Friday, February 19, 2010

മധുവിധു എത്രനാള്‍

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ അവസാന വിക്കറ്റ് വീഴ്ത്തിയ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിംഗിന്റെ ആഹ്‌ളാദം.

ന്ത്യന്‍ ക്രിക്കറ്റിന്റെ മക്കയില്‍ വീണ്ടുമൊരു ഐതിഹാസിക വിജയം. തിങ്ങിനിറഞ്ഞ കാണികളെ സാക്ഷി നിര്‍ത്തി മങ്ങിയ വെളിച്ചത്തില്‍, അസ്തമിച്ച പ്രതീക്ഷകളെ പൊലിപ്പിച്ച് ഭാജി പകര്‍ന്ന ഉണര്‍വിന്റെ ആലസ്യത്തിലായിരിക്കും ഇന്നലെ ടീം ഇന്ത്യ ഉറക്കമുണര്‍ന്നത്.
ചിരകാല അഭിലാഷമായിരുന്ന ആ ഒന്നാം നമ്പര്‍ പദവി കൈക്കുടന്നയില്‍ ലഭിച്ചതിന്റെ ആവേശവും ആഹഌദവും ഒട്ടൊന്നടങ്ങാന്‍ ഇനിയും ദിനങ്ങളെടുത്തേക്കും. എന്നാല്‍ ആരാധനയും ആവേശവും ഇടവേളയെടുക്കുന്ന അല്പമാത്ര നിമിഷങ്ങളില്‍ യാഥാര്‍ത്ഥ്യത്തിലേക്ക് തിരിഞ്ഞുനോക്കിയാല്‍ ഭീകരമായിരിക്കും അതിന്റെ മുഖം.
പത്തു വര്‍ഷങ്ങള്‍ക്ക് മുമ്പ് കൊല്‍ക്കത്താ രാജകുമാരന്‍ സൗരവ് ഗാംഗുലി ചിതറിച്ച തീപ്പൊരിയാണ് കഴിഞ്ഞ ദിവസം മഹേന്ദ്ര സിംഗ് ധോണിയും കൂട്ടരും ജ്വലിപ്പിച്ചത്.
വിജയത്തെ വാഴ്ത്താന്‍ വിശേഷണങ്ങള്‍ തേടുന്നവര്‍ സത്യത്തെ മറയ്ക്കുന്നു.
ഇന്ത്യദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പര അവസാനിച്ചപ്പോള്‍ ഇന്ത്യ നമ്പര്‍ വണ്‍ ആയി. എന്നാല്‍ ജയം ഇന്ത്യക്കായിരുന്നോ? ഇവിടെ ജയിച്ചതാരാണ്... രണ്ടാമനെന്ന പേരുമായിവന്ന് മാന്യമായി അതു കാത്ത ദക്ഷിണാഫ്രിക്കയോ, സ്വന്തം തിണ്ണമിടുക്കില്‍ അഹങ്കരിച്ച് ഒടുവില്‍ വാലുമുറിച്ച് രക്ഷപ്പെട്ട ആതിഥേയരോ?
ദക്ഷിണാഫ്രിക്ക ഇന്ത്യന്‍ മണ്ണില്‍ കാലുകുത്തുമ്പോള്‍ ടെസ്റ്റ് ക്രിക്കറ്റിന്റെ രാജസിംഹാസനത്തില്‍ ഉപവിഷ്ടരായിട്ടേ ഉണ്ടായിരുന്നുള്ളൂ ടീം ഇന്ത്യ. തൊട്ടുമുമ്പു നടന്ന ''അയല്‍ വീടു'' സന്ദര്‍ശത്തില്‍ താരതമ്യേന ദുര്‍ബലരായ ബംഗ്ലാദേശിനോടു കഷ്ടിച്ചു രക്ഷപെട്ട ആശ്വാസത്തിലും.
ആദ്യ ടെസ്റ്റില്‍ തോറ്റമ്പിയെങ്കിലും ഈഡനില്‍ വസന്തം വിരിയിച്ച് ഇന്ത്യ ഒന്നാം സ്ഥാനം കാത്തു. എന്നാല്‍ ധാക്കയിലെ പിള്ളേരു കളിക്കു മുമ്പിലും ആഫ്രിക്കയുടെ പേസ് കരുത്തിനു മുമ്പിലും പേരുകേട്ട ഇന്ത്യന്‍ ബാറ്റിംഗ് നിര ചൂളിയത് വാഴ്ത്തുപാട്ടുകാര്‍ മനപൂര്‍വം മറക്കുന്നു. ഇന്ത്യന്‍ ക്രിക്കറ്റിലെ ഇപ്പോഴത്തെ ബിഗ് ത്രീ സച്ചിന്‍ദ്രാവിഡ്‌ലക്ഷ്മണ്‍ ത്രയങ്ങളില്‍ ആരെങ്കിലും ഒരാള്‍ ഇല്ലാതായാല്‍ പോലും കാറ്റിലെ കാറ്റാടി മരമാണ് തങ്ങളെന്ന് ഇന്ത്യന്‍ ബാറ്റിംഗ് നിര ഇപ്പോഴും തെളിയിച്ചു.
ബാറ്റിംഗില്‍ മാത്രമല്ല ബൗളിംഗിലും ഇന്ത്യയുടെ നില ഭദ്രമല്ലെന്ന് ഹാഷിം അംലയും സംഘവും ഇക്കുറി കാട്ടിത്തന്നു. സഹീര്‍ഖാനെ ഒഴിവാക്കിയാല്‍ പേരിനു പോലും പേസില്ലാത്ത പേസ് ബാറ്ററിയും പ്രതാപകാലത്തെ ഓര്‍മകളില്‍ വിഹരിക്കുന്ന സ്പിന്‍ വിഭാഗവുമാണ് ഇന്ത്യക്കുള്ളത്. സ്വന്തം മണ്ണിലെ സ്പിന്‍തന്ത്രം പണ്ടേപോലെ ഫലിക്കുന്നില്ലെന്നും വ്യക്തമായി. ഈ ഗണത്തിലെ അവസാന കണ്ണിയായ അനില്‍ കുംബ്ലെ വിടവാങ്ങിയപ്പോള്‍ ഹര്‍ഭജനിലായിരന്നു പ്രതീക്ഷ. എന്നാല്‍ ഭാജിക്ക് അത് സഫലീകരിക്കാനാകാതെ പോകുമ്പോള്‍(രണ്ടാം ടെസ്റ്റ് ഒഴിവാക്കിയാല്‍) തകരുന്നത് ഗതകാല പ്രൗഡികൂടിയാണ്. നിലവില്‍ ഹര്‍ഭജന്‍ സിംഗിന് പകരക്കാരനെ ചൂണ്ടിക്കാണിക്കാന്‍ ആഭ്യന്തരക്രിക്കറ്റില്‍പ്പോലും ഒരുപേരില്ലെന്ന അവസ്ഥയാണ്. ഇങ്ങനെയുളള സാഹചര്യത്തിലാണ് ടീം ഇന്ത്യ ലോകറാങ്കിംഗിലെ ഒന്നാംസ്ഥാനം നിലനിറുത്താന്‍ ഒരുങ്ങുന്നത്.
ഇതൊക്കെ ക്ഷമിക്കത്തക്ക പിഴവുകള്‍. എന്നാല്‍ താരങ്ങള്‍ കൈമെയ് മറന്നു പൊരുതി നേടിയ സ്ഥാനം ഉറയ്ക്കാതെ നില്‍ക്കുന്നത് പണമെണ്ണുന്ന തിരക്കില്‍ ബുദ്ധിമന്ദിച്ചു പോയ മേലാളന്മാരുടെ പിടിപ്പുകേടുകാരണമാണ്.
പണക്കിലുക്കത്തിന്റെ നൂപുരധ്വനികളില്‍ മയങ്ങി ബി.സി.സി.ഐ. ടെസ്റ്റ് മത്സരങ്ങളോടു കാട്ടിയ അവഗണന ഈ സിംഹാസനത്തിന്റെ കടയ്ക്കല്‍വച്ച കോടാലിയായി മാറുകയാണ്. ഒന്നാം സ്ഥാനം നിലനിര്‍ത്താന്‍ വേണ്ടത്രമല്‍സരങ്ങള്‍ ഇന്ത്യക്ക് ഇനിയില്ലാത്തതാണ് പ്രശ്‌നം.
അതേസമയം കൊല്‍ക്കത്തയില്‍ കൈവിട്ട ഒന്നാം നമ്പര്‍ പദവി തിരിച്ചുപിടിക്കാന്‍ സ്മിത്തിനും കൂട്ടര്‍ക്കും വരുന്ന ജൂണില്‍ത്തന്നെ അവസരമൊരുങ്ങുന്നുണ്ട്. ജൂണില്‍ അവര്‍ നടത്തുന്ന വെസ്റ്റിന്‍ഡീസ് പര്യടനത്തിലെ നാലു മത്സരങ്ങളില്‍ ഒന്നില്‍ ജയിക്കുകയും ഒന്നില്‍ സമനില കരസ്ഥമാക്കുകയും ചെയ്താല്‍ ഇന്ത്യക്ക് ഒരു സ്ഥാനം പിന്നോട്ടിറങ്ങേണ്ടിവരും.തൊട്ടു പിന്നാലെ ഓസ്‌ട്രേലിയപാകിസ്താന്‍ പരമ്പരയും വര്‍ഷാവസാനത്തോടെ ആഷസ് പരമ്പരയും അരങ്ങേറും. ഇതെല്ലൊം വീട്ടിലിരുന്നു കാണുന്ന ഇന്ത്യയുടെ സ്ഥിതി ഊഹിക്കാവുന്നതേയുള്ളൂ. കൈയിലിരിക്കുന്ന കിരീടവും ചെങ്കാലും നഷ്ടപ്പെടാതിരിക്കാന്‍ കരയ്ക്കിരുന്നു കൈകൂപ്പുക മാത്രമാണ് ഇന്ത്യക്ക് ഇനി ചെയ്യാനുള്ളത്. ഈ സാഹചര്യത്തില്‍ ടീം ഇന്ത്യക്ക് ഒന്നാം സ്ഥാനക്കാരുടെ സിംഹാസനം നിലനിര്‍ത്തണമെങ്കില്‍ ഭാഗ്യ ദേവതയുടെ കടാക്ഷം വേണ്ടി വരും. രാജ്യാന്തര ക്രിക്കറ്റ് കലണ്ടര്‍ നേരത്തേതന്നെ തയാറാക്കിക്കഴിഞ്ഞതിനാല്‍ ഇനി ഒരു മാറ്റം സാധ്യവുമല്ല. ചുരുക്കത്തില്‍ മധുവിധു തീരും മുമ്പേ വൈധവ്യം ബാധിക്കുമോ എന്ന ആശങ്കയിലാണ് ടീം ഇന്ത്യ.

മധുവിധു എത്രനാള്‍SocialTwist Tell-a-Friend

0 comments: