Sunday, January 11, 2009

കായിക കേരളത്തിന്റെ ഉറക്കം കെടുത്താന്‍ ഉത്തരേന്ത്യ

കൗമാര ഇന്ത്യയുടെ കായികക്ഷമത പരീക്ഷിക്കുന്ന ദേശീയ സ്‌കൂള്‍ കായിക മേളയ്‌ക്ക്‌ കൊടിയിറങ്ങി. പ്രതീക്ഷിച്ചതു പോലെ അറബിക്കടലിന്റെ റാണിയായ കൊച്ചിയിലും കേരളത്തിന്‌ എതിരാളികള്‍ ഉണ്ടായില്ല. സ്വര്‍ണക്കൊയ്‌ത്ത്‌ നടത്തി ചാമ്പ്യന്‍പട്ടത്തിന്‌ ആരും കൊതിക്കേണ്ടന്ന്‌ വിളംബരം ചെയ്‌ത കേരളത്തിനു പക്ഷേ മീറ്റ്‌ കനത്ത മുന്നറിയിപ്പാണ്‌ നല്‍കുന്നത്‌.
മധ്യ-ദീര്‍ഘദൂര ഇനങ്ങളിലും കേരളത്തിന്റെ കുത്തകയെന്നു കരുതിയിരുന്ന 400, 200, 100 മീറ്റര്‍ ഇനങ്ങളിലും അന്യ സംസ്ഥാന താരങ്ങള്‍ നടത്തിയ മുന്നേറ്റം കായിക കേരളത്തിനു ഭീഷണിയുയര്‍ത്തുന്നു. മധ്യ-ദീര്‍ഘ ദൂര ഇനങ്ങളില്‍ ഏറെയൊന്നും കേള്‍വികേട്ടിട്ടില്ലാത്ത ഉത്തര്‍പ്രദേശിന്റെ മുന്നേറ്റത്തിനാണ്‌ കൊച്ചി മീറ്റ്‌ സാക്ഷ്യം വഹിച്ചത്‌. മേളയുടെ മൂന്നാം ദിനത്തില്‍ നടന്ന 1500 മീറ്ററുകളില്‍ യു.പി മെഡല്‍ വാരുകയായിരുന്നു.
അതു പോലെ തന്നെ ഏറെക്കാലമായി കേരളത്തിന്റെ സ്വന്തമായിരുന്ന 400 മീറ്റര്‍ ഇനങ്ങളിലും യു.പിയും ഒറീസയും പഞ്ചാബും തങ്ങളാലാവും വിധം സ്വര്‍ണവേട്ട നടത്തി. നിലവില്‍ കേരളാ താരങ്ങളുടെ പേരില്‍ റിക്കാര്‍ഡ്‌ നിലനില്‍ക്കുന്ന ഇനങ്ങള്‍ പോലും കൈവിട്ടു പോകുന്ന കാഴ്‌ചയ്‌ക്കും കൊച്ചി സാക്ഷ്യം വഹിച്ചു.
റിക്കാര്‍ഡ്‌ പ്രകടനങ്ങളോടെയാണ്‌ ചില ഇനങ്ങളില്‍ അന്യസംസ്ഥാന താരങ്ങള്‍ കേരളത്തെ വെല്ലുവിളിച്ചത്‌. ഇതില്‍ ഏറ്റവും ശ്രദ്ധേയം രണ്ടാം പി.ടി ഉഷയെന്ന വിളിപ്പേരു സമ്പാദിച്ച ഒറീസാ താരം രഞ്‌ജിതാ മഹന്തയുടെ പ്രകടനമാണ്‌. രഞ്‌ജിതയുടെ പ്രകടനം കാണികളെ അക്ഷരാര്‍ഥത്തില്‍ വിസ്‌മയിപ്പിക്കുകതന്നെ ചെയ്‌തു. ജൂണിയര്‍ പെണ്‍കുട്ടികളുടെ വിഭാഗം 100 മീറ്ററില്‍ 29 വര്‍ഷം പഴക്കമുള്ള ഡല്‍ഹി താരം വിക്‌ടോറിയ അവോഗ സ്ഥാപിച്ച റിക്കാര്‍ഡ്‌ മറികടന്ന രഞ്‌ജിത 12.12 സെക്കന്‍ഡ്‌ കൊണ്ടാണ്‌ നൂറുമീറ്റര്‍ പിന്നിട്ടത്‌. ഇതേ പ്രായത്തില്‍ ഇന്ത്യയുടെ സാക്ഷാല്‍ പി.ടി.ഉഷകുറിച്ചത്‌ 12.22 സെക്കന്‍ഡായിരുന്നു എന്ന കാര്യം ഓര്‍ക്കുമ്പോഴാണ്‌ രഞ്‌ജിതയുടെ പ്രകടനത്തിന്റെ മേന്മ വ്യക്തമാകുന്നത്‌. രഞ്‌ജിത പിന്നീട്‌ 200 മീറ്ററിലും സ്വര്‍ണം നേടി താന്‍ ഇന്നലത്തെ മഴയില്‍ കുരുത്തതല്ലെന്നു തെളിയിച്ചു.
ആണ്‍കുട്ടികളുടെ ദീര്‍ഘദൂര ഇനങ്ങളിലും ഈ കുതിപ്പ്‌ കണ്ടു. 5000 മീറ്ററിലും 1500 മീറ്ററിലും സ്വര്‍ണം നേടി ഡബിള്‍ തികച്ച ഒറീസയുടെ ബിര്‍സ ഓറമും മീറ്റിലെ താരങ്ങളിലൊന്നാണ്‌. 5000 മീറ്ററില്‍ 18 വര്‍ഷം പഴക്കമുള്ള റിക്കാര്‍ഡ്‌ തകര്‍ത്താണ്‌ ഓറം സ്വര്‍ണമണിഞ്ഞത്‌. ഈയ്‌ിനത്തില്‍ മത്സരിച്ച കേരളത്തിന്റെ സുജുമോന്‍ കെ.എസ്‌ അഞ്ചാം സ്ഥാനത്തേക്ക്‌ പിന്തള്ളപ്പെട്ടു. 100-200 മീറ്ററിന്റെ മറ്റ്‌ ഇനങ്ങളില്‍ കേരള താരങ്ങള്‍ സ്വര്‍ണം വാരിയതിന്റെ ആഹ്ലാദത്തില്‍ ഈ ഭീഷണിയൊന്നും അത്ര കണ്ട്‌ ശ്രദ്ധനേടാതെപോയി.
400 മീറ്ററിലും ഇത്തരത്തില്‍ കായിക കേരളത്തിന്‌ ഭീഷണിയുയര്‍ന്നിരുന്നു. പെണ്‍കുട്ടികളുടെ സബ്‌ ജൂണിയര്‍ വിഭാഗത്തില്‍ ഒറീസയുടെ ദ്യുതിചന്ദും ജൂണിയര്‍ വിഭാഗത്തില്‍ ആന്ധ്രപ്രദേശിന്റെ എം സുഷമയും ആണ്‍കുട്ടികളുടെ ജൂണിയര്‍ വിഭാഗത്തില്‍ രണ്ടാം സ്ഥാനം നേടിയ പഞ്ചാബിന്റെ അവിനാഷും മദ്യദൂര ഇനങ്ങളില്‍ കേരളത്തിനു വെല്ലുവിളിയുയരുന്നുവെന്നതിന്റെ സൂചന നല്‍കുന്നു. പെണ്‍കുട്ടികളുടെ സബ്‌ ജൂണിയര്‍ 400 മീറ്ററില്‍ വെള്ളി നേടിയ കേരളത്തിന്റെ ആന്‍സി തന്റെ മികച്ച പ്രകടനങ്ങളിലൊന്നാണ്‌ കാഴ്‌ചവച്ചത്‌. എന്നാല്‍ ദ്യുതി മീറ്റ്‌ റിക്കാര്‍ഡോടെയാണ്‌ സ്വര്‍ണം നേടിയതെന്നത്‌ കേരളാ താരങ്ങള്‍ പിന്നോക്കം പോയതല്ല മറിച്ച്‌ മറുനാട്ടുകാര്‍ മുന്നോട്ട്‌ കുതിക്കാന്‍ ശീലിച്ചുവെന്നതാണ്‌ ചൂണ്ടിക്കാട്ടുന്നത്‌.
ദീര്‍ഘദൂര ഇനങ്ങളിലൊന്നായ 1500 മീറ്ററിലും അന്യസംസ്ഥാനങ്ങളുടെ തേരോട്ടമായി രുന്നു. ഉത്തര്‍പ്രദേശാണ്‌ ഈയിനത്തില്‍ ഏറെ മുന്നോട്ടു കുതിച്ച സംസ്ഥാനം. മുന്‍വര്‍ഷങ്ങളിലെ കണക്ക്‌ പരിശോധിച്ചാല്‍ ചിത്രത്തില്‍പോലുമുണ്ടാകാതിരുന്ന സംസ്ഥാനമായിരുന്നു യു.പി. എന്നാല്‍ ഈ വര്‍ഷം 10 സ്വര്‍ണമുള്‍പ്പടെ 83 മെഡലുമായി രണ്ടാം സ്ഥാനത്തെത്തി. കേരളത്തെപ്പോലെ സ്വര്‍ണക്കൊയ്‌ത്ത്‌ നടത്താന്‍ കഴിഞ്ഞില്ലെങ്കിലും വരും വര്‍ഷങ്ങളില്‍ നിലവിലെ ചാമ്പ്യന്മാരുടെ ഉറക്കം കെടുത്താന്‍ തങ്ങള്‍ക്കാകുമെന്ന്‌ അവര്‍ വ്യക്തമാക്കുന്നു.
ദീര്‍ഘ ദൂര ഇനങ്ങള്‍ പണ്ടും കേരളത്തിന്റൈ കുത്തകയായിരുന്നില്ലെന്നും ഒരു വാദമുണ്ട്‌. എന്നാല്‍ ഇടക്കാലത്ത്‌ കേരളം ഈ ഇനങ്ങളില്‍ ആധിപത്യം സ്ഥാപിച്ചിരുന്നു. പ്രത്യേകിച്ച്‌ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍‍. കേരളത്തിനായി ജിജിമോള്‍ ജേക്കബ്‌, ഷമീന ജബ്ബാര്‍, എസ്‌.ആര്‍ ബിന്ദു എന്നിവര്‍ തിളങ്ങിയ 2000-ത്തിന്റെ ആദ്യ വര്‍ഷങ്ങള്‍ കേരളത്തിന്റേതായിരുന്നു. ഇവയില്‍ ചിലയിനങ്ങളില്‍ ഇപ്പോഴും നിലവിലെ റിക്കാര്‍ഡുകള്‍ ഷമീനയുടെയും ജിജിമോളിന്റെയും പേരിലാണെന്നതും ശ്രദ്ധിക്കുമ്പോഴാണ്‌ ഈ വര്‍ഷം കേരളം ഏറെ പിന്നിലായത്‌ മനസിലാകുന്നത്‌. അന്തര്‍ദേശീയ മീറ്റുകളില്‍ ഈ ഇനങ്ങളില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്‌ മലയാളികളാണെന്നതും വിസ്‌മരിക്കപ്പെടുന്നു.
5000, 10000 മീറ്ററുകളില്‍ പ്രീജാ ശ്രീധരനും 1500, 800 മീറ്ററുകളില്‍ സിനിമോള്‍ പൗലോസും ഒ.പി ജെയ്‌ഷയും രാജ്യത്തെ പ്രതിനിധീകരിക്കുമ്പോള്‍ അവരുടെ നാട്ടുകാര്‍ സ്‌കൂള്‍ മീറ്റുകളില്‍ അന്യനാട്ടുകാര്‍ക്ക്‌ മുമ്പില്‍ തലകുനിക്കുന്നു. പ്രകടനം മോശമായതല്ല കാരണം എന്നത്‌ വസ്‌തുതയാകുമ്പോള്‍ കേരളത്തിന്‌ ചിലയിനങ്ങളില്‍ താരങ്ങളെ വളര്‍ത്താനും നിലവിലുള്ള പ്രതിഭകളെ നിലനിര്‍ത്താനും സാധിക്കാതെ പോകുന്നതാണ്‌ പ്രശ്‌നം.
ഏറെ പിന്നിലായിരുന്ന ഒറീസയും യു.പിയും മറ്റും മികച്ച പരിശീലനങ്ങളിലൂടെ മുന്നിലെത്തുമ്പോഴും കേരളത്തെ സംബന്ധിച്ച്‌ വഞ്ചി ഇപ്പോഴും തിരുനക്കര തന്നെ എന്നതാണ്‌ അവസ്ഥ. ഇനിയും ഉറക്കം നടിച്ചാല്‍ ചിലപ്പോള്‍ മെഡലുകള്‍ മറ്റുള്ളവര്‍ തൂത്തുവാരുന്നത്‌ കണ്ടു നില്‍ക്കാനാകും കായിക കേരളത്തിന്റെ വിധി.

കായിക കേരളത്തിന്റെ ഉറക്കം കെടുത്താന്‍ ഉത്തരേന്ത്യSocialTwist Tell-a-Friend

4 comments:

അപ്പു said...

നല്ല പോസ്റ്റ് ശ്യാം. നന്ദി.
ആ സൈഡ് ബാറിലെ എല്ലാ തലക്കെട്ടുകള്‍ക്കും നീളം കൂടൂതലാണല്ലോ. ഒന്നു വെട്ടിയൊതൂ‍ക്കൂ!

ബാലചന്ദ്രന്‍ ചീറോത്ത് said...

സ്ഥിരമായി പോസ്റ്റണം. ഇല്ലെങ്കില്‍ ആരും ശ്രദ്ധിക്കില്ല. പിന്നെ, പാരഗ്രാഫ് തിരിക്കാന്‍ പഠിച്ചില്ലേ. അധികം നീണ്ട പോസ്റ്റുകള്‍ കഴിവതും ഒഴിവാക്കുക. പത്രത്തിലേക്കു തയാറാക്കുന്നതു കോപ്പി ചെയ്യുകയാണെങ്കില്‍ എഡിറ്റിംഗ് എന്ന മഹാ സംഭവത്തിന്‍റെ സാധ്യത പ്രയോഗിക്കാവുന്നതാണ്.

sy@m said...

അപ്പു മാഷേ കോംപ്ലിമെന്റിനു നന്ദി
തുടക്കത്തില്‍ തലക്കെട്ടുകള്‍ അല്‍പം നീളംകൂട്ടി
പിന്നീട്‌ ശരിയാക്കാമെന്നു വച്ചു മറന്നു...
ഓര്‍മ്മിപ്പിക്കാന്‍ ഒടുവില്‍ മാഷു വേണ്ടി വന്നു...
അതു തിരുത്തിയേക്കാം
ഇനിയും ഇടപെടലുകള്‍ പ്രതീക്ഷിക്കുന്നു

സസ്‌നേഹം
ശ്യാം

sy@m said...

രാജാേേവേ
ബ്ലോഗില്‍ ആദ്യാക്ഷരി പഠിച്ചു വരുന്നതേയുള്ളൂ
പാരഗ്രാഫ്‌ തിരിക്കാന്‍ ഇപ്പോള്‍ പഠിച്ചു
ഇനി ശ്രദ്ധിക്കാം...
പിന്നെ സ്ഥിരമായി പോസ്‌റ്റണമെന്ന്‌ ആഗ്രഹമുണ്ട്‌
പക്ഷേ നടക്കുന്നില്ല...
എങ്കിലും ഇനി സജീവമായി രംഗത്തു തുടരാന്‍ തന്നെയാണ്‌ തീരുമാനം.
പിന്തുണ പ്രതീക്ഷിക്കുന്നു