ഇന്ത്യ-പാക്കിസ്ഥാന്‍ ടെസ്റ്റ് പരമ്പരയുടെ പോരാട്ടച്ചൂട്. ലോകത്തിലെ ഏറ്റവും വേഗതയേറിയ ബൗളര്‍ ഷോയ്‌ബ് അക്തറും സംഘവും ചേര്‍ന്ന് ഇന്ത്യന്‍ ഓപ്പണര്‍മാരെ വട്ടം കറക്കുന്നു. ഒരു വിക്കറ്റ് വീഴ്‌ചയില്‍ ഇന്ത്യന്‍ ആരാധകരുടെ തലതാഴ്‌ന്നു. അതാ മൂന്നാം നമ്പര്‍ സ്ഥാനത്തേക്ക് ബാറ്റുമായി മിസ്റ്റര്‍ കൂള്‍...വിക്കറ്റിനു പിന്നില്‍ സ്ലെഡ്‌ജിംഗിന്റെ നാട്ടുഭാഷയുമായി വിക്കറ്റ് കീപ്പര്‍... ഇരുപതു വാര അകലെ നിന്നു കുതിപ്പിനുള്ള ചൂളം വിളിക്കുന്ന റാവല്‍പിണ്ടി എക്‌സ്‌പ്രസ്. നീണ്ട റണ്ണപ്പുകള്‍ക്കും കൂട്ടുകാരുടെ ആവേശ-പ്രചോദനങ്ങള്‍ക്കുമിടയില്‍ അക്തര്‍ ആയുധം തൊടുത്തു... 162 കിലോമീറ്റര്‍ വേഗതയിലെത്തിയ ആ യോര്‍ക്കര്‍ തികഞ്ഞ മെയ്യാഭ്യാസിയെപ്പോലെ ക്രീസില്‍ തന്നെ കൊട്ടി വയ്‌ക്കുന്ന രാഹുല്‍ ദ്രാവിഡ്. അവിശ്വസനീയതയും തന്നോടു തന്നെ പുച്ഛവും തുളുമ്പുന്ന നോട്ടവുമായി അക്തര്‍ ഇനിയെന്ത് എന്ന ഭാവത്തില്‍ തിരിച്ചു നടക്കുന്നു.ഒരു സമയത്ത് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ ടെസ്‌റ്റ് പരാജയങ്ങളില്‍ നിന്നു രക്ഷിച്ച ഒരു ചിത്രമാണ് ഈ കൊട്ട്. സച്ചിന്റെ വിക്കറ്റ് വീണ മാത്രയില്‍ നെടുവീര്‍പ്പിടുന്ന ഇന്ത്യന്‍ കാണികള്‍ പിറുപിറുക്കും.. ഇനി വരുന്നത് ദ്രാവിഡ്. കളി കണ്ടിട്ട് കാര്യമില്ല. ഇപ്പോള്‍ തുടങ്ങും കൊട്ടാന്‍.നൂറു മൈല്‍ വേഗത്തിലെത്തുന്ന അക്തറായാലും കറങ്ങിത്തിരിഞ്ഞെത്തുന്ന ഷെയ്‌ന്‍ വോണായാലും നിഷ്‌കരുണം ബാറ്റുകൊണ്ട് കൊട്ടി ക്രീസില്‍ വച്ചുകളയും മഹാന്‍. അങ്ങനെ ഒരു ചെല്ലപ്പേരും വീണു കിട്ടി. വന്മതില്‍. എത്രയൊക്കെ ആയാലും ആ വന്മതില്‍ ഇന്ത്യയെ ഒട്ടൊന്നുമല്ല സഹായിച്ചത്. ലോകം വെല്ലാന്‍ ഇറങ്ങിത്തിരിച്ച സ്‌റ്റീവ് വോയും സംഘവും, ദക്ഷിണാഫ്രിക്കന്‍ കരുത്തും കിവീ കുതിപ്പുമെല്ലാം പേസിനെ തുണയ്‌ക്കുന്ന പിച്ചില്‍ വന്മതിലില്‍ തലയടിച്ചു വീണു. ഒപ്പം ഇന്ത്യന്‍ ആത്മാഭിമാനം തലയുയര്‍ത്തുകയും ചെയ്‌തു.പക്ഷേ ഇതെല്ലാം കഴിഞ്ഞ കഥ.... ഇന്ത്യന്‍ ക്രിക്കറ്റിലെ വന്‍മതിലിന്റെ കാലം കഴിഞ്ഞോ? കുറച്ചു നാള്‍ മുമ്പു വരെ ആരും ചോദിക്കാന്‍ ധൈര്യപ്പെടാതിരുന്ന ചോദ്യം. എന്നാലിന്ന് ഈ ചോദ്യം സജീവമാണ്. സച്ചിന്‍ തെണ്ടുല്‍ക്കര്‍ കഴിഞ്ഞാല്‍ ഇന്ത്യയുടെ ഏക്കാലത്തെയും മികച്ച റണ്‍വേട്ടക്കാരനായ രാഹുല്‍ ദ്രാവിഡ് ഇന്ന് റണ്‍ കണ്ടെത്താന്‍ വിഷമിക്കുകയാണ്. ഇനി വന്‍മതിലിന് ദാദയുടെ പാത പിന്തുടരാമെന്ന് പറയുന്നവരുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിച്ചു വരികയാണ്.ഈ വര്‍ഷം ആകെ 26 ടെസ്റ്റ് മത്സരങ്ങള്‍ കളിച്ച ദ്രാവിഡ് നേടിയത് 613 റണ്‍സ്. ഒരു സെഞ്ചുറി (111-മാര്‍ച്ചില്‍ ദക്ഷിണാഫ്രിക്കക്കെതിരേ ചെന്നൈയില്‍). നാല് അര്‍ധ സെഞ്ചുറികള്‍ (ജനുവരിയില്‍ ഓസ്‌ട്രേലിയക്കെതിരേ സിഡ്‌നി (53), പെര്‍ത്ത് (93), ഓഗസ്റ്റില്‍ ശ്രീലങ്കക്കെതിരേ കൊളംബോയില്‍ (68), ഒക്‌ടോബറില്‍ ഓസ്‌ട്രേലിയക്കെതിരെ ബാംഗളൂരില്‍ (51). 10 റണ്‍സില്‍ താഴെ 10 തവണ പുറത്ത്.അവസാനം കളിച്ച ആറ് ടെസ്റ്റുകളില്‍ ആകെ നേടിയത് 176 റണ്‍സ്. ഒടുവില്‍ കളിച്ച രണ്ട് ടെസ്റ്റുകളിലെ നാല് ഇന്നിംഗ്‌സുകളില്‍ നേടിയത് 13 റണ്‍സ്. ഇന്ത്യന്‍ മധ്യനിരയുടെ അവിഭാജ്യ ഘടകമായിരുന്ന മിസ്റ്റര്‍ കൂളിന് എന്തുപറ്റിയെന്നോര്‍ത്ത് വിഷമിക്കുകയാണ് ആരാധകര്‍.2007 ഓക്‌ടോബര്‍ 14 ന് നാഗ്‌പൂറില്‍ ഓസ്‌ട്രേലിയക്കെതിരേ നടന്ന ഏകദിന മത്സരത്തിനു ശേഷം ദ്രാവിഡിനെ 50 ഓവര്‍ മത്സരങ്ങള്‍ക്കായി പരിഗണിച്ചിട്ടില്ല. യുവതാരങ്ങള്‍ അക്രമണോത്സുകരായി ബാറ്റു വീശുമ്പോള്‍ സ്വതവേ വിസ്‌േഫാടനം നടത്താന്‍ മടിക്കുന്ന ഈ കോപ്പി ബുക്ക് ശൈലിക്കാരന്‍ പിന്‍ബഞ്ചിലേക്കു തള്ളപ്പെട്ടതു സ്വാഭാവികം. എന്നാല്‍ ടെസ്റ്റ് ടീമില്‍ നിന്ന് വന്‍മതില്‍ ഒഴിവാക്കപ്പെടുന്ന സാഹചര്യമുണ്ടാകുമെന്ന് ആരും കരുതിയിരുന്നില്ല. ഇപ്പോള്‍ ഇതിന്റെ കേളികെട്ട് ഉയര്‍ന്നിരിക്കുന്നു. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ശേഷിക്കുന്ന മൊഹാലി ടെസ്റ്റില്‍ തിളങ്ങിയില്ലെങ്കില്‍ ദ്രാവിഡിന് ടീമിലെ സ്ഥാനം നിലനിര്‍ത്തുക വിഷമകരമാകും. സച്ചിന്‍ കഴിഞ്ഞാന്‍ ടെസ്റ്റിലും ഏകദിനത്തിലും 10000 റണ്‍സ് നേടിയ ഏക ഇന്ത്യന്‍ താരമാണ് ദ്രാവിഡ്. 1997 ല്‍ ക്രിക്കറ്റിന്റെ മെക്കയായ ഇംഗ്ലണ്ടിലെ ലോഡ്‌സില്‍ 95 റണ്‍സ് നേടിത്തുടങ്ങിയ അശ്വമേധം ഇപ്പോള്‍ 130 ടെസ്റ്റില്‍ 10373 റണ്‍സില്‍ എത്തിനില്‍ക്കുകയാണ്. 25 സെഞ്ചുറി, 53 അര്‍ധ ശതകം. ഉയര്‍ന്ന സ്‌കോര്‍ 270. 333 ഏകദിനത്തില്‍ നിന്ന് 10585 റണ്‍സ്. 12 സെഞ്ചുറി. 81 അര്‍ധ സെഞ്ചുറി. ഉയര്‍ന്ന സ്‌കോര്‍ 153. ഗാംഗുലിയുടെ പിന്‍ഗാമിയായി ഇന്ത്യന്‍ നായകസ്ഥാനം ഏറ്റെടുത്ത ശേഷം മികച്ച വിജയങ്ങള്‍ പലതും നല്‍കാന്‍ കഴിഞ്ഞെങ്കിലും 2007 ലെ വെസ്റ്റ്‌ഇന്‍ഡീസ് ലോകകപ്പിലെ ടീമിന്റെ മോശം പ്രകടനവും ധോണിയുടെ നേതൃത്വത്തില്‍ നേടിയ ട്വന്റി 20 ലോകകപ്പ് വിജയവും തുടര്‍ന്ന് നായക സ്ഥാനത്തു നിന്നുള്ള രാജിയും ഉണ്ടാക്കിയ കോലാഹലങ്ങള്‍ ദ്രാവിഡിന്റെ കരിയറിനെ പ്രതികൂലമായി ബാധിച്ചിരിക്കാം. എങ്കിലും ഗുണ്ടപ്പ വിശ്വനാഥിന്റെ പിന്‍ഗാമിയായ ഈ കര്‍ണാടകകാരന്‍ ഫോം വീണ്ടെടുത്ത് ടീമിന് കൂടുതല്‍ കരുത്തു പകരുമെന്നാണ് ആരാധകര്‍ കരുതുന്നത്.
Tuesday, December 16, 2008
വന്മതിലില്‍ വിള്ളല്‍?
Posted by sy@m at 5:45 PM 0 comments
Labels: കായികം
Sunday, December 7, 2008
പത്തര മാറ്റോടെ സെയ്‌നാ നെഹ്‌വാള്‍
അന്താരാഷ്ട്ര ബാഡ്‌മിന്റണ്‍ റാങ്കിംഗില്‍ ആദ്യ പത്തിലെത്തിയ ആദ്യ ഇന്ത്യന്‍ താരം സെയ്‌ന നെഹ്‌വാള്‍ കൊച്ചിയിലെത്തിയപ്പോള്‍. (ഫോട്ടോ - ബ്രില്യന്‍ ചാള്‍സ് ന്യൂസ് ഫോട്ടോഗ്രാഫര്‍ ദീപിക കൊച്ചി.)പത്തരമാറ്റ് തിളക്കത്തില്‍ ഇന്ത്യക്കൊപ്പം തിളങ്ങുകയാണ് ഹൈദരാബാദില്‍ നിന്നൊരു പതിനെട്ടുകാരി. ബാഡ്‌മിന്റണ്‍ രംഗത്ത് ഏറെയൊന്നും അവകാശപ്പെടാനില്ലായിരുന്ന ഇന്ത്യ അടുത്ത കാലത്ത് കണ്ട താരോദയമാണ് സെയ്‌നാ നെഹ്‌വാള്‍ എന്ന കൗമാരക്കാരി.ലോക ബാഡ്‌മിന്റണ്‍ റാങ്കിംഗില്‍ ആദ്യ പത്തില്‍ എത്തുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന ബഹുമതിയും സ്വന്തമാക്കിയതോടെ വരും നാളുകളില്‍ സെയ്‌ന ഇന്ത്യന്‍ കായിക രംഗത്തെ ശുക്ര നക്ഷത്രമാകുമെന്ന ശുഭസന്ദേശമാണ് ലഭിക്കുന്നത്. ഇനിയാര്‍ക്കും തകര്‍ക്കാനാകാത്ത റിക്കാര്‍ഡ് സൃഷ്ടിച്ചു സെയ്‌നയും അത് തന്നെ ഉറപ്പിച്ചു പറയുന്നു.ക്രിക്കറ്റിലെ പണക്കൊഴുപ്പും താരാപഥവും സൃഷ്ടിച്ച ഭ്രമണപഥത്തില്‍ വട്ടം കറങ്ങുകയായിരുന്ന ഇന്ത്യന്‍ കായിക ലോകത്ത് ചില ഒറ്റയാന്മാര്‍ വാര്‍ത്തകള്‍ സൃഷ്ടിച്ചു പോന്നിരുന്ന കാലമായിരുന്നു ഇതുവരെ. ലോകത്തിന്റെ നിറുകയില്‍ നിന്ന് വിശ്വനാഥന്‍ ആനന്ദിന്റെ ഒരു ചെക്ക്, അല്ലെങ്കില്‍ ഇന്ത്യന്‍ എക്‌സ്‌പ്രസ് ലിയാന്‍ഡര്‍ പേസ്-മഹേഷ് ഭൂപതി സഖ്യത്തിന്റെ സിംഹഗര്‍ജനം അതുമല്ലെങ്കില്‍ ടെന്നീസ് സെന്‍സേഷന്‍ സാനിയ മിര്‍സയുടെ ഒരു വശ്യമനോഹര പുഞ്ചിരി... ക്രിക്കറ്റ് കഴിഞ്ഞാല്‍ ഇത്രമാത്രമേ ഇന്ത്യന്‍ കായിക ലോകത്തിന് ഉയര്‍ത്തിക്കാട്ടാനുണ്ടായിരുന്നുള്ളു.ധ്യാന്‍ ചന്ദിന്റെ പിന്മുറക്കാര്‍ നാണക്കേടിന്റെ പടുകുഴയില്‍ വീണും, കാല്‍പന്തുകളിയില്‍ ഒന്നാം ക്ലാസില്‍ നിരന്തരം തോറ്റ് ബഞ്ചുറപ്പാക്കിയ ഫുട്‌ബോള്‍ താരങ്ങളും സമ്മാനിക്കുന്ന ചില നൊമ്പരങ്ങള്‍ പിന്നെയും ബാക്കി. ഇതിനെല്ലാം ഇടയിലായിരുന്നു സെയ്‌നയുടെ വരവ്.ഒമ്പതാം വയസില്‍ ബാഡ്‌മിന്റണ്‍ രംഗത്തേക്ക് ചുവടുവച്ച കുട്ടിയേ സ്വാധീനിക്കാന്‍ ടെന്നീസിന്റെ ഗ്ലാമര്‍ ലോകം ഒപ്പമുണ്ടായിരുന്നു. എന്നാല്‍ തന്റെ ലോകം ബാഡ്‌മിന്റണാണെന്ന് ഉറച്ചു വിശ്വസിച്ച് പ്രലോഭനങ്ങളില്‍ വീഴാതെ പിടിച്ചു നിന്ന സെയ്‌നയെ തേടി ഭാഗ്യവും വിജയദേവതയും ഇന്ത്യയിലെത്തുകയായിരുന്നു.1990 മാര്‍ച്ച് 17-ന് ഹരിയാനയിലെ ഹിസാര്‍ ഗ്രാമത്തില്‍ ഡോ. ഹര്‍വീര്‍ സിംഗിന്റേയും ഉഷാ നെഹ്‌വാളിന്റെയും മകളായി പിറന്ന സെയ്‌നയുടെ കുതിപ്പ് അപ്രതീക്ഷിത വേഗത്തിലായിരുന്നു. എട്ടു വയസുവരെ സാധാരണ കുട്ടികളേപ്പോലെ രാവിലെ ഏഴുമണി വരെ കിടന്നുറങ്ങി ശീലിച്ച സെയ്‌നയുടെ തലയിലെഴുത്ത് മാറ്റിയത് ആദ്യ കാല കോച്ച് നാനി പ്രസാദാണ്. ബാഡ്‌മിന്റണില്‍ ഒരു ലോകോത്തര താരത്തെ സെയ്‌നയില്‍ കണ്ട നാനിപ്രസാദ് കൂടുതല്‍ പരിശീലനങ്ങളിലേക്ക് സെയ്‌നയെ നയിച്ചു.ഇതിനായി വേണ്ടി വന്ന ചിലവുകള്‍ക്ക് ഹര്‍വീര്‍ സിംഗ് മകള്‍ക്കു വേണ്ടി സ്വരൂക്കൂട്ടി വച്ചിരുന്ന സേവിംഗ്‌സും പ്രോവിഡന്റ് ഫണ്ടും എടുത്തുപയോഗിക്കുമ്പോഴും ഇത്രയുയരത്തിലേക്ക് മകള്‍ ഉയരുമെന്ന് സ്വപ്‌നം പോലും കണ്ടിരുന്നില്ല.സാമ്പത്തിക ഞെരുക്കത്തിലുള്ള ഞാണിന്മേല്‍ക്കളി 2002 വരെ നീണ്ടു നിന്നു. അപ്പോഴേക്കും വളര്‍ന്നു വരുന്ന താരമായി സെയ്‌ന അറിയപ്പെട്ടു തുടങ്ങിയിരുന്നു.എന്നാല്‍ ലോക കായികകണ്ണില്‍ സെയ്‌ന നെഹ്‌വാള്‍ എന്ന പേര് പതിയുന്നത് പിന്നെയും നാലു വര്‍ഷങ്ങള്‍ കഴിഞ്ഞാണ്. 2006-ല്‍ ഫിലിപ്പൈന്‍സ് ഓപ്പണില്‍ വിജയിച്ച് ഒരു 4-സ്റ്റാര്‍ ടൂര്‍ണമെന്റില്‍ വിജയം വരിക്കുന്ന ആദ്യ ഇന്ത്യക്കാരിയായി സെയ്‌ന മാറി. 86-ാം സീഡായി ടൂര്‍ണമെന്റിന് എന്‍ട്രി നേടിയ താരം മുന്‍നിര താരങ്ങളെ തകര്‍ത്ത് മുന്നേറുന്നത് കണ്ട് ഇന്ത്യ ഏറെ സന്തോഷിച്ചു. അതേ വര്‍ഷം ലോക ജൂണിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ റണ്ണറപ്പായി സെയ്‌ന തന്റെ വരവ് അറിയിച്ചു.ഇതോടെയാണ് സെയ്‌നയുടെ ഭാഗ്യജാതകം തെളിയുന്നത്. ഈ മുന്നേറ്റങ്ങള്‍ കണ്ട മുന്‍ ഇന്ത്യന്‍ താരവും ഓള്‍ ഇംഗ്ലണ്ട് വിജയിച്ച ഇന്ത്യക്കാരനുമായ പുല്ലേല ഗോപീചന്ദ് സെയ്‌നയെ തന്റെ ശിഷ്യയായി സ്വീകരിച്ചു.പിന്നീടുള്ള മുന്നേറ്റങ്ങള്‍ നാം ദര്‍ശിച്ചതാണ്. അനുപമമായിരുന്നു ആ കുതിപ്പ്. ലോക ജൂണിയര്‍ ചാമ്പ്യന്‍ഷിപ്പിലെ കിരീടനേട്ടവും ബെയ്‌ജിംഗ് ഒളിമ്പിക്‌സിലെ ക്വര്‍ട്ടര്‍ പ്രവേശവും യൂത്ത് കോമണ്‍വെല്‍ത്ത് ഗെയിംസിലെ സുവര്‍ണകുതിപ്പും ആകെക്കൂടിയൊരു പടയോട്ടം.കഴിഞ്ഞ രണ്ടു വര്‍ഷമായി സെയ്‌നയ്‌ക്ക് നല്ലകാലമാണ്. ലോക ജൂണിയര്‍ കിരീടം, ഒളിമ്പിക്‌സ് ക്വാര്‍ട്ടര്‍ ഫൈനല്‍, ചൈനീസ് തായ്‌പേയ് ഓപ്പണ്‍ ഗ്രാന്‍പ്രീ, ഫിലിപ്പീന്‍സ് ഗ്രാന്‍പ്രീ, കോമണ്‍വെല്‍ത്ത് ജൂണിയര്‍ ചാമ്പ്യന്‍ തുടങ്ങി ഒട്ടനവധി നേട്ടങ്ങള്‍. ഒടുവില്‍ ഇതാ നിനച്ചിരിക്കാതെ റാങ്കിംഗ് നേട്ടവും. അതേ സെയ്‌ന കുതിക്കുകയാണ്. കുതിപ്പ് തുടങ്ങുമ്പോള്‍ സാനിയ മിര്‍സയുടെ വശ്യസൗന്ദര്യത്തിനു ചുറ്റും ഭ്രമണം ചെയ്‌തിരുന്ന ഇന്ത്യന്‍ കായിക ലോകം ഇപ്പോള്‍ ഈ ഹൈദരാബാദുകാരിക്കു നേര്‍ക്ക് തിരിയുന്നു.ക്രിക്കറ്റിനു പുറമെയുള്ള ഏതെങ്കിലും ഒരു കായിക ഇനത്തില്‍ ആദ്യ പത്ത് റാങ്കിംഗില്‍ ഒരിന്ത്യന്‍ താരം. കായിക ഇന്ത്യ ഒരു പക്ഷേ ഈ നേട്ടം പ്രതീക്ഷിച്ചിരുന്നത് ഹൈദരാബാദില്‍ നിന്നുള്ള ടെന്നീസ് സുന്ദരി സാനിയയില്‍ നിന്നാകാം. എന്നാല്‍ പത്ത് സ്വപ്‌നം കണ്ട് കണ്ട് ആദ്യ നൂറില്‍ നിന്നു പോലും സാനിയ പുറത്താകുന്നത് വേദനയോടെ നോക്കി നിന്ന ഇന്ത്യക്ക് ആശ്വാസമായാണ് സെയ്‌ന ഉയരുന്നത്.ഇനി പ്രതീക്ഷയുടെ നാളുകളാണ്. സെയ്‌ന പറയും പോലെ ആദ്യം അഞ്ച് പിന്നെ ഒന്ന്. അതേ സ്ഥാനങ്ങള്‍ ഇപ്പോഴെ നാം മനസില്‍ കുറിയ്‌ക്കുന്നു. കുതിക്കാന്‍ സെയ്‌നയും... പ്രിയ സെയ്‌നാ നിനക്കത് സാധിക്കട്ടെ...
Posted by sy@m at 11:00 PM 1 comments
Labels: കായികം
ഓളം തല്ലും ആവേശം: വോള്‍വോ ഓഷ്യന്‍ റേസ്
വോള്‍വോ ഓഷ്യന്‍ റേസിന്റെ രണ്ടാം പാദത്തില്‍ മൂന്നാമതായി കൊച്ചി തീരത്ത് ഫിനിഷ് ചെയ്‌ത എറിക്‌സണ്‍ മൂന്ന് ടീം. കൊച്ചി പുറംങ്കടലില്‍ നിന്നൊരു ദൃശ്യം. (ഫോട്ടോ - ബ്രില്യന്‍ ചാള്‍സ് ന്യൂസ് ഫോട്ടോഗ്രാഫര്‍ ദീപിക കൊച്ചി.).Posted by sy@m at 12:45 AM 0 comments
Tuesday, December 2, 2008
ദുരന്ത മുഖം കാണാന്‍...
Posted by sy@m at 6:47 AM 0 comments
Labels: ഫോട്ടോ
പണപ്പെട്ടി കവര്‍ന്ന ഭീകരാക്രമണം
സ്വതന്ത്ര ഇന്ത്യയുടെ പരമാധികാരത്തെ വെല്ലുവിളിച്ചു ഭീകരര്‍ രാജ്യത്തിന്‍റെ സാമ്പത്തിക തലസ്ഥാനത്ത് കിരാത വാഴ്ച നടത്തിയപ്പോള്‍ തകര്‍ന്നു വീണത് ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട ഏതാനും സ്വപ്നങ്ങളായിരുന്നു.സമ്പത്തിന്റെ ധാരാളിത്ത്ത്തില്‍ പുളച്ചിരുന്ന ബി.സി.സി.ഐ എന്ന ഇന്ത്യന്‍ ക്രിക്കറ്റ് കാരണവരുടെ മടിശീലയ്ക്കാണു തുള വീണത്. ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ ഭാഗമായി ലോകമെമ്പാടുമുള്ള ഓഹരി സൂചികകള്‍ പടവലങ്ങ പോലെ താഴേക്കു വളര്‍ച്ച തുടങ്ങിയപ്പോഴും ലോക പോലീസ് കളിച്ച അങ്കിള്‍ സാം പിച്ച ചട്ടി എടുക്കാന്‍ തുനിഞ്ഞപ്പോഴും സമ്പത്തു കാട്ടി ലോക ക്രിക്കറ്റിനെ അടക്കി ഭരിച്ചവരാണ് അവര്‍. എന്നാല്‍ ഗ്രനേഡുകള്‍ പൊട്ടിച്ചും അത്യാധുനിക തോക്കുകള്‍ ഉപയോഗിച്ച് തീ വര്ഷിച്ചും നടമാടിയ തീവ്രവാദികള്‍ ഇന്ത്യന്‍ ക്രിക്കറ്റിന്റെ സ്വപ്നങള്‍ക്ക് മേല്‍ കരിമ്പടം പുതപ്പിച്ചു. ലോക ക്രിക്കറ്റിനെ സമ്പത്തിന്റെ പെരുപ്പംകാട്ടി കടിഞ്ഞാണിട്ടു പിടിച്ചുകെട്ടിയ അവര്‍ക്ക് ഇതിനോടകം കോടികണക്കിന് രൂപയുടെ ലാഭം നഷ്ടമായി കഴിഞ്ഞു, ഒപ്പം ഇന്ത്യയിലെ ക്രിക്കറ്റ് പ്രേമികള്‍ കാണാന്‍ കൊതിച്ചിരുന്ന ഒരുപിടി മത്സരങ്ങളും.ഏറെക്കാലത്തെ വിരാജിക്കലിനു ശേഷം ലോക ക്രിക്കറ്റിലെ സുവര്‍ണ സിംഹാസനത്തില്‍ നിന്ന് കങ്കാരുപ്പടയേ ഇറക്കിവിട്ടു കിരീടാഭിഷേകത്തിനു തയാറെടുത്തു വന്ന ടീം ഇന്ത്യയുടെ പോരാട്ടവീര്യത്തിന് മുന്നില്‍ നാണം മറയ്ക്കാനുള്ള നൂല്‍ വസ്ത്രം പോലും നഷ്‌ടമായ ഇംഗ്ലണ്ട് രണ്ടു ഏകദിനങ്ങളും രണ്ടു ടെസ്റ്റും ബാക്കി നില്‍ക്കെ ജീവനും കൊണ്ട് നാട്ടിലേക്കു വിമാനം കയറിക്കഴിഞ്ഞു. സുരക്ഷ ഉറപ്പാക്കിയാല്‍ ടെസ്റ്റ് കളിയ്ക്കാന്‍ തിരിച്ച് എത്താമെന്ന് അവര പറയുന്നുണ്ടെങ്കിലും അത് എത്രത്തോളും ആത്മാര്‍ത്ഥയോടെയാണെന്നു കണ്ടറിയണം. ജീവനില്‍ കൊതിയില്ലാത്തവര്‍ ഉണ്ടോ എന്നാണ് ഇംഗ്ലീഷ് നായകന്‍ കെവിന്‍ പീറ്റേഴ്സണ്‍ ചോദിക്കുന്നത്. പരന്പരകള്‍ക്കിടെ ഒരു മത്സരം മുടങ്ങിയാല്‍ തന്നെ കോടികള്‍ വെള്ളത്തിലാകുന്ന അവസ്ഥയില്‍ ഇപ്പോള്‍ ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡിനു അങ്ങോട്ട് കാശ് കൊടുക്കേണ്ട സ്ഥിതിയിലായി പാവം ബി.സി.സി.ഐ. ടീം ഇന്ത്യ തിളങ്ങാന്‍ തുടങ്ങിയതോടെ രാവും പകലും ക്യു നിന്ന് ടിക്കെറ്റ് വാങ്ങാന്‍ ക്രിക്കറ്റ് പ്രേമികള്‍ തുടങ്ങിയ സമയത്താണ് ഇടിമിന്നല്‍ പോലെ ഭീകരാക്രമണം ചതിച്ചത്. ഇതോടെ ഇന്ത്യയില്‍ കളിയ്ക്കാന്‍ മറ്റു ടീമുകള്‍ വിമുഖത കട്ടി തുടങ്ങിയിരിക്കുന്നു. ഐ.പി.എല്ലിനു ശേഷം കാപ്സ്യൂള്‍ ക്രിക്കറ്റിന്റെ ആവേശം കുത്തിവെച്ചു അല്പം കാശുണ്ടാക്കമെന്നു ആലോചിച്ചാണ് ചാമ്പ്യന്‍സ് ട്രോഫി ട്വന്റി ട്വന്റി നടത്താന്‍ തീരുമാനിച്ചത്. അതില്‍ പങ്കെടുക്കാന്‍ താരങ്ങള്‍ എത്തി തുടങ്ങിയതുമാണ്. എന്നാല്‍ ഓസ്ട്രേലിയ, ഇംഗ്ലണ്ട് എന്നീ രാജ്യങ്ങള്‍ വിട്ടു നില്ക്കാന്‍ തീരുമാനിച്ചതോടെ അടുത്ത വര്‍ഷത്തേക്ക് അത് മാറ്റേണ്ടി വന്നു. അത് ഇന്ത്യയില്‍ നിന്ന് മാറ്റി മറ്റെവിടെ നടത്തിയാലും പങ്കെടുക്കാന്‍ തയാറാണെന്നാണ് അവര്‍ പറയുന്നത്. ടൂര്‍ണമെന്റ് നടക്കാതിരിക്കുകയോ വേദി മാറ്റുകയോ ചെയ്താല്‍ അങ്ങനെയും പോകും കുറെ കോടികള്‍. ചാമ്പ്യന്‍സ് ലീഗ് കഴിഞ്ഞു ടീം ഇന്ത്യ പാകിസ്ഥാനിലേക്ക് പോകാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. ഭീകരാക്രമണത്തില്‍ പാകിസ്ഥാനുള്ള പങ്കു പുറത്തു വന്നതോടെ അഞ്ചു ഏകദിനങ്ങളും മൂന്ന് ടെസ്റ്റും ഉള്‍പ്പെടുന്ന പരമ്പര കളിയ്ക്കാന്‍ അവിടേക്ക് പോകേണ്ടാന്നും ഇന്ത്യ തീരുമാനിച്ചു.അടുത്ത ജനുവരിയില്‍ നടക്കേണ്ടിയിരുന്ന ഈ പരമ്പര നടക്കില്ലെന്കില്‍ പിന്നെ ടീം ഇന്ത്യക്ക് അടുത്ത അന്താരാഷ്ട്ര മത്സരം അടുത്ത വര്ഷം മാര്‍ച്ചിലായിരിക്കും. എന്ന് വെച്ചാല്‍ ഈ സാഹചര്യത്തില്‍ ഇനി ഒരു രാജ്യാന്തര മത്സരം കളിയ്ക്കാന്‍ ടീം ഇന്ത്യ മാസങ്ങള്‍ കാത്തിരിക്കേണ്ടി വരുമെന്നര്‍ത്ഥം. ഇതും കൂടാതെ അടുത്ത ലോകകപ്പിന്റെ വേദി ആകമെണ്ണ്‍ സ്വപ്നവും ഇപ്പോള്‍ കൈയാലപ്പുറത്താണ്. ഇന്ത്യന്‍ ഉപഭൂഖണ്ഡം തീവ്രവാദികളുടെ കേന്ദ്രമാണെന്നും അവിടം ലോകകപ്പ് പോലൊരു മഹാമേളയ്ക്കക്കു വേദിയാക്കുന്നത് ആത്മത്യാപരമാണെന്നാണു സായിപ്പിന്റെ വാദം. അടുത്താഴ്ച നടക്കുന്ന രാജ്യാന്തര ക്രിക്കറ്റ് കൌണ്‍സില്‍ ഇത് ചര്‍ച്ച ചെയ്യും. ഇന്ത്യ, പാക്കിസ്ഥാന്‍, ശ്രിലങ്ക, ബംഗ്ലാദേശ് എന്നിവരായിരുന്നു ലോകകപ്പിന്റെ സംഘാടകര്‍.തൊട്ടതെല്ലാം പൊന്നാക്കി ടീം ഇന്ത്യ തിളങ്ങി നില്‍ക്കുമ്പോഴാണ് ഈ തിരിച്ചടികളെല്ലാം. ചുരുക്കത്തില്‍ പറഞ്ഞാല്‍ കയ്യില്‍ ഇരുന്ന പണപ്പെട്ടിയുടെ താക്കോല്‍ കള്ളന്‍ അടിച്ചോണ്ട് പോയ അവസ്ഥയിലാണ് ബി.സി.സി.ഐ. ഇതെല്ലാം കണ്ടു ഭീകരരെ കിട്ടിയാല്‍ ബൌണ്ടറിക്കു പുറത്തേക്കു ഒരു ഗന്ഗൂലിയന്‍ സിക്സര്‍ പറത്തിയേനെ എന്ന് ഒരു മുതിര്‍ന്ന ബി.സി.സി.ഐ ഭാരവാഹി പരിതപിച്ചതായി ഒരു പിന്നാമ്പുറ കഥയുമുണ്ട്. കാശു പോയപ്പോഴുള്ള ഒരു ദേശ ഭക്തിയെ....
Posted by sy@m at 6:08 AM 1 comments
Labels: കായികം


