സൈന... പത്രങ്ങളില്‍ ആദ്യം ഈ പേര് കാണുമ്പോള്‍ വായനക്കാര്‍ രണ്ടാമതൊന്നു കൂടി വായിച്ചുനോക്കുമായിരുന്നു. സൈനയോ അതോ സാനിയയോ... രണ്ടു പേരും ഹൈദരാബാദുകാര്... ഒരേപ്രായക്കാര്‍... റാക്കറ്റുപയോഗിച്ച് കളിക്കുന്നവര്‍... പേരില്‍ തുടങ്ങുന്ന ഈ സമാനതകള്‍ പക്ഷേ സൈന നെഹ്വാള് തൂത്തെറിഞ്ഞു കഴിഞ്ഞു. സൈന സൈനയാണ്... സാനിയയല്ല. ജനങ്ങള്‍ അറിഞ്ഞു തുടങ്ങിയിരിക്കുന്നു.. ആരാധിച്ചുതുടങ്ങിയിരിക്കുന്നു... പരസ്യക്കമ്പനികള്‍ വന്‍ ഓഫറുകളുമായി പിന്നാലെ കൂടിയിരിക്കുന്നു... ഇനി വരുന്നത് സൈന യുഗം... ഇവള് ഇന്ത്യന്‍ കായികരംഗത്തെ പുതിയ പടവാള്.
മറന്നിട്ടില്ല ഹൈദരാബാദിലെ നാട്ടുകാര്‍ ആ കാഴ്ച. കടുത്ത പരിശീലനത്തിനു ശേഷം വിയര്‍ത്തൊട്ടിയ വസ്ത്രങ്ങളുമായി അച്ഛന്റെ സ്കൂട്ടറിനു പിന്നിലിരുന്നു സ്കൂളിലേക്കു പോകുന്ന ഒരു എട്ടു വയസുകാരിയെ... മിക്കവാറും അവള് അച്ഛനെ കെട്ടിപ്പിടിച്ച് സ്കൂട്ടറിന്റെ പിന്നിലിരുന്ന് മയങ്ങുകയായിരുന്നു. അന്ന് പലരും പരസ്പരം ചോദിച്ചിരിക്കണം, ഈ അച്ഛനും മകള്‍ക്കും വേറെ പണിയില്ലേയെന്ന്.
പക്ഷേ അവരെ അറിയുന്ന ആരും അത് ചോദിക്കാന്‍ മെനക്കെട്ടിട്ടില്ല. അവര്‍ക്കറിയാമായിരുന്നു ആ അച്ഛന്റെയും മകളുടെയും ദിനചര്യ. വെളുപ്പിന് നാലു മണിക്ക് എഴുന്നേറ്റ് അച്ഛന് കുഞ്ഞുമകള്‍ക്കൊപ്പം 25 കിലോ മീറ്റര്‍ അകലെയുള്ള ബാഡ്മിന്റണ്‍ പരിശീലനക്കളരിയിലേക്കു പോകും. അവിടെ രണ്ടു മണിക്കൂര്‍ പരിശീലനം. അതിനു ശേഷം സ്കൂളിലേക്കുള്ള യാത്ര. ഇതായിരുന്നു ഇന്ത്യന്‍ കായിക ലോകത്ത് പിന്നീട് ഉദിച്ചുയര്‍ന്ന ഒരു നക്ഷത്രപ്പിറവിയുടെ ബാല്യം.
ഇന്ത്യന്‍ ബാഡ്മിന്റണിന് അഭിമാനമായി ലോക രണ്ടാം നമ്പര്‍ പദവിയിലേക്ക് ആ പെണ്‍കൊടി വളര്‍ന്നുയര്‍ന്നപ്പോള്‍ നൈസാമിന്റെ നാട്ടുകാര്‍ ഒരിക്കല്‍ക്കൂടി ആ കാഴ്ച ഓര്‍മിച്ചിട്ടുണ്ടാകും. ആ അച്ഛന്റെ പേര് ഡോ. ഹര്‍വീര്‍ സിംഗ്. അന്നത്തെ ആ എട്ടു വയസുകാരി ഇന്ന് ഇരുപതിന്റെ പടി കടന്ന് വിശ്വം ജയിക്കാന്‍ കച്ച മുറുക്കുന്ന സൈന നെഹ്വാള്.
നാലഞ്ചുവര്‍ഷം മുന്‍പ് ഹൈദരാബാദില്‍ നിന്ന് ഒരു പെണ്‍കുട്ടി സൃഷ്ടിച്ച അലയൊലി 'സാനിയാ മാനിയ' എന്ന പേരില്‍ ഇന്ത്യയൊട്ടാകെ തരംഗം സൃഷ്ടിച്ചു. എന്നാല്‍ പിന്നീട് മങ്ങിയും തെളിഞ്ഞും ഏറെയൊന്നും ജ്വലിക്കാതെ അത് 'അതിര്‍ത്തി കടന്നപ്പോള്‍' ഹൈദരാബാദ് ഇന്ത്യക്ക് സമ്മാനിച്ച സൈനയെന്ന പുതുയുഗപ്പിറവി ഇന്ത്യന്‍ കായികലോകത്തിനു തന്നെ നവോന്മേഷമാണ് പകരുന്നത്.
മൂന്ന് ആഴ്ചയ്ക്കുള്ളില്‍ മൂന്നു കിരീടങ്ങള്‍. ഇതിനു പിന്നാലെ ഒന്നിനോളം പോന്നൊരു രണ്ടാം റാങ്ക്. അതിര്‍ത്തികളില്ലാത്ത ലക്ഷ്യത്തില്‍ ഇനി ലോക ഒന്നാം നമ്പര്‍ പദവിയും രാജ്യത്തിന് ഒരു ഒളിമ്പിക് മെഡലും. ഇന്ത്യന്‍ കായിക ലോകത്ത് ഇതേ പ്രായത്തില്‍ ഇത്രയധികം നേട്ടം കൈവരിച്ചവര്‍ അധികമില്ല.
വെളുത്ത അതിര്‍ത്തി വരമ്പുകള്‍ക്കുള്ളില്‍ പറക്കാന്‍ വിധിക്കപ്പെട്ട ഷട്ടില്‍ കോക്കെന്ന തൂവല്പക്ഷി ഇന്ത്യക്ക് അഭിമാനിക്കാന്‍ ഏറെയൊന്നും നല്‍കിയിട്ടുണ്ടായിരുന്നില്ല. പ്രകാശ് പദുക്കോണിന്റെയും പുല്ലേല ഗോപീചന്ദിന്റെയും ഓള് ഇംഗ്ലണ്ട് വിജയങ്ങള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ തിളക്കമറ്റു പോകുമായിരുന്ന ഇന്ത്യന്‍ ബാഡ്മിന്റണ്‍ 1000 വാട്ട് പ്രകാശം പകര്‍ന്ന് പ്രകാശവേഗത്തിലായിരുന്നു സൈനയുടെ വളര്‍ച്ച. മകളുടെ കേളീമികവിന് 'വെള്ളവും വളവും' നല്കാന് പ്രോവിഡന്റ് ഫണ്ടിലെ തുക വരെ ചെലവഴിച്ച ഹൈദരാബാദിലെ എണ്ണവിള ഗവേഷണ ഡയറക്ടറേറ്റിലെ ഹര്‍വീര്‍ സിംഗ് എന്ന മുന്‍ ബാഡ്മിന്റണ്‍ താരത്തിന്റെയും പത്നിയും മുന്‍ ബാഡ്മിന്റണ്‍ ചാമ്പ്യനുമായ ഉഷാ റാണിയുടെയും സ്വപ്നങ്ങള്‍ക്ക് ഇപ്പോള്‍ യാഥാര്‍ഥ്യത്തിന്റെ നിറച്ചാര്‍ത്ത്.
2006-ല്‍ രാജ്യാന്തര മത്സരങ്ങള്‍ കളിക്കാന്‍ തുടങ്ങിയ സൈന വെറും നാലുവര്‍ഷംകൊണ്ടാണ് ഇന്ത്യന്‍ കായികരംഗത്തിന്റെ പതാകവാഹകയായി മാറിയത്. ഇതിനു പിന്നില്‍ കഠിനാധ്വാനത്തിന്റെയും അര്‍പ്പണബോധത്തിന്റെയും ഏടുകള്‍ വായിക്കാനാകും. അവിസ്മരണീയമായ ആ കരിയറിന് പറയാന്‍, തിളങ്ങുന്ന നേട്ടങ്ങളുടെ മാത്രമല്ല, അതിന് പിന്‍ബലമായ അക്ഷീണ യത്നത്തിന്റെയും കഥകളുണ്ട്. 1990 മാര്‍ച്ച് 17-ന് ഒരു ബാഡ്മിന്റണ്‍ കുടുംബത്തില്‍ പിറന്നുവീണ കുഞ്ഞു സൈനയ്ക്ക് കളിപ്പാട്ടങ്ങളേക്കാള്‍ പ്രിയം റാക്കറ്റിനോടും തൂവല്‍ പിടിപ്പിച്ച ഷട്ടില്‍ കോക്കിനോടും തോന്നിയത് സ്വാഭാവികം തന്നെ.
ഒരു കാലത്ത് ബാഡ്മിന്റണില്‍ ഹരിയാനയുടെ സംസ്ഥാന ചാമ്പ്യന്മാരായിരുന്ന അച്ഛന് ഹര്‍വീറിനും അമ്മ ഉഷയ്ക്കും മകളുടെ താല്പര്യം തിരിച്ചറിയാന്‍ ഏറെ പ്രയാസപ്പെടേണ്ടി വന്നില്ല. അതോടെ പിച്ചവച്ചു നടക്കുന്ന പ്രായത്തില്‍ മറ്റു കുട്ടികള്‍ കണ്ണുപൊത്തിക്കളിക്കുമ്പോള്‍ സൈന സ്മാഷിന്റെയും ഡ്രൈവിന്റെയും കുട്ടിക്കളികളില്‍ മുഴുകി. എട്ടാം വയസില്‍ മകളുമായി ഹര്‍വീര്‍ ഹൈദരാബാദിലെ അന്നത്തെ ബാഡ്മിന്റണ്‍ കോച്ച് നാനി പ്രസാദിന്റെ അടുക്കല്‍ എത്തിയതോടെയാണ് സൈന എന്ന താരം രൂപം കൊള്ളാന്‍ തുടങ്ങിയത്. എട്ടുവയസുകാരിയില്‍ ഇന്ത്യന്‍ ബാഡ്മിന്റണിന്റെ ഭാവി കണ്ട നാനി പ്രസാദ് തന്റെ വേനല്‍ക്കാല പരിശീലനക്കളരിയിലേക്ക് സൈനയെ ക്ഷണിച്ചതോടെ ഇന്നത്തെ സൈനയിലേക്കുള്ള വളര്‍ച്ച തുടങ്ങി.
പിന്നീട് ഹൈദരാബാദിലെ തെരുവുണരുന്നത് അച്ഛന്റെയും മകളുടെയും യാത്ര കണ്ടുകൊണ്ടായിരുന്നു. അകലെയുള്ള കളരിയിലേക്ക് മകളുമായി നിത്യേന ചെയ്യേണ്ട യാത്രയെക്കുറിച്ചാലോചിച്ച ഹര്‍വീര്‍ പിന്നീട് പരിശീലന ക്യാമ്പിനടുത്തേക്ക് വീടുമാറും വരെ നാട്ടുകാര്‍ കണി കണ്ടിരുന്നത് പഴയ ലാംബി സ്കൂട്ടറിനു പിന്നില്‍ ക്ഷീണിച്ച് ഉറക്കം തൂങ്ങുന്ന ആ മകളെയും അവളുടെ ഉയര്‍ച്ച സ്വപ്നം കണ്ട് സ്കൂട്ടര്‍ ഓടിക്കുന്ന അച്ഛനെയുമാണ്.
ഹര്‍വീറിന് പിന്നെ നേരിടേണ്ടി വന്നത് മകളുടെ പരിശീലന ചെലവുകളായിരുന്നു. പ്രതിമാസം അതിനു മാത്രം 12,000 രൂപ മുടക്കാന്‍ കൈയിലില്ലാതെ വന്ന സമയത്ത് വളര്‍ന്നു വരുന്നത് പെണ്‍കുട്ടിയാണെന്ന ചിന്ത മാറ്റിവച്ച് ഏക സമ്പാദ്യമായിരുന്ന പി.എഫ്. തുക വരെയെടുത്തു ചെലവഴിച്ച ആ അച്ഛന് ഇന്ന് അഭിമാനത്തിന്റെ കൊടുമുടിയിലാണ്. നാനി പ്രസാദിന്റെ കളരിയില്‍ ബാലപാഠങ്ങള്‍ അഭ്യസിച്ച സൈനയുടെ വളര്‍ച്ച അതിവേഗത്തിലായിരുന്നു. പിന്നീട് ദ്രോണാചാര്യ അവാര്‍ഡ് നേടിയ എസ്.എം. ആരിഫിന്റെ ശിക്ഷണത്തില്‍ സൈന പ്രൊഫഷണല്‍ ബാഡ്മിന്റണിലേക്ക് ചുവടുവച്ചു.
സാനിയയുടെ അതേ നാട്ടുകാരി. പ്രായത്തിലില്ലാത്ത വ്യത്യാസം കളിയില്‍ മാത്രം. എന്നാല്‍ ഗ്ലാമറിന്റ പരിവേഷത്താല്‍ ബാഡ്മിന്റണിനെ പിന്തള്ളി ടെന്നീസ് മുന്നേറിയപ്പോള്‍ സൈന സാനിയയുടെ നിഴലിലൊതുങ്ങി. എന്നാല്‍ സാനിയയ്ക്കില്ലാത്ത സ്ഥിരതയെന്ന ഗുണം സൈനയ്ക്കുണ്ടായിരുന്നു. അതിന്റെ ബലത്തില്‍ കുതിച്ചു കയറിയ സൈന ഗ്രഹണം കഴിഞ്ഞിറങ്ങിയ ചന്ദ്രനെപ്പോലെ ശോഭിക്കുകയായിരുന്നു പിന്നീട്.
2003-ല്‍ ചെക്കോസ്ലോവാക്യ ജൂനിയര്‍ ഓപ്പണ്‍ നേടി വരവറിയിച്ച സൈന ഏഴു വര്‍ഷത്തിനുള്ളില്‍ 20 പ്രധാന ടൂര്‍ണമെന്റുകളില്‍ മിന്നുന്ന പ്രകടനമാണ് കാഴ്ചവച്ചത്. ഇതില്‍ 200ഭ-ലെ കോമണ്‍വെല്‍ത്ത് ഗെയിംസ് വെള്ളി, 2008-ലെ ലോക ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പ്, സൂപ്പര്‍ സീരീസ് സെമി പ്രവേശം, 2009-ലെ ഇന്തോനീഷ്യന്‍ സൂപ്പര്‍ സീരീസ് വിജയം, 2010ലെ ഓള് ഇംഗ്ലണ്ട് സെമി പ്രവേശം തുടങ്ങിയവ ഉള്‍പ്പടെും. ഒടുവില്‍ ഇക്കഴിഞ്ഞ മൂന്നാഴ്ചകള്‍ക്കുള്ളില്‍ നേടിയ മൂന്നു കിരീടങ്ങളും. പദുക്കോണിന്റെയും ഗോപീചന്ദിന്റെയും ഓള് ഇംഗ്ലണ്ട് ബാഡ്മിന്റണ്‍ കിരീടങ്ങളോളം വിലയുള്ള വിജയങ്ങള്‍.
ഇന്ത്യന്‍ ഗ്രാന്‍പ്രീ, സിംഗപ്പൂര്‍, ഇന്തോനീഷ്യന്‍ സൂപ്പര്‍ സീരീസുകള്‍ എന്നിവയില്‍ നേടിയ ഹാട്രിക് നേട്ടമാണ് സൈനയെ പ്രതീക്ഷകള്‍ക്കപ്പുറത്തെ നേട്ടത്തിലെത്തിച്ചത്. ടെന്നീസിലെ ഗ്രാന്‍സ്ലാമിന് തുല്യമാണ് ബാഡ്മിന്റണിലെ സൂപ്പര്‍സീരീസ് കിരീടം. ഇന്ത്യന്‍ ബാഡ്മിന്റണിന്റെ ശോഭനമായ ഭാവിയെയാണ് ഇതേക്കുറിച്ച് പ്രകാശ് പദുക്കോണ്‍ പിന്നീട് പറഞ്ഞത്. സൈനയുടെ ഈ ഓള്‍റൗണ്ട് മികവ് മറ്റുള്ള ഇന്ത്യന്‍ കളിക്കാര്‍ക്കെല്ലാം ഒരു മാതൃകയാണും പദുക്കോണ്‍ പറഞ്ഞു. അവിശ്വസനീയം എന്നായിരുന്നു മുന്‍ ഓള് ഇംഗ്ലണ്ട് ബാഡ്മിന്റണ്‍ ചാമ്പ്യനും സൈനയുടെ പരിശീലകനുമായ പുല്ലേല ഗോപീചന്ദ് ഈ സ്വപ്നവിജയത്തെ വിശേഷിപ്പിച്ചത്. ഇന്തോനീഷ്യയിലെ വിജയം സൈന സമര്‍പ്പിച്ചത് ഗോപീചന്ദിനാണ്. ഫൈനലിനുശേഷം സൈന ആദ്യം ഫോണില്‍ വിളിച്ചതും ഗോപിയെത്തന്നെ.
ഗോപീചന്ദിന്റെ ശിക്ഷണത്തിലാണ് സൈനയുടെ സമീപകാല വളര്‍ച്ച. സൈനയിലെ സ്ഥിരോത്സാഹിയെ വളര്‍ത്തിയതും ഗോപീചന്ദാണ്. കുട്ടിക്കാലത്ത് പരിശീലനത്തിനായി നിത്യവും അമ്പത് കിലോമീറ്ററോളം യാത്ര ചെയ്യാറുണ്ടായിരുന്ന സൈന ഇപ്പോള്‍ കോച്ച് അതിക് ജുവാഹരിയോടൊപ്പം ദിവസവും പത്ത് മണിക്കൂറാണ് കോര്‍ട്ടില്‍ ചെലവിടുന്നത്. ഈ മനോഭാവമാണ് സൈനയെ എന്നും മുന്നിലെത്തിച്ചിരുന്നത്.
നേട്ടങ്ങളുടെ കൊടുമുടിയിലേക്കു കയറുമ്പോള്‍ സൈനയ്ക്ക് അതൊരു പകവീട്ടല്‍ കൂടിയാണ്. ഒരു കാലത്ത് കണ്ടിട്ടും കണ്ടില്ലെന്നു നടിച്ചവരോടുള്ള മധുരപ്രതികാരം. സൈനയ്ക്കു മുമ്പ് താരമായ സാനിയയുടെ നേട്ടങ്ങളേക്കാള്‍ ഏറെ മുകളിലായിരുന്നു സൈന എന്നും. എന്നിട്ടും ഗ്ലാമറിന്റെ ലോകത്തേക്ക് എത്താഞ്ഞതിനാല്‍ കൊണ്ടാടാനും കൊണ്ടുനടക്കാനും ആരുമുണ്ടായില്ല.
ആദ്യ കാലത്ത് സൈനയ്ക്കു വേണ്ടി ഒരു പരസ്യക്കരാര്‍ ഉണ്ടാക്കാന്‍ സൈനയുടെ പരസ്യക്കരാറുകള് മാനേജ് ചെയ്യുന്ന ഗ്ലോബോ സ്പോര്ട്ടിന് ഏറെ ബുദ്ധിമുട്ടുകള്‍ നേടരിടേണ്ടി വന്നിരുന്നുവത്രേ. പക്ഷേ തുടര്‍ച്ചയായ വിജയങ്ങള്‍ ഇന്ന് സൈനയുടെ പരസ്യമൂല്യം കുതിച്ചുകയറ്റുകയാണ്. 37 ലക്ഷം രൂപയിലേക്കാണ് സൈനയുടെ ബ്രാന്‍ഡ് മൂല്യം കുതിച്ചുകയറിയത്. ഈ വിജയങ്ങള്‍ക്ക് മുന്‍പ് വരെ 10 ലക്ഷം രൂപയില്‍ താഴെയായിരുന്നു. സൈന ലോക ഒന്നാം നമ്പര്‍ താരമാവുകയാണെങ്കില്‍ ഇത് ഒരു കോടിയിലേക്ക് എത്തുമെന്നും ശ്രുതിയുണ്ട്.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐ.പി.എല്‍.) ക്രിക്കറ്റ് ടീമായ ഡെക്കാണ് ചാര്‍ജേഴ്സിന്റെ ബ്രാന്‍ഡ് അംബാസഡറായ സൈനയുടെ ഒഫീഷ്യല്‍ സ്പോണ്സര് ഇപ്പോള്‍ ഡെക്കാണ് ചാര്‍ജേഴ്സാണ്. ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള സ്പോര്‍ട്സ് വനിതയായി മാറാന്‍ സൈനക്ക് ഏറെയൊന്നും കഷ്ടപ്പെടേണ്ടിവരില്ലെന്ന് അവര്‍ പറയുന്നു. പരസ്യലോകം പിന്നാലെ പായാന്‍ തുടങ്ങുമ്പോഴും സൈനയ്ക്കു മുന്നില്‍ ഒരു ലക്ഷ്യം മാത്രം. രാജ്യത്തിന് വേണ്ടി ഒരു ഒളിമ്പിക് മെഡല്‍... ഇപ്പോഴത്തെ ഫോം തുടര്‍ന്നാല്‍ അത് അതിമോഹം ആയിരിക്കില്ല, ഉറപ്പ്.
Sunday, July 25, 2010
ബാഡ്മിന്റണിലെ 'സൈന'്യാധിപ

Posted by sy@m at 9:14 PM 2 comments
Labels: Badminton, Saina Nehwal, കായികം
Wednesday, July 7, 2010
അമേരിക്ക ഉറങ്ങി; പക്ഷേ യൂറോപ്പ് ഉണര്‍ന്നിരുന്നു
ലോകകപ്പ് ഫുട്ബോളില്‍ ലാറ്റിനമേരിക്കന്‍ ആധിപത്യത്തിന്റെ പിടി അയയുന്നുവോ എന്ന സംശയത്തിന്റെ നിഴലില്‍ 2010 ലോകകപ്പ് കലാശക്കൊട്ടിനൊരുങ്ങുന്നു. ലോക കാല്‍പ്പന്ത് മാമാങ്കത്തിന് തിരശീല വീഴാന്‍ കേവലം രണ്ടു മത്സരം മാത്രം അവശേഷിക്കെ കിരീടം യൂറോപ്പ് വിട്ടു പോകില്ലെന്ന് ഉറപ്പായി.
കിരീടത്തിനു പുറമേ ഒരുപിടി നേട്ടങ്ങളും ആഫ്രിക്കന്‍ മണ്ണില്‍വച്ച് ലാറ്റിനമേരിക്കയുടെ കൈയില്‍നിന്നു വഴുതുന്നതിനാണ് ഈ ലോകകപ്പ് സാക്ഷ്യം വഹിക്കുന്നത്.
ലോകകപ്പില്‍ അവശേഷിച്ച അവസാന നാലു ടീമുകളിലെ ഏക ലാറ്റിനമേരിക്കന്‍ ടീമായ യുറുഗ്വായ് കൂടി കീഴടങ്ങിയതോടെയാണ് യൂറോപ്പ് ലോകകപ്പ് ഉറപ്പിച്ചത്. യുറുഗ്വായെ തോല്പിച്ച് കലാശപ്പോരിനെത്തിയ ഹോളണ്ടിന് ജര്‍മനി-സ്പെയിന് മത്സരത്തിലെ വിജയികളെയാണ് ഫൈനലില്‍ നേരിടേണ്ടി വരിക. കഴിഞ്ഞ വര്‍ഷം യൂറോപ്യന്‍ ടീമായ ഇറ്റലിയായിരുന്നു ചാമ്പ്യന്മാര്. അയല്‍ക്കാരായ ഫ്രാന്‍സിനെയാണ് അവര്‍ ഫൈനലില്‍ തോല്പിച്ചത്. ഇക്കുറി ഇറ്റലി ആദ്യ റൗണ്ടില്‍ പുറത്തായെങ്കിലും മറ്റു യുറോപ്യന്‍ ടീമുകള്‍ ആ സ്ഥാനം ഏറ്റെടുക്കുകയായിരുന്നു. ലാറ്റിനമേരിക്കന്‍ പ്രതീക്ഷകളായ ബ്രസീലിന്റെയും അര്‍ജന്റീനയുടെയും പതനം അവര്‍ക്ക് വഴിയെളുപ്പമാക്കുകയും ചെയ്തു.
1962-ന് ശേഷം ഇതാദ്യമായാണ് ഒരു വന്‍കര ലോകകപ്പ് നിലനിര്‍ത്തുന്നത്. 1958-ല്‍ സ്വീഡന് ലോകകപ്പില്‍ കിരീടം നേടിയ ബ്രസീല്‍ 62-ല്‍ ചിലിയിലും വിജയമാവര്‍ത്തിച്ചപ്പോള്‍ ലാറ്റിനമേരിക്കയാണ് അവസാനമായി ലോകകപ്പ് നിലനിര്‍ത്തിയ വന്‍കര. പിന്നീട് ഓരോ തവണയും യുറോപ്പും ലാറ്റിനമേരിക്കയും കിരീടം കൈമാറി വരികയായിരുന്നു. കഴിഞ്ഞ തവണ യൂറോപ്പ് നേടിയപ്പോള്‍ ഇക്കുറി ഒരു ലാറ്റിനമേരിക്കന്‍ വിജയമായിരുന്നു ഏവരും പ്രതീക്ഷിച്ചത്. അതാണ് ഇപ്പോള്‍ തകര്‍ന്നിരിക്കുന്നത്. ആഫ്രിക്കയില്‍ ആദ്യമായിയെത്തിയ ലോകകപ്പ് മറ്റു ചില പ്രത്യേകതകള്‍ക്കു കൂടി വേദിയാകും. രണ്ടാം സെമിയില്‍ ജര്‍മനി ലോകകപ്പിന് ഇത്തവണ പുതിയ അവകാശികളായിരിക്കും ഉണ്ടാവുക.
സ്പെയ്നും ഹോളണ്ടും ഇതിനുമുന്‍പ് കപ്പുയര്‍ത്തിയിട്ടില്ല. ബ്രസീല്‍(5), ഇറ്റലി(4) ജര്‍മനി(3) അര്‍ജന്റീന(2) യുറുഗ്വായ്(2), ഇംഗ്ലണ്ട്(1), ഫ്രാന്‍സ്(1) എന്നിവരാണ് ഇതിനു മുമ്പ് ലോകകിരീടം ഉയര്‍ത്തിയിട്ടുള്ളവര്‍.
ഇതു കൂടാതെ ഈ ലോകകപ്പില്‍ ഇനി ആരു ജയിച്ചു കയറിയാലും അവരെ കാത്ത് മറ്റൊരു നേട്ടം കൂടിയുണ്ട്. സ്വന്തം വന്‍കരയ്ക്കു പുറത്ത് ലോകകപ്പ് നേടുന്ന മൂന്നാമത്തെ ടീമെന്ന ബഹുമതിയാണത്. ബ്രസീലിനും( സ്വീഡന്, മെക്സിക്കോ, യു.എസ്.എ., ദക്ഷിണകൊറിയ/ജപ്പാന് ലോകകപ്പുകളില്‍) അര്‍ജന്റീനയ്ക്കും(1986 മെക്സിക്കോ ലോകകപ്പില്‍) മാത്രം അവകാശപ്പെടാനുണ്ടായിരുന്നതായിരുന്നു ഈ നേട്ടം.
ഇതിനെല്ലാം പുറമേ ലോകകപ്പിലെ ടോപ്സ്കോറര്‍ പദവിയും തുടരെ രണ്ടാം തവണ യൂറോപ്പ് സ്വന്തമാക്കും. അഞ്ചു ഗോളുകളുമായി സ്പെയിനിന്റെ ഡേവിഡ് വിയ്യയും ഹോളണ്ടിന്റെ വെസ്ലി സ്നൈഡറുമണിപ്പോള്‍ ഒന്നാം സ്ഥാനത്ത്. നാലുഗോളുമായി ജര്‍മനിയുടെ മിറോസ്ലാവ് ക്ലോസും തോമസ് മുള്ളറും തൊട്ടു പിന്നിലുണ്ട്.
അതോടൊപ്പം ഒരുഗോള്‍ കൂടി നേടിയാല്‍ ക്ലോസ് ലോകകപ്പ് ചരിത്രത്തില്‍ ഏറ്റവുംമധികം ഗോളുകള്‍ നേടിയ ബ്രസീലിന്റെ റൊണാള്‍ഡോയുടെ റെക്കോഡിനൊപ്പമെത്തും. 15 ഗോളുകളാണ് റൊണാള്‍ഡോ നേടിയത്. രണ്ടുഗോള്‍ നേടാനായാല്‍ ആ റെക്കോഡും യൂറോപ്പിലേക്ക് ചേക്കേറും. അതിനും കൂടി സാക്ഷ്യം വഹിച്ചാല്‍ ആഫ്രിക്കയിലെ വന്യഭൂമി ലാറ്റിനമേരിക്കയുടെ ചുടലപ്പറമ്പായെന്ന് ചുരുക്കിപ്പറയാം.

Posted by sy@m at 10:43 PM 0 comments
Labels: Fifa World Cup, കായികം
പത്തിന്റെ പത്തി മടങ്ങി
നമ്പര്‍ 10... ജഴ്സി മാജിക് നമ്പര്‍ എന്നു വിശേഷണമുള്ള പത്താം നമ്പര്‍ ജഴ്സി ആഫ്രിക്കന്‍ ലോകകപ്പിലെ ഏറ്റവും വലിയ പരാജയങ്ങളിലൊന്നായി. ബ്രസീലിന്റെ പെലെയും അര്‍ജന്റീനയുടെ ഡീഗോ മറഡോണയും ഫ്രാന്‍സിന്റെ സിനദിന്‍ സിദാനും ഭാഗ്യം കൊണ്ടു വന്ന പത്താം നമ്പര്‍ ജഴ്സിയാണു ഭാഗ്യക്കേടിന്റെ ചിഹ്നമായത്.
പത്താം നമ്പറിനെ ബ്രസീലുകാര്‍ ഡെസ് എന്നും അര്‍ജന്റീനക്കാര്‍ ഡിയാസ് എന്നും ഓമനപ്പേരില്‍ വിളിക്കുന്നു. ബ്രസീലിന്റെയും റയാല്‍ മാഡ്രിഡിന്റെയും സൂപ്പര്‍ താരം കക്കയാണു പത്താം നമ്പറില്‍ ഇറങ്ങി നിരാശ നല്കിയവരില് പ്രധാനി. ഗോളടിക്കാന്‍ അവസരങ്ങള്‍ ഒരുക്കിയെങ്കിലും ഒരു ഗോള്‍ പോലും അടിക്കാതെ മടങ്ങിയ കക്ക ബ്രസീല്‍ പുറത്താകുന്നതിനു പ്രധാന കാരണമായി. കക്കയെപ്പോലെ തന്നെ ഗോളടിപ്പിക്കാന്‍ കൂട്ടുനിന്നുവെങ്കിലും ഗോളടിക്കാതെ മടങ്ങിയ അര്‍ജന്റീനയുടെ ലയണല്‍ മെസിയും പത്താം നമ്പറിന്റെ ദൗര്‍ഭാഗ്യമായി.
1966 ലോകകപ്പ് ഫൈനലില്‍ ഇംഗ്ലണ്ടിനു വേണ്ടി പത്താം നമ്പറുകാരനായ ജെഫ് ഹസ്റ്റ് ഹാട്രിക്കടിച്ചിരുന്നു. എന്നാല്‍ ആഫ്രിക്കന്‍ ലോകകപ്പില്‍ ഇംഗ്ലണ്ടിന്റെ പത്താം നമ്പറുകാരനായ വെയ്ന്‍ റൂണി തികഞ്ഞ പരാജയമായി. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ഈ സൂപ്പര്‍ താരത്തിന്റെ ഒരു ഷോട്ടു പോലും ദക്ഷിണാഫ്രിക്കയില്‍ ലക്ഷ്യം കണ്ടില്ല.
മുന്‍ ചാമ്പ്യന്മാരായ ഇറ്റലിക്കും ഫ്രാന്‍സിയും 10 ാം നമ്പര്‍ അശുഭമായി. ഇറ്റലിയുടെ റോബര്‍ട്ടോ ബാജിയോ പത്താം നമ്പറില്‍ ഇറങ്ങി ടീമിനെ ഫൈനല്‍ വരെ കൊണ്ടു വന്നപ്പോള്‍ ഇത്തവണ പത്താമനായ അന്റോണിയോ ഡി നതാല്‍ പരാജയമായി.
സിദാനെപ്പോലെ ഫ്രാന്‍സിന്റെ പത്താമനായി തിളങ്ങാനിറങ്ങിയ സിഡ്നി ഗോവുവിനും കാലക്കേടായിരുന്നു. ഹോളണ്ടിന്റെ വെസ്ലി സ്നൈഡര്‍, സ്പെയിന്റെ സെസ്ക് ഫാബ്രിഗാസ്, യുറുഗ്വായുടെ ഡീഗോ ഫോര്ലാന്, യു.എസ്.എയുടെ ലണ്ടന്‍ ഡോണോവന്‍ എന്നിവരാണ് തമ്മില്‍ ഭേദം. ഫോര്ലാന് ടീമിനെ സെമിയില്‍ എത്തിച്ചപ്പോള്‍ പക്ഷേ ഡൊണോവന്‍ അത്രയ്ക്കു സാധിച്ചില്ല.
ഫാബ്രിഗാസിന് പത്താം നമ്പര്‍ കുപ്പായമണിഞ്ഞ് കരയ്ക്കിരിക്കാനായിരുന്നു യോഗം. ഫാബ്രിഗാസ് കളിച്ച മത്സരങ്ങളിലെല്ലാം പകരക്കാരനായാണ് കളിത്തട്ടിലിറങ്ങിയത്.

Posted by sy@m at 1:08 AM 0 comments
Labels: Fifa World Cup, കായികം