പിറന്നാള്‍ കേക്ക് മുറിക്കുംമുമ്പേ ശില്‍പ ജന്മദിന മധുരം നുണഞ്ഞു. ജമ്പിംഗ് പിറ്റില്‍ മൂന്നുതവണ കുതിച്ച് 12.20 മീറ്റര്‍ അകലെ പറന്നിറങ്ങിയപ്പോള്‍ ശില്‍പയ്ക്കത് പിറന്നാള്‍ സമ്മാനമായി. സീനിയര്‍ പെണ്‍കുട്ടികളുടെ ട്രിപ്പിള്‍ജമ്പിലാണ് കോതമംഗലം മാര്‍ ബേസിലിന്റെ ശില്‍പാ ചാക്കോ പിറന്നാള്‍ ആഘോഷിച്ചത്. ബദ്ധവൈരി കോതമംഗലം സെന്റ്് ജോര്‍ജിന്റെ റിന്റു മാത്യുവിനെയും മാര്‍ ബേസിലിന്റെ തന്നെ സഹതാരം ജൂലിയ ക്ലീറ്റസിനെയുമാണ് ശില്‍പ പിന്നിലാക്കിയത്.
കഴിഞ്ഞതവണ ജൂനിയര്‍ വിഭാഗത്തില്‍ റെക്കോഡ് സ്വര്‍ണം നേടിയ ശില്‍പ ഇക്കുറി സീനിയര്‍ വിഭാഗത്തിലെത്തിയെങ്കിലും സ്വര്‍ണം വിട്ടുകൊടുത്തില്ല. ആദ്യ ചാട്ടത്തിന് 11.40 മീറ്റര്‍ കടന്ന ശില്‍പ പിന്നീട് നാലാം ചാട്ടത്തിലാണ് 12.20 മീറ്റര്‍ കടന്ന് സുവര്‍ണ പതക്കം സ്വന്തമാക്കിയത്.
രണ്ടാം സ്ഥാനത്തെത്തിയ റിന്റു 11.54 മീറ്ററിലും വെങ്കലംനേടിയ ജൂലിയ 11.34 മീറ്ററിലും പോരാട്ടം അവസാനിപ്പിച്ചിരുന്നു.
കൊച്ചിയില്‍ നടന്ന ദേശീയ സ്കൂള്‍ മീറ്റിലും ശില്‍പ സ്വര്‍ണം നേടിയിരുന്നു. ഇക്കുറി അമൃത്‌സറില്‍ നടന്ന ദേശീയ സ്കൂള്‍ മീറ്റില്‍ പരുക്കിനെത്തുടര്‍ന്നു പങ്കെടുത്തില്ല. ചണ്ഡീഗഡില്‍ നടന്ന ഇന്റര്‍സോണ്‍ മീറ്റില്‍ 12.17 മീറ്റര്‍ ചാടിയാണ് ശില്‍പ ഒന്നാമതെത്തിയത്.
കരിയറിന്റെ തുടക്കത്തില്‍ ദീര്‍ഘദൂര ഇനങ്ങളിലായിരുന്നു ശില്‍പയുടെ സാന്നിധ്യം. പരുക്കിനെത്തുടര്‍ന്നു ജമ്പിനങ്ങളിലേക്ക് കേന്ദ്രീകരിക്കുകയായിരുന്നു.
പാലക്കാട് നടന്ന സംസ്ഥാന സ്കൂള്‍ മീറ്റില്‍ 3000 മീറ്ററിലും 1500 മീറ്ററിലും വെള്ളി നേടി. പിന്നീട്, പരുക്കിനെത്തുടര്‍ന്നു കോട്ടയം മീറ്റില്‍ നിന്നു വിട്ടുനിന്ന ശില്‍പ ചാലക്കുടിയില്‍ ജമ്പിംഗ് പിറ്റിലാണ് തിരിച്ചുവരവ് നടത്തിയത്.
കോഴിക്കോട് കല്ലാനോട് എട്ടിയില്‍ ചാക്കോ -തങ്കമ്മ ദമ്പതികളുടെ മൂന്നു മക്കളില്‍ രണ്ടാമത്തെയാളാണ്. ചേട്ടന്‍ സോബിന്‍ ചാക്കോ സീനിയര്‍ ആണ്‍കുട്ടികളുടെ ഹൈജമ്പില്‍ കഴിഞ്ഞ ദിവസം വെങ്കലം നേടിയിരുന്നു.
Sunday, December 20, 2009
കേക്കിനു പകരം സ്വര്‍ണം; ജന്മദിനം അതിമധുരം
Subscribe to:
Post Comments (Atom)
0 comments:
Post a Comment