Thursday, June 10, 2010

ഭൂഗോളം ഇനി പന്തോളം

കാത്തിരിപ്പ് അവസാനിച്ചു. ഇനി അതിര്‍ത്തികളും ദേശങ്ങളും വര്‍ണവ്യത്യാസവുമില്ലാത്ത 30 ദിനരാത്രങ്ങള്‍. കരുത്തിന്റെയും സാഹസികതയുടെയും മാന്ത്രികതയുടെയും ചുവടുകളുമായി ലോകം കാറ്റുനിറച്ച ജബുലാനിക്കു പിന്നാലെ പായും. അതോടെ കാല്‍പ്പന്തു ജ്വരത്തിനു തീ കൊളുത്തുകയായി.
ആഫ്രിക്കന്‍ വന്‍കരയില്‍ ആദ്യമായി വിരുന്നെത്തുന്ന ലോകകപ്പ് ഫുട്‌ബോളിന് ഇന്നു കിക്കോഫ്. വിജയദാഹവുമായി 32 ലോകരാജ്യങ്ങള്‍ ഇന്നുമുതല്‍ ദീര്‍ഘചതുരത്തിനുള്ളില്‍ പോരടിച്ചു തുടങ്ങും. ഒമ്പതു നഗരങ്ങളിലെ പത്തു വേദികളിലായി 64 മത്സരങ്ങള്‍. ജൂലൈ 11നു ജൊഹാന്നസ്ബര്‍ഗിലെ സോക്കര്‍ സിറ്റി സ്‌റ്റേഡിയത്തില്‍ ഇവരില്‍ ഒരാള്‍ ലോകത്തിന്റെ നെറുകയിലെത്തുവരെ ഇനി ആവേശത്തിന് അതിരില്ല.
ദക്ഷിണാഫ്രിക്കയില്‍ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി. ലോകമെമ്പാടമുളള ആരാധകരും പോരാട്ടങ്ങള്‍ നെഞ്ചിലേറ്റാന്‍ സജ്ജരായിക്കഴിഞ്ഞു. ആതിഥേയരായ ദക്ഷിണാഫ്രിക്ക ഇന്നു മെക്‌സിക്കോയെ നേരിടുന്നതോടെയാണ് ഫുട്‌ബോള്‍ലോകം ഉണരുക. എട്ടു ഗ്രൂപ്പുകളില്‍ നിന്ന് രണ്ടു ടീമുകള്‍ വീതം പ്രീക്വാര്‍ട്ടറില്‍ കടക്കും. ഗ്രൂപ്പ് തല മത്സരങ്ങള്‍ ഈ മാസം 22ന് അവസാനിക്കും.
ഉദ്ഘാടനപരിപാടികള്‍ക്ക് ഇന്നലെ രാത്രി തന്നെ ജൊഹാനസ്ബര്‍ഗില്‍ തുടക്കമായി. ലോകോത്തര കലാകാരന്‍മാര്‍ അണിനിരക്കുന്ന സംഗീത വിരുന്നോടെയായിരുന്നു തുടക്കം. പോപ് ഗായിക ഷക്കീറ രചിച്ച് ആലപിച്ച വാക്ക, വാക്ക എന്ന ഗാനമാണ് ഇത്തവണ ലോകകപ്പിന്റെ ഔദ്യോഗിക ഗാനം. ഷക്കീറയ്‌ക്കൊപ്പം ദക്ഷിണാഫ്രിക്കന്‍ ഗായകസംഘവും അണിനിരന്നു. പോപ് ഗായകരായ ജോണ്‍ ലെജന്‍ഡ്, അലിസിയ കെയ്‌സ്, ജുവാന്‍സ്, ആഫ്രിക്കന്‍ സംഗീതജ്ഞരായ അമദോ, മരിയം തുടങ്ങിയവരും ഉദ്ഘാടനച്ചടങ്ങിന് കൊഴുപ്പേകും.
ഉദ്ഘാടനച്ചടങ്ങ് ലോകത്തിനു മറക്കാനാവാത്ത അനുഭവമാക്കാനുള്ള ഒരുക്കങ്ങളും പൂര്‍ത്തിയായി. ആദ്യ മത്സരത്തിന്റെ തൊട്ടു മുന്‍പു നടക്കുന്ന 30 മിനിറ്റ് ചടങ്ങില്‍ 1581 കലാകാരന്മാര്‍ പങ്കെടുക്കും. ഒരുപാട് ഗ്രാമി അവാര്‍ഡുകള്‍ സ്വന്തമാക്കിയിട്ടുള്ള ആര്‍. കെല്ലി 'സൈന്‍ ഓഫ് എ വിക്ടറി' എന്ന ഗാനം ആലപിക്കും.
വെല്‍കമിങ്ങിംഗ് ദ വേള്‍ഡ് ഹോം എന്ന തീമില്‍ അണിയിചൊരുക്കുന്ന ചടങ്ങ് ആഫ്രിക്കന്‍ കലാരൂപങ്ങളുടെയും സംസ്‌കാരത്തിന്റെയും എല്ലാ സൗന്ദര്യവും അടങ്ങുന്നതായിരിക്കുമെന്നു സംഘാടകര്‍ അറിയിച്ചു. പ്രാദേശിക സമയം ഉച്ചയ്ക്ക് രണ്ടിനു ചടങ്ങ് തുടങ്ങും.
അര്‍ജന്റീന, ബ്രസീല്‍, ഇംഗ്ലണ്ട്, സ്‌പെയിന്‍ എന്നിവര്‍ക്കാണ് ഇത്തവണ ഏറ്റവുമധികം കിരീടസാധ്യത കല്‍പ്പിക്കപ്പെടുന്നത്. എല്ലാ ലോകകപ്പുകളിലും പങ്കെടുത്ത ഏക ടീമെന്ന ബഹുമതിയുമായാണ് ബ്രസീല്‍ ആറാം കിരീടം തേടിയെത്തിയിരിക്കുന്നത്. 16 ലോകകപ്പുകളില്‍ പങ്കെടുത്ത ജര്‍മനിയും ഇറ്റലിയുമാണ് രണ്ടാം സ്ഥാനത്ത്. സ്ലൊവാക്യയാണ് ഈ ലോകകപ്പിലെ പുതുമുഖങ്ങള്‍. 1950നു ശേഷം ഏറ്റവും കുറച്ച് പുതുമുഖങ്ങളുള്ള ടൂര്‍ണമെന്റാണിത്.

ഭൂഗോളം ഇനി പന്തോളംSocialTwist Tell-a-Friend

0 comments: