ആഫ്രിക്കന്‍ വന്‍കരയില്‍ ആദ്യമായി വിരുന്നെത്തിയ ലോകകപ്പ് ഫുട്‌ബോള്‍ മാമാങ്കം പ്രീക്വാര്‍ട്ടറിലേക്ക് കടക്കുമ്പോള്‍ സൂപ്പര്‍ താരങ്ങളെ നോക്കി നെടുവീര്‍പ്പിടുകയാണ് ഫുട്‌ബോള്‍ ലോകം.
താരപരിവേഷവുമായി ബൂട്ടുനിറയെ 'പ്രഹരശേഷിയുമായി' എത്തിയവരില്‍ പലരും മുനയൊടിഞ്ഞു മടങ്ങുന്നതിനു സാക്ഷിയാകുകയാണ് ദക്ഷിണാഫ്രിക്കയിലെ സ്‌റ്റേഡിയങ്ങള്‍ പലതും. അര്‍ജന്റീനയുടെ 'ദൈവ പുത്രന്‍' ലയണല്‍ മെസി മാത്രമാണ് ഇതിനൊരപവാദം. സ്വന്തം പേരില്‍ ഗോളൊന്നും സ്‌കോര്‍ ചെയ്യാനായില്ലെങ്കില്‍ക്കൂടി മെസി അര്‍ജന്റീന ആദ്യ റൗണ്ടില്‍ അടിച്ച ഏഴു ഗോളുകളില്‍ ആറിലും പങ്കുവഹിച്ചു ആരാധകരുടെ പ്രതീക്ഷ കാത്തു.
അതേ സമയം ലോകകപ്പിനു മുമ്പ് ലോകം തോളിലേറ്റിയ ബ്രസീലിന്റെ കക്ക, ഇംഗ്ലണ്ടിന്റെ വെയ്ന്‍ റൂണി, പോര്‍ച്ചുഗലിന്റെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, സ്‌പെയിനിന്റെ ഫെര്‍നാന്‍ഡോ ടോറസ്, ഐവറി കോസ്റ്റിന്റെ ദിദിയര്‍ ദ്രോഗ്ബ, കാമറൂണിന്റെ സാമുവല്‍ എറ്റു എന്നിവര്‍ സ്വന്തം പ്രതിഭയോടു പോലും നീതിപുലര്‍ത്താനാകാതെ നിഴലലിലൊതുങ്ങുന്നതാണ് കാണുന്നത്.
നിര്‍ഭാഗ്യമാണ് മെസിക്കും ഗോളിനുമിടയില്‍ കളിച്ചതെങ്കില്‍ ഇവര്‍ക്ക് അങ്ങനെ ആശ്വസിക്കാന്‍ പോലും അര്‍ഹതയില്ല.
ഗോള്‍മഴപെയ്ത മത്സരത്തില്‍ ഉത്തരകൊറിയയ്‌ക്കെതിരേ ഒരു തവണ ലക്ഷ്യം കണ്ടതാണ് കോടികള്‍ പ്രതിഫലം വാങ്ങുന്ന പോര്‍ച്ചുഗല്‍ നായകന്റെ കേളീമികവ്. ആദ്യ റൗണ്ടിലുടനീളം കളിക്കാനിറങ്ങിയ റൊണാള്‍ഡോ ഭാവനാപൂര്‍ണമായ ഒരു നീക്കം നടത്തുന്നതില്‍ പോലും സമ്പൂര്‍ണ പരാജയമായിരുന്നുവെന്നു വേണം പറയാന്‍. ക്ലബ് മത്സരങ്ങളില്‍ കാണികളെ കൈയിലെടുത്ത തരത്തില്‍ മികച്ച പാസോ ഡ്രിബ്ലിംഗോ പോലും റൊണാള്‍ഡോയുടേതായി കളത്തില്‍ കാണാന്‍ കഴിഞ്ഞില്ല.
ഇതിലും കഷ്ടമാണ് ഇംഗ്ലണ്ടിന്റെ സൂപ്പര്‍ താരം വെയ്ന്‍ റൂണിയുടെ അവസ്ഥ. തന്റെ ഫോമിന്റെ ഏഴയലത്തു പോലും എത്താനാകാതെ ഉഴറി നടക്കുന്ന റൂണിയുടെ ചിത്രമാകും ഒരുപക്ഷേ ഈ ലോകകപ്പിന്റെ ദുരന്ത ചിത്രമായി മാറുക. റൂണിയില്‍ ഏറെ പ്രതീക്ഷയര്‍പ്പിച്ചിരുന്ന ഇംഗ്ലണ്ട് അതോടെ നടവു തകര്‍ന്ന അവസ്ഥയിലായി. പ്രതിരോധ താരങ്ങളെ വേഗം കൊണ്ടും ചടുലതകൊണ്ടും വിസ്മയിപ്പിച്ചിരുന്ന ഇംഗ്ലീഷ് താരത്തിന്റെ കാലില്‍ നിന്ന് പരുന്ത് കോഴിക്കുഞ്ഞിനെയെന്നപോലെ എതിര്‍ താരങ്ങള്‍ പന്ത് റാഞ്ചുന്നത് ദയനീയ കാഴ്ചയായി.
ബ്രസീല്‍ സൂപ്പര്‍ താരം കക്കയാണ് പരാജയപ്പെട്ട മറ്റൊരു വമ്പന്‍. ടൂര്‍ണമെന്റിന്റെ താരമാകുമെന്ന വീമ്പുമായെത്തിയ കക്കയ്ക്ക് ആകെ സ്വന്തമാക്കാനായത് ഒരു ചുവപ്പു കാര്‍ഡാണ്. എലാനോയും ലൂയിസ് ഫാബിയാനോയും മൈക്കോണും തിളങ്ങിയതിനാല്‍ ഈ പരാജയം അത്രമേല്‍ ശ്രദ്ധയാകര്‍ഷിച്ചില്ലെന്നു മാത്രം.
ഫേവറൈറ്റുകളായി ടൂര്‍ണമെന്റിനെത്തിയ സ്പാനിഷ് പടയ്ക്ക് പ്രതിസന്ധിയാകുന്നത് സ്‌ട്രൈക്കര്‍ ഫെര്‍നാന്‍ഡോ ടോറസിന്റെ ഫോമില്ലായ്മയാണ്. ആഫ്രിക്കന്‍ ലോകകപ്പില്‍ ഗോളടിച്ചു കൂട്ടുമെന്നു കരുതിയ ടോറസിന്റെ ബൂട്ടുകള്‍ ശബ്ദിക്കാതായതോടെ താരത്തെ മുഴുവന്‍ സമയം കളിപ്പിക്കാന്‍ പോലും കോച്ച് തയാറാകുന്നില്ല.
ആഫ്രിക്കയില്‍ ലോകകപ്പ് എത്തിയപ്പോള്‍ ഏറെ ഉയര്‍ന്നു കേട്ട പേരുകളാണ് ദിദിയര്‍ ദ്രോഗ്ബയുടെയും സാമുവല്‍ എറ്റുവിന്റെയും. ക്ലബ് ഫുട്‌ബോളിലെ ഗോളടി യന്ത്രങ്ങളായ ഇവര്‍ ലോകകപ്പില്‍ എതിര്‍ നിരയെ വിറപ്പിക്കുന്നതു സ്വപ്നം കണ്ടായിരുന്നത്രേ അടുത്തിടെ ആഫ്രിക്കന്‍ ഫുട്‌ബോള്‍ പ്രേമികള്‍ ഉറക്കമുണര്‍ന്നിരുന്നത്.
എന്നാല്‍ കറുത്ത ശക്തിയെ കൂട്ടിലടച്ച് ഇരുവരും പുല്‍മൈതാനത്ത് ഉഴറി നടന്നപ്പോള്‍ ആദ്യ റൗണ്ടില്‍ തന്നെ കാമറൂണും ഐവറികോസ്റ്റും പെട്ടി മടക്കി.
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ചെല്‍സിക്കു വേണ്ടി 37 ഗോളുകള്‍ അടിച്ചു കൂട്ടിയ ദ്രേഗ്ബയ്ക്ക് മൂന്നു മത്സരങ്ങളില്‍ നിന്ന് നേടാനായത് ആകെ ഒരു ഗോള്‍ മാത്രം. ലോകകപ്പിനു മുമ്പ് നേരിട്ട പരുക്കാണ് കാരണമെന്ന് പറയാമെങ്കിലും ചെല്‍സിക്കായി പുറത്തെടുത്ത മികവിന്റെ പത്തിലൊന്നു പോലും സ്വന്തം കാണികള്‍ക്കു മുമ്പില്‍ പുറത്തെടുക്കാനായില്ല. എറ്റുവിനും ആകെ സ്‌കോര്‍ ചെയ്യാനായത് ഒരു ഗോള്‍ മാത്രം.
ജര്‍മനിയുടെ മിറോസ്ലോവ് ക്ലോസ്, ഫ്രാന്‍സിന്റെ ഫ്രാങ്ക് റിബറി, എന്നിവരും പരാജയപ്പട്ടികയിലെ താരകുമാരന്മാരാണ്. താരനക്ഷത്രങ്ങള്‍ മണ്ണില്‍ വീണുടയുമ്പോള്‍ പക്ഷേ അതു സമ്മതിക്കാന്‍ അതതു ടീം മാനേജ്‌മെന്റുകള്‍ മാത്രം തയാറാകുന്നില്ല. എന്തിനും ഏതിനും കാരണം കണ്ടെത്തുന്ന അവര്‍ക്ക് അതിനും പറയാന്‍ ഒരു കാരണം കിട്ടിയിട്ടുണ്ട്.
കുഴപ്പങ്ങള്‍ക്കെല്ലാം കാരണം ജബുലാനിയാണത്രേ. എന്നാല്‍ ഗോള്‍സാലോ ഹിഗ്വയ്‌ന്റെ ഹാട്രിക്കും ജപ്പാന്‍ താരം ഹോണ്ടയുടെ ഫ്രീകിക്ക് ഗോളും, മൈക്കോണിന്റെ അദ്ഭുത ഗോളും പിറന്നത് ഇതേ ജബുലാനിയിലാണെന്ന് അവര്‍ മറന്നുപോകുന്നു.
Sunday, June 27, 2010
വെടിയുതിര്‍ക്കാതെ വന്‍തോക്കുകള്‍
Subscribe to:
Post Comments (Atom)
0 comments:
Post a Comment