Friday, May 28, 2010

കപ്പുയര്‍ത്താന്‍ കാനറികള്‍രോ ലോകകപ്പ് ഫുട്‌ബോള്‍ വരുമ്പോഴും ബ്രസീലും കൂടെ മത്സരിക്കുന്നവരും എന്നതാണ് അവസ്ഥ. ആരാവും ജേതാവ് എന്ന് ചിന്തിക്കുമ്പാള്‍ ആദ്യത്തെ മൂന്നു പേരില്‍ ആദ്യം കേള്‍ക്കുന്ന പേര് ബ്രസീല്‍ എന്നാകും. ഏറ്റവും കൂടുതല്‍ തവണ കപ്പില്‍ മുത്തമിട്ടതു മാത്രമല്ല ഇതിനു കാരണം. ഏറ്റവും മികച്ച ഫുട്‌ബോള്‍ കളിക്കുന്നവര്‍ എന്നുള്ളതു കൊണ്ടാകും.
ഇക്കുറിയും പതിവു തെറ്റുന്നില്ല. ആഫ്രിക്കന്‍ വന്‍കരയിലെ ആദ്യ ലോകകപ്പ് തുടങ്ങാനിരിക്കെ ഫേവറൈറ്റുകളില്‍ മുന്‍പന്തിയിലാണ് ലോക ഒന്നാം നമ്പര്‍ ടീമായ ബ്രസീല്‍. ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗല്‍, ദിദിയര്‍ ദ്രോഗ്ബയുടെ ഐവറി കോസ്റ്റ്, ഏഷ്യന്‍ പ്രതിനിധികളായ വടക്കന്‍ കൊറിയ എന്നിവരടങ്ങുന്ന ഗ്രൂപ്പില്‍ ബ്രസീലിന്റെ ലോകകപ്പ് സാധ്യതകളെക്കുറിച്ച്.കരുത്തും പാരമ്പര്യവും ചരിത്രവും നിരത്തുമ്പോള്‍ ഗ്രൂപ്പില്‍ ബ്രസീലിന് എതിരാളികളില്ലെന്നുവേണം പറയാന്‍. എന്നാല്‍ അര്‍ധാവസരങ്ങള്‍ പോലും ഗോളാക്കി മാറ്റുന്ന ക്രിസ്റ്റിയാനോയും ദ്രോഗ്ബയും എതിരാളികള്‍ ആകുമ്പോള്‍ അല്‍പം ചിന്തിക്കാതെ വയ്യ. ഇക്കാരണം കൊണ്ടുകൂടിയാകാം ഈ ഗ്രൂപ്പ് മരണ ഗ്രൂപ്പാകുന്നത്.
മധ്യനിരയും മുന്നേറ്റവും ഒരു പോലെ സെറ്റായ ബ്രസീലിന് ഫൈനല്‍ വരെ വളരെ ഈസിയായി കുതിക്കാനാകുമെന്നാണ് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്. സമഗ്രാക്രമണത്തിനു മുന്‍തൂക്കം നല്‍കുന്ന പതിവു ബ്രസീലിയന്‍ ഫോര്‍മാറ്റില്‍ നിന്നു വ്യ

ത്യസ്തമായി ഇക്കുറി പ്രതിരോധവും ശക്തമാക്കിയാണ് ബ്രസീലിന്റെ പടയൊരുക്കം.
റൊബീഞ്ഞോ, ഫാബിയാനോ, ആന്‍ഡേഴ്‌സണ്‍ തുടങ്ങി അനവധി ലോകോത്തര താരങ്ങള്‍ അണിനിരക്കുന്ന ബ്രസീലിയന്‍ നിരയില്‍ കക്കയിലാണ് ബ്രസീലിന്റെ കടിഞ്ഞാണ്‍. റയാല്‍ മാഡ്രിഡിന്റെ താരമായ ഈ മുന്‍ ലോക ഫുട്‌ബോളര്‍ മധ്യനിരയില്‍ നെയ്‌തെടുക്കുന്നത് ഫലപ്രാപ്തിയിലെത്തിക്കുകയാണ് മറ്റുള്ളവരുടെ ദൗത്യം. അതിനാല്‍ തന്നെ കക്കയെ കേന്ദ്രീകരിച്ചാണ് ബ്രസീലിന്റെ ഗെയിം പ്ലാനുകള്‍. കക്കയ്‌ക്കൊപ്പം റൊബീഞ്ഞോയും ആന്‍ഡേഴ്‌സണും ഫാബിയാനോയും എല്ലാം ചേരുമ്പോള്‍ എതിര്‍ പ്രതിരോധം വിറയ്ക്കുമെന്നുറപ്പ്.
കക്കയെ കൂടാതെ ഇക്കുറി മറ്റൊരാള്‍ കൂടി ബ്രസീലിയന്‍ നിരയില്‍ ശ്രദ്ധയാകര്‍ഷിക്കുന്നുണ്ട്. പ്രതിരോധക്കോട്ടയുടെ കാവലാളായ ലൂസിയാനോയാണ് കോച്ച് ദൂംഗയുടെ വിശ്വസ്തന്‍. എതിരാളിയെ തവിടുപൊടിയാക്കാന്‍ മറ്റുള്ളവര്‍ കൈമെയ് മറക്കുമ്പോള്‍ കോട്ട കാക്കാന്‍ ദൂംഗ ദൗത്യമേല്‍പിക്കുന്നത് ലൂസിയാനോയിലാണ്. പ്രതിരോധത്തിനൊപ്പം വിംഗുകളിലൂടെ ആക്രമിക്കാനുമുള്ള കഴിവ് ലൂസിയാനോ കോണ്‍ഫഡറേഷന്‍ കപ്പില്‍ തെളിയിച്ചതാണ്. ഇക്കുറി ഇന്റര്‍ മിലാനെ ചാമ്പ്യന്‍സ് ലീഗ് ജേതാക്കളാക്കിയതിലും ലൂസിയാനോ മികച്ച പങ്കുവഹിച്ചിരുന്നു.
ഇവരെക്കൂടാതെ മെയ്‌ക്കോണ്‍, ഡാനിയല്‍ ആല്‍വ്‌സ്, ലൂയിസാവോ, ബാപ്റ്റിസ്റ്റ, ലൂസിയോ എന്നിവരും ചേരുമ്പോള്‍ ബ്രസീല്‍ കടലാസില്‍ പുലികള്‍ തന്നെ. ഗോള്‍വലയത്തില്‍ ലോകത്തിലെ തന്നെ മികച്ച കീപ്പറായ ജൂലിയോ സീസറാണ് കാവല്‍ നില്‍ക്കുന്നത്. ഇവയെല്ലാം ചേരുമ്പോള്‍ ബ്രസീല്‍ ഗ്രൂപ്പ് ചാമ്പ്യന്‍മാരാകുമെന്ന കാര്യത്തില്‍ കോടികണക്കിന് വരുന്ന ആരാധകര്‍ക്ക് സംശയമില്ല.
കാലത്തിനൊത്ത് കേളീശൈലിയിലും മാറ്റം വരുത്തുന്ന ബ്രസീല്‍ ഐവറി കോസ്റ്റിനെയും പോര്‍ച്ചുഗലിനെയും മറികടന്ന് ഗ്രൂപ്പ് ചാമ്പ്യന്‍മാരായില്ലെങ്കില്‍ ലോകകപ്പിലെ ഏറ്റവും വലിയ അത്ഭുതമായിരിക്കുമത്. രണ്ടാം സ്ഥാനത്തിനായി പോര്‍ച്ചുഗലും ഐവറി കോസ്റ്റും തമ്മിലാണ് പോരാട്ടം. എങ്കിലും റൊണാള്‍ഡോ, നാനി, കാര്‍വാലോ, ഡെക്കോ എന്നിവരടങ്ങുന്ന പോര്‍ച്ചുഗലിനു തന്നെയാണ് മുന്‍തൂക്കം. പക്ഷേ ദ്രോഗ്ബ ഫോമിലാണെങ്കില്‍ പോര്‍ച്ചുഗല്‍ വിയര്‍ക്കും. മികച്ച പോരാട്ടം പുറത്തെടുക്കാനായിരിക്കും ഉത്തരകൊറിയയുടെ ശ്രമം. ഐവറി കോസ്റ്റിനെ തോല്‍പ്പിക്കാന്‍ കഴിഞ്ഞാല്‍ത്തന്നെ കൊറിയക്കാര്‍ക്ക് വലിയ നേട്ടമാകും.

കപ്പുയര്‍ത്താന്‍ കാനറികള്‍SocialTwist Tell-a-Friend

0 comments: