍ കഴിഞ്ഞെന്നു വരില്ല. കാരണം ദൈവത്തിന്റെ കൈയൊപ്പുണ്ടെങ്കിലും സച്ചിനും മനുഷ്യന്‍ തന്നെയാണല്ലോ?എന്തു കൊണ്ട്‌ രണ്ടാം ഇന്നിംഗ്‌സിലെങ്കിലും മറ്റുള്ളവര്‍ ഉത്തരവാദിത്വം കാട്ടിയില്ല. അതായിരുന്നു ഹാര്‍ഡ്‌ റോക്ക്‌ സച്ചിന്‍ ആരാധകരുടെ മറു ചോദ്യം. എന്നാല്‍, ഇനി അവര്‍ക്ക്‌ ഉത്തരം കീറാമുട്ടി ചോദ്യങ്ങള്‍ ചോദിക്കേണ്ടി വരില്ല. അതെ മാസ്‌റ്റര്‍ ബ്ലാസ്‌റ്റര്‍ ആ വിമര്‍ശനത്തിനും മറുപടി നല്‍കി കഴിഞ്ഞു. രാജകീയമായി...ഭീകരാക്രമണത്തിന്റെ നിഴലില്‍ നടന്ന ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ്‌ ടെസ്റ്റില്‍ ഇന്ത്യന്‍ മണ്ണില്‍ പിന്തുടര്‍ന്നു നേടുന്ന ഏറ്റവും വലിയ വിജയവുമായി ചെന്നൈ ചെപ്പോക്കില്‍ ടീം ഇന്ത്യ വിജയതീരമണഞ്ഞപ്പോള്‍ മുന്നില്‍ നിന്നു നയിക്കാന്‍ ഇന്ത്യയുടെ സ്വന്തം സച്ചിനുണ്ടായിരുന്നു.ഇംഗ്ലണ്ട്‌ ഉയര്‍ത്തിയ 387 റണ്‍സെന്ന കൂറ്റന്‍ വിജയ ലക്ഷ്യത്തിലേക്ക്‌ ഇന്ത്യയെ കൈപിടിച്ചുയര്‍ത്തിയത്‌ സച്ചിന്‍ നേടിയ തകര്‍പ്പന്‍ സെഞ്ചുറിയായിരുന്നു. നാലാം ദിനം വൈകുന്നേരം ഓപ്പണര്‍ വിരേന്ദര്‍ സേവാഗ്‌ സമ്മാനിച്ച ഊര്‍ജം അപ്പാടെ അഞ്ചാം ദിനം സച്ചിന്‍ ആവാഹിക്കുകയായിരുന്നു. ഒരിക്കല്‍ കൂടി പരാജയം സമ്മതിച്ച്‌ വന്മതിലും യുവ്‌തവത്തിന്റെ ചോരത്തിളപ്പവസാനിപ്പിച്ച്‌ ഗൗതം ഗംഭീറും വിശ്വസ്‌തതയോടെ എന്നും കൂട്ടുണ്ടാവാറുള്ള വെരി വെരി സ്‌പെഷ്യല്‍ ലക്ഷ്‌മണും മടങ്ങുമ്പോള്‍ ടീം ഇന്ത്യയുടെ മുഴുവന്‍ പ്രതീക്ഷയും തന്റെ ചുമലിലാണെന്ന്‌ സച്ചിന്‍ തിരിച്ചറിയുകയായിരുന്നു.ഏതാനും ആഴ്‌ചയ്‌ക്കു മുമ്പ്‌ തന്റെ നഗരമായ മുംബൈയില്‍ ഭീകരാക്രമണങ്ങളില്‍ പൊലിഞ്ഞ ജീവനുകളും ആക്രമണത്തില്‍ പകച്ച ഇന്ത്യാ മഹാരാജ്യവും ആ മനസില്‍ മിന്നായം പോലെ തെളിഞ്ഞു.പതിവ്‌ ദൗര്‍ബല്യങ്ങളും ആവേശവും ലക്ഷ്യത്തെ മറയ്‌ക്കാതെ ശ്രദ്ധിച്ച സച്ചിന്‍ മികച്ചൊരു ഇന്നിംഗ്‌സ്‌ കെട്ടിപ്പടുക്കുകയായിരുന്നു. വിജയത്തിലേക്ക്‌ ടീമിനെ നയിക്കാന്‍ കൂട്ടു നിന്ന ഇന്ത്യന്‍ ക്രിക്കറ്റിലെ യുവരാജാവിന്‌ തന്ത്രങ്ങള്‍ ഓതിക്കൊടുത്തും ആവേശം ജ്വലിപ്പിച്ചും ടീമിന്റെ വല്യേട്ടനായി സച്ചിന്‍ സ്വയം അവരോധിക്കപ്പെടുകയായിരുന്നു.ഒടുവില്‍ ഒരു നിമിത്തം പോലെ ആ ബാറ്റില്‍ നിന്ന്‌ ബൗണ്ടറിയോടെ ടീം ഇന്ത്യ വിജയ റണ്‍ കുറിച്ചപ്പോള്‍ അടഞ്ഞു പോയത്‌ വിമര്‍ശകരുടെ വായ്‌ ആയിരുന്നു.ക്രിക്കറ്റ്‌ തന്റെ രക്തത്തിലലിഞ്ഞതാണെന്ന്‌ ലിറ്റില്‍ മാസ്‌റ്റര്‍ ഒരിക്കല്‍ കൂടി വ്യക്തമാക്കുന്നു. നീണ്ട പതിനേഴു വര്‍ഷമായി തുടരുന്ന അശ്വമേധത്തില്‍ തകരാത്ത കോട്ടകൊത്തളങ്ങളില്ല. നേടാത്ത കിരീടങ്ങളും ചുരുക്കം. എന്നിട്ടും വിമര്‍ശന ബുദ്ധിയോടെ തന്നെ നിരീക്ഷിക്കുന്നവര്‍ക്ക്‌ സച്ചിന്റെ മറുപടിയായിരുന്നു ചെപ്പോക്കിലെ ഇന്നിംഗ്‌സ്‌. ടീം ആവശ്യപ്പെടുന്ന സമയം മികച്ച പ്രകടനം കാഴ്‌ചവയ്‌ക്കാനാകുന്നില്ലെന്നായിരുന്നു സച്ചിനെതിരായ ആരോപണം. എന്നാല്‍ ഇപ്പോള്‍ ടീമും രാജ്യവും ആവശ്യപ്പെട്ടപ്പോള്‍ തന്നെ സച്ചിന്‍ ഉണര്‍ന്നു.ഭീകരവാഴ്‌ചയുടെ നടുക്കത്തില്‍ വിട്ടുമാറാതെ നിന്ന ഒരു രാജ്യമാണ്‌ ഇപ്പോള്‍ ഈ കുറിയ മനുഷ്യന്റെ ഒറ്റ പ്രകടനത്തില്‍ ആഹ്ലാദചിത്തരായി ഉണര്‍ന്നെണീക്കുന്നത്‌. മത്സര ശേഷം സച്ചിന്‍ പറഞ്ഞ വാക്കുകളും ശ്രദ്ധേയം തന്നെ. ഞാന്‍ ഇന്ത്യക്കു വേണ്ടിക്കളിച്ചു. മുമ്പത്തേക്കാളും ആത്മാര്‍ത്ഥതയോടെ. ഈ വിജയം മുംബൈ ആക്രമണത്തില്‍ ജീവന്‍ നഷ്ടമായവര്‍ക്കു വേണ്ടി...അതേ സച്ചിന്‍ ഇങ്ങനെയാണ്‌ വാക്കുകള്‍ ചുരുക്കം പ്രവര്‍ത്ത്‌ി അനുപമം. ക്രിക്കറ്റിന്റെ എല്ലാത്തലത്തിലും ഇനി സച്ചിന്‍ തന്നെ കേമന്‍, മികച്ച ബാറ്റ്‌സ്‌മാന്‍, മികച്ച മാച്ച്‌ വിന്നര്‍, മികച്ച ഓള്‍റൗണ്ടര്‍, മികച്ച ടീം സ്‌പിരിറ്റ്‌. ഇല്ലാത്ത ഗുണങ്ങള്‍ ചുരുക്കം. കഴിഞ്ഞ പതിനേഴു വര്‍ഷത്തെ കരിയര്‍ തന്നെ ഉദാഹരണം. 155 ടെസ്റ്റ്‌ മത്സരങ്ങള്‍. അവയില്‍ നിന്ന്‌ 12413 റണ്‍സ്‌, 248 എന്ന ഉയര്‍ന്ന സ്‌കോര്‍, 41 ശതകം, 51 അര്‍ധശതകം, നാല്‌ ഇരട്ട ശതകം, 42 വിക്കറ്റ്‌ 100 ക്യാച്ച്‌. 419 ഏകദിനങ്ങളില്‍ നിന്ന്‌ 16422 റണ്‍സ്‌ 186 എന്ന ഉയര്‍ന്ന സ്‌കോര്‍, 42 ശതകം 90 അര്‍ധശതകം, 124 ക്യാച്ച്‌, 154 വിക്കറ്റ്‌. അനുപമം തന്നെ ഈ കരിയര്‍. എതിരാളികള്‍ ബഹുദൂരം പിന്നില്‍. അതെ ക്രിക്കറ്റ്‌ എന്ന മതത്തില്‍ ഒരേയൊരു ദൈവം മാത്രമേ ഉള്ളൂ. അത്‌ സച്ചിന്‍ രമേഷ്‌ തെണ്ടുല്‍ക്കര്‍ തന്നെ. മാന്യതയുടെ ചെറുപുഞ്ചിരിയുമായി ക്രിക്കറ്റ്‌ ദൈവം കുതിക്കുകയാണ്‌ റിക്കാര്‍ഡുകള്‍ പഴങ്കഥയാക്കാന്‍. ഗോ ഓണ്‍ സച്ചിന്‍ ഗോ ഓണ്‍....

ദൈവത്തിന്റെ വിമര്‍ശകര്‍ ഇനി എന്തു പറയും?SocialTwist Tell-a-Friend

0 comments: