Sunday, June 27, 2010

നീതി നാലു പതിറ്റാണ്ടിനിപ്പുറം?



ചിത്രം 1: 1966-ലെ ഫൈനലില്‍ പശ്ചിമ ജര്‍മനിക്കെതിരേ ജഫ് ഹേഴ്‌സ്റ്റിന്റെ വിവാദ ഗോള്‍.
ചിത്രം
2: ഫ്രാങ്ക് ലാംപാര്‍ഡിന്റെ ഫ്രീകിക്ക് ജര്‍മന്‍ ഗോള്‍വരയ്ക്കുള്ളില്‍ പതിക്കുന്നു.


നാല്‍പ്പതു വര്‍ഷമായി അത് ജര്‍മനിയെ നീറ്റുന്നു. ആ നീറ്റലിനു മേല്‍ ഇന്നലെ യുറുഗ്വന്‍ റഫറി ഹൊസേ ലാറിയോന്‍ഡയുടെ ഒരു വിസില്‍ മുഴക്കം പുതുമഴയായി.
40 വര്‍ഷങ്ങള്‍ക്കു മുമ്പ് ഇംഗ്ലണ്ടിലെ വെംബ്ലി സ്‌റ്റേഡിയത്തില്‍ റഷ്യന്‍ റഫറി ടോഫിക് ബക്‌റാമോവിന്റെ ഇതുപോലൊരു തീരുമാനം ജര്‍മനിയെ തകര്‍ത്തിരുന്നു. ഇന്ന് ആ തകര്‍ച്ച ഏറ്റുവാങ്ങിയത് ഇംഗ്ലണ്ടാണെന്നു മാത്രം.
ഇന്നലെ ജൊഹാനസ്ബര്‍ഗില്‍ നടന്ന ഇംഗ്ലണ്ട്-ജര്‍മനി പോരാട്ടത്തിന്റെ 38-ാം മിനിറ്റില്‍ ഇംഗ്ലണ്ട് താരം ഫ്രാങ്ക് ലാംപാര്‍ഡിന്റെ ഫ്രീകിക്ക് ജര്‍മന്‍ ഗോള്‍ വര കടന്നത് റഫറി കണ്ടില്ലെന്നു നടിച്ചപ്പോള്‍ ഓര്‍മകളില്‍ തെളിഞ്ഞത് ഇംഗ്ലീഷ് വസന്തം വിരിഞ്ഞ 1966-ലെ ഫൈനല്‍ മത്സരമാണ്.
അന്ന് പശ്ചിമ ജര്‍മനിയെ 4-2ന് തകര്‍ത്ത് ലോകകപ്പ് കിരീടത്തില്‍ മുത്തമിട്ട ഇംഗ്ലണ്ടിന്റെ ആഹ്‌ളാദങ്ങള്‍ക്ക് വിവാദങ്ങളുടെ നിറമുണ്ടായിരുന്നു. തകര്‍പ്പന്‍ ഹാട്രിക്കുമായി ടീമിനെ കിരീടത്തിലേക്ക് നയിച്ച ജഫ് ഹേഴ്‌സ്റ്റ് നേടിയ രണ്ടാം ഗോളാണ് അന്ന് വിവാദങ്ങള്‍ക്ക് തിരികൊളുത്തിയത്.
മത്സരത്തിന്റെ നിശ്ചിത സമയത്ത് രണ്ടു ഗോള്‍ വീതമടിച്ച് അന്ന് ഇംഗ്ലണ്ടും ജര്‍മനിയും തുല്യതയിലായിരുന്നു. തുടര്‍ന്ന് അധികസമയത്തിന്റെ 11-ാം മിനിറ്റിലായിരുന്നു സംഭവങ്ങളുടെ തുടക്കം. ജര്‍മന്‍ പ്രതിരോധനിരയെ കീറിമുറിച്ച് ബോക്‌സിനു തൊട്ടു പുറത്തു നിന്ന് ഹേഴ്‌സ്റ്റ് തൊടുത്ത ഷോട്ട് ക്രോസ്ബാറില്‍ ഇടിച്ച് നിലത്തു വീഴുകയായിരുന്നു.
പന്ത് ഗോള്‍വരയ്ക്കുള്ളിലാണ് വീണതെന്നു വിധിച്ച റഫറി ബക്‌റാമോവ് ഇംഗ്ലണ്ടിന് ഗോള്‍ അനുവദിച്ചു. യഥാര്‍ഥത്തില്‍ പന്ത് ബാറില്‍ ഇടിച്ച് ഗോള്‍വരയ്ക്കു പുറത്തായിരുന്നു വീണത്. ജര്‍മന്‍ താരങ്ങളുടെ പ്രതിഷേധങ്ങള്‍ ചെവിക്കൊള്ളാതെ ബക്‌റാമോവ് ഇംഗ്ലണ്ടിന് അനുകൂലമായി വിധിപറയുകയായിരുന്നു.ഇതില്‍ തളര്‍ന്നുപോയ ജര്‍മനിയുടെ വിവശതയ്ക്കുമേല്‍ ഒമ്പതു മിനിറ്റിനു ശേഷം ഒരിക്കല്‍ക്കൂടി ഹേഴ്‌സ്റ്റ് നിറയൊഴിച്ച് ഇംഗ്ലണ്ടിനെ കിരീടത്തിലേക്കു നയിക്കുകയും ചെയ്തു.
വര്‍ഷങ്ങള്‍ക്കിപ്പുറം ഹേഴ്‌സ്റ്റ് കുറ്റം സമ്മതിക്കും വരെ ഏറെക്കാലം പന്ത് വരയ്ക്കുള്ളിലോ പുറത്തോ വീണതെന്ന് ചര്‍ച്ച നടന്നിരുന്നു. അന്നത്തെ ചതിയും പിന്നത്തെ കുറ്റസമ്മതവുമെല്ലാം ജര്‍മന്‍ ആരാധകരുടെ മനസില്‍ നീറ്റലാണ് സമ്മാനിച്ചത്.
അതിനാണ് ഇന്നലെ അറുതിയായത്. ജര്‍മനി 2-1ന് മുന്നില്‍ നില്‍ക്കെയായിരുന്നു ലാംപാര്‍ഡിന്റെ ഫ്രീകിക്ക്. ബോക്‌സിന്റെ ഇടതു ഭാഗത്തു നിന്ന് ലാംപാര്‍ഡ് എടുത്ത കിക്ക് ജര്‍മന്‍ പ്രതിരോധ മതിലിനെ ചുറ്റി ഗോളി മാനുവല്‍ ന്യൂവറിന്റെ തലയ്ക്കു മുകളില്‍ ബാറിലിടിച്ചു നിലത്തു വീഴുകയായിരുന്നു.
ഗോളെന്നുറപ്പിച്ച് ലാംപാര്‍ഡും സഹതാരങ്ങളും ആഘോഷം തുടങ്ങിയെങ്കിലും റഫറി ലാറിയോന്‍ഡയുടെ തീരുമാനം മറിച്ചായിരുന്നു. റീപ്ലേകളില്‍ പിന്നീട് പന്ത് ഗോള്‍വരകടന്നുവെന്നു വ്യക്തമായി. മത്സരം ജര്‍മനി 4-1ന് ജയിച്ച് ഇംഗ്ലണ്ടിനെ പുറത്താക്കിയതോടെ നാലു പതിറ്റാണ്ട് നീണ്ട ഒരു പ്രതികാരത്തിനും പരിസമാപ്തിയായി.

നീതി നാലു പതിറ്റാണ്ടിനിപ്പുറം?SocialTwist Tell-a-Friend

0 comments: