Friday, May 28, 2010

അലകടലാകാന്‍ അര്‍ജന്റീന


''മെസി ഒരു അസാധാരണ താരം തന്നെ. പക്ഷേ, ഇക്കുറി അര്‍ജന്റീനയ്ക്ക് മെസി മാത്രമല്ലെന്നും ഓര്‍ക്കണം. മെസിക്കുചുറ്റും ഒരുപിടി മികച്ച താരങ്ങളുണ്ട്. കാര്‍ലോസ് ടെവസ്, ഡീഗോ മിലിറ്റോ, ഗോണ്‍സാലോ ഹിഗ്വയ്ന്‍, ഹാവിയര്‍ മസ്‌കരാനോ അങ്ങനെയുള്ളവര്‍. ഈ ലോകകപ്പില്‍ ഒരു സമ്പൂര്‍ണ ടീമുണ്ടെങ്കില്‍ അത് അര്‍ജന്റീനയാണ് അവരെ പേടിക്കണം'' : ലോതര്‍ മത്തേവൂസ്( മുന്‍ ജര്‍മന്‍ നായകന്‍)




ആകാശ നീലിമയും സമുദ്രത്തിരയുടെ വെളുപ്പും കലര്‍ന്ന ജേഴ്‌സിയില്‍ പന്തു തട്ടാനിറങ്ങുന്ന അര്‍ജന്റീന ആരാധകരുടെ ഹൃദയം കവര്‍ന്നാണ് എല്ലായ്‌പ്പോഴും ലോകകപ്പിനെത്തുക. എന്നാല്‍ ഗോളടിക്കാനറിയാത്ത കാല്‍പ്പന്തു കളിക്കാര്‍ എന്ന പേരും പേറി പലപ്പോഴും വെറും കൈയോടെ മടങ്ങുകയാണ് അവരുടെ പതിവ്.
1986-ല്‍ ദൈവത്തിന്റെ കൈയൊപ്പ് പതിഞ്ഞ വിജയത്തിനു ശേഷം ഒരിക്കല്‍ പോലും അവര്‍ക്ക് ലോകകപ്പില്‍ മുത്തമിടാനായിട്ടില്ല.
90-ല്‍ ഇപ്പോഴത്തെ കോച്ച് ഡീഗോ മറഡോണ വിശേഷിപ്പിച്ച ഫിഫയുടെ കൊലച്ചതിയില്‍ കലാശപ്പോരില്‍ അവര്‍ മുട്ടുമടക്കിയതിനു ശേഷം ഇതുവരേക്കും അവസാന പോരാട്ട വേദിയില്‍ നിലയും വെള്ളയും വരകളുള്ള ജേഴ്‌സി കണ്ടിട്ടുമില്ല.
ഇക്കുറിയും അര്‍ജന്റീന വരുന്നുണ്ട്. ആരാധകര്‍ക്ക് പ്രതീക്ഷകള്‍ നല്‍കി. അവരുടെ സാധ്യതകളെക്കുറിച്ച്.
മുന്‍ യൂറോപ്യന്‍ ചാമ്പ്യന്മാരായ ഗ്രീസ്, ആഫ്രിക്കന്‍ കരുത്തരായ നൈജീരിയ, ഏഷ്യന്‍ ശക്തികളായ ദക്ഷിണകൊറിയ എന്നിവര്‍ക്കൊപ്പം ഗ്രൂപ്പ് ബിയിലാണ് അര്‍ജന്റീന. മറ്റ് ഏഴു ഗ്രൂപ്പുകളെ അപേക്ഷിച്ച് നിലവാരം കുറഞ്ഞ ഗ്രൂപ്പെന്ന വിലയിരുത്തല്‍ ഉണ്ട് ബി ഗ്രൂപ്പിന്.
അര്‍ജന്റീന ഒഴികെയുള്ള ടീമുകള്‍ ദുര്‍ബലരാണ്. എന്നിരുന്നാലും നൈജീരിയ, ഗ്രീസ്, ദക്ഷിണ കൊറിയ ടീമുകള്‍ക്ക് അവരുടേതായ ദിവസം അര്‍ജന്റീനയെപോലുള്ള വമ്പന്‍മാര്‍ക്ക് വെല്ലുവിളി ഉയര്‍ത്താനാകും.
രണ്ടാം സ്ഥാനത്തിനുവേണ്ടി നൈജീരിയയും ഗ്രീസും തമ്മിലായിരിക്കും പോരാട്ടം. ഏഷ്യന്‍ ടീമുകളില്‍ ഏറെ സാധ്യതയുള്ള ദക്ഷിണകൊറിയയെ പെട്ടെന്ന് എഴുതിതള്ളാനുമാകില്ല.
ലോകോത്തര താരങ്ങള്‍ അണിനിരക്കുന്ന അര്‍ജന്റീനയുടെ രണ്ടാം റൗണ്ട് പ്രയാണം അനായാസമാകുമെന്നാണ് വിദഗഗ്ധമതം. ലോക ഫുട്‌ബോളറും സൂപ്പര്‍ താരവുമായ ലയണല്‍ മെസിയിലാണ് അര്‍ജന്റീനയുടെ പ്രതീക്ഷകളത്രയും. മെസിക്കു പുറമേ ഡീഗോ മിലിറ്റോ, സെര്‍ജിയോ അഗ്യൂറോ, കാര്‍ലോസ് ടെവസ്, ഹാവിയര്‍ മസ്‌കരാനോ തുടങ്ങിയ താരങ്ങള്‍ ഒത്തിണക്കത്തോടെ കളിച്ചാല്‍ അര്‍ജന്റീനയുടെ തേരോട്ടം ലോകചാമ്പ്യന്‍ പട്ടം വരെയാകും. എന്നാല്‍ യോഗ്യതാ റൗണ്ടിലെ പോലെ കളിക്കാരെയും ശൈലിയും സംബന്ധിച്ച് മറഡോണയ്ക്ക് തന്നെ ഒരു തിട്ടമില്ലാത്ത അവസ്ഥ ലോകകപ്പിലും തുടര്‍ന്നാല്‍ അര്‍ജന്റീനയുടെ അവസ്ഥ എന്താകുമെന്ന് പറയാനാകില്ല.
ഗ്രീസ്‌നൈജീരിയ പോരാട്ടമായിരിക്കും രണ്ടാം സ്ഥാനക്കാരെ നിശ്ചയിക്കുക. പ്രതിരോധത്തിലൂന്നി കളിക്കുന്ന ശൈലി ഗ്രീസിന് വിനയാകുമോ എന്നതാണ് പ്രധാനം. പഴയകാല ശക്തിയില്ലാത്തതാണ് നൈജീരിയയുടെ പ്രശ്‌നം. 2002ലെ ഹീറോയായ പാര്‍ക്ക് ജി സുംഗിന്റെ കരുത്തില്‍ പന്തു തട്ടുന്ന ഏഷ്യന്‍ ശക്തികളായ കൊറിയയ്ക്ക് ഗ്രീസ്, നൈജീരിയ എന്നിവരെ പിടിച്ചുനിര്‍ത്താനായാല്‍ രണ്ടാം റൗണ്ടിലെത്താനായേക്കാം.

അലകടലാകാന്‍ അര്‍ജന്റീനSocialTwist Tell-a-Friend

0 comments: