Tuesday, December 22, 2009

അര്‍ജന്റീനയുടെ സിംഹഗര്‍ജനം

ളര്‍ച്ചാ ഹോര്‍മോണുകളുടെ സഹായമില്ലാതെ എന്റെ മകന്‍ ഇത്രത്തോളമായി. അവന് അഞ്ചടി ഏഴിഞ്ചാണ് ഉയരം. ഇനിയും എത്രത്തോളമുയരണമെന്ന് അവന്‍ നിശ്ചയിക്കട്ടെ... വര്‍ഷങ്ങള്‍ക്കു മുമ്പ് ഹൊസെ മെസി തന്റെ മകന്‍ കുഞ്ഞ് ലിയോയെ ചൂണ്ടി പറഞ്ഞ വാക്കുകള്‍.
അച്ഛന്റെ മകന്‍ ആ വാക്കുകള്‍ അക്ഷരംപ്രതി അനുസരിച്ചപ്പോള്‍ ഭൂമിപോലെ ഉരുണ്ട ഫുട്‌ബോളിന് അവന്‍ ലയണല്‍ മെസിയായി വളര്‍ന്നു. ഇപ്പോള്‍ ഫിഫാ ഫുട്‌ബോളര്‍ ഓഫ് ദ ഇയറും.
സൂറിച്ചില്‍ നടന്ന പ്രൗഢ ഗംഭീരമായ ചടങ്ങില്‍ പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റയനോ റെണാള്‍ഡോയെ പിന്തള്ളി മെസി ഫുട്‌ബോളര്‍ ഓഫ് ദ ഇയറായപ്പോള്‍ കഴിഞ്ഞ രണ്ടു തവണയും രണ്ടാം സ്ഥാനത്തെത്തിയ മെസിക്കത് ബാഴ്‌സയെ ലോകകപ്പ് വിജയത്തിലേക്ക് നയിച്ചതിനുള്ള അംഗീകാരമായി മാറി; ഒപ്പം വിമര്‍ശകര്‍ക്ക് ഒരു ചുട്ട മറുപടിയും.
ഹോര്‍മോണുകളുടെ അഭാവത്താല്‍ എല്ലിനു ബാധിക്കുന്ന അസുഖം ചികത്സിക്കാന്‍ പണമില്ലാത്ത കുട്ടിയെ സഹായിക്കുമ്പോള്‍ ബാഴ്‌സലോണ ഫുട്‌ബോള്‍ ക്ലബിന്റെ അധികൃതര്‍ പോലും ഇത്രത്തോളം കരുതിക്കാണില്ല. 1987-ല്‍ റൊസാരിയോയില്‍ ജനിച്ച മെസി ചികില്‍സയ്ക്ക് പണമില്ലാതെ വിഷമിക്കുമ്പോഴാണ് ബാഴ്‌സ സഹായത്തിനെത്തുന്നത്. മെസിയെ യൂത്ത് ടീമിലെടുത്ത അവര്‍ ചികിത്സയ്ക്ക് പണവും നല്‍കി.
എന്നാല്‍ ഇന്ന് അതിന്റെ പലിശയും പലിശയുടെ പലിശയുമൊക്കെ മെസി ബാഴ്‌സയ്ക്ക് നല്‍കിക്കഴിഞ്ഞു. കവിത വിരിയിക്കുന്ന ആ ഇടങ്കാല്‍ സ്പര്‍ശത്താല്‍ സീസണില്‍ ബാഴ്‌സയ്ക്ക് ആറു കിരീടങ്ങളാണ് ഇക്കുറി മെസി സമ്മാനിച്ചത്. ചാമ്പ്യന്‍സ് ലീഗ്, സ്പാനിഷ് ലീഗ് തുടങ്ങി ഇപ്പോള്‍ ക്ലബ് ലോകകപ്പും.
അര്‍ജന്റീനയിലെ ദാരിദ്ര്യത്തില്‍ ജനിച്ച മെസി ഇച്ഛാശക്തികൊണ്ടാണ് പന്തു തട്ടിത്തുടങ്ങിയത്. വളര്‍ച്ച മുരടിപ്പിക്കുന്ന രോഗത്തെ സ്‌പെയിനിലെത്തി കളിച്ചു തോല്‍പിച്ച മെസി സ്പാനിഷ് ലീഗില്‍ 17-ാം വയസിലാണ് ബാഴ്‌സയക്കു വേണ്ടി ആദ്യ ഗോള്‍ നേടുന്നത്. അവിടുന്നിങ്ങോട്ടു മൂന്ന് സ്പാനിഷ് ലീഗ് കിരീടം, രണ്ട് യുവേഫാ ചാംപ്യന്‍സ് ലീഗ്, മൂന്ന് സ്പാനിഷ് സൂപ്പര്‍കപ്പ് എന്നിവ ന്യൂകാമ്പിലെത്തിച്ച സുവര്‍ണ താരമായി മാറി.
ലാറ്റിനമേരിക്കയുടെ വശ്യതയും യൂറോപ്പിന്റെ കരുത്തും സമന്വയിപ്പിച്ച കളിയാണ് മെസിയുടെ മുഖമുദ്ര. വിംഗുകളിലൂടെ കുതിച്ചു കയറുമ്പോള്‍ ആ കാലുകള്‍ക്ക് കാറ്റിന്റെ വേഗത. വമ്പന്മാര്‍ ഏകനായി കാവല്‍ നില്‍ക്കുന്ന കോട്ടയിലേക്ക് പന്ത് തൊടുക്കുമ്പോള്‍ വെടിയുണ്ടയുടെ കൃത്യത. വണ്‍ ടച്ച് പാസിംഗില്‍ അര്‍ജന്റീനയുടെ ചാരുത ഇതാണ് ലയണല്‍ മെസി.
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി മെസിയാണ് ബാഴ്‌സയുടെ കുന്തമുന. കഴിഞ്ഞ സീസണില്‍ ബാഴ്‌സയ്ക്കുവേണ്ടി മെസി 38 ഗോളുകള്‍ നേടുകയും 18 ഗോളുകള്‍ക്ക് വഴിയൊരുക്കുകയും ചെയ്തു. രണ്ടാഴ്ച മുമ്പ് യൂറോപ്യന്‍ ഫുട്‌ബോളര്‍ പദവിയും മെസിയെ തേടി എത്തിയിരുന്നു. ഇപ്പോള്‍ ഫിഫ അവാര്‍ഡ് കൂടി ലഭിച്ചതോടെ അത് ഇരട്ടി മധുരമായി മാറി.
ഈ കഴിവുകള്‍ കൊണ്ടാകാം മെസിയെ തന്റെ പിന്‍ഗാമിയായും ആഫ്രിക്കയില്‍അര്‍ജന്റീനയുടെ മുന്നണിപ്പോരാളിയായും സാക്ഷാല്‍ ഡീഗോ മറഡോണ വാഴിച്ചത്. മറഡോണ രണ്ടാമന്‍ എന്നു വിശേഷപ്പിക്കെപ്പെടുന്ന മെസി ഇപ്പോള്‍ തന്റെ ആരാധ്യ പുരഷനേക്കാള്‍ വളര്‍ന്നിരിക്കുന്നു. ഫിഫ ഫുട്‌ബോളര്‍ ഓഫ് ദ ഇയര്‍ അവാര്‍ഡ് സ്വന്തമാക്കുന്ന ആദ്യ അര്‍ജന്റീനക്കാരനായി ഉയര്‍ന്നുകൊണ്ട്. മുമ്പ് ഗബ്രിയേല്‍ ബാറ്റിസ്റ്റ്യൂട്ടയും കഴിഞ്ഞ രണ്ടു തവണ മെസിയും രണ്ടാം സ്ഥാനത്തെിയതാതിരുന്നു അര്‍ജന്റീനക്കാര്‍ക്ക് ഇക്കാര്യത്തില്‍ ഇതുവരെയുണ്ടായിരുന്ന ഉയര്‍ന്ന നേട്ടം.
എന്നാല്‍ ഇതിഹാസത്തിനു തുല്യമാകാന്‍ ഇനി ഒരു ലോകകപ്പ് കൂടി വേണം. ആഫ്രിക്കയില്‍ അതിനു മെസിക്കു കഴിഞ്ഞാല്‍ പുതിയ മറഡോണ എന്ന വിശേഷണം കൂടുതല്‍ അന്വര്‍ത്ഥമായി മാറും. ഒപ്പം മെസിയുടെ തൊപ്പിയില്‍ ഒരു പൊന്‍ തൂവല്‍ കൂടി. അതിനാണ് ആരാധകര്‍ കാത്തിരിക്കുന്നത്...

അര്‍ജന്റീനയുടെ സിംഹഗര്‍ജനംSocialTwist Tell-a-Friend

Sunday, December 20, 2009

കെടുകാര്യസ്ഥതയുടെ താരോദയം

രു സ്കൂള്‍ മീറ്റിനു കൂടി കൊടിയിറങ്ങി. മത്സരാധിക്യം കായിക കൗമാരത്തെ തളര്‍ത്തുന്നു എന്ന് വിളിച്ചോതിക്കൊണ്ടാണ് കേരളത്തിന്റെ ഒളിമ്പിക്‌സ് എന്നറിയപ്പെടുന്ന മീറ്റ് തീരുവല്ലയില്‍ സമാപിച്ചത്.
തട്ടിക്കൂട്ടിയ ട്രാക്കും കുത്തഴിഞ്ഞ മത്സരക്രമങ്ങളും കാരണം റെക്കോഡ് ബുക്കില്‍ കാര്യമായ തിരുത്തലുകള്‍ വരാതെ പോയപ്പോള്‍ വിരലിലെണ്ണാവുന്ന താരോദയങ്ങള്‍ക്കാണ് 53-ാമത് സംസ്ഥാന സ്കൂള്‍ കായിക മേള ജന്മം നല്‍കിയത്. ഒപ്പം ദേശീയ സ്കൂള്‍ മീറ്റ്, ജൂനിയര്‍ മീറ്റ് എന്നിവ കഴിഞ്ഞു പോയതും തിരുവല്ലയുടെ പ്രൗഡി കുറച്ചു. എന്നിരിക്കിലും ഒട്ടനവധി പാഠങ്ങള്‍ നല്‍കിയാണ് ഈ മീറ്റും സമാപിച്ചത്.
ജില്ലാ മീറ്റുകളിലും ദേശീയ സ്കൂള്‍- ജൂനിയര്‍ മീറ്റുകളിലും മാറ്റുരച്ച ശേഷമാണ് ഒട്ടുമിക്ക താരങ്ങളും സംസ്ഥാന മീറ്റിന് എത്തിയത്. ഒന്നരമാസത്തെ ഇടവേളയ്ക്കിടെയായിരുന്നു മത്‌സരങ്ങള്‍ അധികവും. വിശ്രമവും ഇടവേളയുമില്ലാതെയുളള മത്‌സരക്രമങ്ങള്‍ ചെറുനാമ്പുകളെ മുളയിലേ നുള്ളുന്നതിന് തിരുവല്ല വേദിയായി.
ചാലക്കുടിയില്‍ നടന്ന കഴിഞ്ഞ മീറ്റില്‍ 23 റെക്കോഡുകള്‍ക്ക് ഇളക്കം തട്ടിയപ്പോള്‍ ഇവിടെ അത് ഒമ്പതില്‍ ഒതുങ്ങി. ഇതില്‍ത്തന്നെ ട്രാക്കില്‍ പിറന്നത് ഒരെണ്ണം മാത്രം. ചാമ്പ്യന്‍ സ്കൂള്‍ പട്ടം കഴിഞ്ഞ ഏഴുവര്‍ഷമായി തറവാട്ടു സ്വത്താക്കിവച്ച കോതമംഗലം സെന്റ് ജോര്‍ജ് സ്കൂളിന് അയല്‍ക്കാരായ മാര്‍ബേസില്‍ നല്‍കിയ പ്രഹരമാണ് ഇത്തവണത്തെ ഏക സവിശേഷത. ചുരുക്കത്തില്‍ ഈ കായിക മേള കോതമംഗലം സ്കൂളുകാര്‍ തമ്മിലുള്ള പോരാട്ടമായി ഒതുങ്ങി.
അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ മുതല്‍ക്കേ ഈ മീറ്റ് പിന്നിലായിരുന്നു. യുദ്ധകാലാടിസ്ഥാനത്തില്‍ ട്രാക്ക് ഉണ്ടാക്കിയപ്പോള്‍ താരങ്ങളുടെ വേഗം ഇതില്‍ മുങ്ങി. കൊച്ചിയിലും തിരുവനന്തപുരത്തും സിന്തറ്റിക്ക് ട്രാക്കുകള്‍ വെറുതെ കിടക്കുമ്പോഴാണ് തട്ടിക്കൂട്ടു ട്രാക്കില്‍ കുട്ടികളെ അഭ്യാസത്തിനിറക്കിയത്. ഈ ട്രാക്കില്‍ മത്സരിച്ച താരങ്ങളുലൊരാളുടെ കാലില്‍ നിന്ന് മാംസം അടര്‍ന്നു വീണ കാഴ്ച കരളലിയിപ്പിക്കുന്നതായിരുന്നു.
ജൂനിയര്‍ ഗേള്‍സിന്റെ ഹൈജമ്പ് മത്സരം നടക്കുന്ന പിറ്റ്. മത്സരത്തിനിടെയാണ് റണ്ണിംഗ് ഏരിയയ്ക്ക് ഗുണനിലവാരമില്ലെന്ന് അധികൃതര്‍ക്ക് മനസിലായത്. ചതുപ്പായി പോയ റണ്ണിംഗ് ഏരിയയുടേതാണ് കുഴപ്പം. റണ്ണിംഗ് ഏരിയ നന്നാക്കാന്‍ റോഡ് റോളര്‍ തപ്പിപോയ ടെക്‌നിക്കല്‍ കമ്മിറ്റി അംഗം സംഭവവുമായി എത്തിയപ്പോഴേക്കും താരങ്ങള്‍ ഈരേഴു പതിനാലു ലോകവും കണ്ടിരുന്നു. ഇതാണ് പുതുനാമ്പുകളെ കണ്ടെത്താന്‍വെമ്പുന്നവരുടെ ശുഷ്കാന്തി.
മത്സരഷെഡ്യൂളുകളുടെ ക്രമീകരണവും തോന്നുംപടിയായിരുന്നു. ആദ്യ ദിനം ഉദ്ഘാടനം കൊഴുപ്പിക്കാന്‍ അരദിവസം മാറ്റിവച്ചപ്പോള്‍ പിന്നീടുള്ള ദിനങ്ങളില്‍ വലഞ്ഞത് മത്സരാര്‍ഥികളായിരുന്നു. അര-മുക്കാല്‍ മണിക്കൂറുകളുടെ ഇടവേളയില്‍ വിവിധ മത്സരങ്ങള്‍ക്കായി അവര്‍ക്ക് ഇറങ്ങേണ്ടി വന്നു. ഇതില്‍ പരാതിയുയര്‍ന്നപ്പോള്‍ കൊണ്ടുപിടിച്ച് ഷെഡ്യൂള്‍ മാറ്റി ദേശീയ ചാമ്പ്യനെ കരയ്ക്കിരുത്തിയും സംഘാടകര്‍ കൈയടി വാങ്ങി. അവസാനദിനത്തിനു തൊട്ടു മുമ്പാണ് സീനിയര്‍ പെണ്‍കുട്ടികളുടെ ലോംഗ് ജമ്പും ട്രിപ്പിള്‍ ജമ്പും ഒരേസമയം വരുമെന്ന് അധികാരികള്‍ അറിഞ്ഞത്. ഉടനെത്തി പരിഷ്കാരം, ലോംഗ് ജമ്പ് തൊട്ടുതലേ ദിവസത്തേക്ക് പെട്ടെന്നു മാറ്റിക്കളഞ്ഞു വിദ്വാന്‍മാര്‍. ഈ തുഗ്ലക്ക് പരിഷ്കാരം അറിയാതെ വെള്ളിയാഴ്ച മത്സരിക്കാനെത്തിയ ദേശീയ മെഡല്‍ ജേതാവ് ആല്‍ഗ വിന്നി ജയിംസിന് കരയ്ക്കിരുന്നു മറ്റൊരിനം കാണേണ്ടി വന്നു.
പരാധീനതകള്‍ക്കിടയിലും പ്രതീക്ഷയുടെ ഏതാനും പൊന്‍കിരണങ്ങളുമുണ്ടായി.
ദീര്‍ഘദൂരം സ്വന്തം കാര്യമാക്കിയ പാലക്കാട് പറളി ഹൈസ്കൂളിനെ പിന്നോട്ടടിച്ച മുണ്ടൂര്‍ ഹൈസ്കൂളും കുമരംപുത്തുര്‍ കല്ലടി ഹയര്‍സെക്കന്‍ഡറി സ്കൂളും ഇന്ത്യന്‍ അത്‌ലറ്റിക്‌സിന്റെ നേഴ്‌സറിയില്‍ വിഭവങ്ങള്‍ ഇനിയുമേറെയുണ്ടെന്നു തെളിയിച്ചു. ത്രോയിനങ്ങളില്‍ വടക്കന്‍ കരുത്തിനോടു ഭാവിയില്‍ കിടപിടിക്കാമെന്ന പ്രതീക്ഷ പകര്‍ന്ന് മാര്‍ബേസില്‍ നടത്തിയ മുന്നേറ്റവും ആശ്വാസകരമാണ്. പുത്തന്‍ താരോദയങ്ങളായ കോഴിക്കോടിന്റെ സാല്‍ബിന്‍ ജോസഫും ഒളിമ്പ്യന്‍ മേഴ്‌സിക്കുട്ടന്റെ മകന്‍ സുജിത് കുട്ടനും ഭാവിയുടെ വാഗ്ദാനങ്ങളായി. കോഴിക്കോട് കുളത്തുവയല്‍ സെന്റ് ജോര്‍ജ് സ്കൂളിലെ എട്ടാം ക്‌ളാസ് വിദ്യാര്‍ഥിയായ സാല്‍ബിന്‍ 100,200,400 മീറ്ററുളിലും 4ഃ100 മീറ്റര്‍ റിലേയിലും സ്വര്‍ണമണിഞ്ഞു. ആണ്‍കുട്ടികളുടെ 100 മീറ്ററില്‍ ഒന്നാമതെത്തിയ സുജിത് കുട്ടന്‍ മീറ്റിലെ വേഗമേറിയ താരമാവുതയും ചെയ്തു. 100, 200 മീറ്ററുകളില്‍ സ്വര്‍ണം നേടിയ കല്ലടി സ്കൂളിലെ ജി ലാവണ്യയും പൊന്‍തിളക്കത്താല്‍ ശ്രദ്ധേയരായി.
എന്നിരിക്കിലും ട്രാക്കിലെ തളര്‍ച്ച കേരള അത് ലറ്റിക്‌സിനുളള ശക്തമായ മുന്നറിയിപ്പാണ്. കഴിഞ്ഞ രണ്ടു ദേശീയ സ്കൂള്‍ മീറ്റുകളിലും ജൂനിയര്‍ മീറ്റുകളിലും ഉത്തരേന്ത്യന്‍ കരുത്ത് നമ്മളെ ഞെരുക്കുന്നതിന് സാക്ഷ്യം വഹിച്ചതാണ്. ഇത്തവണ അമൃത്‌സറില്‍ നിന്ന് 100 മീറ്ററില്‍ കേരളത്തിന് കിട്ടയത് ആനമുട്ടയായിരുന്നുവെന്നതും ശ്രദ്ധേയം തന്നെ. എന്നിട്ടും ജിജിമോള്‍ ജേക്കബ്, ഷമീന ജബ്ബാര്‍, എസ്.ആര്‍ ബിന്ദു എന്നിവര്‍ തിളങ്ങിയ 90-കളില്‍ നിന്ന് മുന്നേറാന്‍ നമുക്കായിട്ടില്ല. പ്രകടനം മോശമായതല്ല കാരണം എന്നത് വസ്തുതയാകുമ്പോള്‍ കേരളത്തിന് ചിലയിനങ്ങളില്‍ താരങ്ങളെ വളര്‍ത്താനും നിലവിലുള്ള പ്രതിഭകളെ നിലനിര്‍ത്താനും സാധിക്കാതെ പോകുന്നതാണ് പ്രശ്‌നം. മറ്റു സംസ്ഥാനങ്ങള്‍ മികച്ച പരിശീലനങ്ങളിലൂടെ മുന്നിലെത്തുമ്പോഴും കേരളത്തെ സംബന്ധിച്ച് വഞ്ചി ഇപ്പോഴും തിരുനക്കര തന്നെ എന്നതാണ് അവസ്ഥ. ഇനിയും ഉറക്കം നടിച്ചാല്‍ ഇന്ത്യന്‍ അത്‌ലറ്റിക്‌സിന്റെ പതാക ഇനി വടക്കേ ഇന്ത്യയില്‍ പാറിപ്പറക്കുന്നത് നമുക്ക് നോക്കി നില്‍ക്കേണ്ടി വരും.

കെടുകാര്യസ്ഥതയുടെ താരോദയംSocialTwist Tell-a-Friend

ആറില്‍ കുളിച്ച് എറണാകുളം

53-ാമത് സംസ്ഥാന സ്കൂള്‍ കായികമേളയില്‍ 400 പോയിന്റോടെ എറണാകുളം ജില്ല ഓവറോള്‍ ആറാം തവണയും ചാമ്പ്യന്‍മാരായി. 192 പോയിന്റ് നേടിയ പാലക്കാടും 93 പോയിന്റോടെ കോഴിക്കോടും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.
സ്കൂള്‍ വിഭാഗത്തില്‍ കോതമംഗലം മാര്‍ ബേസില്‍ ചാമ്പ്യന്‍മാരായി. കോതമംഗലം സെന്റ് ജോര്‍ജിനാണ് രണ്ടാംസ്ഥാനം. സീനിയര്‍ ആണ്‍കുട്ടികള്‍, പെണ്‍കുട്ടികള്‍, ജൂനിയര്‍ ആണ്‍കുട്ടികള്‍, സബ്ജൂനിയര്‍ പെണ്‍കുട്ടികള്‍ എന്നീ വിഭാഗങ്ങളില്‍ എറണാകുളവും സബ്ജൂനിയര്‍ ആണ്‍കുട്ടികള്‍, ജൂനിയര്‍ പെണ്‍കുട്ടികള്‍ എന്നീ വിഭാഗത്തില്‍ പാലക്കാടും ചാമ്പ്യന്‍മാരായി.
മൂന്നു മീറ്റ് റെക്കോഡ് പിറന്ന അവസാനം ദിനം തിരുവല്ലയിലെ പുല്‍നാമ്പിനെപോലും തഴുകിയിളക്കാന്‍ പാലക്കാടന്‍ കാറ്റിന് കഴിയാതെപോയപ്പോള്‍ എതിരില്ലാതെ എറണാകുളം തലയുയര്‍ത്തി.... തുടരെ ആറാംതവണയും. സംസ്ഥാന സ്കൂള്‍ കായികമേളയ്ക്ക് ഇന്നലെ തിരി താഴ്ന്നപ്പോള്‍ 43 സ്വര്‍ണവും 41 വെള്ളിയും 31 വെങ്കലമുള്‍പ്പെടെ 400 പോയിന്‍റുമായി പാലക്കാടിനെ വാളയാര്‍ ചുരം കടത്തിയാണ് എറണാകുളം കപ്പ് ചുണ്ടോടുചേര്‍ത്തത്. ചാമ്പ്യന്‍ സ്കൂള്‍ പദവി പിടിച്ചടക്കിയ മാര്‍ ബേസിലിന്റെയും ആറുവര്‍ഷത്തിനുശേഷം അത് കൈവിട്ട സെന്റ് ജോര്‍ജ് എച്ച്.എസ്.എസിന്റെയും ചിറകിലാണ് എറണാകുളം പറന്നത്.
രണ്ടാംസ്ഥാനത്തെത്തിയ പാലക്കാടിന് 23 സ്വര്‍ണവും 17 വെള്ളിയും 14 വെങ്കലവുമുള്‍പ്പെടെ, 192 പോയിന്റുണ്ട്. 12 സ്വര്‍ണവും നാലു വെള്ളിയും ഒമ്പത് വെങ്കലവുമായി 93 പോയിന്റ് നേടിയ കോഴിക്കോടാണ് മൂന്നാംസ്ഥാനത്ത്.
22 സ്വര്‍ണവും 21 വെള്ളിയും 13 വെങ്കലവുമായി 186 പോയിന്റുമായി മാര്‍ ബേസില്‍ എറണാകുളത്തിന്റെ കരുത്തായി. രണ്ടാംസ്ഥാനത്തെത്തിയ സെന്റ് ജോര്‍ജിന് 14 സ്വര്‍ണവും 18 വെള്ളിയും 14 വെങ്കലവുമായി 138 പോയന്റുണ്ട്. പാലക്കാടിന് കരുത്ത് പകര്‍ന്ന് 11 സ്വര്‍ണവും അഞ്ചു വെള്ളിയും ആറു വെങ്കലവുമുള്‍പ്പെടെ 76 പോയിന്‍റ് നേടിയ കുമരംപുത്തൂര്‍ കല്ലടി എച്ച്.എസ്.എസാണ് മൂന്നാംസ്ഥാനത്തെത്തിയത്. മീറ്റിന്‍െറ അവസാനദിനമായ ഇന്നലെ ട്രാക്കിലും ഫീല്‍ഡിലും ചാമ്പ്യന്‍മാര്‍ സ്വര്‍ണം വാരുകയായിരുന്നു. 30 ഫൈനലുകളില്‍ 15 എണ്ണത്തിലും സ്വര്‍ണം നേടിയാണ് എറണാകുളം മികച്ചുനിന്നത്. ഏഴുവര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് കഴിഞ്ഞ വര്‍ഷം വരെ രണ്ടാംസ്ഥാനത്തിന്റെ കാവല്‍ക്കാരായി തുടര്‍ന്നുവന്നിരുന്ന മാര്‍ ബേസില്‍ കന്നിക്കിരീടത്തിനവകാശം കുറിച്ചത്.
സംസ്ഥാന സ്കൂള്‍ മീറ്റില്‍ 2002-ല്‍ രണ്ടാംസ്ഥാനക്കാരായി തുടങ്ങിയതാണ് മാര്‍ ബേസില്‍. 2004 വരെ തോമസ് മാഷിന്റെ കോരുത്തോടിന് പ്രധാന പ്രതിരോധം തീര്‍ത്തതും മാര്‍ ബേസില്‍ ആയിരുന്നു. എന്നാല്‍ 2004-ല്‍ അതുവരെ മാര്‍ ബേസിലിനു പിന്‍നിരയിലായിരുന്ന സെന്റ് ജോര്‍ജ് ഒന്നാംസ്ഥാനം കൈയടക്കി. ഏഴുവര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ബേസില്‍ സ്വപ്നം സാക്ഷാത്കരിച്ചത്.
ഈ വര്‍ഷം ജില്ലാ, സബ്ജില്ലാ കായികമേളകളില്‍ സെന്റ് ജോര്‍ജിന്റെ കുത്തക തകര്‍ത്ത് ഒന്നാമതായ ബേസില്‍ ആദ്യമേ എതിരാളികള്‍ക്കു താക്കീതു നല്‍കിയിരുന്നു.
ത്രോ ഇനങ്ങളിലെ മികവാണ് മാര്‍ ബേസിലിനു തുണയായത്. ഫീല്‍ഡില്‍ മാര്‍ ബേസില്‍ 81 പോയിന്റുകളാണ് എറിഞ്ഞെടുത്തത്. സെന്റ് ജോര്‍ജിന് പ്രതീക്ഷിച്ച മെഡലുകള്‍ ഫീല്‍ഡില്‍ നഷ്ടമായത് വിനയായി. സെന്റ് ജോര്‍ജിന്റെ ശക്തിയായിരുന്ന ട്രാക്കിനങ്ങളിലെ മെഡലുകളാകട്ടെ കല്ലടിയിലേയും ഉഷാ സ്കൂളിലെയും കുട്ടികള്‍ കൈക്കലാക്കിയതും കിരീട നഷ്ടത്തിന് ഇടയാക്കി.
ചാലക്കുടിയില്‍ കഴിഞ്ഞ വര്‍ഷം 33 പോയിന്റുകള്‍ നേടിയ മാര്‍ ബേസില്‍ ഇക്കുറി അത് 81 ആയി ഉയര്‍ത്തി. 2004 മുതല്‍ 2008 വരെ സൂക്ഷിച്ച കിരീടമാണ് ഇക്കുറി സെന്റ് ജോര്‍ജിനു നഷ്ടമായത്. മാര്‍ ബേസില്‍ 22 സ്വര്‍ണവും 21 വെളളിയും 13 വെങ്കലവും നേടിയപ്പോള്‍ സെന്റ് ജോര്‍ജിന് 14 സ്വര്‍ണവും 16 വെളളിയും 14 വെങ്കലവുമാണ് നേടാനായത്.

ആറില്‍ കുളിച്ച് എറണാകുളംSocialTwist Tell-a-Friend

കേക്കിനു പകരം സ്വര്‍ണം; ജന്മദിനം അതിമധുരം

പിറന്നാള്‍ കേക്ക് മുറിക്കുംമുമ്പേ ശില്‍പ ജന്മദിന മധുരം നുണഞ്ഞു. ജമ്പിംഗ് പിറ്റില്‍ മൂന്നുതവണ കുതിച്ച് 12.20 മീറ്റര്‍ അകലെ പറന്നിറങ്ങിയപ്പോള്‍ ശില്‍പയ്ക്കത് പിറന്നാള്‍ സമ്മാനമായി. സീനിയര്‍ പെണ്‍കുട്ടികളുടെ ട്രിപ്പിള്‍ജമ്പിലാണ് കോതമംഗലം മാര്‍ ബേസിലിന്റെ ശില്‍പാ ചാക്കോ പിറന്നാള്‍ ആഘോഷിച്ചത്. ബദ്ധവൈരി കോതമംഗലം സെന്റ്് ജോര്‍ജിന്റെ റിന്റു മാത്യുവിനെയും മാര്‍ ബേസിലിന്റെ തന്നെ സഹതാരം ജൂലിയ ക്ലീറ്റസിനെയുമാണ് ശില്‍പ പിന്നിലാക്കിയത്.
കഴിഞ്ഞതവണ ജൂനിയര്‍ വിഭാഗത്തില്‍ റെക്കോഡ് സ്വര്‍ണം നേടിയ ശില്‍പ ഇക്കുറി സീനിയര്‍ വിഭാഗത്തിലെത്തിയെങ്കിലും സ്വര്‍ണം വിട്ടുകൊടുത്തില്ല. ആദ്യ ചാട്ടത്തിന് 11.40 മീറ്റര്‍ കടന്ന ശില്‍പ പിന്നീട് നാലാം ചാട്ടത്തിലാണ് 12.20 മീറ്റര്‍ കടന്ന് സുവര്‍ണ പതക്കം സ്വന്തമാക്കിയത്.
രണ്ടാം സ്ഥാനത്തെത്തിയ റിന്റു 11.54 മീറ്ററിലും വെങ്കലംനേടിയ ജൂലിയ 11.34 മീറ്ററിലും പോരാട്ടം അവസാനിപ്പിച്ചിരുന്നു.
കൊച്ചിയില്‍ നടന്ന ദേശീയ സ്കൂള്‍ മീറ്റിലും ശില്‍പ സ്വര്‍ണം നേടിയിരുന്നു. ഇക്കുറി അമൃത്‌സറില്‍ നടന്ന ദേശീയ സ്കൂള്‍ മീറ്റില്‍ പരുക്കിനെത്തുടര്‍ന്നു പങ്കെടുത്തില്ല. ചണ്ഡീഗഡില്‍ നടന്ന ഇന്റര്‍സോണ്‍ മീറ്റില്‍ 12.17 മീറ്റര്‍ ചാടിയാണ് ശില്‍പ ഒന്നാമതെത്തിയത്.
കരിയറിന്റെ തുടക്കത്തില്‍ ദീര്‍ഘദൂര ഇനങ്ങളിലായിരുന്നു ശില്‍പയുടെ സാന്നിധ്യം. പരുക്കിനെത്തുടര്‍ന്നു ജമ്പിനങ്ങളിലേക്ക് കേന്ദ്രീകരിക്കുകയായിരുന്നു.
പാലക്കാട് നടന്ന സംസ്ഥാന സ്കൂള്‍ മീറ്റില്‍ 3000 മീറ്ററിലും 1500 മീറ്ററിലും വെള്ളി നേടി. പിന്നീട്, പരുക്കിനെത്തുടര്‍ന്നു കോട്ടയം മീറ്റില്‍ നിന്നു വിട്ടുനിന്ന ശില്‍പ ചാലക്കുടിയില്‍ ജമ്പിംഗ് പിറ്റിലാണ് തിരിച്ചുവരവ് നടത്തിയത്.
കോഴിക്കോട് കല്ലാനോട് എട്ടിയില്‍ ചാക്കോ -തങ്കമ്മ ദമ്പതികളുടെ മൂന്നു മക്കളില്‍ രണ്ടാമത്തെയാളാണ്. ചേട്ടന്‍ സോബിന്‍ ചാക്കോ സീനിയര്‍ ആണ്‍കുട്ടികളുടെ ഹൈജമ്പില്‍ കഴിഞ്ഞ ദിവസം വെങ്കലം നേടിയിരുന്നു.

കേക്കിനു പകരം സ്വര്‍ണം; ജന്മദിനം അതിമധുരംSocialTwist Tell-a-Friend

ഷെഡ്യൂള്‍ മാറ്റിമറിച്ചു; ദേശീയ ചാമ്പ്യന്‍ കരയ്ക്കിരുന്നു

അവസാന നിമിഷം മത്സര ഷെഡ്യൂള്‍ മാറ്റിമറിച്ച് അധികൃതര്‍ ദേശീയ ചാമ്പ്യനെ കരയ്ക്കിരുത്തി കരയിച്ചു. സീനിയര്‍ പെണ്‍കുട്ടികളുടെ ലോംഗ്ജമ്പില്‍ മത്സരിക്കാനെത്തിയ പെരുമ്പാവൂര്‍ ആശ്രമം എച്ച്.എസ്.എസിലെ ആല്‍ഗ വിന്നി ജയിംസിനാണ് കരയ്ക്കിരുന്നു കളികാണേണ്ടി വന്നത്.
ഇന്നലെ രാവിലെ നടക്കേണ്ടിയിരുന്ന ഇനം കഴിഞ്ഞ ദിവസം വൈകിട്ടത്തേക്ക് മാറ്റിയതാണ് ആല്‍ഗയ്ക്ക് വിനയായത്. പകരം വ്യാഴാഴ്ച നടത്തേണ്ടിയിരുന്ന സബ്ജൂനിയര്‍ ലോംഗ്ജമ്പ് ഇന്നലെ രാവിലെ നടത്തുകയും ചെയ്തു. കഴിഞ്ഞ നാലുവര്‍ഷമായി സീനിയര്‍ വിഭാഗത്തില്‍ സ്വര്‍ണ ജേതാവായിരുന്നു ആല്‍ഗ. ഇക്കുറി അമൃത്‌സറില്‍ നടന്ന ദേശീയ സ്കൂള്‍ മീറ്റിലും ആല്‍ഗയ്ക്കായിരുന്നു സ്വര്‍ണം.
ഇന്നലെ നടക്കേണ്ടിയിരുന്ന മത്സരത്തില്‍ പങ്കെടുക്കാന്‍ രാവിലെയാണ് ആല്‍ഗയും രക്ഷിതാക്കളും സ്‌റ്റേഡിയത്തില്‍ എത്തിയത്.
അപ്പോള്‍ സബ്ജൂനിയര്‍ മത്സരമാണ് ഇന്ന് നടക്കുന്നതെന്നറിഞ്ഞ് ആല്‍ഗ പൊട്ടിക്കരയുകയായിരുന്നു. വെളളിയാഴ്ച സീനിയര്‍ പെണ്‍കുട്ടികളുടെ ലോംഗ്ജമ്പും ട്രിപ്പിള്‍ ജമ്പും അടുത്തടുത്ത സമയത്തു വരുന്നതു കൊണ്ടാണ് മത്സരക്രമം മാറ്റിയതെന്നായിരുന്നു അധികൃതരുടെ ഭാഷ്യം.
ടീം മാനേജര്‍മാരുമായി ആലോചിച്ച ശേഷമാണ് ഇത് തീരുമാനിച്ചതെന്നും പിന്നീട് സ്‌റ്റേഡിയത്തില്‍ ഇത് അനൗണ്‍സ് ചെയ്ത് താരങ്ങളെയും ഒഫീഷ്യല്‍സിനെയും അറിയിച്ചിരുന്നുവെന്നും അവര്‍ വ്യക്തമാക്കി. അധികൃതര്‍ ഇങ്ങനെ കൈകഴുകിയതോടെ ഉറച്ച മെഡല്‍ നഷ്ടമായ ആല്‍ഗ പിന്നീട് മടങ്ങി.

ഷെഡ്യൂള്‍ മാറ്റിമറിച്ചു; ദേശീയ ചാമ്പ്യന്‍ കരയ്ക്കിരുന്നുSocialTwist Tell-a-Friend

തണുപ്പിലെ തോല്‍വിക്കു വെയിലത്തു മറുപടി

ഹൈജമ്പ് പിറ്റില്‍നിന്നു സ്വര്‍ണമണിഞ്ഞ് നടന്നിറങ്ങിയ ശ്രീഷ്മാ രാജന്റെ കണ്ണില്‍ മിന്നിയതു പ്രതികാരത്തിന്റെ തിളക്കമായിരുന്നു. അമൃത്‌സറില്‍ നടന്ന കോട പുതച്ച ദേശീയ സ്കൂള്‍ മീറ്റില്‍ തന്നെ തോല്‍പ്പിച്ച പാലക്കാട് പറളി സ്കൂളിന്റെ കൊച്ചുമെര്‍ലിനെ തിരുവല്ലയുടെ മണ്ണില്‍ തോല്‍പ്പിച്ചാണു കല്ലടി സ്കൂളിന്‍െറ ശ്രീഷ്മ ഉയര്‍ന്നു പറന്നത്.
പാലക്കാടുകാരുടെ മത്‌സരമായി മാറിയ ജൂനിയര്‍ പെണ്‍കുട്ടികളുടെ ഹൈജമ്പിലാണ് ശ്രീഷ്മാ- മെര്‍ലിന്‍ പോരാട്ടം അരങ്ങേറിയത്. 1.51 മീറ്റര്‍ മറികടന്നാണ് ശ്രീഷ്മ ഒന്നാമതെത്തിയത് മെര്‍ലിന് 1.46 മീറ്റര്‍ മറികടക്കാനേ കഴിഞ്ഞുള്ളു. കോട്ടയത്തും ചാലക്കുടിയിലും സ്വര്‍ണം നേടിയ ശ്രീഷ്മ ഇതോടെ ഹാട്രികും തികച്ചു.
സബ്ജൂനിയര്‍ വിഭാഗത്തില്‍നിന്നു സുവര്‍ണ തിളക്കവുമായെത്തിയ മെര്‍ലിന്‍ അമൃത്‌സര്‍ ദേശീയ മീറ്റിലാണ് ശ്രീഷ്മയ്ക്ക് വെല്ലുവിളിയായി മാറിയത്.
1.50 മീറ്റര്‍ മറികടന്ന് മെര്‍ലിന്‍ അന്ന് സ്വര്‍ണമണിയുകയും ചെയ്തു. കൊച്ചി ദേശീയ മീറ്റിലെ സ്വര്‍ണതിളക്കത്തില്‍ മത്‌സരിച്ച ശ്രീഷ്മ രണ്ടാംസ്ഥാനം കൊണ്ട് തൃപ്തിപ്പെടുകയായിരുന്നു. ഇന്നലെ 1.35 മീറ്റര്‍ ഉയരത്തില്‍ നിന്നാണ് മെര്‍ലിന്‍ മത്‌സരം തുടങ്ങിയത്. ശ്രീഷ്മ 1.38-ല്‍ നിന്നും. തുടര്‍ന്ന്, 1.46 മീറ്റര്‍ വരെ ഇരുവരും പൊരുതിയെങ്കിലും ദേശീയമീറ്റിന്റെ ഉയരമായ 1.51 മീറ്ററില്‍ മെര്‍ലിന്‍ മുട്ടുമടക്കുകയായിരുന്നു.

തണുപ്പിലെ തോല്‍വിക്കു വെയിലത്തു മറുപടിSocialTwist Tell-a-Friend

കോടതിവിധി ഉത്തേജകമായി; ജിജിന്‍ താരമായി

താരങ്ങളില്‍ താരം ജിജിന്‍തന്നെ. സുവര്‍ണ ജയത്തിലൂടെ എല്ലാവരും നേടിയത് നൂറു മേനിയെങ്കില്‍ കുറുമ്പനാടം സെന്റ് പീറ്റേഴ്‌സ് സ്കൂളിലെ ജിജിന്‍ നേടിയത് ആയിരം മേനി. സാങ്കേതികതയുടെ പേരു പറഞ്ഞു വഴിമുടക്കികളായിവന്ന അധികാരികള്‍ക്കുമേല്‍ കോടതിവിധിയെന്ന ഉത്തേജക ഔഷധം കഴിച്ചാണ് ജിജിന്‍ ഇരട്ടസ്വര്‍ണം കൊയ്തത്. ജൂനിയര്‍ ആണ്‍കുട്ടികളുടെ ലോംഗ്ജമ്പിലും 100 മീറ്ററിലും ജിജിന്‍ നേടിയ സുവര്‍ണപതക്കങ്ങള്‍ കണ്ണടച്ച അധികാരികള്‍ക്കു മുഖമടച്ചുള്ള മറുപടിയാണ്.
സ്കൂള്‍പ്രവേശനതീയതിയുടെ സാങ്കേതികവശം തുറന്നുകാട്ടി അധികൃതര്‍ ജിജിനെ മീറ്റില്‍ പങ്കെടുക്കുന്നതില്‍നിന്ന് വിലക്കിയിരുന്നു. തുടര്‍ന്ന്, കോടതിയുടെ അനുമതിയാണ് ജിജിനെ തിരുവല്ലയിലെത്തിച്ചതും സുവര്‍ണ വിജയിയാക്കി മാറ്റിയതും. ജൂണ്‍ 30-ന് മുമ്പായി സ്കൂള്‍ രജിസ്റ്റില്‍ പേര് ചേര്‍ത്താല്‍മാത്രമേ നടപ്പുവര്‍ഷം സ്കൂള്‍ മീറ്റുകളില്‍ പങ്കെടുക്കാന്‍ അനുവദിക്കൂ എന്നാണ് കായികമേളയുടെ മാനുവലില്‍ പറയുന്നത്.
എന്നാല്‍, ഏകജാലകം വഴിയുള്ള പ്രവേശനത്തിന്‍െറ നൂലാമാലകള്‍ കാരണം ജിജിന്‍ സെന്‍റ് പീറ്റേഴ്‌സില്‍ പ്രവേശനം നേടിയപ്പോഴേക്കും ഓഗസ്റ്റ് കഴിഞ്ഞിരുന്നു. ഇതാണ് അധികൃതരുടെ കണ്ണില്‍ കരടായത്. ഇക്കാരണത്താല്‍ ജിജിനെ ഉപജില്ലാ മീറ്റില്‍ പങ്കെടുപ്പിച്ചില്ല. തുടര്‍ന്ന്, കോടതിയെ സമീപിച്ച് അനുകൂലവിധി സമ്പാദിച്ചാണ് ജിജിന്‍ റവന്യൂജില്ലാ മീറ്റില്‍ മത്‌സരിച്ചത്. എന്നാല്‍, യോഗ്യത നേടിയാല്‍ സംസ്ഥാനമീറ്റില്‍ പങ്കെടുക്കാമെന്ന് വിധിയില്‍ പറയുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ജിജിന് സംസ്ഥാന മേളയില്‍ പങ്കെടുക്കാന്‍ അനുമതി നിഷേധിക്കുകയായിരുന്നു.

കോടതിവിധി ഉത്തേജകമായി; ജിജിന്‍ താരമായിSocialTwist Tell-a-Friend

എറിഞ്ഞിടാന്‍ വന്നവര്‍ കൊയ്‌തെടുത്തു

റിഞ്ഞിടാനെത്തിയവര്‍ കൊയ്‌തെടുക്കുന്ന കാഴ്ചയാണ് ഇക്കുറി കായികമേളയില്‍ ദൃശ്യമായത്. ആദ്യദിനം ഷോട്ട്പുട്ടില്‍ തിരുവനന്തപുരത്തിന്റെ ആല്‍ഫിന്‍ തുടക്കമിട്ട റെക്കോഡ്‌വേട്ട ഹാമറില്‍ സച്ചിന്‍ ജയിംസിലെത്തിനില്‍ക്കുമ്പോള്‍ ഏറുകാര്‍ മേളയുടെ താരങ്ങളായി മാറുകയാണ്. ഷോട്ട്പുട്ടില്‍ തുടര്‍ച്ചയായി മൂന്നാം സ്വര്‍ണം ഉറപ്പിച്ച ആല്‍ഫിന്‍ 13.18 താണ്ടിയപ്പോള്‍ 2006-ല്‍ കോഴിക്കോട് സായിയിലെ കെ. രഞ്ജിത്തിന്റെ 12.71 എന്ന റെക്കോഡ്ാണ് പഴങ്കഥയായത്. ആല്‍ഫിന്റെ നേട്ടം മേളയുടെ ഒന്നാംദിനം കീഴടക്കിയപ്പോള്‍ രണ്ടാംദിനത്തില്‍ മുഹമ്മദ് ഇജാസിന്റെയും കൈക്കരുത്തുകള്‍ക്കാണ് കൈയടികിട്ടിയത്. കോതമംഗലം മാര്‍ ബേസിലിന്റെ മുഹമ്മദ് ഇജാസ്, ഡിസ്കസ്‌ത്രോയില്‍ കോതമംഗലം സെന്റ് ജോര്‍ജിന്റെ ഇര്‍വിന്‍ ടി. ജോയിയുടെ രണ്ടുവര്‍ഷം പഴക്കമുളള റെക്കാഡാണ് 38.11 മീറ്റര്‍ എറിഞ്ഞു തകര്‍ത്തത്. സബ്ജൂനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഷോട്ട്പുട്ടില്‍ പാലക്കാട് കല്ലടി കുമരംപുത്തൂര്‍ എച്ച്.എസ്.എസിന്റെ നിഖില്‍ നിധിന്‍ എറിഞ്ഞുടച്ചത് 20 വര്‍ഷം പഴക്കമുളള ബോബി സി. ജോസഫിന്റെ റെക്കോഡാണ്. 13.10 ആയിരുന്നു നിഖിലിന്റെ ദൂരം.
കോഴിക്കോട് കുളത്തുവയല്‍ സെന്റ് ജോര്‍ജ് എച്ച്.എസ്.എസിലെ സച്ചിന്‍ ജയിംസ് സീനിയര്‍ വിഭാഗത്തില്‍ 48.42 മീറ്റര്‍ ദൂരത്തേക്ക് ഹാമര്‍ എറിഞ്ഞപ്പോള്‍ 2009-ലെ കായികമേള ഏറുകാരുടെ മേളയാണെന്ന് ഉറപ്പിക്കുകയായിരുന്നു. ഈ വിഭാഗങ്ങളില്‍ പിറന്ന നാലു റെക്കോഡുകളൊഴികെയുളള ഒരേയൊരെണ്ണം 5000 നടത്തത്തില്‍ പാലക്കാട് മങ്കരയുടെ കെ.എം. മീഷ്മ നേടിയതാണ്. ട്രാക്കിന്റെ നിലവാരത്തകര്‍ച്ചയാണ് റെക്കോഡുകള്‍ പിറക്കാത്തത്തിനു കാരണമായി പരിശീലകരും മറ്റും ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ താരങ്ങളുടെ പ്രകടനം വേണ്ടത്ര ഉയരാത്തതിന് കാരണം മത്സരങ്ങളുടെ ആധിക്യമാണെന്ന വാദവുമുയരുന്നുണ്ട്.

എറിഞ്ഞിടാന്‍ വന്നവര്‍ കൊയ്‌തെടുത്തുSocialTwist Tell-a-Friend

അനൂപ് പറന്നുയര്‍ന്നു, ജംപ്‌സ് അക്കാദമിക്കുമപ്പുറം

വര്‍ മുപ്പതു പേരായിരുന്നു. അനൂപ് ഒറ്റയ്ക്കും. അവര്‍ക്ക് മീതെ ചാട്ടുളിപോലെപറന്നു ചാടി അവന്‍ സ്വര്‍ണമണിഞ്ഞു. പാലാ ജംപ്‌സ് അക്കാദമിയുടെ ശിഷ്യന്മാരെ ഒറ്റയ്ക്കു തോല്‍പ്പിച്ച് ആണ്‍കുട്ടികളുടെ സീനിയര്‍ പോള്‍വാള്‍ട്ടില്‍ കോതമംഗലം സെന്റ് ജോര്‍ജിന്റെ അനൂപ് ജോണി താരമായി.
ഓരോ ചാട്ടത്തിലും ആവേശം തുളുമ്പിയ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ ദേശീയ വെങ്കല മെഡല്‍ ജേതാവിനെ മറികടന്നാണ് അനൂപ് സ്വര്‍ണമണിഞ്ഞത്.
4.05 മീറ്റര്‍ മറികടന്നായിരുന്നു അനൂപിന്റെ നേട്ടം. നിലാരമില്ലാത്ത മത്സരത്തില്‍ അനൂപും രണ്ടാംസ്ഥാനത്തെത്തിയ കോരുത്തോടിന്റെ ജിതിന്‍ വര്‍ഗീസും തമ്മില്‍ നടന്ന പോരാട്ടമാണ് ആവേശം വിതറിയത്.
അനൂപിന്റെ 4.05 മീറ്റര്‍ താണ്ടാന്‍ ശ്രമിക്കാതെ 4.10 മീറ്റര്‍ മറികടക്കാനായിരുന്നു ജിതിന്റെ ശ്രമം. എന്നാല്‍ അത് പാളിയതോടെ ജിതിന് രണ്ടാംസ്ഥാനം കൊണ്ടു തൃപ്തിപ്പെടേണ്ടി വന്നു. മത്സരത്തില്‍ ജംപ്‌സ് അക്കാദമിയുടെ കല്ലടി സ്കൂളിലെ ഗോകുല്‍ ബാബുവിനാണ് വെങ്കലം. സംസ്ഥാന മീറ്റിന് യോജിക്കാത്തത്ര നിലവാരമില്ലാത്ത മത്സരമാണ് അരങ്ങേറിയതെന്ന് ആക്ഷേപമുണ്ട്. ഫൈനല്‍ റൗണ്ടിലേക്കു യോഗ്യത തേടിയ 31 പേരില്‍ 19 പേരും പരാജയപ്പെട്ടത് ഇതിന് തെളിവാണ്. എന്നാല്‍ മത്സത്തിനൊരുക്കിയ റണ്‍വേയാണ് താരങ്ങളെ ചതിച്ചതെന്ന് പരിശീലകര്‍ പറയുന്നു. നിരപ്പില്ലാത്തതും ഇളകിത്തകര്‍ന്നതുമായ ട്രാക്കാണ് പോള്‍വോള്‍ട്ട് മത്സരത്തിനൊരുക്കിയിരുന്നത്. ട്രാക്കിന്റെ ഈ പ്രതികൂല സ്വഭാവം വേഗത കൈവരിക്കാന്‍ തടസമാണെന്നും ഇത് താരങ്ങളുടെ പ്രകടനത്തില്‍ നിഴലിച്ചുവെന്നും അദ്ധ്യാപകര്‍ പറഞ്ഞു.

അനൂപ് പറന്നുയര്‍ന്നു, ജംപ്‌സ് അക്കാദമിക്കുമപ്പുറംSocialTwist Tell-a-Friend

ഒളിമ്പ്യന്‍മാര്‍ക്ക് 100/100


കൗമാരവേഗത്തിന് പുതിയ മുഖം സമ്മാനിച്ച് ഒളിമ്പ്യന്‍മാര്‍ക്ക് നൂറില്‍ നൂറ്. ഇന്ത്യയുടെ അഭിമാനം ഉയര്‍ത്തിയ പി.ടി. ഉഷയുടെയും മേഴ്‌സിക്കുട്ടന്റെയും കളരിയില്‍നിന്ന് എത്തിയവര്‍ മേളയുടെ വേഗമേറിയ താരങ്ങളായി. സീനിയര്‍ വിഭാഗത്തില്‍ ആണ്‍കുട്ടികളില്‍ സുജിത് കുട്ടനും പെണ്‍കുട്ടികളില്‍ സ്വാതിപ്രഭയുമാണ് വേഗത്തിന് പുത്തന്‍മാനം രചിച്ചവര്‍. സീനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ 11.3 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് സുജിത് കുട്ടന്‍ വേഗമേറിയ താരമായത്. അമ്മ മേഴ്‌സിക്കുട്ടന്റെ ശിക്ഷണത്തില്‍ ആദ്യമീറ്റില്‍ തന്നെ സുജിത് സ്വര്‍ണം നേടുകയായിരുന്നു. അമൃത്‌സറില്‍ നടന്ന ദേശീയ സ്കൂള്‍ മീറ്റില്‍ സുജിത് വെളളി നേടി. ദേശീയ ജൂനിയര്‍ മീറ്റില്‍ വെങ്കലവും നേടിയിരുന്നു. കോട്ടയത്തിന്റെ സുജിത് ഒ.എസിനെ പിന്തളളിയാണ് സുജിത് കുട്ടന്‍ സ്വര്‍ണക്കുതിപ്പ് നടത്തിയത്.
പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഉഷാ സ്കൂളില്‍ നിന്നുളള സ്വാതിപ്രഭ 12.77 സെക്കന്‍ഡില്‍ ഫിനീഷ് ചെയ്താണ് സുവര്‍ണതാരമായത്. സ്കൂള്‍ കായികമേളയില്‍ 100 മീറ്ററില്‍ തുടര്‍ച്ചയായ നാലാം സ്വര്‍ണമാണു സ്വാതിപ്രഭ സ്വന്തമാക്കിയത്. ഈയിനത്തില്‍ സെന്റ് ജോര്‍ജ് എച്ച്.എസ്.എസിന്റെ സോണിയ തോമസ് വെളളിയും റിന്റു മാത്യു വെങ്കലവും നേടി. സബ്ജൂനിയര്‍ വിഭാഗത്തില്‍ പെണ്‍കുട്ടികളില്‍ മാര്‍ ബേസിലിന്റെ സാന്ദ്ര സത്യനും ആണ്‍കുട്ടികളില്‍ കുളത്തുവയല്‍ സെന്റ് ജോര്‍ജ് എച്ച്.എസ്.എസിലെ സാല്‍ബിന്‍ ജോസഫും സ്വര്‍ണം നേടി. നേരത്തെ 400 മീറ്ററിലും സാല്‍ബിന്‍ സ്വര്‍ണം നേടിയിരുന്നു. ഇതോടെ സ്പ്രിന്റ് ഡബിള്‍ തികയ്ക്കാനും സാല്‍ബിനായി. ജൂനിയര്‍ വിഭാഗത്തില്‍ ജിതിന്‍ വിജയനും ജി. ലാവണ്യയും സ്വര്‍ണമണിഞ്ഞു. പെണ്‍കുട്ടികളുടെ സ്‌പോര്‍ട്‌സ് ഡിവിഷന്‍ വിഭാഗത്തില്‍ തലശേരി സായി മൂന്ന് സ്വര്‍ണവും നേടി മികവു കാട്ടി. സബ്ജൂനിയറില്‍ ആതിര സുരേന്ദ്രന്‍, ജൂനിയറില്‍ രങ്കിത സിയും സീനിയര്‍ വിഭാഗത്തില്‍ അമ്മു കെ.യുമാണ് തലശേരി സായ്ക്കുവേണ്ടി സ്വര്‍ണം നേടിയത്. ആണ്‍കുട്ടികളില്‍ സബ്ജൂനിയര്‍ വിഭാഗം സ്വര്‍ണം ജി.വി. രാജയിലെ എസ്. സുമേഷ് നേടിയപ്പോള്‍ ജൂനിയര്‍ വിഭാഗത്തില്‍ കോഴിക്കോട് സായിയിലെ അബ്ദു സമദ് തുടര്‍ച്ചയായ രണ്ടാംതവണയും സ്വര്‍ണംനേടി.

ഒളിമ്പ്യന്‍മാര്‍ക്ക് 100/100SocialTwist Tell-a-Friend

Tuesday, December 8, 2009

ഒന്നാമനായി പക്ഷേ...


ടുവില്‍ ഇന്ത്യ കൊതിച്ചതു നേടി. ടെസ്റ്റ് റാങ്കിംഗ് നിലവില്‍ വന്ന ശേഷം ആദ്യമായി ഒന്നാം റാങ്കിലെത്തിയ ആഘോഷത്തിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് ലോകം. എന്നാല്‍ ചരിത്ര നേട്ടത്തിന്റെ ആഘോഷത്തിനിടയിലും ആശങ്കയായി ആ സത്യം ചൂഴ്ന്ന് നില്‍ക്കുന്നു.
പൊരുതി കരസ്ഥമാക്കിയ, ആ സ്ഥാനം ഇനിയെത്ര നാള്‍ കാത്തു സൂക്ഷിക്കാനാകും. ടീം ഇന്ത്യയുടെ കഴിവുകേടല്ല ഈ ആശങ്കയ്ക്കു കാരണം മറിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ പിടിപ്പുകേടാണ്. പണക്കിലുക്കത്തിന്റെ മോഹവലയത്തില്‍ പെട്ട ബി.സി.സി.ഐ. ടെസ്റ്റ് മത്സരങ്ങളോടു കാട്ടിയ അവഗണനയക്ക് ടീം ഇന്ത്യ വിലകൊടുക്കാന്‍ ഒരുങ്ങുകയാണ്... ടീം സ്പിരിറ്റില്‍ നേടിയ ഒന്നാം റാങ്കിന്റെ രൂപത്തില്‍.
ഒന്നാം സ്ഥാനം നിലനിര്‍ത്താന്‍ വേണ്ടത്രമല്‍സരങ്ങള്‍ വരും വര്‍ഷത്തെ ക്രിക്കറ്റ് കലണ്ടറില്‍ ഇല്ലാത്തതാണ് ടീം ഇന്ത്യയുടെ പ്രശ്‌നം. കളിച്ചാലേ സ്ഥാനം നിലനില്‍ക്കൂ എന്നുള്ളപ്പോള്‍ അടുത്ത 11 മാസത്തിനിടെ ഇന്ത്യക്ക് ആകെയുള്ളതു ബംഗ്ലദേശിനെതിരായ രണ്ടു ടെസ്റ്റുകള്‍ മാത്രം.
അതേസമയം ഇന്ത്യയുടെ മുഖ്യ എതിരാളികളായ ദക്ഷിണാഫ്രിക്കയ്ക്കും ഓസ്‌ട്രേലിയയ്ക്കും കൈനിറയെ മത്സരങ്ങളാണ്. ദക്ഷിണാഫ്രിക്ക നാലു ടെസ്റ്റും ഓസ്‌ട്രേലിയ എട്ടും ഈ കാലയളവില്‍ കളിക്കും. ഈ സാഹചര്യത്തില്‍ ടീം ഇന്ത്യക്ക് ഒന്നാം സ്ഥാനക്കാരുടെ സിംഹാസനം നിലനിര്‍ത്തണമെങ്കില്‍ ഭാഗ്യ ദേവതയുടെ കടാക്ഷം വേണ്ടി വരും. രാജ്യാന്തര ക്രിക്കറ്റ് കലണ്ടര്‍ നേരത്തേതന്നെ തയാറാക്കിക്കഴിഞ്ഞതിനാല്‍ ഇനി ഒരു മാറ്റം സാധ്യവുമല്ല.
2010-ലേക്ക് ഒന്നാം സ്ഥാനവുമായി കടക്കാം എന്നതു മാത്രമാണ് ഇന്ത്യക്ക് ഇപ്പോള്‍ ആശ്വാസം പകരുന്നത്. പുതുവര്‍ഷം പിറക്കുന്നതു വരെ ഇന്ത്യക്ക് പ്രശ്‌നങ്ങളില്ല. നിലവില്‍ നടക്കുന്ന പരമ്പരയില്‍ ഓസ്‌ട്രേലിയ 3-0 വിജയം നേടിയാലും ഇന്ത്യയുടെ ഒപ്പമെത്താനാകില്ലയെന്നതിനാല്‍ ഈ വര്‍ഷം കടന്നു പോകുന്നത് ഇന്ത്യയെ ഒന്നാം സ്ഥാനത്തു കണ്ടുകൊണ്ടായിരിക്കും.
എന്നാല്‍ ജനുവരിയില്‍ തന്നെ ഇന്ത്യക്ക് ഭീഷണിയുയര്‍ത്തി ദക്ഷിണാഫ്രിക്ക എത്തുന്നുണ്ട്. ഇംഗ്ലണ്ടിനെതിരേ നടക്കുന്ന ടെസ്റ്റ് പരമ്പരയില്‍ 2-0ന് വിജയം നേടാനായാല്‍ അവര്‍ക്ക് ഒന്നാം സ്ഥാനം തിരികെപിടിക്കാം. മറിച്ച് ഇംഗ്ലണ്ട് 1-0ന് ജയിച്ചാല്‍ ഇന്ത്യക്ക് ഏഴുപോയിന്റ് ലീഡ് ആകും. പക്ഷേ അതൂം തത്കാലത്തേക്ക് മാത്രം. അതായത് ഇന്ത്യയുടെ വിജയത്തിനപ്പുറം ദക്ഷിണാഫ്രിക്കയും ഓസ്‌ട്രേലിയയും നേടുന്ന വിജയങ്ങളാവും ഇന്ത്യയുടെ ഒന്നാം സ്ഥാനത്തെ നിലനിര്‍ത്തുന്നതും മാറ്റി മറിക്കുന്നതും...

ഒന്നാമനായി പക്ഷേ...SocialTwist Tell-a-Friend

Sunday, November 15, 2009

ക്രിക്ക് @ 20


"ഞാന്‍ ദൈവത്തെ കണ്ടിട്ടുണ്ട്. ദൈവം ഇന്ത്യക്കു വേണ്ടി നാലാമനായി ബാറ്റ് ചെയ്യാന്‍ ഇറങ്ങുന്നു''-മുന്‍ ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ മാത്യു ഹെയ്ഡന്‍ ഒരിക്കല്‍ ഇങ്ങനെ പറഞ്ഞു. 1986-ല്‍ ഷാര്‍ജയില്‍ മിയാന്‍ ദാദ് തൊടുത്തുവിട്ട സിക്‌സറില്‍ തകര്‍ന്നു പോയ ഇന്ത്യന്‍ ക്രിക്കറ്റിനെ രക്ഷിക്കാനാണ് ആ ആദ്യമായി ദൈവം ബാറ്റെടുത്തത്, 1989 നവംബര്‍ 15-ന് പാകിസ്താനെതിരേ സുനില്‍ ഗാവസ്കറുടെ പ്രതിരോധവും വിവ് റിച്ചാഡ്‌സിന്റെ ആക്രമണോത്സുകതയും ഒത്തുചേര്‍ന്നൊരു ബാറ്റ്‌സ്മാന്റെ രൂപത്തില്‍. അതാണ് സാക്ഷാല്‍ സച്ചിന്‍ രമേഷ് തെണ്ടുല്‍ക്കര്‍.
തന്റെ തലയെക്കാള്‍ വില വിക്കറ്റിനുണ്ടെന്ന് പ്രഖ്യാപിച്ച് സ്വന്തം സിംഹാസനം സ്ഥാപിച്ച ഗാവസ്കര്‍ക്ക് അപ്പുറം പോകാന്‍ കെല്‍പുള്ള താരം ഇനിയാര് എന്നാണ് ക്രിക്കറ്റ് പ്രേമികള്‍ അന്ന് ചോദിച്ചത്. എന്നാല്‍ ഗാവസ്കറുടെ കളരിയില്‍ നിന്ന് തന്നെ അതിന് ഉത്തരവും ലഭിച്ചു. സച്ചിന്‍... സച്ചിന്‍ മാത്രം.
ശേഷം ചരിത്രം. കാലത്തിനൊപ്പം ബാറ്റ്‌ചെയ്ത് റെക്കോഡുകള്‍ ഒന്നൊന്നായി സ്വന്തം പേരിനൊപ്പമാക്കി മുന്നേറുന്ന സച്ചിന്‍ മറ്റൊരു നാഴികക്കല്ലുകൂടി പിന്നിടുകയാണ്; രാജ്യാന്തരക്രിക്കറ്റില്‍ 20 വര്‍ഷം പൂര്‍ത്തിയാക്കുകയെന്ന അത്യപൂര്‍വ റെക്കോഡ്. സച്ചിന്‍ രാജ്യാന്തരക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചിട്ട് നവംബര്‍ 15നു രണ്ടു പതിറ്റാണ്ടു പൂര്‍ത്തിയാവും.
1985-ലെ ചൂടേറിയ പകലില്‍ എം.ആര്‍.എഫ്. പേസ് ഫൗണ്ടേഷനില്‍ പന്തെറിഞ്ഞു തളര്‍ന്ന പയ്യന്റെ കൈയില്‍ ബാറ്റ് ഏല്‍പിച്ച ഡെന്നിസ് ലില്ലി ക്രിക്കറ്റിന്റെ ചരിത്രത്താളുകളില്‍ അങ്ങനെ ഇടം നേടി. ഇന്ത്യക്കും ലോകത്തിനും അന്ന് ലില്ലി സമ്മാനിച്ചത് സമാനതകളില്ലാത്ത പ്രതിഭയെയായിരുന്നു.
അരങ്ങേറ്റ ടെസ്റ്റില്‍ ആറാമനായി ക്രീസിലെത്തിയ സച്ചിന്‍ നേടിയത് 15 റണ്‍സ്!. ഇന്ത്യകണ്ട എക്കാലത്തെയും മികച്ച ഓള്‍റൗണ്ടറായ കപില്‍ദേവിന്റെ നൂറാം ടെസ്റ്റും പാകിസ്താന്‍ പേസര്‍ വഖാര്‍ യൂനിസിന്റെ അരങ്ങേറ്റ ടെസ്റ്റുമായിരുന്നു അത്. കപില്‍ നൂറ് ടെസ്റ്റുകള്‍ കളിക്കുന്ന ആദ്യ ബൗളറെന്ന നേട്ടം കൈവരിച്ചിട്ടും ഈ മത്സരത്തെ കാലം അടയാളപ്പെടുത്തിയത് സച്ചിന്റെ അരങ്ങേറ്റ ടെസ്റ്റ് എന്നായിരുന്നു. ഇപ്പോള്‍ ഇരുപതാണ്ടു പൂര്‍ത്തിയാവുമ്പോള്‍ ക്രിക്കറ്റ് ചരിത്രത്തിലെ റെക്കോഡുകളെല്ലാം ലിറ്റില്‍ മാസ്റ്റര്‍ക്ക് സ്വന്തം.
ഇന്ന് ഇന്ത്യയുടെ അഭിമാനമായി ലോക ക്രിക്കറ്റിന്റെ നെറുകയില്‍ തലയുയര്‍ത്തി നില്‍ക്കുകയാണ് സച്ചിന്‍. വിശേഷണങ്ങള്‍ക്കതീതനായ പ്രതിയയെന്നാണ് ഗാവസ്കര്‍ അടുത്തിടെ സച്ചിനെ വാഴ്ത്തിയത്. കഴിഞ്ഞ് രണ്ടുപതിറ്റാണ്ടായി ഇന്ത്യന്‍ യുവത്വത്തിന് മാതൃകയായി സച്ചിന്‍ മാറി. സച്ചിന്‍ ക്രീസില്‍ ഉള്ളപ്പോള്‍ ഇന്ത്യയില്‍ സമയസൂചിക്ക് വേഗത കുറവാണെന്ന് ഒരു ചൊല്ലുണ്ട്. കാരണം സച്ചിന്റെ ബാറ്റിംഗ് കാണാന്‍, സെഞ്ചുറി കാണാന്‍ സമയവും കാത്തുനില്‍ക്കുമത്രേ.
പ്രശസ്ത ഓസ്‌ട്രേലിയന്‍ മാധ്യമപ്രവര്‍ത്തകന്‍ പീറ്റര്‍ റീബക്ക് തന്റെ ഇന്ത്യന്‍ യാത്രാവേളയില്‍ ഒരിക്കല്‍ ഡയറിയില്‍ ഇങ്ങനെ കുറിച്ചു. ""സിംലയില്‍ നിന്നും ഡല്‍ഹിയിലേക്കുള്ള ഒരു ട്രെയിന്‍ യാത്ര. ഇടക്കെവിടെയോ അല്‍പസമയത്തേക്ക് വണ്ടി ഒരു സ്‌റ്റേഷനില്‍ നിറുത്തിയിട്ടു. സച്ചിന്‍ സെഞ്ചുറിയോടടുക്കുകയായിരുന്നു. യാത്രക്കാര്‍, റെയില്‍വേ ജീവനക്കാര്‍..., സച്ചിന്‍ സെഞ്ചുറി പൂര്‍ത്തിയാക്കാന്‍ എല്ലാവരും കാത്തിരിക്കുകയായിരുന്നു. അതേ... ഈ പ്രതിഭക്ക്് ഇന്ത്യയിലെ സമയം പോലും പിടിച്ചുനിര്‍ത്താനാകും.''.
റീബക്കിന്റെ വാക്കുകള്‍ എത്രതവണ സത്യമായി ഭവിക്കുന്നതിന് നാം സാക്ഷികളായി.
ഏതു പിച്ചിലും ഏതു ബൗളര്‍ക്കെതിരേയും അനായാസം ഷോട്ടുകള്‍ പായിക്കാനുള്ള കഴിവാണ് ഇന്നും സച്ചിനെ വ്യത്യസ്തനാക്കുന്നത്. ഡ്രൈവുകള്‍,ഹുക്ക്,പുള്‍,കട്ട്, ഫ്‌ളിക്ക് ...സച്ചിന് അന്യമായ ഷോട്ടുകള്‍ ഒന്നും തന്നെ ഇനി ക്രിക്കറ്റിലില്ല. സച്ചിന്റെ പേരിലുളള സെഞ്ച്വറികളും റണ്‍കൂമ്പാരവും ഇതുവ്യക്തമാക്കുന്നു. ഗാവസ്കറിന് ശേഷം ഏറ്റവും മനോഹരമായി സ്‌ട്രെയ്റ്റ് ഡ്രൈവ് കളിക്കുന്നതാരവും മറ്റാരുമല്ല.
സച്ചിന്റെ റിഫ്‌ളക്‌സും ബാലന്‍സും കാഴ്ചശക്തിയും റണ്‍പ്രവാഹത്തില്‍ നിര്‍ണായക ഘടകമാണ്. രണ്ടു പതിറ്റാണ്ട് പൂര്‍ത്തിയാവുമ്പോഴും ഈ മികവ് നിലനിര്‍ത്താനാവുന്നതും സച്ചിനെ മറ്റുളളവരില്‍ നിന്ന് വ്യത്യസ്തമാക്കുന്നു.
സച്ചിനെക്കുറിച്ച് പറയുമ്പോള്‍, എഴുതുമ്പോള്‍ വിശേഷണങ്ങള്‍ക്കായി താന്‍ പരതാറുണ്ടെന്നും ഒരിക്കല്‍ റീബക്ക് പറഞ്ഞിരുന്നു. 16-ാം വയസില്‍ അരങ്ങേറിയതു മുതല്‍ ഇന്നുവരെ ഈ വാഴ്ത്തലുകള്‍ സച്ചിനെ തേടിയെത്താന്‍ കാരണം ആ അനുപമ പ്രതിഭ തന്നെയല്ലേ.
കാലത്തിനൊപ്പം, രാഷ്ട്രത്തിനൊപ്പം വളരുന്ന പ്രതിഭയെന്ന നിലയിലേക്ക് സച്ചിന്‍ മാറിയപ്പോഴും കളിയോടും തന്നോടു തന്നെയുമുള്ള ആ അര്‍പ്പണ മനോഭാവത്തിന് പകരംവയ്ക്കാന്‍ എന്തുണ്ട്. ആദ്യ ടെസ്റ്റില്‍ വസീം അക്രത്തെ നേരിടുന്ന അതേ മനോഭാവത്തോടെ ഇന്ന് മലിംഗയെയും ലീയേയും മൊര്‍ത്താസയേയും നേരിടാന്‍ സച്ചിന് കഴിയുന്നു.
ക്രിക്കറ്റിന്റെ ബ്രാന്‍ഡ് അമ്പാസിഡറായി മാറിക്കഴിഞ്ഞിട്ടും സച്ചിന്റെ പ്രതിഭ ഇന്ന് തിളക്കമാര്‍ന്ന് നില്‍ക്കാന്‍ കാരണവും ആ അര്‍പ്പണമനോഭാവം ഒന്നുകൊണ്ടു തന്നെ. കളിക്കാരനെന്ന നിലയില്‍ ഇന്ന് സച്ചിന്റെ പ്രതിഭയുടെ ആഴമളക്കാന്‍ ആരും മെനക്കെടാറില്ല. അനുപമമായ അനേകം ഇന്നിംഗ്‌സുകളിലൂടെ അദ്ദേഹം തന്നെ അതിന്റെ ആഴവും പരപ്പും കാട്ടി തന്നിട്ടുണ്ട്. മാഞ്ചസ്റ്ററില്‍ ഇംഗ്ലണ്ടിനെതിരായ സെഞ്ചുറിയില്‍ തുടങ്ങി കേപ് ടൗണിലും പെര്‍ത്തിലും ഷാര്‍ജയിലും സിഡ്‌നിയിലും അവസാനിക്കാതെ ഒടുവില്‍ ഹൈദരാബാദില്‍ കംഗാരുക്കള്‍ക്കെതിരേ നേടിയ 175-ല്‍ എത്തി നില്‍ക്കുന്നു നിലയ്ക്കാത്ത പ്രവാഹം പോലെ.
സച്ചിനെക്കുറിച്ചു പറയുമ്പോള്‍ കേളീമികവ് മാത്രവുമായിരിക്കില്ല പരാമര്‍ശവിധേയമാവുക. മറിച്ച് കളിക്കളത്തിനകത്തും പുറത്തുമുള്ള അദ്ദേഹത്തിന്റെ പെരുമാറ്റത്തിലുള്ള മാന്യത കൂടിയാണ്. പ്രശസ്തിക്ക് ഗോസിപ്പുകള്‍ അലങ്കാരമായി ചാര്‍ത്തപ്പെടുന്ന ക്രിക്കറ്റ് താരങ്ങളില്‍ നിന്നു സച്ചിന്‍ അന്നും ഇന്നും എന്നും വ്യത്യസ്തനാണ്. അതു കൊണ്ടു കൂടിയാകാം വിന്‍ഡീസ് താരം ബ്രയാന്‍ ലാറ പറഞ്ഞത് ""സച്ചിനൊരു പ്രതിഭയാണ് ഞാന്‍ ഒരു മനുഷ്യനും''.
കാലത്തിനും സമയത്തിനും പിടികൊടുക്കാതെ ഈ കുറിയ മനുഷ്യന്‍ യാത്ര തുടങ്ങിയിട്ട് 20 വര്‍ഷം പൂര്‍ത്തിയായി. യാത്ര ഇനിയും തുടരട്ടെ... നമുക്കും അഭിമാനിക്കാം കാരണം നാം ജീവിച്ചത് അദ്ദേഹത്തിന്റെ കാലഘട്ടത്തിലാണ്... നാം കണ്ടത് അദ്ദേഹത്തിന്റെ മാസ്മരിക ഇന്നിംഗ്‌സാണ്... നാം ആരാധിച്ചത് ദൈവത്തെയാണ്.

ക്രിക്ക് @ 20SocialTwist Tell-a-Friend

Saturday, October 17, 2009

ഉണരൂ മറഡോണാ ഉണരൂ...

ടുവില്‍ മാന്ത്രികന്റെ തന്ത്രങ്ങള്‍ ഫലം കണ്ടു. ആരാധകരെ അല്പമൊന്ന് ആശങ്കപ്പെടുത്തിയെങ്കിലും ആഫ്രിക്കയില്‍ ലോകമാമാങ്കത്തിനു പന്തു തട്ടാന്‍ അര്‍ജന്റീനയുമുണ്ടാകും. ലാറ്റിനമേരിക്കന്‍ യോഗ്യതാ റൗണ്ടിലെ അവസാന പോരാട്ടദിനം വരെ ആരാധകരെ മുള്‍മുനയില്‍ നിര്‍ത്തിയ ശേഷമാണ് സാക്ഷാല്‍ മറഡോണ പരിശീലിപ്പിക്കുന്ന മെസിയും ടെവസും അഗ്യൂറോയും അടങ്ങുന്ന ""ലേ ബ്ലൂസിന്'' യോഗ്യരാകാന്‍ കഴിഞ്ഞത്.
അത് എന്തുമായിക്കോട്ടെ ഇനി കളി കാര്യമാകുകയാണ്. അതു നേരിടാന്‍ ഇവര്‍ക്ക് ഈ ബാറ്ററി ചാര്‍ജ് മതിയാകുമോ? മറഡോണയില്‍നിന്നും മെസിയില്‍നിന്നുമൊക്കെ ഫുട്‌ബോള്‍ ലോകം ഇതാണോ പ്രതീക്ഷിക്കുന്നത്? ഒരിക്കലുമാകില്ല. കാരണം അര്‍ജന്റീന ലോകം ഇഷ്ടപ്പെടുന്ന ലാറ്റിനമേരിക്കന്‍ ചാരുതയാണ്...
ലാറ്റിനമേരിക്കന്‍ ഫുട്‌ബോള്‍ എന്നതു കാല്‍പനിക സൗന്ദര്യമാണ്. അതിന്റെ വക്താക്കളാണ് ഇന്ന് അര്‍ജന്റീന. അവര്‍ മാത്രമാണ് ഇന്നീ ശൈലിക്കുടമയെന്നു പറയുന്നതാകും കൂടുതല്‍ ശരി. ലോകകപ്പ് ഏറെ നേടിയിട്ടുള്ള ബ്രസീലിനെയും മറ്റും ലാറ്റിനമേരിക്കന്‍ വശ്യസൗന്ദര്യമെന്നു വിശേഷിപ്പിക്കപ്പെടാറുണ്ടെങ്കിലും അവര്‍ അതല്ലെന്നതാണു സത്യം.
റൊമാരിയോയുടെയും ബെബറ്റോയുടെയും മറ്റും കാലത്തിനു ശേഷം മഞ്ഞക്കിളികള്‍ ""യൂറോപ്പില്‍'' കൂടുകെട്ടിയിട്ട് നാളേറെയായി. എന്നാല്‍ അര്‍ജന്റീന മാത്രം ഇന്നും വണ്‍ടച്ച് പാസുകളും ചടുലമായ ഷോട്ട്പാസുകളും ഡ്രിബ്ലിങ്ങിന്റെ വശ്യതയുമായി കളത്തില്‍ ലാറ്റിനമേരിക്കന്‍ കവിത വിരിയിക്കുന്നു. എന്നാല്‍ പലപ്പോഴും കണ്ണീര്‍ പോലും അര്‍ഹിക്കാത്ത തരത്തില്‍ അവര്‍ ആയുധം താഴ്ത്തി മടങ്ങും. എന്നും അവരെ ചൂഴ്ന്ന് ഒരു പ്രവചനാതീത സ്വഭാവം വിലയം പ്രാപിച്ചിരുന്നു.
2006 ലോകകപ്പില്‍ അത് ഏറെ പ്രകടമായിരുന്നു. ആദ്യ മത്സരത്തില്‍ ഐവറി കോസ്റ്റിനെ തകര്‍ത്ത അര്‍ജന്റീനയായിരുന്നില്ല. രണ്ടാം മത്സരത്തില്‍ സെര്‍ബിയയെ നേരിട്ടത്. അന്ന് ലാറ്റിനമേരിക്കന്‍ വശ്യതയെന്തന്നു ലോകം കണ്ടറിഞ്ഞു. ക്രെസ്‌പോയുടെ ബാക്ക് ഹീല്‍ പാസും 24 വണ്‍ ടച്ച് പാസുകളുടെ അഭൗമ സൗന്ദര്യവും പേറി സെര്‍ബിയന്‍ വലയില്‍ ചുംബനം നല്‍കിയ കാംബിയാസോയുടെ ഗോളും അടിച്ചും അടിപ്പിച്ചും തിളങ്ങിയ മെസിയും റിക്വല്‍മിയുമെല്ലാം ആ ലോകകപ്പിന്റെ നിറമുള്ള ഓര്‍മകളാണ്.
എന്നാല്‍ അതേ ലോകകപ്പില്‍ തന്നെ ജര്‍മനിയോടു തോറ്റ് കളത്തില്‍ അടിപിടികൂടിയ അര്‍ജന്റീനയും കടന്നുവരുന്നു. പ്രവചനാതീതം തന്നെ ആരാധകരുടെ സ്വന്തം അര്‍ജന്റീന. ലോകമെങ്ങും അവര്‍ക്ക് ആരാധകരുണ്ട്. അതിനാലാണ് ഭൂപടത്തില്‍ പാവയ്ക്ക പോലെ ചെറുതായ കേരളത്തിലെ മലപ്പുറത്തും ""ബാറ്റിഗോളിന്റെ'' കൂറ്റന്‍ കട്ടൗട്ടുയര്‍ന്നത്. അവരെ ഹൃദയത്തോടൊപ്പം ചേര്‍ത്തു പിടിക്കുന്ന ആരാധകര്‍ക്ക് മറഡോണയും സംഘവും ഇത്തവണ എന്താണ് കരുതി വച്ചിരിക്കുന്നത്.
എന്തു തന്നെയായാലും ഈ ആയുധ ശേഖരവും തന്ത്രവും മതിയാകില്ല മറഡോണയ്ക്ക്. മെസിയും ടെവസും ഒന്നിക്കുന്ന ടീമിനെപ്പറ്റിത്തന്നെയാണിതു പറയുന്നത്.
കടലാസില്‍ ശക്തരാണവര്‍. ലയണല്‍ മെസി- ഇന്ന് ലോകത്തിലെ ഏറ്റവും പ്രതിഭാശാലിയായ സ്‌ട്രൈക്കര്‍. ഒപ്പം യൂറോപ്പില്‍ പയറ്റി തെളിഞ്ഞ കാര്‍ലോസ് ടെവസ്, സെര്‍ജിയോ അഗ്യൂറോ, ഡീഗോ മിലിറ്റോ, ലാവേസി പിന്നെ വെറ്ററന്‍ മാര്‍ട്ടിന്‍ പാലെര്‍മോ. ഇവരാണ് സമീപകാലത്ത് ടീമിന്റെ ആക്രമണ ചുമതല വഹിച്ചത്.
പിന്തുണയ്ക്കാന്‍ നായകന്‍ ജാവിയര്‍ മസ്കരാനോയും പഴയപടക്കുതിര യുവാന്‍ സെബാസ്റ്റ്യന്‍ വെറോണും എയ്ഞ്ചല്‍ ഡി മാരിയയും മരിയോ ബൊലാറ്റിയേയും പോലുള്ള ഏതാനും പുതുരക്തങ്ങള്‍. പിന്നണിയില്‍ ഗബ്രിയേല്‍ ഹെയ്ന്‍സി, റൊളന്‍ഡോ ഷിയാവി, മാര്‍ട്ടിന്‍ ഡെമിഷെലിസ്, എമിലിയാനോ ഇന്‍സുവ. എല്ലാവരും ഒന്നിനൊന്നു പ്രഗത്ഭര്‍. എന്നിട്ടും എന്തുകൊണ്ട് അവര്‍ അവസാനലാപ്പ് വരെ പിന്നിലായി.
ഇവിടെയാണ് 1990-കള്‍ക്കു ശേഷം അര്‍ജന്റീനയുടെ കോച്ചുകളും മറ്റും നേരിടുന്ന പ്രതിസന്ധി ഉയരുന്നത്. ഈ ടീമിന് എന്നും ടീം കോമ്പിനേഷനായിരുന്നു പ്രശ്‌നം. ഓരോ താരങ്ങളും തമ്മില്‍ ബന്ധിപ്പിക്കുന്ന ഒരു രസതന്ത്രമുണ്ട് ഇവര്‍ക്കിടയില്‍. അന്യോന്യം മനസറിഞ്ഞു കളിക്കുന്ന ഒരവസ്ഥ. അതിന് മികച്ച കോമ്പിനേഷന്‍ തന്നെ വേണം. മെസിയുടെ കാര്യംതന്നെ ഉദാഹരണം. കഴിഞ്ഞു പോയ നിര്‍ണായക മത്സരങ്ങളില്‍ ഏറെ പ്രതീക്ഷയര്‍പ്പിച്ചിരുന്ന മെസി നിശബ്ദനായിരുന്നു. എന്നാല്‍ ഇടവേളകളില്‍ ബാഴ്‌സലോണയിലെത്തുമ്പോള്‍ ആ ബൂട്ടുകള്‍ തീതുപ്പിയിരുന്നു.
ഇവിടെയാണ് ടീം കോമ്പിനേഷന്‍ പ്രവര്‍ത്തിച്ചത്. ബാഴ്‌സയില്‍ സാവി-ഇനിയസ്റ്റ കൂട്ടുകെട്ടില്‍ നിന്ന് മെസിക്കു ലഭിച്ച പിന്തുണ അര്‍ജന്റീനന്‍ ദേശീയ ടീമില്‍ ലഭിക്കാതെ പോയി. ഫലം ടീമിന്റെ പ്രധാന പടനായകന് ആയുധം ലഭിക്കാത്ത അവസ്ഥ.
മുമ്പ് മെസിക്ക് ഇതു കൂടുതല്‍ അനുഭവപ്പെട്ടിരുന്നില്ല. കാരണം യുവാന്‍ റോമന്‍ റിക്വല്‍മിയെന്ന പ്ലേമേക്കറുടെ സാന്നിദ്ധ്യം തന്നെ. മെസിയുടെ ചടുലതയ്ക്കും ടെവസിന്റെ മിന്നല്‍ പിണറുകള്‍ക്കും അഗ്യൂറോയു െപതിഞ്ഞ ശൈലിക്കുമൊപ്പം വളരെവേഗം കളിയുടെ വേഗം കൂട്ടിയും കുറച്ചും മത്സരം നിയന്ത്രിക്കാന്‍ റിക്വല്‍മിയ്ക്കായിരുന്നു. അതാണിപ്പോള്‍ തകര്‍ന്നിരിക്കുന്നത്.
2002-ലും 2006-ലും നടന്ന ലോകകപ്പുകളില്‍ ടീമിന് തലകുനിച്ചു മടങ്ങേണ്ടി വന്നതും ഇത്തരം രസതന്ത്രമറിഞ്ഞുള്ള കോമ്പിനേഷനുകള്‍ ഒരുക്കുന്നതില്‍ കോച്ച് വരുത്തിയ പിഴവുകള്‍ കാരണമാണ്. പിന്നെ മണ്ടന്‍ തീരുമാനങ്ങളും. ആ ടൂര്‍ണമെന്റുകളിലെല്ലാം തന്നെ ഏറ്റവും സന്തുലിതമായ ടീമുമായെത്തിയത് അര്‍ജന്റീനയായിരുന്നു. എന്നിട്ടും തോറ്റുമടങ്ങേണ്ടി വന്നതിന്റെ കാരണം ""കോലുണ്ടായിട്ടും എറിയാനറിയാത്തതല്ലേ?''
ആല്‍ഫിയോ ബാസിലിനു ശേഷം ഡീഗോ മറഡോണ കോച്ചായി സ്ഥാനമേറ്റെടുത്തപ്പോള്‍ ഈ അവസ്ഥയ്ക്കു മാറ്റം വരുമെന്നായിരുന്നു പൊതുവെയുള്ള വിശ്വാസം. കാരണം കളിക്കുമ്പോള്‍ കാലില്‍ തലച്ചോറൊളിപ്പിച്ചിരുന്ന ഡീഗോയ്ക്ക് ഇപ്പോള്‍ തലയില്‍ തന്നെ അതുണ്ടെന്നായിരുന്നു വിശ്വാസം. എന്നാല്‍ അതിന് കോട്ടം തട്ടിയിരിക്കുന്നു.
കളത്തിനു പുറത്ത് എന്നും പ്രചോദനമായി നിലകൊണ്ടിരുന്നു മറഡോണയ്ക്ക് കോച്ചെന്ന നിലയ്ക്കു ടീമിന് പ്രചോദനമാകാന്‍ കഴിയുന്നില്ല. പ്രചോദനം എന്ന് അര്‍ഥമാക്കുമ്പോള്‍ ഒരു ഫുട്‌ബോള്‍ കോച്ച് അത് ടീം സെലക്ഷന്‍ മുതല്‍ക്കേ കാട്ടേണ്ടതാണ്. മറഡോണയ്ക്ക് അതു സാധിച്ചില്ല. അല്ലെങ്കില്‍ ഇതിഹാസതാരത്തിനു കീഴില്‍ കളിക്കാനാകില്ലെന്നു വിളിച്ചു പറഞ്ഞ് സൗമ്യനായ റിക്വല്‍മി ടീം വിട്ടുപോകില്ലായിരുന്നു. ഇതിനെല്ലാം കാരണം ടീമിലെ പ്രതിഭാശാലികളുടെ ധാരാളിത്തം തന്നെ. പക്ഷേ മറഡോണയെപ്പോലുള്ള പ്രതിഭ ഇത് മനസിലാക്കാതെ പോയതിലാണ് അര്‍ജന്റീനയ്ക്ക് യോഗ്യരാകാന്‍ അവസാന കടമ്പവരെ കാക്കേണ്ടി വന്ന ദുര്യോഗമുണ്ടായത്.
മറഡോണയും തന്റെ മുന്‍ഗാമികളുടെ പാതയാണു സ്വീകരിച്ചത്. ഓരോ ദിനവും ഓരോ പ്രതിഭ ഉദയം ചെയ്യുന്ന ഫുട്‌ബോള്‍ പെരുമയുള്ള ഒരു രാജ്യത്ത് ശരിയായ ആയുധം തൈരഞ്ഞെടുക്കുന്നതില്‍ മറഡോണ പരാജയപ്പെട്ടു. നിര്‍ണായക മത്സരങ്ങളില്‍ ഇതിഹാസം ഒപ്പം കൂട്ടിയവരെ നോക്കൂ. പഴയപടക്കുതിരകളായ മാര്‍ട്ടിന്‍ പാലെര്‍മോ(പെറുവിനെതിരേ ഗോള്‍ നേടി എങ്കിലും...), ജാവിയര്‍ സനേറ്റി, റോളണ്ടോ ഷിയാവി, യുവാന്‍ സെബാസ്റ്റ്യന്‍ വെറോണ്‍, പാബ്ലോ ഐമര്‍ തുടങ്ങിയവര്‍. ഏറ്റവുമൊടുവില്‍ ഇപ്പോള്‍ ഏരിയല്‍ ഒര്‍ട്ടേഗയെയും തിരിച്ചു വിളിച്ചിരിക്കുന്നു. കാലപ്പഴക്കം ചെന്ന ആയുധങ്ങളുമായി എങ്ങനെ പടവെട്ടി ജയിക്കാന്‍.
ആയുധപ്പുരയില്‍ മിന്നിത്തിളങ്ങുന്നവ ഇരിക്കുമ്പോഴായിരുന്നു മറഡോണയുടെ ഈ പരാക്രമങ്ങള്‍.
പാലെര്‍മോയ്ക്ക് മെസിയുടെയോ ടെവസിന്റെയോ ഒപ്പമെത്താനാകുമോ? വെറോണിന് റിക്വല്‍മിയെ പോലെ അളന്നുകുറിച്ച് പാസ് നല്‍കാനാകുമോ? മറ്റുള്ളവര്‍ക്ക് തങ്ങളുടെ പ്രതാപ കാലത്തേക്കു മടങ്ങാനാകുമോ? ഇതിനെല്ലാം ഇല്ലെന്നുത്തരം ലഭിച്ചപ്പോള്‍ അവര്‍ പടുകുഴിയിലായി. ഒടവില്‍ കഷ്ടപ്പെട്ടിട്ടാണെങ്കിലും ആഫ്രിക്കന്‍ വന്‍കരയിലേക്കു ടിക്കറ്റ് കിട്ടി. എന്നാല്‍ ഈ നിലയില്‍ തുടരാനാണ് സ്ഥിതിയെങ്കില്‍ വന്‍ ദുരന്തമാകും അര്‍ജന്റീനയെ കാത്തിരിക്കുന്നത്.
അഗ്യൂറോ സെന്‍ട്രല്‍ ഫോര്‍വേഡും മെസിയും ടെവസും ഇരു വിംഗുകളിലും റിക്വല്‍മി ആറ്റാക്കിംഗ് മിഡ്ഫീല്‍ഡറുടെ റോളിലും ആഫ്രിക്കയില്‍ കളിച്ചാല്‍... ഇവര്‍ക്കൊപ്പം ഡിഫന്‍സീവ് മിഡ്ഫീല്‍ഡര്‍മാരായി ഗാഗോയും മസ്കരാനോയും പ്രതിരോധക്കോട്ടയുയര്‍ത്താന്‍ സെന്‍ട്രല്‍ ബാക്കുകളായി ഡെമിഷെല്‍സും ഹെയ്ന്‍സിയും റൈറ്റ്-ലെഫ്റ്റ് ബാക്കുകളായി ഇന്‍സുവയും സബലേറ്റയും കോട്ട കാക്കാന്‍ റൊമേറോയും. ഇതാണ് ഇന്ന് അര്‍ജന്റീനയില്‍ കിട്ടാവുന്ന ഏറ്റവും സന്തുലിതമായ ടീം. ഇത്തരമൊരു ടീമിനേ ആരാധകരുടെ സ്വപ്നം യാതാര്‍ത്യമാക്കി കപ്പുയര്‍ത്താനാകൂ. ഇവര്‍ വേണം ആഫ്രിക്കയിലേക്കു പറക്കാന്‍. കാരണം റിക്വല്‍മിയെ കേന്ദ്രബിന്ദുവാക്കി കളിച്ചു ശീലിച്ച അര്‍ജന്റീനയ്ക്ക് മറ്റു ശൈലികള്‍ വഴങ്ങില്ല. റിക്വല്‍മിയെ ഉള്‍പ്പെടുത്തി സ്വന്തം ശൈലിയില്‍ കളിച്ചാല്‍ എതിരാളികള്‍ ബ്രസീലായാലും പ്രശ്‌നമേയല്ല.
ഇതിനെല്ലാം തീരുമാനം കൈക്കൊള്ളേണ്ടതു മറഡോണയാണ്. തന്നെ വിമര്‍ശിച്ചവര്‍ക്ക് അല്ലെങ്കില്‍ ""ചവറുപോലെ'' കരുതിയവര്‍ക്ക് ഡീഗോ മറുപടി നല്‍കി കഴിഞ്ഞു. ഇനി ലക്ഷ്യത്തിലേക്ക് നോക്കേണ്ട സമയമാണ്. ഇനി അധികം സമയം കളയാനില്ല. ആറു മാസത്തിനപ്പുറം മാമാങ്കം തുടങ്ങും. അതിനു മുമ്പ് മറഡോണ തീരുമാനിക്കണം... ബുദ്ധി ഉണരണം... അതിനു മറഡോണ വിളിച്ചാല്‍ എന്നും ""കൈകളില്‍'' എത്തുന്ന ദൈവം അനുഗ്രഹിക്കട്ടെ. ആരാധകര്‍ക്ക് അതുവരെ കാത്തിരിക്കാം... വിവാ അര്‍ജന്റീന...

ഉണരൂ മറഡോണാ ഉണരൂ...SocialTwist Tell-a-Friend

Tuesday, September 8, 2009

ഞാന്‍ മാറ...ണോ...ഡ...

ഞാന്‍ കണ്ടിട്ടില്ല അയാളെ ഇങ്ങനെ. ഫുട്‌ബോളിനെ സ്‌നേഹിക്കുന്ന ഒരാള്‍ക്ക് അത് സഹിക്കാനാകില്ല. എന്തായിരുന്നു അയാളുടെ ഭാവം... കണക്കുകള്‍ പിഴച്ച ഗണിത ശാസ്ത്രഞ്ജന്റേതോ... പടക്കളത്തില്‍ ഉപ്പൂറ്റിക്ക് അമ്പേറ്റ് വീണ അക്കില്ലസിന്റേതോ... ബ്രസീലിനോടേറ്റ തോല്‍വിക്കു ശേഷം പത്രസമ്മേളനത്തിനെത്തിയ മറഡോണയെക്കുറിച്ച് അര്‍ജന്റീനക്കാരനായ റിപ്പോര്‍ട്ടര്‍ ബ്ലോഗിലെഴുതിയത് ഇങ്ങനെ:
അര്‍ജന്റീന-ഫുട്‌ബോളിനെ ജീവവായു ആയി കാണുന്ന രാജ്യം. 16 വര്‍ഷം മുമ്പ് അവര്‍ ഇതുപോലെ ഒരു അവസ്ഥയെ അഭിമുഖീകരിച്ചിരുന്നു. അന്നത്തെ ഒരു സായാഹ്നത്തില്‍ കൊളംബിയയോടു സ്വന്തം നാട്ടില്‍ ഏകപക്ഷീയമായ അഞ്ചു ഗോളുകള്‍ക്കു തോറ്റ് മിഴിനനഞ്ഞു നിന്ന അര്‍ജന്റീന ഫുട്‌ബോള്‍ ലോകത്തിന്റെ ഓര്‍മത്താളുകളില്‍ ഇന്നുമുണ്ട്. ഒരു രാജ്യം മുഴുവന്‍ അന്നു കണ്ണീര്‍ വാര്‍ത്തു. ബദ്ധവൈരികളും അയല്‍ക്കാരുമായ ബ്രസീലും കൊളംബിയയും മറ്റും ലോകപ്രശസ്തമായ മാമാങ്കത്തിനു പോകാന്‍ തയാറെടുക്കുമ്പോള്‍ തങ്ങള്‍ക്ക് അത് ഇനിയും അകലെയാണെന്നതായിരുന്നു അവരെ ഒന്നാകെ തകര്‍ത്തത്.
അന്ന് ലോകകപ്പ് ഫൈനലിനു യോഗ്യത നേടാനായി ഓസ്‌ട്രേലിയയുമായി പ്ലേ ഓഫ് കളിക്കേണ്ടിവന്ന അര്‍ജന്റീനയെ രക്ഷിച്ചയാളുടെ പേര് ഡീഗോ മറഡോണ എന്നായിരുന്നു. പിന്നീട് അയാള്‍ അവരുടെ ഇതിഹാസവും ദൈവവുമായി. ജനിച്ചു വീഴുന്ന കുട്ടികള്‍ക്കു പോലും മോഹം ഒരു മറഡോണയാകണം.
അന്നും ഇന്നും എന്നും അവര്‍ വിശ്വാസമര്‍പ്പിച്ചിരുന്ന മറഡോണയ്ക്ക് ഏതു പ്രതിസന്ധിയിലും തങ്ങളെ രക്ഷിക്കാനാകുമെന്ന പ്രതീക്ഷയിലായിരുന്നു അവര്‍. എന്നാല്‍ കഴിഞ്ഞ ദിവസം ജീവന്‍മരണ പോരാട്ടത്തില്‍ ബ്രസീലിനോടു പരാജയം സമ്മതിച്ച് തങ്ങളുടെ ടീം തലകുനിച്ചപ്പോള്‍ ഇപ്പോള്‍ അവര്‍ അന്യോന്യം ചോദിക്കുന്നു. ദൈവത്തിനെന്തുപറ്റി.
ഫുട്‌ബോള്‍ ഗ്രൗണ്ടില്‍ വിസ്മയം തീര്‍ത്തു മുന്നേറിയ കാലത്ത് മറഡോണയെക്കുറിച്ച് പറഞ്ഞിരുന്നത് അയാളുടെ തലച്ചോര്‍ ബൂട്ടിന്റെ അറ്റത്താണെന്നായിരുന്നു. എന്നാല്‍ കളി നിര്‍ത്തി കരയ്ക്കു കയറിയിട്ടും അത് ഇതുവരെ തിരിച്ചു കയറിയിട്ടില്ലെന്നു തോന്നുന്നു.
കോച്ചാകാന്‍ താന്‍ തയാറാണെന്നു പറഞ്ഞ നാള്‍ തന്നെ അര്‍ജന്റീനക്കാര്‍ വിശ്വസിച്ചു തങ്ങളുടെ ജീവവായുവായ ഫുട്‌ബോളിനെയും അഭിമാനമായ ടീമിനേയും ദൈവം കൈവിടുകയില്ലെന്ന്. തുടക്കവും ഗംഭീരം. ആദ്യ മത്സരത്തില്‍ സ്‌കോട്ടലന്‍ഡിനെയും പിന്നീട് ഫ്രാന്‍സിനെയും തോല്‍പിച്ച് അരങ്ങേറ്റം. വാഴ്ത്തിപ്പാടലുകള്‍ക്കിടയില്‍ ടീമിനെ മൊത്തം മാറ്റത്തിന്റെ ചൂളയില്‍ മിനുക്കിയെടുക്കുകയായിരുന്നു മറഡോണ.
അര്‍ജന്റീനക്കാരെ പറ്റി ഏറെ കേട്ട വിമര്‍ശനങ്ങളിലൊന്നാണ് ഗോളടിക്കാനറിയാത്ത ഫുട്‌ബോള്‍ താരങ്ങളെന്ന്. ലാറ്റിനമേരിക്കയുടെ വശ്യതയില്‍ കളത്തില്‍ കവിത വിരിയിച്ച് അവര്‍ ആരാധകഹൃദയങ്ങളില്‍ കൂടുകെട്ടിയപ്പോഴും ഈ പേര് മാഞ്ഞുപോയിരുന്നില്ല.
ലോകകപ്പ് പോരാട്ടങ്ങളിലും കോപ്പാ അമേരിക്കയിലും ആദ്യന്തം ഫേവറൈറ്റുകളായി തിളങ്ങി വിളങ്ങിയ അവര്‍ നിര്‍ണായകമായ കളിയില്‍ ഗോളടിക്കാന്‍ മറക്കും, ആരാധകരെ കണ്ണീരിലാഴ്ത്തി കീരീടം നഷ്ടമായ രാജകുമാരന്മാരെ പോലെ മടങ്ങും.ഈ ശീലത്തിനും മറഡോണ അന്ത്യം കുറിച്ചു.
എന്നാല്‍ താളപ്പിഴകള്‍ തുടങ്ങിയതും അതേ വേഗത്തിലായിരുന്നു. തലക്കനത്തിനും മുന്‍ശുണ്ഠിക്കും പേരുകേട്ട മറഡോണയുടെ മരുമകന്‍ സ്‌നേഹമായിരുന്നു ആദ്യം വിവാദമുണ്ടാക്കിയത്. തന്റെ പിന്‍ഗാമിയെന്നു മറഡോണ തന്നെ മുമ്പ് 100 തവണ ആവര്‍ത്തിച്ചു പറഞ്ഞ ലയണല്‍ മെസിയെ പെട്ടന്നൊരുനാള്‍ തള്ളിപ്പറഞ്ഞത് ആരാധകരെ അമ്പരപ്പിച്ചു. മരുമകന്‍ അഗ്യൂറോയ്ക്കു വേണ്ടിയായിരുന്നു അത്.
എന്നാല്‍ മറഡോണയെ ശരിക്ക് അറിയാവുന്ന മെസിയും മറ്റുള്ളവരും അത് കേട്ടില്ലെന്നു നടിച്ചപ്പോള്‍ വിവാദം കെട്ടടങ്ങി.
പിന്നീട് യുവാന്‍ റോമന്‍ റിക്വല്‍മിയുടെ നേര്‍ക്കായിരുന്നു പരാക്രമം. ഇരുവരും തമ്മിലുള്ള അസ്വാരസ്യങ്ങള്‍ പൊതുവേദികളില്‍ വരെയെത്തി. മറഡോണയുടെ അധീശത്വം റിക്വല്‍മിയും താരത്തിന്റെ ഗര്‍വ് കോച്ചും അംഗീകരിക്കാതെ വന്നതോടെ ടീം പൊട്ടിത്തെറിയുടെ വക്കിലെത്തി. കോച്ചിനോടു പിണങ്ങി റിക്വല്‍മി ടീം വിട്ടതോടെയാണ് പ്രശ്‌നം അവസാനിച്ചത്.
വാസ്തവത്തില്‍ പ്രശ്‌നങ്ങള്‍ അവിടെ തുടങ്ങുകയായിരുന്നു. മെസിയും ടെവസും അഗ്യൂറോയും കാമ്പിയാസോയും മസ്കരാനോയും അടങ്ങുന്ന ടീമിനെ സന്തുലിതമാക്കിയത് പ്ലേമേക്കര്‍ റോളില്‍ തിളങ്ങിയിരുന്ന റിക്വല്‍മിയായിരുന്നു. ആ വിടവ് ടീമിന്റെ മൊത്തം പ്രകടനത്തെയും ബാധിച്ചു.
ഇതിനിടെ ബൊളീവിയയ്‌ക്കെതിരേ 6-1 നു ടീം ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ തോല്‍ക്കുകയും ചെയ്തു. ഏറ്റവുമൊടുവില്‍ ബ്രസീലിനോടും തോറ്റ് ലോകകപ്പ് സ്വപ്നമാകുമ്പോള്‍ തന്നെ വിശ്വസിച്ച ജനങ്ങളോടു മറുപടിപറയാനാകാതെ വിഷമിക്കുകയാണ് ഇതിഹാസ താരം. അതിലേറെ വിഷമിക്കുകയാണ് ഇന്ന് അര്‍ജന്റീന മുഴുവന്‍. തങ്ങളുടെ ദൈവവും ജീവനായ ടീമും എല്ലാമിന്ന് അവര്‍ക്ക് ഒരു നൊമ്പരമായി നില്‍ക്കുന്നു.
ബ്ലോഗില്‍ റിപ്പോര്‍ട്ടര്‍ തുടരുന്നു... ശരീരഭാഷയിലും ആത്മവിശ്വാസത്തിലും കുറവ് വന്നതു പോലെ തോന്നി അയാളെ കണ്ടപ്പോള്‍. ഒന്നുറക്കെ വിളിച്ചു പറയണമെന്നുണ്ടായിരുന്നു ഡീഗോ.. ഗോ എഹഡ്... വി ആര്‍ വിത്ത് യു... എന്നാല്‍ കഴിഞ്ഞില്ല. പരിചിത ഭാവത്തില്‍ ചിരിച്ച ഞങ്ങളോടു അതേ ഭാവത്തില്‍ ചോദിച്ചു എന്താ ഞാന്‍ മാറണോ?? ഉത്തരമുണ്ടായില്ല... അതെ ദൈവം ചോദിക്കുന്നു മാറ ണോ ഡാ....

ഞാന്‍ മാറ...ണോ...ഡ...SocialTwist Tell-a-Friend

Tuesday, July 7, 2009

ടെന്നീസ് സാമ്രാജ്യത്തിലെ ആറാം തമ്പുരാന്‍


തിഹാസിക പോരാട്ടത്തിനൊടുവില്‍ റോജര്‍ ഫെഡറര്‍ ടെന്നീസ് ചരിത്രത്തിലെ ഉന്നതങ്ങളിലെത്തി. അമേരിക്കയുടെ ആന്‍ഡി റോഡിക്കിനെ തോല്‍പിച്ച് ആറാം വിമ്പിള്‍ഡണില്‍ മുത്തമിട്ട ഫെഡറര്‍ ചരിത്രത്തിലാണ് ചുംബിച്ചത്. ടെന്നിസിലെ ഗ്രാന്‍സ്‌ലാം കിരീട വിജയങ്ങളില്‍ പീറ്റ് സാംപ്രസ് എന്ന ഇതിഹാസം പോലും ഈ സൗമ്യനായ സ്വിസ് താരത്തിന് ഒരു പടി താഴയേ നില്‍ക്കൂ.
2008 വിമ്പിള്‍ഡണ്‍ ഫൈനലില്‍ തോറ്റ്, തന്നെ തോല്‍പ്പിച്ച സ്‌പെയിനില്‍നിന്നുള്ള റഫേല്‍ നദാല്‍ എന്ന ചെറുപ്പക്കാരന്റെ അടുത്ത് കണ്ണീരോടെനിന്ന റോജര്‍ ഫെഡററെ മറക്കാറായിട്ടില്ല. ആ കണ്ണീരിന്റെ കഥ ഓര്‍മയില്‍ നിന്നു മായാതെ നില്‍ക്കുമ്പോള്‍ ഇതാ റോയല്‍ റോജറിന്റെ അനുപമമായ തിരിച്ചു വരവ്. ഓള്‍ ഇംഗ്ലണ്ട് ടെന്നീസ് ക്ലബില്‍ ആന്‍ഡി റോഡിക്ക് പൊരുതി വീഴുമ്പോള്‍ ടെന്നീസിന്റെ കളിമുറ്റങ്ങളിലെല്ലാം വെന്നിക്കൊടി പാറിച്ച് അത്യുന്നതിയിലേക്ക് കുതിക്കുകയായിരുന്നു ഫെഡറര്‍... സമാനതകളില്ലാതെ...
സ്‌പെഷലൈസ് താരങ്ങള്‍ നിറഞ്ഞു നില്‍ക്കുന്ന ഇക്കാലത്ത് ടെന്നീസില്‍ എന്തെങ്കിലും ആയിത്തീരണമെങ്കില്‍ നിങ്ങളൊരു കളിമണ്‍ കോര്‍ട്ട് വിദഗ്ധനോ, പുല്‍ക്കോര്‍ട്ട് വിദഗ്ധനോ, ഹാര്‍ഡ് കോര്‍ട്ട് വിദഗ്ധനോ അല്ലെങ്കില്‍ ഒരു റോജര്‍ ഫെഡററോ ആവണം... ആധുനിക ടെന്നീസ് സമ്മാനിച്ച മഹാന്മാരിലെ പ്രമുഖനായ ജിമ്മി കോണേഴ്‌സിന്റെ ഈ വാക്കുകള്‍ ബാല്യത്തില്‍ ഫുട്‌ബോള്‍ താരമാകാന്‍ കൊതിച്ച ഒരു കുട്ടിയേക്കുറിച്ചായിരുന്നുവെന്നത് ഇപ്പോഴും അവിശ്വസനീയം.
പ്രൊഫഷണല്‍ ഫുട്‌ബോള്‍ താരമാവുക എന്നതായിരുന്നു ബാല്യകാലത്ത് ഫെഡററുടെ ലക്ഷ്യം. സ്വന്തം നഗരത്തിലെ ഒന്നാംകിട ഫുട്‌ബോള്‍ ക്‌ളബായ എഫ് സി ബാസലിന് വേണ്ടി ബൂട്ടണിയുക എന്നതായിരുന്നു ഫെഡററിന്റെ അക്കാലത്തെ സ്വപ്നം. എന്നാല്‍ 78 അടിയുള്ള ടെന്നീസ് കോര്‍ട്ടിനും, റാക്കറ്റിനും, മഞ്ഞ സോഫ്റ്റ് ബോളിനും അവനെ വേണമായിരുന്നു. അങ്ങനെ 12-ാം വയസില്‍ കാല്‍പന്തിന്റെ മാസ്മരികത ഉപേക്ഷിച്ചു ഫെഡറര്‍ റാക്കറ്റ് കൈകളിലെടുത്തു. പിന്നീടിങ്ങോട്ടുള്ള കാലം പടയോട്ടത്തിന്റേതായിരുന്നു. ഇതിനിടയില്‍ പല സിംഹാസനങ്ങളും ഈ സൗമ്യപ്രകൃതന്റെ സിംഹഗര്‍ജനത്തില്‍ ഇളകി.
1996ലാണ് ഫെഡറര്‍ രാജ്യാന്തര മത്‌സര രംഗത്തെത്തിയത്. എന്നാല്‍ 2002 വിംബിള്‍ഡണിന്റെ നാലാം റൗണ്ടില്‍ പീറ്റ് സാംപ്രസിനെ വീഴ്ത്തിയതാണ് ഫെഡററിനെ രാജ്യാന്തര തലത്തില്‍ ശ്രദ്ധേയനാക്കിയത്. നിലവിലെ ചാമ്പ്യനും ലോക ഒന്നാം നമ്പര്‍ താരവുമായ സാംപ്രസിനെതിരേ പുറത്തെടുത്ത പ്രകടനം ഫെഡററിന്റെ മാറ്റ് അളക്കുന്നതായിരുന്നു. അവസാന എട്ടു വിമ്പിള്‍ഡണില്‍ തുടര്‍ച്ചയായി ഏഴിലും ജയിച്ചെത്തിയ സാംപ്രസ് ഓള്‍ ഇംഗ്ലണ്ടിലെ തന്റെ നൂറാം ജയത്തിനാണ് അന്ന് കോര്‍ട്ടിലിറങ്ങിയത്. എന്നാല്‍ വിമ്പിള്‍ഡണ്‍ ചരിത്രത്തില്‍ അന്നേവരെ അഞ്ചു സെറ്റ് മത്സരം തോല്‍ക്കാത്ത സാംപ്രസ് അന്നു തോറ്റു. ടെന്നീസില്‍ താന്‍ കൈവശംവയ്ക്കുന്ന കിരീടവും ചെങ്കോലും ഏറ്റുവാങ്ങന്‍ പിറന്ന ഫെഡററിനു മുന്നില്‍.
അന്ന് സാംപ്രസിന്റെ 31 മത്സരങ്ങളുടെ വിജയക്കുതിപ്പിനു കൂടിയായിരുന്നു തിരശീലവീണത്. മത്സര ശേഷം സാംപ്രസ് പറഞ്ഞതിങ്ങനെ... ഇവന്‍ വിശ്വവിജയിയാകും റെക്കോഡുകള്‍ തിരുത്തും ടെന്നീസ് എന്നാല്‍ ഫെഡറര്‍ എന്ന് ലോകം ഉരുവിടും... 18 വര്‍ഷം മുമ്പ് താന്‍ മാറ്റ്‌സ് വിലാന്‍ഡര്‍ എന്ന അതികായനെ തോല്‍പിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞ വാക്കുകള്‍ സാംപ്രസ് കരുതിവച്ചിരിക്കുകയായിരുന്നു തന്റെ പിന്‍ഗാമിയെ വാഴ്ത്താന്‍.
ഒടുവില്‍ ഫെഡറര്‍ ചരിത്രമെഴുതിയപ്പോള്‍ അതിനു സാക്ഷിയാകാനും ""പിസ്റ്റള്‍ പീറ്റ്'' എത്തിയിരുന്നു. ടെന്നിസ് ചരിത്രത്തിലെ മഹാരഥന്‍മാരായ ബ്യോണ്‍ ബോര്‍ഗ്, റോഡ് ലവര്‍, മാനുവല്‍ സാന്റാന, സാക്ഷാല്‍ പീറ്റ് സാംപ്രസ് എന്നിവരെ സാക്ഷിനിറുത്തിയായിരുന്നു ഫെഡററുടെ ചരിത്ര വിജയം.
ഈ വിജക്കുതിപ്പിനിടയില്‍ ഫെഡററുടെ പേരിനൊപ്പം ചേര്‍ക്കപ്പെട്ട റെക്കോഡുകള്‍ നിരവധി. തുടര്‍ച്ചയായി 237 ആഴ്ചകള്‍ ലോക റാങ്കിംഗില്‍ ഒന്നാം സ്ഥാനം, തുടര്‍ച്ചയായി പത്ത് ഗ്രാന്‍സ്ലാം ഫൈനലുകള്‍, വിംബിള്‍ഡണിലെ ആറ് വിജയങ്ങള്‍ക്കൊപ്പം 2005 മുതലുളള അഞ്ച് യു.എസ്. ഓപ്പണ്‍ കിരീടങ്ങളും മൂന്ന് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടങ്ങളും ഒരു ഫ്രഞ്ച് ഓപ്പണ്‍ കിരീടവും ഫെഡററുടെ നേട്ടത്തിന് തിളക്കം നല്‍കുന്നു.
15 ഗ്രാന്‍സ്ലാം കിരീടം ചൂടിയെങ്കിലും 2009ലെ ഫ്രഞ്ച് ഓപ്പണ്‍ നേടിയതാണ് ഫെഡററെ ഉയരങ്ങളിലെത്തിക്കുന്നത്. കാരണം കരിയര്‍ ഗ്രാന്‍സ്ലാം( നാല് ഗ്രാന്‍സ്ലാം കിരീടങ്ങള്‍) നേടുന്ന ചരിത്രത്തിലെ ആറാമത്തെ താരമാണ് ഫെഡറര്‍. ഫ്രെഡ് പെറി, ഡോണ്‍ ബഡ്ജ്, റോഡ് ലവര്‍, റോയ് എമേഴ്‌സന്‍, ആന്ദ്രേ അഗാസി എന്നിവരാണ് ഫെഡറര്‍ക്ക് മുന്‍പ് ഈ നേട്ടം കൈവരിച്ചവര്‍.
എന്നാല്‍ കളിമണ്‍ കോര്‍ട്ടിലെ രാജാവായ റാഫേല്‍ നദാലിനോടേറ്റ തോല്‍വികള്‍ ഫെഡററുടെ കരിയറിലെ കറുത്ത പാടുകളായി വിമര്‍ശകര്‍ ഉയര്‍ത്തിക്കാട്ടുന്നു.
ഏഴു ഗ്രാന്‍സ്ലാം ഫൈനലില്‍ മുഖാമുഖം നിന്നപ്പോള്‍ അഞ്ചിലും നദാലിനായിരുന്നു ജയം. ടെന്നീസ് ചരിത്രത്തിലെ ഏറ്റവും മികച്ച പോരാട്ടമെന്ന് വിശേഷിപ്പിക്കപ്പെടുന്ന 2008ലെ വിമ്പിള്‍ഡണ്‍ ഫൈനലില്‍ നദാല്‍ വിജയിച്ചപ്പോള്‍ ഫെഡററുടെ കാലം കഴിഞ്ഞുവെന്നായിരുന്നു അവരുടെ ആക്രോശം. ഒന്നാം നമ്പര്‍ റാങ്ക് നഷ്ടപ്പെട്ടുക കൂടി ചെയ്തതോടെ ഫെഡററെ എഴുതിത്തള്ളിയവര്‍ നിരവധി. എന്നാല്‍ പരാജയങ്ങള്‍ക്കിടയില്‍ നിന്ന് പതുക്കെ ഫെഡറര്‍ കളിയുടെ താളം കണ്ടെത്തി. ഓസ്‌ട്രേലിയന്‍ ഓപ്പണിലെ പരാജയത്തിനു ശേഷം ആറാഴ്ച്ച ഫെഡറര്‍ വിശ്രമമെടുത്തു. മനസിലും ശരീരത്തിലുമേറ്റ ചില പരുക്കുകള്‍ ഭേദമാകാനുള്ള സമയം എന്ന് ഫെഡറര്‍ തന്നെ വിശേഷിപ്പിക്കുന്ന ഈ കാലഘട്ടം. ഇവിടെ നിന്നു വീണ്ടും ഫെഡറര്‍ ഉയരുകയായിരുന്നു.
കൃത്യതയാര്‍ന്ന ഫോര്‍ഹാന്‍ഡ് ഷോട്ടുകളുമാണ് ഫെഡററെ മറ്റുകളിക്കാരില്‍ നിന്ന് വ്യത്യസ്തനാക്കുന്നത്. ടെന്നിസിലെ ഏറ്റവും മഹത്തായ ഷോട്ട് എന്നാണ് ഫെഡററുടെ ഫോര്‍ഹാന്‍ഡ് കളികളെ ജോണ്‍ മക്കന്‍റോ വിശേഷിപ്പിക്കുന്നത്.
സര്‍വ് ആന്‍ഡ് വോളിയിലൂടെ കോര്‍ട്ടിനെ തീപിടിപ്പിക്കുന്ന പീറ്റ് സാംപ്രസിന്റെ ശൈലിയാണ് ഫെഡററും പിന്തുടരുന്നത്. ഇപ്പോള്‍ സാംപ്രസിനെയും പിന്തള്ളി സ്വിസ് താരം കുതിക്കുമ്പോള്‍ ടെന്നീസ് സിംഹാസനത്തില്‍ പിസ്റ്റള്‍ പീറ്റിനും മുകളില്‍ ഫെഡററിനെ പ്രതിഷ്ഠിക്കാന്‍ വെമ്പുകയാണ് ആരാധകര്‍. എന്നാല്‍ സമാനതകള്‍ ഇഴപിരിഞ്ഞ ഇരുവരില്‍ ആരാണ് കേമന്‍ എന്ന് വ്യക്തമായി പറയാന്‍ ആരും തയാറാകുന്നുമില്ല. പക്ഷേ ഈ വര്‍ഷം നേടിയ ഫ്രഞ്ച് ഓപ്പണ്‍ ഫെഡററെ പീറ്റിനു മുകളില്‍ പ്രതിഷ്ഠിക്കുന്നു.
സമാനതകള്‍ ഏറെയാണ് ഇരുവരും തമ്മില്‍. പിറന്നു വീണതില്‍ തുടങ്ങുന്നു ഇത്. സാംപ്രസ് 1971 ഓഗസ്റ്റ് 12-നു ജനിച്ചപ്പോള്‍ ഫെഡററിന്റെ ജനനം 1981 ഓഗസ്റ്റ് എട്ടിന്. പ്രൊഫഷണല്‍ ടെന്നീസ് താരമായി ഇരുവരും മാറിയത് 10 വര്‍ഷത്തെ ഇടവേളയില്‍. സാംപ്രസ് 1988-ല്‍, ഫെഡറര്‍ 1998-ല്‍. ഉയരം ഇരുവര്‍ക്കും ആറടി ഒരിഞ്ച്. ഗ്രാന്‍സ്ലാം സ്വന്തമാക്കിയതിലും സമാനതകള്‍ ഏറെ. 1995-ല്‍ 23-ാം വയസില്‍ സാംപ്രസ് ആദ്യ വിമ്പിള്‍ഡണ്‍ നേടിയപ്പോള്‍ ഫെഡറര്‍ 2005-ല്‍ തന്റെ ആദ്യ വിമ്പിള്‍ഡണില്‍ മുത്തമിടുമ്പോള്‍ പ്രായം 23. ഇങ്ങനെ തന്റെ ആരാധനാപാത്രത്തിനൊപ്പം കുതിച്ച ഫെഡറര്‍ ഇപ്പോള്‍ അദ്ദേഹത്തെയും കടത്തി വെട്ടി കീഴടക്കാനാകാത്ത(ഒരു പക്ഷേ ഉടന്‍) ഉയരത്തിലേക്ക് കുതിക്കുന്നു. ആറാം വിമ്പിള്‍ഡണ്‍ നേടി ടെന്നീസിന്റെ ആറാം തമ്പുരാനായി മാറിയ ഫെഡറര്‍ക്ക് ഇനിയും കാലവും പ്രായവും ബാക്കി... തൊടുന്നതെല്ലാം ചരിത്രവും...

ടെന്നീസ് സാമ്രാജ്യത്തിലെ ആറാം തമ്പുരാന്‍SocialTwist Tell-a-Friend

Saturday, February 14, 2009

ഇതിഹാസം കളി തുടങ്ങി

ന്തുമായി മുന്നേറിയാല്‍ പോരാ ഗോളടിക്കാന്‍ പഠിക്കണമെന്ന പാഠം ഫ്രഞ്ച്‌ ഫുട്‌ബോള്‍ ടീമിനെ പഠിപ്പിച്ചാണ്‌ കഴിഞ്ഞ ദിവസം ഇതിഹാസ താരം ഡിയാഗോ മറഡോണയും കുട്ടികളും മാഴ്‌സെയിലെ പുല്‍മൈതാനത്തു നിന്ന്‌ കയറിയത്‌.
പരിശീലകനായി സ്ഥാനമേറ്റ ശേഷം തുടരെ രണ്ടാം വിജയവുമായി മറഡോണ ചിരിക്കുമ്പോള്‍ ഫഉട്‌ബോള്‍ ലോകം വീണ്ടും ഈ പ്രതിഭാസത്തിനു മുന്നില്‍ നമിക്കുന്നു.
കോച്ചാകാന്‍ താന്‍ തയാറാണെന്നു പറഞ്ഞ നാള്‍ തന്നെ അര്‍ജന്റീനക്കാര്‍ക്ക്‌ ഉറപ്പായിരുന്നു തങ്ങളുടെ ജീവവായുവായ ഫുട്‌ബോളിനെയും അഭിമാനമായ ടീമിനേയും തങ്ങളുടെ `ദൈവം' കൈവിടുകയില്ലെന്ന്‌. രാജ്യം അര്‍പ്പിച്ച വിശ്വാസം ദൈവവും കാത്തു. ആദ്യ മത്സരത്തില്‍ സ്‌കോട്ട്‌ലന്‍ഡിനെ 1-0ത്തിന്‌. പിന്നീട്‌ ഫ്രാന്‍സിനെ എതിരില്ലാത്ത രണ്ടു ഗോളിനും. മറഡോണാ വിസ്‌മയം മുന്നോട്ടു തന്നെ.
വിടാതെ പിടികൂടിയ സമനില ഭൂതവും അപ്രതീക്ഷിത തോല്‍വി കളും ടീമിനെ തളര്‍ത്തിയ സമയത്താണ്‌ മറഡോണ കോച്ചിന്റെ കുപ്പായം ധരിക്കുന്നത്‌. ഏതാനും മാസം മുമ്പ്‌. ഇതിനും പുറമേ ദേശീയ ടീമിലെ താരങ്ങളെയെല്ലാം ഒന്നിച്ചു ലഭിച്ചത്‌ ഒന്നോ രണ്ടോ തവണ മാത്രം. എന്നിട്ടും ഇത്ര ഉജ്വലമായി ഫ്രാന്‍സിനെതിരേ അവരെ ക ളത്തില്‍ ഒത്തൊരുമിപ്പിക്കാന്‍ മറഡോണയ്‌ക്ക്‌ എങ്ങനെ കഴിഞ്ഞു ഉത്തരം ലളിതം. മാഴ്‌സെയില്‍ ഫ്രാന്‍സിനെ പഠിപ്പിച്ച തത്വം മറഡോണ ആദ്യം പഠിപ്പിച്ചത്‌ സ്വന്തം കുട്ടികളെ തന്നെ. അര്‍ജന്റീനക്കാരെ പറ്റി ഏറെ കേട്ട വിമര്‍ശനങ്ങളിലൊന്നാണ്‌ ഗോളടിക്കാനറിയാത്ത ഫുട്‌ബോള്‍ താരങ്ങളെന്ന്‌. ലാറ്റിനമേരിക്കയുടെ വശ്യതയില്‍ കളത്തില്‍ കവിത വിരിയിച്ച്‌ അവര്‍ ആരാധകഹൃദയങ്ങളില്‍ കൂടുകെട്ടിയപ്പോഴും ഈ പേര്‌ മാഞ്ഞുപോയിരുന്നില്ല.
ലോകകപ്പ്‌ പോരാട്ടങ്ങളിലും കോപ്പാ അമേരിക്കയിലും ആദ്യന്തം ഫേവ റൈറ്റുകളായി തിളങ്ങി വിളങ്ങിയ അവര്‍ നിര്‍ണായകമായ കളിയില്‍ ഗോളടിക്കാന്‍ മറക്കും, ആരാധകരെ കണ്ണീരിലാഴ്‌ത്തി കീരടം നഷ്‌ടമായ രാജാക്കന്മാരെ പോലെ മടങ്ങും.
ഈ ശീലത്തിനാണ്‌ മറഡോണ അന്ത്യം കുറിച്ചത്‌. ഫ്രാന്‍സിനെതിരേ അണിനിരന്ന ടീമിന്റെ ആക്രമണോത്സുകത തന്നെ ഇതിനുദാഹരണം. എന്നാല്‍, ലാറ്റിനമേരിക്കയുടെ പതിഞ്ഞ താളം വിട്ട്‌ യൂറോപ്പിന്റെ വന്യതയിലേക്ക്‌ പടര്‍ന്നുകയറാന്‍ അവര്‍ തയാറുമായില്ല. പന്ത്‌ കാലില്‍ കുരുക്കി പാഞ്ഞ മെസിയും, ടെവസും, അഗ്യൂറോയും പുത്തന്‍ ശീലത്തിലേക്ക്‌ വളരെവേഗം താദാത്മ്യം പ്രാപിക്കുകയും ചെയ്‌തു.
പ്ലേമേക്കര്‍ യുവാന്‍ റോമന്‍ റിക്വല്‍മി ഇല്ലാതെയും പതുമുഖതാരങ്ങള്‍ക്ക്‌ ഏറെ പ്രാമുഖ്യവും അവസരവും നല്‍കിയുമാണ്‌ മറഡോണ ഫ്രാന്‍സിനെ കെട്ടുകെട്ടിച്ചത്‌. താന്‍ ആദ്യം ഗോള്‍ നേടിയ മൈതാനത്ത്‌ നിന്ന്‌ ആദ്യ ജയം നേടി തുടങ്ങിയ മറഡോണയുടെ തന്ത്രങ്ങള്‍ വിജയിക്കാന്‍ തുടങ്ങിയെന്ന ആദ്യ സൂചന. അര്‍ജന്റീനന്‍ ഫുട്‌ബോളിനും അര്‍ജന്റീനന്‍ ആരാധകര്‍ക്കും ലഭിച്ച ശുഭ സൂചനയാണിത്‌. അതെ ഇതിഹാസം കളി തുടങ്ങി, കാത്തിരിക്കാം വിസ്‌മയങ്ങള്‍ക്കായി...

ഇതിഹാസം കളി തുടങ്ങിSocialTwist Tell-a-Friend

'മിഷന്‍ ലങ്ക` കംപ്ലീറ്റഡ്‌

ന്ത്യന്‍ ക്രിക്കറ്റ്‌ ടീമിന്റെ മിഷന്‍ ലങ്ക ദൗത്യത്തിനു ശുഭപര്യവസാനം. പരമ്പരയിലെ അവസാന ഇനമായി ട്വന്റി 20 വെടിക്കെട്ടിലും നനഞ്ഞ പടക്കം മാത്രമായിപ്പോയ ലങ്കയ്‌ക്കു മേല്‍ വിജയത്തിന്റെ വര്‍ണക്കുടകളും മത്താപ്പും വിരിയിച്ച്‌ ടീം ഇന്ത്യ മടങ്ങുന്നു. ഗജകേസരികളെപ്പോലെ തിടമ്പേറ്റി.
മുംബൈ ആക്രമണത്തിന്റെ പേരില്‍ പാക്കിസ്ഥാന്‍ പര്യടനം റദ്ദു ചെയ്യപ്പെട്ട സാഹചര്യത്തിലാണ്‌ മരതക ദ്വീപ്‌ ഇന്ത്യന്‍ കടുവകള്‍ക്ക്‌ ആതിഥേയത്വം വഹിക്കാമെന്നു സമ്മതിക്കുന്നത്‌. ഇന്ത്യക്കു പകരം പാക്കിസ്ഥാനില്‍ പോയി ആതിഥേയരെ തച്ചുടച്ചതിന്റെ ആത്മവിശ്വാസത്തിലായിരുന്നു ലങ്ക അപ്പോള്‍. പരമ്പര തൂത്തുവാരിയാല്‍ ആത്മവിശ്വാസം ഏറുകയല്ലാതെ കുറയില്ലല്ലോ.
ഇന്ത്യയും അത്ര മോശക്കാരായല്ല വിരു ന്നു പോയത്‌. നാട്ടില്‍ ഇംഗ്ല ണ്ടിന്റെ വിവശതയ്‌ക്കു മേല്‍ കുതി രകയറിയതിന്റെ ആലസ്യത്തിലായിരുന്നു ഇന്ത്യന്‍ കടുവകള്‍. ഇതിനാലൊക്കെ തന്നെയാവണം സാധാരണ ക്രിക്കറ്റ്‌ പ്രേമി സ്‌കൂളില്‍ പോകാതെയും ഓഫീസില്‍ പോകാതെയും തീപ്പൊരിചിതറിയേക്കാവുന്ന ഒരു പോരാട്ടം പ്രതീക്ഷിച്ചു വിഡ്‌ഢിപ്പെട്ടിക്കു മുമ്പില്‍ തപസിരുന്നത്‌.
തുടക്കവും ഗംഭീരം. തട്ടുപൊളിപ്പന്‍ ബാറ്റിംഗിന്റെ ഉസ്‌താദായ സാക്ഷാല്‍ സതന്‌ ജയസൂര്യയുടെ സെഞ്ചുറിയോടെ തുടക്കം. എന്നാല്‍ ഇന്ത്യ പോരു തുടങ്ങിയപ്പോള്‍ സ്ഥിതി മാറി. എതിരാളികളില്ലാത്ത അവസ്ഥ. ആദ്യം മത്സരം തോറ്റപ്പോള്‍ രണ്ടില്‍ പിടിക്കാമെന്ന്‌ ആശ്വാസം അതും കൈവിട്ടപ്പോള്‍ പിന്നെ ജീവന്‍ നിലനിര്‍ത്താനായി ശ്രമം. ഫലം തഥൈവ. പഠിച്ചതേ പാടൂ എന്നു ഉറപ്പിച്ചെത്തിയ ബാറ്റിംഗ്‌ നിരയും ബൗളര്‍മാരും ഇന്ത്യന്‍ പക്ഷത്തേക്ക്‌ കൂറുമാറിയോ എ ന്നായിരുന്നു ലങ്കന്‍ നായകന്‍ മഹേള ജയര്‍ധനെയുടെ സംശയം. അഞ്ചില്‍ നാലിലും ആതിഥേയര്‍ ആയുധം വച്ചു കീഴടങ്ങി. ധോണിപ്പട്ടാളമോ ചരിത്രത്തിലേക്ക്‌ നടന്നു കയറുകയും ചെയ്‌തു. തുടരെ ഒമ്പതു വിജയവും ചരിത്രത്തിലാദ്യമായി ഐ.സി.സി റാങ്കിംഗില്‍ രണ്ടാം സ്ഥാനവും.
തൊപ്പി തെറിക്കുമെന്ന്‌ ഉറപ്പിച്ചായിരിക്കണം മഹേള ജയവര്‍ധനെ അവസാന അങ്കത്തിനിറങ്ങിയത്‌. നഷ്‌ടപ്പെടാന്‍ ഒന്നുമില്ലാത്തവന്റെ ധാര്‍ഷ്ട്യം കാട്ടി ഒടുവില്‍ ലങ്ക നാണമറച്ചു. അല്ലേലും നമ്മള്‍ ഇന്ത്യക്കാര്‍ക്ക്‌ അല്‌പം മാന്യത കൂടുതലാണല്ലോ. വിരുന്നിനു പോയിട്ട്‌ ആതിഥേയനെ കണ്ണീരു കുടിപ്പിച്ചു മടങ്ങാറില്ല.
ഇതിനിടയില്‍ പാക്കിസ്ഥാനില്‍ ഗര്‍ജിച്ച ടീം സ്വന്തം മടയില്‍ തലകുത്തി വീഴുന്നത്‌ കണ്ട്‌ അന്തം വിട്ടിരിക്കുകയായിരുന്നു ശ്രീലങ്കന്‍ ക്രിക്കറ്റ്‌ മേലാളന്മാര്‍. ഇന്ത്യയെ ക്ഷണിക്കാന്‍ ഗണിച്ചു പറഞ്ഞവനെ കൈയ്യില്‍ കിട്ടിയില്‍ പച്ചയ്‌ക്കു കൊളുത്തുമെന്നായിരുന്നത്രേ രോഷപ്രകടനം.
അങ്ങനെയിരിക്കെയാണ്‌ കാവിലെ ചെറുപൂരമെന്ന ട്വന്റി 20 ഉള്ള കാര്യമോര്‍ത്തത്‌. ഉടന്‍ വന്നു ഹിറ്റ്‌ സിനിമകളില്‍ ഒന്നായ യോദ്ധയിലെ ജഗതി ശ്രീകുമാറിന്റെ ഹിറ്റ്‌ നമ്പര്‍. കാവിലെ പാട്ടു മത്സരത്തിനു കാണാം. വെല്ലുവിളിക്ക്‌ കൊഴുപ്പു കൂട്ടാന്‍ നായകനേയും വയസന്‍ പടയേയും ഒഴിവാക്കി യുവതാരങ്ങളെ അയച്ചു. ഇപ്പോ ശരിയാക്കാം എന്ന വിശ്വാസത്തില്‍ പാവം പിള്ളേര്‍ ഇറങ്ങിത്തിരിക്കുകയും ചെയ്‌തു.
എന്തു ഫലം... കൊണ്ടു പിടിച്ചു തുടങ്ങി. അടിച്ചൊതുക്കി, എറിഞ്ഞു വീഴ്‌ത്തി എന്നാല്‍ ചുരുട്ടിക്കെട്ടാന്‍ പിള്ളേര്‍ക്കറിയുമോ ഒടുവില്‍ പത്താന്‍ സഹോദരന്മാരുടെ അടിയേറ്റു പത്തി തകര്‍ന്ന്‌ അവരും തലകുമ്പിട്ടു. ഇനി പാക്കിസ്ഥാന്‍ തന്നെ ശരണം. ഇപ്പോള്‍ ജയിക്കാന്‍ എളുപ്പം പാക്‌ മണ്ണാണ്‌ എന്നറിഞ്ഞ ലങ്ക അടുത്ത വിമാനത്തില്‍ 20 ടിക്കറ്റ്‌ ബുക്ക്‌ ചെയ്യാനുള്ള നെട്ടോട്ടത്തിലാണ്‌ ടെസ്റ്റ്‌ പരമ്പരയ്‌ക്കേയ്‌...

'മിഷന്‍ ലങ്ക` കംപ്ലീറ്റഡ്‌SocialTwist Tell-a-Friend

Wednesday, January 14, 2009

ഫുട്‌ബോള്‍ ലോകത്തെ ഇളമുറത്തമ്പുരാന്‍

ക്രിസ്‌റ്റിയാനോ റൊണാള്‍ഡോ ഡോസ്‌ സാന്റോസ്‌ അവെയ്‌റോ എന്ന പേര്‌ ഇന്ന്‌ ലോക ഫുട്‌ബോളിലെ തിളക്കമാര്‍ന്ന നാമമാണ്‌. ലോകത്തിലെ ഏറ്റവും മികച്ച ഫുട്‌ബോള്‍ താരത്തിനുള്ള ഫിഫ പ്ലെയര്‍ ഓഫ്‌ ദ ഇയര്‍ അവാര്‍ഡ്‌ ജേതാവ്‌. മാഞ്ചസ്റ്റര്‍ യുണൈറ്റഡ്‌ എന്ന പ്രീമിയര്‍ ലീഗിലെ കൊമ്പന്മാരുടെ മുന്നണി പോരാളി. പോര്‍ച്ചുഗീസ്‌ പടയുടെ വിശ്വസ്‌ത സ്‌ട്രൈക്കര്‍.അസാമാന്യ പന്തടക്കവും വേഗതയും കേളീ മികവും കൊണ്ട്‌ കരിയറിന്റെ തുടക്കത്തിലേ ശ്രദ്ധ നേടിയ താരമായിരുന്നു റൊണാള്‍ഡോ. പോര്‍ച്ചുഗല്‍ ക്ലബായ നാഷണല്‍ സി.ഡിയില്‍ പന്തു തട്ടിത്തുടങ്ങിയ ഈ പോര്‍ച്ചുഗല്‍ താരത്തിന്റെ വളര്‍ച്ച താനെടുക്കുന്ന ഫ്രീകിക്ക്‌ പോലെ അതിവേഗത്തിലായിരുന്നു. സി.ഡിയില്‍ നടത്തിയ ചിലപ്രകടനങ്ങള്‍ റൊണാള്‍ഡോയെ പിന്നീട്‌ സ്‌പോര്‍ട്ടിംഗ്‌ ക്ലബിലെത്തിച്ചു. അവിടെ നിന്നായിരുന്നു ലോകമറിയുന്ന താരമെന്ന നിലയിലേക്ക്‌ റൊണാള്‍ഡോയുടെ വളര്‍ച്ച. 2001-03 സീസണില്‍ സ്‌പോര്‍ട്ടിംഗിനു വേണ്ടിക്കളിച്ച റൊണാള്‍ഡോയുടെ കേളീമികവ്‌ ഡേവിഡ്‌ ബെക്കാമിനേയും മറ്റും കണ്ടെത്തിയ സാക്ഷാല്‍ സര്‍ അലക്‌സ്‌ ഫെര്‍ഗൂസന്റെ ശ്രദ്ധയില്‍പ്പെട്ടു. അതോടെ താരത്തിന്റെ രാശിയും തെളിഞ്ഞു.2003-ല്‍ തന്റെ പതിനെട്ടാം വയസില്‍ 12.24 മില്യണ്‍ ഡോളര്‍ എന്ന റിക്കാര്‍ഡ്‌ തുകയ്‌ക്ക്‌ മാഞ്ചസ്റ്ററില്‍ എത്തിയ റൊണാള്‍ഡോ പിന്നീട്‌ തന്റേതായ സാമ്രാജ്യം വെട്ടിപ്പിടിക്കുന്നതാണ്‌ ലോകം കണ്ടത്‌. ജോര്‍ജ്‌ ബെസ്റ്റും പോള്‍ ഗാസ്‌കോയിനും ബെക്കാമും റൂണിയും ഗാരി നെവിലുമെല്ലാം പന്തുതട്ടിക്കളിച്ച ഓള്‍ഡ്‌ട്രാഫോര്‍ഡിലെ പുല്‍മൈതാനം പോര്‍ച്ചുഗല്‍ താരത്തെ ഇരു കൈയ്യും നീട്ടി സ്വീകരിച്ചപ്പോള്‍ ഓള്‍ഡ്‌ട്രാഫോര്‍ഡിലെ കാണികള്‍ക്ക്‌ പിന്നീട്‌ ആഘോഷിക്കാന്‍ ഒരുപാട്‌ മുഹൂര്‍ത്തങ്ങളാണ്‌ ലഭിച്ചത്‌.ഒരു സ്‌പ്രിന്ററെ വെല്ലുന്ന വേഗത, കരുത്തുറ്റ ഷോട്ടുകള്‍ ഹെഡറുകളിലെ കൃത്യത ഇവയൊക്കെയായിരുന്നു റൊണാള്‍ഡോയുടെ മുതല്‍ക്കൂട്ട്‌. പോര്‍ച്ചുഗലിന്റെ പെരുമകേട്ട മികവ്‌ തന്റെ അതുല്യമായ കേളീമകവിലൂടെ പുറത്തെടുത്തപ്പോള്‍ മാഞ്ചസ്‌റ്ററിന്‌ റൊണാള്‍ഡോ സമ്മാനിച്ചത്‌ അതുല്യവിജയങ്ങളായിരുന്നു.ടീമിന്‌ ആവശ്യമുള്ളപ്പോള്‍ സര്‍വ ശക്തിയോടെയും മികവോടെയും റൊണാള്‍ഡോ ഗ്രൗണ്ടില്‍ മിന്നി. ഇതോടെ മാഞ്ചസ്‌റ്ററിനു ലഭിച്ചത്‌ ബെക്കാമിനു ശേഷം ഒറ്റയ്‌ക്ക്‌ കളിജയിപ്പിക്കാന്‍ അറിയാവുന്ന ഒരു താരത്തിനേയാണ്‌. കഴിഞ്ഞ വര്‍ഷം നടന്ന ചാമ്പ്യന്‍സ്‌ ലീഗ്‌ ഫൈനലില്‍ ചെല്‍സിക്കെതിരേ നേടിയ ഹെഡര്‍ ഗോള്‍ മാത്രം മതിയാകും ഇതിന്‌ തെളിവായി.മാഞ്ചസ്‌റ്ററിലെ ആദ്യ നാളുകള്‍ റൊണാള്‍ഡോയ്‌ക്ക്‌ അത്ര സുഖമേറിയതായിരുന്നില്ല. തന്റെ മികവില്‍ അത്രയേറെ വിശ്വസിച്ചിരുന്ന താരം മതിമറന്നു ഗ്രൗണ്ടില്‍ വിരാജിച്ചപ്പോള്‍ ടീം സ്‌പിരിറ്റില്ലാത്തവനെന്നും സ്വാര്‍ത്ഥമതിയെന്നും കാണികളും മറ്റുള്ളവരും ധരിച്ചു. എന്നാല്‍ പട്ടാളച്ചിട്ടയിലുള്ള ഫെര്‍ഗൂസന്റെ ശിക്ഷണം റൊണാള്‍ഡോയെ പാകപ്പെടുത്തിയെടുക്കുകയായിരുന്നു. ഇതിനു പിന്നാലെ ജര്‍മനിയില്‍ നടന്ന ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ വെയ്‌ന്‍ റൂണിക്ക്‌ ചുവപ്പു കാര്‍ഡ്‌ വാങ്ങിക്കൊടുത്തതിലുള്ള പങ്കും റൊണാള്‍ഡോയുടെ പ്രീമിയര്‍ലീഗ്‌ ഭാവി അവതാളത്തിലാക്കുമെന്ന്‌ തോന്നിപ്പിച്ചു.ഇംഗ്ലണ്ട്‌-പോര്‍ച്ചുഗല്‍ മത്സരത്തില്‍ റൂണി ഫൗള്‍ കളിച്ചപ്പോള്‍ എങ്ങു നിന്നോ ഓടിയെത്തിയ റൊണാള്‍ഡോ റഫറിക്കു മുന്നില്‍ വാദിച്ച്‌ റൂണിക്ക്‌ ചുവപ്പു കാര്‍ഡ്‌ നല്‍കിക്കുകയായിരുന്നുവെന്നാണ്‌ വാദം. കാര്‍ഡ്‌ ലഭിച്ച ശേഷം പുറത്തേക്കു പോയ റൂണിയെ കണ്ണിറുക്കിക്കാട്ടി ചിരിച്ചതും ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. ഇന്ന്‌ നിനക്ക്‌ ചുവപ്പ്‌ കാര്‍ഡ്‌ ഞാന്‍ വാങ്ങിനല്‍കുമെന്ന്‌ മത്സരത്തിനു മുമ്പ്‌ റൂണിയോട്‌ റൊണാള്‍ഡോ പറഞ്ഞിരുന്നതായി വാര്‍ത്തകള്‍ വന്നതോടെ തന്റൊപ്പം നിന്നിരുന്ന ഓള്‍ഡ്‌ട്രാഫോര്‍ഡിലെ കാണികളും റൊണാള്‍ഡോയെ കൈവിട്ടു. മാഞ്ചസ്‌റ്ററിന്റെ തട്ടകത്തില്‍ കാല്‍കുത്താന്‍ അനുവദിക്കില്ലെന്നായിരുന്നു ഹൂളിഗന്‍സിന്റെ പ്രഖ്യാപനം.എന്നാല്‍ അതേ സീസണില്‍ മാഞ്ചസ്റ്ററിനുവേണ്ടി പ്രീമിയര്‍ ലീഗിലെ കൈവിട്ടുപോയെ കിരീടവും ചാമ്പ്യന്മാരിലെ ചാമ്പ്യന്മാരെ തെരഞ്ഞെടുക്കാനുള്ള ചാമ്പ്യന്‍സ്‌ ലീഗ്‌ കിരീടവും വെട്ടിപ്പിടിച്ച്‌ റൊണാള്‍ഡോ വീണ്ടും അവരുടെ മുത്തായിമാറി. മാസങ്ങള്‍ക്കു മുമ്പ്‌ ഓള്‍ഡ്‌ട്രാഫോര്‍ഡില്‍ കാല്‍കുത്തിയാല്‍ കാല്‍വെട്ടുമെന്ന്‌ പറഞ്ഞ കാണികള്‍ ഈ അതുല്യ പ്രതിഭയെ തങ്ങളുടെ എക്കാലത്തേയും മികച്ച താരമായ ജോര്‍ജ്‌ ബെസ്‌റ്റിനോട്‌ ഉപമിച്ചത്‌ ഏറെ ശ്രദ്ധനേടിയിരുന്നു. മാഞ്ചസ്റ്ററിനു വേണ്ടി ഇതുവരെ 179 മത്സരങ്ങളില്‍ നിന്ന്‌ 74 ഗോള്‍ നേടിയ റൊണാള്‍ഡോ കഴിഞ്ഞ സീസണില്‍ മാത്രം 42 തവണ വലകുലുക്കിയിരുന്നു.ഈ പ്രകടനങ്ങള്‍ തന്നെ ഫുട്‌ബോള്‍ ലോകത്തെ ഏറ്റവും വലിയ പുരസ്‌കാരത്തിലേക്ക്‌ പോര്‍ച്ചുഗല്‍ താരത്തിനെ കൈപിടിച്ചുയര്‍ത്തിയത്‌. അര്‍ജന്റീനയുടെ രണ്ടാം മറഡോണ ലയണല്‍ മെസിയേയും സ്‌പാനിഷ്‌ കരുത്തുമായെത്തിയ ഫെര്‍നാന്‍ഡോ ടോറസിനേയും പിന്തള്ളി ഇതിഹാസ താരം പെലയില്‍ നിന്ന്‌ അവാര്‍ഡ്‌ ഏറ്റുവാങ്ങുമ്പോള്‍ റൊണാള്‍ഡോ പറഞ്ഞത്‌ ജീവിതത്തിലെ മറക്കാനാകാത്ത മുഹൂര്‍ത്തമെന്നാണ്‌. അതെ അതു തന്നെയാവും പ്രീമിയര്‍ലീഗിനെയും ഫുട്‌ബോളിനേയും സ്‌നേഹിക്കുന്ന ആരാധകര്‍ക്കും പറയാനുള്ളത്‌. റൊണാള്‍ഡോ സമ്മാനിച്ച അവിസ്‌മരണീയ മുഹൂര്‍ത്തങ്ങള്‍ തങ്ങള്‍ക്കും മറക്കാനാകാത്തത്‌ തന്നെയെന്ന്‌. ഇനിയും അവ പ്രധാനം ചെയ്യണമെന്നും...

ഫുട്‌ബോള്‍ ലോകത്തെ ഇളമുറത്തമ്പുരാന്‍SocialTwist Tell-a-Friend

Sunday, January 11, 2009

കായിക കേരളത്തിന്റെ ഉറക്കം കെടുത്താന്‍ ഉത്തരേന്ത്യ

കൗമാര ഇന്ത്യയുടെ കായികക്ഷമത പരീക്ഷിക്കുന്ന ദേശീയ സ്‌കൂള്‍ കായിക മേളയ്‌ക്ക്‌ കൊടിയിറങ്ങി. പ്രതീക്ഷിച്ചതു പോലെ അറബിക്കടലിന്റെ റാണിയായ കൊച്ചിയിലും കേരളത്തിന്‌ എതിരാളികള്‍ ഉണ്ടായില്ല. സ്വര്‍ണക്കൊയ്‌ത്ത്‌ നടത്തി ചാമ്പ്യന്‍പട്ടത്തിന്‌ ആരും കൊതിക്കേണ്ടന്ന്‌ വിളംബരം ചെയ്‌ത കേരളത്തിനു പക്ഷേ മീറ്റ്‌ കനത്ത മുന്നറിയിപ്പാണ്‌ നല്‍കുന്നത്‌.
മധ്യ-ദീര്‍ഘദൂര ഇനങ്ങളിലും കേരളത്തിന്റെ കുത്തകയെന്നു കരുതിയിരുന്ന 400, 200, 100 മീറ്റര്‍ ഇനങ്ങളിലും അന്യ സംസ്ഥാന താരങ്ങള്‍ നടത്തിയ മുന്നേറ്റം കായിക കേരളത്തിനു ഭീഷണിയുയര്‍ത്തുന്നു. മധ്യ-ദീര്‍ഘ ദൂര ഇനങ്ങളില്‍ ഏറെയൊന്നും കേള്‍വികേട്ടിട്ടില്ലാത്ത ഉത്തര്‍പ്രദേശിന്റെ മുന്നേറ്റത്തിനാണ്‌ കൊച്ചി മീറ്റ്‌ സാക്ഷ്യം വഹിച്ചത്‌. മേളയുടെ മൂന്നാം ദിനത്തില്‍ നടന്ന 1500 മീറ്ററുകളില്‍ യു.പി മെഡല്‍ വാരുകയായിരുന്നു.
അതു പോലെ തന്നെ ഏറെക്കാലമായി കേരളത്തിന്റെ സ്വന്തമായിരുന്ന 400 മീറ്റര്‍ ഇനങ്ങളിലും യു.പിയും ഒറീസയും പഞ്ചാബും തങ്ങളാലാവും വിധം സ്വര്‍ണവേട്ട നടത്തി. നിലവില്‍ കേരളാ താരങ്ങളുടെ പേരില്‍ റിക്കാര്‍ഡ്‌ നിലനില്‍ക്കുന്ന ഇനങ്ങള്‍ പോലും കൈവിട്ടു പോകുന്ന കാഴ്‌ചയ്‌ക്കും കൊച്ചി സാക്ഷ്യം വഹിച്ചു.
റിക്കാര്‍ഡ്‌ പ്രകടനങ്ങളോടെയാണ്‌ ചില ഇനങ്ങളില്‍ അന്യസംസ്ഥാന താരങ്ങള്‍ കേരളത്തെ വെല്ലുവിളിച്ചത്‌. ഇതില്‍ ഏറ്റവും ശ്രദ്ധേയം രണ്ടാം പി.ടി ഉഷയെന്ന വിളിപ്പേരു സമ്പാദിച്ച ഒറീസാ താരം രഞ്‌ജിതാ മഹന്തയുടെ പ്രകടനമാണ്‌. രഞ്‌ജിതയുടെ പ്രകടനം കാണികളെ അക്ഷരാര്‍ഥത്തില്‍ വിസ്‌മയിപ്പിക്കുകതന്നെ ചെയ്‌തു. ജൂണിയര്‍ പെണ്‍കുട്ടികളുടെ വിഭാഗം 100 മീറ്ററില്‍ 29 വര്‍ഷം പഴക്കമുള്ള ഡല്‍ഹി താരം വിക്‌ടോറിയ അവോഗ സ്ഥാപിച്ച റിക്കാര്‍ഡ്‌ മറികടന്ന രഞ്‌ജിത 12.12 സെക്കന്‍ഡ്‌ കൊണ്ടാണ്‌ നൂറുമീറ്റര്‍ പിന്നിട്ടത്‌. ഇതേ പ്രായത്തില്‍ ഇന്ത്യയുടെ സാക്ഷാല്‍ പി.ടി.ഉഷകുറിച്ചത്‌ 12.22 സെക്കന്‍ഡായിരുന്നു എന്ന കാര്യം ഓര്‍ക്കുമ്പോഴാണ്‌ രഞ്‌ജിതയുടെ പ്രകടനത്തിന്റെ മേന്മ വ്യക്തമാകുന്നത്‌. രഞ്‌ജിത പിന്നീട്‌ 200 മീറ്ററിലും സ്വര്‍ണം നേടി താന്‍ ഇന്നലത്തെ മഴയില്‍ കുരുത്തതല്ലെന്നു തെളിയിച്ചു.
ആണ്‍കുട്ടികളുടെ ദീര്‍ഘദൂര ഇനങ്ങളിലും ഈ കുതിപ്പ്‌ കണ്ടു. 5000 മീറ്ററിലും 1500 മീറ്ററിലും സ്വര്‍ണം നേടി ഡബിള്‍ തികച്ച ഒറീസയുടെ ബിര്‍സ ഓറമും മീറ്റിലെ താരങ്ങളിലൊന്നാണ്‌. 5000 മീറ്ററില്‍ 18 വര്‍ഷം പഴക്കമുള്ള റിക്കാര്‍ഡ്‌ തകര്‍ത്താണ്‌ ഓറം സ്വര്‍ണമണിഞ്ഞത്‌. ഈയ്‌ിനത്തില്‍ മത്സരിച്ച കേരളത്തിന്റെ സുജുമോന്‍ കെ.എസ്‌ അഞ്ചാം സ്ഥാനത്തേക്ക്‌ പിന്തള്ളപ്പെട്ടു. 100-200 മീറ്ററിന്റെ മറ്റ്‌ ഇനങ്ങളില്‍ കേരള താരങ്ങള്‍ സ്വര്‍ണം വാരിയതിന്റെ ആഹ്ലാദത്തില്‍ ഈ ഭീഷണിയൊന്നും അത്ര കണ്ട്‌ ശ്രദ്ധനേടാതെപോയി.
400 മീറ്ററിലും ഇത്തരത്തില്‍ കായിക കേരളത്തിന്‌ ഭീഷണിയുയര്‍ന്നിരുന്നു. പെണ്‍കുട്ടികളുടെ സബ്‌ ജൂണിയര്‍ വിഭാഗത്തില്‍ ഒറീസയുടെ ദ്യുതിചന്ദും ജൂണിയര്‍ വിഭാഗത്തില്‍ ആന്ധ്രപ്രദേശിന്റെ എം സുഷമയും ആണ്‍കുട്ടികളുടെ ജൂണിയര്‍ വിഭാഗത്തില്‍ രണ്ടാം സ്ഥാനം നേടിയ പഞ്ചാബിന്റെ അവിനാഷും മദ്യദൂര ഇനങ്ങളില്‍ കേരളത്തിനു വെല്ലുവിളിയുയരുന്നുവെന്നതിന്റെ സൂചന നല്‍കുന്നു. പെണ്‍കുട്ടികളുടെ സബ്‌ ജൂണിയര്‍ 400 മീറ്ററില്‍ വെള്ളി നേടിയ കേരളത്തിന്റെ ആന്‍സി തന്റെ മികച്ച പ്രകടനങ്ങളിലൊന്നാണ്‌ കാഴ്‌ചവച്ചത്‌. എന്നാല്‍ ദ്യുതി മീറ്റ്‌ റിക്കാര്‍ഡോടെയാണ്‌ സ്വര്‍ണം നേടിയതെന്നത്‌ കേരളാ താരങ്ങള്‍ പിന്നോക്കം പോയതല്ല മറിച്ച്‌ മറുനാട്ടുകാര്‍ മുന്നോട്ട്‌ കുതിക്കാന്‍ ശീലിച്ചുവെന്നതാണ്‌ ചൂണ്ടിക്കാട്ടുന്നത്‌.
ദീര്‍ഘദൂര ഇനങ്ങളിലൊന്നായ 1500 മീറ്ററിലും അന്യസംസ്ഥാനങ്ങളുടെ തേരോട്ടമായി രുന്നു. ഉത്തര്‍പ്രദേശാണ്‌ ഈയിനത്തില്‍ ഏറെ മുന്നോട്ടു കുതിച്ച സംസ്ഥാനം. മുന്‍വര്‍ഷങ്ങളിലെ കണക്ക്‌ പരിശോധിച്ചാല്‍ ചിത്രത്തില്‍പോലുമുണ്ടാകാതിരുന്ന സംസ്ഥാനമായിരുന്നു യു.പി. എന്നാല്‍ ഈ വര്‍ഷം 10 സ്വര്‍ണമുള്‍പ്പടെ 83 മെഡലുമായി രണ്ടാം സ്ഥാനത്തെത്തി. കേരളത്തെപ്പോലെ സ്വര്‍ണക്കൊയ്‌ത്ത്‌ നടത്താന്‍ കഴിഞ്ഞില്ലെങ്കിലും വരും വര്‍ഷങ്ങളില്‍ നിലവിലെ ചാമ്പ്യന്മാരുടെ ഉറക്കം കെടുത്താന്‍ തങ്ങള്‍ക്കാകുമെന്ന്‌ അവര്‍ വ്യക്തമാക്കുന്നു.
ദീര്‍ഘ ദൂര ഇനങ്ങള്‍ പണ്ടും കേരളത്തിന്റൈ കുത്തകയായിരുന്നില്ലെന്നും ഒരു വാദമുണ്ട്‌. എന്നാല്‍ ഇടക്കാലത്ത്‌ കേരളം ഈ ഇനങ്ങളില്‍ ആധിപത്യം സ്ഥാപിച്ചിരുന്നു. പ്രത്യേകിച്ച്‌ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍‍. കേരളത്തിനായി ജിജിമോള്‍ ജേക്കബ്‌, ഷമീന ജബ്ബാര്‍, എസ്‌.ആര്‍ ബിന്ദു എന്നിവര്‍ തിളങ്ങിയ 2000-ത്തിന്റെ ആദ്യ വര്‍ഷങ്ങള്‍ കേരളത്തിന്റേതായിരുന്നു. ഇവയില്‍ ചിലയിനങ്ങളില്‍ ഇപ്പോഴും നിലവിലെ റിക്കാര്‍ഡുകള്‍ ഷമീനയുടെയും ജിജിമോളിന്റെയും പേരിലാണെന്നതും ശ്രദ്ധിക്കുമ്പോഴാണ്‌ ഈ വര്‍ഷം കേരളം ഏറെ പിന്നിലായത്‌ മനസിലാകുന്നത്‌. അന്തര്‍ദേശീയ മീറ്റുകളില്‍ ഈ ഇനങ്ങളില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്‌ മലയാളികളാണെന്നതും വിസ്‌മരിക്കപ്പെടുന്നു.
5000, 10000 മീറ്ററുകളില്‍ പ്രീജാ ശ്രീധരനും 1500, 800 മീറ്ററുകളില്‍ സിനിമോള്‍ പൗലോസും ഒ.പി ജെയ്‌ഷയും രാജ്യത്തെ പ്രതിനിധീകരിക്കുമ്പോള്‍ അവരുടെ നാട്ടുകാര്‍ സ്‌കൂള്‍ മീറ്റുകളില്‍ അന്യനാട്ടുകാര്‍ക്ക്‌ മുമ്പില്‍ തലകുനിക്കുന്നു. പ്രകടനം മോശമായതല്ല കാരണം എന്നത്‌ വസ്‌തുതയാകുമ്പോള്‍ കേരളത്തിന്‌ ചിലയിനങ്ങളില്‍ താരങ്ങളെ വളര്‍ത്താനും നിലവിലുള്ള പ്രതിഭകളെ നിലനിര്‍ത്താനും സാധിക്കാതെ പോകുന്നതാണ്‌ പ്രശ്‌നം.
ഏറെ പിന്നിലായിരുന്ന ഒറീസയും യു.പിയും മറ്റും മികച്ച പരിശീലനങ്ങളിലൂടെ മുന്നിലെത്തുമ്പോഴും കേരളത്തെ സംബന്ധിച്ച്‌ വഞ്ചി ഇപ്പോഴും തിരുനക്കര തന്നെ എന്നതാണ്‌ അവസ്ഥ. ഇനിയും ഉറക്കം നടിച്ചാല്‍ ചിലപ്പോള്‍ മെഡലുകള്‍ മറ്റുള്ളവര്‍ തൂത്തുവാരുന്നത്‌ കണ്ടു നില്‍ക്കാനാകും കായിക കേരളത്തിന്റെ വിധി.

കായിക കേരളത്തിന്റെ ഉറക്കം കെടുത്താന്‍ ഉത്തരേന്ത്യSocialTwist Tell-a-Friend