Sunday, December 20, 2009

കെടുകാര്യസ്ഥതയുടെ താരോദയം

രു സ്കൂള്‍ മീറ്റിനു കൂടി കൊടിയിറങ്ങി. മത്സരാധിക്യം കായിക കൗമാരത്തെ തളര്‍ത്തുന്നു എന്ന് വിളിച്ചോതിക്കൊണ്ടാണ് കേരളത്തിന്റെ ഒളിമ്പിക്‌സ് എന്നറിയപ്പെടുന്ന മീറ്റ് തീരുവല്ലയില്‍ സമാപിച്ചത്.
തട്ടിക്കൂട്ടിയ ട്രാക്കും കുത്തഴിഞ്ഞ മത്സരക്രമങ്ങളും കാരണം റെക്കോഡ് ബുക്കില്‍ കാര്യമായ തിരുത്തലുകള്‍ വരാതെ പോയപ്പോള്‍ വിരലിലെണ്ണാവുന്ന താരോദയങ്ങള്‍ക്കാണ് 53-ാമത് സംസ്ഥാന സ്കൂള്‍ കായിക മേള ജന്മം നല്‍കിയത്. ഒപ്പം ദേശീയ സ്കൂള്‍ മീറ്റ്, ജൂനിയര്‍ മീറ്റ് എന്നിവ കഴിഞ്ഞു പോയതും തിരുവല്ലയുടെ പ്രൗഡി കുറച്ചു. എന്നിരിക്കിലും ഒട്ടനവധി പാഠങ്ങള്‍ നല്‍കിയാണ് ഈ മീറ്റും സമാപിച്ചത്.
ജില്ലാ മീറ്റുകളിലും ദേശീയ സ്കൂള്‍- ജൂനിയര്‍ മീറ്റുകളിലും മാറ്റുരച്ച ശേഷമാണ് ഒട്ടുമിക്ക താരങ്ങളും സംസ്ഥാന മീറ്റിന് എത്തിയത്. ഒന്നരമാസത്തെ ഇടവേളയ്ക്കിടെയായിരുന്നു മത്‌സരങ്ങള്‍ അധികവും. വിശ്രമവും ഇടവേളയുമില്ലാതെയുളള മത്‌സരക്രമങ്ങള്‍ ചെറുനാമ്പുകളെ മുളയിലേ നുള്ളുന്നതിന് തിരുവല്ല വേദിയായി.
ചാലക്കുടിയില്‍ നടന്ന കഴിഞ്ഞ മീറ്റില്‍ 23 റെക്കോഡുകള്‍ക്ക് ഇളക്കം തട്ടിയപ്പോള്‍ ഇവിടെ അത് ഒമ്പതില്‍ ഒതുങ്ങി. ഇതില്‍ത്തന്നെ ട്രാക്കില്‍ പിറന്നത് ഒരെണ്ണം മാത്രം. ചാമ്പ്യന്‍ സ്കൂള്‍ പട്ടം കഴിഞ്ഞ ഏഴുവര്‍ഷമായി തറവാട്ടു സ്വത്താക്കിവച്ച കോതമംഗലം സെന്റ് ജോര്‍ജ് സ്കൂളിന് അയല്‍ക്കാരായ മാര്‍ബേസില്‍ നല്‍കിയ പ്രഹരമാണ് ഇത്തവണത്തെ ഏക സവിശേഷത. ചുരുക്കത്തില്‍ ഈ കായിക മേള കോതമംഗലം സ്കൂളുകാര്‍ തമ്മിലുള്ള പോരാട്ടമായി ഒതുങ്ങി.
അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ മുതല്‍ക്കേ ഈ മീറ്റ് പിന്നിലായിരുന്നു. യുദ്ധകാലാടിസ്ഥാനത്തില്‍ ട്രാക്ക് ഉണ്ടാക്കിയപ്പോള്‍ താരങ്ങളുടെ വേഗം ഇതില്‍ മുങ്ങി. കൊച്ചിയിലും തിരുവനന്തപുരത്തും സിന്തറ്റിക്ക് ട്രാക്കുകള്‍ വെറുതെ കിടക്കുമ്പോഴാണ് തട്ടിക്കൂട്ടു ട്രാക്കില്‍ കുട്ടികളെ അഭ്യാസത്തിനിറക്കിയത്. ഈ ട്രാക്കില്‍ മത്സരിച്ച താരങ്ങളുലൊരാളുടെ കാലില്‍ നിന്ന് മാംസം അടര്‍ന്നു വീണ കാഴ്ച കരളലിയിപ്പിക്കുന്നതായിരുന്നു.
ജൂനിയര്‍ ഗേള്‍സിന്റെ ഹൈജമ്പ് മത്സരം നടക്കുന്ന പിറ്റ്. മത്സരത്തിനിടെയാണ് റണ്ണിംഗ് ഏരിയയ്ക്ക് ഗുണനിലവാരമില്ലെന്ന് അധികൃതര്‍ക്ക് മനസിലായത്. ചതുപ്പായി പോയ റണ്ണിംഗ് ഏരിയയുടേതാണ് കുഴപ്പം. റണ്ണിംഗ് ഏരിയ നന്നാക്കാന്‍ റോഡ് റോളര്‍ തപ്പിപോയ ടെക്‌നിക്കല്‍ കമ്മിറ്റി അംഗം സംഭവവുമായി എത്തിയപ്പോഴേക്കും താരങ്ങള്‍ ഈരേഴു പതിനാലു ലോകവും കണ്ടിരുന്നു. ഇതാണ് പുതുനാമ്പുകളെ കണ്ടെത്താന്‍വെമ്പുന്നവരുടെ ശുഷ്കാന്തി.
മത്സരഷെഡ്യൂളുകളുടെ ക്രമീകരണവും തോന്നുംപടിയായിരുന്നു. ആദ്യ ദിനം ഉദ്ഘാടനം കൊഴുപ്പിക്കാന്‍ അരദിവസം മാറ്റിവച്ചപ്പോള്‍ പിന്നീടുള്ള ദിനങ്ങളില്‍ വലഞ്ഞത് മത്സരാര്‍ഥികളായിരുന്നു. അര-മുക്കാല്‍ മണിക്കൂറുകളുടെ ഇടവേളയില്‍ വിവിധ മത്സരങ്ങള്‍ക്കായി അവര്‍ക്ക് ഇറങ്ങേണ്ടി വന്നു. ഇതില്‍ പരാതിയുയര്‍ന്നപ്പോള്‍ കൊണ്ടുപിടിച്ച് ഷെഡ്യൂള്‍ മാറ്റി ദേശീയ ചാമ്പ്യനെ കരയ്ക്കിരുത്തിയും സംഘാടകര്‍ കൈയടി വാങ്ങി. അവസാനദിനത്തിനു തൊട്ടു മുമ്പാണ് സീനിയര്‍ പെണ്‍കുട്ടികളുടെ ലോംഗ് ജമ്പും ട്രിപ്പിള്‍ ജമ്പും ഒരേസമയം വരുമെന്ന് അധികാരികള്‍ അറിഞ്ഞത്. ഉടനെത്തി പരിഷ്കാരം, ലോംഗ് ജമ്പ് തൊട്ടുതലേ ദിവസത്തേക്ക് പെട്ടെന്നു മാറ്റിക്കളഞ്ഞു വിദ്വാന്‍മാര്‍. ഈ തുഗ്ലക്ക് പരിഷ്കാരം അറിയാതെ വെള്ളിയാഴ്ച മത്സരിക്കാനെത്തിയ ദേശീയ മെഡല്‍ ജേതാവ് ആല്‍ഗ വിന്നി ജയിംസിന് കരയ്ക്കിരുന്നു മറ്റൊരിനം കാണേണ്ടി വന്നു.
പരാധീനതകള്‍ക്കിടയിലും പ്രതീക്ഷയുടെ ഏതാനും പൊന്‍കിരണങ്ങളുമുണ്ടായി.
ദീര്‍ഘദൂരം സ്വന്തം കാര്യമാക്കിയ പാലക്കാട് പറളി ഹൈസ്കൂളിനെ പിന്നോട്ടടിച്ച മുണ്ടൂര്‍ ഹൈസ്കൂളും കുമരംപുത്തുര്‍ കല്ലടി ഹയര്‍സെക്കന്‍ഡറി സ്കൂളും ഇന്ത്യന്‍ അത്‌ലറ്റിക്‌സിന്റെ നേഴ്‌സറിയില്‍ വിഭവങ്ങള്‍ ഇനിയുമേറെയുണ്ടെന്നു തെളിയിച്ചു. ത്രോയിനങ്ങളില്‍ വടക്കന്‍ കരുത്തിനോടു ഭാവിയില്‍ കിടപിടിക്കാമെന്ന പ്രതീക്ഷ പകര്‍ന്ന് മാര്‍ബേസില്‍ നടത്തിയ മുന്നേറ്റവും ആശ്വാസകരമാണ്. പുത്തന്‍ താരോദയങ്ങളായ കോഴിക്കോടിന്റെ സാല്‍ബിന്‍ ജോസഫും ഒളിമ്പ്യന്‍ മേഴ്‌സിക്കുട്ടന്റെ മകന്‍ സുജിത് കുട്ടനും ഭാവിയുടെ വാഗ്ദാനങ്ങളായി. കോഴിക്കോട് കുളത്തുവയല്‍ സെന്റ് ജോര്‍ജ് സ്കൂളിലെ എട്ടാം ക്‌ളാസ് വിദ്യാര്‍ഥിയായ സാല്‍ബിന്‍ 100,200,400 മീറ്ററുളിലും 4ഃ100 മീറ്റര്‍ റിലേയിലും സ്വര്‍ണമണിഞ്ഞു. ആണ്‍കുട്ടികളുടെ 100 മീറ്ററില്‍ ഒന്നാമതെത്തിയ സുജിത് കുട്ടന്‍ മീറ്റിലെ വേഗമേറിയ താരമാവുതയും ചെയ്തു. 100, 200 മീറ്ററുകളില്‍ സ്വര്‍ണം നേടിയ കല്ലടി സ്കൂളിലെ ജി ലാവണ്യയും പൊന്‍തിളക്കത്താല്‍ ശ്രദ്ധേയരായി.
എന്നിരിക്കിലും ട്രാക്കിലെ തളര്‍ച്ച കേരള അത് ലറ്റിക്‌സിനുളള ശക്തമായ മുന്നറിയിപ്പാണ്. കഴിഞ്ഞ രണ്ടു ദേശീയ സ്കൂള്‍ മീറ്റുകളിലും ജൂനിയര്‍ മീറ്റുകളിലും ഉത്തരേന്ത്യന്‍ കരുത്ത് നമ്മളെ ഞെരുക്കുന്നതിന് സാക്ഷ്യം വഹിച്ചതാണ്. ഇത്തവണ അമൃത്‌സറില്‍ നിന്ന് 100 മീറ്ററില്‍ കേരളത്തിന് കിട്ടയത് ആനമുട്ടയായിരുന്നുവെന്നതും ശ്രദ്ധേയം തന്നെ. എന്നിട്ടും ജിജിമോള്‍ ജേക്കബ്, ഷമീന ജബ്ബാര്‍, എസ്.ആര്‍ ബിന്ദു എന്നിവര്‍ തിളങ്ങിയ 90-കളില്‍ നിന്ന് മുന്നേറാന്‍ നമുക്കായിട്ടില്ല. പ്രകടനം മോശമായതല്ല കാരണം എന്നത് വസ്തുതയാകുമ്പോള്‍ കേരളത്തിന് ചിലയിനങ്ങളില്‍ താരങ്ങളെ വളര്‍ത്താനും നിലവിലുള്ള പ്രതിഭകളെ നിലനിര്‍ത്താനും സാധിക്കാതെ പോകുന്നതാണ് പ്രശ്‌നം. മറ്റു സംസ്ഥാനങ്ങള്‍ മികച്ച പരിശീലനങ്ങളിലൂടെ മുന്നിലെത്തുമ്പോഴും കേരളത്തെ സംബന്ധിച്ച് വഞ്ചി ഇപ്പോഴും തിരുനക്കര തന്നെ എന്നതാണ് അവസ്ഥ. ഇനിയും ഉറക്കം നടിച്ചാല്‍ ഇന്ത്യന്‍ അത്‌ലറ്റിക്‌സിന്റെ പതാക ഇനി വടക്കേ ഇന്ത്യയില്‍ പാറിപ്പറക്കുന്നത് നമുക്ക് നോക്കി നില്‍ക്കേണ്ടി വരും.

കെടുകാര്യസ്ഥതയുടെ താരോദയംSocialTwist Tell-a-Friend

0 comments: