Monday, May 17, 2010

ക്രിക്കറ്റ് തറവാടികളുടെ അശ്വമേധം


മൂന്നു തവണ ഫിഫ്റ്റി ഫിഫ്റ്റിയിലും ഒരു തവണ ചാമ്പ്യന്‍സ് ട്രോഫിയിലും കലാശപ്പോരാട്ടം കൊഴുപ്പിക്കാനെത്തിയിട്ടും സാധിക്കാത്തതാണ് ക്രിക്കറ്റ് തറവാട്ടുകാര്‍ കുട്ടി ക്രിക്കറ്റിലൂടെ സാധിച്ചത്.
കഴിഞ്ഞ ദിവസം വെസ്റ്റിന്‍ഡീസില്‍ നടന്ന ട്വന്റി 20 ലോകകപ്പ് ഫൈനലില്‍ നായകന്‍ പോള്‍ കോളിംഗ്‌വുഡ് ഓസ്‌ട്രേലിയയ്‌ക്കെതിരേ വിജയ റണ്‍ നേടിയപ്പോള്‍ അതു കൊണ്ടു തന്നെ അത് ഇംഗ്ലീഷ് ക്രിക്കറ്റ് ചരിത്രത്തിലെ സുവര്‍ണ ഏടായി മാറി.
പിറന്നു വീണ മണ്ണിലേക്ക് ഇതുവരെ ഒരു ക്രിക്കറ്റ് ലോകകപ്പും എത്തി നോക്കിയിട്ടില്ലായിരുന്നു. 50 ഓവര്‍ ലോകകപ്പിന്റെ ആദ്യ മൂന്നു പതിപ്പുകള്‍ക്കും ആതിഥേയത്വം വഹിച്ചിട്ടും അവര്‍ക്ക് ഒരിക്കല്‍ പോലും കിരീടം മാറോടണയ്ക്കാനായിട്ടില്ല. പിന്നീട് രണ്ടു തവണകൂടി ഫൈനലില്‍ കടന്നിട്ടും ഫലം അതുതന്നെ. ഈ വിധിയാണ് വിന്‍ഡീസ് മണ്ണില്‍ കോളിംഗ്‌വുഡും കുട്ടികളും തിരുത്തിക്കുറിച്ചത്.
സ്വപ്ന സമാനമായ കുതിപ്പായിരുന്നു ഇംഗ്ലണ്ട് നടത്തിയത്. ടൂര്‍ണമെന്റില്‍ രണ്ടാം റൗണ്ട് കാണില്ലെന്ന ധാരണകള്‍ തിരുത്തി കിരീടത്തിലേക്കുള്ള കുതിപ്പ്.
മഴയും മഴ നിയമവും ചതിച്ചപ്പോള്‍ ആദ്യ റൗണ്ടില്‍ തന്നെ പുറത്താകല്‍ ഭീഷണിയിലാണ് ഇംഗ്ലണ്ട് തുടങ്ങിയത്. എന്നാല്‍ മഴയിലൊലിച്ചു പോയ മത്സരത്തില്‍ അയര്‍ലന്‍ഡിനെതിരേ ലഭിച്ച ഒരു പോയിന്റുമായി സൂപ്പര്‍ എട്ടില്‍ കടന്ന അവര്‍ പിന്നീട് വിശ്വരൂപം പുറത്തെടുക്കുകയായിരുന്നു. സൂപ്പര്‍ എട്ടിലെ മൂന്നു മത്സരങ്ങളും ജയിച്ച അവര്‍ സെമിയില്‍ ശ്രീലങ്കയുടെ സിംഹള വീര്യത്തേയും അടക്കിയാണ് കലാശപ്പോരിനെത്തിയത്.
ഫൈനലില്‍ ചിരവൈരികളായ ഓസ്‌ട്രേലിയയ്‌ക്കെതിരേ പുറത്തെടുത്ത പ്രകടനം കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയിലെ ഇംഗ്ലണ്ടിന്റെ ഏറ്റവും മികച്ചതായിരുന്നു. കളിയുടെ സമസ്ത മേഖലയിലും അവര്‍ കംഗാരുക്കളെ പിടിച്ചുകെട്ടി.
ആദ്യം ബാറ്റുചെയ്ത ഓസീസിനെ 147 റണ്‍സിലൊതുക്കിയപ്പോഴേ തകര്‍പ്പന്‍ ഫോമിലുളള ഇംഗ്ലണ്ട് കപ്പ് പകുതിയുറപ്പാക്കിയിരുന്നു. ബൗളര്‍മാര്‍ക്കൊപ്പം ബാറ്റ്‌സ്മാന്‍മാരും അവസരത്തിനൊത്തുയര്‍ന്നപ്പോള്‍ ഇംഗ്ലണ്ട് മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 18 പന്ത് ശേഷിക്കേ ലക്ഷ്യത്തിലെത്തി. കീസ്‌വെറ്ററിന്റെയും പീറ്റേഴ്‌സന്റെയും രണ്ടാം വിക്കറ്റ് കൂട്ടുകെട്ടായിരുന്നു ഓസീസിന്റെ പ്രതീക്ഷകള്‍ കരീബിയന്‍ കടലില്‍ മുക്കിയത്. ഇരുവരും രണ്ടാം വിക്കറ്റിന് 111 റണ്‍സെടുത്ത് കിരീടത്തിന് അടിത്തറയൊരുക്കി. കീസ്‌വെറ്റര്‍ 49 പന്തില്‍ 63 റണ്‍സെടുത്തപ്പോള്‍ 59 പന്തില്‍ 47 റണ്‍സായിരുന്നു പീറ്റേഴ്‌സന്റെ സംഭാവന.
അച്ചടക്കമുള്ള ബൗളിംഗും ഫീല്‍ഡിംഗും സമ്മാനിച്ച മേല്‍ക്കൈ നിലനിര്‍ത്തിയ ബാറ്റിംഗ് നിര വിജയത്തിലേക്ക് പന്തടിച്ചകറ്റിയപ്പോള്‍ അത് പോള്‍ കോളിംഗ്‌വുഡ് എന്ന നായകന്റെ വിജയം കൂടിയായി. ടൂര്‍ണന്റെിനിടെ പല നിര്‍ണായക തീരുമാനങ്ങളുമെടുത്ത കോളിംഗ്‌വുഡ് താന്‍ ടീമിനെ പ്രചോദിപ്പിക്കാന്‍ പോന്ന നായകനാണെന്ന് സ്വന്തം കര്‍ത്തവ്യം കൊണ്ടും ബോധ്യപ്പെടുത്തി.
2009 ട്വന്റി 20 ലോകകപ്പിന്റെ ആദ്യ റൗണ്ടില്‍ ശിശുക്കളായ ഹോളണ്ടിനോടു തോറ്റ ഇംഗ്ലണ്ട് ടീമിന്റെ നായകന്‍ എന്ന നിലയില്‍ നിന്ന് 2010ലെ ചാമ്പ്യന്‍ ടീമിന്റെ നായകന്‍ എന്ന കോളിംഗ്‌വുഡിന്റെ വളര്‍ച്ച ഇംഗ്ലീഷ് ക്രിക്കറ്റിന്റെ വളര്‍ച്ച കൂടിയായി. ക്രിക്കറ്റ് ലോകകപ്പ് എന്ന ആശയം രൂപമായിട്ട് 35 വര്‍ഷം കഴിഞ്ഞ് ആദ്യമായി തറവാട്ടു മുറ്റത്ത് ലോകകപ്പ് എത്തുമ്പോള്‍ ക്രിക്കറ്റ് സമവാക്യങ്ങള്‍ മാറുകയാണ്. പുതു രാജാക്കന്മാരുടെ പുതിയ അധ്യായങ്ങള്‍ക്ക് ഇനിയും സാക്ഷ്യം വഹിക്കേണ്ടി വന്നേക്കാം.

ക്രിക്കറ്റ് തറവാടികളുടെ അശ്വമേധംSocialTwist Tell-a-Friend

0 comments: