ക്രിസ്റ്റിയാനോ റൊണാള്‍ഡോ ഡോസ് സാന്റോസ് അവെയ്റോ എന്ന പേര് ഇന്ന് ലോക ഫുട്ബോളിലെ തിളക്കമാര്‍ന്ന നാമമാണ്. ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോള്‍ താരത്തിനുള്ള ഫിഫ പ്ലെയര്‍ ഓഫ് ദ ഇയര്‍ അവാര്‍ഡ് ജേതാവ്. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് എന്ന പ്രീമിയര്‍ ലീഗിലെ കൊമ്പന്മാരുടെ മുന്നണി പോരാളി. പോര്‍ച്ചുഗീസ് പടയുടെ വിശ്വസ്ത സ്ട്രൈക്കര്‍.അസാമാന്യ പന്തടക്കവും വേഗതയും കേളീ മികവും കൊണ്ട് കരിയറിന്റെ തുടക്കത്തിലേ ശ്രദ്ധ നേടിയ താരമായിരുന്നു റൊണാള്‍ഡോ. പോര്‍ച്ചുഗല്‍ ക്ലബായ നാഷണല്‍ സി.ഡിയില്‍ പന്തു തട്ടിത്തുടങ്ങിയ ഈ പോര്‍ച്ചുഗല്‍ താരത്തിന്റെ വളര്‍ച്ച താനെടുക്കുന്ന ഫ്രീകിക്ക് പോലെ അതിവേഗത്തിലായിരുന്നു. സി.ഡിയില്‍ നടത്തിയ ചിലപ്രകടനങ്ങള്‍ റൊണാള്‍ഡോയെ പിന്നീട് സ്പോര്‍ട്ടിംഗ് ക്ലബിലെത്തിച്ചു. അവിടെ നിന്നായിരുന്നു ലോകമറിയുന്ന താരമെന്ന നിലയിലേക്ക് റൊണാള്‍ഡോയുടെ വളര്‍ച്ച. 2001-03 സീസണില്‍ സ്പോര്‍ട്ടിംഗിനു വേണ്ടിക്കളിച്ച റൊണാള്‍ഡോയുടെ കേളീമികവ് ഡേവിഡ് ബെക്കാമിനേയും മറ്റും കണ്ടെത്തിയ സാക്ഷാല്‍ സര് അലക്സ് ഫെര്‍ഗൂസന്റെ ശ്രദ്ധയില്‍പ്പെട്ടു. അതോടെ താരത്തിന്റെ രാശിയും തെളിഞ്ഞു.2003-ല്‍ തന്റെ പതിനെട്ടാം വയസില്‍ 12.24 മില്യണ്‍ ഡോളര്‍ എന്ന റിക്കാര്‍ഡ് തുകയ്ക്ക് മാഞ്ചസ്റ്ററില്‍ എത്തിയ റൊണാള്‍ഡോ പിന്നീട് തന്റേതായ സാമ്രാജ്യം വെട്ടിപ്പിടിക്കുന്നതാണ് ലോകം കണ്ടത്. ജോര്‍ജ് ബെസ്റ്റും പോള്‍ ഗാസ്കോയിനും ബെക്കാമും റൂണിയും ഗാരി നെവിലുമെല്ലാം പന്തുതട്ടിക്കളിച്ച ഓള്‍ഡ്ട്രാഫോര്‍ഡിലെ പുല്‍മൈതാനം പോര്‍ച്ചുഗല്‍ താരത്തെ ഇരു കൈയ്യും നീട്ടി സ്വീകരിച്ചപ്പോള്‍ ഓള്‍ഡ്ട്രാഫോര്‍ഡിലെ കാണികള്‍ക്ക് പിന്നീട് ആഘോഷിക്കാന്‍ ഒരുപാട് മുഹൂര്‍ത്തങ്ങളാണ് ലഭിച്ചത്.ഒരു സ്പ്രിന്ററെ വെല്ലുന്ന വേഗത, കരുത്തുറ്റ ഷോട്ടുകള്‍ ഹെഡറുകളിലെ കൃത്യത ഇവയൊക്കെയായിരുന്നു റൊണാള്‍ഡോയുടെ മുതല്‍ക്കൂട്ട്. പോര്‍ച്ചുഗലിന്റെ പെരുമകേട്ട മികവ് തന്റെ അതുല്യമായ കേളീമകവിലൂടെ പുറത്തെടുത്തപ്പോള്‍ മാഞ്ചസ്റ്ററിന് റൊണാള്‍ഡോ സമ്മാനിച്ചത് അതുല്യവിജയങ്ങളായിരുന്നു.ടീമിന് ആവശ്യമുള്ളപ്പോള്‍ സര്‍വ ശക്തിയോടെയും മികവോടെയും റൊണാള്‍ഡോ ഗ്രൗണ്ടില്‍ മിന്നി. ഇതോടെ മാഞ്ചസ്റ്ററിനു ലഭിച്ചത് ബെക്കാമിനു ശേഷം ഒറ്റയ്ക്ക് കളിജയിപ്പിക്കാന്‍ അറിയാവുന്ന ഒരു താരത്തിനേയാണ്. കഴിഞ്ഞ വര്‍ഷം നടന്ന ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ ചെല്‍സിക്കെതിരേ നേടിയ ഹെഡര്‍ ഗോള്‍ മാത്രം മതിയാകും ഇതിന് തെളിവായി.മാഞ്ചസ്റ്ററിലെ ആദ്യ നാളുകള്‍ റൊണാള്‍ഡോയ്ക്ക് അത്ര സുഖമേറിയതായിരുന്നില്ല. തന്റെ മികവില്‍ അത്രയേറെ വിശ്വസിച്ചിരുന്ന താരം മതിമറന്നു ഗ്രൗണ്ടില്‍ വിരാജിച്ചപ്പോള്‍ ടീം സ്പിരിറ്റില്ലാത്തവനെന്നും സ്വാര്‍ത്ഥമതിയെന്നും കാണികളും മറ്റുള്ളവരും ധരിച്ചു. എന്നാല്‍ പട്ടാളച്ചിട്ടയിലുള്ള ഫെര്‍ഗൂസന്റെ ശിക്ഷണം റൊണാള്‍ഡോയെ പാകപ്പെടുത്തിയെടുക്കുകയായിരുന്നു. ഇതിനു പിന്നാലെ ജര്‍മനിയില്‍ നടന്ന ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ വെയ്ന്‍ റൂണിക്ക് ചുവപ്പു കാര്‍ഡ് വാങ്ങിക്കൊടുത്തതിലുള്ള പങ്കും റൊണാള്‍ഡോയുടെ പ്രീമിയര്‍ലീഗ് ഭാവി അവതാളത്തിലാക്കുമെന്ന് തോന്നിപ്പിച്ചു.ഇംഗ്ലണ്ട്-പോര്‍ച്ചുഗല്‍ മത്സരത്തില്‍ റൂണി ഫൗള്‍ കളിച്ചപ്പോള്‍ എങ്ങു നിന്നോ ഓടിയെത്തിയ റൊണാള്‍ഡോ റഫറിക്കു മുന്നില്‍ വാദിച്ച് റൂണിക്ക് ചുവപ്പു കാര്‍ഡ് നല്‍കിക്കുകയായിരുന്നുവെന്നാണ് വാദം. കാര്‍ഡ് ലഭിച്ച ശേഷം പുറത്തേക്കു പോയ റൂണിയെ കണ്ണിറുക്കിക്കാട്ടി ചിരിച്ചതും ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. ഇന്ന് നിനക്ക് ചുവപ്പ് കാര്‍ഡ് ഞാന്‍ വാങ്ങിനല്‍കുമെന്ന് മത്സരത്തിനു മുമ്പ് റൂണിയോട് റൊണാള്‍ഡോ പറഞ്ഞിരുന്നതായി വാര്‍ത്തകള്‍ വന്നതോടെ തന്റൊപ്പം നിന്നിരുന്ന ഓള്‍ഡ്ട്രാഫോര്‍ഡിലെ കാണികളും റൊണാള്‍ഡോയെ കൈവിട്ടു. മാഞ്ചസ്റ്ററിന്റെ തട്ടകത്തില്‍ കാല്കുത്താന് അനുവദിക്കില്ലെന്നായിരുന്നു ഹൂളിഗന്‍സിന്റെ പ്രഖ്യാപനം.എന്നാല്‍ അതേ സീസണില്‍ മാഞ്ചസ്റ്ററിനുവേണ്ടി പ്രീമിയര്‍ ലീഗിലെ കൈവിട്ടുപോയെ കിരീടവും ചാമ്പ്യന്മാരിലെ ചാമ്പ്യന്മാരെ തെരഞ്ഞെടുക്കാനുള്ള ചാമ്പ്യന്‍സ് ലീഗ് കിരീടവും വെട്ടിപ്പിടിച്ച് റൊണാള്‍ഡോ വീണ്ടും അവരുടെ മുത്തായിമാറി. മാസങ്ങള്‍ക്കു മുമ്പ് ഓള്‍ഡ്ട്രാഫോര്‍ഡില്‍ കാല്കുത്തിയാല് കാല്‍വെട്ടുമെന്ന് പറഞ്ഞ കാണികള്‍ ഈ അതുല്യ പ്രതിഭയെ തങ്ങളുടെ എക്കാലത്തേയും മികച്ച താരമായ ജോര്‍ജ് ബെസ്റ്റിനോട് ഉപമിച്ചത് ഏറെ ശ്രദ്ധനേടിയിരുന്നു. മാഞ്ചസ്റ്ററിനു വേണ്ടി ഇതുവരെ 179 മത്സരങ്ങളില്‍ നിന്ന് 74 ഗോള്‍ നേടിയ റൊണാള്‍ഡോ കഴിഞ്ഞ സീസണില്‍ മാത്രം 42 തവണ വലകുലുക്കിയിരുന്നു.ഈ പ്രകടനങ്ങള്‍ തന്നെ ഫുട്ബോള്‍ ലോകത്തെ ഏറ്റവും വലിയ പുരസ്കാരത്തിലേക്ക് പോര്‍ച്ചുഗല്‍ താരത്തിനെ കൈപിടിച്ചുയര്‍ത്തിയത്. അര്‍ജന്റീനയുടെ രണ്ടാം മറഡോണ ലയണല്‍ മെസിയേയും സ്പാനിഷ് കരുത്തുമായെത്തിയ ഫെര്‍നാന്‍ഡോ ടോറസിനേയും പിന്തള്ളി ഇതിഹാസ താരം പെലയില്‍ നിന്ന് അവാര്‍ഡ് ഏറ്റുവാങ്ങുമ്പോള്‍ റൊണാള്‍ഡോ പറഞ്ഞത് ജീവിതത്തിലെ മറക്കാനാകാത്ത മുഹൂര്‍ത്തമെന്നാണ്. അതെ അതു തന്നെയാവും പ്രീമിയര്‍ലീഗിനെയും ഫുട്ബോളിനേയും സ്നേഹിക്കുന്ന ആരാധകര്‍ക്കും പറയാനുള്ളത്. റൊണാള്‍ഡോ സമ്മാനിച്ച അവിസ്മരണീയ മുഹൂര്‍ത്തങ്ങള്‍ തങ്ങള്‍ക്കും മറക്കാനാകാത്തത് തന്നെയെന്ന്. ഇനിയും അവ പ്രധാനം ചെയ്യണമെന്നും...
Wednesday, January 14, 2009
ഫുട്ബോള്‍ ലോകത്തെ ഇളമുറത്തമ്പുരാന്

Posted by sy@m at 6:13 PM 1 comments
Labels: കായികം
Sunday, January 11, 2009
കായിക കേരളത്തിന്റെ ഉറക്കം കെടുത്താന്‍ ഉത്തരേന്ത്യ
കൗമാര ഇന്ത്യയുടെ കായികക്ഷമത പരീക്ഷിക്കുന്ന ദേശീയ സ്കൂള്‍ കായിക മേളയ്ക്ക് കൊടിയിറങ്ങി. പ്രതീക്ഷിച്ചതു പോലെ അറബിക്കടലിന്റെ റാണിയായ കൊച്ചിയിലും കേരളത്തിന് എതിരാളികള്‍ ഉണ്ടായില്ല. സ്വര്‍ണക്കൊയ്ത്ത് നടത്തി ചാമ്പ്യന്‍പട്ടത്തിന് ആരും കൊതിക്കേണ്ടന്ന് വിളംബരം ചെയ്ത കേരളത്തിനു പക്ഷേ മീറ്റ് കനത്ത മുന്നറിയിപ്പാണ് നല്‍കുന്നത്.
മധ്യ-ദീര്‍ഘദൂര ഇനങ്ങളിലും കേരളത്തിന്റെ കുത്തകയെന്നു കരുതിയിരുന്ന 400, 200, 100 മീറ്റര്‍ ഇനങ്ങളിലും അന്യ സംസ്ഥാന താരങ്ങള്‍ നടത്തിയ മുന്നേറ്റം കായിക കേരളത്തിനു ഭീഷണിയുയര്‍ത്തുന്നു. മധ്യ-ദീര്‍ഘ ദൂര ഇനങ്ങളില്‍ ഏറെയൊന്നും കേള്‍വികേട്ടിട്ടില്ലാത്ത ഉത്തര്‍പ്രദേശിന്റെ മുന്നേറ്റത്തിനാണ് കൊച്ചി മീറ്റ് സാക്ഷ്യം വഹിച്ചത്. മേളയുടെ മൂന്നാം ദിനത്തില്‍ നടന്ന 1500 മീറ്ററുകളില്‍ യു.പി മെഡല്‍ വാരുകയായിരുന്നു.
അതു പോലെ തന്നെ ഏറെക്കാലമായി കേരളത്തിന്റെ സ്വന്തമായിരുന്ന 400 മീറ്റര്‍ ഇനങ്ങളിലും യു.പിയും ഒറീസയും പഞ്ചാബും തങ്ങളാലാവും വിധം സ്വര്‍ണവേട്ട നടത്തി. നിലവില്‍ കേരളാ താരങ്ങളുടെ പേരില്‍ റിക്കാര്‍ഡ് നിലനില്‍ക്കുന്ന ഇനങ്ങള്‍ പോലും കൈവിട്ടു പോകുന്ന കാഴ്ചയ്ക്കും കൊച്ചി സാക്ഷ്യം വഹിച്ചു.
റിക്കാര്‍ഡ് പ്രകടനങ്ങളോടെയാണ് ചില ഇനങ്ങളില്‍ അന്യസംസ്ഥാന താരങ്ങള്‍ കേരളത്തെ വെല്ലുവിളിച്ചത്. ഇതില്‍ ഏറ്റവും ശ്രദ്ധേയം രണ്ടാം പി.ടി ഉഷയെന്ന വിളിപ്പേരു സമ്പാദിച്ച ഒറീസാ താരം രഞ്ജിതാ മഹന്തയുടെ പ്രകടനമാണ്. രഞ്ജിതയുടെ പ്രകടനം കാണികളെ അക്ഷരാര്‍ഥത്തില്‍ വിസ്മയിപ്പിക്കുകതന്നെ ചെയ്തു. ജൂണിയര്‍ പെണ്‍കുട്ടികളുടെ വിഭാഗം 100 മീറ്ററില്‍ 29 വര്‍ഷം പഴക്കമുള്ള ഡല്‍ഹി താരം വിക്ടോറിയ അവോഗ സ്ഥാപിച്ച റിക്കാര്‍ഡ് മറികടന്ന രഞ്ജിത 12.12 സെക്കന്‍ഡ് കൊണ്ടാണ് നൂറുമീറ്റര്‍ പിന്നിട്ടത്. ഇതേ പ്രായത്തില്‍ ഇന്ത്യയുടെ സാക്ഷാല്‍ പി.ടി.ഉഷകുറിച്ചത് 12.22 സെക്കന്‍ഡായിരുന്നു എന്ന കാര്യം ഓര്‍ക്കുമ്പോഴാണ് രഞ്ജിതയുടെ പ്രകടനത്തിന്റെ മേന്മ വ്യക്തമാകുന്നത്. രഞ്ജിത പിന്നീട് 200 മീറ്ററിലും സ്വര്‍ണം നേടി താന്‍ ഇന്നലത്തെ മഴയില്‍ കുരുത്തതല്ലെന്നു തെളിയിച്ചു.
ആണ്‍കുട്ടികളുടെ ദീര്‍ഘദൂര ഇനങ്ങളിലും ഈ കുതിപ്പ് കണ്ടു. 5000 മീറ്ററിലും 1500 മീറ്ററിലും സ്വര്‍ണം നേടി ഡബിള്‍ തികച്ച ഒറീസയുടെ ബിര്‍സ ഓറമും മീറ്റിലെ താരങ്ങളിലൊന്നാണ്. 5000 മീറ്ററില്‍ 18 വര്‍ഷം പഴക്കമുള്ള റിക്കാര്‍ഡ് തകര്‍ത്താണ് ഓറം സ്വര്‍ണമണിഞ്ഞത്. ഈയ്ിനത്തില്‍ മത്സരിച്ച കേരളത്തിന്റെ സുജുമോന്‍ കെ.എസ് അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 100-200 മീറ്ററിന്റെ മറ്റ് ഇനങ്ങളില്‍ കേരള താരങ്ങള്‍ സ്വര്‍ണം വാരിയതിന്റെ ആഹ്ലാദത്തില്‍ ഈ ഭീഷണിയൊന്നും അത്ര കണ്ട് ശ്രദ്ധനേടാതെപോയി.
400 മീറ്ററിലും ഇത്തരത്തില്‍ കായിക കേരളത്തിന് ഭീഷണിയുയര്‍ന്നിരുന്നു. പെണ്‍കുട്ടികളുടെ സബ് ജൂണിയര്‍ വിഭാഗത്തില്‍ ഒറീസയുടെ ദ്യുതിചന്ദും ജൂണിയര്‍ വിഭാഗത്തില്‍ ആന്ധ്രപ്രദേശിന്റെ എം സുഷമയും ആണ്‍കുട്ടികളുടെ ജൂണിയര്‍ വിഭാഗത്തില്‍ രണ്ടാം സ്ഥാനം നേടിയ പഞ്ചാബിന്റെ അവിനാഷും മദ്യദൂര ഇനങ്ങളില്‍ കേരളത്തിനു വെല്ലുവിളിയുയരുന്നുവെന്നതിന്റെ സൂചന നല്കുന്നു. പെണ്‍കുട്ടികളുടെ സബ് ജൂണിയര്‍ 400 മീറ്ററില്‍ വെള്ളി നേടിയ കേരളത്തിന്റെ ആന്‍സി തന്റെ മികച്ച പ്രകടനങ്ങളിലൊന്നാണ് കാഴ്ചവച്ചത്. എന്നാല്‍ ദ്യുതി മീറ്റ് റിക്കാര്‍ഡോടെയാണ് സ്വര്‍ണം നേടിയതെന്നത് കേരളാ താരങ്ങള്‍ പിന്നോക്കം പോയതല്ല മറിച്ച് മറുനാട്ടുകാര്‍ മുന്നോട്ട് കുതിക്കാന്‍ ശീലിച്ചുവെന്നതാണ് ചൂണ്ടിക്കാട്ടുന്നത്.
ദീര്‍ഘദൂര ഇനങ്ങളിലൊന്നായ 1500 മീറ്ററിലും അന്യസംസ്ഥാനങ്ങളുടെ തേരോട്ടമായി രുന്നു. ഉത്തര്‍പ്രദേശാണ് ഈയിനത്തില്‍ ഏറെ മുന്നോട്ടു കുതിച്ച സംസ്ഥാനം. മുന്‍വര്‍ഷങ്ങളിലെ കണക്ക് പരിശോധിച്ചാല്‍ ചിത്രത്തില്‍പോലുമുണ്ടാകാതിരുന്ന സംസ്ഥാനമായിരുന്നു യു.പി. എന്നാല്‍ ഈ വര്‍ഷം 10 സ്വര്‍ണമുള്‍പ്പടെ 83 മെഡലുമായി രണ്ടാം സ്ഥാനത്തെത്തി. കേരളത്തെപ്പോലെ സ്വര്‍ണക്കൊയ്ത്ത് നടത്താന്‍ കഴിഞ്ഞില്ലെങ്കിലും വരും വര്‍ഷങ്ങളില്‍ നിലവിലെ ചാമ്പ്യന്മാരുടെ ഉറക്കം കെടുത്താന്‍ തങ്ങള്‍ക്കാകുമെന്ന് അവര്‍ വ്യക്തമാക്കുന്നു.
ദീര്‍ഘ ദൂര ഇനങ്ങള്‍ പണ്ടും കേരളത്തിന്റൈ കുത്തകയായിരുന്നില്ലെന്നും ഒരു വാദമുണ്ട്. എന്നാല്‍ ഇടക്കാലത്ത് കേരളം ഈ ഇനങ്ങളില്‍ ആധിപത്യം സ്ഥാപിച്ചിരുന്നു. പ്രത്യേകിച്ച് പെണ്‍കുട്ടികളുടെ വിഭാഗത്തില്‍. കേരളത്തിനായി ജിജിമോള്‍ ജേക്കബ്, ഷമീന ജബ്ബാര്‍, എസ്.ആര് ബിന്ദു എന്നിവര്‍ തിളങ്ങിയ 2000-ത്തിന്റെ ആദ്യ വര്‍ഷങ്ങള്‍ കേരളത്തിന്റേതായിരുന്നു. ഇവയില്‍ ചിലയിനങ്ങളില്‍ ഇപ്പോഴും നിലവിലെ റിക്കാര്‍ഡുകള്‍ ഷമീനയുടെയും ജിജിമോളിന്റെയും പേരിലാണെന്നതും ശ്രദ്ധിക്കുമ്പോഴാണ് ഈ വര്‍ഷം കേരളം ഏറെ പിന്നിലായത് മനസിലാകുന്നത്. അന്തര്‍ദേശീയ മീറ്റുകളില്‍ ഈ ഇനങ്ങളില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത് മലയാളികളാണെന്നതും വിസ്മരിക്കപ്പെടുന്നു.
5000, 10000 മീറ്ററുകളില്‍ പ്രീജാ ശ്രീധരനും 1500, 800 മീറ്ററുകളില്‍ സിനിമോള്‍ പൗലോസും ഒ.പി ജെയ്ഷയും രാജ്യത്തെ പ്രതിനിധീകരിക്കുമ്പോള്‍ അവരുടെ നാട്ടുകാര്‍ സ്കൂള്‍ മീറ്റുകളില്‍ അന്യനാട്ടുകാര്‍ക്ക് മുമ്പില്‍ തലകുനിക്കുന്നു. പ്രകടനം മോശമായതല്ല കാരണം എന്നത് വസ്തുതയാകുമ്പോള്‍ കേരളത്തിന് ചിലയിനങ്ങളില്‍ താരങ്ങളെ വളര്‍ത്താനും നിലവിലുള്ള പ്രതിഭകളെ നിലനിര്‍ത്താനും സാധിക്കാതെ പോകുന്നതാണ് പ്രശ്നം.
ഏറെ പിന്നിലായിരുന്ന ഒറീസയും യു.പിയും മറ്റും മികച്ച പരിശീലനങ്ങളിലൂടെ മുന്നിലെത്തുമ്പോഴും കേരളത്തെ സംബന്ധിച്ച് വഞ്ചി ഇപ്പോഴും തിരുനക്കര തന്നെ എന്നതാണ് അവസ്ഥ. ഇനിയും ഉറക്കം നടിച്ചാല്‍ ചിലപ്പോള്‍ മെഡലുകള്‍ മറ്റുള്ളവര്‍ തൂത്തുവാരുന്നത് കണ്ടു നില്ക്കാനാകും കായിക കേരളത്തിന്റെ വിധി.

Posted by sy@m at 7:41 PM 4 comments
Labels: കായികം