ലോകകപ്പ് ഫുട്‌ബോളില്‍ ലാറ്റിനമേരിക്കന്‍ ആധിപത്യത്തിന്റെ പിടി അയയുന്നുവോ എന്ന സംശയത്തിന്റെ നിഴലില്‍ 2010 ലോകകപ്പ് കലാശക്കൊട്ടിനൊരുങ്ങുന്നു. ലോക കാല്‍പ്പന്ത് മാമാങ്കത്തിന് തിരശീല വീഴാന്‍ കേവലം രണ്ടു മത്സരം മാത്രം അവശേഷിക്കെ കിരീടം യൂറോപ്പ് വിട്ടു പോകില്ലെന്ന് ഉറപ്പായി.
കിരീടത്തിനു പുറമേ ഒരുപിടി നേട്ടങ്ങളും ആഫ്രിക്കന്‍ മണ്ണില്‍വച്ച് ലാറ്റിനമേരിക്കയുടെ കൈയില്‍നിന്നു വഴുതുന്നതിനാണ് ഈ ലോകകപ്പ് സാക്ഷ്യം വഹിക്കുന്നത്.
ലോകകപ്പില്‍ അവശേഷിച്ച അവസാന നാലു ടീമുകളിലെ ഏക ലാറ്റിനമേരിക്കന്‍ ടീമായ യുറുഗ്വായ് കൂടി കീഴടങ്ങിയതോടെയാണ് യൂറോപ്പ് ലോകകപ്പ് ഉറപ്പിച്ചത്. യുറുഗ്വായെ തോല്‍പിച്ച് കലാശപ്പോരിനെത്തിയ ഹോളണ്ടിന് ജര്‍മനി-സ്‌പെയിന്‍ മത്സരത്തിലെ വിജയികളെയാണ് ഫൈനലില്‍ നേരിടേണ്ടി വരിക. കഴിഞ്ഞ വര്‍ഷം യൂറോപ്യന്‍ ടീമായ ഇറ്റലിയായിരുന്നു ചാമ്പ്യന്മാര്‍. അയല്‍ക്കാരായ ഫ്രാന്‍സിനെയാണ് അവര്‍ ഫൈനലില്‍ തോല്‍പിച്ചത്. ഇക്കുറി ഇറ്റലി ആദ്യ റൗണ്ടില്‍ പുറത്തായെങ്കിലും മറ്റു യുറോപ്യന്‍ ടീമുകള്‍ ആ സ്ഥാനം ഏറ്റെടുക്കുകയായിരുന്നു. ലാറ്റിനമേരിക്കന്‍ പ്രതീക്ഷകളായ ബ്രസീലിന്റെയും അര്‍ജന്റീനയുടെയും പതനം അവര്‍ക്ക് വഴിയെളുപ്പമാക്കുകയും ചെയ്തു.
1962-ന് ശേഷം ഇതാദ്യമായാണ് ഒരു വന്‍കര ലോകകപ്പ് നിലനിര്‍ത്തുന്നത്. 1958-ല്‍ സ്വീഡന്‍ ലോകകപ്പില്‍ കിരീടം നേടിയ ബ്രസീല്‍ 62-ല്‍ ചിലിയിലും വിജയമാവര്‍ത്തിച്ചപ്പോള്‍ ലാറ്റിനമേരിക്കയാണ് അവസാനമായി ലോകകപ്പ് നിലനിര്‍ത്തിയ വന്‍കര. പിന്നീട് ഓരോ തവണയും യുറോപ്പും ലാറ്റിനമേരിക്കയും കിരീടം കൈമാറി വരികയായിരുന്നു. കഴിഞ്ഞ തവണ യൂറോപ്പ് നേടിയപ്പോള്‍ ഇക്കുറി ഒരു ലാറ്റിനമേരിക്കന്‍ വിജയമായിരുന്നു ഏവരും പ്രതീക്ഷിച്ചത്. അതാണ് ഇപ്പോള്‍ തകര്‍ന്നിരിക്കുന്നത്. ആഫ്രിക്കയില്‍ ആദ്യമായിയെത്തിയ ലോകകപ്പ് മറ്റു ചില പ്രത്യേകതകള്‍ക്കു കൂടി വേദിയാകും. രണ്ടാം സെമിയില്‍ ജര്‍മനി ലോകകപ്പിന് ഇത്തവണ പുതിയ അവകാശികളായിരിക്കും ഉണ്ടാവുക.
സ്‌പെയ്‌നും ഹോളണ്ടും ഇതിനുമുന്‍പ് കപ്പുയര്‍ത്തിയിട്ടില്ല. ബ്രസീല്‍(5), ഇറ്റലി(4) ജര്‍മനി(3) അര്‍ജന്റീന(2) യുറുഗ്വായ്(2), ഇംഗ്ലണ്ട്(1), ഫ്രാന്‍സ്(1) എന്നിവരാണ് ഇതിനു മുമ്പ് ലോകകിരീടം ഉയര്‍ത്തിയിട്ടുള്ളവര്‍.
ഇതു കൂടാതെ ഈ ലോകകപ്പില്‍ ഇനി ആരു ജയിച്ചു കയറിയാലും അവരെ കാത്ത് മറ്റൊരു നേട്ടം കൂടിയുണ്ട്. സ്വന്തം വന്‍കരയ്ക്കു പുറത്ത് ലോകകപ്പ് നേടുന്ന മൂന്നാമത്തെ ടീമെന്ന ബഹുമതിയാണത്. ബ്രസീലിനും( സ്വീഡന്‍, മെക്‌സിക്കോ, യു.എസ്.എ., ദക്ഷിണകൊറിയ/ജപ്പാന്‍ ലോകകപ്പുകളില്‍) അര്‍ജന്റീനയ്ക്കും(1986 മെക്‌സിക്കോ ലോകകപ്പില്‍) മാത്രം അവകാശപ്പെടാനുണ്ടായിരുന്നതായിരുന്നു ഈ നേട്ടം.
ഇതിനെല്ലാം പുറമേ ലോകകപ്പിലെ ടോപ്‌സ്‌കോറര്‍ പദവിയും തുടരെ രണ്ടാം തവണ യൂറോപ്പ് സ്വന്തമാക്കും. അഞ്ചു ഗോളുകളുമായി സ്‌പെയിനിന്റെ ഡേവിഡ് വിയ്യയും ഹോളണ്ടിന്റെ വെസ്ലി സ്‌നൈഡറുമണിപ്പോള്‍ ഒന്നാം സ്ഥാനത്ത്. നാലുഗോളുമായി ജര്‍മനിയുടെ മിറോസ്ലാവ് ക്ലോസും തോമസ് മുള്ളറും തൊട്ടു പിന്നിലുണ്ട്.
അതോടൊപ്പം ഒരുഗോള്‍ കൂടി നേടിയാല്‍ ക്ലോസ് ലോകകപ്പ് ചരിത്രത്തില്‍ ഏറ്റവുംമധികം ഗോളുകള്‍ നേടിയ ബ്രസീലിന്റെ റൊണാള്‍ഡോയുടെ റെക്കോഡിനൊപ്പമെത്തും. 15 ഗോളുകളാണ് റൊണാള്‍ഡോ നേടിയത്. രണ്ടുഗോള്‍ നേടാനായാല്‍ ആ റെക്കോഡും യൂറോപ്പിലേക്ക് ചേക്കേറും. അതിനും കൂടി സാക്ഷ്യം വഹിച്ചാല്‍ ആഫ്രിക്കയിലെ വന്യഭൂമി ലാറ്റിനമേരിക്കയുടെ ചുടലപ്പറമ്പായെന്ന് ചുരുക്കിപ്പറയാം.
Wednesday, July 7, 2010
അമേരിക്ക ഉറങ്ങി; പക്ഷേ യൂറോപ്പ് ഉണര്‍ന്നിരുന്നു
Posted by sy@m at 10:43 PM
Labels: Fifa World Cup, കായികം
Subscribe to:
Post Comments (Atom)
0 comments:
Post a Comment