ഇംഗ്ലണ്ടില്‍ ലോകകപ്പ് ഫുട്‌ബോള്‍ ടീമിന്റെ നായകനാകാന്‍ ആളില്ലാത്ത അവസ്ഥയുണ്ടാകുമോ? ചരിത്രത്തിന്റെ വിളയാട്ടങ്ങള്‍ പരിശോധിച്ചാല്‍ ഏറെ താമസിയാതെ ഇംഗ്ലീഷ് ഫുട്‌ബോള്‍ ടീം ഈ ദുര്‍ഗതി നേരിട്ടേക്കാം.
ലോകമെങ്ങുമുള്ള ഫുട്‌ബോള്‍ താരങ്ങളുടെ സുവര്‍ണ സ്വപ്നമാണ് ലോകകപ്പില്‍ രാജ്യത്തെ പ്രതിനിധീകരിച്ചിറങ്ങുകയെന്നത്. കാല്‍പന്ത് മാമാങ്കത്തില്‍ ടീമിനെ നയിക്കാന്‍ കൂടി അവസരം ലഭിക്കുന്നത് മുജ്ജന്മപുണ്യമായാണ് അവര്‍ കാണുന്നത്. എ ന്നാല്‍ ഇംഗ്ലണ്ടില്‍ ആ അവസരം ലഭിക്കുന്ന താരം തലതല്ലിക്കരയുമെന്ന് അണിയറയില്‍ സംസാരമുണ്ട്.
നായകനായാല്‍ ലോകകപ്പ് കളിക്കാനാകുമോ എന്ന ആശങ്കയാണ് ഇതിനു പിന്നില്‍. ഇംഗ്ലീഷ് നായകര്‍ക്ക് മാത്രമാണ് ഈ ദുര്‍ഗതി എന്നുള്ളതും രസാവഹം തന്നെ. ഇംഗ്ലണ്ടില്‍ ഇപ്പോള്‍ ഒരു വിശ്വാസമുണ്ട്- ലോകകപ്പില്‍ നായകനായാല്‍ ആ താരത്തിന് പരുക്കോ മറ്റെന്തെങ്കിലും കാരണം മൂലമോ ടൂര്‍ണമെന്റ് നഷ്ടമാകും. നിലവിലെ നായകന്‍ റയോ ഫെര്‍ഡിനാന്‍ഡാണ് ഇതിന്റെ ഒടുവിലത്തെ ഇര.
ടീം നായകനായി ഫെര്‍ഡിനാന്‍ഡിനെ കോച്ച് ഫാബിയോ കാപ്പല്ലോ തെരഞ്ഞെടുത്തിട്ട് ഒരാഴ്ചയാകുന്നതേയുള്ളു. ആഫ്രിക്കന്‍ മണ്ണില്‍ കാല്‍തൊട്ട് ആദ്യ ദിനം തന്നെ ഫെര്‍ഡിനാന്‍ഡ് പരുക്കേറ്റ് വീണു. കാലിനു ഗുരുതരമായി പരുക്കേറ്റ ഫെര്‍ഡിനാന്‍ഡിന് ലോകകപ്പില്‍ കളിക്കാനാകില്ല. ഇതോടെ ഒരൊറ്റ മത്സരം പോലും കളിക്കാതെ ഇംഗ്ലീഷ് നായകന്‍ നാട്ടിലേക്ക് വിമാനം കയറുകയാണ്. പരിശീലനത്തിനിടെ സഹതാരം എമില്‍ ഹെസ്‌കിയുമായി കൂട്ടിയിടിച്ചതാണ് പരുക്കിനു കാരണമെങ്കിലും നായകസ്ഥാനം ലഭിച്ചതു മൂലമാണ് ഈ ദുര്‍ഗതി നേരിട്ടതെന്നാണ് ഇംഗ്ലണ്ടിലെ അന്ധവിശ്വാസികള്‍ പറയുന്നത്. എതിര്‍ ടീമിന്റെ കടുത്ത ഫൗളോ റഫറിയുടെ മോശം ഇടപെടലോ കൂടാതെ ഇത്തരത്തില്‍ മടങ്ങേണ്ടി വന്നത് മറ്റെന്തു കാരണത്താലാണെന്നും അവര്‍ ചോദിക്കുന്നു.
ചരിത്രത്തിന്റെ സഹായത്തോടെയാണ് ഇവര്‍ തങ്ങളുടെ വാദഗതി ഉറപ്പിക്കുന്നത്. ഇംഗ്ലണ്ടിന്റെ ലോകകപ്പ് ചരിത്രത്തില്‍ നിന്ന് ഫെര്‍ഡിനാന്‍ഡിന്റെ മൂന്നു മുന്‍ഗാമികളെയാണ് ഇവര്‍ ഇയര്‍ത്തിക്കാട്ടുന്നത്. ലോകകപ്പിനിടെ ഇത്തരത്തില്‍ മടങ്ങുന്ന നാലാമത്തെ ഇംഗ്ലീഷ് നായകനാണ് ഫെര്‍ഡിനാന്‍ഡ്. കെവിന്‍ കീഗന്‍, ബ്രയാന്‍ റോബ്‌സന്‍, ഡേവിഡ് ബെക്കാം എന്നിവരാണ് നിലവിലെ നായകനു മുമ്പ് ഈ കയ്പുരസം കുടിച്ചവര്‍.
കെവിന്‍ കീഗന്റെ കാലഘട്ടം മുതലാണ് ഈ ദുര്‍ഗതി ഇംഗ്ലണ്ടിനെ പിന്തുടരാന്‍ തുടങ്ങിയത്. 1982 ലോകകപ്പിനു ടീമിനെ നയിക്കാന്‍ നറുക്കു വീണത് കീഗനായിരുന്നു. ഇപ്പോള്‍ ഫെര്‍ഡിനാന്‍ഡ് നേരിട്ട അതേ ദുര്‍ഗതിയായിരുന്നു അന്നു കീഗനെ കാത്തിരുന്നത്. ടൂര്‍ണമെന്റ് ആരംഭിക്കും മുമ്പ് പരുക്കേറ്റ കീഗന് ഒറ്റമത്സരം പോലും കളിക്കാനാവാതെ നാട്ടിലേക്ക് മടങ്ങേണ്ടിവന്നു. പിന്നീട് മിക്ക് മില്‍സാണ് ടീമിനെ നയിച്ചത്.
തുടര്‍ന്നുള്ള രണ്ടു ലോകകപ്പുകളിലും ഇംഗ്ലണ്ടിന് ഇതേ അനുഭവമുണ്ടായി. രണ്ടു തവണയും ബ്രയാന്‍ റോബ്‌സണായിരുന്നു നിര്‍ഭാഗ്യവാനായ ആ നായകന്‍. 1986-ലും 1990-ലും ഇംഗ്ലണ്ടിന്റെ നായകനാകാന്‍ നറുക്ക് ലഭിച്ച റോബ്‌സണ് പക്ഷേ ഒരിക്കല്‍ പോലും മുഴുവന്‍ മത്സരങ്ങളിലും ടീമിനെ നയിക്കാനായില്ല. ദൈവത്തിന്റെ കരസ്പര്‍ശത്തിലൂടെ വിഖ്യാതമായ 86-ലെ സെമി പോരാട്ടത്തിനു മുമ്പാണ് റോബ്‌സണെ പരുക്ക് പിടികൂടിയത്. റോബസ്ണില്ലാതെയിറങ്ങിയ മത്സരം ഇംഗ്ലണ്ട് തോല്‍ക്കുകയും ചെയ്തു. തൊട്ടടുത്ത തവണ നോക്കൗട്ട് റൗണ്ടിന് മുമ്പ് പരുക്കേറ്റ് റോബ്‌സണു തുടര്‍ന്ന് കളിക്കാനായില്ല. ഇംഗ്ലണ്ട് അടുത്ത റൗണ്ടില്‍ എത്താതെ പുറത്തായപ്പോള്‍ കീഗനായിരുന്നു കോച്ച്.
2006-ല്‍ സൂപ്പര്‍ താരം ഡേവിഡ് ബെക്കാമിനായിരുന്നു ഈ ദുര്‍ഗതി നേരിട്ടത്. അന്ന് ബെക്കാമിന്റെ മികച്ച ഫോമില്‍ കുതിക്കുകയായിരുന്ന ഇംഗ്ലണ്ടിന് പോര്‍ച്ചുഗലിനെതിരായ മത്സരത്തിനിടെയാണ് പരുക്കു മൂലം ബെക്കാമിനെ നഷ്ടമായത്. പൊല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരം ഇംഗ്ലണ്ട് അന്ന് 3-1ന് തോല്‍ക്കുകയും ചെയ്തു.
ഒടുവില്‍ ഇപ്പോള്‍ റയോ ഫെര്‍ഡിനാന്‍ഡിനെയാണ് ഈ ദുര്‍ഗതി പിടികൂടിയിരിക്കുന്നത്. ദക്ഷിണാഫ്രിക്കയില്‍ വിമാനമിറങ്ങിയ ആദ്യ ദിനം തന്നെ വിരുന്നെത്തിയ ദുരന്തം ഇംഗ്ലണ്ടിനെ ഈ ലോകകപ്പില്‍ എങ്ങനെ വേട്ടയാടുമെന്ന് കാത്തിരുന്നു കാണാം.
Saturday, June 5, 2010
നായകനായാല്‍ പണി ഉറപ്പ്
Subscribe to:
Post Comments (Atom)
0 comments:
Post a Comment