Tuesday, June 8, 2010

പന്താണു താരം


വംശ-ജാതീയ-രാഷ്ട്രീയ വൈരം മറന്ന് ലോകം ഒന്നിക്കുന്ന മാമാങ്കവേദിയാണ് ഫുട്‌ബോള്‍ ലോകകപ്പ്. ഒരോ ലോകകപ്പ് എത്തുമ്പോഴും ലോകം ഒരു പന്തിന് പിറകേ പായും. ഊണും ഉറക്കവുമെല്ലാം പിന്നീട് അതിന്റെ ഗതിവേഗങ്ങള്‍ക്കനുസരിച്ചാകും. ഇതിനിടയില്‍ പലേ ചര്‍ച്ചകളും വിവാദങ്ങളും നൊമ്പരങ്ങളും ഉണ്ടാകും. സര്‍വരേയും ഒന്നിപ്പിച്ച ആ പന്തിനേക്കുറിച്ചും അത് ഉണ്ടായേക്കാം.
1930 മുതല്‍ക്കാണ് ഇങ്ങനെ ഒരു പന്ത് ലോകത്തെ മോഹിപ്പിക്കാന്‍ തുടങ്ങിയത്. എന്നാല്‍ അന്ന് പ്രത്യേകിച്ച ഒരു പന്തില്ലായിരുന്നു. അവരവര്‍ കളിക്കുന്ന പന്തുകളുമായാണ് ടീമുകളെല്ലാം ലോകകപ്പിന് എത്തിയത്. ഓരോ മത്സരങ്ങള്‍ക്കും ഓരോ പന്ത് എന്ന രീതിയിലായിരുന്നു ഫൈനല്‍ വരെ.
പക്ഷേ ഫൈനലില്‍ കളിച്ച ഉറുഗ്വായ്ക്കും അര്‍ജന്റീനയും തമ്മില്‍ ഇതേച്ചൊല്ലി തര്‍ക്കമായി. ഒടുവില്‍ ആദ്യ പകുതിയില്‍ അര്‍ജന്റീന അവരുടെ സ്വന്തം പന്തും രണ്ടാം പകുതിയില്‍ ഉറുഗ്വെ, അവരുടെ പന്തുമായി കളിക്കാന്‍ തീരുമാനമായി. ഒന്നാം പകുതിയില്‍ സ്വന്തം പന്തുമായി കളിച്ച അര്‍ജന്റിന 2-1ന് ലീഡെടുത്തു. എന്നാല്‍ രണ്ടാം പകുതിയില്‍ സ്വന്തം പന്തുമായി കളിച്ച ഉറുഗ്വെ 4-2ന് മല്‍സരവും ആദ്യ ലോകകപ്പും സ്വന്തമാക്കുകയായിരുന്നു.
ഇത്തവണ അഡിഡാസിന്റെ ജാബുലാനിയാണ് താരം. പോരിനു മുമ്പേ ജാബുലാനി വില്ലനാണെന്നു കാട്ടി പലരും രംഗത്തു വന്നു. ഈ സാഹചര്യത്തില്‍ മുന്‍ ലോകകപ്പുകളില്‍ ഉപയോഗിച്ച അഞ്ചു മികച്ച പന്തുകളെ ഒരിക്കല്‍ കൂടി ഓര്‍ക്കാം.

1. ഓറഞ്ച്(ഇംഗ്ലണ്ട് 1966)

ലോകകപ്പിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച പന്താണിത്. പന്തിന്റെ ഓറഞ്ച് നിറം തന്നെയാണ് അതിന്റെ സവിശേഷത. ആദ്യമായി ടി വി സംപ്രേക്ഷണം നടത്തിയത് 1966 ലോകകപ്പിലാണ്. ബ്ലാക്ക് ആന്‍ഡ് വൈറ്റ് സംപ്രേക്ഷണത്തില്‍ പ്രേക്ഷകര്‍ക്ക് പെട്ടെന്ന് തിരിച്ചറിയുന്നതിനായാണ് പന്തിന് ഓറഞ്ച് നിറം തിരഞ്ഞെടുത്തതെന്നാണ് കരുതപ്പെടുന്നത്.

2, ടെല്‍സ്റ്റര്‍ ഡര്‍ലാസ്റ്റ്(പശ്ചിമ ജര്‍മ്മനി 1974)

അഡിഡാസിന്റെ ഐക്കണായി മാറിയ പന്താണ് ടെല്‍സ്റ്റര്‍ സീരീസിലുള്ളത്. 1970 മുതലാണ് ഇത് വന്നതെങ്കിലും 74-ല്‍ ഉപയോഗിച്ച ഡെര്‍ലാസ്റ്റാണ് ഇതില്‍ കേമന്‍. ബ്ലാക്ക് ആന്‍ഡ് വൈറ്റ് നിറത്തിലാണ് പൊതുവെ ഇത് ലഭ്യം. റിനെസ് മൈക്കിള്‍സ് ജന്മം നല്‍കി പിന്നീട് യൂറോപ്പിലെങ്ങും തരംഗമായ ഹോളണ്ടിന്റെ ടോട്ടല്‍ ഫുട്‌ബോളിന് കരുത്തേകിയതും ഈ ടെല്‍സ്റ്ററായിരുന്നു.

3, ഫീവര്‍നോവ(കൊറിയ/ജപ്പാന്‍ 2002)

1978 മുതല്‍ ആറു ലോകകപ്പുകളില്‍ ഉപയോഗിച്ചുവന്ന ക്‌ളാസിക് ടാന്‍ഗൊ പന്തുകള്‍ക്ക് പകരമായാണ് ഏഷ്യയിലെ ആദ്യ ലോകകപ്പില്‍ ഫീവര്‍നോവ പന്തുകള്‍ അവതരിപ്പിക്കുന്നത്. വെള്ളയും സ്വര്‍ണ നിറവും കലര്‍ന്ന ഡിസൈനായിരുന്നു അതിന്റെ സവിശേഷത. എന്നാല്‍ ഫീവര്‍നോവയ്ക്ക് ബൗണ്‍സ് ഏറെയാണെന്ന് ചൂണ്ടിക്കാട്ടി, ഇറ്റാലിയന്‍ ഗോളി ബഫണ്‍ ഉള്‍പ്പടെയുള്ള കളിക്കാര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു.

4, അസ്‌റ്റെക(മെക്‌സിക്കോ 1986)

ടാന്‍ഗോ സ്‌റ്റൈലില്‍ രൂപകല്‍പന ചെയ്ത അസ്‌റ്റെകയുടെ സവിശേഷത, ലതര്‍ ഉപയോഗിച്ച് നിര്‍മ്മിക്കാത്ത ആദ്യ ലോകകപ്പ് പന്താണെന്നതാണ്. ലോകകപ്പ് ചരിത്രത്തില്‍ തന്നെ ഇടംപിടിച്ച് ഗോളുകള്‍ പിറന്നത് ഈ പന്തിലാണ്. മറഡോണയുടെ വിവാദമായ ദൈവത്തിന്റെ കൈ സ്പര്‍ശമേറ്റ പന്തും നൂറ്റാണ്ടിന്റെ ഗോള്‍ പിറന്ന പന്തും ഇതു തന്നെ.

5. ടീംജീസ്റ്റ്(ജര്‍മനി 2006)

ജര്‍മന്‍ ഫുട്‌ബോളിന്റെ അവിസ്മരണീയ നേട്ടങ്ങളുടെ ഓര്‍മപുതുക്കലായാണ് ടീംജീസ്റ്റ് പന്ത് രൂപകല്‍പന ചെയ്തിരിക്കുന്നത്. ബ്ലാക്ക് ആന്‍ഡ് വൈറ്റ് രൂപകല്‍പന അവരുടെ ദേശീയതയെയും സുവര്‍ണ വരകള്‍ പ്രമുഖ ടൂര്‍ണമെന്റ് വിജയങ്ങളെയും സൂചിപ്പിക്കുന്നു.

പന്താണു താരംSocialTwist Tell-a-Friend

3 comments:

ഉപാസന || Upasana said...

ജബുലാനി ചതിക്കുമോ ടീമുകളെ
:-)
ഉപാസന

sy@m said...

ചതിക്കുമോ ആവോ എന്നു കണ്ടറിയണം. എന്തായാലും തോല്‍ക്കുന്ന ടീമിനു പറയാന്‍ ഒരു കാരണം കിട്ടി.

sandeep salim (Sub Editor(Deepika Daily)) said...

കൊളളാം... പുതിയ വിവരങ്ങള്‍ക്ക് നന്ദി.....
പിന്നെ വേര്‍ഡ് വേരിഫിക്കേഷന്‍ ഒഴിവാക്കുന്നതാണ് നല്ലത്.... പലപ്പോഴും വയിച്ചിട്ട് കമന്റിടാതെ പോകാന്‍ കാരണമാകുന്നു...