Saturday, February 27, 2010

ഇത് കാവ്യനീതി; കാലാതീതനായി സച്ചിന്‍


കാത്തിരുപ്പിന് ഒരു മാധുര്യമുണ്ട്. കാത്തിരുന്നത് കൈവരുമ്പോള്‍ അതിന് അതി മാധുര്യം. അതു നുണയുകയാണ് ഏകദിന ക്രിക്കറ്റ് എന്ന ലാവണ്യ സുന്ദരി. 1971 ജനുവരി അഞ്ചിന് പിറന്നുവീണ നാള്‍തൊട്ടു അവള്‍ കാത്തിരിക്കുകയായിരുന്നു 200 എന്ന മാന്ത്രിക സംഖ്യ കടന്നുവരുന്ന സച്ചിന്‍ രമേഷ് തെണ്ടുല്‍ക്കര്‍ എന്ന കുറിയ മനുഷ്യന്റെ ഈയൊരു ഇന്നിംഗ്‌സിനായി.
ഒടുവില്‍ ഒട്ടനവധി രാജസൂയങ്ങള്‍ക്കു വേദിയായ ഗ്വാളിയോറില്‍ അതു സംഭവിച്ചു. ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ ആദ്യ ഇരട്ടസെഞ്ചുറി. ഇതിനും ഒരു കാവ്യനീതിയുണ്ടായിരുന്നിരിക്കാം. കാരണം കാടിളക്കി ഇതിനു മുമ്പ് എത്രപേര്‍ വന്നതാണ്... 190 കടന്ന് സയീദ് അന്‍വറും ചാള്‍സ് കവന്‍ട്രിയും അതിനും മുമ്പേ ശ്രീലങ്കയുടെ ജയസൂര്യന്‍. ഇവര്‍ക്കാര്‍ക്കും തള്ളിത്തുറക്കാന്‍ കഴിയാതെ പോയ 200ന്റെ പടിവാതില്‍ ക്രിക്കറ്റ് ദൈവത്തിന്റെ ഒരു തൂവല്‍ സ്പര്‍ശമേറ്റപ്പോള്‍ മലര്‍ക്കെത്തുറന്നു... ദൈവ നിശ്ചയമായിരുന്നിരിക്കാം ഇതിനു പിന്നില്‍. അര്‍ഹിക്കുന്നവനു മാത്രം അതു നല്‍കണമെന്ന ദൃഢനിശ്ചയം. അല്ലെങ്കില്‍ അന്‍വറിന് 194ല്‍ പിഴയ്ക്കില്ലായിരുന്നു... കവന്‍ട്രി 194ല്‍ നില്‍ക്കെ ഓവര്‍ പൂര്‍ത്തിയാകില്ലായിരുന്നു...
പഞ്ചദിന പോരാട്ടങ്ങളുടെ സുവര്‍ണ കാലഘട്ടത്തിനു മേല്‍ ഗ്ലാമര്‍ തരംഗമുയര്‍ത്തി ഏകദിനം പിറന്നപ്പോള്‍ ഒരു ഇരട്ട സെഞ്ചുറി ആരും പ്രതീക്ഷിച്ചതല്ല. എന്നിരിക്കിലും കാലത്തിന്റെ പ്രയാണത്തിനിടയിലെപ്പോഴോ അസംഭവ്യമായതും സംഭവിച്ചേക്കാമെന്ന് ക്രിക്കറ്റ് പണ്ഡിതന്മാര്‍ പ്രവചിച്ചിരുന്നു. എന്നാല്‍ അതിനു പ്രാപ്തിയുള്ളവരായി അവരുടെ കവടിപ്പലകയില്‍ തെളിഞ്ഞ മുഖങ്ങള്‍ ഒരു വിരേന്ദര്‍ സേവാഗിന്റേയും ഒരു ആദം ഗില്‍ക്രിസ്റ്റിന്റേതുമാണ്. എന്നാല്‍ 36ാം വയസിന്റെ പക്വതയുമായി ഇരുപതുകാരന്റെ ചുറുചുറുക്കോടെ ബാറ്റുവീശിയ സച്ചിന്‍ പ്രവചനങ്ങളേയെല്ലാം കാറ്റില്‍പ്പറത്തി ലക്ഷ്യം ഭേദിച്ചപ്പോള്‍ ആ മാസ്മരിക പ്രകടനത്തിനു മുന്നില്‍ നമിക്കുകയായിരുന്നു ക്രിക്കറ്റ് ലോകം.
ഇന്ന് ലോകത്തെ ഏറ്റവും മികച്ച ബൗളിംഗ് നിരയായ ഡെയ്ല്‍ സ്‌റ്റെയിനിന്റെയും സംഘത്തിന്റെയും മേല്‍ പടര്‍ന്നു കയറുകയായിരുന്നു സച്ചിന്‍. നേരിട്ട 147ാം പന്തില്‍ 200 എന്ന മാന്ത്രിക സ്‌കോറും കടന്ന്, 50 ഓവറുകള്‍ പൂര്‍ത്തിയാക്കി, അപരാജിതനായി മടങ്ങുമ്പോള്‍ 25 ബൗണ്ടറികളും മൂന്നു സിക്‌സറുകളും ആ വില്ലോയില്‍ നിന്നു പറന്നിരുന്നു. കുറിയ മനുഷ്യന്‍ വലിയ ഷോട്ടുകളുമായി മൈതാനം കൈപ്പിടിയിലൊതുക്കുമ്പോള്‍ ലോകോത്തര പേസ് ബൗളിംഗ് നിര ഓടിയൊളിക്കാന്‍ ഇടമില്ലാതെ പകച്ചുനില്‍ക്കുകയായിരുന്നു.
20 വര്‍ഷങ്ങള്‍ക്കു മുമ്പ് അരങ്ങേറ്റത്തിനിറങ്ങിയ കൊച്ചു സച്ചിനെ നോക്കി പാകിസ്താന്‍ സ്പിന്‍ ഇതിഹാസം അബ്ദുള്‍ ഖാദിര്‍ ചോദിച്ചിരുന്നു '' ഈ പയ്യന്‍ ഇനി എന്തൊക്കെ ചെയ്യും'' എന്ന്. ഇന്ന് ആ പയ്യന്‍ വളര്‍ന്ന് നേട്ടങ്ങളുടെ കൊടുമുടിയില്‍ നില്‍ക്കുമ്പോള്‍ ക്രിക്കറ്റ് ലോകം ഒരേ സ്വരത്തില്‍ ചോദിക്കുന്നു '' അവന്‍ ഇനി എന്താണ് ചെയ്യാത്തത്'' എന്ന്.
ക്രിക്കറ്റിനോടുള്ള അഭിനിവേശമാണ് സച്ചിനെ ഇത്രകണ്ട് വളര്‍ത്തുന്നത്. മുംബൈയില്‍ രമാകാന്ത് അച്ഛരേക്കറുടെ കളരിയില്‍ കളിപഠിച്ച ബാലന്റെ അതേ ആവേശത്തിലാണ് ഇന്നും സച്ചിന്‍ ക്രീസില്‍ നില്‍ക്കുന്നത്. പഠിച്ച പാഠങ്ങള്‍ പിശകില്ലാതെ ഉരുക്കഴിക്കുന്നതിനൊപ്പം പുതിയവ പഠിക്കാനും കാട്ടുന്ന ഉത്സാഹം സച്ചിനെ എന്നും വേറിട്ടു നില്‍ക്കുന്നു.
ഒരു ബാറ്റ്‌സ്മാനെ തളയ്ക്കാന്‍ ഇന്ന് കമ്പ്യൂട്ടര്‍ ഗ്രാഫിക്‌സിന്റെയും മറ്റും സഹായത്തോടെ പദ്ധതികള്‍ തയാറാക്കുന്ന പരിശീലകര്‍ വിളയുന്ന കാലത്ത് ഇവയ്‌ക്കെല്ലാം മറുമരുന്നുമായി സച്ചിന്‍ മാറിനില്‍ക്കുന്നു. ദൗര്‍ബല്യങ്ങളെ ദൗര്‍ബല്യമാക്കി മാറ്റിനിര്‍ത്താതെ അവയെ മെരുക്കാന്‍ സച്ചിന്‍ ശ്രമിക്കുമ്പോള്‍ ക്രിക്കറ്റിന് ലഭിക്കുന്നത് പുതിയ പുതിയ ഷോട്ടുകളാണ്.
അപ്പര്‍ കട്ടും, പാഡില്‍ സ്വീപ്പും, ലാഡര്‍ ഷോട്ടുമെല്ലാം ഈ ഗണത്തില്‍ പെടുന്നു. ഏറ്റവുമൊടുവില്‍ ഗ്വാളിയോറിലെ 35ാം ഓവറില്‍ ഓഫ്‌സൈഡിനു പുറത്തു കുത്തിയ ഡെയ്ല്‍ സ്‌റ്റെയ്‌ന്റെ പന്തിനെ മിഡ്‌വിക്കറ്റ് ബൗണ്ടറിയിലേക്കു പറത്തിയ ''സ്‌പെഷ്യല്‍ ഷോട്ടും'' സച്ചിന്‍ വികസിപ്പിച്ച മറുമരുന്നില്‍ പെടുന്നു. കഴിഞ്ഞ രണ്ടു കളികളില്‍ തന്നെ സമാന രീതിയിലുള്ള പന്തില്‍ പുറത്താക്കിയ സ്‌റ്റെയിനിനെ ക്രീസില്‍ തന്നെ നിന്നുകൊണ്ടു നിലംപറ്റെ പറത്തിയ ആ ഷോട്ട് സച്ചിന്‍ സ്വായത്തമാക്കിയത് ഗ്വാളിയോറിലെ പരിശീലനത്തിനിടെ വെറും ഒരു മണിക്കൂര്‍ കൊണ്ടാണത്രേ. ഇന്ത്യയുടെ സച്ചിന്‍ വെരി വെരി സ്‌പെഷ്യല്‍ ആണെന്നുറപ്പിക്കാന്‍ ഇതില്‍ക്കൂടുതല്‍ തെളിവു വേണോ?
എന്നും എവിടേയും ഒന്നാമനാണ് സച്ചിന്‍. ടെസ്റ്റിലും ഏകദിനത്തിലുമെല്ലാം ഒന്നാം സ്ഥാനത്ത് തന്നെ. ഏറ്റവുമധികം റണ്‍സ്, സെഞ്ചുറി, മാന്‍ ഓഫ് ദ മാച്ച്, മാന്‍ ഓഫ് ദ സീരീസ്, ഉയര്‍ന്ന സ്‌കോര്‍... റെക്കോഡുകളുടെ പട്ടികയ്ക്ക് നീളമേറെ. 442 ഏകദിനങ്ങളില്‍ നിന്ന് 17598 റണ്‍സും 166 ടെസ്റ്റുകളില്‍ നിന്ന് 13447 റണ്‍സുമാണ് സച്ചിന്റെ അക്കൗണ്ടിലുള്ളത്. ഏകദിനത്തില്‍ 46ഉം ടെസ്റ്റില്‍ 47ഉം സെഞ്ചുറികള്‍. സെഞ്ചുറികളില്‍ സെഞ്ചുറി തികയ്ക്കാന്‍ ഇനി ഏഴു സെഞ്ചുറികള്‍ കൂടി മതി. ഈ സീസണില്‍ മാത്രം അടിച്ചുകൂട്ടിയത് 10 സെഞ്ചുറികളാണ്. 10 ടെസ്റ്റില്‍ നിന്ന് ആറ് സെഞ്ചു്വറികളും ഏകദിനത്തില്‍ നാലു സെഞ്ചുറികളുമാണ് ലിറ്റില്‍മാസ്റ്റര്‍ സ്‌കോര്‍ ചെയ്തത്.
കണക്കുകളില്‍ ഇനി സച്ചിന്റെ മുമ്പില്‍ തലകുനിക്കാത്തത് ഒരേയൊരു റെക്കോഡ് മാത്രം. ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്നവ്യക്തിഗത സ്‌കോറായ സാക്ഷാല്‍ ബ്രയന്‍ ചാള്‍സ് ലാറുയടെ പേരിലുളള 400 റണ്‍സിന്റെ റെക്കോര്‍ഡ്. അതും സച്ചിന്‍ മറികടക്കുമെന്ന് ഇന്ത്യ ഒരേസ്വരത്തില്‍ പറയുന്നു. റെക്കോഡുകള്‍ സച്ചിനെ ഇങ്ങോട്ടു തേടിവരുമത്രേ. കാരണം അതു സച്ചിന്റെ പേരില്‍ ആയാല്‍ മാത്രമേ അതിനു തിളമുണ്ടാകൂവെന്ന്.
അതെല്ലാം കണക്കുകളുടെ കളി. ഈ കണക്കുകള്‍ക്കപ്പുറമാണ് സച്ചിന്റെ കളി. അത് കാണാന്‍ ഭാഗ്യം സിദ്ധിച്ച ഈ തലമുറ ഭാഗ്യവാന്മാര്‍ തന്നെ. നന്ദി സച്ചിന്‍ നന്ദി... അനുകരിക്കാനാകാത്ത മാന്ത്രിക സ്പര്‍ശമുള്ള ആ ബാറ്റിംഗിലൂടെ ഈ തലമുറയെ ഒന്നടങ്കം ആനന്ദിപ്പിച്ചതിന്... തീര്‍ത്താല്‍ തീരാത്ത നന്ദി...

ഇത് കാവ്യനീതി; കാലാതീതനായി സച്ചിന്‍SocialTwist Tell-a-Friend

4 comments:

ശ്രീ said...

നല്ല ലേഖനം...

ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോര്‍... ഒരു ടെസ്റ്റിലെ രണ്ട് ഇന്നിങ്ങ്സിലും സെഞ്ച്വറി... ഏറ്റവും വേഗതയേറിയ ഏകദിന/ടെസ്റ്റ് സെഞ്ച്വറി/അര്‍ദ്ധ സെഞ്ച്വറി (ചുരുങ്ങിയ പക്ഷം ഇന്ത്യന്‍ റെക്കോഡ് എങ്കിലും)... സച്ചിന് ഇനിയും വഴങ്ങാത്ത റെക്കോഡുകളും നിരവധി. (അത്യാഗ്രഹം തന്നെയാണ് എങ്കിലും അദ്ദേഹത്തിനു വേണമെന്ന് വിചാരിച്ചാല്‍ നടക്കാത്തതൊന്നുമില്ല എന്ന് തെളിഞ്ഞ്താണല്ലോ)

sy@m said...

നന്ദി ശ്രീ... ശരിയാണ്... അതൊക്കെയും സച്ചിനു വഴങ്ങാത്ത റെക്കോഡുകള്‍ തന്നെ. ഓര്‍ത്തില്ല അത്...

sanil said...

Gullam GUllam
nee Mudukkan thanne

sandeep salim (Sub Editor(Deepika Daily)) said...

kollal... kalika prasakthiyundu... language... aalangarikatha koodyathayi thonni....