Wednesday, December 31, 2008

വീണിതല്ലോ കിടക്കുന്നു...

ങ്ങനെ അവസാനം കടിച്ചാല്‍ പൊട്ടാത്ത പോണ്ടിംഗും പൊട്ടി.. വെറുതേ പൊട്ടുകയല്ലായിരുന്നു, എട്ടുനിലയില്‍ പൊട്ടി എന്നു പറഞ്ഞില്ലെങ്കില്‍ ക്രിക്കറ്റ്‌ പ്രേമികള്‍ നമുക്കിട്ടു പൊട്ടിക്കും. അന്താരാഷ്ട്ര ക്രിക്കറ്റിലെ മുടിചൂടാ മന്നന്മാരായി വാണ നാളുകളൊക്കെ പോയി മറഞ്ഞു. ഒരു കയറ്റമുണ്ടെങ്കില്‍ ഒരു ഇറക്കം തീര്‍ച്ചയായും കാണും. പക്ഷേ, പോണ്ടിംഗും സംഘം ഇറക്കത്തിലേക്കല്ല, വമ്പന്‍ കുഴിയിലേക്കാണ്‌ വീണത്‌. നേരത്തെ മറ്റ്‌ എവിടെ തോറ്റാലും അവര്‍ പറയുമായിരുന്നു യഥാര്‍ത്ഥ പേസ്‌ പിച്ച്‌ തങ്ങളുടേതാണെന്നും അവിടെ, പ്രഫഷണലിസത്തിന്റെ സ്വന്തം നാട്ടില്‍ ആര്‍ക്കും തങ്ങളെ നുള്ളി നോവിക്കാന്‍ പോലും കഴിയുകയില്ലെന്നും. കഴിഞ്ഞ ഒരു ദശാബ്ദത്തോളം ലോക ക്രിക്കറ്റ്‌ ഈ വീമ്പിളക്കല്‍ കേട്ട്‌ ക്ഷമയോടെ കാത്തിരിക്കുകയായിരുന്നു. ഗോലിയാത്തിനെ വീഴ്‌ത്തിയ ദാവീദിനെ പോലൊരാള്‍ ഒരിക്കല്‍ വരുമെന്ന പ്രതീക്ഷയോടെ....പക്ഷേ ഒന്നല്ല ഒന്നിലധികം ദാവീദുമാര്‍ക്ക്‌ വിരുന്നൊരുക്കാനായിരുന്നു പാവം പോണ്ടിംഗിനും സംഘത്തിനും വിധി വേദിയൊരുക്കിയത്‌. ആദ്യം ധോണിയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ പട്ടാളം കയറി നിരങ്ങിയ ടീം അല്‍പം അശ്വാസം കൊണ്ടത്‌്‌ പടയാളികളില്ലാത്ത കിവീസിനു മേല്‍ ആധിപത്യം കാട്ടിക്കൊണ്ടായിരുന്നു.എന്നാല്‍, പിന്നീട്‌ സിഡ്‌നിയില്‍ വിമാനം ഇറങ്ങിയത്‌ ആഫ്രിക്കന്‍ കരുത്തായിരുന്നു. ഗ്രെയിം സ്‌മിത്തെന്ന പോരാളിയുടെ നേതൃത്വത്തിലുള്ള ഒരു സംഘം യുവാക്കള്‍, ഒപ്പം ചില പരിചയ സമ്പന്നരും. യുദ്ധത്തിനു മുമ്പുള്ള ചില വാക്‌പോരാട്ടങ്ങളില്‍ സ്‌മിത്തിനെ അടിച്ചിടാന്‍ പോണ്ടിംഗിനു കഴിഞ്ഞിരുന്നു താനും. പക്ഷേ, അന്നും സ്‌മിത്ത്‌ പറഞ്ഞു, വാക്കുകളല്ല പ്രവൃത്തിയാണ്‌ പ്രധാനമെന്ന്‌. അത്‌ അവര്‍ കാട്ടിക്കൊടുത്തു.അതെ, ലോക ക്രിക്കറ്റിലെ കിരീടം വയ്‌ക്കാത്ത രാജാക്കന്മാരെന്ന പദവി ഓസ്‌ട്രേലിയയ്‌ക്ക്‌ നഷ്ടപ്പെടാന്‍ പോകുകയാണ്‌. സ്വന്തം നാട്ടില്‍ നടന്ന പരമ്പരയിലെ ആദ്യ രണ്ടു മത്സരവും അടിയറ വച്ച്‌ പോണ്ടിംഗും സംഘവും അതിനുള്ള കോപ്പു കൂട്ടിക്കഴിഞ്ഞു. പരമ്പരയില്‍ ശേഷിക്കുന്ന ഒരു മത്സരം കൂടി.. കൊട്ടിക്കലാശമെന്ന രീതിയില്‍ സ്‌മിത്തും കുട്ടികളും അതും ഉത്സവമാക്കി മാറ്റിയാല്‍ പോണ്ടിംഗിനു പിന്നെ തെരുവില്‍ കറങ്ങാം. കാരണം ടീമിനെ മികച്ച വിജയങ്ങളിലേക്കു നയിച്ച സമയത്താണ്‌ സാക്ഷാല്‍ സ്റ്റീവ്‌ വോയോട്‌ രാജിവയ്‌ക്കാന്‍ ക്രിക്കറ്റ്‌ ഓസ്‌ട്രേലിയ ആവശ്യപ്പെട്ടത്‌. അപ്പോള്‍ പോണ്ടിംഗിന്റെ കാര്യം ഗോവിന്ദാ... ഗോവിന്ദാ...സ്വന്തം മണ്ണില്‍ ഓസീസ്‌ ഇത്ര കനത്ത തോല്‍വി നേരിടുന്നത്‌ ഇതാദ്യം. പണ്ട്‌ ഇന്ത്യ ഓസ്‌ട്രേലിയയില്‍ എത്തിയപ്പോള്‍ അംപയര്‍മാരെ കൂട്ടുപിടിച്ചു പരമ്പര തോല്‍വിയില്‍ നിന്നു കംഗാരുക്കള്‍ രക്ഷ നേടിയിരുന്നു. പിന്നീട്‌ ഇന്ത്യയില്‍ വന്നപ്പോള്‍ യുവത്വത്തിന്റെ ചോരത്തിളപ്പില്‍ അവര്‍ക്ക്‌ പിടിച്ചു നില്‍ക്കാനുമായില്ല. അങ്ങാടിയില്‍ തോറ്റാല്‍ അമ്മയോട്‌ എന്ന രീതിയില്‍ ഇന്ത്യയോടു തോറ്റപ്പോള്‍ കുറ്റം മൂന്നാം ലോക രാജ്യത്തില്‍ ചാര്‍ത്തി അവര്‍ നാട്ടിലേക്ക്‌ വിമാനം കയറി.എന്നാല്‍ സ്വന്തം രാജ്യത്ത്‌ സംഘാടക മികവിനേയും മറ്റും ചോദ്യം ചെയ്യാനാവാത്ത അവസ്ഥയിലാണ്‌ ദക്ഷിണാഫ്രിക്ക ഇപ്പോള്‍ അവരെ കുരിശില്‍ തറച്ചത്‌. ഒന്നാം ക്രിക്കറ്റ്‌ ടെസ്‌റ്റില്‍ 414 എന്ന റിക്കാര്‍ഡ്‌ സ്‌കോര്‍ പിന്തുടര്‍ന്നുള്ള ജയം. ഇതിനു മുമ്പ്‌ അതിനും മുകളില്‍ ഒരു ടീം നാലാം ഇന്നിംഗ്‌സ്‌ പിന്തുടര്‍ന്നിട്ടുണ്ടെങ്കില്‍ ഒരിക്കല്‍ മാത്രം. തങ്ങളുടെ പ്രതാപകാലത്തെ സ്‌മരണകള്‍ ഉയര്‍ത്തി സാക്ഷാല്‍ ബ്രയാന്‍ ചാള്‍സ്‌്‌ ലാറയുടെ വെസ്റ്റിന്‍ഡീസ്‌. അതും ഓസീസിനെതിരേ എന്നത്‌ വിധിവൈപരിത്യം.രണ്ടാം ടെസ്റ്റില്‍ വര്‍ഷാന്ത്യത്തില്‍ നായകന്‍ കരഞ്ഞു വിളിച്ചു നേടിയ സെഞ്ചുറിയുടെ മികവില്‍ അവര്‍ ഒന്നാം ഇന്നിംഗ്‌സില്‍ മികച്ച സ്‌കോര്‍ കണ്ടെത്തിയതാണ്‌. അതും പോരാഞ്ഞിട്ട്‌ 200 റണ്‍സ്‌ എത്തും മുമ്പേ സന്ദര്‍ശകരുടെ ഏഴു വിക്കറ്റും അവര്‍ പിഴുതിരുന്നു. പക്ഷേ, സ്വതസിദ്ധമായ അഹങ്കാരം അവരെ വിട്ടൊഴിഞ്ഞില്ല. അതാവും ടെസ്റ്റ്‌ പാതി വഴിക്കെത്തും മുമ്പേ തങ്ങള്‍ ആരെന്നു കണ്ടോയെന്ന ചോദ്യം പോണ്ടിംഗിന്റെ നാവില്‍ നിന്നു വീണത്‌. എന്നാല്‍ കണ്ടെന്നും കണ്ടെത്‌ എന്തെന്നും പിറ്റേ ദിവസം ജീന്‍ പോള്‍ ഡ്യൂമിനിയും ഡെയ്‌ല്‍ സ്‌റ്റീനും തെളിയിച്ചു. ശേഷിച്ച മൂന്നു വിക്കറ്റില്‍ അവര്‍ കൂട്ടിച്ചേര്‍ത്തത്‌ 269 റണ്‍സ്‌. അതില്‍ 181-ും ഒമ്പതാം വിക്കറ്റില്‍.പിറ്റേന്ന്‌ പേസ്‌ ബൗളിംഗില്‍ സ്റ്റെയ്‌ന്‍ലെസ്‌ സ്റ്റീലിന്റെ മൂര്‍ച്ച സ്റ്റീന്‍ കാട്ടിയപ്പോള്‍ ഓസീസിനു നല്‍കാനായത്‌ വെറും 183 റണ്‍സിന്റെ വിജയലക്ഷ്യം ഒമ്പതു വിക്കറ്റ്‌ ശേഷിക്കെ ദക്ഷിണാഫ്രിക്ക അത്‌ മറികടന്ന്‌ ചരിത്രം രചിച്ചു. അതെ, പതിനാറു വര്‍ഷത്തിനു ശേഷം കംഗാരുക്കള്‍ സ്വന്തം നാട്ടില്‍ തലകുനിച്ചു. ഒരു പരമ്പര നഷ്ടം.1992-93 കാലഘട്ടത്തില്‍ അന്നത്തെ വിന്‍ഡീസിനോടു തോറ്റ ശേഷം നാട്ടില്‍ ഒരു തോല്‍വി. പോണ്ടിംഗിനും സംഘത്തിനും സ്വന്തം കാലിനടിയിലെ മണ്ണ്‌ ഇളകി തുടങ്ങിയെന്ന മുന്നറിയിപ്പ്‌.പരമ്പരയിലെ മൂന്നാം ടെസ്റ്റ്‌ സിഡ്‌നിയില്‍ അരങ്ങേറും. അതിലുമൊരു തോല്‍വിയെന്നാല്‍ ക്രിക്കറ്റിലെ രാജാവിന്റെ കിരീടവും ചെങ്കോലും സ്‌മിത്തിനു കൈമാറുകയെന്നതാവും പോണ്ടിംഗിന്‌. മദിച്ചു പുളച്ചു നടന്ന മദയാനയ്‌ക്ക്‌ ഇനി ഉറക്കമില്ലാത്ത രാവുകള്‍. അത്‌ ആഘോഷിക്കാന്‍ ലോകക്രിക്കറ്റിലെ മറ്റു ശക്തികളും.1992-ല്‍ രാജ്യാന്തര ക്രിക്കറ്റില്‍ മടങ്ങിയെത്തിയ ശേഷം എന്നു മാത്രമല്ല ചരിത്രത്തിലാദ്യമായിത്തന്നെ ദക്ഷിണാഫ്രിക്ക ഓസീസ്‌ മണ്ണില്‍ നേടുന്ന ആദ്യ പരമ്പരയാണിത്‌. ഓസീസ്‌ നായകന്‍ പഴിയ്‌ക്കുന്നത്‌ ബാറ്റിംഗിനെ. ഓപ്പണര്‍ മാത്യു ഹെയ്‌ഡനും മധ്യനിരയ്‌ക്കും റണ്‍സ്‌ കണ്ടെത്താന്‍ കഴിയാത്തതാണ്‌ ഓസീസിനെ വലച്ചത്‌ എന്ന്‌ അവര്‍ പറയുന്നു. പക്ഷേ സത്യം അതായിരുന്നോ ?കൃത്യതയുടെ പര്യായമായ ഗ്ലെന്‍ മക്‌്‌ഗ്രാത്തും സ്‌പിന്‍ ഇതിഹാസം ഷെയ്‌ന്‍ വോണും വിക്കറ്റിനു പിന്നിലെ പ്രചോദനം ആദം ഗില്‍ക്രിസ്‌റ്റും വിട പറഞ്ഞശേഷം ഓസീസ്‌ നനഞ്ഞ പടക്കമായി മാറിയെന്നതാണ്‌ യാഥാര്‍ത്ഥ്യം. പ്രബലര്‍ ഉള്ളപ്പോള്‍ അവര്‍ തിളങ്ങിയിരുന്നു. ഇപ്പോള്‍ അവര്‍ക്കു മലയിറക്കത്തിന്റെ നാളുകളാണ്‌. ഇറങ്ങട്ടെ... കടന്നു വരാന്‍ ഒട്ടേറെ രാജാക്കന്മാര്‍ കാത്തു നില്‍ക്കുന്നു. ഒരില വീഴുമ്പോള്‍ മറ്റൊരു ഇലയ്‌ക്ക്‌ വളമാകുമെന്നല്ലേ ചൊല്ല്‌...


ഗൂഗ്ലി

അടുത്ത അഞ്ചു വര്‍ഷത്തിനിടയില്‍ ഞങ്ങള്‍ വീണ്ടും രാജാക്കന്മാരാകും: പോണ്ടിംഗ്‌

എത്ര മനോഹരമായ നടക്കാത്ത സ്വപ്‌നം.!!!

വീണിതല്ലോ കിടക്കുന്നു...SocialTwist Tell-a-Friend

3 comments:

Ressi said...

u r improving

അപ്പു said...

ആഹാ, ക്രിക്കറ്റിനായി ഇങ്ങനൊരു ബ്ലോഗുണ്ടായിരുന്നോ? !! ഇന്നാണു കണ്ടത്. നന്നായിട്ടുണ്ട്. പിന്നെ, എഴുതുന്ന ടെക്സ്റ്റ് ഒറ്റ പാരഗ്രാഫായി ഇടാതെ, പല പാരഗ്രാഫ് ആക്കിയിരുന്നെങ്കില്‍ വായനാസുഖം ഉണ്ടാവും എന്നൊരു അഭിപ്രായമുണ്ട്.

sy@m said...

അതു കൊള്ളാം. എനിക്കിഷ്ടപ്പെട്ടു. ആദ്യാക്ഷരിയില്‍ പഠിച്ചു ആദ്യാക്ഷരം കുറിച്ച്‌ ഒരു വിനീത അനുയായിയാി പിന്തുടരുന്ന എന്റെ ബ്ലോഗ്‌ ശ്രദ്ധയില്‍പ്പെടാന്‍ മാത്രം ശ്രദ്ധനേടിയെന്നറിഞ്ഞതില്‍ സന്തോഷം. വിലയേറിയ നിര്‍ദേശത്തിനു നന്ദി. പക്ഷേ ഒരു സംശയം. പാരഗ്രാഫ്‌ തിരിക്കാന്‍ ഞാന്‍ കുറേ നോക്കിയിരുന്നു. മൂന്നു നാലു തവണ എന്റര്‍ അടിച്ചിട്ടു പോലും ഒറ്റ പാരഗ്രാഫായി കിടക്കുന്നു. ആദ്യാക്ഷരിയിലും ഇതിനൊരു പ്രതിവിധി കണ്ടില്ല. എന്താ ചെയ്യുക. പറഞ്ഞു തരേേണ....
ഇനിയും വിലയേറിയ നിര്‍ദേശങ്ങളും തിരുത്തലുകളും പ്രതീക്ഷിക്കുന്നു.
സസ്‌നേഹം ശ്യാം.