Wednesday, March 9, 2011

തലോടേണ്ട; പക്ഷേ തല്ലാതിരുന്നു കൂടെ?


ഇംഗ്ലണ്ടിനോട് ഒരൊറ്റ സമനില വഴങ്ങിയെന്ന കാരണത്താല്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ ലോകകപ്പില്‍നിന്ന് എഴുതി തള്ളാനുള്ള ക്രിക്കറ്റ് പണ്ഡിതരുടെ ശ്രമങ്ങള്‍ വസ്തുതയ്ക്കു നിരക്കുന്നതോ? 338 റണ്‍സടിച്ചിട്ടും ഇംഗ്ലണ്ട് അതിനൊപ്പം പിടിച്ചതാണ് ഇന്ത്യയുടെ സാധ്യതകള്‍ക്കു വിമര്‍ശകര്‍ വിഘാതമായി കാണുന്നത്. ടെസ്റ്റ് പദവിയില്ലാത്ത നെതര്‍ലന്‍ഡ്‌സിനോടു വിറയ്ക്കുകയും അയര്‍ലന്‍ഡിനോടു തോല്‍ക്കുകയും ചെയ്ത ഇംഗ്ലണ്ടിന് വരെ കിരീട സാധ്യത കല്‍പ്പിക്കുമ്പോഴാണ് ഗ്രൂപ്പ് ബിയില്‍ ഒരൊറ്റ മത്സരം പോലും തോല്‍വി വഴങ്ങാത്ത ഏക ടീമായ ഇന്ത്യക്ക് സാധ്യതാ പട്ടികയില്‍ അവസാന ഇടം നല്‍കുന്നത്.
സമീപകാല പ്രകടനങ്ങളും മറ്റും തട്ടിക്കിഴിച്ചു നോക്കിയപ്പോള്‍ കപ്പ് ഇന്ത്യക്കു തന്നെയെന്ന് ഉറപ്പിച്ചവര്‍ ധാരാളം. എന്നാല്‍ ഇന്ത്യയോ? കളിച്ചാല്‍ ജയിക്കാം... എന്ന മട്ടിലാണ് ഇപ്പോള്‍ വിദഗ്ധരുടെ ട്രെന്‍ഡ്. ഇങ്ങനെ വാക്കുമാറാന്‍ ഇവരെ പ്രേരിപ്പിക്കുന്നത് ''തല്ലു വാങ്ങി മടുക്കുന്ന'' ഇന്ത്യന്‍ ബൗളര്‍മാരാണത്രേ. ബംഗ്ലാദേശിനും ഇംഗ്ലണ്ടിനുമെതിരായ മത്സരങ്ങള്‍ കഴിഞ്ഞതോടെ മാധ്യമങ്ങള്‍ക്കെല്ലാം ഒരു പോലെ ധൂര്‍ത്തുപുത്രന്മാരായിക്കഴിഞ്ഞു ഇന്ത്യന്‍ ബൗളര്‍മാര്‍. ഈ നിരയെവച്ചു ധോണിപ്പട അധിക ദൂരം മുന്നോട്ടു പോകില്ലെന്നു തന്നെ അവര്‍ വിധിയെഴുതുന്നു. ബൗളര്‍മാരുടെ ശരീര ഭാഷയും എന്തിന് വിക്കറ്റ് നേടിക്കഴിഞ്ഞുള്ള ആഹ്‌ളാദപ്രകടനം പോലും ''ലോകനിലവാരത്തില്‍'' അല്ലെന്നുവരെ വിമര്‍ശനം ഉയര്‍ന്നു കഴിഞ്ഞു.
എന്നാല്‍ ഇത്ര കണ്ടു വിമര്‍ശിക്കപ്പെടാന്‍ ഇന്ത്യന്‍ ബൗളിംഗ് തീരെ നിലവാരം കെട്ടുപോയോ? ബാറ്റിംഗിനെ തുണയ്ക്കുന്ന പിച്ചൊരുക്കി കളി നടത്തുമ്പോള്‍ ഫ്‌ളാറ്റ് വിക്കറ്റില്‍ ഏതു ബൗളിംഗ് നിരയാണ് തല്ലു കൊള്ളാതെ പോകുക? ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ രണ്ടു മത്സരങ്ങളും നടന്നത് ബാറ്റിംഗിനെ അകമഴിഞ്ഞു പിന്തുണയ്ക്കുന്ന ഫ്‌ളാറ്റ് വിക്കറ്റുകളിലാണ്. റണ്ണൊഴുക്കിന്റെ ആവേശം കാണാന്‍ തിങ്ങിനിറയുന്ന ഗാലറിയും അതില്‍നിന്നു ലഭിക്കുന്ന വരുമാനവും മാത്രം ലക്ഷ്യമിട്ടു പിച്ചൊരുക്കിയപ്പോള്‍ തല്ലും കല്ലേറും കൊള്ളേണ്ടി വന്നത് ബൗളര്‍മാര്‍ക്കാണ്.
സഹീര്‍ ഖാന്‍, മുനാഫ് പട്ടേല്‍, ആശിഷ് നെഹ്‌റ, ശ്രീശാന്ത്, ഹര്‍ഭജന്‍ സിംഗ്, യുവ്‌രാജ് സിംഗ്, യൂസഫ് പഠാന്‍ എന്നിവരാണ് ഇന്ത്യന്‍ ബൗളിംഗിന്റെ ചുക്കാന്‍ പിടിക്കുന്നവര്‍. ലോകകപ്പിനു മുമ്പ് നടന്ന മത്സരങ്ങളിലും ഇവര്‍ തന്നെയായിരുന്നു ഇന്ത്യയെ വിജയത്തിലേക്ക് നടത്തിയിരുന്നത്.
കഴിഞ്ഞ എതാനും നാളുകളായി സഹീര്‍-പ്രവീണ്‍കുമാര്‍ പേസ് സഖ്യവും മൂന്നാം സീമറായി പട്ടേല്‍/നെഹ്‌റ/ശ്രീശാന്ത് ത്രയങ്ങളിലൊരാളും സ്പിന്നര്‍മാരുടെ റോളില്‍ ഹര്‍ഭജന്‍, പഠാന്‍ യുവ്‌രാജ് എന്നിവരുമായിരുന്നു ഇന്ത്യക്കായി ഇറങ്ങിയിരുന്നത്.
ഇതില്‍ പ്രവീണ്‍ കുമാറിനു പകരം ഒരിടവേളയ്ക്കു ശേഷം പീയുഷ് ചൗള എത്തിയതാണ് ലോകകപ്പിനുള്ള ഇന്ത്യന്‍ ബൗളിംഗ് നിരയില്‍ വന്ന ഏക മാറ്റം. മറ്റുള്ളവര്‍ അതേപടി ടീമിലുണ്ട്. അന്ന് മികച്ചവര്‍ ആയിരന്നവര്‍ ഒരു രാത്രി ഇരുണ്ടുവെളുത്തപ്പോഴേക്കും എങ്ങനെ വെറുക്കപ്പെടുന്നവര്‍ ആയി.
ടൂര്‍ണമെന്റില്‍ ഇതുവരെ ഇന്ത്യന്‍ ബൗളര്‍മാര്‍ പരീക്ഷിക്കപ്പെട്ടിട്ടില്ലെന്നതാണ് സത്യം. ഉദ്ഘാടന മത്സരം നടന്ന മിര്‍പ്പൂരിലെ ഷേര ബംഗ്ലാ സ്‌റ്റേഡിയത്തിലെ പിച്ചും രണ്ടാം മത്സരം നടന്ന ബംഗളുരു ചിന്നസ്വാമി സ്‌റ്റേഡിയത്തിലെ പിച്ചും ഏകപക്ഷീയ സ്വഭാവത്തിലുള്ളവയായിരുന്നു. ഇതില്‍ ആദ്യ മത്സരത്തില്‍ ടോസ് ജയിച്ച ബംഗ്ലാദേശ് രണ്ടാമത് ബാറ്റ് ചെയ്യാന്‍ തീരുമാനിച്ചതു പോലും ഇതു മുന്നില്‍ക്കണ്ടാണ്. പകലും രാത്രിയുമായി നടക്കുന്ന മത്സരത്തില്‍ മഞ്ഞിന്റെ സാന്നിദ്ധ്യം രണ്ടാമതു ഫീല്‍ഡ് ചെയ്യുന്ന ടീമിന് വിനയാകുമെന്ന കാരണവും ഈ തീരുമാനത്തിനു പിന്നിലുണ്ട്. ഫ്‌ളാറ്റ് വിക്കറ്റും മഞ്ഞിന്റെ കളികളും പ്രതികൂലമായി ബാധിച്ച മത്സരത്തില്‍ 283 റണ്‍സ് വഴങ്ങിയതാണോ ഇന്ത്യന്‍ ബൗളിംഗ് നിരയ്ക്കു നിലവാരമില്ലെന്നു പറയാന്‍ കാരണം? കഴിഞ്ഞ ലോകകപ്പില്‍ ഇന്ത്യയെ തോല്‍പ്പിച്ച ടീം കൂടിയാണ് ബംഗ്ലാ കടുവകള്‍ എന്നോര്‍ക്കണം.
മത്സരത്തില്‍ അഞ്ചോവര്‍ എറിഞ്ഞു 53 റണ്‍സ് വഴങ്ങിയ ശ്രീശാന്ത് ഒഴികെ ഇന്ത്യയുടെ മറ്റ് സ്‌ട്രൈക്ക് ബൗളര്‍മാരാരും അഞ്ചു റണ്‍സിനു മേലെ ഇക്കണോമി വഴങ്ങിയില്ല. ദക്ഷിണാഫ്രിക്കയുടെ ജാക്ക് കാലിസിനെതിരേ ഒരു മാസം മുമ്പ് അദ്ഭുത പന്തെറിഞ്ഞെന്നു വാഴ്ത്തിയവര്‍ തന്നെയാണ് പ്രതികൂല സാഹചര്യത്തില്‍ നടന്ന ഒരൊറ്റ മത്സരത്തിലെ പ്രകടനം കൊണ്ട് ശ്രീശാന്തിനെ വെറുക്കപ്പെട്ടവനാക്കിയത്. പരിശീലന മത്സരത്തില്‍ കുറഞ്ഞ സ്‌കോര്‍ അടിച്ചിട്ടും പോണ്ടിംഗിന്റെ ഓസ്‌ട്രേലിയയെ കീഴടക്കിയതും ഇതേ ടീം ഇന്ത്യയുടെ ബൗളര്‍മാര്‍ തന്നെയാണ് എന്നോര്‍ക്കണം.

വണ്ടര്‍ ഇംഗ്ലണ്ട്


ലോകകപ്പില്‍ ഇന്ത്യയുടെ രണ്ടാം മത്സരം ഇംഗ്ലണ്ടിനെതിരേ ബംഗളുരുവിലാണ് നടന്നത്. ഇംഗ്ലീഷ് നിരയില്‍ പന്തെറിയുന്നത് ജയിംസ് ആന്‍ഡേഴ്‌സണ്‍, ടിം ബ്രെസ്‌നാന്‍, അഹമ്മദ് ഷഹ്‌സാദ്, ഗ്രയിം സ്വാന്‍ എന്നിവരാണ്. ആഷസ് പരമ്പരയിലെ മിന്നുന്ന പ്രകടനത്തിനു ശേഷമാണ് ഇവര്‍ ലോകകപ്പിനെത്തിയത്. ആന്‍ഡേഴ്‌സണും ബ്രെസ്‌നാനും അടങ്ങുന്ന ഇംഗ്ലീഷ് പേസ് ബാറ്ററി ലോകനിലവാരമുള്ളവരാണെന്നതില്‍ ആര്‍ക്കും സംശയമില്ല. സ്വാനാകട്ടെ കഴിഞ്ഞ വര്‍ഷത്തെ ലീഡിംഗ് വിക്കറ്റ് വേട്ടക്കാരനും. ഈ ബൗളിംഗ് നിരയ്‌ക്കെതിരേ 338 റണ്‍സ് ഇന്ത്യ അടിച്ചു കൂട്ടിയപ്പോള്‍ തന്നെ പിച്ചിന്റെ സ്വഭാവം മനസിലാക്കാം.
300 റണ്‍സിനു മേലുള്ള ടോട്ടല്‍ പോലും അനായാസം ചേസ് ചെയ്യനാകുമെന്ന് ക്യുറേറ്റര്‍ പറഞ്ഞ പിച്ചില്‍, നിലവാരത്തില്‍ മുന്നിലുള്ള ബൗളിംഗ് നിരപോലും തല്ലുവാങ്ങിക്കൂട്ടിയ പിച്ചില്‍ ഇന്ത്യക്ക് ഏറു പിഴച്ചത് നിലവാരമില്ലായ്മ കൊണ്ടാണോ? ബൗളര്‍മാര്‍ ഇതിനെന്തു പിഴച്ചു. അവസാന ഓവറുകളില്‍ വിക്കറ്റ് തുലച്ച ബാറ്റിംഗ് നിരയും ഫീല്‍ഡില്‍ ചോര്‍ച്ചയുള്ള കൈകളും പരിമിതിയില്‍ നിന്നു പോരടിക്കുന്ന ബൗളര്‍മാരുടെ പ്രകടനത്തെ പിന്താങ്ങുകയായിരുന്നില്ലല്ലോ? മറിച്ച് അനായാസം ജയിക്കന്‍ കഴിയുന്ന അവസ്ഥയില്‍നിന്ന് ഇംഗ്ലണ്ടിനെ പിടിച്ചുകെട്ടി ഇന്ത്യയെ വിജയത്തിന്റെ പടിവാതില്‍ക്കലെത്തിച്ച ബൗളര്‍മാരുടെ പോരാട്ട വീര്യത്തെ നമിക്കുകയല്ലേ വേണ്ടത്. ദക്ഷിണാഫ്രിക്കയിലും ഇതേ പോരാട്ടവീര്യം ഇന്ത്യന്‍ ബൗളര്‍മാര്‍ പുറത്തെടുക്കുന്നത് ലോകം കണ്ടത്. 'ആവേശം തീരെയില്ലാത്ത' മുനാഫ് പട്ടേലായിരുന്നു അന്ന് മാജിക് ബൗളര്‍.
തൊട്ടടുത്ത ദിവസം ഇതേ ഗ്രൗണ്ടില്‍ 328 റണ്‍സടിച്ചിട്ടും ഇംഗ്ലീഷ് ബൗളര്‍മാരെ കുഞ്ഞന്മാരായ അയര്‍ലന്‍ഡ് പോലും കൂട്ടക്കശാപ്പ് നടത്തി പിച്ചിന്റെ സ്വഭാവം തുറന്നുകാട്ടി. ഇത്തരത്തിലുള്ള പിച്ചില്‍ എതിരാളികളെ 250-ല്‍ ഒതുക്കി മികവ് കാട്ടണമെന്നു പറയുന്നതില്‍ എന്തു ന്യായമാണുള്ളത്. ബംഗളുരുവിലെ ചത്ത വിക്കറ്റില്‍ രണ്ടു തവണ അടിവാങ്ങിക്കൂട്ടിയ ഇംഗ്ലണ്ട് ചെന്നൈയിലെ ജീവനുള്ള പിച്ചില്‍ ദക്ഷിണാഫ്രിക്കയെ പിച്ചിച്ചീന്തിയത് മുസ്ലി പവര്‍ എക്‌സ്ട്രാ കഴിച്ചിട്ട് ആയിരിക്കില്ലല്ലോ?
ഓസ്‌ട്രേലിയയുടെയും പാകിസ്താന്റെയും ശ്രീലങ്കയുടെയും ബൗളിംഗ് പ്രകടനം ഉയര്‍ത്തിക്കാട്ടിയാണ് വിമര്‍ശകള്‍ ഇന്ത്യക്കെതിരേ തിരിയുന്നത്. എന്നാല്‍ ഇവരുടെ മത്സരങ്ങള്‍ നടന്ന പിച്ചിന്റെ സ്വഭാവം ബംഗളുരുവിലെയും മിര്‍പൂരിലേതിലും വ്യത്യസ്തമാണ്. പന്തിനു സ്വിംഗും ബൗണ്‍സും ലഭിക്കുന്ന പിച്ചില്‍ അവര്‍ വിക്കെറ്റടുക്കുന്നത് കണ്ട് അസൂയ തോന്നുന്നുവെങ്കില്‍ ഇന്ത്യന്‍ നിരയെ കുറ്റപ്പെടുത്തുകയല്ല പ്രതിവിധി. മറിച്ച് മികച്ച പിച്ചൊരുക്കി മത്സരം നടത്തുകയാണ് വേണ്ടത്. ഇത്തരം പിച്ചുകളില്‍ ഇന്ത്യന്‍ താരങ്ങള്‍ മികച്ച പ്രകടനം നടത്തി തങ്ങള്‍ക്കും അതിനാകുമെന്ന് തെളിയിച്ചിട്ടുള്ളതാണ്. ഇന്ത്യ-ഇംഗ്ലണ്ട് മത്സരം നടന്ന ബംഗളുരുവിലെ പിച്ചില്‍ ഒരു മാസ്മരിക പ്രകടനം ആ ടീമുകള്‍ പുറത്തെടുക്കട്ടെ. എന്നിട്ടാകാം താരതമ്യം.

സ്ലെഡ്ജിങ് സ്റ്റാര്‍സ്


പരിശീലന മത്സരത്തില്‍ പോണ്ടിംഗിനെയും അതിനു മുന്‍പ് ദക്ഷിണാഫ്രിക്കയില്‍ ഗ്രെയിം സ്മിത്തിനെയും സ്ലെഡ്ജ് ചെയ്തതിന് ക്യാപ്റ്റന്‍ ധോണിയില്‍നിന്ന് പരസ്യശാസന ഏറ്റുവാങ്ങിയ ശ്രീശാന്തിനെപ്പോലെ മറ്റുള്ളവരും വികാരപ്രകടനം നടത്താത്തതും ഇപ്പോള്‍ വിമര്‍ശന വിധേയമാവുകയാണ്. ഇംഗ്ലണ്ടിനെതിരേ നിര്‍ണായക വിക്കറ്റ് നേടിയ സഹീര്‍ ഖാന്റെയും മറ്റും ആഹ്‌ളാദപ്രകടനം തികഞ്ഞ പക്വതയോടെയുള്ളതാണെന്ന് വിമര്‍ശകര്‍ പോലും അംഗീകരിച്ചതാണ്. എതിര്‍ ബാറ്റ്‌സ്മാനെ സ്ലെഡ്ജ് ചെയ്തതുകൊണ്ടു മാത്രം വിക്കറ്റ് ലഭിക്കില്ലെന്ന പാഠം മികച്ച കളിക്കാര്‍ നേരത്തേതന്നെ മനസിലാക്കിയിട്ടുള്ളതാണ്. ചില ബാറ്റ്‌സ്മാന്‍മാര്‍ക്കെതിരേ പരിമിതമായ രീതിയില്‍ മാത്രം പ്രകടിപ്പിക്കേണ്ട മത്സര തന്ത്രമാണ് സ്ലെഡ്ജിങ്. ഓസ്‌ട്രേലിയയുടെ സ്റ്റീവ് വോയും ഗ്ലെന്‍ മക്ഗ്രാത്തും ഇത് ഫലപ്രദമായി ഉപയോഗിച്ച് വിജയിപ്പിച്ചു കാട്ടിയിട്ടുള്ളവരാണ്.

ദിസ് ടൈം ഫോര്‍ ബെസ്റ്റ് ടീം

കളിക്കുന്ന 14 ടീമുകളില്‍ ആറെണ്ണത്തിനും കിരീടം നേടാന്‍ തുല്യസാധ്യതയുള്ള ലോകകപ്പാണിത്. ഓസ്‌ട്രേലിയന്‍ അപ്രമാദിത്വമില്ല, ദക്ഷിണാഫ്രിക്കന്‍ മേല്‍ക്കോയ്മയില്ല, ഇന്ത്യന്‍ വീര്യവുമില്ല... മറിച്ച് അതാതു ദിവസങ്ങളില്‍ മികച്ച കളി പുറത്തെടുക്കുന്ന ടീം വിജയിക്കുമെന്നുറപ്പ്. ഇവിടെ 300 റണ്‍സടിച്ചാലും വിജയം ഉറപ്പല്ല, 200ന് ഓള്‍ഔട്ടായാല്‍ തോല്‍ക്കുമെന്നും വിശ്വസിക്കേണ്ട. ഇവിടെ കിരീടം ഏറ്റവും മികച്ചവര്‍ക്കുള്ളതായിരിക്കും. അത് ആരാണെന്ന് തെളിയിക്കേണ്ടത് കളിക്കളത്തിലുമാണ്. അല്ലാതെ കണക്കു കൂട്ടലുകളിലും വികാരപ്രകടനങ്ങളിലുമല്ല.

തലോടേണ്ട; പക്ഷേ തല്ലാതിരുന്നു കൂടെ?SocialTwist Tell-a-Friend

1 comments:

Anonymous said...

ha ha ha

please visit the below link as well.

http://mangalam.com/index.php?page=detail&nid=402297&lang=malayalam