Sunday, December 7, 2008

പത്തര മാറ്റോടെ സെയ്‌നാ നെഹ്‌വാള്‍

അന്താരാഷ്ട്ര ബാഡ്‌മിന്റണ്‍ റാങ്കിംഗില്‍ ആദ്യ പത്തിലെത്തിയ ആദ്യ ഇന്ത്യന്‍ താരം സെയ്‌ന നെഹ്‌വാള്‍ കൊച്ചിയിലെത്തിയപ്പോള്‍. (ഫോട്ടോ - ബ്രില്യന്‍ ചാള്‍സ്‌ ന്യൂസ്‌ ഫോട്ടോഗ്രാഫര്‍ ദീപിക കൊച്ചി.)


ത്തരമാറ്റ്‌ തിളക്കത്തില്‍ ഇന്ത്യക്കൊപ്പം തിളങ്ങുകയാണ്‌ ഹൈദരാബാദില്‍ നിന്നൊരു പതിനെട്ടുകാരി. ബാഡ്‌മിന്റണ്‍ രംഗത്ത്‌ ഏറെയൊന്നും അവകാശപ്പെടാനില്ലായിരുന്ന ഇന്ത്യ അടുത്ത കാലത്ത്‌ കണ്ട താരോദയമാണ്‌ സെയ്‌നാ നെഹ്‌വാള്‍ എന്ന കൗമാരക്കാരി.ലോക ബാഡ്‌മിന്റണ്‍ റാങ്കിംഗില്‍ ആദ്യ പത്തില്‍ എത്തുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന ബഹുമതിയും സ്വന്തമാക്കിയതോടെ വരും നാളുകളില്‍ സെയ്‌ന ഇന്ത്യന്‍ കായിക രംഗത്തെ ശുക്ര നക്ഷത്രമാകുമെന്ന ശുഭസന്ദേശമാണ്‌ ലഭിക്കുന്നത്‌. ഇനിയാര്‍ക്കും തകര്‍ക്കാനാകാത്ത റിക്കാര്‍ഡ്‌ സൃഷ്ടിച്ചു സെയ്‌നയും അത്‌ തന്നെ ഉറപ്പിച്ചു പറയുന്നു.ക്രിക്കറ്റിലെ പണക്കൊഴുപ്പും താരാപഥവും സൃഷ്ടിച്ച ഭ്രമണപഥത്തില്‍ വട്ടം കറങ്ങുകയായിരുന്ന ഇന്ത്യന്‍ കായിക ലോകത്ത്‌ ചില ഒറ്റയാന്മാര്‍ വാര്‍ത്തകള്‍ സൃഷ്ടിച്ചു പോന്നിരുന്ന കാലമായിരുന്നു ഇതുവരെ. ലോകത്തിന്റെ നിറുകയില്‍ നിന്ന്‌ വിശ്വനാഥന്‍ ആനന്ദിന്റെ ഒരു ചെക്ക്‌, അല്ലെങ്കില്‍ ഇന്ത്യന്‍ എക്‌സ്‌പ്രസ്‌ ലിയാന്‍ഡര്‍ പേസ്‌-മഹേഷ്‌ ഭൂപതി സഖ്യത്തിന്റെ സിംഹഗര്‍ജനം അതുമല്ലെങ്കില്‍ ടെന്നീസ്‌ സെന്‍സേഷന്‍ സാനിയ മിര്‍സയുടെ ഒരു വശ്യമനോഹര പുഞ്ചിരി... ക്രിക്കറ്റ്‌ കഴിഞ്ഞാല്‍ ഇത്രമാത്രമേ ഇന്ത്യന്‍ കായിക ലോകത്തിന്‌ ഉയര്‍ത്തിക്കാട്ടാനുണ്ടായിരുന്നുള്ളു.ധ്യാന്‍ ചന്ദിന്റെ പിന്മുറക്കാര്‍ നാണക്കേടിന്റെ പടുകുഴയില്‍ വീണും, കാല്‍പന്തുകളിയില്‍ ഒന്നാം ക്ലാസില്‍ നിരന്തരം തോറ്റ്‌ ബഞ്ചുറപ്പാക്കിയ ഫുട്‌ബോള്‍ താരങ്ങളും സമ്മാനിക്കുന്ന ചില നൊമ്പരങ്ങള്‍ പിന്നെയും ബാക്കി. ഇതിനെല്ലാം ഇടയിലായിരുന്നു സെയ്‌നയുടെ വരവ്‌.ഒമ്പതാം വയസില്‍ ബാഡ്‌മിന്റണ്‍ രംഗത്തേക്ക്‌ ചുവടുവച്ച കുട്ടിയേ സ്വാധീനിക്കാന്‍ ടെന്നീസിന്റെ ഗ്ലാമര്‍ ലോകം ഒപ്പമുണ്ടായിരുന്നു. എന്നാല്‍ തന്റെ ലോകം ബാഡ്‌മിന്റണാണെന്ന്‌ ഉറച്ചു വിശ്വസിച്ച്‌ പ്രലോഭനങ്ങളില്‍ വീഴാതെ പിടിച്ചു നിന്ന സെയ്‌നയെ തേടി ഭാഗ്യവും വിജയദേവതയും ഇന്ത്യയിലെത്തുകയായിരുന്നു.1990 മാര്‍ച്ച്‌ 17-ന്‌ ഹരിയാനയിലെ ഹിസാര്‍ ഗ്രാമത്തില്‍ ഡോ. ഹര്‍വീര്‍ സിംഗിന്റേയും ഉഷാ നെഹ്‌വാളിന്റെയും മകളായി പിറന്ന സെയ്‌നയുടെ കുതിപ്പ്‌ അപ്രതീക്ഷിത വേഗത്തിലായിരുന്നു. എട്ടു വയസുവരെ സാധാരണ കുട്ടികളേപ്പോലെ രാവിലെ ഏഴുമണി വരെ കിടന്നുറങ്ങി ശീലിച്ച സെയ്‌നയുടെ തലയിലെഴുത്ത്‌ മാറ്റിയത്‌ ആദ്യ കാല കോച്ച്‌ നാനി പ്രസാദാണ്‌. ബാഡ്‌മിന്റണില്‍ ഒരു ലോകോത്തര താരത്തെ സെയ്‌നയില്‍ കണ്ട നാനിപ്രസാദ്‌ കൂടുതല്‍ പരിശീലനങ്ങളിലേക്ക്‌ സെയ്‌നയെ നയിച്ചു.ഇതിനായി വേണ്ടി വന്ന ചിലവുകള്‍ക്ക്‌ ഹര്‍വീര്‍ സിംഗ്‌ മകള്‍ക്കു വേണ്ടി സ്വരൂക്കൂട്ടി വച്ചിരുന്ന സേവിംഗ്‌സും പ്രോവിഡന്റ്‌ ഫണ്ടും എടുത്തുപയോഗിക്കുമ്പോഴും ഇത്രയുയരത്തിലേക്ക്‌ മകള്‍ ഉയരുമെന്ന്‌ സ്വപ്‌നം പോലും കണ്ടിരുന്നില്ല.സാമ്പത്തിക ഞെരുക്കത്തിലുള്ള ഞാണിന്മേല്‍ക്കളി 2002 വരെ നീണ്ടു നിന്നു. അപ്പോഴേക്കും വളര്‍ന്നു വരുന്ന താരമായി സെയ്‌ന അറിയപ്പെട്ടു തുടങ്ങിയിരുന്നു.എന്നാല്‍ ലോക കായികകണ്ണില്‍ സെയ്‌ന നെഹ്‌വാള്‍ എന്ന പേര്‌ പതിയുന്നത്‌ പിന്നെയും നാലു വര്‍ഷങ്ങള്‍ കഴിഞ്ഞാണ്‌. 2006-ല്‍ ഫിലിപ്പൈന്‍സ്‌ ഓപ്പണില്‍ വിജയിച്ച്‌ ഒരു 4-സ്റ്റാര്‍ ടൂര്‍ണമെന്റില്‍ വിജയം വരിക്കുന്ന ആദ്യ ഇന്ത്യക്കാരിയായി സെയ്‌ന മാറി. 86-ാം സീഡായി ടൂര്‍ണമെന്റിന്‌ എന്‍ട്രി നേടിയ താരം മുന്‍നിര താരങ്ങളെ തകര്‍ത്ത്‌ മുന്നേറുന്നത്‌ കണ്ട്‌ ഇന്ത്യ ഏറെ സന്തോഷിച്ചു. അതേ വര്‍ഷം ലോക ജൂണിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ റണ്ണറപ്പായി സെയ്‌ന തന്റെ വരവ്‌ അറിയിച്ചു.ഇതോടെയാണ്‌ സെയ്‌നയുടെ ഭാഗ്യജാതകം തെളിയുന്നത്‌. ഈ മുന്നേറ്റങ്ങള്‍ കണ്ട മുന്‍ ഇന്ത്യന്‍ താരവും ഓള്‍ ഇംഗ്ലണ്ട്‌ വിജയിച്ച ഇന്ത്യക്കാരനുമായ പുല്ലേല ഗോപീചന്ദ്‌ സെയ്‌നയെ തന്റെ ശിഷ്യയായി സ്വീകരിച്ചു.പിന്നീടുള്ള മുന്നേറ്റങ്ങള്‍ നാം ദര്‍ശിച്ചതാണ്‌. അനുപമമായിരുന്നു ആ കുതിപ്പ്‌. ലോക ജൂണിയര്‍ ചാമ്പ്യന്‍ഷിപ്പിലെ കിരീടനേട്ടവും ബെയ്‌ജിംഗ്‌ ഒളിമ്പിക്‌സിലെ ക്വര്‍ട്ടര്‍ പ്രവേശവും യൂത്ത്‌ കോമണ്‍വെല്‍ത്ത്‌ ഗെയിംസിലെ സുവര്‍ണകുതിപ്പും ആകെക്കൂടിയൊരു പടയോട്ടം.കഴിഞ്ഞ രണ്ടു വര്‍ഷമായി സെയ്‌നയ്‌ക്ക്‌ നല്ലകാലമാണ്‌. ലോക ജൂണിയര്‍ കിരീടം, ഒളിമ്പിക്‌സ്‌ ക്വാര്‍ട്ടര്‍ ഫൈനല്‍, ചൈനീസ്‌ തായ്‌പേയ്‌ ഓപ്പണ്‍ ഗ്രാന്‍പ്രീ, ഫിലിപ്പീന്‍സ്‌ ഗ്രാന്‍പ്രീ, കോമണ്‍വെല്‍ത്ത്‌ ജൂണിയര്‍ ചാമ്പ്യന്‍ തുടങ്ങി ഒട്ടനവധി നേട്ടങ്ങള്‍. ഒടുവില്‍ ഇതാ നിനച്ചിരിക്കാതെ റാങ്കിംഗ്‌ നേട്ടവും. അതേ സെയ്‌ന കുതിക്കുകയാണ്‌. കുതിപ്പ്‌ തുടങ്ങുമ്പോള്‍ സാനിയ മിര്‍സയുടെ വശ്യസൗന്ദര്യത്തിനു ചുറ്റും ഭ്രമണം ചെയ്‌തിരുന്ന ഇന്ത്യന്‍ കായിക ലോകം ഇപ്പോള്‍ ഈ ഹൈദരാബാദുകാരിക്കു നേര്‍ക്ക്‌ തിരിയുന്നു.ക്രിക്കറ്റിനു പുറമെയുള്ള ഏതെങ്കിലും ഒരു കായിക ഇനത്തില്‍ ആദ്യ പത്ത്‌ റാങ്കിംഗില്‍ ഒരിന്ത്യന്‍ താരം. കായിക ഇന്ത്യ ഒരു പക്ഷേ ഈ നേട്ടം പ്രതീക്ഷിച്ചിരുന്നത്‌ ഹൈദരാബാദില്‍ നിന്നുള്ള ടെന്നീസ്‌ സുന്ദരി സാനിയയില്‍ നിന്നാകാം. എന്നാല്‍ പത്ത്‌ സ്വപ്‌നം കണ്ട്‌ കണ്ട്‌ ആദ്യ നൂറില്‍ നിന്നു പോലും സാനിയ പുറത്താകുന്നത്‌ വേദനയോടെ നോക്കി നിന്ന ഇന്ത്യക്ക്‌ ആശ്വാസമായാണ്‌ സെയ്‌ന ഉയരുന്നത്‌.ഇനി പ്രതീക്ഷയുടെ നാളുകളാണ്‌. സെയ്‌ന പറയും പോലെ ആദ്യം അഞ്ച്‌ പിന്നെ ഒന്ന്‌. അതേ സ്ഥാനങ്ങള്‍ ഇപ്പോഴെ നാം മനസില്‍ കുറിയ്‌ക്കുന്നു. കുതിക്കാന്‍ സെയ്‌നയും... പ്രിയ സെയ്‌നാ നിനക്കത്‌ സാധിക്കട്ടെ...

പത്തര മാറ്റോടെ സെയ്‌നാ നെഹ്‌വാള്‍SocialTwist Tell-a-Friend

1 comments:

Princess said...

nothin more to say..u r the best in wat u r doin...hi hi