Friday, June 4, 2010

വളഞ്ഞു പുളഞ്ഞ് വഞ്ചിക്കല്ലേ...


ളയും പുളയും. വളഞ്ഞു പുളഞ്ഞ് വളച്ചൊടിക്കും. ലോക കാല്‍പ്പന്തു മാമാങ്കത്തിന് ദിനങ്ങള്‍ മാത്രം ശേഷിക്കെ എതിരാളികളുടെ കരുത്തും ദൗര്‍ബല്യവും ഹരിച്ചു ഗുണിക്കുന്ന ടീം മാനേജുമെന്റുകള്‍ക്ക് ഈ പ്രസ്താവന തലവേദന സൃഷ്ടിക്കുകയാണ്.
ദക്ഷിണാഫ്രിക്കയിലെ ലോകകപ്പ് ഫുട്‌ബോള്‍ മത്സരത്തില്‍ ഉപയോഗിക്കുന്ന പന്ത് ജാബുലാനിയെക്കുറിച്ചാണ് ഈ വിശേഷണങ്ങള്‍. പന്തിന്റെ പ്രവചനാതീത സ്വഭവമാണ് വില്ലന്‍. ഇതിനോടകം തന്നെ നിരവധിപ്പേര്‍ അഭിപ്രായവ്യത്യാസവുമായി രംഗത്തെത്തിക്കഴിഞ്ഞു.
ഒരു പന്തിലെന്തിരിക്കുന്നു എന്നു ചിന്തിക്കാന്‍ വരട്ടെ. എന്താണ് ജാബുലാനി. ജാബുലാനി എന്നാല്‍ ആഫ്രിക്കന്‍ ഭാഷയില്‍ ആനന്ദം നല്‍കുന്നവന്‍ എന്നാണ് അര്‍ഥം. ഭാരം 440 ഗ്രാം. വ്യാസം 69 സെ.മീറ്റര്‍. പാനലുകള്‍ എട്ട്. മത്സരം കഴിയുമ്പോള്‍ കുറയാവുന്ന മര്‍ദംഏറ്റവും കൂടിയത് പത്തുശതമാനം.
പന്തില്‍ പതിനൊന്ന് നിറങ്ങളുണ്ട്. അത് പതിനൊന്ന് കളിക്കാരെ സൂചിപ്പിക്കുന്നു. മാത്രമല്ല, ദക്ഷിണാഫ്രിക്കയിലെ പതിനൊന്ന് ഭാഷകളെയും അത് പ്രതിനിധാനം ചെയ്യുന്നു.ഇവയൊക്കെയാണ് ജാബുലാനിയുടെ സവിശേഷതകള്‍.
എന്നാല്‍ പന്തിന്റെ സ്വഭാവഗുണമാണ് ടൂര്‍ണമെന്റിനു മുന്നേ പലരുടേയും ആനന്ദം നശിപ്പിച്ചിരിക്കുന്നത്. ഭാരക്കുറവ് കാരണം പന്തിന്റെ ഗതിവേഗം നിര്‍ണയിക്കുക എളുപ്പമല്ലെന്നതാണ് ആശങ്കകള്‍ക്ക് പിന്നില്‍.
2006ലെ പന്ത് ടീം ജിസ്റ്റിന് 14 പാനലുകളുണ്ടായിരുന്നു. പാനല്‍ കുറയുമ്പോള്‍ പന്തിന് ഫ്രിക്ഷന്‍ കുറയും വേഗം കൂടും. പാനല്‍ കുറയുമ്പോള്‍ പന്ത് കൂടുതല്‍ വളയുകയും ചെയ്യും. ഗോളികളെ ഭയപ്പെടുത്തുന്ന കാര്യം ഇതാണ്. കളി പുരോഗമിക്കുന്തോറും മര്‍ദം കുറയുമെന്നതിനാല്‍ പന്തിന്റെ വേഗതയിലും ഏറ്റക്കുറച്ചിലുകള്‍ കാണും.
നിര്‍ണായക മത്സരത്തിന്റെ നിര്‍ണായക മുഹൂര്‍ത്തത്തില്‍ ലയണല്‍ മെസിയുടെയും മറ്റും ഷോട്ടുകള്‍ തടുക്കുകതന്നെ ആയാസകരമാണ്. അപ്പോള്‍ ഷോട്ടില്‍ െമസിയുടെ പ്രഭാവത്തിനും മേലെ പന്തിന്റെ ലീലാവിലാസവും കൂടിയായാല്‍ എതിര്‍ ടീമിന്റെ ഗോളി വെള്ളം കുടിച്ചത് തന്നെ. ഇതാണ് ഇപ്പോഴത്തെ ആശങ്ക-പറയുന്നത് മറ്റാരുമല്ല, ലോകകിരീടം ലക്ഷ്യമിട്ട് ആഫ്രിക്കയിലെത്തിയ ഇംഗ്ലണ്ട് ഫുട്‌ബോള്‍ ടീം കോച്ച് ഫാബിയോ കപ്പെല്ലോ തന്നെ.
ഡേവിഡ് ബെക്കാമിനെയും റൊണാള്‍ഡീഞ്ഞോയെയും പോലെ വളഞ്ഞുപുളഞ്ഞു കിക്കെടുക്കുന്നവര്‍ കൂടിയാണെങ്കില്‍ സ്വന്തം വലയില്‍ ഗോള്‍ വീണതു തന്നെ. ഇതിനു പുറമേ ദക്ഷിണാഫ്രിക്കയിലെ സമുദ്രനിരപ്പില്‍ നിന്നുയര്‍ന്ന സ്ഥലത്തുള്ള സ്‌റ്റേഡിയങ്ങളില്‍ കളി നടക്കുമ്പോള്‍ ജാബുലാനിയെ നിയന്ത്രിക്കുക ആയാസകരം തന്നെയാകും.
എന്നാല്‍ എത്ര വേഗത്തില്‍ വന്നാലും ഈ പന്ത് പിടിക്കാന്‍ കുറേക്കൂടി എളുപ്പമാണെന്ന് നിര്‍മാതാക്കള്‍ പറയുന്നു. പന്തില്‍, മുഖക്കുരുപോലെ പരുപരുത്ത പ്രതലമുണ്ട്. ഇതുമൂലം പന്ത് ഗോളികള്‍ക്ക് കൈപ്പിടിയിലൊതുക്കാന്‍ എളുപ്പമാവും. പന്ത് അധികമധികം വഴുതിപ്പോവില്ലെന്ന് ചുരുക്കം.
എത്തിലിന്‍ വിനയില്‍ അസിറ്റേറ്റ് (ഇ.വി.എ.)തെര്‍മോപ്ലാസ്റ്റിക് പോളിയൂറത്തേന്‍ എന്നിവ ഉപയോഗിച്ചാണ് പന്ത് നിര്‍മിച്ചത്. രൂപകല്പന, ഇംഗ്ലണ്ടിലെ ലഗ്ബറോ സര്‍വകലാശാലയുടെ ഗവേഷണ വിഭാഗമായി സഹകരിച്ചായിരുന്നു.
എല്ലാവര്‍ക്കും സന്തോഷം നല്‍കുകയെന്നാണ് ജാബുലാനിക്ക് അര്‍ഥം. എന്നാല്‍ ജൂണ്‍ 11-ന് വിസില്‍ മുഴങ്ങുന്നതു മുതല്‍ക്ക് ആരുടെ സന്തോഷമാകും ജാബുലാനി കെടുത്തുകയെന്നാണ് ഫുട്‌ബോള്‍ ലോകം ഉറ്റു നോക്കുന്നത്. അതോടൊപ്പം പരുക്ക് എന്ന വില്ലനെ മനസാ സ്തുതിക്കുന്നവരുമുണ്ട്. പരുക്കില്ലായിരുന്നെങ്കില്‍ ബെക്കാം കളിക്കാനുണ്ടാകുമായിരുന്നു. എങ്കില്‍ പണ്ടേ ഗര്‍ഭിണി പിന്നെ ദുര്‍ബല എന്ന അവസ്ഥയായേനെ എന്നാണ് അവരുടെ അണിയറ സംസാരം. അല്ലെങ്കില്‍ തന്നെ ബെക്കാം കിക്കുകള്‍ തോന്നിയ വഴിക്കാണ് വരിക. അതു ജാബുലാനി കൂടിയാണെങ്കില്‍ പറയുകയും വേണ്ടല്ലോ.

വളഞ്ഞു പുളഞ്ഞ് വഞ്ചിക്കല്ലേ...SocialTwist Tell-a-Friend

0 comments: