Tuesday, December 16, 2008

വന്മതിലില്‍ വിള്ളല്‍?

ന്ത്യ-പാക്കിസ്ഥാന്‍ ടെസ്റ്റ്‌ പരമ്പരയുടെ പോരാട്ടച്ചൂട്‌. ലോകത്തിലെ ഏറ്റവും വേഗതയേറിയ ബൗളര്‍ ഷോയ്‌ബ്‌ അക്തറും സംഘവും ചേര്‍ന്ന്‌ ഇന്ത്യന്‍ ഓപ്പണര്‍മാരെ വട്ടം കറക്കുന്നു. ഒരു വിക്കറ്റ്‌ വീഴ്‌ചയില്‍ ഇന്ത്യന്‍ ആരാധകരുടെ തലതാഴ്‌ന്നു. അതാ മൂന്നാം നമ്പര്‍ സ്ഥാനത്തേക്ക്‌ ബാറ്റുമായി മിസ്റ്റര്‍ കൂള്‍...വിക്കറ്റിനു പിന്നില്‍ സ്ലെഡ്‌ജിംഗിന്റെ നാട്ടുഭാഷയുമായി വിക്കറ്റ്‌ കീപ്പര്‍... ഇരുപതു വാര അകലെ നിന്നു കുതിപ്പിനുള്ള ചൂളം വിളിക്കുന്ന റാവല്‍പിണ്ടി എക്‌സ്‌പ്രസ്‌. നീണ്ട റണ്ണപ്പുകള്‍ക്കും കൂട്ടുകാരുടെ ആവേശ-പ്രചോദനങ്ങള്‍ക്കുമിടയില്‍ അക്തര്‍ ആയുധം തൊടുത്തു... 162 കിലോമീറ്റര്‍ വേഗതയിലെത്തിയ ആ യോര്‍ക്കര്‍ തികഞ്ഞ മെയ്യാഭ്യാസിയെപ്പോലെ ക്രീസില്‍ തന്നെ കൊട്ടി വയ്‌ക്കുന്ന രാഹുല്‍ ദ്രാവിഡ്‌. അവിശ്വസനീയതയും തന്നോടു തന്നെ പുച്ഛവും തുളുമ്പുന്ന നോട്ടവുമായി അക്തര്‍ ഇനിയെന്ത്‌ എന്ന ഭാവത്തില്‍ തിരിച്ചു നടക്കുന്നു.ഒരു സമയത്ത്‌ ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീമിനെ ടെസ്‌റ്റ്‌ പരാജയങ്ങളില്‍ നിന്നു രക്ഷിച്ച ഒരു ചിത്രമാണ്‌ ഈ കൊട്ട്‌. സച്ചിന്റെ വിക്കറ്റ്‌ വീണ മാത്രയില്‍ നെടുവീര്‍പ്പിടുന്ന ഇന്ത്യന്‍ കാണികള്‍ പിറുപിറുക്കും.. ഇനി വരുന്നത്‌ ദ്രാവിഡ്‌. കളി കണ്ടിട്ട്‌ കാര്യമില്ല. ഇപ്പോള്‍ തുടങ്ങും കൊട്ടാന്‍.നൂറു മൈല്‍ വേഗത്തിലെത്തുന്ന അക്തറായാലും കറങ്ങിത്തിരിഞ്ഞെത്തുന്ന ഷെയ്‌ന്‍ വോണായാലും നിഷ്‌കരുണം ബാറ്റുകൊണ്ട്‌ കൊട്ടി ക്രീസില്‍ വച്ചുകളയും മഹാന്‍. അങ്ങനെ ഒരു ചെല്ലപ്പേരും വീണു കിട്ടി. വന്മതില്‍. എത്രയൊക്കെ ആയാലും ആ വന്മതില്‍ ഇന്ത്യയെ ഒട്ടൊന്നുമല്ല സഹായിച്ചത്‌. ലോകം വെല്ലാന്‍ ഇറങ്ങിത്തിരിച്ച സ്‌റ്റീവ്‌ വോയും സംഘവും, ദക്ഷിണാഫ്രിക്കന്‍ കരുത്തും കിവീ കുതിപ്പുമെല്ലാം പേസിനെ തുണയ്‌ക്കുന്ന പിച്ചില്‍ വന്മതിലില്‍ തലയടിച്ചു വീണു. ഒപ്പം ഇന്ത്യന്‍ ആത്മാഭിമാനം തലയുയര്‍ത്തുകയും ചെയ്‌തു.പക്ഷേ ഇതെല്ലാം കഴിഞ്ഞ കഥ.... ഇന്ത്യന്‍ ക്രിക്കറ്റിലെ വന്‍മതിലിന്റെ കാലം കഴിഞ്ഞോ? കുറച്ചു നാള്‍ മുമ്പു വരെ ആരും ചോദിക്കാന്‍ ധൈര്യപ്പെടാതിരുന്ന ചോദ്യം. എന്നാലിന്ന്‌ ഈ ചോദ്യം സജീവമാണ്‌. സച്ചിന്‍ തെണ്ടുല്‍ക്കര്‍ കഴിഞ്ഞാല്‍ ഇന്ത്യയുടെ ഏക്കാലത്തെയും മികച്ച റണ്‍വേട്ടക്കാരനായ രാഹുല്‍ ദ്രാവിഡ്‌ ഇന്ന്‌ റണ്‍ കണ്ടെത്താന്‍ വിഷമിക്കുകയാണ്‌. ഇനി വന്‍മതിലിന്‌ ദാദയുടെ പാത പിന്തുടരാമെന്ന്‌ പറയുന്നവരുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിച്ചു വരികയാണ്‌.ഈ വര്‍ഷം ആകെ 26 ടെസ്റ്റ്‌ മത്സരങ്ങള്‍ കളിച്ച ദ്രാവിഡ്‌ നേടിയത്‌ 613 റണ്‍സ്‌. ഒരു സെഞ്ചുറി (111-മാര്‍ച്ചില്‍ ദക്ഷിണാഫ്രിക്കക്കെതിരേ ചെന്നൈയില്‍). നാല്‌ അര്‍ധ സെഞ്ചുറികള്‍ (ജനുവരിയില്‍ ഓസ്‌ട്രേലിയക്കെതിരേ സിഡ്‌നി (53), പെര്‍ത്ത്‌ (93), ഓഗസ്റ്റില്‍ ശ്രീലങ്കക്കെതിരേ കൊളംബോയില്‍ (68), ഒക്‌ടോബറില്‍ ഓസ്‌ട്രേലിയക്കെതിരെ ബാംഗളൂരില്‍ (51). 10 റണ്‍സില്‍ താഴെ 10 തവണ പുറത്ത്‌.അവസാനം കളിച്ച ആറ്‌ ടെസ്റ്റുകളില്‍ ആകെ നേടിയത്‌ 176 റണ്‍സ്‌. ഒടുവില്‍ കളിച്ച രണ്ട്‌ ടെസ്റ്റുകളിലെ നാല്‌ ഇന്നിംഗ്‌സുകളില്‍ നേടിയത്‌ 13 റണ്‍സ്‌. ഇന്ത്യന്‍ മധ്യനിരയുടെ അവിഭാജ്യ ഘടകമായിരുന്ന മിസ്റ്റര്‍ കൂളിന്‌ എന്തുപറ്റിയെന്നോര്‍ത്ത്‌ വിഷമിക്കുകയാണ്‌ ആരാധകര്‍.2007 ഓക്‌ടോബര്‍ 14 ന്‌ നാഗ്‌പൂറില്‍ ഓസ്‌ട്രേലിയക്കെതിരേ നടന്ന ഏകദിന മത്സരത്തിനു ശേഷം ദ്രാവിഡിനെ 50 ഓവര്‍ മത്സരങ്ങള്‍ക്കായി പരിഗണിച്ചിട്ടില്ല. യുവതാരങ്ങള്‍ അക്രമണോത്സുകരായി ബാറ്റു വീശുമ്പോള്‍ സ്വതവേ വിസ്‌േഫാടനം നടത്താന്‍ മടിക്കുന്ന ഈ കോപ്പി ബുക്ക്‌ ശൈലിക്കാരന്‍ പിന്‍ബഞ്ചിലേക്കു തള്ളപ്പെട്ടതു സ്വാഭാവികം. എന്നാല്‍ ടെസ്റ്റ്‌ ടീമില്‍ നിന്ന്‌ വന്‍മതില്‍ ഒഴിവാക്കപ്പെടുന്ന സാഹചര്യമുണ്ടാകുമെന്ന്‌ ആരും കരുതിയിരുന്നില്ല. ഇപ്പോള്‍ ഇതിന്റെ കേളികെട്ട്‌ ഉയര്‍ന്നിരിക്കുന്നു. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ്‌ പരമ്പരയിലെ ശേഷിക്കുന്ന മൊഹാലി ടെസ്റ്റില്‍ തിളങ്ങിയില്ലെങ്കില്‍ ദ്രാവിഡിന്‌ ടീമിലെ സ്ഥാനം നിലനിര്‍ത്തുക വിഷമകരമാകും. സച്ചിന്‍ കഴിഞ്ഞാന്‍ ടെസ്റ്റിലും ഏകദിനത്തിലും 10000 റണ്‍സ്‌ നേടിയ ഏക ഇന്ത്യന്‍ താരമാണ്‌ ദ്രാവിഡ്‌. 1997 ല്‍ ക്രിക്കറ്റിന്റെ മെക്കയായ ഇംഗ്ലണ്ടിലെ ലോഡ്‌സില്‍ 95 റണ്‍സ്‌ നേടിത്തുടങ്ങിയ അശ്വമേധം ഇപ്പോള്‍ 130 ടെസ്റ്റില്‍ 10373 റണ്‍സില്‍ എത്തിനില്‍ക്കുകയാണ്‌. 25 സെഞ്ചുറി, 53 അര്‍ധ ശതകം. ഉയര്‍ന്ന സ്‌കോര്‍ 270. 333 ഏകദിനത്തില്‍ നിന്ന്‌ 10585 റണ്‍സ്‌. 12 സെഞ്ചുറി. 81 അര്‍ധ സെഞ്ചുറി. ഉയര്‍ന്ന സ്‌കോര്‍ 153. ഗാംഗുലിയുടെ പിന്‍ഗാമിയായി ഇന്ത്യന്‍ നായകസ്ഥാനം ഏറ്റെടുത്ത ശേഷം മികച്ച വിജയങ്ങള്‍ പലതും നല്‍കാന്‍ കഴിഞ്ഞെങ്കിലും 2007 ലെ വെസ്റ്റ്‌ഇന്‍ഡീസ്‌ ലോകകപ്പിലെ ടീമിന്റെ മോശം പ്രകടനവും ധോണിയുടെ നേതൃത്വത്തില്‍ നേടിയ ട്വന്റി 20 ലോകകപ്പ്‌ വിജയവും തുടര്‍ന്ന്‌ നായക സ്ഥാനത്തു നിന്നുള്ള രാജിയും ഉണ്ടാക്കിയ കോലാഹലങ്ങള്‍ ദ്രാവിഡിന്റെ കരിയറിനെ പ്രതികൂലമായി ബാധിച്ചിരിക്കാം. എങ്കിലും ഗുണ്ടപ്പ വിശ്വനാഥിന്റെ പിന്‍ഗാമിയായ ഈ കര്‍ണാടകകാരന്‍ ഫോം വീണ്ടെടുത്ത്‌ ടീമിന്‌ കൂടുതല്‍ കരുത്തു പകരുമെന്നാണ്‌ ആരാധകര്‍ കരുതുന്നത്‌.

വന്മതിലില്‍ വിള്ളല്‍?SocialTwist Tell-a-Friend

0 comments: