Tuesday, December 8, 2009

ഒന്നാമനായി പക്ഷേ...


ടുവില്‍ ഇന്ത്യ കൊതിച്ചതു നേടി. ടെസ്റ്റ് റാങ്കിംഗ് നിലവില്‍ വന്ന ശേഷം ആദ്യമായി ഒന്നാം റാങ്കിലെത്തിയ ആഘോഷത്തിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് ലോകം. എന്നാല്‍ ചരിത്ര നേട്ടത്തിന്റെ ആഘോഷത്തിനിടയിലും ആശങ്കയായി ആ സത്യം ചൂഴ്ന്ന് നില്‍ക്കുന്നു.
പൊരുതി കരസ്ഥമാക്കിയ, ആ സ്ഥാനം ഇനിയെത്ര നാള്‍ കാത്തു സൂക്ഷിക്കാനാകും. ടീം ഇന്ത്യയുടെ കഴിവുകേടല്ല ഈ ആശങ്കയ്ക്കു കാരണം മറിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ പിടിപ്പുകേടാണ്. പണക്കിലുക്കത്തിന്റെ മോഹവലയത്തില്‍ പെട്ട ബി.സി.സി.ഐ. ടെസ്റ്റ് മത്സരങ്ങളോടു കാട്ടിയ അവഗണനയക്ക് ടീം ഇന്ത്യ വിലകൊടുക്കാന്‍ ഒരുങ്ങുകയാണ്... ടീം സ്പിരിറ്റില്‍ നേടിയ ഒന്നാം റാങ്കിന്റെ രൂപത്തില്‍.
ഒന്നാം സ്ഥാനം നിലനിര്‍ത്താന്‍ വേണ്ടത്രമല്‍സരങ്ങള്‍ വരും വര്‍ഷത്തെ ക്രിക്കറ്റ് കലണ്ടറില്‍ ഇല്ലാത്തതാണ് ടീം ഇന്ത്യയുടെ പ്രശ്‌നം. കളിച്ചാലേ സ്ഥാനം നിലനില്‍ക്കൂ എന്നുള്ളപ്പോള്‍ അടുത്ത 11 മാസത്തിനിടെ ഇന്ത്യക്ക് ആകെയുള്ളതു ബംഗ്ലദേശിനെതിരായ രണ്ടു ടെസ്റ്റുകള്‍ മാത്രം.
അതേസമയം ഇന്ത്യയുടെ മുഖ്യ എതിരാളികളായ ദക്ഷിണാഫ്രിക്കയ്ക്കും ഓസ്‌ട്രേലിയയ്ക്കും കൈനിറയെ മത്സരങ്ങളാണ്. ദക്ഷിണാഫ്രിക്ക നാലു ടെസ്റ്റും ഓസ്‌ട്രേലിയ എട്ടും ഈ കാലയളവില്‍ കളിക്കും. ഈ സാഹചര്യത്തില്‍ ടീം ഇന്ത്യക്ക് ഒന്നാം സ്ഥാനക്കാരുടെ സിംഹാസനം നിലനിര്‍ത്തണമെങ്കില്‍ ഭാഗ്യ ദേവതയുടെ കടാക്ഷം വേണ്ടി വരും. രാജ്യാന്തര ക്രിക്കറ്റ് കലണ്ടര്‍ നേരത്തേതന്നെ തയാറാക്കിക്കഴിഞ്ഞതിനാല്‍ ഇനി ഒരു മാറ്റം സാധ്യവുമല്ല.
2010-ലേക്ക് ഒന്നാം സ്ഥാനവുമായി കടക്കാം എന്നതു മാത്രമാണ് ഇന്ത്യക്ക് ഇപ്പോള്‍ ആശ്വാസം പകരുന്നത്. പുതുവര്‍ഷം പിറക്കുന്നതു വരെ ഇന്ത്യക്ക് പ്രശ്‌നങ്ങളില്ല. നിലവില്‍ നടക്കുന്ന പരമ്പരയില്‍ ഓസ്‌ട്രേലിയ 3-0 വിജയം നേടിയാലും ഇന്ത്യയുടെ ഒപ്പമെത്താനാകില്ലയെന്നതിനാല്‍ ഈ വര്‍ഷം കടന്നു പോകുന്നത് ഇന്ത്യയെ ഒന്നാം സ്ഥാനത്തു കണ്ടുകൊണ്ടായിരിക്കും.
എന്നാല്‍ ജനുവരിയില്‍ തന്നെ ഇന്ത്യക്ക് ഭീഷണിയുയര്‍ത്തി ദക്ഷിണാഫ്രിക്ക എത്തുന്നുണ്ട്. ഇംഗ്ലണ്ടിനെതിരേ നടക്കുന്ന ടെസ്റ്റ് പരമ്പരയില്‍ 2-0ന് വിജയം നേടാനായാല്‍ അവര്‍ക്ക് ഒന്നാം സ്ഥാനം തിരികെപിടിക്കാം. മറിച്ച് ഇംഗ്ലണ്ട് 1-0ന് ജയിച്ചാല്‍ ഇന്ത്യക്ക് ഏഴുപോയിന്റ് ലീഡ് ആകും. പക്ഷേ അതൂം തത്കാലത്തേക്ക് മാത്രം. അതായത് ഇന്ത്യയുടെ വിജയത്തിനപ്പുറം ദക്ഷിണാഫ്രിക്കയും ഓസ്‌ട്രേലിയയും നേടുന്ന വിജയങ്ങളാവും ഇന്ത്യയുടെ ഒന്നാം സ്ഥാനത്തെ നിലനിര്‍ത്തുന്നതും മാറ്റി മറിക്കുന്നതും...

ഒന്നാമനായി പക്ഷേ...SocialTwist Tell-a-Friend

3 comments:

sy@m said...

പണക്കിലുക്കത്തിന്‍െ്‌റ മോഹവലയത്തില്‍ അകപ്പെട്ട ബി.സി.സി.ഐ. കുട്ടിക്രിക്കറ്റ് മേളകളായ ഫിഫ്റ്റി ഫിഫ്റ്റിക്കും ട്വന്‍്‌റി 20ക്കും വിപണന സാധ്യത കണ്ടപ്പോള്‍ ടെസ്റ്റ് ക്രിക്കറ്റ് സീസണ്‍ കലണ്ടറില്‍ നിന്ന് പുറത്താകുകയായിരുന്നു. ടെസ്റ്റിനോടു കാട്ടിയ ഈ അവഗണനയ്ക്ക് ടീം ഇന്ത്യ വിലകൊടുക്കാന്‍ പോകുകയാണ്...

Appu Adyakshari said...

ശ്യാം..നല്ല അവലോകനം.

(ഈ ബ്ലോഗിലെ പാരഗ്രാഫ് തിരിക്കാനുള്ള ബുദ്ധിമുട്ട് ഇതുവരെ മാറിയില്ലേ)

sy@m said...

നന്ദി അപ്പു മാഷേ.... പാരഗ്രാഫ് പ്രശ്‌നം. അത് ഞാന്‍ എത്ര നോക്കിയിട്ടും ശരിയാകുന്നില്ല. എന്താ ചെയ്യുക. എന്താ അതിനൊരു പ്രതിവിധി.