Tuesday, June 22, 2010

നൂറ്റാണ്ടിന്റെ ഗോളിന് കാല്‍നൂറ്റാണ്ട്


മെക്‌സികോയിലെ ആസ്റ്റക് സ്‌റ്റേഡിയത്തിലെ പച്ചപ്പുല്‍ മൈതാനത്ത് എതിരാളികളെ വെട്ടിയൊഴിഞ്ഞ് കയറി ലോകമെങ്ങുമുള്ള ഫുട്‌ബോള്‍ പ്രേമികളുടെ ഹൃദയത്തിലേക്കു ഡീഗോ അര്‍മാന്‍ഡോ മറഡോണ എന്ന ഇതിഹാസം നിറയൊഴിച്ചിട്ട് കാല്‍നൂറ്റാണ്ട്. ഫുട്‌ബോളിന്റെ ദൈവം കപ്പം കൊടുത്ത ബൂട്ടില്‍ നിന്നു പാഞ്ഞ അദ്ഭുത ഗോളിന് ഇന്നലെ(ജൂണ്‍ 22-ന്) 24 വയസു തികഞ്ഞു. ഒപ്പം 'ദൈവത്തിന്റെ കൈ'കള്‍ക്കും.

പട്ടിണിയും പരിവട്ടവുമായി തേങ്ങിയ ജനതയ്ക്കാകെ ഉണര്‍വും ഉയിരും പകര്‍ന്ന അഭിമാന പോരാട്ടത്തില്‍ ഇംഗ്ലണ്ടിന്റെ എക്കാലത്തെയും മികച്ച ടീമിനെതിരേ 1986 ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലിലായിരുന്നു മറഡോണയുടെ പ്രകടനം. പിന്നീട് ലോകം ഇതിനെ 'നൂറ്റാണ്ടിന്റെ ഗോള്‍' എന്നു പ്രകീര്‍ത്തിച്ചു. അതിനു മിനിറ്റുകള്‍ക്കു മുമ്പ് 'ദൈവത്തിന്റെ കരസ്പര്‍ശ'മേറ്റും അതേ ഗോള്‍വല പുളകംകൊണ്ടു. ഒരേ മത്സരത്തില്‍ കൈയും കാലും കൊണ്ട് ഗോളടിക്കുകയും നിമിഷങ്ങളുടെ വ്യത്യാസത്തില്‍ വെറുക്കപ്പെട്ടവനില്‍ നിന്നു വിശുദ്ധനിലേക്കു ഉയര്‍ത്തപ്പെടുകയും ചെയ്ത സുവിശേഷം ഈ കുറിയ മനുഷ്യനു മാത്രം സ്വന്തം.

1982-ലെ ഫോക് ലാന്‍ഡ് യുദ്ധത്തിലെ പരാജയത്തിനു ശേഷം ഓരോതവണയും ഇംഗ്ലണ്ടിനെതിരേ കളിക്കിറങ്ങുമ്പോള്‍ കുരിശുമരണത്തിനു ശേഷമുള്ള ഉയിര്‍പ്പ് ഓരോ അര്‍ജന്റീനക്കാരനും കിനാവു കണ്ടു. അര്‍ജന്റീന താരങ്ങള്‍ക്ക് ആ മത്സരങ്ങള്‍ വെറും കളി മാത്രമായിരുന്നില്ല, മാനം കാക്കുന്നതിനായുള്ള പകവീട്ടല്‍ കൂടിയായിരുന്നു. അപ്പോള്‍ ലോക ഫുട്‌ബോളിന്റെ എണ്ണം പറഞ്ഞ വേദികളിലൊന്നില്‍ എതിരാളിയായി ഇംഗ്ലണ്ടിനെ കിട്ടുമ്പോഴോ? അങ്ങനെയാണ് കാല്‍നൂറ്റാണ്ടു മുമ്പ് ആസ്റ്റക് സ്‌റ്റേഡിയം മറ്റൊരു യുദ്ധമുഖമായത്.

മൂന്‍ അര്‍ജന്റീന താരം റോബര്‍ട്ടോ പെര്‍ഫ്യൂമോ പറയുന്നു: ''1986ല്‍ ഇംഗ്ലണ്ടിനെതിരായ വിജയം കൊണ്ട് ഞങ്ങള്‍ തൃപ്തരാകുമായിരുന്നു. ലോകകപ്പ് ജയിക്കുന്നതു പോലും രണ്ടാമത്തെ കാര്യമായിരുന്നു. ഇംഗ്ലണ്ടിനെ തകര്‍ത്തെറിയുകയായിരുന്നു മുഖ്യം'' 1986 ജൂണ്‍ 22ലെ ക്വാര്‍ട്ടര്‍ പോരാട്ടത്തിന് മുമ്പ് ഇംഗ്ലീഷ് താരങ്ങള്‍ക്ക് ഹസ്തദാനം ചെയ്യുമ്പോള്‍ മറഡോണയുടെ മനസില്‍ കത്തിനിന്നതും ഈ വികാരമായിരിക്കണം.

അതപ്പാടെ കളത്തില്‍ മാന്ത്രികതയായി വിരിഞ്ഞപ്പോള്‍ ലോക ഫുട്‌ബോള്‍ ചരിത്രത്തില്‍ എന്നും തങ്കലിപികളാല്‍ മാത്രം രേഖപ്പെടുത്താനാകുന്ന ചരിത്രമായി മാറുകയായിരുന്നു. വിവാദവും വിസ്മയവും ഒരുപോലെ കനിഞ്ഞനുഗ്രഹിച്ച ആ മത്സരത്തിന്റെ മാസ്മരിക നിമിഷങ്ങളിലേക്ക്.

അര്‍ജന്റീന കളം നിറഞ്ഞു കളിച്ച ആദ്യ പകുതിക്കു ശേഷം ആറാം മിനിറ്റിലാണ് മറഡോണ ഇന്നും പകരം വയ്ക്കാനില്ലാത്ത പ്രകടനങ്ങളുടെ ഇതിഹാസ രചന തുടങ്ങിയത്. സ്വന്തം പകുതിയില്‍ നിന്നുള്ള മുന്നേറ്റത്തിനൊടുവില്‍ ഇംഗ്ലണ്ടിന്റെ രണ്ടു പ്രതിരോധ താരങ്ങളെ വെട്ടിച്ചു പെനാല്‍റ്റി ബോക്‌സിനു പുറത്തു നിന്നു മറഡോണ പന്ത് വാള്‍ഡാനോയ്ക്ക് മറിച്ചുനല്‍കി.

ഓടിക്കയറിയ മറഡോണയെ ലാക്കാക്കി വാള്‍ഡാനോ നല്‍കിയ ക്രോസ് പക്ഷേ പ്രതീക്ഷിച്ചതിലും ഉയരത്തിലാണ് ഇംഗ്ലീഷ് ഗോള്‍മുഖത്തേക്കെത്തിയത്. ആറടിയിലധികം ഉയരമുളള ഗോളി പീറ്റര്‍ ഷില്‍ട്ടനൊപ്പം അഞ്ചടി നാലിഞ്ചുകാരന്‍ മറഡോണയും ഉയര്‍ന്നുചാടി. മുഷ്ടികൊണ്ട് പന്ത് വലയിലേക്കു പായിച്ചു.

അകലെനിന്ന് ഓടിയെത്തിയ ടുണീഷ്യന്‍ റഫറി ബെന്നാബര്‍ കാണുന്നത് പന്ത് മറഡോണയുടെ തലയില്‍ നിന്നു വല തുളയ്ക്കുന്നതാണ്. ഇംഗ്ലീഷ് താരങ്ങളുടെ ''ഹാന്‍ഡ് ബോള്‍'' വിളികള്‍ തള്ളി ബെന്നാബര്‍ വിസില്‍ ഊതുമ്പോള്‍ സാക്ഷാല്‍ ദൈവം മുകളിലിരുന്നു മന്ദഹസിച്ചിട്ടുണ്ടാവണം.

മത്സരശേഷം ഫോക്ക്‌ലാന്‍ഡ് ദ്വീപിനുവേണ്ടി ജീവന്‍കൊടുത്ത അര്‍ജന്റീനക്കാരുടെ രക്തത്തിനു പകരമായി ആ ഗോള്‍ എടുത്തുകൊള്ളാന്‍ പറഞ്ഞ മറഡോണ ഇംഗ്ലണ്ടുകാര്‍ക്കു മുമ്പില്‍ ചതിയുടെ പര്യായമാകേണ്ടവനായിരുന്നു. എന്നാല്‍ അതിനു മുമ്പ് തന്നെ മറഡോണ വെറുക്കപ്പെട്ടവനില്‍ നിന്ന് വിശുദ്ധനായി ഉയിര്‍ത്തെഴുന്നേറ്റു കഴിഞ്ഞിരുന്നു.

''ദൈവത്തിന്റെ കൈ'' ഗോള്‍ നേടി നാലു മിനിറ്റിനു ശേഷമാണ് കാല്‍പ്പന്ത് ലോകം ഒന്നടങ്കം നമിച്ചു പോയ അദ്ഭുത നീക്കത്തിന്റെ തുടക്കം. 55-ാം മിനിറ്റിലാണ് സ്വന്തം ഹാഫില്‍ നിന്ന് പന്ത് മറഡോണയുടെ ബൂട്ടില്‍ കുരുങ്ങുന്നത്. പിന്നീടുള്ള ഏതാനും നിമിഷങ്ങള്‍ ഫുട്‌ബോളിന്റെ അസുലഭ മുഹൂര്‍ത്തങ്ങള്‍ക്കു സാക്ഷിയായി. ബൂട്ടിന്‍ തുമ്പില്‍ ഒട്ടിച്ചുവച്ചതു പോലെ പന്തുമായി കുതിച്ച മറഡോണ ആദ്യം പീറ്റര്‍ റീഡിനെ മറികടന്നു ശരീരം വെട്ടിച്ച് വലതുകാല്‍കൊണ്ട് പന്ത് ഡ്രിബിള്‍ചെയ്ത് പീറ്റര്‍ ബിയേഴ്‌സിലിയെയും വിഡ്ഢിയാക്കി ഇടതുവിംഗിലൂടെ ഇംഗ്ലണ്ട് ബോക്‌സിലേക്ക്.

അപകടം മണത്തു തടയാനെത്തിയ ടെറി ബുച്ചറും ടെറി ഫിന്‍വിക്കും ദൗത്യം മറന്നു തങ്ങളെ വെട്ടിയൊഴിഞ്ഞു മുന്നേറിയ മറഡോണയുടെ മാന്ത്രികതയില്‍ അമ്പരന്നു നിന്നുപോയി. മിന്നുന്ന വേഗതയില്‍ കുതിച്ചു വരുന്ന മറഡോണയെക്കണ്ടു മുന്നോട്ടു കുതിച്ച ഗോള്‍ പീറ്റര്‍ ഷില്‍ട്ടന്റെ സമനില തെറ്റിച്ചു പന്ത് വലകുലുക്കുമ്പോള്‍ ഹാന്‍ഡ്‌ബോളിന്റെ രോഷത്തില്‍ ഇരമ്പുകയായിരുന്ന ഗാലറി അമ്പരന്നുനിന്നു. ഒപ്പം ഫുട്‌ബോള്‍ ലോകവും.

ഇതിഹാസം കവിത വിരിയിച്ച ആ നിമിഷത്തില്‍ നിന്ന് ഇംഗ്ലണ്ട് പിന്നീട് ഉണര്‍ന്നെണീറ്റിട്ടില്ല. ലോക ഫുട്‌ബോളും. 24 വര്‍ഷങ്ങള്‍ക്കിപ്പുറം അര്‍ജന്റീനയുടെ കോച്ചായി ലോകകപ്പിനെത്തുന്ന മറഡോണയ്ക്ക് വീണ്ടും ഇംഗ്ലണ്ടിനെ ക്വാര്‍ട്ടറില്‍ നേരിടേണ്ടി വന്നേക്കാം. അതു ചരിത്ര നിയോഗം. അപ്പോള്‍ ഇംഗ്ലണ്ട് താരങ്ങളുടെ മനസില്‍ തെളിയുന്നത് മെക്‌സിക്കോയിലെ ആസ്റ്റക് സ്‌റ്റേഡിയത്തിലെ ഗോള്‍പോസ്റ്റിനരികില്‍ സ്ഥാപിച്ച ശിലാഫലകത്തില്‍ രേഖപ്പെടുത്തിയിരിക്കുന്ന ഈ വാക്കുകളായിരിക്കും, ''ഈ പോസ്റ്റിലാണ് ഡീഗോ അര്‍മാന്‍ഡോ മാറഡോണ ലോകത്തിലെ ഏറ്റവും മികച്ച ഗോള്‍ നേടിയത്''.

നൂറ്റാണ്ടിന്റെ ഗോളിന് കാല്‍നൂറ്റാണ്ട്SocialTwist Tell-a-Friend

2 comments:

Anonymous said...

chakkinu vechath kokkinu kondu

Anonymous said...

kollam. nannayittundu