''മെസി ഒരു അസാധാരണ താരം തന്നെ. പക്ഷേ, ഇക്കുറി അര്‍ജന്റീനയ്ക്ക് മെസി മാത്രമല്ലെന്നും ഓര്‍ക്കണം. മെസിക്കുചുറ്റും ഒരുപിടി മികച്ച താരങ്ങളുണ്ട്. കാര്‍ലോസ് ടെവസ്, ഡീഗോ മിലിറ്റോ, ഗോണ്‍സാലോ ഹിഗ്വയ്ന്, ഹാവിയര്‍ മസ്കരാനോ അങ്ങനെയുള്ളവര്‍. ഈ ലോകകപ്പില്‍ ഒരു സമ്പൂര്‍ണ ടീമുണ്ടെങ്കില്‍ അത് അര്‍ജന്റീനയാണ് അവരെ പേടിക്കണം'' : ലോതര്‍ മത്തേവൂസ്( മുന്‍ ജര്‍മന്‍ നായകന്)
ആകാശ നീലിമയും സമുദ്രത്തിരയുടെ വെളുപ്പും കലര്‍ന്ന ജേഴ്സിയില്‍ പന്തു തട്ടാനിറങ്ങുന്ന അര്‍ജന്റീന ആരാധകരുടെ ഹൃദയം കവര്‍ന്നാണ് എല്ലായ്പ്പോഴും ലോകകപ്പിനെത്തുക. എന്നാല്‍ ഗോളടിക്കാനറിയാത്ത കാല്‍പ്പന്തു കളിക്കാര്‍ എന്ന പേരും പേറി പലപ്പോഴും വെറും കൈയോടെ മടങ്ങുകയാണ് അവരുടെ പതിവ്.
1986-ല്‍ ദൈവത്തിന്റെ കൈയൊപ്പ് പതിഞ്ഞ വിജയത്തിനു ശേഷം ഒരിക്കല്‍ പോലും അവര്‍ക്ക് ലോകകപ്പില്‍ മുത്തമിടാനായിട്ടില്ല.
90-ല്‍ ഇപ്പോഴത്തെ കോച്ച് ഡീഗോ മറഡോണ വിശേഷിപ്പിച്ച ഫിഫയുടെ കൊലച്ചതിയില്‍ കലാശപ്പോരില്‍ അവര്‍ മുട്ടുമടക്കിയതിനു ശേഷം ഇതുവരേക്കും അവസാന പോരാട്ട വേദിയില്‍ നിലയും വെള്ളയും വരകളുള്ള ജേഴ്സി കണ്ടിട്ടുമില്ല.
ഇക്കുറിയും അര്‍ജന്റീന വരുന്നുണ്ട്. ആരാധകര്‍ക്ക് പ്രതീക്ഷകള്‍ നല്കി. അവരുടെ സാധ്യതകളെക്കുറിച്ച്.
മുന്‍ യൂറോപ്യന്‍ ചാമ്പ്യന്മാരായ ഗ്രീസ്, ആഫ്രിക്കന്‍ കരുത്തരായ നൈജീരിയ, ഏഷ്യന്‍ ശക്തികളായ ദക്ഷിണകൊറിയ എന്നിവര്‍ക്കൊപ്പം ഗ്രൂപ്പ് ബിയിലാണ് അര്‍ജന്റീന. മറ്റ് ഏഴു ഗ്രൂപ്പുകളെ അപേക്ഷിച്ച് നിലവാരം കുറഞ്ഞ ഗ്രൂപ്പെന്ന വിലയിരുത്തല്‍ ഉണ്ട് ബി ഗ്രൂപ്പിന്.
അര്‍ജന്റീന ഒഴികെയുള്ള ടീമുകള്‍ ദുര്‍ബലരാണ്. എന്നിരുന്നാലും നൈജീരിയ, ഗ്രീസ്, ദക്ഷിണ കൊറിയ ടീമുകള്‍ക്ക് അവരുടേതായ ദിവസം അര്‍ജന്റീനയെപോലുള്ള വമ്പന്മാര്ക്ക് വെല്ലുവിളി ഉയര്‍ത്താനാകും.
രണ്ടാം സ്ഥാനത്തിനുവേണ്ടി നൈജീരിയയും ഗ്രീസും തമ്മിലായിരിക്കും പോരാട്ടം. ഏഷ്യന്‍ ടീമുകളില്‍ ഏറെ സാധ്യതയുള്ള ദക്ഷിണകൊറിയയെ പെട്ടെന്ന് എഴുതിതള്ളാനുമാകില്ല.
ലോകോത്തര താരങ്ങള്‍ അണിനിരക്കുന്ന അര്‍ജന്റീനയുടെ രണ്ടാം റൗണ്ട് പ്രയാണം അനായാസമാകുമെന്നാണ് വിദഗഗ്ധമതം. ലോക ഫുട്ബോളറും സൂപ്പര്‍ താരവുമായ ലയണല്‍ മെസിയിലാണ് അര്‍ജന്റീനയുടെ പ്രതീക്ഷകളത്രയും. മെസിക്കു പുറമേ ഡീഗോ മിലിറ്റോ, സെര്‍ജിയോ അഗ്യൂറോ, കാര്‍ലോസ് ടെവസ്, ഹാവിയര്‍ മസ്കരാനോ തുടങ്ങിയ താരങ്ങള്‍ ഒത്തിണക്കത്തോടെ കളിച്ചാല്‍ അര്‍ജന്റീനയുടെ തേരോട്ടം ലോകചാമ്പ്യന് പട്ടം വരെയാകും. എന്നാല്‍ യോഗ്യതാ റൗണ്ടിലെ പോലെ കളിക്കാരെയും ശൈലിയും സംബന്ധിച്ച് മറഡോണയ്ക്ക് തന്നെ ഒരു തിട്ടമില്ലാത്ത അവസ്ഥ ലോകകപ്പിലും തുടര്‍ന്നാല്‍ അര്‍ജന്റീനയുടെ അവസ്ഥ എന്താകുമെന്ന് പറയാനാകില്ല.
ഗ്രീസ്നൈജീരിയ പോരാട്ടമായിരിക്കും രണ്ടാം സ്ഥാനക്കാരെ നിശ്ചയിക്കുക. പ്രതിരോധത്തിലൂന്നി കളിക്കുന്ന ശൈലി ഗ്രീസിന് വിനയാകുമോ എന്നതാണ് പ്രധാനം. പഴയകാല ശക്തിയില്ലാത്തതാണ് നൈജീരിയയുടെ പ്രശ്നം. 2002ലെ ഹീറോയായ പാര്‍ക്ക് ജി സുംഗിന്റെ കരുത്തില്‍ പന്തു തട്ടുന്ന ഏഷ്യന്‍ ശക്തികളായ കൊറിയയ്ക്ക് ഗ്രീസ്, നൈജീരിയ എന്നിവരെ പിടിച്ചുനിര്‍ത്താനായാല്‍ രണ്ടാം റൗണ്ടിലെത്താനായേക്കാം.
Friday, May 28, 2010
അലകടലാകാന്‍ അര്‍ജന്റീന

Posted by sy@m at 11:30 PM 0 comments
Labels: കായികം
കപ്പുയര്‍ത്താന്‍ കാനറികള്‍
ഓരോ ലോകകപ്പ് ഫുട്ബോള്‍ വരുമ്പോഴും ബ്രസീലും കൂടെ മത്സരിക്കുന്നവരും എന്നതാണ് അവസ്ഥ. ആരാവും ജേതാവ് എന്ന് ചിന്തിക്കുമ്പാള്‍ ആദ്യത്തെ മൂന്നു പേരില്‍ ആദ്യം കേള്‍ക്കുന്ന പേര് ബ്രസീല്‍ എന്നാകും. ഏറ്റവും കൂടുതല്‍ തവണ കപ്പില്‍ മുത്തമിട്ടതു മാത്രമല്ല ഇതിനു കാരണം. ഏറ്റവും മികച്ച ഫുട്ബോള്‍ കളിക്കുന്നവര്‍ എന്നുള്ളതു കൊണ്ടാകും.
ഇക്കുറിയും പതിവു തെറ്റുന്നില്ല. ആഫ്രിക്കന്‍ വന്‍കരയിലെ ആദ്യ ലോകകപ്പ് തുടങ്ങാനിരിക്കെ ഫേവറൈറ്റുകളില്‍ മുന്‍പന്തിയിലാണ് ലോക ഒന്നാം നമ്പര്‍ ടീമായ ബ്രസീല്‍. ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗല്‍, ദിദിയര്‍ ദ്രോഗ്ബയുടെ ഐവറി കോസ്റ്റ്, ഏഷ്യന്‍ പ്രതിനിധികളായ വടക്കന്‍ കൊറിയ എന്നിവരടങ്ങുന്ന ഗ്രൂപ്പില്‍ ബ്രസീലിന്റെ ലോകകപ്പ് സാധ്യതകളെക്കുറിച്ച്.കരുത്തും പാരമ്പര്യവും ചരിത്രവും നിരത്തുമ്പോള്‍ ഗ്രൂപ്പില്‍ ബ്രസീലിന് എതിരാളികളില്ലെന്നുവേണം പറയാന്‍. എന്നാല്‍ അര്‍ധാവസരങ്ങള്‍ പോലും ഗോളാക്കി മാറ്റുന്ന ക്രിസ്റ്റിയാനോയും ദ്രോഗ്ബയും എതിരാളികള്‍ ആകുമ്പോള്‍ അല്പം ചിന്തിക്കാതെ വയ്യ. ഇക്കാരണം കൊണ്ടുകൂടിയാകാം ഈ ഗ്രൂപ്പ് മരണ ഗ്രൂപ്പാകുന്നത്.
മധ്യനിരയും മുന്നേറ്റവും ഒരു പോലെ സെറ്റായ ബ്രസീലിന് ഫൈനല്‍ വരെ വളരെ ഈസിയായി കുതിക്കാനാകുമെന്നാണ് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്. സമഗ്രാക്രമണത്തിനു മുന്‍തൂക്കം നല്കുന്ന പതിവു ബ്രസീലിയന്‍ ഫോര്‍മാറ്റില്‍ നിന്നു വ്യ
ത്യസ്തമായി ഇക്കുറി പ്രതിരോധവും ശക്തമാക്കിയാണ് ബ്രസീലിന്റെ പടയൊരുക്കം.
റൊബീഞ്ഞോ, ഫാബിയാനോ, ആന്ഡേഴ്സണ് തുടങ്ങി അനവധി ലോകോത്തര താരങ്ങള്‍ അണിനിരക്കുന്ന ബ്രസീലിയന്‍ നിരയില്‍ കക്കയിലാണ് ബ്രസീലിന്റെ കടിഞ്ഞാണ്‍. റയാല്‍ മാഡ്രിഡിന്റെ താരമായ ഈ മുന്‍ ലോക ഫുട്ബോളര് മധ്യനിരയില്‍ നെയ്തെടുക്കുന്നത് ഫലപ്രാപ്തിയിലെത്തിക്കുകയാണ് മറ്റുള്ളവരുടെ ദൗത്യം. അതിനാല്‍ തന്നെ കക്കയെ കേന്ദ്രീകരിച്ചാണ് ബ്രസീലിന്റെ ഗെയിം പ്ലാനുകള്‍. കക്കയ്ക്കൊപ്പം റൊബീഞ്ഞോയും ആന്‍ഡേഴ്സണും ഫാബിയാനോയും എല്ലാം ചേരുമ്പോള്‍ എതിര് പ്രതിരോധം വിറയ്ക്കുമെന്നുറപ്പ്.
കക്കയെ കൂടാതെ ഇക്കുറി മറ്റൊരാള്‍ കൂടി ബ്രസീലിയന്‍ നിരയില്‍ ശ്രദ്ധയാകര്‍ഷിക്കുന്നുണ്ട്. പ്രതിരോധക്കോട്ടയുടെ കാവലാളായ ലൂസിയാനോയാണ് കോച്ച് ദൂംഗയുടെ വിശ്വസ്തന്. എതിരാളിയെ തവിടുപൊടിയാക്കാന്‍ മറ്റുള്ളവര്‍ കൈമെയ് മറക്കുമ്പോള്‍ കോട്ട കാക്കാന്‍ ദൂംഗ ദൗത്യമേല്പിക്കുന്നത് ലൂസിയാനോയിലാണ്. പ്രതിരോധത്തിനൊപ്പം വിംഗുകളിലൂടെ ആക്രമിക്കാനുമുള്ള കഴിവ് ലൂസിയാനോ കോണ്‍ഫഡറേഷന്‍ കപ്പില്‍ തെളിയിച്ചതാണ്. ഇക്കുറി ഇന്റര്‍ മിലാനെ ചാമ്പ്യന്‍സ് ലീഗ് ജേതാക്കളാക്കിയതിലും ലൂസിയാനോ മികച്ച പങ്കുവഹിച്ചിരുന്നു.
ഇവരെക്കൂടാതെ മെയ്ക്കോണ്‍, ഡാനിയല്‍ ആല്‍വ്സ്, ലൂയിസാവോ, ബാപ്റ്റിസ്റ്റ, ലൂസിയോ എന്നിവരും ചേരുമ്പോള്‍ ബ്രസീല്‍ കടലാസില്‍ പുലികള്‍ തന്നെ. ഗോള്‍വലയത്തില്‍ ലോകത്തിലെ തന്നെ മികച്ച കീപ്പറായ ജൂലിയോ സീസറാണ് കാവല്‍ നില്‍ക്കുന്നത്. ഇവയെല്ലാം ചേരുമ്പോള്‍ ബ്രസീല്‍ ഗ്രൂപ്പ് ചാമ്പ്യന്മാരാകുമെന്ന കാര്യത്തില്‍ കോടികണക്കിന് വരുന്ന ആരാധകര്‍ക്ക് സംശയമില്ല.
കാലത്തിനൊത്ത് കേളീശൈലിയിലും മാറ്റം വരുത്തുന്ന ബ്രസീല്‍ ഐവറി കോസ്റ്റിനെയും പോര്‍ച്ചുഗലിനെയും മറികടന്ന് ഗ്രൂപ്പ് ചാമ്പ്യന്മാരായില്ലെങ്കില് ലോകകപ്പിലെ ഏറ്റവും വലിയ അത്ഭുതമായിരിക്കുമത്. രണ്ടാം സ്ഥാനത്തിനായി പോര്‍ച്ചുഗലും ഐവറി കോസ്റ്റും തമ്മിലാണ് പോരാട്ടം. എങ്കിലും റൊണാള്‍ഡോ, നാനി, കാര്‍വാലോ, ഡെക്കോ എന്നിവരടങ്ങുന്ന പോര്‍ച്ചുഗലിനു തന്നെയാണ് മുന്‍തൂക്കം. പക്ഷേ ദ്രോഗ്ബ ഫോമിലാണെങ്കില്‍ പോര്‍ച്ചുഗല്‍ വിയര്‍ക്കും. മികച്ച പോരാട്ടം പുറത്തെടുക്കാനായിരിക്കും ഉത്തരകൊറിയയുടെ ശ്രമം. ഐവറി കോസ്റ്റിനെ തോല്‍പ്പിക്കാന്‍ കഴിഞ്ഞാല്‍ത്തന്നെ കൊറിയക്കാര്‍ക്ക് വലിയ നേട്ടമാകും.

Posted by sy@m at 11:27 PM 0 comments
Labels: കായികം
Monday, May 17, 2010
ക്രിക്കറ്റ് തറവാടികളുടെ അശ്വമേധം
മൂന്നു തവണ ഫിഫ്റ്റി ഫിഫ്റ്റിയിലും ഒരു തവണ ചാമ്പ്യന്‍സ് ട്രോഫിയിലും കലാശപ്പോരാട്ടം കൊഴുപ്പിക്കാനെത്തിയിട്ടും സാധിക്കാത്തതാണ് ക്രിക്കറ്റ് തറവാട്ടുകാര് കുട്ടി ക്രിക്കറ്റിലൂടെ സാധിച്ചത്.
കഴിഞ്ഞ ദിവസം വെസ്റ്റിന്‍ഡീസില്‍ നടന്ന ട്വന്റി 20 ലോകകപ്പ് ഫൈനലില്‍ നായകന് പോള്‍ കോളിംഗ്വുഡ് ഓസ്ട്രേലിയയ്ക്കെതിരേ വിജയ റണ്‍ നേടിയപ്പോള്‍ അതു കൊണ്ടു തന്നെ അത് ഇംഗ്ലീഷ് ക്രിക്കറ്റ് ചരിത്രത്തിലെ സുവര്‍ണ ഏടായി മാറി.
പിറന്നു വീണ മണ്ണിലേക്ക് ഇതുവരെ ഒരു ക്രിക്കറ്റ് ലോകകപ്പും എത്തി നോക്കിയിട്ടില്ലായിരുന്നു. 50 ഓവര്‍ ലോകകപ്പിന്റെ ആദ്യ മൂന്നു പതിപ്പുകള്‍ക്കും ആതിഥേയത്വം വഹിച്ചിട്ടും അവര്‍ക്ക് ഒരിക്കല്‍ പോലും കിരീടം മാറോടണയ്ക്കാനായിട്ടില്ല. പിന്നീട് രണ്ടു തവണകൂടി ഫൈനലില്‍ കടന്നിട്ടും ഫലം അതുതന്നെ. ഈ വിധിയാണ് വിന്‍ഡീസ് മണ്ണില്‍ കോളിംഗ്വുഡും കുട്ടികളും തിരുത്തിക്കുറിച്ചത്.
സ്വപ്ന സമാനമായ കുതിപ്പായിരുന്നു ഇംഗ്ലണ്ട് നടത്തിയത്. ടൂര്‍ണമെന്റില്‍ രണ്ടാം റൗണ്ട് കാണില്ലെന്ന ധാരണകള്‍ തിരുത്തി കിരീടത്തിലേക്കുള്ള കുതിപ്പ്.
മഴയും മഴ നിയമവും ചതിച്ചപ്പോള്‍ ആദ്യ റൗണ്ടില്‍ തന്നെ പുറത്താകല്‍ ഭീഷണിയിലാണ് ഇംഗ്ലണ്ട് തുടങ്ങിയത്. എന്നാല്‍ മഴയിലൊലിച്ചു പോയ മത്സരത്തില്‍ അയര്‍ലന്‍ഡിനെതിരേ ലഭിച്ച ഒരു പോയിന്റുമായി സൂപ്പര്‍ എട്ടില്‍ കടന്ന അവര്‍ പിന്നീട് വിശ്വരൂപം പുറത്തെടുക്കുകയായിരുന്നു. സൂപ്പര്‍ എട്ടിലെ മൂന്നു മത്സരങ്ങളും ജയിച്ച അവര്‍ സെമിയില്‍ ശ്രീലങ്കയുടെ സിംഹള വീര്യത്തേയും അടക്കിയാണ് കലാശപ്പോരിനെത്തിയത്.
ഫൈനലില്‍ ചിരവൈരികളായ ഓസ്ട്രേലിയയ്ക്കെതിരേ പുറത്തെടുത്ത പ്രകടനം കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയിലെ ഇംഗ്ലണ്ടിന്റെ ഏറ്റവും മികച്ചതായിരുന്നു. കളിയുടെ സമസ്ത മേഖലയിലും അവര്‍ കംഗാരുക്കളെ പിടിച്ചുകെട്ടി.
ആദ്യം ബാറ്റുചെയ്ത ഓസീസിനെ 147 റണ്‍സിലൊതുക്കിയപ്പോഴേ തകര്‍പ്പന്‍ ഫോമിലുളള ഇംഗ്ലണ്ട് കപ്പ് പകുതിയുറപ്പാക്കിയിരുന്നു. ബൗളര്‍മാര്‍ക്കൊപ്പം ബാറ്റ്സ്മാന്മാരും അവസരത്തിനൊത്തുയര്‍ന്നപ്പോള്‍ ഇംഗ്ലണ്ട് മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 18 പന്ത് ശേഷിക്കേ ലക്ഷ്യത്തിലെത്തി. കീസ്വെറ്ററിന്റെയും പീറ്റേഴ്സന്റെയും രണ്ടാം വിക്കറ്റ് കൂട്ടുകെട്ടായിരുന്നു ഓസീസിന്റെ പ്രതീക്ഷകള്‍ കരീബിയന്‍ കടലില്‍ മുക്കിയത്. ഇരുവരും രണ്ടാം വിക്കറ്റിന് 111 റണ്‍സെടുത്ത് കിരീടത്തിന് അടിത്തറയൊരുക്കി. കീസ്വെറ്റര് 49 പന്തില്‍ 63 റണ്‍സെടുത്തപ്പോള്‍ 59 പന്തില്‍ 47 റണ്‍സായിരുന്നു പീറ്റേഴ്സന്റെ സംഭാവന.
അച്ചടക്കമുള്ള ബൗളിംഗും ഫീല്‍ഡിംഗും സമ്മാനിച്ച മേല്‍ക്കൈ നിലനിര്‍ത്തിയ ബാറ്റിംഗ് നിര വിജയത്തിലേക്ക് പന്തടിച്ചകറ്റിയപ്പോള്‍ അത് പോള്‍ കോളിംഗ്വുഡ് എന്ന നായകന്റെ വിജയം കൂടിയായി. ടൂര്‍ണന്റെിനിടെ പല നിര്‍ണായക തീരുമാനങ്ങളുമെടുത്ത കോളിംഗ്വുഡ് താന്‍ ടീമിനെ പ്രചോദിപ്പിക്കാന്‍ പോന്ന നായകനാണെന്ന് സ്വന്തം കര്‍ത്തവ്യം കൊണ്ടും ബോധ്യപ്പെടുത്തി.
2009 ട്വന്റി 20 ലോകകപ്പിന്റെ ആദ്യ റൗണ്ടില്‍ ശിശുക്കളായ ഹോളണ്ടിനോടു തോറ്റ ഇംഗ്ലണ്ട് ടീമിന്റെ നായകന് എന്ന നിലയില്‍ നിന്ന് 2010ലെ ചാമ്പ്യന്‍ ടീമിന്റെ നായകന് എന്ന കോളിംഗ്വുഡിന്റെ വളര്‍ച്ച ഇംഗ്ലീഷ് ക്രിക്കറ്റിന്റെ വളര്‍ച്ച കൂടിയായി. ക്രിക്കറ്റ് ലോകകപ്പ് എന്ന ആശയം രൂപമായിട്ട് 35 വര്‍ഷം കഴിഞ്ഞ് ആദ്യമായി തറവാട്ടു മുറ്റത്ത് ലോകകപ്പ് എത്തുമ്പോള്‍ ക്രിക്കറ്റ് സമവാക്യങ്ങള്‍ മാറുകയാണ്. പുതു രാജാക്കന്മാരുടെ പുതിയ അധ്യായങ്ങള്‍ക്ക് ഇനിയും സാക്ഷ്യം വഹിക്കേണ്ടി വന്നേക്കാം.

Posted by sy@m at 10:57 PM 0 comments
Labels: കായികം